എബ്രിഡ് ഷെയിനിന്റെ മഹാവീര്യറില്‍ റിലീസിന് ശേഷം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ലാല്‍ അവതരിപ്പിച്ച മഹാരാജാവ് ഉഗ്രസേനന്‍. ചിത്രത്തിന്റെ അവസാന ഭാഗത്ത് ഉഗ്രസേനനായുള്ള ലാലിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. സിനിമയുടെ തുടക്കം മുതല്‍ തന്നെ ഉഗ്രസേനന്‍ എന്ന കഥാപാത്രം ലാല്‍ ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു എന്ന് സംവിധായകന്‍ എബ്രിഡ് ഷെയിന്‍ ദ ക്യുവിനോട് പറഞ്ഞു.
ഉഗ്രസേനന്‍ കണ്ണുനീര്‍ കുടിക്കുന്ന സീന്‍ ഒറ്റ ടേക്കായിരുന്നു. താന്‍ ഫ്രെയിം വെച്ചിട്ട് മാറി നിന്നു. പിന്നീടുള്ള ഒന്നര മിനിറ്റ് ലാല്‍ സാറിന്റെ ഗംഭീര പെര്‍ഫോമെന്‍സായിരുന്നു എന്നും എബ്രിഡ് ഷെയിന്‍ കൂട്ടിച്ചേര്‍ത്തു.
എബ്രിഡ് ഷെയിന്‍ പറഞ്ഞത്:
ഉഗ്രസേനന്‍ ഒരു വിചിത്രമായ ചിന്താഗതിയുള്ള മനുഷ്യനായിരുന്നു. കാരണം വിചിത്രമായ ആഗ്രഹങ്ങള്‍ പറയുന്ന വിചിത്രമായ ചിന്തയുള്ള മനുഷ്യനാണ്. അതില്‍ തന്നെ ഹ്യൂമര്‍ ഉണ്ട്. അപ്പോള്‍ ലാല്‍ സാറിന്റെ ഉയരം, ശബ്ദം, പിന്നെ ഭയങ്കര ഷാര്‍പ്പായിട്ടുള്ള നോട്ടം. അതേസമയം പഞ്ച് ചെയ്യാനുള്ള ഒരു ടൈമിംഗ്. ഇതെല്ലാം കൊണ്ട് ലാല്‍ സാര്‍ തന്നെ മതിയെന്ന് ആദ്യം തൊട്ടേ തീരുമാനിച്ചിരുന്നു.
ലാല്‍ സാര്‍ പെര്‍ഫോം ചെയ്യുന്നതും സിനിമയിലേക്ക് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നതുമെല്ലാം വളരെ രസകരമാണ്. പിന്നെ ഒരു സംവിധായകന്റെ പ്രശ്‌നങ്ങള്‍ ലാല്‍ സാറിന് മനസിലാകും. അതിന് കൂടെ നില്‍ക്കും. ഭയങ്കര പാഷണേറ്റായിട്ടുള്ള ആളാണ്. ഭയങ്കര സത്യസന്ധനായ ഒരു മനുഷ്യനാണ് അദ്ദേഹം.
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പാടത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് റാംഞ്ചീ റാവൂ സ്പീക്കിംഗ് ഇറങ്ങുന്നത്. ഇന്നെനിക്ക് 45 വയസായി. ഞാന്‍ വയസനായി തുടങ്ങി. ആ സമയത്ത് ലാല്‍ സാര്‍ എന്ന മനുഷ്യന്‍ ഇന്നും ഇതേ ഇന്റന്‍സിറ്റിയോടെ നില്‍ക്കുകയാണ്.
ഷൂട്ട് ചെയ്ത സീന്‍ ഞാന്‍ എഡിറ്റ് ചെയ്ത് നോക്കട്ടെ എന്ന് ലാല്‍ സാര്‍ പറഞ്ഞു. അങ്ങനെ ഞാന്‍ എഡിറ്റ് ചെയ്യുന്ന പയ്യനെ വിട്ട് കൊടുത്തു സാറിന്. പിന്നെ സാര്‍ അവന്റെ കൂടെ ഇരുന്ന് പാതിരാത്രി എഡിറ്റ് ചെയ്യുകയാണ്. അന്ന് ഷൂട്ട് ചെയ്ത സാധനം രാത്രി തന്നെ എഡിറ്റ് ചെയ്ത് നോക്കുകയും എന്നെ കാണിക്കുകയും എല്ലാം ചെയ്തിരുന്നു. അങ്ങനെ മൊത്തത്തില്‍ ലാല്‍ സാര്‍ അടിപൊളി മനുഷ്യനാണ്.
ഉഗ്രസേനന്‍ കണ്ണുനീര്‍ കുടക്കുന്ന ആ സീന്‍ ഒറ്റ ടേക്കാണ്. നമുക്ക് അദ്ദേഹം ആ അസുഖം മാറിയതിന്റെ ആഹ്‌ളാദം സാര്‍ കാണിക്കണമായിരുന്നു. ഫ്രെയിം ഞാന്‍ വെച്ചിട്ട് മാറി നിന്നു. പിന്നെ സാര്‍ പെര്‍ഫോം ചെയ്യുകയാണ്. ഒന്നര മിനിറ്റോളം സാര്‍ നിന്നിട്ട് അത് പെര്‍ഫോം ചെയ്യുകയാണ്. അപ്പോള്‍ കണ്ട് നില്‍ക്കുന്നവരെല്ലാം ഞെട്ടിപ്പോയി കയ്യടിക്കുന്ന തരത്തിലാണ് നിന്നിരുന്നത്. അവസാനം ഒരു എനര്‍ജി കയറിയത് പോലെയാണ് ചെയ്തിരുന്നത്. രാജാവിന്റെ പ്രശ്‌നങ്ങളും ആനന്ദവും ആഹ്‌ളാദവുമെല്ലാം ഇങ്ങനെ മാറി വരുകയാണ്. ഗ്ലാസ് എടുക്കുന്നത് തൊട്ട് കുടിക്കുന്നതും ടെന്‍ഷന്‍ മാറുന്നതും. അത് ഗംഭീര പെര്‍ഫോമന്‍സായിരുന്നു.