സ്ത്രീകൾക്ക് എന്താണ് യഥാർത്ഥത്തിൽ തങ്ങളുടെ പങ്കാളിയിൽ നിന്ന് വേണ്ടത് എന്ന് സംസാരിക്കുന്ന സിനിമയാണ് വിശേഷം എന്ന് നടി മാല പാർവതി. ആൽഫ മെയിലിന്റേത് മാത്രമാണ് ഈ ലോകം എന്ന് വിചാരിക്കുന്ന ഒരു നാട്ടിൽ ആൽഫ മെയിലിനല്ല സ്ത്രീകൾ സത്യത്തിൽ മുൻഗണന നൽകുന്നത് എന്ന സ്റ്റേറ്റ്മെന്റ് ഈ സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. എന്താണ് സ്ത്രീകൾ അവരുടെ പങ്കാളിയിൽ നിന്ന് ആഗ്രഹിക്കുന്നത് എന്ന് ആരും തന്നെ സത്രീകളോട് ചോദിച്ചിട്ടില്ല, അങ്ങനെ ചോദിക്കാതെയാണ് പൊതുസമൂഹം അതിനെക്കുറിച്ച് ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മാല പാർവതി പറഞ്ഞു.
മാല പാർവതി പറഞ്ഞത്:
ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെയല്ല ഞാൻ ഈ സിനിമയെ കാണുന്നത്. കാരണം ആൽഫ മെയിലിന്റേത് മാത്രമാണ് ഈ ലോകം എന്ന് വിചാരിക്കുന്ന ഒരു നാട്ടിൽ ആൽഫ മെയിലിനല്ല സത്യത്തിൽ സ്ത്രീകൾ മുൻഗണന നൽകുന്നത് എന്ന് പറയുന്ന ഒരു സ്റ്റേറ്റ്മെന്റ് ഈ സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. ആൽഫാ മെയിൽ അല്ല നമുക്ക് വേണ്ടത് നമുക്ക് കുറച്ച് മനുഷ്യരെ കിട്ടുമോ എന്നാണ് നോക്കുന്നത്. ആൽഫാ മെയിലിനെ ആദ്യത്തെ ഒരു വർഷം ഒക്കെ നോക്കാം. അത് കഴിഞ്ഞ് എന്ത് ചെയ്യും. എന്റെ അമ്മ പറയുമായിരുന്നു വിവാഹം കഴിക്കുമ്പോൾ സൗന്ദര്യം ഒന്നുമല്ല നോക്കേണ്ടത് എന്ന്. നല്ലൊരു ആളാണ് എങ്കിൽ അയാൾക്ക് ദിനം പ്രതി സൗന്ദര്യം കൂടി വരും. അതൊക്കെയാണ് ഈ സിനിമ പറഞ്ഞ് വയ്ക്കുന്നത്. എന്താണ് സ്ത്രീകൾ അവരുടെ പങ്കാളിയിൽ തിരയുന്നത് എന്ന് സത്രീകളോട് ആരും ചോദിക്കാതെയാണ് ഇതുവരെ പൊതുസമൂഹം അതിനെക്കുറിച്ച് ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് സ്ത്രീകൾക്ക് വേണ്ടത് എന്ന ഒരു കാര്യം ഈ സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ട്.
സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി - ഡ്രാമ ചിത്രമാണ് വിശേഷം. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജാണ് ചിത്രം നിർമിക്കുന്നത്. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. ചിത്രം ജൂലൈ 19 ന് തിയേറ്ററുകളിലെത്തും.