തുടർച്ചയായ പരാജയങ്ങളിൽ തളർന്നപ്പോൾ അടുത്ത ഹിറ്റ് നമ്മൾ ഒരുമിച്ച് എന്ന ധെെര്യം നൽകിയിരുന്ന ഗുരുനാഥൻ ആയിരുന്നു പത്മരാജനെന്ന് ജയറാം. പത്മരാജനോടൊപ്പം തനിക്ക് നഷ്ടപ്പെട്ടത് ഒരു ഗുരുനാഥനെ മാത്രമായിരുന്നില്ല ഏത് സമയത്തും എന്തും ചോദിക്കാനായി കയറി ചെല്ലാൻ കഴിയുന്ന ഒരു സ്ഥലം കൂടിയായിരുന്നു. പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടനാണ് ജയറാം. ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന് ശേഷം തന്നോടൊപ്പം സിനിമ ചെയ്യാൻ അദ്ദേഹം പ്ലാൻ ചെയ്തിരുന്നു എന്ന് ജയറാം പറയുന്നു. തുടർച്ചയായി പരാജയ ചിത്രങ്ങളിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്ന ജയറാം ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് പത്മരാജനെ കാണാനെത്തി. പരാജയ ചിത്രങ്ങളുടെ വേദനയിൽ കരഞ്ഞ ജയറാമിനോട് അടുത്ത സിനിമ നമ്മൾ സൂപ്പർ ഹിറ്റാക്കുമെന്ന് പറഞ്ഞ് പത്മരാജൻ ധെെര്യം നൽകി. കേരളത്തിന്റെ സ്പോർട്ട്സ് ടീമിനെയും കൊണ്ട് ഡൽഹിയിലേക്ക് നടത്തുന്ന ഒരു ട്രെയിൻ യാത്രയുടെ പശ്ചാത്തലത്തിൽ ആയിരുന്നു ആ സിനിമ. അന്ന് അദ്ദേഹം തനിക്ക് ധെെര്യം നൽകിയ പോലെ ധെെര്യം തരാൻ പിൽകാലത്ത് ആരുമുണ്ടായിരുന്നില്ല എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞു.
ജയറാം പറഞ്ഞത്:
പത്മരാജൻ സാർ ജീവിച്ചിരിക്കുന്ന കാലത്ത് ഞാൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. പോയ ശേഷം ഞാൻ ആരോട് ചോദിക്കാനാണ്? ഒരു ഗുരുനാഥനെ മാത്രമല്ല എനിക്ക് നഷ്ടപ്പെട്ടത്, അതിനൊക്കെ മുകളിലുള്ള ഒരാളെയാണ്. ഏത് പാതിരാത്രിയും എന്ത് കാര്യവും എനിക്ക് ചോദിക്കാവുന്ന ഒരു സ്ഥലം കൂടിയായിരുന്നു അദ്ദേഹം. എനിക്ക് അടുപ്പിച്ച് കുറേ സിനിമകൾ പരാജയമായ സമയത്ത്, തൃശ്ശൂർ രാമ നിലയത്തിൽ അദ്ദേഹം ഗന്ധർവ്വൻ സിനിമയുടെ പ്രമോഷനുമായിട്ട് ബന്ധപ്പെട്ട് നിതീഷ് ഭരദ്വാജുമായിട്ട് കാലിക്കട്ടിലേക്ക് പോകുന്ന സമയം. അന്ന് ഭരതേട്ടന്റെ കേളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അവിടുന്ന് ഞാൻ അദ്ദേഹത്തെ കാണാൻ പോയി. അവിടെ ചെന്ന് ഒരു ബെഡ്ഡിൽ ഇരുന്ന എന്നോട് അദ്ദേഹം എന്താടാ എന്ന് ചോദിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി. ഞാൻ പറഞ്ഞു, കുറേ പടങ്ങൾ എനിക്ക് പരാജയം വന്നു എന്ന്. അതൊക്കെ പോട്ടെടാ.. പോയി പണി നോക്കാൻ പറ, അടുത്തത് നമ്മൾ തകർക്കും, നിന്നെ വച്ചിട്ടാണ് ഞാൻ അടുത്ത പടം പ്ലാൻ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായിട്ടുള്ള ഒരു കഥയായിരുന്നു അത്. കേരളത്തിന്റെ ഒരു സ്പോർട്ട്സ് ടീമിനെയും കൊണ്ട് ഞാൻ ട്രെയ്നിൽ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുന്നു. മുഴുവൻ കഥയും പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടു. ഇത് നമ്മൾ സൂപ്പർ ഹിറ്റടിക്കുമെടാ എന്ന് പറഞ്ഞ് എനിക്ക് ധെെര്യം തരുകയാണ് അദ്ദേഹം. ഒരു അച്ഛനെപോലെയോ അല്ലെങ്കിൽ ഒരു ഗുരുനാഥനെപ്പോലെയോ അങ്ങനെ ഒരു ധെെര്യം തരാൻ എനിക്ക് പിൻകാലത്ത് ആരുമുണ്ടായിരുന്നില്ല.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം നായകാനായെത്തുന്ന അബ്രഹാം ഓസ്ലറാണ് ജയറാമിന്റേതായി തിയറ്ററുകളിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്തും. അഞ്ചാം പാതിര എന്ന വിജയ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവൽ തോമസും, ഇര്‍ഷാദ് എം ഹസനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിൽ അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തും.