VIRUS REVIEW: കയ്യടിക്കേണ്ട ക്രാഫ്റ്റ്, കൈവിടാതിരിക്കേണ്ട മാനവികത
സിനിമയുടെ ക്രാഫ്റ്റിലേക്ക് വരുമ്പോള്‍ നിരവധി അടരുകളുള്ള ഒരു തിരക്കഥയെ ദൃശ്യവല്‍ക്കരിക്കുക എന്ന വലിയ വെല്ലുവിളിയെ അങ്ങേയറ്റം വസ്തുനിഷ്ടമായാണ് ആഷിക് അബു സമീപിച്ചിരിക്കുന്നതെന്ന് കാണാം. ആശുപത്രിയിലെ കലുഷിതാവസ്ഥയുടെ നേര്‍മധ്യത്തില്‍ തന്നെ പ്രേക്ഷകനെ കൊണ്ടുചെന്നുനിര്‍ത്തുന്ന ടൈറ്റില്‍ ക്രെഡിറ്റ്‌സില്‍ തന്നെ സിനിമയുടെ വിവിധ സാങ്കേതികമേഖലകളെല്ലാം തമ്മിലുള്ള പൊരുത്തവും മികവും വ്യക്തമാവുന്നുണ്ട് .
കേരളത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസ് ബാധയെക്കുറിച്ച് സിനിമയൊരുക്കുമ്പോള്‍ ഏറ്റവും അടിസ്ഥാന ഘടകങ്ങള്‍ രൂപപ്പെടുത്തുന്ന രീതി തന്നെ പ്രധാനമാണ്. ശാസ്ത്രപിന്തുണയോടെ, ജനങ്ങളും ഭരണ സംവിധാനവും ഒറ്റക്കെട്ടായി അതിജീവിച്ച സംഭവം ഒന്നോ രണ്ടോ നായക/നായികാ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചും അവരുടെ രക്ഷാദൗത്യമാക്കാതെയും അവതരിപ്പിക്കുന്നതിലാണ് മിടുക്ക്. നിപാ അതിജീവനത്തില്‍ പരാമര്‍ശിക്കേണ്ട സംഭവ വികാസങ്ങള്‍ക്കും, ഈ മഹാമാരിയെ മറികടന്നതിന് പല തലങ്ങളില്‍ പരാമര്‍ശിക്കേണ്ട മനുഷ്യരിലേക്കും അവരുടെ വൈകാരികതയിലേക്കും കേന്ദ്രീകരിച്ച് നീങ്ങുകയാണ് അഭികാമ്യം. വൈറസ് എന്ന പ്രൊജക്റ്റ് രൂപപ്പെടുമ്പോള്‍ തന്നെ ഇത്തരമൊരു സമീപനം ഉറപ്പ് തരുന്ന സൂചനകളുണ്ടായിരുന്നു. കാഴ്ചകള്‍ ജൈവികമാകണമെന്ന നിഷ്‌കര്‍ഷയുള്ള ഛായാഗ്രാഹകന്‍, മാനവികതയെയും സാഹോദര്യത്തെയും സഹാനുഭൂതിയെയുമൊക്കെ മനോഹരമായി സിനിമയിലാവിഷ്‌കരിച്ച മുഹസിന്‍ പരാരിയെപ്പോലുള്ള ഒരു എഴുത്തുകാരന്‍. സ്‌ക്രീനില്‍ അത്ഭുതം കാട്ടാന്‍ പ്രാപ്തിയുള്ള അഥവാ കഥാപാത്രങ്ങളായി ഉയര്‍ന്നുപൊങ്ങാന്‍ കഴിവുള്ള ഗംഭീര അഭിനേതാക്കളുടെ നീണ്ട നിര.
ഒരു സംഭവത്തെ അമിതമായി വ്യക്തികേന്ദ്രീകൃതമാക്കാതെ അളന്നുമുറിച്ച ഡ്രാമയിലൂടെ അവതരിപ്പിക്കുക എന്ന ഡോക്യുഫിക്ഷന്റെ അടിസ്ഥാന സമീപനരീതിയാണ് വൈറസിന്റെ എഴുത്തുകാര്‍ കൈക്കൊണ്ടിരിക്കുന്നത് .രോഗബാധിതര്‍,ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍,സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരിലൂടെയാണ് കഥ വികസിക്കുന്നത് . ഈ സമീപനം കഥാഗതിയില്‍ ഭൂരിഭാഗം ഇടങ്ങളിലും കൃത്യമായി വര്‍ക്ക്ഔട്ട് ആവുന്നുണ്ട് .ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഡോക്ടര്‍ ആബിദ് എന്ന കഥാപാത്രം ഫിക്ഷണല്‍ കഥാഗതിയെ യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി. പാര്‍വതി,ജോജു ജോര്‍ജ് ,ദിലീഷ് പോത്തന്‍ എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മോട്ടിവേഷനുകള്‍ എന്നിവയൊക്കെ കഥാപാത്രസൃഷ്ടിയിലെ(കഥാസന്ദര്‍ഭ നിര്‍മിതിയിലെയും)മികവിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയും .ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന ഹീറോയിക് പരിവേഷം ഇത്തരമൊരു സിനിമയില്‍ ആവശ്യമുണ്ടോ ചോദ്യമുയര്‍ത്താമെങ്കിലും സിനിമയുടെ ടോട്ടല്‍ മൂഡിന് മേലെ നില്‍ക്കാത്ത രീതിയിലുള്ള ഒരു കയ്യടക്കം ആ കഥാപാത്രത്തിനും ഇന്ദ്രജിത്തിന്റെ പ്രകടനത്തിനുമുണ്ട്.
ആദ്യപകുതിയില്‍ ഇങ്ങനെ സിനിമയുടെ അടിസ്ഥാന ഘടകങ്ങളെല്ലാം പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ച് ഗംഭീരമായ ആസ്വാദനം ഉറപ്പുവരുത്തുമ്പോള്‍ രണ്ടാംപകുതിയില്‍ സിനിമ നിപാ ബാധിതരായി മനുഷ്യരിലേക്ക് കേന്ദ്രീകരിച്ച് ഡോക്യുഫിക്ഷന്‍ തലത്തിലേക്ക് മാറുകയാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്തല്‍ ,രോഗബാധയുമായി ബന്ധപ്പെട്ട കോണ്‍സ്പിറസി തിയറികളെ ഒഴിവാക്കല്‍ എന്നിങ്ങനെ സിനിമയെ കൂടുതല്‍ ത്രില്ലിങ്ങാക്കാനുതകുന്ന ഘടകങ്ങള്‍ രണ്ടാംപകുതിയിലുണ്ട്. പക്ഷെ ചില സബ്‌പ്ലോട്ടുകള്‍ക്കുള്ള ഘടനാരാഹിത്യം ,ഒപ്പം സന്ദര്‍ഭങ്ങളെ ആദ്യപകുതിയിലെ മികവോടെ ആവിഷ്‌കരിക്കാന്‍ കഴിയാതിരുന്നത് സിനിമയുടെ താളത്തെ ബാധിക്കുന്നുണ്ട്. രേവതി അവതരിപ്പിച്ച ആരോഗ്യവകുപ്പ് മന്ത്രിയുടെ കഥാപാത്രമാണ് രണ്ടാം പകുതിയില്‍ ഇമ്പാക്റ്റ് നഷ്ടപ്പെട്ട എഴുത്തിന്റെ തിക്തഫലം ഏറ്റവും അനുഭവിക്കുന്നതെന്നു തോന്നുന്നു. വംശീയമായ മുന്‍ധാരണകള്‍ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെ സന്നിവേശിക്കപ്പെട്ട കഥാസന്ദര്‍ഭങ്ങളും പരസ്യമായ രാഷ്ട്രീയംപറച്ചിലുമൊന്നും സിനിമയുടെ പേസിനൊ ടോട്ടാലിറ്റിക്കോ വിഘാതമാവുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ് .(ഈ കാര്യത്തില്‍ രചയിതാക്കള്‍ക്ക് അഭിമാനിക്കാം)
ആവിഷ്‌കരണത്തില്‍ സംവിധായകന്‍ പുലര്‍ത്തിയിരുന്ന (അണിയറപ്രവര്‍ത്തകരുടെയും)ക്രാഫ്റ്റ് സിനിമ ആരംഭിച്ചു മിനിറ്റുകള്‍ക്കകം വ്യക്തമാവുന്നുണ്ട്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനും ഗംഭീരമായി കൊറിയോഗ്രാഫ് ചെയ്ത ക്യാമറാ ചലനങ്ങളും പ്രേക്ഷകനെ അത്യന്തം കലുഷിതമായ ആശുപത്രി അന്തരീക്ഷത്തില്‍ നേര്‍മധ്യത്തിലായിതന്നെ കൊണ്ട്പ്രതിഷ്ഠിക്കുകയാണ് .ടൈറ്റില്‍ ക്രെഡിറ്റ്‌സ് രംഗങ്ങളില്‍ കാണാന്‍കഴിയുന്ന ക്യാമറയുടെ ,പശ്ചാത്തല സംഗീതത്തിന്റെ ,പെര്‍ഫോമന്‍സുകളുടെ മികവ് സിനിമ അവസാനിക്കുവോളം ഏകദേശം സ്ഥായിയാണ്.നടുക്കവും,നിസഹായവസ്ഥയും സഹാനുഭൂതിയുമൊക്കെ ഈ മൂന്നു ഘടകങ്ങളും കൃത്യമായി സമ്മേളിച്ച് പ്രേക്ഷകന് അങ്ങേയറ്റം അനുഭവഭേദ്യമാക്കുന്നുണ്ട് . രോഗബാധിതരായ റീമയുടെയും സൌബിന്‍ ഷാഹീറിന്റെയും കഥാപാത്രങ്ങളുടെയും ക്ലോസപ്പ് ഷോട്ടുകളില്‍ മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ മികവിന്റെ പാരമ്യത്തിലാണന്നു പറയാം .ഭീതിയുടെയും കലുഷിതാവസ്ഥയുടെയുമൊക്കെ സൂചകങ്ങളായ നിറങ്ങളും വെളിച്ചവുമൊക്കെ ഫ്രയിമില്‍ പരിപൂര്‍ണമായ ഇമ്പാക്റ്റാണ് സൃഷ്ടിക്കുന്നത്.
കേട്ടുകേള്‍വിപോലുമില്ലാത്ത ഒരു മാരകരോഗം പൊട്ടിപ്പുറപ്പെടുമ്പോഴുണ്ടാവുന്ന ഭയപ്പാടും അരക്ഷിതാവസ്ഥയും ,അതിനോട് പൊരുത്തപ്പെടാനും അതിജീവിക്കാനുമുള്ള പൊതുജനത്തിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരാട്ടം എന്നിങ്ങനെ സ്വന്തന്ത്രമായി നാലോ അഞ്ചോ സിനിമകള്‍ക്കുള്ള വിഷയം നിപാ ബാധയ്ക്കും അതിജീവന യാത്രയ്ക്കുമുണ്ട്.
സഹജീവനം മനുഷ്യര്‍ക്കപ്പുറമുള്ള ജീവജാലങ്ങളിലേക്ക് കൂടി വ്യാപിക്കേണ്ടത് ഓര്‍മ്മപ്പെടുത്തുന്നിടത്താണ് വൈറസ് ഒരു മഹാമാരി സൃഷ്ടിച്ച ദുരന്തം മാത്രം കേന്ദ്രീകരിച്ച സിനിമയല്ലാതാകുന്നത്.
സംവിധായകന്‍ ആഷിക് അബു അഭിമുഖങ്ങളില്‍ സൂചിപ്പിച്ചത് പോലെ നിപാ ബാധയും അതിജീവനവും എന്നതിനേക്കാള്‍ മാരകമായൊരു രോഗത്തിന് ഇരകളായവരും അവരുടെ ബന്ധുക്കളും നേരിട്ട സാമൂഹിക ബഹിഷ്‌കരണം തന്നെയാണ് സിനിമയുടെ ഫോക്കസ് പോയിന്റ് എന്ന് രണ്ടാം പാതിയിലെത്തുമ്പോള്‍ മനസിലാകും. ശാസ്ത്രീയ മാര്‍ഗത്തിലൂടെയുള്ള അതിജീവനത്തിന്റെ വിശദീകരണത്തേക്കാള്‍ വ്യക്തികള്‍, സമൂഹം, അപരവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളും മനുഷ്യരും, ആദ്യമായി രോഗം ബാധിച്ചതിലൂടെ നിപാ വാഹകനായ ആള്‍ തുടങ്ങിയ കണ്ണികളിലേക്ക്് പ്രമേയത്തെ ഉറപ്പിച്ച് നിര്‍ത്തിയാണ് സിനിമ രാഷ്ട്രീയം പറയുന്നത്. മുഹസിന്‍ പരാരി സഹരചയിതാവ് ആയ സുഡാനി ഫ്രം നൈജീരിയയിലേത് പോലെ തുടക്കത്തില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെട്ട വിഷയത്തില്‍ നിന്ന് മാനവികതയിലേക്കും പാരസ്പര്യത്തിലൂടെ സാധ്യമാകുന്ന അതിജീവനപാതയിലേക്കും സിനിമ പ്രവേശിക്കുന്നത് കാണാം. അതിനുമപ്പുറം മനുഷ്യര്‍ക്കൊപ്പം ഭൂമിയില്‍ ഇടമുള്ള ജീവജാലങ്ങളുടെ ആവാസവ്യസ്ഥയെ തകര്‍ക്കുമ്പോള്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ലെന്ന സൂചനയും സിനിമയിലുണ്ട്.
ഏതാണ്ട് മുഴുവന്‍ കഥാപാത്രങ്ങളും ഒരേ രീതിയില്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ എന്ന ഫീലിനോപ്പം സഹാനുഭൂതിയെയും ജാഗ്രതയെയും ഒരു കോമണ്‍ തീമായി അവതരിപ്പിക്കുന്നതിലൂടെയാണ് ചിതറിപ്പോവാമായിരുന്ന സബ്‌പ്ലോട്ടുകളെ എഴുത്തുകാര്‍ കൂട്ടിയോജിപ്പിക്കുന്നത് .പ്രത്യേകമായി എടുത്തുപരിശോധിച്ചാല്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഡോക്ടര്‍ ആബിദ് മുതല്‍ ഏതാണ്ട് കഥയുടെ അവസാനത്തോടടുപ്പിച്ച് പ്രവേശിക്കുന്ന സൗബിന്റെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം വരെ മേല്‍പ്പറഞ്ഞ കോമണ്‍തീമികളോട് ചേര്‍ന്നുപോവുന്നതുമാണ്. സഹജീവനം മനുഷ്യര്‍ക്കപ്പുറമുള്ള ജീവജാലങ്ങളിലേക്ക് കൂടി വ്യാപിക്കേണ്ടത് ഓര്‍മ്മപ്പെടുത്തുന്നിടത്താണ് വൈറസ് ഒരു മഹാമാരി സൃഷ്ടിച്ച ദുരന്തം മാത്രം കേന്ദ്രീകരിച്ച സിനിമയല്ലാതാകുന്നത്.
സിസ്റ്റര്‍ ലിനിയെ മുന്‍നിര്‍ത്തി സൃഷ്ടിച്ച സിസ്റ്റര്‍ അഖില എന്ന കഥാപാത്രവും അനുബന്ധകഥയും ശ്രദ്ധേയമാവുന്നത് റീമ കല്ലിങ്കലിന്റെയും ഷറഫുദ്ദിന്റെയും അഭിനയമികവും അതോടൊപ്പം കയ്യടക്കത്തോടെ കൈകാര്യം ചെയ്ത ഡ്രാമയും കാരണമാണ് .കയ്യടക്കമുള്ള എക്സ്പോസിഷനിലൂടെ ഡ്രമാറ്റിക് സ്വാധീനമുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ പാര്‍വതി അവതരിപ്പിച്ച കമ്യൂണിറ്റി ഡോക്റ്ററുടെയും ദിലീഷ് പോത്തന്‍ അവതരിപ്പിച്ച പോലീസുകാരന്റെയുമൊക്കെ കഥാപാത്രങ്ങളില്‍ കാണാന്‍ കഴിയും. ആദ്യം രോഗം സ്ഥിരീകരിച്ച സക്കരിയ (സംവിധായകന്‍ സക്കരിയ തന്നെ അവതരിപ്പിക്കുന്ന കഥാപാത്രം)യും അയാളെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളും സിനിമയുടെ കോമണ്‍ തീമുകള്‍ക്കൊപ്പം ഇസ്ലാമോഫോബിയ, മുസ്ലിം സ്വത്വത്തിന് മേല്‍ പൊതുബോധം അപരവല്‍ക്കരണത്തിലൂടെ സൃഷ്ടിക്കുന്ന സംശയനോട്ടം എന്നിവയിലേക്കും പ്രവേശിക്കുന്നുണ്ട്. അതേ സമയം സക്കരിയയുടെ കാമുകിയുടെ പ്രതികരണം, ആംബുലന്‍സിലെ കള്ളനോട്ട് കൈമാറ്റം എന്നിവിടങ്ങളില്‍ ഇസ്ലാമോഫോബിയയെ പ്രതിരോധിക്കുന്ന രാഷ്ട്രീയം ഏച്ചുകെട്ടലായും അനുഭവപ്പെടുന്നുണ്ട്. ഘടനാപരമായ പിഴവുകള്‍ മേല്‍പ്പറഞ്ഞ സബ്‌പ്ലോട്ടുകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുകയും തന്മൂലം രണ്ടാംപകുതിയിലെ എഡിറ്റിങ്ങിനും സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനും തെല്ലൊരു അലോസരമുണ്ടാക്കിയതായും അനുഭവപ്പെടുന്നു.
നിപാ അതിജീവനത്തില്‍ പ്രധാനമായ ജാഗ്രതയും വിവരശേഖരണവും തീരുമാനമെടുക്കലുമാണ് രേവതി,ടോവിനോ ,കുഞ്ചാക്കോ ബോബന്‍ ,പാര്‍വതി ,പൂര്‍ണിമ ഇന്ദ്രജിത് എന്നിവര്‍ അവതരിപ്പിച്ച സ്റ്റേറ്റ് മെഷീനറിയെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളിലൂടെ സിനിമയില്‍ പ്രസ്താവിക്കുന്നത്.ഇതില്‍ ആരോഗ്യമന്ത്രി അവതരിപ്പിച്ച കഥാപാത്രം (രചനയുടെ കാര്യത്തില്‍ ) മറ്റു മികച്ച കഥാപാത്രങ്ങള്‍ക്കൊപ്പമെത്തുന്നുണ്ടോ എന്ന സംശയമുണ്ട് .കൂടാതെ സിനിമക്ക് വളരെ 'സിനിമാറ്റിക്ക് 'ആയ ഒരു അന്ത്യം നല്‍കുക എന്ന ബാധ്യത കൂടി ഈ കഥാപാത്രത്തില്‍ വന്നുചേരുമ്പോള്‍ പ്രമീള എന്ന കഥാപാത്രം അല്പം കല്ലുകടി നിറഞ്ഞതാവുന്നു.
സിനിമയുടെ ക്രാഫ്റ്റിലേക്ക് വരുമ്പോള്‍ നിരവധി അടരുകളുള്ള ഒരു തിരക്കഥയെ ദൃശ്യവല്‍ക്കരിക്കുക എന്ന വലിയ വെല്ലുവിളിയെ അങ്ങേയറ്റം വസ്തുനിഷ്ടമായാണ് ആഷിക് അബു സമീപിച്ചിരിക്കുന്നതെന്ന് കാണാം. ആശുപത്രിയിലെ കലുഷിതാവസ്ഥയുടെ നേര്‍മധ്യത്തില്‍ തന്നെ പ്രേക്ഷകനെ കൊണ്ടുചെന്നുനിര്‍ത്തുന്ന ടൈറ്റില്‍ ക്രെഡിറ്റ്‌സില്‍ തന്നെ സിനിമയുടെ വിവിധ സാങ്കേതികമേഖലകളെല്ലാം തമ്മിലുള്ള പൊരുത്തവും മികവും വ്യക്തമാവുന്നുണ്ട് .സുഷിന്‍ ശ്യാമിന്റെ സംഗീതം ,സൈജു ശ്രീധരന്റെ എഡിറ്റിങ് എന്നിവ ഏകദേശം ഒരേ മികവ് സിനിമയിലുടനീളം പിന്തുടരുമ്പോള്‍ രാജീവ് രവിയും ഷൈജു ഖാലിദും അമ്പരപ്പിക്കുന്നത് സന്ദര്‍ഭത്തിനനുസരിച്ച് സ്വഭാവംമാറുന്ന,ഏറ്റവും കൃത്യമായ ഡ്രമാറ്റിക് ഇമ്പാക്റ്റ് തന്നെ സൃഷ്ടിക്കുന്ന ക്യാമറ ചലനങ്ങളിലൂടെയും വെളിച്ചത്തിന്റെ വിന്യാസത്തിലൂടെയുമാണ് .കലുഷിതമായ അന്തരീക്ഷത്തിന്റെ മൂഡ് ഒപ്പിയെടുക്കുന്ന ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകള്‍,രോഗഭീകരതക്ക് ആക്കംകൂട്ടുന്ന പച്ചയും ചുവപ്പും കലര്‍ന്ന ഇടനാഴി ദൃശ്യങ്ങള്‍ , രോഗബാധിതരുടെ (സൗബിന്‍,റീമ ) ക്‌ളോസപ്പ് ഷോട്ടുകള്‍ എന്നിവയൊക്കെ വല്ലാത്തൊരു തീക്ഷ്ണതയോടെ പ്രേക്ഷകരെ സിനിമയിലേക്കടുപ്പിക്കുന്നുണ്ട്.
നിപായുടെ ആദ്യവരവിന്റെ റിയലിസ്റ്റിക് ഡോക്യുമെന്റേഷന്‍ എന്ന നിലയില്‍ അല്ല അത്തരമൊരു ദുരന്തത്തെ മുന്‍നിര്‍ത്തി സംവിധായകന്‍ ആഷിക് അബു സൃഷ്ടിച്ച സെമി ഫിക്ഷനല്‍ ആയ സിനിമയെന്ന രീതിയിലാണ് വൈറസിനെ സമീപിക്കേണ്ടതെന്ന് തോന്നുന്നു.