'വേട്ടൈയ്യൻ'Review : എൻകൗണ്ടർ കൊലകളോടുള്ള നിലപാടും ജയിലറിന് ശേഷമുള്ള രജിനിയും

'വേട്ടൈയ്യൻ'Review : എൻകൗണ്ടർ  കൊലകളോടുള്ള നിലപാടും ജയിലറിന് ശേഷമുള്ള രജിനിയും
Published on

Spolier Alert

നന്നായി പൊളിറ്റിക്സ് സംസാരിക്കുകയും ശരാശരി സിനിമാറ്റിക് ക്വാളിറ്റി സൂക്ഷിക്കുകയും ചെയ്യുന്ന വാച്ചബിൾ പടമാണ് ടി.ജെ ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിച്ച മൂന്നാമത്തെ ചിത്രം വേട്ടയൻ. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ‘ജയ് ഭീമി’ലൂടെ ദളിത് രാഷ്ട്രീയം ശക്തമായി ഉന്നയിച്ച ജ്ഞാനവേൽ, സൂപ്പർ സ്റ്റാറുകളുടെ പ്രഭ പ്രയോജനപ്പെടുത്തി തനിക്ക് പറയാനുള്ള രാഷ്ട്രീയത്തിന് റീച്ച് കൂട്ടുവാനാവും 'വേട്ടൈയ്യാനി’ൽ ലക്ഷ്യമിട്ടിട്ടുണ്ടാവുക. പക്ഷേ പ്രമേയ രചനയിലും അവതരണത്തിലും വന്ന വീഴ്ചകളാൽ പകുതി വഴിയിൽ വീണ് പോകുന്ന അനുഭവമാണ് പടം ബാക്കി വെക്കുന്നത്.

രജിനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണെ ദഗ്ഗുബട്ടി എന്നിങ്ങനെ വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള ഓൺസാമ്പ്ൾ കാസ്റ്റുണ്ടായിട്ടും വേട്ടൈയ്യാൻ ഒരു ശരാശരി മൂവിയ്ക്കപ്പുറം ഉയരാതെ പോകുന്നതിൻ്റെ മുഖ്യകാരണം തിരക്കഥയുടെ ദൗർബല്യങ്ങൾ തന്നെയാണ്. തരക്കേടില്ലാത്ത ഫസ്റ്റ് ഹാഫിനും ഇൻ്റർവെല്ലിനും ശേഷം മുടന്തിയും ഏന്തി വലിഞ്ഞും നീങ്ങുന്ന രണ്ടാം പകുതി ഒരു പഞ്ചുമില്ലാത്ത ക്ലൈമാക്സിൽ ചെന്നവസാനിക്കുമ്പോൾ പടം തീർന്നു കിട്ടിയല്ലോ എന്ന് സമാധാനിക്കേണ്ട ദുരവസ്ഥയിലെത്തിപ്പോകുകയാണ് പ്രേക്ഷകൻ.

'വേട്ടൈയ്യൻ'Review : എൻകൗണ്ടർ  കൊലകളോടുള്ള നിലപാടും ജയിലറിന് ശേഷമുള്ള രജിനിയും
വിജയ് ചിത്രം ​ഗോട്ട് ഫൈനൽ കേരള കളക്ഷനെ പിന്നിലാക്കിയോ വേട്ടയ്യൻ,ബോക്സ് ഓഫീസിൽ നിന്ന് നേടിയ കളക്ഷൻ

എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ അതീയൻ ഐപിഎസ്സിനെയും (രജിനികാന്ത്) അയാളുടെ നിഷ്ഠൂരമായ ഓപ്പറേഷനുകളെയും പരിചയപ്പെടുത്തിക്കൊണ്ടാണ് പടം ഓപ്പണാവുന്നത്. നിയമ സംവിധാനങ്ങളിലെ പിഴവുകളെ പ്രയോജനപ്പെടുത്തിയും അഴിമതിയിലൂടെയും കുറ്റവാളികൾ ആത്യന്തികമായി രക്ഷപ്പെടുന്നതിൽ ഖിന്നനായ അതീയൻ, അത് തടയാൻ സ്വയം പൊലീസും കോടതിയുമായി അവതരിക്കുകയാണ്. തലൈവർ പടങ്ങളുടെ പതിവ് സ്റ്റൈലിൽ എല്ലാ ക്രിമിനൽ ഗുണ്ടകളെയും ഒറ്റയ്ക്ക് വേട്ടയാടിപ്പിടിച്ച്, മുഖ്യ കുറ്റവാളിയെ കൊന്നുകളയുകയും ഏറ്റുമുട്ടൽക്കൊലയെന്ന് കോടതിയിൽ റിപ്പോർട്ടു ചെയ്യുകയുമാണ് അതീയൻ്റെ രീതി. ബാറ്ററി എന്ന് വിളിപ്പേരുള്ള, ടെക്കി ടേൺഡ് കള്ളൻ ആയ, പാട്രിക്കിൻ്റെ (ഫഹദ് ഫാസിൽ )സൈബർ സഹായം അയാളുടെ ഓപ്പറേഷനുകളിൽ നിർണായകമാണ്. ഇരുവരും തമ്മിലുള്ള കോമ്പോ രസകരമായും എഫക്റ്റീവായും തിരക്കഥയിൽ വികസിപ്പിച്ചിട്ടുണ്ട്. അതീയൻ്റെ കമാൻഡും/രജിനികാന്തിന്റെ സൂപ്പർ ഹീറോയിസവും ഒരു വശത്തും ബാറ്ററിയുടെ നിഷ്കളങ്കതയും റോമിയോ പ്രകൃതവും നർമബോധവും/ഫഹദിൻ്റെ സ്ക്രീൻ അപ്പിയറൻസും മറുവശത്തുമായി നല്ല ബാലൻസിങ്ങുള്ള കോമ്പിനേഷനായി അത് വർക്ക് ചെയ്യുന്നു. ആദ്യ ഭാഗത്ത് രജിനിയുടെ എതിരാളിയായി വരുന്ന സാബുമോൻ അബ്ദുസ്സമദ്, ടിപ്പിക്കൽ തമിഴ് സിനിമാ ഗുണ്ടയുടെ ലുക്കിൽ കയ്യടി നേടുന്നുണ്ട്.

ഇടവേളയോളം എൻകൗണ്ടർ കില്ലിങ്ങിനെ പ്രമോട്ട് ചെയ്ത് മുന്നേറുന്ന സിനിമ, അതിനിടയിൽ സംഭവിക്കുന്ന പ്രവചനാത്കമായ ട്വിസ്റ്റിനെ തുടർന്ന് കൈക്കൊള്ളുന്ന യൂ ടേണും അതിലുൾപ്പെടെ പറയുന്ന രാഷ്ട്രീയവുമാണ് വേട്ടൈയ്യാൻ്റെ തിരക്കഥയിലെ ഏറ്റവും മികവുള്ള ഘടകം. പ്രഡിക്റ്റബിൾ ആണെങ്കിൽപ്പോലും ആ ട്വിസ്റ്റിൽ പകച്ചുപോകുന്ന നായകൻ സൂപ്പർ ഹീറോയിൽ നിന്ന്, പരാജിതനായ മനുഷ്യനായി ഡൗൺഗ്രേയ്ഡ് ചെയ്യപ്പെടുന്ന നിമിഷത്തിലുള്ള ഇൻ്റർവെൽ ബ്ലോക്കിന് നല്ല ഇംപാക്റ്റുണ്ടായിരുന്നു.

എൻകൗണ്ടർ കൊലപാതകങ്ങളല്ല, ജുഡീഷ്യൽ വിധിനിർണയങ്ങൾ തന്നെയാണ് അഭികാമ്യം എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താനാണ് പടത്തിൻ്റെ രണ്ടാം പകുതിയിൽ ജ്ഞാനവേൽ ശ്രമിക്കുന്നത്. അതുവരേ എൻകൗണ്ടർ ഹീറോയിസം സാങ്കേതികത്തികവോടെ അവതരിപ്പിച്ച്, മനുഷ്യാവകാശ പ്രവർത്തകരെപ്പോലും തള്ളിപ്പറഞ്ഞ്, പ്രേക്ഷകനെ ആ വഴിയ്ക്ക് ക്രൂരരസത്തിൽ കൂടെക്കൂട്ടിയ ശേഷം, ഇതല്ല ശരിയായ വഴി എന്ന് തിരുത്തുന്ന തരത്തിൽ ഷിഫ്റ്റ് ചെയ്യുന്ന തിരക്കഥയുടെ ക്രാഫ്റ്റ്, മികവുറ്റതാണ്. (ഏതാണ്ട് ഇതേ പാറ്റേണിൽ രണ്ടു വർഷം മുമ്പ് വന്ന മലയാള സിനിമ ‘ജനഗണമന’യുടെ ഇൻസ്പിറേഷൻ ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാവാം). അമിതാഭ് ബച്ചൻ്റെ കഥാപാത്രത്തിൻ്റെ (റിട്ടയേഡ് ജസ്റ്റിസ്/ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശക്കമ്മീഷൻ അംഗം) ഇടപെടലുകളിലൂടെ ആണ് ഈ ഷിഫ്റ്റ് നടത്തിയെടുക്കുന്നത്. രജ്നി/അമിതാഭ് ദ്വന്ദ്വത്തിൻ്റെ ഡ്യുവലിലേക്കും കോമ്പിനേഷനിലേക്കും ആ പോയൻ്റിൽ പടം വികസിപ്പിച്ചെടുത്തിരുന്നെങ്കിൽ 'വേട്ടൈയ്യാൻ്റെ’ ഗ്രാഫ് വേറൊരു ലെവലിലേക്ക് കുതിച്ചുയരുമായിരുന്നു. പക്ഷേ ഈ വെറ്ററൻ പിരീഡിൽ ഇരു പാനിൻഡ്യൻ സൂപ്പർ സ്റ്റാറുകളും അത്യപൂർവമായി നേർക്കുനേർ വരുന്നതിൻ്റെ സിനിമാറ്റിക് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് പകരം രജ്നിയുടെ മേൽക്കൈ നഷ്ടമാകാതെ നോക്കാനാണ് ജ്ഞാനവേൽ ശ്രദ്ധിച്ചത്. കഥയിൽ ഏറെ സിഗ്‌നിഫിക്കൻ്റ് ആയിരുന്നിട്ടും കാരക്റ്ററിന് ഡെപ്തില്ലാത്തതിനാൽ അമിതാഭിൻ്റെ കഥാപാത്രം തീർത്തും നിർവീര്യമായിപ്പോയി.

രണ്ട് രാഷ്ട്രീയ സംവാദങ്ങൾ കൂടി ഉന്നയിക്കുവാൻ രണ്ടാം പകുതിയിൽ ജ്ഞാനവേൽ ഉദ്യമിക്കുന്നുണ്ട്. നീറ്റ്/ ജെഇഇ കോച്ചിങ് ലോബിയുടെ വിവേചനത്തിനിരയാവുന്ന സാധാരണക്കാരുടെ പക്ഷത്ത് നിന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ഉയർത്തിക്കൊണ്ടുവന്ന പ്രതിരോധവും (സ്റ്റാലിൻ നീറ്റിന് തന്നെ എതിരാണ്) ചേരിപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന അവർണരെക്കുറിച്ച് വരേണ്യ സമൂഹം പുലർത്തുന്ന മുൻവിധികൾക്കെതിരായ ദ്രാവിഡ രാഷ്ട്രീയവും വേട്ടൈയ്യാൻ ഏറ്റെടുക്കുന്നുണ്ട്. 'മനസ്സിലായോ' ഗാനരംഗത്ത് മഫ്ത ധരിച്ച് ഡാൻസ് ചെയ്യുന്ന മുസ്ലിം സ്ത്രീകളും ചില ചോദ്യങ്ങളുയർത്തുന്നു. ഫെഡറലിസത്തിൻ്റെ പ്രാധാന്യം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്ത് യൂണിയൻ ഗവൺമെൻ്റ് എന്ന് രാഷ്ട്രീയ കൃത്യതയോടെ മെൻഷൻ ചെയ്യുന്നതും കേട്ടു.

സൂക്ഷ്മ രാഷ്ട്രീയത്തിൻ്റെ കരുത്ത് പ്രകടമാകുമ്പോൾ തന്നെ സിനിമയുടെ സ്ഥൂല ശരീരം തീർത്തും ദുർബലമാണ്. ഹാഫ് ബേയ്ക്ക്ഡായ സ്ക്രിപ്റ്റ്, പ്രത്യേകിച്ച് സെക്കൻ്റ് പിരീഡിൽ, ഒരു തരത്തിലും പ്രേക്ഷകനോട് കണക്റ്റ് ചെയ്യുന്നില്ല. കോർപറേറ്റ് മാഫിയയുടെ പലവിധ ക്രൈമുകളും, പൊലീസും മനുഷ്യാവകാശ പ്രവർത്തകരും ജുഡീഷ്യറിയും നടത്തുന്ന ഇൻവെസ്റ്റിഗേഷനുകളും രാഷ്ട്രീയവും കൂട്ടിക്കലർത്തി നീട്ടിപ്പരത്തിപ്പറയുകയാണ് ജ്ഞാനവേൽ. തുടക്കത്തിലുണ്ടായിരുന്ന താളം ഇൻ്റർവെല്ലോടെ നഷ്ടമാകുകയും

കണ്ടുമടുത്തതും ഫുള്ളി പ്രഡിക്റ്റബിളും ഒട്ടും ജീവനില്ലാത്തതുമായ അവതരണം ഡ്രാഗ് ചെയ്ത് മടുപ്പിക്കുകയും ചെയ്യുന്നതോടെ പടം താഴോട്ട് പതിക്കുകയാണ്. അടിമുടി പ്രഡിക്റ്റബിളും ഡ്രാഗിങ്ങുമാണ് കഥാഗതി. പടത്തിൽ നായകൻ്റെ സൈഡിലുള്ള രണ്ട് കഥാപാത്രങ്ങൾ കൊല്ലപ്പെടുന്നുണ്ട്. അവരെ കുറച്ചുനേരം കണ്ട് കഴിയുമ്പോൾ തന്നെ പ്രേക്ഷകനറിയാം, ഇവർ ഡെത്ത് സ്റ്റാറുകളാണെന്ന്! ഒരു പ്രധാന കഥാപാത്രം പടത്തിൻ്റെ തുടക്കത്തിൽ കുട്ടികൾ പഠിക്കാനുപയോഗിക്കുന്ന ടാബ്‌ലറ്റുകളിൽ ഡിഫെക്റ്റ് കണ്ടെത്തുന്നുണ്ട്. അപ്പോളേ പ്രേക്ഷകനറിയാം, പടത്തിലെ മുഖ്യ വില്ലൻ ആരായിരിക്കുമെന്ന്. ഇതാണ് സ്ഥിതി!

തിരക്കഥ ദുർബലമായതിനാൽ നായകൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിൽ ഒന്നിനും വലിയ ഇംപാക്റ്റ് സൃഷ്ടിക്കുവാൻ സാധിക്കുന്നില്ല. അഭിനേതാക്കളുടെ പ്രകടനങ്ങളിലും ഈ പ്രശ്നങ്ങൾ ആവർത്തിക്കുന്നു. സ്വയം അനുകരിച്ച് പിടിച്ചു നിൽക്കാൻ പണിപ്പെടുന്ന രജ്നി,തൻ്റെ പ്രതാപകാലത്തിൻ്റെ നിഴൽ മാത്രമായി മാറി. രജ്നിയ്ക്ക് മാസ് ആക്ഷൻ വഴങ്ങുന്നില്ലെന്നല്ല. ആദ്യ പകുതിയിൽ പടത്തിൻ്റെ ടെമ്പോയും അദ്ദേഹത്തിൻ്റെ സ്റ്റൈലും ഒരുവിധം ചേർന്ന് പോകുന്നുണ്ട്. പക്ഷേ പടത്തിൻ്റെ താളം നഷ്ടമാകുന്നതോടെ എയ്ജീയിങ് ആകുന്ന രജ്നിയെയും തെളിഞ്ഞു കാണാം. ഫൈറ്റ് സീക്വൻസുകളിൽ മമ്മൂട്ടിയ്ക്കും രജ്നിയ്ക്കുമൊക്കെ വേണ്ടി പ്രത്യേകം തയാർ ചെയ്യപ്പെട്ട ‘റോബോട്ടിക് സ്റ്റണ്ടു’കൾ എടുത്ത് പയറ്റിയ അൻപറിവിനോടുള്ള നന്ദി കൂട്ടത്തിൽ രേഖപ്പെടുത്താവുന്നതാണ്.

അമിതാഭ് ബച്ചനിൽ പ്രായാധിക്യത്തിൻ്റെ പരിമിതി പ്രകടമാണ്. ‘മനസ്സിലായോ’ സോങ് സീനിൽ ഡൈനാമിക് ആയി പെർഫോം ചെയ്ത മഞ്ജു വാര്യർക്ക് പടത്തിൽ പക്ഷേ കാര്യമായി ചെയ്യാനുണ്ടായിരുന്നില്ല. ഷെഖാവത്തിനോടോ മാമണ്ണനോടോ താരതമ്യം പോലുമില്ലാത്ത ലൈറ്റ് കാരക്റ്ററാണ് ഫഹദ് ഫാസിലിന് ലഭിച്ചത്. ഉടനീളമുള്ള വൺ ലൈനർ കൗണ്ടറുകളിലൂടെയും റോമിയോ ഇമേജിലൂടെയും അനായാസ പ്രകടനത്തിലൂടെയും പ്രേക്ഷകനെ രസിപ്പിക്കുന്ന കഥാപാത്രമായി പടത്തിൽ അത് പിടിച്ചുനില്ക്കുന്നുണ്ട്. എങ്കിലും, ഒരു നാഷനൽ ആക്റ്റർ ആയി എമേർജ് ചെയ്ത് വരുന്ന ഘട്ടത്തിൽ ഈയൊരു വിവേക് മോഡിലേക്ക് അദ്ദേഹം ചുരുങ്ങേണ്ടതില്ലായിരുന്നു എന്ന് പറയാതെ വയ്യ. പേർസണലി, അമിതാഭിനെയും രജ്നിയെയും പോലുള്ള ഓൾ ടൈം ജയൻ്റുകളോട് സ്ക്രീൻ ഷെയർ ചെയ്യാൻ ലഭിക്കുന്ന വിലയേറിയ അവസരം എന്ന നിലയ്ക്കാവും ഒരു പക്ഷേ ഫഹദ് കണ്ടിട്ടുണ്ടാകുക. റാണ, ‘ബാഹുബലി’യുടെ ബ്രഹ്മാണ്ഡ കാൻവാസിൻ്റെ പുറത്ത് ഒരു വർത്ത് മെൻഷൻ ആക്റ്റ്റായി ഇനിയും എസ്റ്റാബ്ലിഷ് ചെയ്തിട്ടില്ല; വേട്ടയ്യനിലും തഥൈവെ ! ‘ജയിലർ’ പാറ്റേണിൽ അലൻസിയർ ഉൾപ്പെടെ കൂടുതൽ മലയാളം, തെലുങ്ക് ആക്റ്റേർസിനെ നോമിനലായി ഉൾപ്പെടുത്തിയതും ‘മനസ്സിലായോ’ പാട്ട് പോലുള്ള സൂത്രങ്ങളും കേരള, ആന്ധ്ര ബോക്സോഫീസുകളെ ആകർഷിക്കാനുള്ള എളുപ്പപ്പണിയുടെ ഭാഗമായും കാണാം.

അനിരുദ്ധിൻ്റെ സ്കോർ തീർത്തും നിരാശപ്പെടുത്തി. എസ് ആർ കതിറിൻ്റെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. ഒരു കഥാപാത്രത്തെ ബ്രൂട്ടലായി കൊന്നു തള്ളുന്ന സീനിൽ, പ്രത്യേകിച്ച് അവരുടെ തല്ക്ക് ഇരുമ്പ് കൊണ്ട് അടിയേൽക്കുന്നിടത്തൊക്കെ, എഡിറ്റിങ് പക്കാ ആയിരുന്നു. പക്ഷേ പടത്തിൻ്റെ ഓവറോൾ വർക്കിനിടയിൽ എഡിറ്റർ ഫിലോമിൻ രാജ് ഉറങ്ങിപ്പോയെന്ന് സംശയിപ്പിക്കും, സെക്കൻ്റ് പിരീഡ് !

ചർച്ച ചെയ്യുന്ന രാഷ്ട്രീയത്തിൻ്റെ പ്രസക്തിയും രജ്നി ഫാക്റ്ററും മറ്റും മുൻനിർത്തി, വൺ ടൈം വാച്ചിനുള്ള വക ‘വേട്ടയ്യാൻ’ അവശേഷിപ്പിക്കുന്നുവെന്ന് ലാസ്റ്റ് വേഡ്.

Related Stories

No stories found.
logo
The Cue
www.thecue.in