‘വാര്‍ക്കപ്പണിക്കാരനാകാന്‍ നോക്കിപ്പഠിക്കേണ്ടി വന്നിട്ടില്ല, അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്’; സുധി കോപ്പ അഭിമുഖം

‘വാര്‍ക്കപ്പണിക്കാരനാകാന്‍ നോക്കിപ്പഠിക്കേണ്ടി വന്നിട്ടില്ല, അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്’; സുധി കോപ്പ അഭിമുഖം

Published on

'കോളേജില്‍ വച്ച് സ്ഥിരമായിട്ട് പെങ്ങളെ ഒരുത്തന്‍ ശല്യപ്പെടുത്തുന്നു, അവനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും,' അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുത്ത ആളുകളില്‍ ചിലര്‍ക്ക് കൊടുത്ത വിഷയമിതായിരുന്നു. അന്ന് അഭിനയ മോഹം തലക്കു പിടിച്ചു വന്ന ഒരു ചെറുപ്പക്കാരന്‍ ആ വിഷയത്തോട് പ്രതികരിച്ചത് വ്യത്യസ്തമായിട്ടായിരുന്നു, ദേഷ്യത്തോടെ ഭയപ്പെടുത്താതെ പെങ്ങള്‍ക്ക് നാളെയും കോളേജില്‍ പോകേണ്ടതാണെന്ന് ഉള്‍ക്കൊണ്ടിട്ടുള്ള സ്വാഭാവികമായിട്ടുള്ള പ്രതികരണം. ആ സ്വാഭാവികത പള്ളൂരുത്തിക്കാരനായ സുധി കോപ്പയ്ക്ക് ആ സിനിമയില്‍ ചെറിയ ഒരു കഥാപാത്രം നല്‍കി.

ചിത്രം റിലീസ് ചെയ്ത് 10 വര്‍ഷം കഴിയുമ്പോള്‍ കൈ നിറയെ സിനിമകളുമായി സുധി കോപ്പ തിരക്കിലാണ്, പുതിയ ചിത്രമായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’യിലെ ‘താമര’ എന്ന കഥാപാത്രം ശ്രദ്ധ നേടുമ്പോള്‍ സുധി കോപ്പ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖം.

Q

‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രം പറയുന്നത് വളരെ സാധാരണക്കാരായ കുറച്ചുപേരുടെ കഥയാണ്, വാര്‍ക്കപ്പണിക്കാരായ കുറച്ചുപേര്‍, അവരുടെ ജീവിതരീതികള്‍, അത് പഠിച്ചെടുക്കാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ വേണ്ടി വന്നിരുന്നോ ?

A

അത് നോക്കി പഠിക്കേണ്ടതായിട്ടൊന്നും വന്നിട്ടില്ല, ഞാന്‍ കണ്ടിട്ടുണ്ട് അങ്ങനത്തെ ആള്‍ക്കാരെ, ഞാന്‍ അത്തരം ജോലികള്‍ ചെയ്തിട്ടുമുണ്ട്. എന്റെ വീട് പളളുരുത്തിയിലാണ്. നമ്മുടെ ജീവിതമായിട്ട് ബന്ധപ്പെട്ട് ഇതുപോലെയുള്ള ഒരുപാട് പേരെ കാണാന്‍ കഴിയും. ഞാനും ആ ജോലി ചെയ്തിട്ടുണ്ട്. പണ്ട് സുഹൃത്തുക്കളുടെ വീട്ടില്‍ എന്ത് ജോലി ഉണ്ടെങ്കിലും നമ്മള്‍ കൂട്ടുകാരൊന്നിച്ചായിരുന്നു ചെയ്തിരുന്നത്. തലേ ദിവസം രാത്രി പറയും ‘ടാ നാളെ കട്ട വരും അല്ലെങ്കില്‍ ചരല്‍ വരും’ എന്നൊക്കെ, പിന്നെ പിറ്റേന്ന് എല്ലാവരും ഒരുമിച്ച് ചേര്‍ന്നായിരിക്കും എല്ലാ പണിയും, ഒരുമിച്ച് കൂടുക, ഭക്ഷണം കഴിക്കുക അതൊക്കെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് റിലേറ്റ് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടിതില്‍.

Q

സ്‌ക്രീനില്‍ ഒരു സിനിമ കാണുന്നു എന്ന് തോന്നിപ്പിക്കാതെ ഏച്ചുകെട്ടിലില്ലാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അത്തരത്തിലൊരു സ്വാഭാവിക ശൈലിയില്‍ ചിത്രം ചെയ്യുന്നത് എളുപ്പമായിരുന്നോ ?

A

എളുപ്പമാണോ എന്ന് ചോദിച്ചാല്‍ അത് നമ്മളെ കൊണ്ട് എങ്ങനെ ചെയ്യിപ്പിക്കുന്നു എന്നതാണ് പ്രധാനം, ഇപ്പോള്‍ സജീവേട്ടന്‍ എഴുതി വച്ചിരിക്കുന്നതേ ഇതില്‍ ചെയ്തിട്ടുള്ളൂ.. പിന്നെ സിനിമ നന്നാവുമ്പോള്‍ മാത്രമേ ഇതൊക്കെ ആളുകള്‍ ശ്രദ്ധിക്കു. എല്ലാ സിനിമയും ചെയ്യുന്നത് വളരെ സീരിയസായിട്ടാണ്. അത് വര്‍ക്ക് ഔട്ട് ആകുമ്പോഴാണ് തോന്നത്. എന്നെ സംബന്ധിച്ച് കംഫര്‍ട്ടായിട്ട് നില്‍ക്കാന്‍ പറ്റുന്ന സ്ഥലമേ എനിക്ക് പറ്റൂ. എല്ലാം പടവും ഫസ്റ്റ് പടം പോലെയാണ് അതിന്റെ ടെന്‍ഷനൊക്കെ എനിക്കുണ്ട്. പിന്നെ ബിജുവേട്ടന്റെ ഒക്കെ അഭിനയിക്കുമ്പോളുള്ള ഗുണം എന്താണെന്ന് വച്ചാല്‍ അവര്‍ നമ്മളെ വലിയ കംഫര്‍ട്ടാക്കും. സിനിമ തുടങ്ങുമ്പോള്‍ മുതല്‍ ബിജു ചേട്ടന്‍ നമ്മുടെ ഒപ്പം ഉണ്ട്. ഷോട്ട് എടുക്കുമ്പോള്‍ മാത്രം അടുത്ത് വരുന്ന ആളല്ല, അത് കൊണ്ട് തന്നെ ഒരു അപരിചിതത്വം ഇല്ല, വലിയ അറ്റാച്ച്‌മെന്റ് ഉണ്ട്. ഒരു ബന്ധം ഉണ്ട്.

Q

സ്വാഭാവികത കൈവിടാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത് ?

A

അത് ശരിക്കും നടന്റെ ഏരിയ ആണോ ? സംവിധായകന്റെയും എഴുത്തുകാരന്റെയും ഏരിയ അല്ലേ, അവര്‍ തന്നിരിക്കുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നാണ് നമ്മള്‍ ചെയ്തിരിക്കുന്നത്. അവര്‍ പറയുന്നത് പോലെ ചെയ്തുവെന്ന് മാത്രമേ ഉള്ളു. നമ്മള്‍ വന്ന് അഭിനയിച്ചത് കൊണ്ട് സീന്‍ നന്നാവണമെന്നില്ല, സീന്‍ നല്ലതാണെങ്കിലേ നമ്മള്‍ അഭിനയിച്ചത് കൊണ്ട് കാര്യം ഉള്ളൂ.

Q

മുന്‍പ് കിളിപോയ ഒരു കഞ്ചാവ് സോമന്‍ ചെയ്തിരുന്നു, അത് കോമഡി ട്രാക്കായിരുന്നു പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ താമരയിലെത്തുമ്പോഴേക്കും കുറച്ചു കൂടി സീരിയസായിട്ടുള്ള കഥാപാത്രമാണ് അതും സ്വീകരിക്കപ്പെടു. കഥാപാത്രങ്ങളില്‍ വരുന്ന ഈ മാറ്റങ്ങള്‍ എത്രത്തോളം എന്‍ജോയ് ചെയ്യുന്നുണ്ട് ?

A

ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്യുന്നുണ്ട്, നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ആളുകള്‍ സ്വീകരിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്. ഇപ്പോള്‍ കള്ളുകുടി തന്നെ പലരും പല രീതിയില്‍ ഇതിന് മുന്‍പ് ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ വലിയ ബോര്‍ ആകും, എന്തോ ഭാഗ്യത്തിന് വര്‍ക്ക് ഔട്ടായി, അത് ആളുകള്‍ സ്വീകരിക്കുമ്പോള്‍ സന്തോഷം ഉണ്ട്.

Q

വെറുപ്പിക്കുന്ന ഒരു കള്ളുകുടിയനാകരുതെന്ന് ഉറപ്പാക്കാനായിട്ട് എന്തെങ്കിലും കരുതലെടുത്തിരുന്നോ , ഓവര്‍ ആകാതിരിക്കാന്‍ ?

A

അങ്ങനെ ഒന്നും ആലോചിക്കാറില്ലെന്നതാണ് സത്യം. അത്രയ്‌ക്കൊന്നും ആലോചിച്ചില്ല ഞാന്‍ ഒന്നും ചെയ്യുന്നത്. ഒരു ദിവസം കഴിയുമ്പോഴേക്കും നമ്മള്‍ ഇതിന്റെ ട്രാക്കിലേക്ക് വരുമെന്ന് മാത്രം, പിന്നെ ഇതെല്ലാം നിയന്ത്രിക്കുന്നത് സംവിധായകനാണ്, കൂടുതലാണോ കുറവാണോ എന്നെല്ലാം അവര്‍ പറയും, നമ്മുടെ ചരട് അവരുടെ കയ്യിലാണ്. അവര്‍ മാസങ്ങളോളം മനസ്സിലിട്ട് കൊണ്ട് നടന്ന കഥാപാത്രം ആയിരിക്കും അത്, നമ്മള്‍ ചെറിയ സമയത്ത് കഥ കേട്ട് പെട്ടെന്ന് അത് ചെയ്യാന്‍ വരുന്ന ഒരാളാണ്. അവര്‍ക്കാണ് ക്യാരക്ടര്‍ എങ്ങനെ ചെയ്യണമെന്നൊക്കെ അറിയുക. അവര്‍ പറയുന്നത് പോലെയാണ് നമ്മള്‍ അഭിനയിക്കുക.

Q

കഴിഞ്ഞ വര്‍ഷം ശ്രദ്ധിക്കപ്പെട്ടത് ജോസഫിലായിരുന്നു. ഇതുവരെ ചെയ്തതില്‍ നിന്ന് മാറി തമാശയില്ലാത്ത ഒരു കഥാപാത്രം. പിന്നീട് ചിത്രത്തിലെ സുധിയുടെ കഥാപാത്രത്തിന്റെ പ്രണയം വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, എന്തായിരുന്നു ആ കഥാപാത്രത്തിന് ലഭിച്ച പ്രതികരണങ്ങള്‍ ?

A

താനിങ്ങനെ ശരിക്കും ആണോ ഇരിക്കുക എന്ന് പലരും ചോദിച്ചിട്ടുണ്ട്. ആള്‍ക്കാരുടെ വിചാരം ഞാന്‍ കഞ്ചാവ് സോമനാണെന്നായിരുന്നു. അതിലെ കഥാപാത്രം വളരെ ഗൗരവമായിട്ടുള്ള ഒന്നായിരുന്നു, അധികം കോമഡി ഒന്നും ഇല്ലാത്ത ഒരു കഥാപാത്രം, പിന്ന അതില്‍ ഞാന്‍ കുറെ സാങ്കേതികപരമായ കാര്യങ്ങള്‍ പറയുന്നുണ്ട്. അതെല്ലാം നമ്മളിലൂടെ ആയിരിക്കണം അതെല്ലാം പ്രേക്ഷകര്‍ അറിയേണ്ടത്, ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അവരുടെ ബോഡി ലാംഗ്വേജ് അടക്കം എന്നോട് വ്യക്തമായിട്ട് പറഞ്ഞിരുന്നു, നേരത്തെ പറഞ്ഞ പോലെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പിന്നെ ട്രാക്കിലേക്കെത്തിയെന്ന് മാത്രം.

സാഗര്‍ ഏലിയാസ് ജാക്കിയില്‍ 
സാഗര്‍ ഏലിയാസ് ജാക്കിയില്‍ 
Q

ആദ്യ ചിത്രം ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ഒരു ഗുണ്ടയുടെ കഥാപാത്രമാണ്, രംഗം ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ എന്ത് തോന്നുന്നു ?

A

എങ്ങനെയാണ് അമലേട്ടന്‍ അന്ന് അത് പ്ലാന്‍ ചെയ്തതെന്ന് അറിയില്ല, അന്ന് അവിടെ എന്റെ കൂടെ ഉണ്ടായിരുന്ന ബാക്കി എല്ലാവരും ഫിസിക്കലി ഒക്കെ ഫിറ്റ് ആയിട്ടുള്ള ആളുകളാണ്. ഞാനായിരുന്നു അതില്‍ ഏറ്റവും ചെറിയ കണ്ടാല്‍ അങ്ങനെ തോന്നാത്ത കഥാപാത്രം. അമലേട്ടന്‍ വന്ന് താനിത് ചെയ്യണമെന്നാണ് പറഞ്ഞത്, ഞാന്‍ അപ്പോള്‍ കിടുങ്ങി പോയി. അത് പിന്നെ അവരെ അധികം ബുദ്ധിമുട്ടിക്കാതെ ചെയ്യാന്‍ പറ്റി.

Q

ആളുകള്‍ കൂടുതല്‍ ശ്രദ്ദിക്കുന്നത് ആമേനിലെത്തുമ്പോഴാണ് , അതിലെ ആദ്യ ടീസറിലൊക്കെ ഫഹദിനൊപ്പം ഉണ്ടായിരുന്നു ?

A

ആമേന്റെ നിര്‍മാതാവ് ഫരീദ് ഖാന്‍ ചെയ്ത സിനിമാ കമ്പനിയില്‍ അഭിനയിച്ചിരുന്നു. അതിന്റെ ഓഡിഷനില്‍ വച്ച് എന്നെ കണ്ടിട്ടാണ് അദ്ദേഹം ലിജോ ചേട്ടന് പരിചയപ്പെടുത്തുന്നത്. ആമേനിലെ കഥാപാത്രം ആദ്യം വേറെ ആര്‍ക്കോ വെച്ചിരുന്നതാണ് അയാള്‍ വരാതിരുന്നപ്പോള്‍ യാദൃശ്ചികമായിട്ട് എനിക്ക് കിട്ടി. ആ ടീസറിലെ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍, അസോസിയേറ്റ് രതീഷ് കുമാര്‍ പെട്ടെന്ന് എന്നോട് വന്ന് ‘ടാ നീ അവിടെ വന്നിരിക്ക്’ എന്ന് പറഞ്ഞു, അത് ലിജോ ചേട്ടന്‍ എപ്പോള്‍ പ്ലാന്‍ ചെയ്തതാണെന്നും അറിയില്ല. സിനിമ റിലീസ് ചെയ്ത് കവിത തിയ്യേറ്ററിലാണ് കാണുന്നത്. എനിക്കൊന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്ത പ്രതികരണമായിരുന്നു അന്ന് കിട്ടിയത്.

Q

നാടകത്തിന്റെ പരിചയം ഈ ഓഡിഷനുകളിലൊക്കെ എളുപ്പമായിട്ടുണ്ടോ ?

A

ഞാന്‍ അങ്ങനെ വലിയ നാടകക്കാരനൊന്നുമല്ല, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം അഭിനയിച്ച ആളല്ല, സിനിമാ ഭ്രാന്ത് കൂടിയപ്പോള്‍ അതിന് വേണ്ടി ചെയ്തയാളാണ്. നാടകം അരച്ചു കലക്കി കുടിച്ച നല്ല കൂട്ടുകാരെനിക്കുണ്ട്. നമുക്ക് ഇന്റര്‍വ്യൂവില്‍ ഒക്കെ ചുമ്മാ പറയാമെന്നെ ഉള്ളു, ഞാന്‍ തിയേറ്ററാണെന്ന്. അല്ലാതെ നാടകക്കാരന്‍ എന്നൊന്നും പറയാന്‍ കഴിയില്ല.

Q

കോമഡിയില്‍ നിന്ന് പയ്യെ സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറി കഴിഞ്ഞു, പുതിയ പ്രതീക്ഷകള്‍ എന്തൊക്കെയാണ്?

A

എന്നെ സംബന്ധിച്ച് എത്ര ദിവസം ഒരു ചിത്രത്തില്‍ അഭിനയിച്ചു എന്നതല്ല, അതില്‍ എന്ത് ചെയ്യാന്‍ പറ്റി എന്നതാണ് വലുത്. ആഗ്രഹങ്ങളുണ്ട്, എങ്കിലും പ്രേക്ഷകരാണ് ഈ മാറ്റത്തെ കുറിച്ച്‌ പറയേണ്ടത്. ഈട, പൈപ്പിന്‍ ചോട്ടിലെ പ്രണയം, ഉദാഹരണം സുജാത,എന്നിവയിലെ കഥാപാത്രങ്ങളൊക്കെ വളരെ പ്രിയപ്പെട്ടതാണ്, ജോഷി സര്‍ സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ്, ഉറിയടി, ജാലിയന്‍ വാലാബാഗ് എന്നിങ്ങനെ നല്ല കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നതും. പിന്നെ ഒരു നെഗറ്റീവ് റോള്‍ ചെയ്താല്‍ കൊള്ളാമെന്നൊക്കെ ആഗ്രഹമുണ്ട്,

logo
The Cue
www.thecue.in