7 ലക്ഷം രൂപയ്ക്കാണ് 2018 അമേരിക്കയില്‍ കൊടുത്തത് ; തമിഴ് സിനിമകള്‍ക്ക് കോടികളാണ് കിട്ടുന്നതെന്ന് വേണു കുന്നപ്പിള്ളി

7 ലക്ഷം രൂപയ്ക്കാണ് 2018 അമേരിക്കയില്‍ കൊടുത്തത് ; തമിഴ് സിനിമകള്‍ക്ക് കോടികളാണ് കിട്ടുന്നതെന്ന് വേണു കുന്നപ്പിള്ളി
Published on

മലയാള സിനിമ തിയറ്ററുകളില്‍ തുടര്‍ച്ചയായി പരാജയം നേരിടുന്ന സാഹചര്യത്തിലാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന സിനിമ തിയറ്ററുകളിലെത്തുന്നത്. 2018 ല്‍ കേരളക്കര ഒന്നാകെ സാക്ഷിയായ പ്രളയ ദിനത്തിന്റെ നേര്‍ക്കാഴ്ച ആവിഷ്‌കരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. മലയാള സിനിമയുടെ ചെലവുകളെയും വരുമാനത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റ് ഭാഷകളെ വെച്ചു നോക്കുമ്പോള്‍ അവസരം കുറവാണെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു. ഇത്ര വലിയ കാന്‍വാസില്‍ തീര്‍ത്ത സിനിമ ആയിട്ടുകൂടി 7 ലക്ഷം രൂപയ്ക്കാണ് ചിത്രം അമേരിക്കയില്‍ കൊടുത്തതെന്നും വേണു കുന്നപ്പിള്ളി ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വേണു കുന്നപ്പിള്ളി പറഞ്ഞത്

വളരെ വലിയ രീതിയില്‍ ചെയ്ത സിനിമയാണ് 2018. പക്ഷെ അമേരിക്കയില്‍ ആ സിനിമ വിറ്റത് 7 ലക്ഷം രൂപയ്ക്കാണ്. ഇവിടെ തമിഴ്‌നാട്ടിലുള്ള പല സിനിമകളും കൊടുക്കുന്നത് അഞ്ചു കോടി രൂപയ്ക്കും പത്തു കോടി രൂപയ്ക്കുമെല്ലാമാണ്. അതും വളരെ ഹാപ്പി ആയി ആണ് അമേരിക്കയിലെ വിതരണക്കാര്‍ എടുക്കുന്നത്. പക്ഷെ പ്രൊഡ്യൂസഴ്‌സ് അപ്പോഴും ഹാപ്പി അല്ല. നമ്മുടെ സിനിമകളില്‍ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഏഴു ലക്ഷത്തിന് കൊടുക്കാന്‍ കാരണം വിതരണത്തിനെടുക്കാന്‍ ആള്‍ക്കാരില്ല എന്നതാണ്. അപ്പോള്‍ ഇത്രയും ചെറിയ ബിസിനെസ്സ് ചെയ്യുന്ന സ്റ്റേറ്റില്‍ നമുക്ക് ഒരുപാട് രൂപ ഓഫര്‍ ചെയ്യാന്‍ കഴിയില്ല. 2018 തന്നെ റിസ്‌ക് എടുത്ത് സിനിമ ആള്‍ക്കാര്‍ക്ക് ഇഷ്ടപെടും എന്ന് വിചാരിച്ചു, ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇഷ്ടപെട്ടു ഇല്ലെങ്കില്‍ വലിയ നഷ്‌ടം വന്നേനെ.

മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in