ചൂഷണ ദേശങ്ങളിലേക്കുള്ള സിനിമാ സഞ്ചാരങ്ങള്‍ അഥവാ വാഴൈയുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍

ചൂഷണ ദേശങ്ങളിലേക്കുള്ള സിനിമാ സഞ്ചാരങ്ങള്‍ അഥവാ വാഴൈയുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍
Published on

സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ആവിഷ്‌കാരങ്ങളിലൊന്നാണ് മാരി സെല്‍വരാജിന്റെ വാഴൈ. ആത്മകഥാപരമായ സിനിമ എന്ന പ്രഖ്യാപനത്തോടെയാണ് മാരി സെല്‍വരാജ് വാഴൈ ആരംഭിക്കുന്നത്. അതേസമയം അദ്ധ്വാനം, കൂലി, മുതലാളിത്തചൂഷണം, തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം തുടങ്ങിയ ഗൗരവതരമായ പ്രമേയങ്ങളാണ് സിനിമയുടെ കേന്ദ്രം. കൂലി ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായി വര്‍ധിപ്പിക്കുന്നതിന് വേണ്ടി സംഘടിക്കുന്ന തൊഴിലാളികളെ സിനിമയുടെ ആദ്യഭാഗത്ത് തന്നെ കാണാം. സിനിമയിലെ മുഖ്യകഥാപാത്രമായ ശിവനേന്ദന്റെ മരിച്ചുപോയ അച്ഛന്റെ ട്രങ്ക് പെട്ടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ ഒരു ബാഡ്ജ് കാണിച്ചുകൊണ്ട് ഈ സിനിമയുടെ രാഷ്ട്രീയപക്ഷം മാരി സെല്‍വരാജ് അതിനും മുന്‍പ് വെളിപ്പെടുത്തുന്നുമുണ്ട്.

ചൂഷണ ദേശങ്ങളിലേക്കുള്ള സിനിമാ സഞ്ചാരങ്ങള്‍ അഥവാ വാഴൈയുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍
ദുരിത ജീവിതത്തിന്റെ അതിരുകള്‍ താണ്ടി; വാഴൈയിലെ കുട്ടിത്തവും മനുഷ്യത്വവും

തമിഴ്‌നാട്ടില്‍ വാഴകൃഷിക്ക് പേരുകേട്ട തൂത്തുക്കുടിയാണ് മാരി സെല്‍വരാജിന്റെ ജന്മദേശം. ശിവനനേന്ദനെയും അവന്റെ കൂട്ടുകാരന്‍ ശേഖറിനെയും പോലെ വാഴക്കുല ചുമക്കുന്ന തൊഴിലെടുക്കാന്‍ നിര്‍ബന്ധിതമായ ഒരു കുട്ടിക്കാലം മാരി സെല്‍വരാജിനുമുണ്ട്. ശിവനേന്ദന്റെ അമ്മയും സഹോദരിയുമെല്ലാം അതേ ജോലി ചെയ്യുന്നവരാണ്. അഡ്വാന്‍സ് വാങ്ങിയ പണത്തിന് പകരമായി അവധി ദിവസങ്ങളില്‍ വാഴക്കുല ചുമക്കുന്ന ജോലിക്ക് പോകാന്‍ അമ്മ ശിവനേന്ദനെയും നിര്‍ബന്ധിക്കുന്നുണ്ട് സിനിമയില്‍. ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന അവനെ സംബന്ധിച്ചാവട്ടെ ആ ജോലി അതീവ ദുസ്സഹമായ ഒരു അനുഭവമാണ്. ഗ്രാമത്തില്‍ ഒരാള്‍ മരിക്കുന്ന ദിവസം ജോലിയില്‍ നിന്ന് അവധി ലഭിക്കുന്നത് ശിവനേന്ദനും ശേഖറും നന്നായി ആഘോഷിക്കുന്നത് കാണാം. വാഴൈയിലെ കുട്ടികളെ സംബന്ധിച്ച് സ്‌കൂളും പ്രവൃത്തി ദിവസങ്ങളുമല്ല, അവധി ദിവസങ്ങളും വാഴക്കുല ചുമക്കുന്ന ജോലിയുമാണ് പേടിസ്വപ്നമാവുന്നത്. രജിനികാന്ത് ആരാധകനായ ശിവനേന്ദനും കമല്‍ഹാസന്‍ ആരാധകനായ ശേഖറും തമ്മിലുള്ള ചെറിയ ചെറിയ വഴക്കുകളും, പൂങ്കൊടി ടീച്ചറോടുള്ള ശിവനേന്ദന്റെ സ്‌നേഹവും എല്ലാം ചേരുന്ന സ്‌കൂള്‍ അന്തരീക്ഷം എല്ലാ അര്‍ത്ഥത്തിലും അവര്‍ക്ക് ആശ്വാസമാവുകയാണ് ചെയ്യുന്നത്. തൊഴിലിടവും ബാലവേലയുമാണ് അവരുടെ ജീവിതം കഠിനമാക്കുന്നത് എന്ന് ചുരുക്കം. ദാരിദ്യവും ബാലവേലയുമായുള്ള ബന്ധം പോലെ തന്നെ ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ ബാലവേലയും കൃഷിയും തമ്മിലും വേര്‍തിരിച്ചെടുക്കാനാവാത്ത ബന്ധമുണ്ട്. പഠനങ്ങള്‍ പറയുന്നത് ഇന്ത്യയിലെ ബാലവേലയില്‍ പകുതിയോളം നടക്കുന്നത് കാര്‍ഷികമേഖലയിലാണ് എന്നാണ്. കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന മുതലാളിത്തം കുട്ടികളുടെ ജീവിതം ദുസ്സഹമാക്കുന്നതെങ്ങനെ എന്നതുകൂടിയാണ് വാഴൈ ചര്‍ച്ചചെയ്യുന്ന മുഖ്യപ്രമേയങ്ങളിലൊന്ന്. കുട്ടികളുടെ സിനിമകളിലും (സാഹിത്യത്തിലും) പലപ്പോഴും കാണാറുള്ള, സാമൂഹിക ജീവിതത്തിന്റെ മൂര്‍ത്തയാഥാര്‍ത്ഥ്യങ്ങള്‍ ഒട്ടുമേ ബാധിക്കാത്ത, മുതിര്‍ന്ന മനുഷ്യന്റെ ഒരു മിനിയേച്ചര്‍ രൂപമല്ല വാഴൈയിലെ കുട്ടികള്‍. അവര്‍ ചൂഷണം നിറഞ്ഞ ലോകത്തിന്റെ സങ്കീര്‍ണതകളിലൂടെ ദൈനംദിനം കടന്നുപോകുന്നവരാണ്. അതേസമയം കുട്ടികളുടെ ലോകം മാത്രമല്ല വാഴൈ. അതോടൊപ്പം തന്നെ തൊഴിലാളികളുടെ ദൈനംദിന സംഘര്‍ഷങ്ങളും അതിനോടുള്ള അവരുടെ ചെറുത്തു നില്‍പ്പുകളും വാഴൈയില്‍ കാണാം. ശിവനേന്ദന്റെ സഹോദരി വേമ്പുവിന്റെ കാമുകന്‍ കൂടിയായ കനിയാണ് തൊഴിലാളി സമരത്തിനായി മറ്റുള്ളവരെ സംഘടിപ്പിക്കുന്നത്. പല സന്ദര്‍ഭങ്ങളിലും സ്വന്തം ജീവിതത്തെ പ്രതിസന്ധിയിലാക്കിക്കൊണ്ടുപോലും മറ്റുള്ളവര്‍ക്ക് വേണ്ടി നിലക്കൊള്ളുന്ന കനിക്ക് ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ അനേകം രാഷ്ട്രീയമനുഷ്യരുടെ ഛായയുണ്ട്. ശിവനേന്ദന്റെ അച്ഛനും തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമായതുകൊണ്ട് കൊല്ലപ്പെട്ട ഒരാളാണ് എന്ന സൂചന സിനിമ നല്‍കുന്നുണ്ട്. കൂലി വര്‍ധിപ്പിക്കാനുള്ള തൊഴിലാളികളുടെ സമരം ആദ്യം വിജയിക്കുന്നുണ്ടെങ്കിലും ചൂഷണം പല വിധത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്. കനിയും വേമ്പുവും ശേഖറും ഉള്‍പ്പെടെ പത്തൊന്‍പതു പേരുടെ മരണത്തിനിടയാക്കുന്ന ലോറിയപകടം സൃഷ്ടിക്കുന്നതും അതേ ചൂഷണമാണ് എന്ന് സിനിമ സംശയങ്ങളേതുമില്ലാതെ പറഞ്ഞുവയ്ക്കുന്നുണ്ട്.

ചൂഷണ ദേശങ്ങളിലേക്കുള്ള സിനിമാ സഞ്ചാരങ്ങള്‍ അഥവാ വാഴൈയുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍
'വാഴൈ'; തൊലിപ്പുറത്ത് നട്ട വാഴയല്ല, മണ്ണിൻ്റെയും മനുഷ്യൻ്റെയും ഹൃദയത്തിൽ വേരാഴ്ന്നത്

പലതരം സ്‌നേഹങ്ങളാണ് വാഴൈയെ മനോഹരമാക്കുന്ന മറ്റൊരു ഘടകം. ശിവനേന്ദന് അധ്യാപികയായ പൂങ്കൊടിയോടുള്ള സ്‌നേഹമാണ് വാഴൈയിലെ പ്രധാന സ്‌നേഹങ്ങളിലൊന്ന്. ജി.പി. രാമചന്ദ്രന്‍ ദി ക്യൂവില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്ന പോലെ, നൂറെ ബില്‍ഗെ ജൈലാന്റെ എബൗട്ട് ഡ്രൈ ഗ്രാസസിലും മറ്റും കണ്ടിട്ടുള്ള, തൊഴിലിന്റെ കീഴ് വഴക്കങ്ങളെ അതിലംഘിക്കുന്ന സ്‌നേഹമാണിത്. എബൗട്ട് ഡ്രൈ ഗ്രാസസിലെ സാമെറ്റിനും സെവിമിനും ഇടയില്‍ സംഭവിക്കുന്ന സ്‌നേഹം പോലെ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിലെ പരമ്പരാഗത അനുശീലനങ്ങള്‍ ഇവിടെയും അട്ടിമറിക്കപ്പെടുന്നതു കാണാം. പൂങ്കൊടി ടീച്ചറിന്റെ തൂവാല വരാന്തയില്‍ വീണുപോകുമ്പോള്‍ ശിവനേന്ദന്‍ അതെടുത്ത് സൂക്ഷിക്കുന്നുണ്ട്. പിന്നീട് പൂങ്കൊടി ടീച്ചര്‍ക്ക് അത് തിരിച്ചേല്‍പ്പിക്കുന്നതുവരെ അവന്റെ സ്‌നേഹത്തെ ദൃശ്യപ്പെടുത്തുന്ന മനോഹരമായ ഒരു ബിംബമാവുന്നുണ്ട് ആ തൂവാല. നെല്ലുകുത്താന്‍ പൂങ്കൊടി ടീച്ചര്‍ക്കൊപ്പം പോകുമ്പോഴും, ടീച്ചറുടെ അഴകിനെ പറ്റി അവരോട് പലതവണ പറയുമ്പോഴുമെല്ലാം ആ സ്‌നേഹത്തിന്റെ മനോഹാരിതയെ വെളിച്ചപ്പെടുത്തുന്ന പല ദൃശ്യങ്ങളും മാരി സെല്‍വരാജ് ഉപയോഗിക്കുന്നുണ്ട്. സിനിമയിലെ മറ്റൊരു സ്‌നേഹം വേമ്പുവും കനിയും തമ്മിലുള്ള സ്‌നേഹമാണ്- മരണത്തിലും ഒരുമിച്ചാകുന്ന (ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി മരിക്കുന്ന) സ്‌നേഹമാണത്. തൂവാല പോലെ മനോഹരമായ ഒരു ബിംബം ആ സ്‌നേഹത്തിലും മാരി സെല്‍വരാജ് ഉപയോഗിക്കുന്നുണ്ട്- ശിവനേന്ദന്റെ കൈവശം അവള്‍ കനിക്കായി കൊടുത്തയയ്ക്കുന്ന മൈലാഞ്ചിയാണ് അത്. ഉടുപ്പ് തുന്നിക്കൊടുക്കുന്നതിന് പകരമായി ശിവനേന്ദനും ശേഖറും പൂങ്കൊടി ടീച്ചര്‍ക്ക് കൊടുക്കുന്നതും മൈലാഞ്ചിയാണ്. മരണത്തെയും അതിലംഘിക്കുന്ന സ്നേഹമാണ് ശിവനേന്ദന്റെ അമ്മയ്ക്ക് മരിച്ചുപോയ ഭര്‍ത്താവിനോടുള്ളത്. ട്രങ്ക് പെട്ടി പോലെ അയാളുടെ രാഷ്ട്രീയജീവിതത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഘടകം ആ സ്ത്രീയുടെ ഓര്‍മ്മയാണ്. കയ്യില്‍ പച്ചകുത്തിയ അരിവാള്‍ ചുറ്റിക മാത്രമാണ് ഭര്‍ത്താവ് അവശേഷിപ്പിച്ചു പോയത് എന്ന് മകളോട് പറയുന്നുണ്ട് ഒരവസരത്തില്‍ അവര്‍. നിരന്തരം അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങള്‍ക്കും ദുരിതജീവിതത്തിനും ഇടയില്‍ ഭര്‍ത്താവിന്റെ ഓര്‍മ്മ അവര്‍ക്ക് ബലമായിത്തീരുന്നത് പല സന്ദര്‍ഭങ്ങളിലും കാണാനാവുന്നുമുണ്ട്. ആ നിലയില്‍ അതൊരു രാഷ്ട്രീയമൂല്യമുള്ള സ്നേഹമാണ്.വഴക്കുകളും സാഹസികതകളും തമാശകളും എല്ലാം നിറഞ്ഞ സ്‌നേഹമാണ് ശിവനേന്ദനും ശേഖറും തമ്മിലുള്ളത്. ശിവനേന്ദന്റെ ജീവിതത്തെ കൂടുതല്‍ സാര്‍ഥകമാകുന്നത് ആ സൗഹൃദമാണ്. ലോറി അപകടത്തില്‍ നിന്ന് ശിവനേന്ദനെ രക്ഷപ്പെടുത്തുന്നത് ഒരര്‍ത്ഥത്തില്‍ ശേഖറിന് ശിവനേന്ദനോടുള്ള സ്‌നേഹം കൂടിയാണ്. ലോറിയില്‍ നിന്നിറങ്ങി ഡാന്‍സ് പരിശീലനത്തിന് സ്‌കൂളിലേക്ക് പോകാന്‍ അവനെ നിര്‍ബന്ധിക്കുന്നതു ശേഖറാണ്. ഡാന്‍സ് പരിശീലിപ്പിക്കുന്ന പൂങ്കൊടി ടീച്ചറോടുള്ള ശിവനേന്ദന്റെ സ്നേഹവും, അവരോടൊപ്പം സമയം ചിലവഴിക്കാനുള്ള അവന്റെ ആഗ്രഹവും ഏറ്റവും ഹൃദ്യമായി മനസ്സിലാക്കുന്നത് കൊണ്ടാണ് ജോലിയില്‍ നിന്ന് അവധിയെടുത്ത് സ്‌കൂളിലേക്ക് പോകാന്‍ ശേഖര്‍ അവനെ നിര്‍ബന്ധിക്കുന്നത്. പൂങ്കൊടി ടീച്ചറിനു തുന്നല്‍ അറിയാം എന്ന് മനസ്സിലാക്കുന്ന അവസരത്തില്‍, അവരോട് സംസാരിക്കാന്‍ ശിവനേന്ദന് അവസരം ഒരുക്കിക്കൊടുക്കാന്‍ വേണ്ടി കൂട്ടുകാരന്റെ ഷര്‍ട്ട് കീറി സാഹസികത കാണിക്കുന്നുണ്ട് ശേഖര്‍. അതിന്റെ പേരില്‍ ശിവനേന്ദന്റെ അടി കൊള്ളുകയും സ്വന്തം ഷര്‍ട്ട് അവന് ഊരിക്കൊടുക്കേണ്ടി വരികയും ചെയ്യുമ്പോഴും പരിഭവങ്ങളേതുമില്ലാതെ ശേഖര്‍ കൂട്ടുകാരന്റെ കൂടെ നില്‍ക്കുന്നുണ്ട്. ശിവനേന്ദന് കനിയോടുള്ള സ്‌നേഹമാവട്ടെ കുറേക്കൂടി വ്യതസ്തമാണ്. ആ സ്‌നേഹത്തിന്റെ കാരണമായി അവന്‍ പറയുന്നത്, കനി തന്റെ അച്ഛനെപ്പോലെയാണ് സംസാരിക്കുന്നത് എന്നതാണ്. വേമ്പു കൊടുത്തയയ്ക്കുന്ന മൈലാഞ്ചിക്കൊപ്പം അച്ഛന്‍ ട്രങ്ക് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ ലോഹബാഡ്ജും അവന്‍ കനിക്ക് കൊടുക്കുന്നുണ്ട്. കേവലസ്‌നേഹത്തിനുമപ്പുറം രാഷ്ട്രീയാഭിമുഖ്യമുള്ള ഒരു സ്‌നേഹമായി അത് വികസിക്കുന്നതു കാണാം. വേമ്പുവിന് അനുജനോടുള്ള സ്‌നേഹവും പരാമര്‍ശിക്കപ്പെടേണ്ട ഒന്നാണ്. അവന്‍ കുട്ടിയാണെന്നും, വാഴത്തോട്ടത്തിലെ ജോലി അവനെ ഭയപ്പെടുത്തുന്നുണ്ടെന്നും ഏറ്റവും നന്നായി മനസ്സിലാക്കുന്ന ഒരാള്‍ അവളാണ്. അമ്മ അറിയാതെ ഡാന്‍സ് പരിശീലനത്തിന് പോകാന്‍ അനിയനെ അനുവദിക്കുമ്പോഴും, ഡാന്‍സിന്റെ പാട്ടേതാണെന്ന് അവനോട് തിരക്കുമ്പോഴുമെല്ലാം തനിക്ക് നഷ്ടപ്പെട്ട ഒരു ലോകം കൂടി അവനില്‍ വേമ്പു കാണുന്നുണ്ടാവണം.

ചൂഷണ ദേശങ്ങളിലേക്കുള്ള സിനിമാ സഞ്ചാരങ്ങള്‍ അഥവാ വാഴൈയുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍
ബോക്സ് ഓഫിസിലും അതിശയമായി മാരി സെൽവരാജ് ചിത്രം, 'വാഴൈ' യുടെ ആദ്യവാര കളക്‌ഷൻ

ഭക്ഷണം ഒരു പ്രധാനസൂചകമായി കടന്നുവരുന്നുണ്ട് വാഴൈയില്‍- ഒരര്‍ത്ഥത്തില്‍ സിനിമയുടെ പേരില്‍ത്തന്നെ അതുണ്ടല്ലോ. 'വാഴ' സിനിമയില്‍ ഒരു വ്യാപാരവസ്തു മാത്രമല്ല. വാഴപ്പഴം മോഷ്ടിച്ചു കഴിക്കുന്ന ശിവനേന്ദന് കടുത്ത ശിക്ഷയാണ് ഉടമയില്‍ നിന്ന് ലഭിക്കുന്നത്. അതേസമയത്ത് വേമ്പു വഴിയില്‍ കാണുന്ന പെണ്‍കുട്ടിക്ക് വാഴപ്പഴം കൊടുക്കുന്ന ഒരു സീനും സിനിമയില്‍ കാണാനാവുന്നുണ്ട്. ഭക്ഷണം മോഷ്ടിക്കുന്ന മറ്റൊരു കുട്ടിയെ ഓര്‍മ്മയിലേക്ക് പുനരാനയിക്കുന്നുണ്ട് ശിവനേന്ദന്‍ വാഴപ്പഴം മോഷ്ടിച്ചു കഴിക്കുന്ന വാഴൈയിലെ സീന്‍- സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗയെ. പഥേര്‍ പാഞ്ചാലിയില്‍ ഒരു സവിശേഷബിംബമായി റായ് ഭക്ഷണത്തെ ഉപയോഗിക്കുന്നുണ്ട്. പിഷി അമ്മൂമ്മ കൊതിയോടെ ഭക്ഷണം കഴിക്കുന്നത്, ദുര്‍ഗ്ഗക്ക് വേണ്ടി പിഷി ഭക്ഷണം ഒളിപ്പിക്കുന്നത് ദുര്‍ഗ്ഗക്ക് കൂട്ടുകാരി പാല്‍മിഠായി സമ്മാനിക്കുന്നത്, അപുവും ദുര്‍ഗ്ഗയും പുളി കട്ടെടുത്ത് കഴിക്കുന്നത്... അങ്ങനെ അനേകം ഭക്ഷണസന്ദര്‍ഭങ്ങളെ സത്യജിത് റായ് സിനിമയുടെ ഭാഗമാക്കുന്നുണ്ട്. ആവശ്യത്തിനുള്ള ഭക്ഷണം ആര്‍ക്കും ലഭിക്കാത്ത, ദാരിദ്ര്യത്തിന്റെ ദൈന്യത നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമജീവിതത്തിലേക്കാണ് ഈ സന്ദര്‍ഭങ്ങളിലൂടെ റായ് നോക്കുന്നത്. വാഴൈയിലും സമാനമായ അനേകം ഭക്ഷണസന്ദര്‍ഭങ്ങളുണ്ട്. ഭക്ഷണം കഴിക്കാതെ വിശന്ന് ജോലിക്കു പോകുന്ന ശിവനേന്ദന് അമ്മ ഒരു അധികപാത്രം ചോറ് കൊടുത്തുവിടുന്നുണ്ട്. കഴിക്കാന്‍ നേരത്ത് ശിവനേന്ദന്‍ ഇല്ലാത്തതിനാല്‍ ശേഖര്‍ ആ ചോറ് കനിക്ക് കൊടുക്കുകയും അത് പങ്കുവച്ചു കഴിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. അതേ സന്ദര്‍ഭത്തില്‍ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഒരു തൊഴിലാളിയെ കാണാനാവുന്നുണ്ട്. പൂങ്കൊടി കൊടുക്കുന്ന മിഠായി ശിവനേന്ദന്‍ കഴിക്കുന്നതും സിനിമയില്‍ കാണാം. ഒരു സ്‌നേഹോപഹാരമായാണ് പൂങ്കൊടി ആ മിഠായി ശിവനേന്ദന് കൊടുക്കുന്നത്-മിഠായി പൊതുവില്‍ അത്തരമൊരു സമ്മാനവസ്തുവാണല്ലോ. എന്നാല്‍ വിശപ്പിന്റെയും അതിദാരിദ്ര്യത്തിന്റെയും സന്ദര്‍ഭത്തില്‍ അതൊരു ഭക്ഷണപദാര്‍ത്ഥമായിത്തീരുകയാണ് ഇവിടെ. വാഴപ്പഴം മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട ഇടത്തുനിന്നും ഓടി വരുന്ന ശിവനേന്ദന്‍ വീടിന്റെ അടുക്കളയിലിരുന്ന് ചോറ് വാരിത്തിന്നുന്നുണ്ട്. സഹോദരി മരണപ്പെട്ടതറിഞ്ഞ് പൊട്ടിക്കരയുന്നതിന്റെ തൊട്ടടുത്ത നിമിഷത്തിലും അടുക്കളയില്‍ പോയി ചോറ് വാരിത്തിന്നുകയും അമ്മ അതു കാണുമ്പോള്‍ ഇറങ്ങിയോടുകയുമാണ് അവന്‍ ചെയ്യുന്നത്. ഒട്ടും പ്രൗഢമല്ലാത്ത മനുഷ്യരുടെ ജീവിതത്തിന്റെ ആവിഷ്‌കാരമാകയാല്‍ പ്രൗഢിയോ ആഢംബരമോ നിറഞ്ഞ ഭക്ഷണം സിനിമയില്‍ എവിടെയും കാണുന്നുമില്ല. ശിവനേന്ദന്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അടുക്കള എന്ന ഇടവും ഒരു മധ്യവര്‍ഗ ഭാവനയില്‍ തെളിയുന്ന അടുക്കളയല്ല-അത് തീന്‍മുറി കൂടിയാണ്. കര്‍ഷകസമൃദ്ധിയുടെയും ഭക്ഷ്യസമ്പത്തിന്റെയും കേന്ദ്രങ്ങളായ ഗ്രാമങ്ങളില്‍ സാമൂഹികമായും സാമ്പത്തികമായും അരികുവല്‍ക്കരിക്കപ്പട്ട മനുഷ്യര്‍ ജീവിക്കുന്ന ദൈന്യജീവിതത്തിലേക്കാണ് ഈ രംഗങ്ങളൊക്കെയും സഞ്ചരിച്ചെത്തുന്നത്.

പത്തൊന്‍പതുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തോടെയാണ് സിനിമ അവസാനിക്കുന്നത്. സിനിമയില്‍ ആവിഷ്‌കരിച്ചതിന് സമാനമായ ഒരപകടത്തില്‍ മാരി സെല്‍വരാജിന്റെ സഹോദരി ഉള്‍പ്പെടെ മരണപ്പെട്ടിട്ടുണ്ട്. മുതലാളിത്ത ചൂഷണത്തിന്റെ അനന്തരഫലമായി കൊല്ലപ്പെടുന്ന തൊഴിലാളികളാണ് സത്യത്തില്‍ ആ പത്തൊന്‍പതു പേരും. ഡാന്‍സ് പരിശീലനത്തിനു പോകുന്നതുകൊണ്ടു മാത്രമാണ് ശിവനേന്ദന്‍ ആ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. സിനിമയുടെ ആരംഭത്തില്‍ ശിവനേന്ദനും ശേഖറും ഒരു മരണവാര്‍ത്ത കേള്‍ക്കുന്നുണ്ട്. ശവസംസ്‌കാരത്തിന്റെ ഭാഗമായി നടക്കുന്ന ഡപ്പാന്‍കൂത്തിനിടെ അവരും ഡാന്‍സ് കളിക്കുന്നുണ്ട്. അന്നേദിവസം ജോലിയില്‍ നിന്ന് അവധി കിട്ടിയതിന്റെ ആനന്ദമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട ഒരു രൂപകമായി ഡാന്‍സ് ഈ രണ്ട് സന്ദര്‍ഭങ്ങളിലും സിനിമയിലുണ്ട്. മരണാനന്തര ചടങ്ങുകളോടനുബന്ധിച്ചുള്ള നൃത്തം കീഴാള സമൂഹങ്ങളുടെ ആവിഷ്‌കാരമാണ് എന്ന ബെര്‍ണാഡ് ഡി. സാമിയുടെ നിരീക്ഷണം ഇതിനോട് ചേര്‍ത്തു വായിക്കാം. ഇത്തരം സൂചകങ്ങളിലൂടെ, കുട്ടികളുടെ സിനിമ എന്ന സാധ്യതയിലൂടെ, അത്യധികം ഗൗരവതരമായ രാഷ്ട്രീയ വിഷയങ്ങളാണ് മാരി സെല്‍വരാജ് ഈ സിനിമയിലൂടെയും പറയുന്നത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം തിരഞ്ഞ് ഇറ്റലിയിലേക്ക് നാടുകടക്കുന്ന സെയ്ദു, മൂസ എന്നീ കൗമാരക്കാരിലൂടെ സങ്കീര്‍ണമായ അനേകം രാഷ്ട്രീയ പ്രശ്‌നങ്ങളെ മനോഹരമായി ദൃശ്യവല്‍ക്കരിച്ച മറ്റിയോ ഗാരോണിന്റെ മൈ ക്യാപ്റ്റന്‍ എന്ന സിനിമയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് പല നിലകളിലും വാഴൈ.കുട്ടികളുടെ സിനിമ എന്ന സാധ്യതയെ ഉപയോഗപ്പെടുത്തി മുതലാളിത്തചൂഷണം പോലെയുള്ള ഗൗരവമുള്ള വിഷയങ്ങളെ ആവിഷ്‌കരിക്കാനാവും എന്ന് അത്തരത്തിലുള്ള പല സിനിമകളിലൂടെയും ലോകസിനിമ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ആ നിലയിലുള്ള സുന്ദരമായ ഒരു ആവിഷ്‌കാരമായാകും വാഴൈ ഓര്‍മ്മിക്കപ്പെടുക. കേവല വിനോദോപാധി എന്ന ഉപകരണവാദ സാധ്യതക്കപ്പുറത്തേക്ക് കലയുടെ രാഷ്ട്രീയമൂല്യവും അതുതന്നെയാണ്.

റഫറന്‍സ്

ദുരിത ജീവിതത്തിന്റെ അതിരുകള്‍ താണ്ടി; വാഴൈയിലെ കുട്ടിത്തവും മനുഷ്യത്വവും- ജി. പി. രാമചന്ദ്രന്‍ (the cue)

സിനിമയിലെ അടുക്കളയും തീന്‍മേശയും: ചില ഭക്ഷണദൃശ്യവിചാരങ്ങള്‍- അജു കെ. നാരായണന്‍, ചെറി ജേക്കബ് കെ. (സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകത്തിലെ ലേഖനം)

Related Stories

No stories found.
logo
The Cue
www.thecue.in