Spoiler Alert
"സെമീറെ നീ പെങ്ങളോട് നിക്കാഹിന് സമ്മതം ചോദിച്ചിട്ട് വാ, പിന്നെ എല്ലാവരും കേള്‍ക്കെ ചോദിക്കണെ"
നിക്കാഹിനെത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിലിരുന്ന് മൊല്ലാക്കയുടെ ചോദ്യമുയരുമ്പോള്‍ സെമീറിന്റെയുള്ളിലെ നീറ്റലും കുറ്റബോധവും സമ്മതം ചോദിക്കാനായി പെങ്ങളുടെ അടുത്തേക്കുള്ള നടപ്പുമാണ് സുലൈഖ മന്‍സിലിന്റെ ക്ലൈമാക്‌സ്, അഥവാ ആ ഒറ്റ സീനില്‍ അവസാനിക്കുന്നതല്ല ആ ചോദ്യത്തിന്റെ രാഷ്ട്രീയം കാലങ്ങളായി മലയാള സിനിമയും സാഹിത്യവും വാര്‍ത്തകളും മുന്നോട്ട് വെച്ച മുസ്ലീം ജീവിതത്തിന്റെ ശക്തമായ തിരുത്തലാണ്.
പ്രിയദര്‍ശന്റെ 'കിളിച്ചുണ്ടന്‍ മാമ്പഴ'മടക്കം എത്രയോ സിനിമകള്‍ മുസ്ലീം സാംസ്‌കാരിക ജീവിതത്തെ അപഹാസ്യമാക്കി വഷളന്‍ ചിരിയും കൈയ്യടിയും നേടിപ്പോയ തിയറ്ററുകളിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പൊന്നാനിക്കാരന്‍ മുസ്ലീം സാംസ്‌കാരികത എത്രമാത്രം പുരോഗമനപരവും മാറ്റങ്ങള്‍ക്ക് വിധേയവുമാണന്ന് ഒരു നിക്കാഹിലൂടെ വിളിച്ച് പറയുന്നത്. മതത്തെ വ്യാഖ്യാനിക്കുന്ന പൗരോഹിത്യത്തിന്റെ വ്യക്തിതാല്‍പര്യങ്ങളും രാഷ്ട്രീയവും ഒരു സമുദായത്തെ തന്നെ അപരിഷ്‌കൃതരെന്ന് മുന്ദ്രകുത്തപ്പെടാന്‍ ഇടയാക്കിയതെങ്ങിനെ എന്ന അനുഭവമുണ്ട് മുസ്ലീംജീവിത പരിസരത്തിന്.
അഷറഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സില്‍ ആ അര്‍ത്ഥത്തില്‍ കേവലം ഒരു പെരുന്നാള്‍ പടമല്ല,മറിച്ച് മാറിയ കാലത്തെ അടയാളപെടുത്തുന്ന പുതുതലമുറയുടെ മുഴുവന്‍ വൈബും ഓരോ ഫ്രെയിമിലും ആഘോഷിക്കുന്ന അടിപൊളി പടമാണ്. അതാകട്ടെ മലബാറിലെ മനുഷ്യരുടെ ജാതി മത ദ്വേഷമില്ലാത്ത സഹവർത്തിത്വത്തിന്റെയും കൂടി അനുഭവമാണ്.
നമ്മുടെ കഥപറച്ചിലിന് എക്കാലവും നിയതമായ ഒരു പാറ്റേണുണ്ട്, നായകന്‍, നായിക, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, വില്ലന്‍. നന്‍മ / തിന്‍മ അങ്ങിനെ,നന്‍മയുടെ പക്ഷത്ത് ശ്വാസമടക്കിപിടിച്ചിരിക്കുന്ന പ്രേക്ഷകര്‍, ഒടുവിൽ നൻമയുടെ വിജയത്തിൽ കൈയ്യടികളോടെ തിയറ്റർ വിടുന്ന പ്രേക്ഷകർ ഈ ടാർഗറ്റിനെ മറികടക്കാനുള്ള ധൈര്യം അപൂര്‍വം സംവിധായകര്‍ക്കെ ഉണ്ടായിട്ടുള്ളു. എന്നാല്‍ അഷറഫ് ഹംസ ഈ ക്ലീഷെ നരേഷനെ അടിമുടി പുതുക്കുന്നുണ്ട്. അത്ര സങ്കീര്‍ണ്ണമായ ഒരു കഥപോലും ക്രിയേറ്റര്‍ക്ക് ആവശ്യമില്ലന്ന് തോന്നും തിയ്യറ്ററില്‍ നിക്കാഹും കൂടി നമ്മള്‍ പുറത്തിറങ്ങുമ്പോള്‍, നെഗറ്റീവ് കഥാപാത്രങ്ങളൊന്നുമില്ലാതെ ഒരു കഥ പറയുന്നതിന് നല്ല കൈയ്യടക്കം വേണം. അതേസമയം പ്രേക്ഷകന് ആദ്യാവസാനം നായികാ നായകന്‍മാരെ പോലെ ആന്‍സൈറ്റിയും എക്‌സൈറ്റ്‌മെൻ്റും അനുഭവിക്കുവാനും പറ്റുന്നുണ്ട്.
ബോഡി ഷെയിമിങ്ങ് എങ്ങിനെയാണ് മനുഷ്യരെ ബാധിക്കുന്നതെന്ന് ലളിതമായി പറഞ്ഞ 'തമാശ' യിലൂടെ വരവറിയിച്ച സംവിധായകനാണ് അഷറഫ് ഹംസ. വഴിതര്‍ക്കം കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. പക്ഷെ 'ഭീമന്റെ വഴി' എന്ന ചിത്രത്തിലൂടെ ഒരു വഴിയും ചുറ്റുവട്ടത്തെ മനുഷ്യരും വഴി വെട്ടാനുള്ള തർക്കവും നമ്മളില്‍ പലരെയും കുറ്റബോധമുള്ളവരാക്കുന്നതു കൂടിയായിരുന്നു. ഒരു ചെറിയ വഴിപോലും എത്രമാത്രം പൊളിറ്റിക്കലാണന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നുണ്ട് ആ ചിത്രത്തില്‍. നിലപാടുള്ള, തന്റേടമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് അഷ്രഫിന്റേത്. അവര്‍ പ്രണയിക്കാന്‍ മാത്രമുള്ളവരല്ല എന്ന് അടുത്തിടെ അഷറഫ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുമുണ്ട്. ഞാനെഴുതുന്ന നായകന്‍മാര്‍ പൊതുവെ അതിമാനുഷികരല്ല,ഭയങ്കര സുന്ദരൻമാരും,അത്ര സത്യസന്ധരുമല്ല മറിച്ച്
സാധാരണ മനുഷ്യരാണ്. ഓരോരുത്തര്‍ക്കും അവനവന്‍ ഹീറോ ആയിട്ടുള്ള ഒരു സറ്റോറിയുണ്ടാകും. അതാണ് തന്റെ അന്വേഷണമെന്നു മുള്ള തൻ്റെ നിലപാടിനോട് യോജിച്ച് പോകുന്നുണ്ട് മൂന്നാമത്തെ സിനിമയും വിവാഹം രണ്ട് വ്യക്തികളുടെ ജീവിതം എന്നതിനപ്പുറത്തേക്ക് രക്ഷിതാക്കളുടെ ബാധ്യതയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ആഘോഷവുമാണെന്ന സാമ്പ്രദായികതയില്‍ തന്നെയാണ് സിനിമയും മുന്നോട്ട് പോകുന്നത്. അതേ സമയം വിവാഹമെന്ന ആഘോഷം മുന്നോട്ട് വെക്കുന്ന സാംസ്‌കാരിക പരിസരത്തെ വേറിട്ടതാക്കുവാന്‍ ശ്രമിക്കുന്നുമുണ്ട്. അത് ഈ കാലത്ത് പ്രസക്തവുമാണ്.
പൊന്നാനിയിലെ വിവാഹ വീടാണ് സിനിമയുടെ പശ്ചാത്തലം. എല്ലാം ഉള്ളിലൊതുക്കി സ്വയം കാരണവര്‍ സ്ഥാനത്ത് നില്‍ക്കുന്ന ഇക്കാക്ക,ഇരു വീടുകളിലെയും ബന്ധുക്കള്‍ സുഹൃത്തുക്കള്‍ കാരണവന്‍മാര്‍ അവരുടെ ആഘോഷങ്ങള്‍ ആശങ്കകള്‍ ഇങ്ങനെ ആകെ മൊത്തം വൈബാണ് സുലൈഖ മന്‍സില്‍. മുസ്ലീം കല്യാണം എന്നാല്‍ പിന്നെ ഒരു ഒപ്പന എന്ന പതിവിനെ പുതുതലമുറ ലംഘിക്കുന്നുണ്ട്,അവര്‍ക്ക് ഒപ്പനയുള്‍പ്പടെ അടിപൊളി ആഘോഷമാണ്,മാപ്പിള പാട്ടിന്റെ ചടുലതയില്‍ പുരുഷനും സ്ത്രീയും ഒരുമിച്ച് നൃത്തം ചെയ്യുന്ന പുതിയകാലത്ത് ഒരു ഒളിച്ചുകടത്തലും സംഭവിക്കുന്നില്ല.മക്കന,പര്‍ദ തുടങ്ങിയ സാമ്പ്രദായികതകളെ പ്രായമായ ഉമ്മമാര്‍ പോലും മറികടക്കുന്നുണ്ട്. സംഭാഷണങ്ങളിലെവിടെയും യാഥാസ്ഥിതികത്വം വരുന്നേയില്ല.തലേന്നാള്‍ പോലും നിനക്ക് അവനെ പറ്റിയില്ലങ്കില്‍ നിക്കാഹ് വേണ്ടന്ന് വെക്കാമെന്ന് ഉറച്ച്പറയുന്ന പെണ്‍നിലപാട് മാറുന്നകാലത്തിന്റെ അടയാളപെടുത്തലാണ്. കുട്ടികളുടെ പ്രണയം പോലും അത്ര നിഷ്കളങ്കമായി ആവിഷ്കരിക്കുന്നുണ്ട്.
ആഘോഷങ്ങള്‍ക്കപ്പുറം രണ്ട് വ്യക്തികളുടെ മാനസിക ഐക്യമാണ് വിവാഹമെന്ന തിരിച്ചറിവുകൂടിയുണ്ട് ഈ സിനിമയില്‍. വിവാഹമുറപ്പിച്ചതിന് ശേഷവും തനിക്കൊരു എക്‌സൈറ്റ്‌മെന്റില്ലെന്ന് ഹാല (അനാര്‍ക്കലി മരയ്ക്കാര്‍) പറയുന്നുണ്ട്. ഒരാഴ്ചകൊണ്ട് ബന്ധുക്കള്‍ ഉറപ്പിച്ച വിവാഹമാണ്, പ്രവാസിയായ അമീനും(ലുക്ക്മാന്‍ അവറാന്‍) ഹാലയും തമ്മില്‍ ഒരു മുന്‍പരിചയവുമില്ല.വിവാഹത്തിന് മുന്‍പ് ഒരിക്കലെങ്കിലും കാണണമെന്ന അവരുടെ പ്രത്യേകിച്ച് അമീന്റെ ആഗ്രഹവും അതിനായുള്ള ശ്രമങ്ങളുമാണ് ആഘോഷങ്ങള്‍ക്കപ്പുറം സിനിമയെ ഉദ്വോഗജനകമാക്കുന്നത്. ക്ഷമ നശിച്ച പുരുഷന്റെ സകല ദേഷ്യവും അമീന്‍ പ്രകടിപ്പിക്കുന്നുണ്ട്. ഒരു ബന്ധത്തെകുറിച്ചും സ്ത്രീയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഇത്രയും ജഡ്ജ്‌മെന്റലാകരുതെന്ന് ഹാല അമീന് നല്‍കുന്ന മുന്നറിയിപ്പ് പെണ്‍കുട്ടികള്‍ കൈവരിക്കുന്ന സ്വാതന്ത്ര്യബോധവും നിലപാടുമാണ്.തനിക്കും വ്യക്തിത്വമുണ്ടെന്ന ഹാല യുടെ ഓർമ്മപ്പെടുത്തൽ പുതിയ കാലത്തെ പെൺകുട്ടികളുടെ ശബ്ദം തന്നെയാണ്.
ഏറ്റവും ലളിതമായി മനുഷ്യരുമായി സംവദിക്കുന്നു എന്നതാണ് മാപ്പിളപാട്ടിന്റെ ഇശലുകളുടെ പ്രത്യേകത.സന്തോഷവും ദുഖവും പ്രണയവും വിരഹവുമൊക്കെ മലബാറിലെ സാധാരണമനുഷ്യര്‍ പാടി നടന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിഷ്വല്‍ മീഡിയ യുടെ വ്യാപനഘട്ടത്തില്‍ ആല്‍ബം സോങ്ങ്‌സ് ഉണ്ടാകുന്നത്. ഒരു കാലത്ത് വലിയ ട്രെന്റാണ് ഇത്തരം പാട്ടുകളുണ്ടാക്കിയത്.
ഒരു പാട്ടിലൂടെ ഒരു കഥയോ വിശേഷമോ പങ്ക് വെക്കുന്നതാണ് ആല്‍ബങ്ങളുടെ സവിശേഷത. സിനിമയുടെ തുടക്കത്തില്‍ ഇത്തരമൊരു കഥയുണ്ട്',തിയറ്റര്‍ ആസ്വാദനത്തില്‍ ഈ കഥയ്ക്കും പാട്ടിനും ഒരു ഏച്ചുകൂട്ടല്‍ തോന്നുമെങ്കിലും അതിവേഗം അതിനെ മറികടക്കുന്നുണ്ട്.ജനപ്രിയ ആല്‍ബം സോങ്ങ്‌സും അടിപൊളിയായി തന്നെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.ടികെ കുട്ടിയാലിയുടെയും സലീം കോടത്തൂരിന്റെയും പാട്ടുകള്‍ ചിത്രത്തിന്റെ മൊത്തം പോസറ്റീവ് വൈബിന് ആക്കം കൂട്ടുന്നതായി.
വിവാഹ വീട്ടിലെ പുരുഷ ആഘോഷങ്ങള്‍മാത്രം കൂടുതല്‍ കണ്ട് ശീലിച്ച മലയാള സിനിമയ്ക്ക് സുലൈഖ മന്‍സില്‍ ഒരു തിരുത്താണ്. വ്യക്തിപരമായ ചോയ്‌സ് കൂടിയാകണം വിവാഹം ആഘോഷങ്ങള്‍ക്കപ്പുറത്ത് ആ ചോയിസിനെയും പരിഗണിക്കുന്നുണ്ട്.
വിവാഹിതരാകാൻ പോകുന്ന രണ്ട് പേർക്ക് ഒന്ന് കാണുവാനുള്ള അവസരമുണ്ടാകുന്നില്ല എന്നത് വല്ലാത്ത വൈരുദ്ധ്യമാണ് അതേ സമയം ഇപ്പോഴും തുടരുന്ന സദാചാര ബോധ്യങ്ങളുമായി ചേർന്ന് നിൽക്കുന്നതുമാണ്.
രണ്ട് സന്ദര്‍ഭങ്ങളിലും തന്നോട് അരഗന്റായി പെരുമാറിയ അമീനോട് അവള്‍ ക്ഷിമിക്കുന്നതിന് ഒറ്റ കാരണമെയുള്ളു അത് "ഇത്രയും ആളുകളെ സങ്കടപ്പെടുത്തണ്ട "
എന്ന അമീന്റെ മനസാണെന്ന് പറയുന്നിടത്ത് ചെറുതല്ലാത്ത കോമ്പര്‍മൈസ് ഫീല്‍ ചെയ്യുന്നുണ്ട്. എന്നാല്‍ മനുഷ്യരൊന്ന് മനസ് തുറന്ന് സംസാരിച്ചാല്‍ തീരാത്ത സങ്കടങ്ങളും പരാതികളുമില്ലന്നും സിനിമ പറയാതെ പറയുന്നുണ്ട്.
ബാങ്ക് വിളിയുടെ പശ്ചാത്തലത്തില്‍ കഥ ക്കും പ്രണയവും പറഞ്ഞ സൂഫിയും സുജാതയുടെയും സംവിധായകന്‍ അകാലത്തില്‍ പൊലിഞ്ഞ ഷാനവാസ് നരണിപ്പുഴയും മുസ്ലീം യുവാവിന്റെയും ദളിത് പെണ്‍കുട്ടിയുടെയും പ്രണയം പറഞ്ഞ കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ ബാവകുട്ടിയും പൊന്നാനിക്കാരാണ്. സാഹിത്യത്തിലെ പൊന്നാനി കളരിയ്ക്ക് സിനിമയില്‍ തുടര്‍ച്ചയുണ്ടാകുന്നത് ആഹ്ലാദകരമായ കാഴ്ചയാണ്.
ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തില്‍ സിയ എന്ന ട്രാന്‍സ്‌മെന്‍ കഥാപാത്രമായി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച
അനാര്‍ക്കലി മരിക്കാരുടെ വേറിട്ട കഥാപാത്രമാണ് ഹാലപര്‍വീണ്‍, എത്ര അനായാസമായാണ് അവര്‍ പൊന്നാനിക്കാരിയാകുന്നത്.
എത്ര രസകരമായാണ് ഓരോ സിറ്റുവേഷനിലും അവര്‍ ബിഹേവ് ചെയ്യുന്നത്. സിനിമാ ലോകത്തിന് ഇനിയും ഇവരില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാം.ലുക്ക്മാനും ചെമ്പന്‍ വിനോദിന്റെ സെമീര്‍ബാവ എന്ന ഇക്കാക്കയും ഗംഭീരമായി.പൊന്നാനിയിലെ നാടക പ്രവര്‍ത്തകരായ സക്കറിയയും ഉണ്ണിക്കയുമടക്കം നിരവധിപേര്‍ ഈ സിനിമയിലുണ്ട്. അടിമുടി പൊന്നാനിക്കാരുടെ സിനിമയാണ് എന്നാല്‍ പ്രമേയപരമായി പ്രാദേശികത്വം ഭേദിക്കുകയും ചെയ്യുന്നു.
തിയറ്ററില്‍ നിന്ന് തന്നെ കാണേണ്ട സിനിമയാണ് സുലൈഖ മന്‍സില്‍. ഒരു അടിപൊളി കല്യാണം കൂടി പുറത്തിറങ്ങുന്ന സുഖമുണ്ടാകും ഉറപ്പ്.