ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് മണി രത്‌നത്തിന്റെ 'തഗ് ലൈഫി'ലേക്കും ഹലോ മമ്മിയിലേക്കും തന്നെ വിളിക്കുന്നതെന്ന് നടി ഐശ്വര്യ ലക്ഷ്മി. എല്ലാം നഷ്ടപ്പെട്ടിട്ടില്ല എന്ന ആത്മവിശ്വാസമാണ് ഈ സിനിമകൾ തനിക്ക് തന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഏറെ സന്തോഷത്തോടെയാണ് ഉറങ്ങാൻ പോയിരുന്നത്. ഒരു നല്ല കണ്ടന്റിൽ വർക്ക് ചെയ്യുന്നു എന്ന സന്തോഷം സിനിമ നൽകി. ട്രിക്കിയായ ഒരു സിനിമയാണ് ഹലോ മമ്മി എന്നും വർഷങ്ങളായി കോമഡി നന്നായി കൈകാര്യം ചെയ്യുന്നവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞുവെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മി പറഞ്ഞത്:
എന്റെ സ്ട്രോങ്ങ് ഏരിയ അല്ല കോമഡി. എനിക്കത് പഠിക്കണം എന്നുണ്ടായിരുന്നു. ബില്യന്റായ ഒരു വർക്ക് സ്പേസ് അനുഭവമായിരുന്നു ഹലോ മമ്മി തന്നത്. ഇനി സിനിമയുണ്ടാകുമോ എന്ന തോന്നിത്തുടങ്ങിയ സമയത്താണ് തഗ് ലൈഫും ഹെലോ മമ്മിയും വരുന്നത്. രണ്ട് സിനിമകളും ഒരേ സമയത്തായിരുന്നു ഉറപ്പിച്ചത്. എല്ലാം നഷ്ടപ്പെട്ടിട്ടില്ല എന്ന ആത്മവിശ്വാസം ഉണ്ടായത് അപ്പോഴാണ്. ഫെബ്രുവരിയിലാണ് 'ഹലോ മമ്മി' ഷൂട്ട് ചെയ്യുന്നത്. എല്ലാ ദിവസവും സന്തോഷത്തോടെയാണ് ആ സമയത്ത് ഉറങ്ങിയത്. ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെ വകവയ്ക്കാതെ മുന്നോട്ട് പോകാൻ കഴിഞ്ഞു. ഒരു നല്ല കണ്ടെന്റിൽ വർക്ക് ചെയ്യുന്നു എന്ന സന്തോഷമുണ്ടായിരുന്നു അപ്പോൾ. ട്രിക്കി എലമെന്റ്‌സുള്ള സിനിമയാണ് ഹലോ മമ്മി. ഒരുപാട് വർഷമായി കോമഡി നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ആളുകളോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. അവർ എങ്ങനെയാണ് കോമഡി ചെയ്യുന്നതെന്ന് നേരിട്ട് കാണാൻ കഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ അതിൽ നിന്ന് പഠിക്കാനുണ്ടായി. കാമറ ചെയ്തിരിക്കുന്നത് പോലും കോമിക്കലായാണ്.
ഷറഫുദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ കോമഡി ചിത്രമാണ് ഹലോ മമ്മി. നവാഗതനായ വൈശാഖ് എലൻസാണ് സംവിധാനം. 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവർ ഫിലിംസുമായ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.