ഭൂതകാലത്തെ അതിജീവിച്ച വസ്തുക്കള്‍ പെറുക്കിക്കൂട്ടി അവയെക്കൊണ്ട് അവയുടെ ജന്മകഥ പറയിപ്പിക്കുകയെന്നതാണ് നമ്മുടെ ജോലി. തൊട്ടുകൂടായ്മയുടെ ഉത്ഭവം ആര്‍ക്കും അറിവില്ലാത്ത മൃതഭൂതകാലത്തില്‍ കുഴിച്ചിടപ്പെട്ടിരിക്കുകയാണ്. അതിനെ ജീവിപ്പിച്ചെടുക്കുകയെന്നത്, യുഗങ്ങളായി മണ്‍മറഞ്ഞു കിടക്കുന്ന ഒരു നഗരത്തെ ചരിത്രത്തില്‍ പുനസ്ഥാപിക്കുകയും അതിന്റെ മൗലികാവസ്ഥയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. ഇത്തരമൊരു ജോലിയില്‍ ഭാവനയും സങ്കല്‍പവും വലിയൊരു പങ്ക് വഹിക്കാതിരിക്കുക സാധ്യമല്ല. പക്ഷെ, അങ്ങനെ ചെയ്യുന്നുവെന്നത് സിദ്ധാന്തത്തെ കുറ്റം വിധിക്കാന്‍ കാരണമായി കണക്കാക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, പരിശീലിത ഭാവനയെന്യേ ശാസ്ത്രീയാന്വേഷണം ഫലപ്രദമാവുകയില്ല; സങ്കല്‍പമെന്നതാകട്ടെ, ശാസ്ത്രത്തിന്റെ പ്രാണന്‍ തന്നെയാണ് - ഡോ. ബി ആര്‍ അംബേദ്ക്കര്‍
തന്റെ രാഷ്ട്രീയലക്ഷ്യത്തിനും പ്രയോഗത്തിനും വേണ്ടി ചലച്ചിത്ര മേഖലയിൽ അത്യുത്സാഹത്തോടെ പ്രവർത്തിക്കുന്ന കലാകാരനാണ് തോഴർ പാ രഞ്ജിത്ത്. സാമൂഹികവും സാംസ്‌ക്കാരികവും സാമ്പത്തികവും ആയ മാനങ്ങളുള്ള ചലച്ചിത്രമൂലധനം (സിനിമാറ്റിക് കാപ്പിറ്റല്‍) ദളിത് പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കി നിര്‍മ്മിച്ചെടുക്കുകയാണ് പാ രഞ്ജിത്ത് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മുന്‍ സിനിമ നക്ഷത്രം നഗര്‍കിറതിലെ(2022) നായിക തമിഴ് എന്ന റെനെയുടെ റിബല്‍ സ്വഭാവങ്ങള്‍ കാണുന്ന മറ്റൊരു കഥാപാത്രം ചോദിക്കുന്നുണ്ട്. നീ ഒരു കമ്യൂണിസ്റ്റാണോ. അല്ല ഞാന്‍ ഒരു അംബേദ്കറൈറ്റ് ആണ് എന്നാണ് അവളുടെ മറുപടി. പാ രഞ്ജിത്തിന്റെ പ്രഖ്യാപനം തന്നെയാണിത്. ഓരോ സിനിമയിലും വ്യത്യസ്തമായ പ്രമേയങ്ങൾ ജനപ്രിയതയുടെയും മുഖ്യധാരയുടെയും അതിന്റെ ചലന നിയമങ്ങളുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പരീക്ഷിക്കുന്ന ഈ ചലച്ചിത്രകാരന്റെ പുതു ചിത്രമായ തങ്കലാൻ, നിരവധി മാനങ്ങളുള്ള സിനിമയാണ്.
ജാത്യധീശത്വത്തിൽ നിന്നുള്ള വിമോചനത്തിനായി ഫ്യൂഡൽ രാജാധികാര ദൂഷിത വലയങ്ങളിൽ നിന്ന് കൊളോണിയൽ ശീതളഛായയിലേയ്ക്ക് കൂടു മാറുന്നുണ്ടെങ്കിലും അവിടെയും മർദ്ദനം ഏറ്റുവാങ്ങേണ്ടി വരുന്ന തങ്കലാൻ എന്ന നായകനും കൂട്ടരും കാലത്തെയും കാലങ്ങളെയും നിർവചിക്കുകയും പുനർ നിർവചിക്കുകയും ചെയ്യുന്നു. തങ്കലാന്‍ എന്നാല്‍ തങ്കത്തിന്റെ (സ്വര്‍ണം) പുത്രന്‍ എന്നാണര്‍ത്ഥം. സംസ്‌ക്കാരവും അവകാശബോധവും എല്ലാം നിറയുന്ന ആത്മാഭിമാന സ്വത്വത്തിന്റെ ഉറപ്പാണ് തങ്കലാന്‍ എന്ന കഥാപാത്രത്തിന്റെ കരുത്ത്. ഒരു നാളെങ്കില്‍ ഒരു നാള്‍ ആത്മാഭിമാനത്തോടെ ജീവിക്കുകയെന്നതാണ് നാം ലക്ഷ്യമിടേണ്ടത് അല്ലാതെ ചാവുമോ എന്ന് പേടിച്ച് അടിമത്തവും അസ്പൃശ്യതയും പട്ടിണിയും സഹിച്ച് ജീവിച്ചിരിക്കാന്‍ വേണ്ടി പാടുപെടുകയല്ല എന്നാണ് തങ്കലാന്‍ വ്യക്തമായി പറയുന്നത്.
എങ്ങനെയാണ് ആധുനികത അത്യാവശ്യമായി ആലോചിക്കപ്പെടുന്നത്, സ്ഥാപിക്കപ്പെടുന്നത് എന്ന് കോളാർ സ്വർണഖനി നിർമാണത്തിന്റെ ആദ്യഘട്ടം വിശദീകരിക്കുന്നതിലൂടെ വെളിപ്പെടുന്നു. മിത്ത്, ചെറുത്തുനില്പ്, വിശ്വാസം, നായകത്വം, അതിനായകത്വം, പ്രണയം, ലൈംഗികാകർഷണം, നിലം, അദ്ധ്വാനം, സ്വപ്നം, എന്നിങ്ങനെ പല തലങ്ങളിലൂടെയുള്ള ആഖ്യാന സഞ്ചാരങ്ങൾ വിസ്മയാവഹമാണ്. സമകാലിക ഇന്ത്യയെ സൂക്ഷ്മമായി വെളിപ്പെടുത്താനുള്ള രാഷ്ട്രീയ ജാഗ്രത എടുത്തു പറയേണ്ടതാണ്. പല തലമുറകൾക്ക് മുമ്പ്, രാജാവിനെ ചെങ്കോലേ എന്നു വിളിക്കുന്ന ദളിതൻ, ആരതി എന്ന മിത്തിലെ ദേവിയുടെ വാഹനമായി കരുതുന്ന പോത്തിനെ വെട്ടിനുറുക്കി ഭക്ഷണവും (ബീഫ്) നാളത്തെ അദ്ധ്വാനത്തിനുള്ള ഊർജ്ജം മാത്രവുമാക്കുന്ന തങ്കലാന്റെ ആഹ്വാനവും സംഘടിത വൃത്തിയും എല്ലാം ഇതിന്റെ ഉദാഹരണങ്ങൾ. മാജിക്കല്‍ റിയലിസത്തിന്റെ ആഖ്യാനരീതി തങ്കലാനില്‍ പലപ്പോഴും കാണാം. കഥയ്ക്കുള്ളിലെ സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അതാണീ ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളിലുള്ളത്.
മദ്രാസ് പ്രസിഡന്‍സിയിലെ വടക്കേ ആര്‍ക്കാട് ജില്ലയിലെ വേപ്പൂര്‍ ഗ്രാമത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിലാണ് കഥ നടക്കുന്നത്. തങ്കലാനും (വിക്രം) ഭാര്യ ഗംഗമ്മ(പാര്‍വതി തിരുവോത്ത്)യും അവരുടെ കുട്ടികളും ആ ഗ്രാമത്തില്‍ കൃഷി ചെയ്ത് ജീവിക്കുന്നു. ആ ഊരിലെ മിക്കവാറും പേരും ജമീന്ദാറുടെ അടിമകളാണെങ്കിലും തങ്കലാന് കുറച്ചു നിലം സ്വന്തമായുണ്ടായിരുന്നു. എന്നാല്‍, അവിടെ നിന്ന് കൊയ്‌തെടുത്ത ധാന്യക്കറ്റകള്‍ രാത്രിയില്‍ ജമീന്ദാറുടെ ഗൂണ്ടകള്‍ കത്തിയ്ക്കുന്നു. അതോടെ, ബ്രിട്ടീഷ് ഭരണക്കാര്‍ക്കായി കരം പിരിച്ചെടുക്കാന്‍ അധികാരമുള്ള ജമീന്ദാര്‍ തങ്കലാനെയും കുടുംബത്തെയും അടിമകളാക്കി മാറ്റുന്നു. രണ്ടു വയസ്സുള്ള കുട്ടി വരെ അടിമയായിരിക്കുമെന്ന് വ്യക്തമായി പറയുന്ന ഉത്തരവ് വായിക്കുമ്പോള്‍ എത്രമാത്രം ക്രൂരമായാണ് അക്കാലത്തെ സാമ്രാജ്യത്വത്തിന്റെ പിണിയാളുകള്‍ കൂടിയായ ജാതി-ജന്മിത്വ-നാടുവാഴിത്ത വ്യവസ്ഥ പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാവും. ഇവിടേയ്ക്കാണ് ക്ലെമന്റ് എന്ന ബ്രിട്ടീഷ് സായിപ്പ്, കോളാര്‍ മേഖലയില്‍ സ്വര്‍ണനിക്ഷേപങ്ങളുണ്ടെന്നും അതു ശേഖരിക്കുന്നതിന് വേപ്പൂരിലെ ഊരുവാസികളുടെ തൊഴില്‍ ആവശ്യമുണ്ടെന്നും പറഞ്ഞെത്തുന്നത്. സ്വര്‍ണം ശേഖരിക്കാനായി നേരത്തെ പോയിട്ടുള്ളവരുടെ ദുരനുഭവങ്ങള്‍ അറിയാവുന്ന ഊരുകാരെല്ലാം, ഗംഗമ്മ അടക്കം ഇക്കാര്യത്തില്‍ നിന്ന് പിന്തിരിയുകയും തുനിയുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യുമ്പോള്‍, തങ്കലാന്‍ താന്‍ വരാമെന്ന് പറയുകയാണ് ചെയ്യുന്നത്. സാഹസികമായ ജോലിയാണ്, ജീവനപകടവുമുണ്ട് എന്നാല്‍ അടിമത്തത്തിനു പകരം അഭിമാനമാണ് താന്‍ ആര്‍ജ്ജിക്കാന്‍ പോകുന്നതെന്ന നിശ്ചയമാണ് തങ്കലാനെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. മകന്‍ അശോകനെയും ഗംഗുപട്ടര്‍ (പശുപതി) അടക്കം ഏതാനും ഊരുവാസികളെയും അയാള്‍ കൂടെ കൂട്ടുന്നു.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ തന്റെ കുട്ടികള്‍ക്ക് തങ്കലാന്‍ പറഞ്ഞുകൊടുക്കുന്ന പഴങ്കഥകളിലാണ് സ്വര്‍ണം അരിച്ചെടുക്കുന്ന കാടയന്റെയും അയാളെ തടയുന്ന ആരതി(മാളവിക മോഹനന്‍)യുടെയും കഥയുള്ളത്. ഈ കഥകളെല്ലാം പറയുക മാത്രമല്ല, അതു വിശ്വസിക്കുകയും അതിന്റെ ബാധകളും പരകായപ്രവേശങ്ങളും സ്വയം ഏറ്റു വാങ്ങുകയും ചെയ്യുന്ന ഒരു കഥാപാത്രാ/ഖ്യാതാവാണ് (character cum narrator) തങ്കലാന്‍.
ആരതി, നാഗര്‍ എന്ന ആദിവാസി വിഭാഗത്തില്‍ പെട്ടവളാണ്. ഇവര്‍ കാടുകളിലാണ് ജീവിക്കുന്നത്. തങ്കലാനാകട്ടെ കാര്‍ഷികവൃത്തിയുമായി ഇടനാട്ടിലാണുള്ളത്. അയാളുടെ ജാതി, ആദിദ്രാവിഡ ജാതിയായ പറയന്‍ ആണെന്നത് വ്യക്തമാണ്. ആധുനിക കോളാര്‍ സ്വര്‍ണഖനിയില്‍ ഏറ്റവും ആദ്യഘട്ടത്തില്‍ തൊഴിലെടുത്തത് പറയവിഭാഗത്തില്‍ പെട്ടവരാണെന്നത് ചിത്രത്തിന്റെ അന്ത്യഭാഗത്തുള്ള ക്രെഡിറ്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തുന്നുണ്ട്.
ചലച്ചിത്ര നിരൂപകനായ രാജേഷ് രാജാമണി എഴുതുന്നു: അസ്പൃശ്യര്‍ അവര്‍ ആരായിരുന്നു എന്ന പുസ്തകത്തില്‍ ഡോ. ബി ആര്‍ അംബേദ്ക്കര്‍ പറയുന്നതു പോലെ ദ്രാവിഡരും നാഗന്മാരും ഒന്നു തന്നെയാണ്. അംബേദ്ക്കര്‍ എഴുതുന്നത് ഇപ്രകാരമാണ്: ദ്രാവിഡര്‍ ആരാണ്? അവര്‍ നാഗന്മാരില്‍ നിന്ന് വ്യത്യസ്തരാണോ? അതല്ല, ഇതു രണ്ടും ഒരേ വംശക്കാരായ ജനതയെ കുറിക്കുന്ന വ്യത്യസ്ത പേരുകളാണോ? ജനസാമാന്യത്തിന്റെ അഭിപ്രായം ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത് രണ്ടു വ്യത്യസ്ത വംശങ്ങളുടെ പേരുകളാണെന്നത്രെ. ഈ പ്രസ്താവന അനേകമാളുകളെ ഞെട്ടിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. എന്നിരുന്നാലും ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത്, ഒരേ ജനതയുടെ രണ്ടു വ്യത്യസ്ത പേരുകള്‍ മാത്രമാണെന്നത് വസ്തുതയാകുന്നു. ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത് ഒരേ ജനതയുടെ രണ്ടു വ്യത്യസ്ത പേരുകള്‍ മാത്രമാണെന്ന പ്രമേയം അംഗീകരിക്കാന്‍ വളരെച്ചുരുക്കം പേര്‍ മാത്രമേ തയ്യാറാവുകയുള്ളൂവെന്നത് നിഷേധിക്കാനാവില്ല. ദ്രാവിഡരും നാഗന്മാരും ദക്ഷിണേന്ത്യ മാത്രമല്ല അധിനിവേശിച്ചിരുന്നത്, പിന്നെയോ, അവര്‍ ഇന്ത്യ മുഴുവനും - ദക്ഷിണേന്ത്യയും അതുപോലെ തന്നെ ഉത്തരേന്ത്യയും - അധിനിവേശിച്ചിരുന്നുവെന്നത് അംഗീകരിക്കാന്‍ അതിലും കുറച്ചു പേര്‍ മാത്രമേ- തയ്യാറാവുകയുള്ളു. എന്നിരുന്നാലും ഇവ ചരിത്രസത്യങ്ങളാകുന്നു. (ഡോ. അംബേദ്ക്കര്‍-സമ്പൂര്‍ണ കൃതികള്‍ മലയാള പരിഭാഷ വാല്യം 14, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്. പരിഭാഷ- ഇഗ്നേഷ്യസ് കാക്കനാടന്‍).
പറയ ജാതിക്കാര്‍ അഥവാ ആദിദ്രാവിഡര്‍ തങ്ങളുടെ സ്വത്വവും സ്വാതന്ത്ര്യ ബോധവും അവരുടെ നായകനായി അവതരിപ്പിക്കപ്പെടുന്ന തങ്കലാനിലൂടെ തിരിച്ചറിയുന്നതും അതിനായി പൊരുതുന്നതുമാണ് ഈ സിനിമയുടെ മുഖ്യപ്രമേയങ്ങളിലൊന്നായി വരുന്ന പഴങ്കഥകളിലെ കഥാപാത്രങ്ങളും അവരുമായി തങ്കലാന്‍ സ്ഥാപിക്കുന്ന ബന്ധങ്ങളും പാരസ്പര്യങ്ങളും കാണിച്ചു തരുന്നത്.
കാടയന്‍ എന്ന തങ്കലാന്റെ മുതുമുത്തച്ഛന്‍ (വിക്രം) തനിക്കായി സ്വര്‍ണം ശേഖരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന രാജാവിനോട് പകരം ആവശ്യപ്പെടുന്നത് നിലമാണ്. ജീവസ്ഥാനം, ബ്രഹ്മസ്ഥാനം, ദേവസ്ഥാനം (ജന്മം, ബ്രഹ്മസ്വം, ദേവസ്വം) എന്നീ പേരുകളിട്ട് ആദിമനിവാസികളുടെ നിലം മുഴുവനും രാജാവും നാടുവാഴികളും തട്ടിപ്പറിച്ചെടുത്തില്ലേ, അതാണ് ഞങ്ങള്‍ തിരിച്ചു ചോദിക്കുന്നത് എന്നാണ് കാടയന്‍ പറയുന്നത്. പഞ്ചമര്‍ നിലം ആവശ്യപ്പെടുകയോ എന്നാണ് രാജാവിനൊപ്പമുള്ള ബ്രാഹ്മണബാലന്‍ ഇതിനെ പരിഹസിക്കുന്നത്. എല്ലാ സമുദായങ്ങള്‍ക്കും താഴെയുള്ളവര്‍-ശൂദ്രരിലും താഴെയുള്ള അധ:സ്ഥിതര്‍ എന്നാണ് പഞ്ചമര്‍ എന്ന വാക്കിന്റെ ഉദ്ദേശ്യം. തമിഴ്‌നാട്ടിലെ ദളിത് നവോത്ഥാന നായകനായ പണ്ഡിത് അയോത്തിദാസ് 1891ല്‍ റെട്ടൈമലൈ ശ്രീനിവാസനോടൊപ്പം ചേര്‍ന്ന് പഞ്ചമര്‍ മഹാസഭ എന്ന സംഘടന രൂപീകരിക്കുന്നുണ്ട്. 1892ലാണ് പന്ത്രണ്ടു ലക്ഷം ഏക്കര്‍ ഭൂമി ബ്രിട്ടീഷ് ഭരണകൂടം തമിഴ്‌നാട്ടിലെ ദളിതര്‍ക്കായി വിതരണം ചെയ്തത്. പഞ്ചമി നിലം എന്നാണീ വിഭാഗത്തിലുള്ള ഭൂസ്വത്തുക്കള്‍ അറിയപ്പെടുന്നത്. പില്‍ക്കാലത്ത് ഇതില്‍ ബഹുഭൂരിപക്ഷം സ്ഥലവും മേല്‍ജാതിക്കാര്‍ കൈവശപ്പെടുത്തി. സര്‍ക്കാരിന്റെ വ്യവസായപാര്‍ക്കുകള്‍ പോലും ഇത്തരം ഭൂമിയിലുണ്ട്. പഞ്ചമി നിലം തിരിച്ചെടുക്കാനായി തമിഴ്‌നാട്ടിലെ ദളിത് സംഘടനകളും കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും പതിറ്റാണ്ടുകളായി സമരം ചെയ്തു വരുന്നു.
പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്ന വ്യാജ ആവരണത്തോടെ അടുത്ത കാലത്ത് തെലുങ്കില്‍ നിന്നും കന്നടയില്‍ നിന്നും വിക്ഷേപണം ചെയ്യപ്പെട്ട ഏതാനും സിനിമകളുടെ സമഗ്രാധിപത്യപരവും സവര്‍ണ-വരേണ്യവും ആയ ഭാവുകത്വത്തെ തങ്കലാന്‍ നിഷേധിക്കുന്നു. ഒന്നും രണ്ടും കെജിഎഫുകള്‍, ആര്‍ ആര്‍ ആര്‍ എന്നീ സിനിമകളില്‍ നിന്ന് തങ്കലാനിലേക്കുള്ള ദൂരം വ്യക്തമായാല്‍ ഇത് വെളിപ്പെടും. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിനെ മാഫിയാ-കോര്‍പ്പറേറ്റ്-കേന്ദ്ര ഭരണ പ്രതിഭാസമായും അതിന്റെ പ്രതികാര രഥയാത്രകളായും വിലോഭനീയവത്ക്കരിക്കപ്പെടുന്ന ഒന്നും രണ്ടും കെജിഎഫുകള്‍, കോളാര്‍ തങ്കനിലം അഥവാ കോളാര്‍ സ്വര്‍ണഖനിയുടെ തൊഴിലാളി, അധസ്ഥിത, ദളിത്, മനുഷ്യാധ്വാന ഉള്ളടക്കത്തെ റദ്ദു ചെയ്യാനുദ്ദേശിക്കുന്ന സിനിമയാണ്. അതേ തങ്കനിലം, ആദിദ്രാവിഡരായ പറയജനതയുടെ ത്യാഗോജ്വലമായ അദ്ധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലവും പ്രതിഫലവുമാണെന്ന ചരിത്രയാഥാര്‍ത്ഥ്യമാണ് തങ്കലാനില്‍ വ്യാഖ്യാനിക്കപ്പെടുന്നത്.
സ്വര്‍ണം തേടിയുള്ള അധ്വാനത്തിന്റെ ഒരു ഘട്ടത്തില്‍, ബ്രിട്ടീഷ് മേധാവി സായിപ്പായ ക്ലെമന്റിന്റെ പക്കലുള്ള പണവും ഭക്ഷ്യവസ്തുക്കളും എല്ലാം ശുഷ്‌ക്കമാവുന്നു. അഥവാ അപ്രകാരമാണ് അയാളും പിണിയാളുകളും തൊഴിലാളികളോട് പറയുന്നത്. ഇനി സ്വര്‍ണം കണ്ടെത്തിയാലേ കൂലിയുള്ളൂ എന്നു തന്നെ കങ്കാണിയായ മേല്‍ജാതിക്കാരന്‍ പ്രഖ്യാപിക്കുന്നുമുണ്ട്. അപ്പോഴാണ് അവരുടെ കണ്‍മുന്നില്‍ ഒരു പോത്ത് പ്രത്യക്ഷപ്പെടുന്നത്. ഇതാ നിങ്ങളുടെ ഭക്ഷണം തയ്യാര്‍ (യുവര്‍ ഫുഡ് ഈസ് റെഡി) എന്ന് ക്ലെമന്റ് സായിപ്പ് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. എല്ലാവരും പോത്തിനെ പിടികൂടാനായി മുന്നേറുമ്പോള്‍, സ്വപ്‌നങ്ങളിലും മിത്തുകഥകളിലും സദാ മുങ്ങിക്കിടക്കുന്ന തങ്കലാന്‍ ഒരു നിമിഷം അന്ധാളിപ്പില്‍ പോത്തിന്‍ പുറത്ത് ആരതി വരുന്നതായി ഉള്‍ക്കണ്ണില്‍ തെളിയുമ്പോലെ കാണുന്നു. എന്നാല്‍, പെട്ടെന്ന് തന്നെ മുമ്പൊരിക്കല്‍ ഭാര്യ ഗംഗാമ്മ അയാളോട് പറയുന്നതു പോലെ, നിദാനത്തിലേയ്ക്ക് വരാന്‍ അയാള്‍ക്ക് സാധിക്കുന്നു. അപ്പോള്‍, ഒരു നിമിഷം പോലും പാഴാക്കാതെ ആരതിയെന്ന സ്വപ്‌ന-വിശ്വാസ-ആരാധനാ മൂര്‍ത്തി( ദേവിയുടെയും യക്ഷിയുടെയും സ്വര്‍ണം കാവല്‍ക്കാരിയുടെയും എല്ലാം നിയോഗം ഉള്ളവളാണ് ആരതി)യെ സ്വന്തം കാഴ്ചയില്‍ നിന്ന് എടുത്തു മാറ്റി പോത്തിന്റെ കഴുത്തില്‍ തന്നെ വെട്ടി തന്റെ സംഘാംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ-മാംസം ശേഖരിക്കുന്നു. ഇത് -ബീഫ് - കഴിച്ച് ശക്തി സംഭരിച്ച് നാളെ പണിയെടുത്ത് സ്വര്‍ണാന്വേഷണം തുടരണം എന്നും അയാള്‍ പറയുന്നുണ്ട്. സ്വപ്നം, വിശ്വാസം എന്നിവയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്കും നേതൃത്വച്ചുമതലയിലേയ്ക്കുമുള്ള തങ്കലാന്റെ പെട്ടെന്നുള്ള പരിണാമങ്ങള്‍ മാന്ത്രിക വേഗത്തിലാണ് സാധ്യമാവുന്നത്.
ശബ്ദമല്ല, അതിശബ്ദമാണ് പുതിയ കാലത്തെ മുഖ്യധാരാ സിനിമയുടെ പ്രതീക്ഷിത ക്രമം. എന്നാൽ നിങ്ങൾ കേൾക്കാത്ത ശബ്ദത്തിന്റെ ആധിക്യം കൂടിയാണ് തങ്കലാനിലുള്ളത്. ആരതി സ്വര്‍ണവേട്ടക്കാരെ പായിപ്പിക്കാനായി അലറുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുക. ആ അലറലില്‍ മുമ്പിലുള്ളവരെല്ലാം വിറകൊള്ളുകയും നില്ക്കുന്നിടത്ത് ഉറച്ചു നില്ക്കാന്‍ പോലും പാടു പെടുകയുമാണ്. അതാണ് നാഗര്‍ എന്ന ആദിമനിവാസികളുടെ ശബ്ദത്തിന്റെ കരുത്ത്.
തലമുറകളായി നാം നമ്മുടെ മാന്യതയ്ക്കും ആത്മാഭിമാനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിക്കൊണ്ടേ ഇരിക്കുകയാണ്. ജാത്യധീശത്വം നിലനിര്‍ത്തുന്നവര്‍ നമ്മളെ കൊന്നൊടുക്കുകയാണ്. അതിനു പകരം ആ വ്യവസ്ഥ മാറ്റുന്നതിനു വേണ്ടി പ്രയത്‌നിച്ച് മരിക്കുകയാണ് നാം വേണ്ടത് എന്നാണ് തങ്കലാന്‍ പറയുന്നത്. നോക്കുക, മലയാള സിനിമയില്‍ ആണധീശത്വത്തിലൂടെ വേട്ടക്കാര്‍ വിലസുമ്പോള്‍ അതിനെതിരെ ധീരമായ സമരം നയിച്ച പാര്‍വതി തിരുവോത്തിനെ തന്റെ സിനിമയുടെ നായികയാക്കി അവതരിപ്പിക്കുന്ന പാ രഞ്ജിത്ത്; പഴയതും പുതിയതുമായ എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുമുള്ള സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്നു.
തങ്കലാന്റെ മകന്റെ പേര് അശോകന്‍ എന്നാണ്. പ്രാചീന ഇന്ത്യയുടെ ചരിത്രത്തില്‍ അശോകരാജാവിനുള്ള വിശേഷ സ്ഥാനം ഇതോര്‍മ്മിപ്പിക്കുന്നു. മഹാനായ അശോകന്‍ ബുദ്ധമതാനുയായിയായിരുന്നു. തങ്കലാനിലെ അശോകന്‍, തല വെട്ടി മാറ്റിയ ബുദ്ധപ്രതിമയെ കണ്ടെടുക്കുകയും അതിന്റെ ബാക്കി ശരീരത്തിനായുള്ള അന്വേഷണം തുടരുകയും അത് കണ്ടെത്തി യോജിപ്പിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ബ്രാഹ്മണാധീശത്വത്തിനെതിരെ ബുദ്ധമതം സ്വീകരിക്കാന്‍ ദളിതര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അംബേദ്ക്കര്‍ മാത്രമല്ല അയോത്തിദാസ് പണ്ഡിതരും ബുദ്ധമതത്തിലേക്കുള്ള മതംമാറ്റത്തെ പ്രോത്സാഹിപ്പിച്ചു. തലൈവെട്ടി മുനിയപ്പന്‍ എന്ന സേലം ജില്ലയിലെ പെരിയേരി ഗ്രാമത്തിലുള്ള ദൈവ വിഗ്രഹം ബുദ്ധന്റേതായിരുന്നുവെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ വാര്‍ത്തയും ഈ വിഗ്രഹത്തിന് സിനിമയിലുള്ള പ്രാധാന്യം കണ്ടപ്പോള്‍ ഓര്‍മ്മ വന്നു.
ഐതിഹ്യങ്ങളും പുരാണ കഥകളും ചരിത്രങ്ങളും സവര്‍ണ-വരേണ്യ ആഖ്യാനങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ അതിലെല്ലാമുള്ള ഒരു മാറ്റിയെഴുത്താണ് പാ രഞ്ജിത്ത് നടത്തുന്നത്. തിരക്കഥാ രചനയില്‍ പങ്കാളികളായ തമിഴ് പ്രഭയും അഴകിയ പെരിയവനും അദ്ദേഹത്തെ ഇതില്‍ സഹായിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ കോളനിയായ ഇന്ത്യയിലുണ്ടായിരുന്ന അധീശത്വം ഏറെ വിപുലവും സങ്കീര്‍ണവുമായിരുന്നു എന്നെല്ലാവര്‍ക്കുമറിയാം. തൊട്ടുകൂടാത്തവരുടെ കൂട്ടാളികളായി ചിലപ്പോള്‍ നടിക്കുന്ന അവര്‍ ആത്യന്തികമായി മേലാള ജാതിക്കാരുടെ താല്പര്യങ്ങള്‍ തന്നെയാണ് സംരക്ഷിച്ചത്. തങ്കലാന്‍ സിനിമയിലെ ബ്രാഹ്മണ കഥാപാത്രങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ കൊടുക്കുന്ന ആനുകൂല്യങ്ങളും ദളിതരോടുള്ള അവരുടെ ഇരട്ട സമീപനങ്ങളും വ്യക്തമാണ്. ബ്രിട്ടീഷ് അധികാരിയായ ക്ലെമന്റ് ഇംഗ്ലീഷില്‍ പറഞ്ഞ വാക്യങ്ങള്‍ തെറ്റായും വിരുദ്ധമായും മൊഴി മാറ്റി തമിഴില്‍ പറയുന്ന ബ്രാഹ്മണാധികാരിയെ തങ്കലാന്‍ തിരുത്തുന്ന രംഗം അതിഗംഭീരമാണ്.
ബ്രിട്ടീഷുകാരനായ മുതലാളിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള തൊഴിലാണ് നിര്‍വഹിക്കുന്നതെങ്കിലും തങ്കലാന്റെ തങ്കം (സ്വര്‍ണം) തേടല്‍ അതിന്റെ രൂപകാത്മകമായ മാനത്തിലും വീക്ഷിക്കപ്പെടേണ്ടതുണ്ട്. താനടങ്ങുന്ന സമുദായത്തിന്റെ ചരിത്രവും പാരമ്പര്യവും തേടുകയും അതോടൊപ്പം തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയെ അതില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സാംസ്‌ക്കാരിക-രാഷ്ട്രീയ വസ്തുവായി തങ്കം ഇവിടെ പരിണമിക്കുന്നു.
സിനിമയില്‍ സ്വര്‍ണം കാക്കാനായി കുതിച്ചെത്തുന്ന കരിമ്പുലി (ബ്ലാക്ക് പാന്തര്‍), ദളിത് ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനത്തിന്റെ ദേശീയവും അന്തര്‍ദേശീയവുമായ പ്രത്യയശാസ്ത്രമാനങ്ങളെ പ്രതിനിധീകരിക്കുന്നു. ദളിതരുടെ ബ്ലാക്ക് പാന്തര്‍ പാര്‍ടിയാണ് തങ്ങളുടെ തെരഞ്ഞെടുപ്പു ബഹിഷ്‌ക്കരണ നയം ഉപേക്ഷിച്ച് മുഖ്യധാരാ രാഷ്ട്രീയ കക്ഷിയായി മാറിയ വിടുതലൈ ചിരുത്തൈകള്‍ കക്ഷി അഥവാ വിമോചനപ്പുലികള്‍. ഇന്ത്യാ മുന്നണിയിലെ ഉറച്ച ഘടകകക്ഷിയായ വിസിക; ചിദംബരം, വിഴുപ്പുരം എന്നീ ലോകസഭാ സീറ്റുകളില്‍ നിന്ന് വിജയിച്ചു.
ജല്‍ ജംഗല്‍ ജമീന്‍ (ജലം, കാട്, ഭൂമി) എന്ന അടിസ്ഥാനപരവും ഗംഭീരവുമായ മുദ്രാവാക്യം ഉയര്‍ത്തി ബ്രിട്ടീഷുകാര്‍ക്കെതിരെയും നാട്ടുരാജാക്കന്മാര്‍ക്കെതിരെയും ജന്മിത്തനാടുവാഴിത്ത-ജാതിവ്യവസ്ഥയ്‌ക്കെതിരെയും സമരം നയിച്ച കൊമുറം ഭീം എന്ന ആദിവാസി നേതാവിനെ, അല്ലൂരി സീതാരാമരാജു എന്ന ബ്രാഹ്മണനായ സ്വാതന്ത്ര്യസമര നേതാവിനു മുമ്പില്‍ അറിവില്ലാത്തവനായി അവതരിപ്പിച്ച ആര്‍ ആര്‍ ആര്‍ ബോധപൂര്‍വ്വമുള്ള അസത്യത്തെ പുതുകാല ഡാറ്റയായി ഉറപ്പിച്ചെടുക്കാനുള്ള പരിശ്രമമായിരുന്നു. വാസ്തവത്തില്‍ ഇവര്‍ രണ്ടുപേരും ഒരേ കാലത്ത് ജീവിച്ചവരല്ല. കണ്ടുമുട്ടിയിട്ടു തന്നെ ഉണ്ടാവില്ല. ഭൂമി(നിലം)യ്ക്കു വേണ്ടിയുള്ള അവകാശ പ്പോരാട്ടമാണ് ദളിതര്‍ക്കും ആദിവാസിജനതയ്ക്കും സുപ്രധാനമായി നിര്‍വഹിക്കാനുള്ളത് എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തങ്കലാന്‍ ആര്‍ ആര്‍ ആറിന്റെ പ്രതിലോമപരതയെയും ചെറുക്കുന്നു.
സ്വര്‍ണം അരിച്ചെടുക്കുന്നതിനു പകരമായി നിങ്ങള്‍ക്കെന്താണ് വേണ്ടത് എന്ന രാജാവിന്റെ ചോദ്യത്തിനു മറുപടിയായി കാടയന്‍ പറയുന്നതിപ്രകാരമാണ്: നെലം ചെങ്കോലേ നെലം. നിലമാണ് തങ്ങള്‍ക്കാവശ്യം എന്നതു മാത്രമല്ല,
രാജാവിനെ കാടയന്‍ വിളിക്കുന്നത് ചെങ്കോലേ എന്നാണെന്നതാണ് ഏറ്റവും പ്രധാനം. ചെങ്കോല്‍ അധികാരത്തിന്റെ പ്രകടനമായി അടുത്തിടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് അതു കൊണ്ടു പോയതും. അതുകൊണ്ട്, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആദിവാസിയായിരുന്ന മൂപ്പന്‍ രാജാവിനെ ചെങ്കോലേ എന്നു വിളിച്ചിരുന്നു എന്ന് പുതിയ തമിഴ് സിനിമയിലൂടെ തന്നെ നാം കേള്‍ക്കുമ്പോള്‍, പുതിയ കാലത്തെ ഇന്ത്യന്‍ ജനതയെ ചരിത്രത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് പാ രഞ്ജിത്ത് ചെയ്യുന്നത്.
രാജാവിനെ, അയാളുടെ മര്‍ദനോപകരണവും അധികാരചിഹ്നവുമായ ചെങ്കോലേ എന്നു വിളിക്കുന്നതു പോലെ, മേല്‍ജാതിക്കാരനായ നാടുവാഴിയുടെ കണക്കപ്പിള്ളയായ ബ്രാഹ്മണനെ കണക്കേ എന്നാണ് തങ്കലാന്‍ വിളിക്കുന്നത്. അടിയാളരെ ചൂഷണം ചെയ്യാനും നിത്യാടിമകളാക്കി വെയ്ക്കാനുമുള്ള കണക്കു വിദ്യക്കാരനാണയാള്‍ എന്നതിനാല്‍ അയാളുടെ മര്‍ദനമുറയെ തന്നെ അയാളുടെ പേരാക്കി വിളിക്കുന്ന തങ്കലാന്റെ ധാര്‍ഷ്ട്യം എത്രമാത്രം ഉചിതമാണെന്നു നോക്കുക.
മുഖ്യധാരാ സിനിമയായ തങ്കലാന്റെ സ്വാധീനം സിനിമാശാലകളിലോ ഓടിടി പ്ലാറ്റ്‌ഫോമിലോ ആയി അവസാനിക്കാന്‍ പോകുന്നില്ല. ഇന്ത്യയിലെ ചരിത്രകാരര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും കൊളോണിയല്‍, കൊളോണിയല്‍ പൂര്‍വ്വ കാലഘട്ടങ്ങളിലെ ദളിത് ജീവിതങ്ങളെയും മുന്നേറ്റങ്ങളെയും പുനരന്വേഷിക്കേണ്ടിവരും.അത്തരമൊരു പ്രവൃത്തിയ്ക്ക് പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്ന ആശയ-ആവിഷ്‌ക്കാര
ഗാംഭീര്യം കൊണ്ട് തമിഴ് സിനിമയെയും അതിലൂടെ ഇന്ത്യൻ സിനിമയെയും എടുത്ത് അട്ടിമറിക്കുകയും അമ്മാനമാടുകയും കണ്ടെടുക്കുകയും ചെയ്യുന്ന പാ രഞ്ജിത്തിന് അഭിവാദനങ്ങൾ.
References:1. Thangalaan and its unparalleled ambition -Rajesh Rajamani(https://maktoobmedia.com/more/film-and-tv/thangalaan-and-its-unparalleled-ambition/)
2. Pa. Ranjith’s ‘Thangalaan’ is another compelling portrayal of the struggles of the Bahujan- Neeraj Bunkar (https://www.forwardpress.in/2024/08/pa-ranjiths-thangalaan-is-another-compelling-portrayal-of-the-struggles-of-the-bahujan/)
3. Thangalaan - A Cinematic Exploration of Social Struggle and Empoverment - Ibin nayakam (https://www.roundtableindia.co.in/thangalaan-a-cinematic-exploration-of-social-struggle-and-empowerment/)
4. From Thalaivetti Muniyappan To Buddha in India by A B Karl Marx Siddharthar (https://countercurrents.org/2022/08/from-thalaivetti-muniyappan-to-buddha/ - )
6. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആദിവാസികളും -കെ സഹദേവന്‍ (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)