Review : ഇനി തണ്ണീര്‍മത്തന്റെ ദിനങ്ങള്‍
ജെയ്സണ്‍ എന്ന പ്ലസ് വണ്‍കാരന്റെ ജീവിതത്തില്‍ ഉണ്ടായ മൂന്ന് ദുഖങ്ങളാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ പ്ലോട്ട്. ഒന്ന് സ്‌കൂളിന്റെ കണ്ണിലുണ്ണിയായി മാറിയ മാഷ് രവി പദ്മനാഭന്‍, രണ്ട് ക്ലാസ്സ്മേറ്റ് കീര്‍ത്തിയോട് തോന്നുന്ന പ്രണയം, മൂന്നാമത്തേത് വേറൊരു പയ്യനുമായുള്ള തല്ലും. ഇതിന്റെ ഇടയിലൂടെ വളരെ രസകരമായി പുരോഗമിക്കന്ന കഥാസന്ദര്‍ഭങ്ങളും. സ്‌കൂള്‍ കാലഘട്ടത്തെ വിഷയമാക്കി മലയാളസിനിമയില്‍ അടുത്ത കാലത്തായി ധാരാളം ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടായിരുന്നു.
കാഴ്ചക്കാരുടെ നൊസ്റ്റാള്‍ജിയക്കൊപ്പമുള്ള തിരിച്ചുനടത്തമാണ് ഈ സിനിമകള്‍ ശ്രമിക്കാറുള്ളതെങ്കിലും അതിന് വേണ്ടിയുള്ള ചില ടെംപ്ലേറ്റ് പശ്ചാത്തലങ്ങള്‍ മാത്രമൊരുക്കി കഥാപാത്രസൃഷ്ടിയിലും അവതരണത്തിലും പരാജയപ്പെടുകയായിരുന്നു പതിവ്. അവയില്‍ നിന്നൊക്കെ വേറിട്ട് നില്‍ക്കുന്ന ഒരു മികച്ച ദൃശ്യാനുഭവം ആണ് നവാഗതനായ ഗിരീഷ് എ.ഡി ഒരുക്കിയ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'. ഇതിനു മുന്‍പ് ഇറങ്ങിയ ഗിരീഷിന്റേതായ 3 ഷോര്‍ട് ഫിലിമുകള്‍ ആയ 'യശ്പാല്‍', 'വിശുദ്ധ അംബ്രോസെ', 'മൂക്കുത്തി' എന്നിവക്ക് ശേഷം സംവിധായകനില്‍ നിന്ന് നമ്മള്‍ എന്ത് പ്രതീക്ഷിക്കുന്നുവോ അതാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'. പ്ലസ്ടു കാലഘട്ടത്തിലെ കുട്ടികളുടെ ജീവിതവും പ്രേമവും തല്ലും ക്രിക്കറ്റും ടൂറും പരീക്ഷയും എല്ലാം ചേര്‍ന്നൊരു രസികന്‍ വിഭവം.
വളരെ ലളിതമായി പോകുന്ന പടത്തെ മുന്നോട്ടു കൊണ്ട് പോകുന്നതു അതിലേ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ആണ്. കഥാപാത്രങ്ങളുടെ പെര്‍ഫോര്‍മന്‍സിലും അവരുടെ സംഭാഷണളിലും ഊന്നിയാണ് സിനിമ മുന്നോട്ട് പോകുന്നത്. അഡ്മിഷന് വേണ്ടി സ്‌കൂള്‍ മാനേജ്‌മെന്റിലെ അച്ചനെ കാണാന്‍ വരുന്ന ആദ്യത്തെ സീനില്‍, വേറെ എവിടെയെങ്കിലും അഡ്മിഷന്‍ കിട്ടിയാല്‍ ഇവിടെ ഇങ്ങനെ വന്നു നില്‍ക്കുമോ എന്ന് കൌണ്ടര്‍ അടിക്കുന്ന പിള്ളേരാണ് സ്‌ക്രീനില്‍. സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ ഒരേ മൂഡ് ആണ്. ജെയ്സന്റെ ദുഃഖങ്ങള്‍ നമ്മള്‍ അറിയുന്നതും തമാശയിലൂടെയാണ്, ക്ലൈമാക്‌സിലെ നാടകീയ രംഗങ്ങളിലും ചിരിയാണ്, ഇടയ്ക്ക് വരുന്ന പ്ലോട്ട് ട്വിസ്റ്റിലും നര്‍മമാണ്. ആ ഒരൊറ്റ മൂഡ് അതെ പടി നില നിര്‍ത്തുന്നതില്‍ സംവിധായനും തിരക്കഥാകൃത്തുക്കളും പൂര്‍ണമായും വിജയിച്ചിരിക്കുന്നു. ജയ്സണ്‍ ആയി കുമ്പളങ്ങി ഫെയിം മാത്യു തോമസും കീര്‍ത്തി ആയി ഉദാഹരണം സുജാത ഫെയിം അനശ്വര രാജനും. ഈ രണ്ട് കഥാപാത്രങ്ങളെ ചിട്ടപ്പെടുത്തിയ അതേ മട്ടില്‍ ജീവിക്കുക ആയിരുന്നു ഇവരെന്ന് വേണം പറയാന്‍. അത് പോലെ ആണ് മറ്റു ക്ലാസ്സ്മേറ്റ്‌സ് ഒക്കെ ആയി അഭിനയിച്ച കുട്ടികളും.
ലിന്റോപ്പനായെത്തിയ ഫ്രാങ്കോ ഫ്രാന്‍സിസ്,. നസ്ലിന്‍ തുടങ്ങിയവര്‍ പ്രത്യേകിച്ചും. കഥ ജെയ്സന്റെ ആണ്, പക്ഷെ നായികയുടെ പാത്രസൃഷ്ടി ഗംഭീരമാണ്. കാണാന്‍ കുറച്ചു ഗ്ലാമര്‍ ഉണ്ടെങ്കിലും ഒരു 'വൃത്തിയില്ലാത്ത' നായിക, തനിക്കു അവളെ രൂപക്കൂട്ടില്‍ വെക്കാന്‍ അല്ല അത്രക്ക് വൃത്തി മതി എന്ന് പറയുന്ന നായകന്‍. പ്രണയം നിരസിക്കപ്പെട്ടപ്പോള്‍ പുറകെ നടന്നു stalk ചെയ്യാത്തതില്‍ നായകനെ അഭിനന്ദിക്കുന്ന നായിക. ക്ലൈമാക്‌സില്‍ ഉള്‍പ്പടെ കീര്‍ത്തിയുടെ ഡയലോഗുകള്‍ എല്ലാം അങ്ങേയറ്റം പക്വതയോടെയുള്ളതും രസകരവുമാണ്. പരീക്ഷയാണ് ഉഴപ്പരുത് പഠിക്കണം എന്ന് ജയ്‌സനോട് ആവശ്യപ്പെടുന്നതിനോടൊപ്പം തന്നെ ക്ലൈമാക്‌സിലെ നാടകീയ രംഗങ്ങളില്‍ കീര്‍ത്തിയാണ് കയ്യടക്കത്തോടെ അവരുടെ ബന്ധത്തിനെ മുന്നോട്ടു കൊണ്ട് പോവുന്നത്.
ജെയ്സന്റെ കൂട്ടുകാരായി അഭിനയിച്ച കുട്ടികള്‍ എല്ലാം ഗംഭീരം ആരുന്നു, കൊമേഴ്സിലെ ആ പയ്യനെ എടുത്ത് പറയണം. 'വിശുദ്ധഅംബ്രോസെ'യില് നമ്മള്‍ കണ്ടതാണ് പിള്ളേരെ കൊണ്ട് ഗിരീഷ് എങ്ങനെ സ്വാഭാവികമായി ആയി അഭിനയിപ്പിക്കുമെന്ന്, അതിന്റെ extended bigscreen version ആണ് തണ്ണീര്‍ മത്തന്‍. ഇവിടെയെല്ലാം നര്‍മത്തില്‍ പൊതിഞ്ഞ സംഭാഷണങ്ങളാലും കൗണ്ടറുകളാലും സമ്പന്നമാണ് സിനിമ.
ജെയ്സന്റെ,കൂട്ടുകാര്‍, ക്രിക്കറ്റ് കളി, പഫ്സും തണ്ണീര്‍ മത്തന്‍ ജ്യൂസും പറ്റുള്ള കട, കെമിസ്ട്രി ലാബ്, സോഷ്യല്‍ മീഡിയ ജീവിതം, ബസ് യാത്രകള്‍, ഫോണിലെ പ്രണയസല്ലാപങ്ങള്‍ ഇതൊക്കെ ആയി നര്മത്തിലൂടെ മുന്നോട്ടു പോവുമ്പോള്‍ തന്നെയാണ് ജെയ്സന്റെ ഏറ്റവും വല്യ പ്രശ്‌നമായ രവി പദ്മനാഭനും മുന്നിലെത്തുന്നത്. രവി പദ്മനാഭന്റെ കഥാപാത്രസൃഷ്ടി വളരെ രസകരമാണ്. പ്രേക്ഷകനും ജയ്സണും മാത്രം ആദ്യ കാഴ്ച്ച മുതല്‍ തന്നെ ഒരു പന്തികേട് തോന്നുന്ന രീതിയില്‍ ആണ്. പുറമെ നിന്ന് കാണുമ്പോ ഒരു മാലാഖ, ജെയ്സന്റെ ഭാഗത്ത് നിന്ന് മാത്രം ആലോചിക്കുമ്പോള്‍ നിഷേധാത്മകമനോഭാവവും. വിനീത് ശ്രീനിവാസന്റെ പെര്‍ഫോര്‍മന്‍സും രസകരമാണ്. ജയ്‌സന്റെ കാഴ്ചപ്പാടില്‍ നിന്നാണ് രവിയുടെ പെര്‍ഫോര്‍മന്‍സിനെയും ക്രമീകരിച്ചിരിക്കുന്നത്.
ജെയ്സന്റെ സഹോദരനായി വന്നത് തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഡിനോയ് പൗലോസ് ആണ്. ഉള്ളിലൊതുക്കി വെച്ച ദുഖവും ആയി ജോലിയും കൂലിയും ഇല്ലാതെ നടക്കുന്ന ചേട്ടച്ചാര്‍. നാട്ടുകാര്‍ക്കാണല്ലോ തനിക്കു ജോലിയില്ലാത്തതിന് പ്രയാസം എന്ന് ദേഷ്യപ്പെടുന്ന, അനിയന്‍ ഫോണ്‍ വിളിക്കുമ്പോള്‍ കൂടി ശല്യപ്പെടുത്തുന്ന ആള്‍. ശബരീഷ്, ഇര്‍ഷാദ്, നിഷ സാരംഗ് എന്നിവര്‍ക്ക് പുറമെ സതീഷ് സര്‍ ആയി വന്ന സജിന്‍, ചെറിയ റോളില്‍ ശ്രീദേവിക, ജെയ്സന്റെ അമ്മ എന്നിവരെയും എടുത്ത് പറയേണ്ടതുണ്ട്. സിനിമയുടെ സാങ്കേതികവശങ്ങളും മികച്ചു നിന്നു. ജസ്റ്റിന്‍ വര്‍ഗീസ് - സുഹൈല്‍ കോയ ടീമിന്റെ ഗാനങ്ങള്‍ മികച്ചതാണ്, സിനിമയില്‍ പാട്ടുകള്‍ എല്ലാം തന്നെ കഥയോട് ചേര്‍ന്നു പോവുന്നതാണ്. ജാതിക്ക തോട്ടം എന്ന ഹിറ്റ് ഗാനവും സിനിമയില്‍ വളരെ മനോഹരമായാണ് ചേര്‍ത്തിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍, വിനോദ് ഇല്ലംപിള്ളി എന്നിവരുടെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.
സ്‌കൂള്‍ ജീവിതം എങ്ങനെ ആണോ അത് പോലെ അവതരിപ്പിച്ചാല്‍ എത്ര രസകരമാകും എന്നാണ് തണ്ണീര്‍ മത്തനില്‍ കൂടി ഗിരീഷും ഡിനോയും കാണിച്ചു തരുന്നത്. അനാവശ്യ പൊലിപ്പിക്കലോ പൈങ്കിളിവത്കരണമോ ഫാമിലി പ്രേക്ഷകര്‍ക്ക് പറ്റാത്ത തരത്തിലുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഒന്നുമില്ല. പ്ലസ് ടു ജീവിതവും പ്രണയവും പരീക്ഷകളും കലഹങ്ങളും പിന്നെ നിറയെ പൊട്ടിച്ചിരികളും നിറഞ്ഞ ഒരു കൊച്ചു വലിയ സിനിമ.