ഇന്ത്യയിലെ മന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രയേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഇപ്പോള്‍ മനസിലായില്ലേ എന്തിനാണ് മോദി സര്‍ക്കാര്‍ ആരോഗ്യ സേതു പോലുള്ള ആപ്പുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.
ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായില്ലേ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സേതു പോലുള്ള ആപ്പുകള്‍ നിര്‍ബന്ധമാക്കുന്നതെന്ന്. അവര്‍ നുണ പറയും. അവര്‍ നമ്മെ രഹസ്യമായി വീക്ഷിക്കും. അതുകൊണ്ട് ‘എന്തിന്’ എന്ന ചോദ്യം ചോദിക്കേണ്ടത് പ്രധാനമാണ്
സിദ്ധാർഥ്
കഴിഞ്ഞ ദിവസമാണ് പെഗാസസ് ഇന്ത്യയില്‍ നടത്തിയ ചാര പ്രവർത്തിയുടെ വിവരങ്ങള്‍ പുറത്തു വന്നത്. രണ്ട് കേന്ദ്ര മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി എന്നിവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് പ്രാഥമിക വിവരം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമത ബാനര്‍ജിയുടെ ബന്ധുവും തൃണമൂല്‍ എംപിയുമായ അഭിഷേക് ബാനര്‍ജി എന്നിവരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാക്കളുടെ നിരയില്‍ നിന്ന് കൂടുതല്‍ പേരുകള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നേരത്തെയും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 2019 ഒക്ടോബറില്‍ പെഗാസസിന്റെ സാങ്കേതിക വിദ്യയ്ക്ക് പുറകിലുള്ള എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ കേസിന് പോകുമെന്ന് വാട്‌സ്ആപ്പും പറഞ്ഞിരുന്നു. പെഗാസസ് ഉപയോഗിച്ച് ദളിത് ആക്റ്റിവിസ്റ്റുകളുടെയും, അക്കാദമീഷ്യന്‍മാരുടെയും, അഭിഭാഷകരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുവെന്ന് നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.