'ഞാൻ കരഞ്ഞപ്പോൾ സംവിധായകൻ പെട്ടെന്ന് കട്ട് വിളിച്ചു, മമ്മൂട്ടി വളരെ അസ്വസ്ഥനായി'; മണിവത്തൂരിലെ ആയിരം ശിവരാത്രികളെക്കുറിച്ച് സുഹാസിനി

'ഞാൻ കരഞ്ഞപ്പോൾ സംവിധായകൻ പെട്ടെന്ന് കട്ട് വിളിച്ചു, മമ്മൂട്ടി വളരെ അസ്വസ്ഥനായി'; മണിവത്തൂരിലെ ആയിരം ശിവരാത്രികളെക്കുറിച്ച് സുഹാസിനി
Published on

1987ൽ ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും സുഹാസിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ. മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന സംവിധായകൻ ഫാസിലിന്റെ ആവശ്യപ്രകാരം താൻ ചെയ്യാൻ തയ്യാറായ സിനിമയായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന് നടി സുഹാസിനി. പൊതുവേ പ്രണയ കഥകളിൽ താൽപര്യമില്ലാത്ത തനിക്ക് ആ സിനിമയുടെ കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് ആ ചിത്രം ചെയ്യാൻ സമ്മതിച്ചതെന്നും പറഞ്ഞ സുഹാസിനി ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകളും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.

സുഹാസിനി പറഞ്ഞത്:

ഫാസിൽ മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്നോട് രണ്ടു കഥകൾ പറഞ്ഞു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നിവയായിരുന്നു അത്. ഉടൻ തന്നെ ഞാൻ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിലെ കഥാപാത്രത്തോട് ഓക്കെ പറഞ്ഞു. അത് വളരെ മനോഹരമായ ഒരു പ്രണയ കഥയായിരുന്നു. പ്രണയ സിനിമകൾ അത്ര ഇഷ്ടമുള്ള ഒരാളല്ല ഞാൻ. പക്ഷേ എന്തുകൊണ്ടോ എനിക്ക് ആ രണ്ട് കഥാപാത്രങ്ങളെയും ഇഷ്ടപ്പെട്ടു. ആ സിനിമയിൽ കന്യാകുമാരിയിൽ വെച്ച് ഒരു സീനുണ്ട്. നീന താൻ​ ​ഗർഭിണിയാണെന്ന് പറയുന്നൊരു സീൻ. എനിക്ക് നിനക്ക് ​ഗിഫ്റ്റ് തരണം, എന്താ നിനക്ക് വേണ്ടതെന്ന് വിനു ചോദിക്കും. അപ്പോൾ ഞാൻ പറയും ആ സൂര്യാസ്തമയം എനിക്ക് വേണമെന്ന്. സൂര്യൻ താഴ്ന്ന് പോകവേ അദ്ദേഹം അതിന് നേർക്ക് വേ​ഗത്തിൽ ഓടിക്കൊണ്ട് ഹേയ് പോകല്ലേ എന്റെ ഭാര്യയ്ക്ക് നിന്നെ വേണമെന്ന് പറയും. അത്തരത്തിൽ ഒരുപാട് ഭംഗിയുള്ള സീനുകൾ ആ സിനിമയിലുണ്ടായിരുന്നു. ആ സിനിമയിലെ ഒരു സീനിനെക്കുറിച്ച് എല്ലാ ആർട്ടിസ്റ്റുകളോടും ഞാൻ ഇപ്പോഴും പറയാറുണ്ട്. ഞാൻ മരിച്ച ശേഷം എന്നെ കാണാനായി മമ്മൂട്ടിയെ വീൽചെയറിൽ വിളിച്ചുകൊണ്ടു വരുമ്പോൾ അദ്ദേഹം എന്നെ കിടത്തിയിരിക്കുന്ന പെട്ടിയിൽ പിടിച്ചു നിന്നു കൊണ്ട് കരയും. പെട്ടെന്ന് ഡയറക്ടർ കട്ട് വിളിച്ചു. കാരണം ഞാൻ അപ്പോൾ കരയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ പെർഫോമൻസ് കണ്ട് കണ്ണടച്ച് കിടക്കുമ്പോഴും എനിക്ക് അത് അനുഭവിക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ഞാൻ കരഞ്ഞു പോയി. ഡയറക്ടർ പറഞ്ഞു ദാ ഈ ഡെഡ് ബോഡി കരയുന്നുവെന്ന്. മമ്മൂട്ടി വളരെ അസ്വസ്ഥനായി. ഞാൻ നന്നായി അഭിനയിച്ചത് ഈ ശവ ശരീരം നശിപ്പിച്ചുവെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ആ അഭിനപാടവത്തെക്കുറിച്ച് ഞാൻ ഇപ്പോഴും പല ആർട്ടിസ്റ്റുകളോടും പറയാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in