മിണ്ടാതിരുന്നാലാണ് സിനിമ കിട്ടുകയെങ്കില്‍ എനിക്ക് ആ സിനിമകള്‍ വേണ്ടെന്ന് സിദ്ധാര്‍ത്ഥ്
രാഷ്ട്രീയ വിഷയങ്ങളില്‍ ഉറച്ച നിലപാടെടുക്കുകയും തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന ദക്ഷിണേന്ത്യന്‍ അഭിനേതാവ് സിദ്ധാര്‍ത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായപ്പോള്‍ മൗനം പാലിച്ച മുന്‍നിരതാരങ്ങളുടെ ചേരിയില്‍ നില്‍ക്കാതെ തെരുവിലിറങ്ങിയിരുന്നു സിദ്ധാര്‍ത്ഥ്. സിനിമ ലഭിക്കണമെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞാല്‍ അത്തരം സിനിമകള്‍ വേണ്ടെന്ന് പറയുമെന്ന് സിദ്ധാര്‍ത്ഥ്. സിനിമയില്‍ നിന്ന് ഒരു പാട് ലഭിച്ചിട്ടുണ്ട്.
എന്റെ പ്രായം 21 അല്ല, വലിയ വായില്‍ സംസാരിക്കുന്ന കുട്ടിയല്ല അതുകൊണ്ട്. ഇപ്പോള്‍ സംസാരിച്ചില്ലെങ്കില്‍ എനിക്ക് കുറ്റബോധമുണ്ടാകും. ഈ രാജ്യത്തെ നിശബ്ദ ഭൂരിപക്ഷത്തിനൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാഗ്യവശാല്‍ ഈ രാജ്യവും ഈശ്വരനും ഒരു പാട് നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നെ പോലെ പ്രിവിലേജുകള്‍ ഉള്ള ഒരാള്‍ ഒന്നിനെക്കുറിച്ചും പ്രതികരിക്കുന്നില്ലെങ്കില്‍ ഈ രാജ്യത്തിന്റെ വിധി എന്താകും. ഒരാളോട് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കാനൊന്നുമല്ല ഞാന്‍ പോകുന്നത്. ഇങ്ങനെയല്ലാതെ ജീവിക്കാന്‍ എനിക്ക് അറിയില്ല. പ്രതികരിക്കുന്നത് കൊണ്ട് സിനിമയില്‍ ഇതുവരെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. തുടര്‍ന്നും എന്തെങ്കിലും സംഭവിക്കുമെന്ന് ആശങ്കയില്ല.
സിദ്ധാര്‍ത്ഥ്
ചെന്നൈയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് സിദ്ധാര്‍ത്ഥിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇരുണ്ട കാലത്തിലാണ് നാം ജീവിക്കുന്നത് എന്നത് നിര്‍ഭാഗ്യകരമാണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറയുന്നു. തമിഴ് നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായ സാഹചര്യത്തിലും സിദ്ധാര്‍ത്ഥിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയായിരുന്നു.