ഷൈലോക്കിനെ പ്രശംസിച്ച് എബ്രിഡ് ഷൈന്‍, ‘മാസ് സിനിമകളുടെ റിസ്‌ക് റിയലിസ്റ്റിക് സിനിമകള്‍ക്കില്ല’

ഷൈലോക്കിനെ പ്രശംസിച്ച് എബ്രിഡ് ഷൈന്‍, ‘മാസ് സിനിമകളുടെ റിസ്‌ക് റിയലിസ്റ്റിക് സിനിമകള്‍ക്കില്ല’

Published on
റിയലിസ്റ്റിക് സിനിമകള്‍ നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്

മാസ് സിനിമകളുടെ റിസ്‌ക് റിയലിസ്റ്റിക് സിനിമകള്‍ ചെയ്യാനില്ലെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍. ഷൈലോക്ക് എന്ന സിനിമയെയും സംവിധായകന്‍ അജയ് വാസുദേവിനെയും പ്രകീര്‍ത്തിച്ച് എഴുതിയ തുറന്ന കത്തിലാണ് എബ്രിഡിന്റെ അഭിപ്രായ പ്രകടനം. അജയ് വാസുദേവിന് റിയലിസ്റ്റിക് സിനിമകള്‍ ഇടത് കൈ കൊണ്ട് ചെയ്യാനാകുമെന്നും ഷൈന്‍ കത്തില്‍ എഴുതുന്നു. ബോസ് എന്ന പലിശക്കാരനായി മമ്മൂട്ടി വേഷമിട്ട ചിത്രമാണ് ഷൈലോക്ക്. ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിച്ചത്.

എബ്രിഡ് ഷൈന്‍ എഴുതിയ കത്ത്

പ്രിയ അജയ് വാസുദേവ്,

ഒരു മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍.വി. ഉദയകുമാര്‍ എന്ന തമിഴ് സിനിമാ സംവിധായകനെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചു. സൂപ്പര്‍താരം കമല്‍ഹാസന്‍, രജനികാന്ത് തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. യജമാന്‍, ശിങ്കാരവേലന്‍, ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു, ''ഏറ്റവും ഏറ്റവും ബുദ്ധിമുട്ട് മാസ് സിനിമകള്‍ ചെയ്യാനാണ്. താരം സ്വന്തം മേല്‍മുണ്ട് ചുറ്റി, തോളത്ത് ഇട്ട്, പ്രത്യേക അംഗവിക്ഷേപങ്ങളോടെ ഡയലോഗുകള്‍ പറയുമ്പോള്‍ ആളുകള്‍ ആര്‍പ്പുവിളികളായും ചൂളം വിളികളായും തിയറ്ററില്‍ ആരവം തീര്‍ക്കും എന്ന കണക്കുകൂട്ടല്‍ ആണ് ഏറ്റവും റിസ്‌ക്

സിനിമയുടെ ഏതൊക്കെ ഘട്ടത്തില്‍ ആ ആഘോഷത്തിന്റെ അലകള്‍ തിയറ്ററില്‍ ഉണ്ടാകും എന്നത് വലിയ കണക്കുകൂട്ടല്‍ ആണ്. ആ ആരവം അവിടെ ഇല്ലെങ്കില്‍ പാളി. റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാല്‍ മതി. റിയലിസ്റ്റിക് സിനിമകള്‍ നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ചെയ്ത ഷൈലോക്ക് മേല്‍പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങള്‍. ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ എന്റെ 'കുങ്ഫു' മാസ്റ്റര്‍ കാണാനും കുറച്ച് ആളുകള്‍ കയറി. സന്തോഷം

ഷൈലോക്കിന് ടിക്കറ്റ് കിട്ടാത്ത കുറച്ചുപേര്‍ കുങ്ഫു മാസ്റ്റര്‍ എന്ന തന്റെ സിനിമ കാണാന്‍ കയറിയെന്നും എബ്രിഡ് ഷൈന്‍. നീനാ പിള്ളയെ കേന്ദ്രകഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് കുങ്ഫു മാസ്റ്റര്‍.

താങ്ക്‌സ് ഫോര്‍ മാസ്സ് വേര്‍ഡ്‌സ് എന്നാണ് അജയ് വാസുദേവ് എബ്രിഡ് ഷൈനിന്റെ കത്തിന് നല്‍കിയ മറുപടി.

logo
The Cue
www.thecue.in