ആഷിക് അബു ചിത്രത്തെക്കുറിച്ച് റോഷന്‍ മാത്യു, പെട്ടെന്ന് തന്നെ ചെയ്യണമെന്ന് തോന്നി
ആഷിക് അബു സംവിധാനം ചെയ്ത പെണ്ണും ചെറുക്കനും എന്ന സിനിമ കഥ വായിച്ചപ്പോള്‍ തന്നെ പെട്ടെന്ന് ചെയ്യണമെന്ന് തോന്നിയിരുന്നുവെന്ന് റോഷന്‍ മാത്യു. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് റോഷന്‍ ഇക്കാര്യം പറയുന്നത്. അഞ്ചു സുന്ദരികള്‍ക്ക് ശേഷം വിവിധ സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി സ്വഭാവമുള്ള സിനിമയില്‍ പെണ്ണും ചെറുക്കനും എന്ന ചിത്രമാണ് ആഷിക് അബു ചെയ്യുന്നത്. ഉണ്ണി ആര്‍ രചിച്ച പെണ്ണും ചെറുക്കനും എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. ഷൈജു ഖാലിദാണ് ക്യാമറ.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ് എന്ന സിനിമയിലെ നായക വേഷത്തിന് ശേഷം റോഷന്‍ ചെയ്ത സിനിമയുമാണ് പെണ്ണും ചെറുക്കനും. റോഷന്‍ മാത്യുവും ദര്‍ശനാ രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങള്‍.
ഭയങ്കര എക്സൈറ്റിങ് ആയിട്ടുള്ള കഥയാണ്. ഒത്തിരിപ്പേര്‍ വായിച്ചിട്ടുള്ള കഥയാണ്. ആഷിക് സാര്‍ ആ ചെറുകഥ തന്നെയാണ് അയച്ചുതന്നത്. അത് വായിച്ചപ്പോള്‍ പെട്ടെന്ന് തന്നെ ചെയ്യണമെന്ന് തോന്നി. പെട്ടെന്ന് തന്നെ അതിന്റെ ഷൂട്ടിങ്ങും കഴിഞ്ഞുപോയി. നെടുമുടി വേണുച്ചേട്ടനും കവിയൂര്‍ പൊന്നമ്മ ചേച്ചിയും ബെന്നി പി നായരമ്പലവും അഭിനയിച്ചിട്ടുണ്ട്.
റോഷന്‍ മാത്യു
വേണു,രാജീവ് രവി, ആഷിഖ് അബു, ജെയ് കെ എന്നീ സംവിധായകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്, പൃഥ്വിരാജ് നായകനായ എസ്ര സംവിധാനം ചെയ്ത ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം അവസാനമായിട്ടായിരിക്കും ആരംഭിക്കുക. തുറമുഖത്തിന്റെ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും പുതിയ ചിത്രം ആരംഭിക്കുക
അമല്‍ നീരദ്, ഷൈജു ഖാലിദ്, അന്‍വര്‍ റഷീദ്, ആഷിഖ് അബു, സമീര്‍ താഹീര്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് 2013ലായിരുന്നു അഞ്ച് സുന്ദരികള്‍ ഒരുക്കിയത്. അഞ്ചു പെണ്ണുങ്ങളുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'സോളോ'യും ശ്രദ്ധിക്കപ്പെട്ടിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'നാലു പെണ്ണുങ്ങള്‍', 2009ല്‍ പുറത്തിറങ്ങിയ കേരള കഫെ, വികെ പ്രകാശ് സംവിധാനം ചെയ്ത 'പോപ്പിന്‍സ്' എന്നിവയും മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ആന്തോളജി ചിത്രങ്ങളാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം