എല്ലാ ഫാന്‍സിനെയും നിയമപരമായി നിയന്ത്രിക്കണം, തലതിരിഞ്ഞ ആള്‍ക്കൂട്ടത്തെ മഹാനടന്‍മാര്‍ പോറ്റിവളര്‍ത്തരുതെന്ന് ഹരീഷ് പേരടി

എല്ലാ ഫാന്‍സിനെയും നിയമപരമായി നിയന്ത്രിക്കണം, തലതിരിഞ്ഞ ആള്‍ക്കൂട്ടത്തെ മഹാനടന്‍മാര്‍ പോറ്റിവളര്‍ത്തരുതെന്ന് ഹരീഷ് പേരടി

Published on

രജിത് കുമാര്‍ ആര്‍മിയെന്ന പേരില്‍ ആരാധക സംഘം കൊറോണാ വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ സ്വീകരണം വലിയ വിവാദമായിരുന്നു. താരങ്ങളുടേത് ഉള്‍പ്പെടെ ഏല്ലാ ഫാന്‍സുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര നടനും നാടക പ്രവര്‍ത്തകനുമായ ഹരീഷ് പേരടി.

എത്രയോ മനുഷ്യര്‍ അവരുടെ ജീവന്‍ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളമെന്നും ആ കേരളത്തെ തലക്കോളമില്ലാത്ത ഫാന്‍സുകള്‍ എന്ന ആള്‍കൂട്ടത്തിന് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കരുതെന്നും ഹരീഷ് പേരടി. മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിച്ച ഏല്ലാ മഹാനടന്‍മാരുടെയും അഭിനയമികവിന് മുന്‍പില്‍ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു. ഇത്തരം തലതിരിഞ്ഞ ആള്‍കൂട്ടത്തെ പോറ്റി വളര്‍ത്തരുത്. മലയാള ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്ന അഭിപ്രായ പ്രകടനവുമായാണ് ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുന്നത്. ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്ന് വച്ച പഹദ് മാത്രമാണ് ഏക പ്രതീക്ഷയെന്നും ഹരീഷ് പേരടി.

പുതിയ കേരളം മഹാനടന്‍മാരുടെ പുതിയ തീരുമാനങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്

ഏല്ലാ ഫാന്‍സുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ഫാന്‍സ് മുഖ്യമന്ത്രിയെ സംസാരിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടന്‍ ഇരിക്കുന്ന വേദിയില്‍ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും...ഇതും ഈ സമയത്ത് ചര്‍ച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാന്‍ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു...എത്രയോ മനുഷ്യര്‍ അവരുടെ ജീവന്‍ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം...ആ കേരളത്തെ തലക്കോളമില്ലാത്ത ഫാന്‍സുകള്‍ എന്ന ആള്‍കൂട്ടത്തിന് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കരുത്...ഈ എയര്‍പോര്‍ട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം..ഫാന്‍സ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടന്‍മാര്‍ക്കും ഇത്ബാധകമാണ് ...മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിച്ച ഏല്ലാ മഹാനടന്‍മാരുടെയും അഭിനയമികവിന് മുന്‍പില്‍ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു...ഇത്തരം തലതിരിഞ്ഞ ആള്‍കൂട്ടത്തെ പോറ്റി വളര്‍ത്തരുത്..ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികള്‍ ഹൃദയത്തിലേററിയ ഫഹദ് ഫാസില്‍ എന്ന നടന്‍ മാത്രമാണ്...തനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ് ...പുതിയ കേരളം മഹാനടന്‍മാരുടെ പുതിയ തീരുമാനങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്.

logo
The Cue
www.thecue.in