കോവിഡ് എന്ന മഹാമാരി കേരളത്തെ സംബന്ധിച്ച് റിയാലിറ്റിയുടെ ഒരു പുതിയ ലോകമായിരുന്നു. നിങ്ങളുടെ അപ്പുറത്തും ഇപ്പുറത്തുമുണ്ടായിരുന്ന ഒരുപാട് വേണ്ടപ്പെട്ടവരെ അത് കൂട്ടിക്കൊണ്ടു പോയി. മിക്കവാറും കാല്പനികമായിരുന്ന പല ഇല്യൂഷനുകളിൽ നിന്നും കോവിഡ് നിങ്ങളെ മോചിപ്പിച്ചു. മനുഷ്യരെ ബാധിക്കുന്ന യഥാർത്ഥമായ പ്രശ്നങ്ങളിലേക്കും അനുഭവങ്ങളിലേക്കും അത് നിങ്ങളെ മടക്കിക്കൊണ്ടുവന്നു. കേട്ടറിവിലൂടെ മാത്രം അറിഞ്ഞിരുന്ന പാൻഡെമിക് വാർത്തകൾ ഓരോരുത്തർക്കും സ്വന്തം അനുഭവങ്ങളായി മാറി.
ഈ മാറ്റങ്ങൾ മലയാള സിനിമയിലും പ്രതിഫലിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ മനസ്സിലാകും. ഓപ്പറേഷൻ ജാവ, ദ ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ, വർത്തമാനം, ആർക്കറിയാം, ജോജി, പട, പുഴു, പക, നിഷിദ്ധോ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഈ നിരയിൽ ഒടുവിലത്തെ ഐറ്റമാണ് സൗദി വെള്ളക്ക.
2021-ന്റെ തുടക്കത്തിലാണ് തരുൺ മൂർത്തി എന്ന സംവിധായകൻ ഓപ്പറേഷൻ ജാവയുമായി തന്റെ സിനിമായാത്ര ആരംഭിച്ചത്. താൽക്കാലിക ജീവനക്കാരുടെ അനാഥമാക്കപ്പെട്ട ജീവിതമായിരുന്നു ഉള്ളടക്കം. '22 അവസാനമായപ്പോൾ സൗദി വെള്ളക്കയുമായി അയാൾ വീണ്ടുമെത്തുന്നു.
അനിശ്ചിതമായി കാലങ്ങളോളം നീണ്ടു പോകുന്ന കോടതി വ്യവഹാരത്തിലൂടെ നിയമവ്യവസ്ഥ തന്നെ ഫലത്തിൽ അനീതിയായി മാറുന്നതാണ് സിനിമയുടെ മുഖ്യ പരിസരം. നിയമത്തിൽ എന്താക്കെ ഉണ്ടെങ്കിലും നീതി പലപ്പോഴും വഴുതിവഴുതി എവിടെയോ പോയി വീഴുന്ന ദുരവസ്ഥ. അതിന്റെ ഹൃദയം തൊടുന്ന ആവിഷ്കാരമാണ് തരുൺ സ്ക്രീനിലെത്തിച്ചത്.
ആകസ്മികമായി ഒരു കേസിൽപ്പെട്ട ഐഷ റാവുത്തർ എന്ന വൃദ്ധയായ സ്ത്രീയുടെ വർഷങ്ങൾ നീളുന്ന കോടതിവ്യവഹാരം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പഴുതുകൾ പുറത്തു കൊണ്ടുവരുന്നു. വീട്ടിൽ നിന്ന് കോടതിയിലേക്കും തിരിച്ചുമുള്ള അവരുടെ നടപ്പ് നമ്മുടെ വ്യവസ്ഥയുടെ ദുരന്തപൂർണ്ണമായ അലിഗറിയായിത്തീരുന്നു. ചൈതന്യ തമാന്നേയുടെ രാജ്യാന്തര ശ്രദ്ധ നേടിയ കോർട്ട് എന്ന സിനിമയിൽ ഇന്ത്യൻ നീതി ന്യായ സംവിധാനങ്ങളുടെ ജീർണ പരിസരം മുമ്പ് കണ്ടിട്ടുണ്ട്. സൗദി വെള്ളക്കയിലെത്തുമ്പോൾ നിയമസംവിധാനവും കോടതിയും നിയമ വ്യവഹാരങ്ങളിലെ അഴിയാക്കുരുക്കുകളും മനുഷ്യരിൽ, അവരുടെ ജീവിതാവസ്ഥകളിൽ, സാമൂഹ്യാന്തരീക്ഷത്തിൽ എത്രത്തോളം ആഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കനത്തിൽ തന്നെ പറഞ്ഞുപോകുന്നു.
ഓപ്പറേഷൻ ജാവയിൽ കാരക്ടർ റോളുകളിലേക്ക് അവസരം പരീക്ഷിക്കുന്നവരായ ഒരു പറ്റം അഭിനേതാക്കളിലൂടെ ഒരു പ്രൊസീജർ ഡ്രാമയുടെയും ത്രില്ലറിന്റെയും ഫാമിലി ഡ്രാമയുടെയും മിക്സ് അവതരിപ്പിക്കാനാണ് തരുൺ മൂർത്തി ശ്രമിച്ചത്. ക്ലീൻ എന്റർടെയിനർ സ്വഭാവത്തിലായിരുന്നു ആ സിനിമയുടെ അവതരണം. സൗദി വെള്ളക്കയിലേക്ക് വരുമ്പോൾ ഒരു ഫീൽ ഗുഡ് ഡ്രാമയുടെ അന്തരീക്ഷം നഷ്ടപ്പെടുത്താതെ തന്നെ സിനിമാറ്റിക് റിയലിസത്തിലൂടെയുള്ള ആഖ്യാനത്തിനാണ് തരുൺ ശ്രമിച്ചിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ പോലൊരു സിനിമയുടെ ആസ്വാദനാനുഭവവുമായി സൗദി വെള്ളക്കയെ പ്രേക്ഷകർ താരതമ്യം ചെയ്യുന്നതും അതു കൊണ്ടാവാം.
പെർഫോർമൻസ് ഡ്രിവൻ എന്ന നിലയിൽ, വന്നു ചേരുന്ന ഓരോ കഥാപാത്രങ്ങളുടെയും മികച്ച പ്രകടനത്തെ ഊർജമാക്കി നീങ്ങുന്ന കഥ പറച്ചിൽ രീതിയെ ആണ് തരുൺ മൂർത്തി സൗദി വെള്ളക്കയിൽ ഉപയോഗിച്ചിരിക്കുന്നത്. ദേവി വർമ്മയുടെ ഐഷ റാവുത്തർ എന്ന കഥാപാത്രത്തെ നോക്കിയാൽ മനസിലാകും, മാനറിസങ്ങളിലും വികാര പ്രകടനങ്ങളിലും ചലനങ്ങളിലുമെല്ലാം അടിമുടി അപ്രതീക്ഷിതത്വം നിലനിർത്തിയാണ് ഐഷാ റാവുത്തർ( ദേവി വർമ്മ) സിനിമയിലുടനീളം പ്രേക്ഷകരിലെത്തുന്നത്. ഐഷയുടെ ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ വൈകാരികമായും, മാനസികമായും അവർ എങ്ങനെയൊക്കെ നേരിടുമെന്നും അവർ എങ്ങനെ മുന്നോട്ടുപോകുമെന്നും പിടികിട്ടാത്ത വിധത്തിൽ ഒരു സർപ്രൈസ് ആ കാസ്റ്റിംഗിംലും പെർഫോർമൻസിലും കാണാം.
കാസ്റ്റിങ്ങിലെ വ്യതിരിക്തത അതിനാൽ തന്നെ എടുത്തു പറയേണ്ട സവിശേഷതയാണ്. താരപരിവേഷത്തെ മൊത്തത്തിൽ അകറ്റി നിർത്തി കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന വൈകാരിക തലത്തിലേക്ക് ആക്ടേഴ്സിനെ പ്ലേസ് ചെയ്യുകയാണ് തരുൺ. ഏറെക്കുറെ പുതിയ മുഖങ്ങളെത്തന്നെ കഥാപാത്രങ്ങൾക്കായി കണ്ടെത്തി, അവരുടെ അഭിനയശേഷി പുറത്തു കൊണ്ടുവന്നതിലൂടെ സിനിമയ്ക്കു കൈവന്നിട്ടുള്ള ഫ്രഷ്നസ് ഒന്നു വേറെയാണ്.
ഐഷ റാവുത്തരായി വേഷമിട്ട ദേവി വർമ്മയുടെ ഒട്ടും അതിഭാവുകത്വമില്ലാത്ത ആവിഷ്കാരമാണ് സിനിമയുടെ ഹൈലൈറ്റ്. നിശബ്ദത കൊണ്ടും ചില നോട്ടങ്ങളാലും നിസഹായതയുടെ ഭിന്നതലങ്ങൾ പ്രതിഫലിപ്പിക്കുന്ന ശരീരഭാഷയിലൂടെയും ഐഷ റാവുത്തർ സമീപകാല മലയാള സിനിമയിലെ ഉജ്വല പ്രകടനങ്ങളിലൊന്നുമാണ്. സുജിത് ശങ്കറിന്റെ പ്രകടനവും എടുത്തുപറയേണ്ട ഒന്നാണ്. സിനിമയുടെ സർപ്രൈസ് കാസ്റ്റിംഗും പെർഫോർമൻസുമായി സുജിത് മാറുന്നുണ്ട്. സത്താറും ബ്രിട്ടോയും തമ്മിലുള്ള ഒരു സീനിൽ ഉലഞ്ഞുപോകുന്ന, ഉള്ള് തകർന്നു നിൽക്കുന്ന സത്താറിലൂടെ സുജിത് ശങ്കർ തന്നിലെ മികച്ച അഭിനേതാവിനെ അനുഭവപ്പെടുത്തുന്നുണ്ട്. ഐഷ റാവുത്തറിന്റെ എതിർവശത്തുള്ള അഭിലാഷ് ശശിധരനായി ലുക്മാൻ മികച്ച പ്രകടനമാണ്. ക്ലൈമാക്സിനോട് അടുത്ത് നിൽക്കുന്ന സീനിലെത്തുമ്പോൾ അഭിലാഷിൽ പല കാലങ്ങളിലായി സംഭവിക്കുന്ന മാറ്റങ്ങളെ, ഉൾക്കൊള്ളലുകളെ തൊട്ടറിയാനാകുന്ന തരത്തിൽ ലുക്മാൻ അഭിനയിച്ചിട്ടുണ്ട്. ബ്രിട്ടോ എന്ന കഥാപാത്രമായി രണ്ട് കാലങ്ങളിൽ രണ്ട് വൈകാരിക തലത്തിൽ നിൽക്കുന്ന ബിനു പപ്പുവിന്റെ കാരക്ടറും സൗദി വെള്ളക്കയുടെ കരുത്താണ്. ഇതിനൊപ്പം ധന്യ അനന്യ, രമ്യ, നിൽജ,ഗോകുലൻ എന്നിവരുടെ പ്രകടനവും എടുത്തു പറയണം.
അഭിലാഷിന്റെ സ്കൂൾ കാലം മുതൽ യൗവനം വരെയുള്ള കാലത്തിലൂടെ നീങ്ങുന്ന സിനിമയെ സമയ കാലങ്ങളുടെ സമന്വയമായി ഒരൊറ്റ മൂഡിലേക്കും, വൈകാരികമായി പല മൂഡുകളിലേക്കും കൊണ്ടുപോകും വിധമാണ് ശരൺ വേലായുധന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിംഗും. സാങ്കേതിക പരിചരണത്തിൽ സവിശേഷമായ മികവ് അനുഭവപ്പെടുത്തിയ സമീപകാല സിനിമകളിലൊന്നുമാണ് സൗദി വെള്ളക്ക.
പല സമയങ്ങളിലായി ഓരോ കഥാപാത്രങ്ങളും നേരിടുന്ന ആന്തരിക സംഘർഷങ്ങളെയും, വീടിന് പുറത്തേക്കുള്ള ഐഷയുടെ യാത്രയും അവതരിപ്പിച്ച രീതി, കോടതി രംഗങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ആവർത്തന വിരസമാക്കാതെ കൈകാര്യം ചെയ്ത വിഷ്വൽ കൊറിയോഗ്രഫിയുമെല്ലാം സൗദിയുടെ മികവാണ്. നവാഗതനായ പാലി ഫ്രാൻസിസ് എന്ന മ്യൂസിക് ഡയറക്ടറുടെ പശ്ചാത്തല ഈണവും പാട്ടുകളും ഈ മൂഡിനോട് ചേർന്ന് പോകുന്നു. ശരണിനും നിഷാദിനുമൊപ്പം സൗണ്ട് ഡിസൈൻ നിർവഹിച്ച വിഷ്ണു ഗോവിന്ദും ശ്രീശങ്കറും കളറിസ്റ്റ് ലിജു പ്രഭാകറും സൗദി വെള്ളക്കയിൽ ഈ സമന്വയം സാധ്യമാക്കുന്നതിൽ നിർണായകമായിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ഫിലിംമേക്കറുടെ വ്യക്തവും ദൃഢവുമായ ഇടപെടൽ സിനിമയുടെ തിരക്കഥയിലും മെയ്ക്കിങ്ങിലും ഉടനീളം കാണാം. കാണികളെ പോസിറ്റീവായി സ്വാധീനിക്കുന്ന തരത്തിൽ നിങ്ങളുടെ വൈകാരികതയെയും മാനവികത ബോധത്തെയും കൃത്യമായി സ്വാധീനിക്കുന്നു. സിനിമ കണ്ടുകൊണ്ടിരിക്കെ കാണികളിൽ സംഭവിക്കുന്ന ആനുഭൂതികമായ അനുഭവത്തിലും ഫിലിം മേക്കർ കാര്യമായി ഇടപെടുന്നുണ്ട് എന്നർത്ഥം. സിനിമയുടെ പ്ലോട്ട് തെരഞ്ഞടുക്കുന്നതിൽ തരുൺ മൂർത്തി പുലർത്തുന്ന വിവേചനബോധം രണ്ടു സിനിമകളിലും വ്യക്തമാണ്. സ്‌റ്റേറ്റിന്റെയും അധികാരത്തിന്റെയും നൂലാമാല നിറഞ്ഞ നൂറായിരം നടപടിക്രമങ്ങളിൽ കുടുങ്ങി ജീവിതം ഹോമിക്കപ്പെടുന്ന പാവം മനുഷ്യരുടെ നിശ്ശബ്ദമായ സഹനങ്ങൾക്ക് ശബ്ദം നൽകുന്നതിലൂടെ തന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിബദ്ധത സംവിധായകൻ ഉറപ്പിക്കുകയാണ്.
താരമൂല്യമുള്ള സിനിമകളിലൂടെ മാത്രം വികസിപ്പിക്കുന്ന ചലച്ചിത്ര വിപണിയെ ഒരു പറ്റം പുതുനിര അഭിനേതാക്കളിലൂടെ പുതുക്കിപ്പണിയാൻ ഒരുമ്പെട്ട സന്ദീപ് സേനൻ എന്ന നിർമ്മാതാവിന് കൂടി അവകാശപ്പെട്ടതാണ് സൗദി വെള്ളക്കയ്ക്ക് ലഭിക്കുന്ന കയ്യടി. ആസ്വാദന നവീകരണം ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകരിലുള്ള വിശ്വാസം കൂടിയാണ് സൗദി വെള്ളക്ക.
അന്തിമമായി, സംവിധായകൻ എന്ന നിലയിൽ തരുൺ മൂർത്തി പുലർത്തുന്ന സിനിമാസമീപനം സമകാലികരായ ഇതര ഫിലിം മേക്കർമാരിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്. അയാൾ ഇടപെടുന്നത് സിനിമയുടെ സാങ്കേതികപൂർണ്ണതയിലോ അതിന്റെ സൗന്ദര്യതലങ്ങളിലോ മാത്രമല്ല, ആസ്വാദകന്റെ മനസ്സിലും കൂടിയാണ്. അഥവാ അയാൾ സംവിധാനം ചെയ്യുന്നത് പ്രേക്ഷകമനസ്സിനെത്തന്നെയാണ്. അനുതാപമാർന്ന മനസ്സും നിറഞ്ഞ കണ്ണുകളുമായി തീയേറ്റർ വിട്ടിറങ്ങുന്ന നിങ്ങളെ സിനിമ ഇത് തെളിവുസഹിതം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.