കഴിയുന്നത്ര സിനിമകൾ അധികം വൈകാതെ കാണുന്ന ഒരാളാണ് ഞാൻ. നടന്റെയോ നടിയുടെയോ സംവിധായകന്റെയോ ഭാഷയുടെയോ genre-ൻ്റെയോ അതിർവരമ്പുകൾ കൽപ്പിക്കാതെ എല്ലാത്തരം സിനിമകളും കാണുന്ന കൂട്ടത്തിലാണ്. ഏതൊരു കലാസൃഷ്ടിയിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനാകുമെന്നുള്ള നിലപാടാണ് എനിക്കുള്ളത്.
തല്ലുമാല ഓഗസ്റ്റ് പന്ത്രണ്ടാം തീയതി തിയേറ്ററിൽ എത്തിയെങ്കിലും ആദ്യ ആഴ്ചയിൽ കാണുവാൻ കഴിഞ്ഞില്ല. റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ കണ്ട ഭൂരിഭാഗം അഭിപ്രായങ്ങളും വളരെ പോസിറ്റീവായിരുന്നു. ഇൻസ്റ്റഗ്രാം റീൽസിലും മറ്റും ഈ ചിത്രം ആഘോഷിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി എല്ലാവരുടെയും നിൽപ്പും നടപ്പും ബോഡി ലാംഗ്വേജ് അടക്കം തല്ലുമാല സ്റ്റൈലാണ്. ചിത്രത്തിലെ ഗാനങ്ങളും വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇത്തരം പോസിറ്റീവ് കമന്റുകൾക്കിടയിലും പല സമപ്രായക്കാരും മുതിർന്നവരുമായ കുറെയേറെ ആളുകൾ സിനിമയെ കുറിച്ച് മോശമായ പരാമർശങ്ങൾ പറഞ്ഞു. രാഷ്ട്രീയക്കാരനായിട്ടുള്ള ഒരാൾ കേരളത്തിന്റെ എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാർ തല്ലുമാല പ്രായത്തിലെ യുവാക്കളാണെന്ന് വരെ പറയുന്നത് കേട്ടു.
ഇന്നലെ രാത്രി തിരുവനന്തപുരം കൈരളിയിലെ നിറഞ്ഞ സദസ്സിൽ സിനിമ കണ്ടപ്പോൾ നന്നായി ഇഷ്ടപ്പെട്ടു. എന്നാൽ ഒരു കാര്യം വ്യക്തമായി. ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ എന്റെ തലമുറക്കാരല്ല. പത്തുവർഷങ്ങൾക്ക് മുമ്പ്
തട്ടത്തിൻ മറയത്ത് പലവട്ടം കണ്ട് ഇഷ്ടപ്പെട്ടു തലശ്ശേരിയിലെ ബീച്ച് കാണാനും ബിരിയാണി കഴിക്കാനും പോയ തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് തന്റെ ഫേസ്ബുക്ക് പേജിൽ തല്ലുമാലയെ തിരസ്കരിച്ചതിന്റെ കാരണവും _ഈ ജനറേഷൻ ഗ്യാപ്_pp😂😄🫣 തന്നെയാണ്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നഗരങ്ങളിലും നാട്ടുമ്പുറങ്ങളിലും കാണുന്ന ചെറുപ്പക്കാരെക്കുറിച്ച് ഞങ്ങളിൽ പലരും അടക്കം പറയുന്നത് ഇങ്ങനെയാണ്. 'ഇവർക്ക് സാമൂഹിക പ്രതിബദ്ധത ഇല്ല. ഇവർ ജീവിക്കുന്നത് ഒരു പാരലൽ വേൾഡിലാണ്'. സിനിമയിൽ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് പ്രസംഗിക്കുന്ന ഡോ :കോടൂരിനെപ്പോലെ എന്റെ തലമുറക്കാർക്കും ഇവരോട് ഒരല്പം പുച്ഛമാണ്. എന്നാൽ ഇതു പറയുമ്പോൾ ഡോ:കോടൂരിനെ നിർത്താതെ കൂവിയിട്ട് വിദ്യാർത്ഥികൾ മണവാളൻ വാസിമിന് കയ്യടിക്കുന്നതാണ് രംഗം. ചുരുക്കിപറഞ്ഞാൽ ,
Aഇന്നത്തെ യുവാക്കളുടെ ശരിയായ ലോകമെന്നും ഞാനടക്കമുള്ളവർ ഡോ:കോടൂരിനെ പോലെ ആ ലോകത്തിന് വെളിയിലാണെന്നും ഒരു ബഹുമാനവും കാണിക്കാതെ irreverent ആയി നമ്മളോട് പറയുന്ന ചിത്രമാണ് തല്ലുമാല.
ഡിപ്ലോമസി ഇല്ലാതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. അവർക്ക് വ്യക്തമായിട്ടുള്ള ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട്. അഭിരുചികൾ ഉണ്ട്. വസ്ത്രധാരണമുണ്ട്. ലോകപരിജ്ഞാനമുണ്ട്. അവരെ മനസ്സിലാക്കാതെ എല്ലാവർക്കും ഒരേ നിറം ചാർത്തി stereotype ചെയ്യുന്ന മുതിർന്ന തലമുറ അവരെ മനസ്സിലാക്കുവാൻ ശ്രമിക്കണം. അതിനുള്ള നല്ല ഒരു സോഷ്യൽ സ്റ്റഡീസ് പാഠമാണ് തല്ലുമാല.
യുവതലമുറ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തിനും കടുപ്പം നൽകുന്നില്ല എന്നതും എല്ലാത്തിനും ഒരു ലൈറ്റ് ആയ ഭാവം നൽകുന്നു എന്നതും എടുത്തുപറയേണ്ടതാണ്. അത്തരം തലമുറ ജീവിച്ചു കാണിക്കുന്ന ജീവിതത്തിന്റെ കളർഫുൾ ആയ ചലച്ചിത്ര ആവിഷ്കാരമാണ് തല്ലുമാല.
ഒന്നു സൂക്ഷിച്ചു നോക്കിയാൽ തല്ലുമാലയിൽ രാഷ്ട്രീയമുണ്ട്. തുല്യ നീതിയുണ്ട്. ലിംഗബോധമുണ്ട്. മതം പറയുന്നുണ്ട്. അപരവത്കരണം വ്യക്തമായി കാണിക്കുന്നുണ്ട്. പക്ഷേ ഇതെല്ലാം അമിതാവേശത്തോടെ അവതരിപ്പിക്കുന്നില്ല എന്ന് മാത്രം.
ഉദാഹരണത്തിന്, 'ജ്ജ് ഉണ്ടാക്കിക്കോ' എന്ന പാട്ടിൽ ഒരു വശത്ത് നാടൻ ഈണത്തിൽ ടോവിനോയുടെ വസിയും കൂട്ടരും പശ്ചാത്യനൃത്തം ആടുമ്പോൾ മറുവശത്ത് 'രാജാവിന്റെ വേഷത്തിൽ രാജു എന്ന കഥാപാത്രം 'ഭായിയോം ഓർ ബഹനോം' എന്ന് ഹിന്ദിയിൽ അഭിസംബോധന ചെയ്തു 'Rules of Hate Club' പറയുന്നതിൽ ഒരു രാഷ്ട്രീയമുണ്ട്. സമകാലിക ഇന്ത്യയിലേക്ക് ഒരു എത്തിനോട്ടമുണ്ട്. ഒരുപക്ഷെ എന്റെ കാലഘട്ടക്കാർക്കും ഇത് മനസ്സിലായില്ലെങ്കിലും യുവജനതയോട് ചിത്രം കൃത്യമായി ഇതൊക്കെ സംവദിക്കുന്നുണ്ട്.
നമുക്ക് ചുറ്റും കണ്ണോടിച്ചാൽ കണ്ടുമുട്ടുന്ന ചെറുപ്പക്കാരിൽ ഭൂരിപക്ഷവും ജീവിതത്തോട് വെച്ചുപുലർത്തുന്ന സമീപനം വളരെ രസകരമായിരിക്കും. ഇന്നലെകളിൽ സമൂഹം കല്പിച്ച പല അതിർവരമ്പുകളും കടന്നാണ് അവരുടെ ജീവിതം. സ്വയം ഒരു തിരുത്തൽശക്തി പോലെ അവർ ജീവിതത്തിൽ മാറുന്നുണ്ട്. കാലഘട്ടം മാറിയതിന്റെയും ആധുനികലോകം വളരെ വേഗത്തിൽ അവരിലേക്ക് എത്തിച്ചേർന്നതിന്റെയും ഫലമാണിത്.
തല്ലുമാല തലമുറയാണ് ഇന്ത്യയുടെ ഭാവി. ഇന്ത്യയുടെ വജ്രായുധമായ 'ഡെമോഗ്രാഫിക് ഡിവിഡന്റ്'എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നവർ. ഇവരുടെ ചിന്തകളിലൂടെ, പ്രവൃത്തികളിലൂടെയാണ് ഇന്ത്യ ഇനി മുന്നോട്ടുള്ള ചുവടുകൾ വെക്കുക.ഇവരെ അഡ്രസ്സ് ചെയ്യാതെ പൊതു പ്രവർത്തനം ഇനി സാധ്യമല്ല. ഇവരുടെ വ്യാകരണം, ചിന്തകൾ, വീക്ഷണം, ആശയങ്ങൾ, സ്വപ്നങ്ങൾ, സാമൂഹ്യബോധം, ചോയ്സുകൾ അടക്കം മനസ്സിലാക്കാൻ ശ്രമിക്കാത്തവർ ചിലപ്പോൾ കാലഹരണപ്പെട്ടു പോകും. ഒരുപക്ഷേ പരമ്പരാഗതമായ ഒരു രാഷ്ട്രീയ ബോധമില്ലാത്തതിന്റെ പക്വതക്കുറവ് ഉണ്ടെങ്കിൽ അവരെ തിരുത്തുവാനും മനസ്സിലാക്കിക്കൊടുക്കാനും കഴിയണം. പക്ഷേ അതിനായി ഇവരുമായി സംവദിക്കണം, ഇവരുടെ വ്യത്യാസങ്ങളെ ആഘോഷിക്കണം.
പുതിയ ലോകം കാണിച്ചുതന്ന ഖാലിദ് റഹ്മാനും കൂട്ടുകാർക്കും നന്ദി. ചിത്രവും അതിന്റെ wafer thin ഇതിവൃത്തവും ഞാൻ ആസ്വദിച്ചു, അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിച്ചു. ചുരുക്കത്തിൽ, ഒരു നല്ല സോഷ്യൽ സ്റ്റഡീസ് ക്ലാസ്സ്!
അപ്പോൾ, ഇജ്ജ് ഉണ്ടാക്കിക്കോ...!!