'വാഴൈ'; തൊലിപ്പുറത്ത് നട്ട വാഴയല്ല, മണ്ണിൻ്റെയും മനുഷ്യൻ്റെയും ഹൃദയത്തിൽ വേരാഴ്ന്നത്

vazhai movie review
vazhai movie review
Published on
Summary

അയാൾക്ക് പറയാനുള്ളതും കേൾപ്പിക്കാനുള്ളതും ഈ നാട്ടിലെ കോടിക്കണക്കായ സാധാരണ മനുഷ്യരോടാണ്. ഇരകളും വേട്ടക്കാരും ഉൾപ്പെടുന്ന ആ മനുഷ്യക്കൂട്ടത്തോട് അവർക്ക് കേട്ടാലും കണ്ടാലും മനസ്സിലാകുന്ന മുഖ്യധാരാസിനിമയുടെ ഭാഷയിലും ശബ്ദത്തിലും സംവദിക്കുകയാണ് മാരി. തൻ്റെ കല രാഷ്ട്രീയപ്രവർത്തനമാകുന്നത് കണ്ട് നെറ്റിചുളിയുന്നുണ്ടെങ്കിൽ അത് കലയുടെയോ രാഷ്ട്രീയത്തിൻ്റെയോ ദൗത്യങ്ങളെ കുറിച്ചുള്ള അജ്ഞതയാലാണെന്ന് സ്വയം മനസ്സിലാക്കാനുള്ള വിവേകം പ്രേക്ഷകൻ്റെ ഉത്തരവാദിത്തമാക്കി മാറ്റുന്ന ഒരു ചലച്ചിത്രസംവിധായകൻ !

മാരി സെൽവരാജ് ചിത്രം വാഴൈയെക്കുറിച്ച് സംവിധായകൻ പ്രേംലാൽ എഴുതുന്നു

ലിംഗം, ജാതി എന്നിങ്ങനെയുള്ള സ്വത്വ സംബന്ധിയായ വിഷയങ്ങളുടെ ഒരു പ്രത്യേകത എന്തെന്നാൽ ആ സ്വത്വങ്ങൾക്ക് പുറത്തുനില്ക്കുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും ആ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർണ്ണതയും ബഹുതലസ്പർശിയായ തീവ്രജീവിതാവസ്ഥകളും അവ അർഹിക്കുന്ന ഗൗരവത്തോടെ മനസ്സിലാക്കാൻ കഴിയാറില്ല എന്നതാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം സമൂഹത്തിലെ തുറന്ന വേദികളിൽ അതിഗംഭീര ജാതിവിരുദ്ധനിലപാടുകൾ പ്രകടിപ്പിക്കുകയും എന്നാൽ സ്വന്തം വീടിനകത്ത് തികഞ്ഞ ജാതിവാദിയായി കല്യാണത്തിലും പേരിടലിലും മരണത്തിലും വരെ തികഞ്ഞ ജാതിബോധത്തോടെ ജീവിക്കുകയും ചെയ്യുന്ന കാപട്യം പൊതുബോധത്തിൻ്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. "കേരളത്തിലോ ? ജാതിയോ?" എന്ന് ഇവിടത്തെ പുരോഗമനവാദികളെന്ന് വിശേഷിപ്പിക്കപ്പെടുന്നവർ പോലും പലപ്പോഴും അത്ഭുതപ്പെടാറുള്ളത് മേല്പറഞ്ഞ കാപട്യത്തെ രഹസ്യമായി കാത്തുസൂക്ഷിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി മാത്രമാണ്.

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണങ്ങളായ പുരുഷലിംഗാധികാരവും മൂലധനവും കുടുംബവ്യവസ്ഥയിലെ ഏകപക്ഷീയമായ സ്ത്രീസദാചാരസങ്കല്പങ്ങളുമെല്ലാം ഏതെല്ലാം തലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നുവെന്ന് യാതൊരു ധാരണയുമില്ലാത്ത മനുഷ്യർക്ക് സ്ത്രീപക്ഷരാഷ്ട്രീയം എന്നത് കപടതയാണെന്നും ഉടായിപ്പാണെന്നുമൊക്കെ വിളിച്ചുകൂവാൻ ലജ്ജ അനുഭവപ്പെടാത്തതിൽ അത്ഭുതവുമില്ല.

സിനിമയിൽ ജാതിയെ അഭിസംബോധന ചെയ്യുന്ന സംവിധായകരിൽ ഇന്ത്യൻസിനിമയിൽത്തന്നെ മുൻനിരപ്പേരുകാരനാണ് മാരി ശെൽവരാജ്. പരിയേറും പെരുമാളും കർണ്ണനും മാമന്നനും പോലുള്ള ഞെട്ടിച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ. വെട്ടിത്തുറന്നും ശബ്ദമുയർത്തിയും തൻ്റെ കലയിലൂടെ സമൂഹത്തിൻ്റെ ജാതിബോധത്തെ തെരുവിലിട്ട് തുണിപറിച്ച് അതേ സമൂഹത്തിൽ നിന്നുള്ള പ്രേക്ഷകരെ ആത്മനിന്ദയാൽ നഗ്നരാക്കി ലജ്ജിപ്പിക്കുന്ന അപൂർവ്വതയാണ് മാരിയുടെ സിനിമകൾ.പക്ഷേ തുടക്കത്തിൽ പറഞ്ഞ ആ ജാതിസ്വത്വത്തിനു പുറത്ത് നില്ക്കുന്ന, സകലമാന പ്രിവിലേജുകളും അനുഭവിച്ചാനന്ദിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർ, ഈ കേരളത്തിലടക്കം മാരിയുടെ സിനിമകളെ ജാതിയെ പെരുപ്പിച്ചുകാണിക്കുന്ന മുദ്രാവാക്യം സിനിമകളെന്ന് ആക്ഷേപിച്ച് മാറ്റിനിർത്തിക്കാണാറുണ്ട്. 'കിളിച്ചുണ്ടൻ മാമ്പഴം' എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന മൊയ്തൂട്ടി ഹാജി "എൻ്റെ കണ്ണു കൊണ്ട് കാണാത്ത യാതൊന്നും ഞാൻ വിശ്വസിക്കില്ല "എന്നു പറയുമ്പോൾ അബ്ദു (മോഹൻലാൽ) തിരിച്ചു ചോദിക്കുന്നു , "നിങ്ങൾ ദുബായ് കണ്ടിട്ടുണ്ടാ ?".

" ഇല്ല" എന്ന് ഹാജി മറുപടി കൊടുക്കുമ്പോൾ പുച്ഛത്തോടെ അബ്ദു ചോദിക്കുന്നത് "അപ്പൊ ദുബായ് ഇല്ലേ ?" എന്നാണ്. നാം കാണാത്തതും അനുഭവിക്കാത്തതുമായ പലതും അത് ദുബായ് ആയാലും അൻ്റാർട്ടിക്ക ആയാലും നാം ജീവിക്കുന്ന ഈ ഭൂമിയിലുണ്ട് എന്നതുപോലെതന്നെ ഈ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യയാഥാർത്ഥ്യമായി ജാതിയും നിലനില്ക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയെന്നത് സാമൂഹ്യബോധവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയമാണ്.

vazhai movie review
ദുരിത ജീവിതത്തിന്റെ അതിരുകള്‍ താണ്ടി; വാഴൈയിലെ കുട്ടിത്തവും മനുഷ്യത്വവും
Vaazhai Movie Review
Vaazhai Movie Review

ഈ 21-ാം നൂറ്റാണ്ടിലും മേൽജാതിക്കാർ താമസിക്കുന്ന തെരുവിലൂടെ നടന്നു പോകേണ്ടിവരുമ്പോൾ ഒരു വിഭാഗം മനുഷ്യർക്ക് ചെരുപ്പൂരി കൈയിൽ പിടിക്കേണ്ടിവരുന്ന ഗതികേടുള്ള, ഇന്നും ദളിത് ഗ്രാമങ്ങളിലേക്ക് ബസ് സർവ്വീസ് നടത്താൻ തയ്യാറാകാത്ത മുതലാളിമാർ വാണരുളുന്ന തമിഴകത്തിൻ്റെ കീഴാളവംശശബ്ദത്തെ പ്രതിനിധീകരിക്കുന്നുണ്ട് മാരി ശെൽവരാജ്. ആ മാരിയ്ക്ക് 'കർണ്ണൻ' എന്ന സിനിമ ചെയ്തേ മതിയാകൂ.

ഈ 2024-ലും ഒരു ജനതയ്ക്ക് പ്രവേശനം നിഷേധിക്കുന്ന ക്ഷേത്രങ്ങൾ ഉള്ള, ജാതിബലം കൊണ്ട് കസേരയിൽ ഇരിക്കുന്ന ശിപായിയുടെ കാൽച്ചുവട്ടിൽ വെറുംനിലത്ത് ചമ്രം പടിഞ്ഞിരിക്കേണ്ടി വരുന്ന ഗതികെട്ട പഞ്ചായത്ത് പ്രസിഡൻ്റുള്ള നാട് മാരിശെൽവരാജിന് കെട്ടുകഥയല്ല. ആ മാരിയ്ക്ക് 'മാമന്നൻ' ചെയ്തേ മതിയാകൂ. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ 25-ഓളം ജാതി ദുരഭിമാനക്കൊലപാതകങ്ങൾ അരങ്ങേറിയ നാട്ടിൽ അയാളുടെ ആദ്യ സിനിമ 'പരിയേറും പെരുമാൾ' ആകാതിരുന്നാലാണ് അത്ഭുതം !

ഇങ്ങനെയൊരു ദേശത്തും രാജ്യത്തും തൻ്റെ കലയിലൂടെ കഥ പറയുമ്പോൾ അത് ലോകത്തെ ഏതെങ്കിലും മൂലയിലെ ഏതാനും ചലച്ചിത്രമേളകളിലായി നാനൂറോ അഞ്ഞൂറോ പ്രേക്ഷകർ കണ്ടാൽ പോരാ എന്നത് മാരി ശെൽവരാജ് എന്ന സംവിധായകൻ്റെ ഉറച്ച നിലപാടാണ്. അയാൾക്ക് പറയാനുള്ളതും കേൾപ്പിക്കാനുള്ളതും ഈ നാട്ടിലെ കോടിക്കണക്കായ സാധാരണ മനുഷ്യരോടാണ്. ഇരകളും വേട്ടക്കാരും ഉൾപ്പെടുന്ന ആ മനുഷ്യക്കൂട്ടത്തോട് അവർക്ക് കേട്ടാലും കണ്ടാലും മനസ്സിലാകുന്ന മുഖ്യധാരാസിനിമയുടെ ഭാഷയിലും ശബ്ദത്തിലും സംവദിക്കുകയാണ് മാരി. തൻ്റെ കല രാഷ്ട്രീയപ്രവർത്തനമാകുന്നത് കണ്ട് നെറ്റിചുളിയുന്നുണ്ടെങ്കിൽ അത് കലയുടെയോ രാഷ്ട്രീയത്തിൻ്റെയോ ദൗത്യങ്ങളെ കുറിച്ചുള്ള അജ്ഞതയാലാണെന്ന് സ്വയം മനസ്സിലാക്കാനുള്ള വിവേകം പ്രേക്ഷകൻ്റെ ഉത്തരവാദിത്തമാക്കി മാറ്റുന്ന ഒരു ചലച്ചിത്രസംവിധായകൻ !

Mari Selvaraj'
Mari Selvaraj'

നട്ടെല്ല് നിവർത്തിനില്ക്കുകയും ഉറക്കെ ചോദ്യങ്ങൾ ചോദിക്കുകയും ശരീരത്തെ ശരീരം കൊണ്ടു പ്രതിരോധിക്കുകയും അടിച്ചാൽ തിരിച്ചടിക്കുകയും ചെയ്യുന്ന നായകകഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്നു ചിത്രങ്ങൾക്കു ശേഷം, തൻ്റേതായ ഒരു പ്രേക്ഷകസമൂഹത്തെ സൃഷ്ടിച്ചെടുത്തതിനുശേഷം, മാരി ഇത്തവണ പ്രേക്ഷകരെ കൊണ്ടു പോകുന്നത് ഹൃദയദ്രവീകരണ ശേഷിയുള്ള ഒരു വൈകാരിക ചലച്ചിത്രാനുഭവത്തിലേയ്ക്കാണ്. അദ്ദേഹത്തിൻ്റെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി 'വാഴൈ 'പ്രത്യക്ഷത്തിൽ ജാതിയെക്കുറിച്ചല്ല, മറിച്ച് ഒരു കുട്ടിയുടെ വീക്ഷണ കോണിലൂടെ തൊഴിൽമേഖലയിലെ ചൂഷണങ്ങളെയും ബാലവേലയെയും മുൻനിർത്തിയാണ് സംസാരിക്കുന്നത്. അതേ സമയം ജാതി എന്ന അടര് സിനിമയുടെ രാഷ്ട്രീയത്തിൻ്റെ അകക്കാമ്പായി നിലനില്ക്കുകയും ചെയ്യുന്നു.

തൻ്റെ കുട്ടിക്കാലത്ത് 1999-ൽ തൂത്തുക്കുടിയ്ക്കു സമീപം നടന്ന ദുരന്താത്മകമായ ഒരു യഥാർത്ഥ സംഭവത്തെയാണ് സംവിധായകൻ കാല്പനികതയിൽ ചാലിച്ചെടുത്ത് ആവിഷ്ക്കരിച്ചിരിക്കുന്നത്. വാഴത്തോട്ടങ്ങളുടെയും അവിടെ പകലന്തിയോളം പണിയെടുക്കുന്ന മനുഷ്യരുടെ ക്ലേശഭരിതവും ദാരിദ്ര്യപൂർണ്ണവുമായ ജീവിതങ്ങളുടെയും പശ്ചാത്തലത്തിൽ ശിവനേന്ദൻ (പൊൻവേൽ) എന്ന ബാലനെ കേന്ദ്രകഥാപാത്രമാക്കിയാണ് 'വാഴൈ' കഥ പറയുന്നത്. ശേഖർ (രാഹുൽ) എന്ന സഹപാഠിയും ആത്മമിത്രവുമായുള്ള സൗഹൃദവും സ്ക്കൂളിലെ പൂങ്കൊടി (നിഖില വിമൽ) എന്ന ടീച്ചറുമായുള്ള നിഷ്ക്കളങ്കമായ സ്നേഹവും ശിവനേന്ദൻ്റെ ചെറിയ ജീവിതാനന്ദങ്ങളാകുമ്പോൾ വലിയ വാഴത്തോട്ടത്തിൽ നിന്ന് വെട്ടിയെടുത്ത കുലകൾ തലയിൽചുമന്ന് ഏറെ നടന്ന് ലോറിയിലെത്തിക്കുന്ന കഠിനജോലി അവന് വേദനയും ഭയവുമാകുന്നു. എങ്കിലും തോട്ടങ്ങളുടെ മേസ്തിരിയിൽ നിന്ന് കൂലിയിൽ വകവച്ച് മുൻകൂറായി പണം വാങ്ങി കുടുംബം നടത്തിക്കൊണ്ടു പോകുന്ന അമ്മയ്ക്കും ഒപ്പം സഹോദരിയ്ക്കും വേണ്ടി ജീവിതഭാരത്തിൻ്റെ ഒരു പങ്ക് ശിവനേന്ദനും അവധി ദിവസങ്ങളിൽ തലയിൽ ചുമക്കേണ്ടിവരുന്നുണ്ട്. നമ്മുടെയൊക്കെ വീട്ടുവളപ്പിൽ നട്ടുവളർത്തുന്ന ഏതാനും വാഴകളിൽ നിന്ന് കുലവെട്ടിയെടുക്കുമ്പോഴോ പച്ചക്കറിക്കടയിൽ നിന്ന് ഒരു കിലോ പഴം പൊതിഞ്ഞു വാങ്ങുമ്പോഴോ നാം ഓർക്കാത്ത കഠിനാദ്ധ്വാനത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും ജീവിതാവസ്ഥകൾക്കുമേലെ കാടുപോലെ പരന്ന് നീണ്ട ഇലകളാൽ മറ തീർത്തുനില്ക്കുന്ന വാഴത്തോട്ടത്തിൻ്റെ ആകാശദൃശ്യത്തിലൂടെ സിനിമ ആദ്യരംഗങ്ങളിൽ തന്നെ അതിൻ്റെ പൊരുൾ വെളിവാക്കുന്നുണ്ട്. നാസികളുടെ കോൺസെൻട്രേഷൻ ക്യാമ്പു പോലെ തോന്നിപ്പിക്കുംവിധം ദൃശ്യപ്പെടുന്ന ആ തോട്ടത്തിനകത്തു നിന്ന് പുറത്തുകടക്കുക എന്നതാണ് ആത്യന്തികമായി ശിവനേന്ദനെ പോലൊരു ബാലന് കാണാൻ കഴിയുന്ന സ്വപനമെന്ന് ചിത്രം പുരോഗമിക്കെ പ്രേക്ഷകൻ ചിന്തിക്കും വിധത്തിൽ തൻ്റെ സിനിമയെ രൂപപ്പെടുത്തിയിരിക്കുന്നു മാരി ശെൽവരാജ്. ചിത്രത്തിൻ്റെ അവസാന ഭാഗത്ത് അതേ തോട്ടത്തിനകത്തുവച്ച്, കത്തുന്ന വിശപ്പിനെ മറികടക്കാൻ ഏതാനും പഴങ്ങൾ ഉരിഞ്ഞുകഴിച്ചതിന് തോട്ടം കാവൽക്കാരനാൽ ക്രൂരമായി മർദ്ദിക്കപ്പെടുന്ന ശിവനേന്ദൻ്റെ കരച്ചിലും പിടച്ചിലും വാഴയിൽ വിരിയുന്നത് മധുരത്തിൻ്റെ വാ നിറയുന്ന രുചിയനുഭവം മാത്രമല്ലെന്നും കണ്ണീരും വിയർപ്പും രക്തവും കലർന്ന ജീവിതാനുഭവങ്ങളുടെ രാഷ്ട്രീയം കൂടിയാണെന്നുമുള്ള തിരിച്ചറിവിൻ്റെ ആഘാതം പ്രേക്ഷകന് പകർന്നുനൽകുന്നു.

Vaazhai Movie Review
Vaazhai Movie Review

കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളെ വിനിമയം ചെയ്യുന്ന വിധത്തിലുള്ള കഥാന്തരീക്ഷനിർമ്മിതിയും കഥാഗതിയെ സമ്പന്നമാക്കുന്ന ഡീറ്റെയ്ലിങ്ങും എല്ലായ്പ്പോഴും മാരി ശെൽവരാജ് ചിത്രങ്ങളുടെ സവിശേഷതയാണ്. വാഴത്തോട്ടത്തിൽ ജോലിക്ക് പോകാതിരിക്കാൻ പനി അഭിനയിക്കുകയും കാലിൽ സ്വയം മുള്ളു കൊണ്ട് മുറിവുണ്ടാക്കുകയും ചെയ്യുന്ന ശിവനേന്ദൻ അവൻ്റെ പ്രായത്തിൻ്റെ കുസൃതികളിൽ ചങ്ങാതി ശേഖറിനൊപ്പം കൂട്ടുകൂടുന്നുണ്ട്. ചിത്രത്തിൻ്റെ ആദ്യ രംഗങ്ങളിലൊന്നിൽ ഗ്രാമത്തിൽ നടക്കുന്ന ഒരു മരണത്തിൻ്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ രജനീകാന്ത് ആരാധകനായ ശിവനേന്ദനും കമൽഹാസൻ ഫാനായ ശേഖറും താരങ്ങളെ ചൊല്ലി അടി കൂടുന്നുണ്ട്. അതിനടുത്ത രംഗത്തിൽ തോളിൽ കൈയിട്ട് നടക്കുന്നുമുണ്ട്. സ്കൂളിൽ വച്ച് ടീച്ചറായ പൂങ്കൊടിയോടുള്ള ഇഷ്ടത്താൽ ശിവനേന്ദൻ പൂങ്കൊടിയുടെ കൈയിൽ നിന്ന് വീണുപോകുന്ന തൂവാല എടുത്ത് പുസ്തകത്തിനുള്ളിൽ സൂക്ഷിക്കുകയും അത് തൻ്റെ ചേച്ചിയുടേതാണെന്ന് കള്ളം പറഞ്ഞ് പിടിച്ചുനില്ക്കാൻ ശ്രമിക്കുകയും ഒടുവിൽ സത്യം ഏറ്റുപറയുകയും ചെയ്യുന്നുണ്ട്. ക്ലാസ്മുറിയിലെ ഇതേ രംഗങ്ങളിൽ കാണിക്കുന്ന പുസ്തകത്തിൻ്റെ പുറം ചട്ട അംബേദ്കറുടേതാണെന്നത് ശ്രദ്ധേയമാണ്. രസകരങ്ങളായ രംഗങ്ങളിലും തൻ്റെ സിനിമയുടെ നിലപാടിൻ്റെ സൂചനകൾ കൃത്യമായി നൽകിക്കൊണ്ടാണ് ദുരന്താത്മകമായ ഒരു സിനിമയുടെ അകക്കാമ്പിലേയ്ക്ക് മാരി ശെൽവരാജ് പ്രേക്ഷകരെ വഴിതെളിച്ച് കൊണ്ടു പോകുന്നത്. ഒരു കുട്ടിയെ മുൻനിർത്തി അവൻ്റെ ജീവിതപരിസരങ്ങളിൽ നിന്ന് കണ്ടെടുത്ത ബിംബങ്ങളെയും പ്രതീകങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് 'വാഴൈ ' അതിൻ്റെ രാഷ്ട്രീയവ്യാഖ്യാനം നിർവ്വഹിക്കുന്നു.

നോബൽപുരസ്ക്കാര ജേതാവായ നട്ട് ഹാംസൺ എഴുതിയ 'ഹംഗർ' എന്ന നോവലിൽ വിശപ്പു മൂലം ഒരു പെൻസിലും സ്വന്തം വിരലും കടിച്ചുതിന്നുന്ന ഒരു കഥാപാത്രമുണ്ട്. ചൂടുവെള്ളത്തിൽ തൻ്റെ ഷൂ പുഴുങ്ങിയെടുത്ത് ഭക്ഷിക്കുന്ന കഥാപാത്രമായി ചാപ്ലിൻ വേഷമിട്ടിട്ടുണ്ട്. അത്തരമൊരു തീവ്രമായ വിശപ്പനുഭവം 'വാഴൈ'യിൽ ഒരു പ്രധാന സ്വീക്വൻസായി ഹൃദയത്തിൽ കൂടം കൊണ്ടടിക്കുന്ന കാഠിന്യത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ വിശപ്പിലേയ്ക്ക് ശിവനേന്ദൻ വീണുപോകുന്നതിലേയ്ക്ക് എത്തിച്ചേരുന്ന സംഭവങ്ങളുടെ തുടക്കം മേയ്ക്കാൻ വിട്ട പശു ശിവനേന്ദൻ്റെ നോട്ടക്കുറവു കൊണ്ട്, അവൻ പൂങ്കൊടി ടീച്ചറോടൊപ്പം നെല്ലുകുത്തു മില്ലിലേയ്ക്ക് പോയ നേരത്ത്, കെട്ടുപൊട്ടിച്ച് വാഴത്തോട്ടങ്ങളുടെ ബ്രോക്കറുടെ പറമ്പിലേയ്ക്ക് ചെന്നുകയറുന്നയിടത്താണ്. ആ പശുവിനെ തേടിയുള്ള ശിവനേന്ദൻ്റെ പരിഭ്രമവും ദൈന്യതയും കലർന്ന അന്വേഷണത്തിലാണ് സിനിമ തുടങ്ങുന്നതു തന്നെ. പശു ഉണ്ടാക്കിയ അധികക്കടം വീട്ടാനായി പണിപ്പെടുന്ന അമ്മ ഒരു അവധിദിവസത്തിൽ രോഗാവസ്ഥ കാരണം തനിക്കു പകരം മകളോടൊപ്പം വാഴത്തോട്ടത്തിലേക്ക് പോകാൻ ശിവനേന്ദനോട് ആവശ്യപ്പെടുകയും പ്രഭാതഭക്ഷണം കഴിക്കാൻ നിന്നാൽ തൊഴിലാളികളെയും കൊണ്ട് ലോറി യാത്രയാകുമെന്നതിനാൽ അവനുള്ള പ്രഭാതഭക്ഷണം പാത്രത്തിലാക്കി കൊടുത്തയക്കുകയും ചെയ്യുന്നു. അന്നേ ദിവസം സ്കൂളിലെ വാർഷികദിനത്തിൽ അവതരിപ്പിക്കാനുള്ള സംഘനൃത്തത്തിൻ്റെ റിഹേഴ്സലിൽ പങ്കെടുക്കാനുള്ള ശിവനേന്ദൻ്റെ അതിയായ ആഗ്രഹം അറിയാവുന്ന സുഹൃത്ത് ശേഖറിൻ്റെയും സ്നേഹമയിയായ സഹോദരിയുടെയും ( ദിവ്യ ദുരൈസാമി) അവളുടെ നിശ്ശബ്ദപ്രണയവും തൊഴിലാളികളുടെ നേതൃസ്വരവുമായ കനിയുടെയും (കലൈയരസൻ) പ്രേരണയാൽ ശിവനേന്ദൻ ബ്രോക്കർ കാണാതെ ലോറിയിലെ തൊഴിലാളികൾക്കിടയിൽ നിന്നിറങ്ങി സ്കൂളിലേയ്ക്ക് ഓടുന്നുണ്ട്. വിശന്ന വയറോടെ സ്ക്കൂളിൽ റിഹേഴ്സൽ പൂർത്തിയാക്കുന്ന ശിവനേന്ദനെ തൻ്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ പൂങ്കൊടി ക്ഷണിക്കുന്നുണ്ടെങ്കിലും കടൽപോലെ പരന്നു കിടക്കുന്ന വാഴത്തോട്ടങ്ങളിൽ നിന്ന് ഒന്നോ രണ്ടോ പഴം കഴിച്ച് വിശപ്പു മാറ്റാമെന്നാണ് ശിവനേന്ദൻ കരുതുന്നത്. എന്നാൽ ജാതിവിരുദ്ധ പോരാട്ടത്തിൻ്റെയും തൊഴിലാളിവർഗ്ഗരാഷ്ട്രീയത്തിൻ്റെയും അടിസ്ഥാനപരമായ ഒരു പൊതുചോദ്യം പണിയെടുക്കുന്നവന് തൻ്റെ അദ്ധ്വാനവുമായി ബന്ധപ്പെട്ട ഉൽപ്പന്നത്തിൻ്റെ മുകളിൽ ഏതെങ്കിലും വിധത്തിൽ അവകാശം അവശേഷിക്കുന്നുണ്ടോ എന്നതാണെന്ന് ശിവനേന്ദൻ എന്ന ബാലന് അറിയില്ല . അവൻ തലച്ചുമടായി കൊണ്ടു വരുന്ന വാഴക്കുലയിൽ നിന്ന് തോട്ടം മുതലാളി തൻ്റെ ലാഭം കണ്ടെത്തുന്നതിന് സമാന്തരമായി വാഴത്തോട്ടത്തിൽ നിന്ന് ഒന്നുരണ്ടു പഴം ഉരിഞ്ഞെടുത്തു കഴിച്ച് വിശപ്പടക്കാൻ ശ്രമിക്കവേ ആ ബാലൻ അതിക്രൂരമായി മർദ്ദിക്കപ്പെടുകയാണ്. ഇവിടെയാണ് അദ്ധ്വാനത്തിൻ്റെ പുതിയ വിമോചനസാദ്ധ്യതയായി പാഠപുസ്തകത്തിലെ അംബേദ്കറുടെ മുഖചിത്രവും ശിവനേന്ദൻ്റെ മരിച്ചുപോയ അച്ഛൻ്റെ പഴയ തകരപ്പെട്ടിയിലെ അരിവാൾചുറ്റിക നക്ഷത്രത്തിൻ്റെ ബാഡ്ജും പോലുള്ള പ്രതീകങ്ങളെ ചേത്തുവച്ച് 'നീൽ സലാ'മും 'ലാൽസലാ'മും ഒരുമിച്ച് മുഴങ്ങേണ്ടതിൻ്റെ രാഷ്ട്രീയപ്രസക്തി സിനിമയുടെ പൊരുളായി വെളിവാക്കപ്പെടുന്നത്.

vazhai movie review
കമൽഹാസനെ മുന്നിലിരുത്തി തേവർ മകനിലെ 'ജാതിവാഴ്ച'യുടെ വേദന പങ്കിട്ട് മാരി സെൽവരാജ്, അന്നത്തെ ഇസൈക്കി ഇന്നത്തെ മാമന്നൻ

മർദ്ദനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട് വീട്ടിൽ ചെന്നുകയറുന്ന ശിവനേന്ദൻ അടുക്കളയിൽ നിന്ന് പച്ചച്ചോറ് വാരിത്തിന്ന് വിശപ്പടക്കാൻ ശ്രമിക്കവേ ശബ്ദം കേട്ട് കടന്നുവരുന്ന അമ്മ മകൻ വാഴത്തോട്ടത്തിൽ പോയില്ല എന്നറിഞ്ഞ് കഠിനമായി ക്ഷോഭിക്കുകയും ശിവനേന്ദൻ കരഞ്ഞുകൊണ്ട് അവിടെ നിന്നിറങ്ങി ഓടുകയും ചെയ്യുന്നു. വിശന്ന വയറുമായി ആറ്റുതീരത്ത് കുഴഞ്ഞുവീണ് ഉറങ്ങിപ്പോകുന്ന അവൻ ഒരു രാത്രിക്കു ശേഷം പിറ്റേന്ന് കൊടുംവിശപ്പിലേക്കും ക്ഷീണാവസ്ഥയിലേയ്ക്കും ഉണർന്നെണീക്കുമ്പോൾ ഗ്രാമം ഒരു ദുരന്തത്തിൻ്റെ കണ്ണീരിൽ മുങ്ങിനില്ക്കുകയാണ്. വീടുകൾക്കു മുമ്പിലെ തൻ്റെ സഹോദരിയുടെയും ആത്മമിത്രത്തിൻ്റെയുമടക്കം പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കടന്ന്, ബോധത്തിനും അബോധത്തിനുമിടയിലെന്ന പോലെ, ഇടറുന്ന കാലുകൾ വലിച്ചുവച്ചും അടഞ്ഞുപോകുന്ന കണ്ണുകൾ ബദ്ധപ്പെട്ട്തുറന്നും ശിവനേന്ദൻ വിശപ്പിനാൽ നയിക്കപ്പെട്ട് അടുക്കളയിലെത്തി കലത്തിൽ കൈയിട്ട് പഴഞ്ചോറ് വാരിത്തിന്നുന്ന ദൃശ്യം പ്രവചനാതീതമായ മനുഷ്യാവസ്ഥകളിലെ ആന്തരികസംഘർഷങ്ങളുടെയും മുൻഗണനകളുടെയും രേഖപ്പെടുത്തലായി സമീപകാല ഇന്ത്യൻ സിനിമയിലെ ഏറ്റവും ഹൃദയസ്പൃക്കായ കാഴ്ചയായി മാറുന്നുണ്ട്.

അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനം 'വാഴൈ 'യുടെ വൈകാരികാനുഭവത്തെ ഇത്രമേൽ തീവ്രമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശിവനേന്ദനായി വരുന്ന പൊൻവേൽ ഇന്ത്യൻ സിനിമയിൽ നാളിതുവരെയുണ്ടായിട്ടുള്ള ബാലതാര പ്രകനങ്ങളുടെ തലപ്പത്ത് നില്ക്കുന്ന അഭിനയത്തിലൂടെ വിസ്മയിപ്പിക്കുന്നു. ആത്മസുഹൃത്തിനൊപ്പമുള്ള കുസൃതി വേളകളിലെ പ്രസരിപ്പും പൂങ്കൊടി ടീച്ചറോടുള്ള നിഷ്ക്കളങ്കപ്രണയത്തിൻ്റെ നോട്ടങ്ങളും ഭാവങ്ങളും വയർ കാളുന്ന വിശപ്പിൻ്റെ വേദനയുമെല്ലാം അമ്പരപ്പിക്കുന്ന സ്വാഭാവികതയോടെ അനായാസമായി പൊൻവേൽ കൈയാളുന്നത് കാണേണ്ട കാഴ്ച തന്നെ. തേനി ഈശ്വറിൻ്റെ ലോകനിലവാരം പുലർത്തുന്ന ഛായാഗ്രഹണ മികവ് 'വാഴൈ'യുടെ ഓരോ ഫ്രെയിമിലും തെളിഞ്ഞുനില്ക്കുന്നു.

ഒരു ലോകം മുഴുവനുമെന്നപോലെ പരന്നുകിടക്കുമ്പോഴും ഒരു തടങ്കൽപാളയത്തിൻ്റെ കുടുസ്സനുഭവം സൃഷ്ടിക്കുന്ന വാഴത്തോട്ടങ്ങളുടെ ദൃശ്യങ്ങൾ എടുത്തുപറയേണ്ടതാണ്. കാക്കകളും വവ്വാലുകളും പറക്കുന്ന ആകാശത്തിൻ്റെ കറുപ്പിലും വെളുപ്പിലുമുള്ള ദൃശ്യങ്ങളും സംവിധായകൻ്റെ രാഷ്ട്രീയ പ്രസ്താവനകളായി അടയാളപ്പെടും വിധത്തിൽ ശക്തമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

സന്തോഷ് നാരായണൻ്റെ സംഗീതം ചിത്രത്തിൻ്റെ ആസ്വാദനതലത്തെ സചേതനമാക്കുന്ന വിധത്തിൽ മികച്ചുനില്ക്കുന്നു.

Vaazhai Movie Review
Vaazhai Movie Review

ദുരന്താത്മകമായി അവസാനിക്കുമ്പോഴും 'വാഴൈ' ശിവനേന്ദൻ എന്ന കഥാപാത്രത്തിൻ്റെ സ്വഭാവനിർമ്മിതിയിലൂടെ പ്രതീക്ഷകൾ അവശേഷിപ്പിക്കുന്നുണ്ട്. അമ്മയുടെ മടിയിൽ തലവെച്ച് മയങ്ങുന്ന ശിവനേന്ദൻ ഉണർന്നെഴുന്നേല്ക്കുമെന്നും ഒരു നാൾ തനിക്ക് അവകാശമുള്ള വാഴക്കുലയുടെ ഉടമസ്ഥതയിലേക്ക് വളരുമെന്നും ഒരു മർദ്ദനവ്യവസ്ഥയ്ക്കും തകർക്കാൻ കഴിയാത്ത നട്ടെല്ലോടെ സമൂഹത്തെ അഭിമുഖീകരിക്കുമെന്നും അവഗണിക്കാൻ കഴിയാത്ത ചോദ്യങ്ങൾ ഉയർത്തുമെന്നും ഇന്നത്തെ മാരി ശെൽവരാജിൻ്റെ ആത്മാംശമുള്ള ശിവനേന്ദൻ തൻ്റെ ചെയ്തികളിലൂടെ സൂചിപ്പിക്കുന്നുണ്ട്. വാർഷികദിനത്തിലെ സംഘനൃത്തത്തിൽ പങ്കെടുത്തേ പറ്റൂ എന്ന ശിവനേന്ദൻ്റെ അഭിലാഷത്തിനു പുറകിൽ ക്ലാസ്സിൽ എല്ലാ വിഷയങ്ങളിലും ഒന്നാമനായിക്കൊണ്ട് അവൻ നേടിയെടുത്ത അവസരമാണത് എന്ന കാരണമുണ്ട്. തൊഴിലാളികൾക്കു വേണ്ടി സംസാരിക്കുകയും അവകാശങ്ങൾ പിടിച്ചു വാങ്ങുകയും ചെയ്യുന്ന കനി ശിവനേന്ദൻ്റെ ആരാധനാപാത്രമാകുന്നതും അച്ഛൻ്റെ പഴയ അരിവാൾ ചുറ്റിക നക്ഷത്രത്തിൻ്റെ ബാഡ്ജ് അവൻ കനിക്ക് കൈമാറുന്നതും അവൻ്റെയുള്ളിലെ പോരാട്ടങ്ങളോടുള്ള ആഭിമുഖ്യവും പുതിയൊരു പ്രഭാതത്തെ കുറിച്ചുള്ള ചിന്തകളും വെളിപ്പെടുത്തുന്നുണ്ട്. തൊലിപ്പുറത്ത് നട്ട വാഴയല്ല മാരിശെൽവരാജിൻ്റെ 'വാഴൈ'. അത് മണ്ണിൻ്റെയും മനുഷ്യൻ്റെയും ഹൃദയത്തിൽ വേരുകളാഴ്ത്തുന്നു. സ്വാതന്ത്ര്യത്തിൻ്റെയും മനുഷ്യാവകാശങ്ങളുടെയും സമത്വബോധത്തിൻ്റെയും പുതിയ ആകാശങ്ങളിലേക്ക് ചിറകുകൾ പോലെ ഇലകൾ നീട്ടുന്നു. സ്വപ്നങ്ങളിലേയ്ക്ക് കായ്ക്കുന്നു !

Related Stories

No stories found.
logo
The Cue
www.thecue.in