മട്ടാഞ്ചേരിയിലെ ഉമ്മമാര്‍ പറയുന്ന പോരാട്ട-സമരചരിത്രം

മട്ടാഞ്ചേരിയിലെ ഉമ്മമാര്‍ പറയുന്ന പോരാട്ട-സമരചരിത്രം
Published on

'വിഡ്ഢികളേ, നിങ്ങള്‍ ജനങ്ങളുടെ വെറുപ്പ് വാങ്ങിക്കൂട്ടും. അതു നിങ്ങളുടെ മേല്‍ത്തന്നെ വന്നുപതിക്കും' എന്ന് പോലീസിന്റെ അടികൊണ്ട് വീഴുമ്പോള്‍ മാക്‌സിംഗോര്‍ക്കിയുടെ അമ്മ പിലഗേയ നീലോവ്‌ന വിളിച്ചു പറയുന്നുണ്ട്. ലെനിന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ച അമ്മ എന്ന നോവലിന്റെ മലയാള പരിഭാഷയൊക്കെ വരുന്നതിനും എത്രയോ മുന്‍പ് മലബാറില്‍ നിന്ന് മട്ടാഞ്ചേരി തുറമുഖത്തേക്ക് കുടിയേറിയ ഒരു ഉമ്മയുടെ ജീവിത കഥയാണ് തുറമുഖം.

വിലക്കപ്പെട്ട കനി തിന്നതിന് ഏദന്‍തോട്ടത്തില്‍ നിന്നു പുറത്താക്കിയ ആദം ശ്രീലങ്കയിലെ ആദം മലയിലാണ് പിന്നീട് കഴിഞ്ഞതെന്നു കരുതി പായ്ക്കപ്പലില്‍ മദ്ധ്യേഷ്യന്‍ തീരങ്ങളില്‍ നിന്ന് പലരും യാത്രതിരിച്ചിട്ടുണ്ടത്രെ. കാറ്റിന്റെ ദിശ മാറിയും കപ്പല്‍ച്ചേതം മൂലവും സൂഫികള്‍ മലബാറിന്റെ തീരത്തുമെത്തി. കൊളമ്പിലെ ആദംമല തേടി പായ്ക്കപ്പലില്‍ യാത്ര പോയ ഹാദി മരക്കാരെ ഹൂറി കൊണ്ടുപോയൊരു യക്ഷിക്കഥയുടെ കപ്പല്‍പ്പാട്ട് അന്‍വര്‍ അലിയെഴുതി ഷഹബാസ് അമന്‍ ഈണം നല്‍കി ചിട്ടപ്പെടുത്തിയിട്ടുണ്ട് തുറമുഖം സിനിമക്ക് വേണ്ടി. കരയില്‍ തന്നെ തനിച്ചാക്കിപ്പോയ മരയ്ക്കാരെ കാത്തുനില്‍ക്കുകയാണ് മൊയ്തുവിന്റെയും സഖാവ് ഹംസയുടെയും ഖദീജയുടെയും ഉമ്മ. ഞാന്‍ പോയാലും നീ മക്കളെ നോക്കില്ലേ എന്ന് മൈമു ചോദിക്കുമ്പോള്‍ അവര്‍ കുടിലിലേക്ക് ധീരമായൊരു തിരിഞ്ഞുനടത്തം നടക്കുന്നുണ്ട് . അവരാണ് തുറമുഖത്തെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി.

ആധുനികവ്യവസായത്തിന്റെ പ്രവര്‍ത്തനം മൂലം തൊഴിലാളികള്‍ക്കിടയിലുള്ള കുടുംബബന്ധങ്ങള്‍ സര്‍വ്വത്ര അറ്റുപോകുന്നതിനെക്കുറിച്ചും അവരുടെ മക്കള്‍ വെറും വ്യാപാരസാമഗ്രികളും അധ്വാന ഉപകരണങ്ങളുമായി മാറുന്നതിനെപ്പറ്റിയും മാര്‍ക്‌സ് വികാരതീവ്രതയോടെ മാനിഫെസ്റ്റോയില്‍ എഴുതുന്നുണ്ട്.

മലയാളസിനിമയുടെ കുടുംബകഥ എന്ന പരികല്‍പ്പനയില്‍ ഒരിക്കലും ഇടം നേടാതെ പോയ 'കുടുംബകഥയാണിത്.' ഇതിഹാസപുരുഷന്‍മാരുടെ ഫ്യൂഡല്‍ കെട്ടുകഥകള്‍ക്ക് ലഭിക്കുന്ന എപ്പിക് പദവിയും കിട്ടാനിടയില്ലാത്ത പ്രമേയ പരിസരമാണ്. ആഖ്യാനമാകട്ടെ വലതു പൊതുബോധത്തില്‍ മേയുന്ന സൗന്ദര്യധാര്‍മ്മിക സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്തുന്നതുമല്ല. ഈ നിലയ്‌ക്കെല്ലാം തുറമുഖം പോപ്പുലര്‍ കള്‍ച്ചറിന് ഒരു എതിരാഖ്യാനം ചമയ്ക്കുന്നുണ്ട്. ചരിത്രത്തിന്റെ കണ്ണാടിക്കാഴ്ചയൊരുക്കുന്നുണ്ട്. ഒരു ബ്രഹ്‌മാണ്ഡസിനിമയെടുത്ത് എപ്പിക്ക് ഫിലിംമേക്കിങ്ങിന്റെ മുന്‍മാതൃകളെ രാജീവ് രവി ഉടയ്ക്കുന്നുണ്ട്.

ഒറ്റവാക്കില്‍ തുറമുഖം വര്‍ഗ്ഗസമരത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. തൊഴിലിടവും തെരുവും തൊഴിലാളിയുടെ കുടിലും ഈ സമരത്തിന്റെ അരങ്ങും ആള്‍ക്കൂട്ടവുമായിത്തീരുന്നുണ്ട്. പ്രതിഭാശാലിയായ ഒരു ചിത്രകാരനു മുന്നിലെത്തിപ്പെടുന്ന കാന്‍വാസ് പോലെ രാജീവ് രവിയുടെ ക്യാമറയ്ക്കു മുന്നിലെത്തുന്നവരെല്ലാം അനുപമായ പ്രതിഭ പുറത്തെടുക്കുന്നു.

ആധുനിക വ്യവസായം കടല്‍മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും ലോകകമ്പോളത്തെ വികസിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ അനിവാര്യമായിത്തീര്‍ന്ന ബൂര്‍ഷ്വാസിയും തൊഴിലാളിയും തമ്മിലുള്ള വര്‍ഗ്ഗസംഘര്‍ഷത്തെ തുറമുഖം ദൃശ്യവല്‍ക്കരിക്കുന്നു. ഒരേ സമയം ഒരു ചരിത്രസംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായി ഇരിക്കുമ്പോള്‍ തന്നെ വര്‍ഗ്ഗസമരത്തിന്റെ സാര്‍വ്വദേശീയമായ ഒരു മാനം കൈവരുന്നുണ്ട് തുറമുഖത്തിന്. തുറമുഖം കണ്ടുകഴിഞ്ഞ് ഒന്നുകൂടി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുമ്പോള്‍ ആ രാഷ്ട്രീയമാനം കുറേക്കൂടി വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത വിധം തെളിഞ്ഞു വരും.

മാനിഫെസ്റ്റോയുടെ ആദ്യ അധ്യായം മാര്‍ക്‌സും എംഗല്‍സും തുടങ്ങിയത് ഇങ്ങനെയായിരുന്നു: 'നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടേയും ചരിത്രം വര്‍ഗ്ഗസമര ചരിത്രമാണ്. സ്വതന്ത്രനും അടിമയും, പട്രീഷ്യനും പ്ലെബിയനും, ജന്മിയും അടിയാനും, ഗില്‍ഡ് മാസ്റ്ററും വേലക്കാരനും - ചുരുക്കിപ്പറഞ്ഞാല്‍ മര്‍ദ്ദകനും മര്‍ദ്ദിതനും - തീരാവൈരികളായി നിലകൊള്ളുകയും ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും ഇടതടവില്ലാതെ പോരാട്ടം നടത്തുകയും ചെയ്തു. സമൂഹത്തിന്റെയാകെയുള്ള വിപ്ലവകരമായ പുനസ്സംഘടനയിലോ മത്സരിക്കുന്ന വര്‍ഗ്ഗങ്ങളുടെ പൊതുനാശത്തിലോ ആണ് ഈ പോരാട്ടം ഓരോ അവസരത്തിലും അവസാനിച്ചിട്ടുള്ളത്'.

രാജീവ് രവി എന്ന ബ്രില്ല്യന്റ് റിബല്ല്യസ് ഫിലിം മേക്കറുടെ തുറമുഖം എന്ന സിനിമ മാനിഫെസ്റ്റോയിലെ ഈ നിരീക്ഷണത്തിന്റെ പരിഭാഷയാണ്. വലതു പൊതുബോധവും അതിനെ ഇക്കിളിപ്പെടുത്തുന്ന സിനിമയടക്കമുള്ള പോപ്പുലര്‍ കള്‍ച്ചറും നിരന്തരം അവഹേളിക്കുകയും ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന സംഘടിത തൊഴിലാളിവര്‍ഗ്ഗത്തിനുള്ള ധീരമായ അഭിവാദ്യമാണ് തുറമുഖം. മീനമാസത്തിലെ സൂര്യന് ശേഷം വര്‍ക്കിങ് ക്ലാസ് ലൈഫ് മലയാള സിനിമയുടെ തിരശ്ശീലയില്‍ ചുവപ്പ് പടര്‍ത്തിയ അപൂര്‍വ്വ ചലച്ചിത്ര അനുഭവമാണ് തുറമുഖം.

പ്രതീക്ഷയുടെ മുനമ്പ് ചുറ്റി യൂറോപ്യന്‍മാര്‍ ഇന്ത്യയുടെ തീരത്ത് എത്തുന്നതോടെ അറബിക്കടലിലെ അറേബ്യക്കാരുടെ വ്യാപാരകുത്തകയ്ക്ക് ക്ഷതമേല്‍ക്കുന്നുണ്ട് . അറേബ്യയുമായി നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന കൊടുത്തും വാങ്ങിയും ഇടകലര്‍ന്നും ഉണ്ടായ വ്യാപാരബന്ധം കടുത്ത കൊളോണിയല്‍ ചൂഷണത്തിന് കളം മാറി. മുതലാളിത്ത വ്യവസായത്തിന്റെ വളര്‍ച്ചയില്‍ കപ്പല്‍ഗതാഗതം നിര്‍ണ്ണായകമായിരുന്നു. ഉല്‍പ്പാദനഉപാധികളുടെ ഉടമകളും തങ്ങളുടെ അധ്വാനശക്തി മാത്രം കൈമുതലായ തൊഴിലാളിയുടെയും സംഘര്‍ഷസ്ഥലമായി തുറമുഖം മാറുന്നു. ഉല്‍പ്പാദന ഉപാധികളുടെ ഉടമകളും കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനിക മുതലാളിവര്‍ഗ്ഗമാണ് ബൂര്‍ഷ്വാസി എന്ന് എംഗല്‍സ് മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് പതിപ്പിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. ഉല്‍പാദന ഉപാധികളൊന്നും സ്വന്തമായി ഇല്ലാത്തതിനാല്‍ തങ്ങളുടെ അധ്വാനശക്തി വില്‍ക്കാന്‍ നിര്‍ബന്ധിതരായ കൂലിവേലക്കാരാണ് തൊഴിലാളിവര്‍ഗ്ഗം. പരസ്പരം അഭിമുഖമായി നില്‍ക്കുന്ന രണ്ട് ശത്രുപാളയങ്ങളായി തൊഴിലാളിയും ബൂര്‍ഷ്വാസിയും വരുന്ന ചരിത്രസന്ദര്‍ഭത്തിലാണ് 'തുറമുഖം' സമരമുഖരിതമാകുന്നത്. അപ്പത്തിനും ആത്മാഭിമാനത്തിനും വേണ്ടി തൊഴിലാളികള്‍ തൊണ്ട പൊട്ടിയും ചോര ചിന്തിയും വിളിച്ച മുദ്രാവാക്യങ്ങളാണ് കൊച്ചിയെ ഒരു വ്യവസായനഗരമാക്കി മാറ്റിയത്. മനുഷ്യാന്തസ്സിനും അവകാശങ്ങള്‍ക്കും വേണ്ടി ഒരു ചരിത്രപുസ്തകത്തിലും ഇടം പിടിക്കാതെ പോയ അനേകം മനുഷ്യര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് കൊച്ചാറിനെ കൊച്ചിയാക്കിയത്. മലബാറില്‍ നിന്നും മധ്യതിരുവിതാംകൂറില്‍ നിന്നും കൊച്ചി തുറമുഖത്തേക്ക് കുടിയേറിയ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഈ ആധുനികനഗരത്തിന്റെ മണ്ണും വളവുമായി തീര്‍ന്നത്. മൈമുവിന്റെ കുടുംബവും സാന്റൊ ഗോപാലനും എല്ലാം തൊഴിലിനായി കൊച്ചിയിലേക്ക് കുടിയേറിയവരാണ്.

സാഹസികരായ കൊച്ചിയിലെ അധോലോക നായകന്‍മാരാലും മട്ടാഞ്ചേരി മാഫിയ വഴിയും മലയാള സിനിമയുടെ കൊച്ചി ആഖ്യാനങ്ങളെക്കൂടി രാജീവ് രവി കൊച്ചിയുടെ രാഷ്ട്രീയ ചരിത്രത്തിന്റെ നാനാര്‍ത്ഥങ്ങള്‍ കൊണ്ട് തിരുത്തുന്നുണ്ട്.

കാട്ടാളന്മാര്‍ നാടു ഭരിച്ച്

നാട്ടില്‍ തീ മഴ പെയ്തപ്പോള്‍

പട്ടാളത്തെ പുല്ലായ് കരുതിയ

മട്ടാഞ്ചേരി മറക്കാമോ,

എന്ന മുദ്രാവാക്യത്തില്‍ സിനിമ അവസാനിക്കുമ്പോള്‍ അത് കലയുടെ രാഷ്ട്രീയ വീണ്ടെടുപ്പാകുന്നു.

തൊഴിലുടമകളായ സ്റ്റീവ് ഡോര്‍സ് ചാപ്പയെറിയാന്‍ കങ്കാണിമാരെ ചുമതലപ്പെടുത്തും. പരസ്പരം തല്ലിയും പോരടിച്ചും തൊഴിലാളികള്‍ തൊഴിലവസരത്തിനായി ചാപ്പ കൈക്കലാക്കും. ചാപ്പ കിട്ടാന്‍ വേണ്ടി മനുഷ്യര്‍ നടത്തുന്ന പരാക്രമങ്ങള്‍ കങ്കാണിമാര്‍ ഒരു ക്രൂരവിനോദമായി നോക്കിനില്‍ക്കും. ആ രംഗങ്ങള്‍ എല്ലാം രാജീവ് രവി ചിത്രീകരിച്ചിരിക്കുന്നത് അപാര ബ്രില്ല്യന്‍സോടെയാണ്. വരും തലമുറയ്ക്കുള്ള ചരിത്രപാഠമെന്നോണം സൂക്ഷ്മതയോടെ ഇവിടെ നിലനിന്ന ചാപ്പ സമ്പ്രദായത്തിന്റെ ഭീകരതയെ സംവിധായകന്‍ ആവിഷ്‌കരിക്കുന്നുണ്ട്.

അതിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാകുന്ന രോഷവും ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളും അന്യോന്യമുള്ള കിടമത്സരങ്ങളില്‍ ഭിന്നിച്ചും ക്രമാനുഗതമായി അത് തൊഴിലാളികള്‍ക്കിടയിലെ രാഷ്ട്രീയ സംഘാടനമായി മാറുന്നതും ഒടുവില്‍ തൊഴിലാളി പ്രക്ഷോഭമായി ആഞ്ഞടിക്കുന്നതിന്റേയും ദൃശ്യഭാഷ ചമക്കുന്നതില്‍ രാജീവ് രവി മലയാളത്തില്‍ സമാനതകളില്ലാത്ത കയ്യടക്കം കാണിച്ചിട്ടുണ്ട്. ചെങ്കൊടിക്ക് കീഴില്‍ തൊഴിലാളികള്‍ നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തെ പ്രതീകാത്മകമായി മറികടക്കാനോ സംഭാഷണങ്ങളില്‍ ചുരുക്കാനോ ഒന്നുംതന്നെ സംവിധായകന്‍ മുതിരുന്നില്ല. മറിച്ച് തെരുവിലേയും ഓലമേഞ്ഞ കുടിലിലേയും മനുഷ്യജീവിതങ്ങള്‍ക്ക് പ്രതീക്ഷയും ആത്മാഭിമാനവും നേടിക്കൊടുത്ത മുദ്രാവാക്യങ്ങളിലേക്കും സമര മുന്നേറ്റങ്ങളിലേക്കും ക്യാമറ തുറന്നു വെക്കുകയാണ് സംവിധായകന്‍. മൈമുവിന്റെ ഒറ്റയാള്‍ പോരാട്ടം ഒരു തൊഴിലാളി കുടുംബത്തിന്റെ തീരാനഷ്ടമായി തീരുമ്പോള്‍ ഹംസയുടെ കാലമാകുമ്പോഴേക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും നേടാന്‍ പുതിയ ലോകമുണ്ടെന്നും തങ്ങളുടെ രക്തസാക്ഷിത്വം കൊണ്ട് പ്രഖ്യാപിക്കുന്നവരായി തൊഴിലാളിവര്‍ഗ്ഗം രാഷ്ട്രീയമായി പരിണമിക്കുന്നുണ്ട്. ആ പരിണാമം ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ്.

ചൂഷണത്തില്‍ നിന്നുള്ള തങ്ങളുടെ സ്വയം മോചനത്തിനും സമുഹത്തിന്റെയാകെ പുനസംഘടനക്കു ശേഷിയുള്ള രാഷ്ട്രീയശക്തിയായി തൊഴിലാളിവര്‍ഗ്ഗത്തെ പരിവര്‍ത്തനം ചെയ്തു എന്നതാണ് മാര്‍ക്‌സിസത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചരിത്രസംഭാവന. അതുകൊണ്ട് തന്നെ തൊഴിലാളികളുടെ സംഘാടനത്തോട് അന്നും ഇന്നും എന്നും ക്യാപിറ്റലിസത്തിനും വലതുപക്ഷത്തിനും ശത്രുതാ മനോഭാവമാണ് ഉള്ളത്. വലതുപക്ഷം തൊഴിലാളികളെ സംഘടിപ്പിക്കുന്നതു തന്നെ ആത്യന്തികമായി തൊഴിലാളിഐക്യത്തെ ശിഥിലമാക്കാനും തൊഴിലാളികളുടെ രാഷ്ട്രീയ നിര്‍വ്വഹണശേഷിയെ ദുര്‍ബ്ബലപ്പെടുത്താനുമാണ്. തൊഴിലാളി ഐക്യം സിന്ദാബാദ് എന്നതുതന്നെ ഒരു മുഖ്യ രാഷ്ട്രീയമുദ്രാവാക്യമായി തീരുന്നു. തുറമുഖ തൊഴിലാളിഐക്യത്തെ തുരംങ്കം വെക്കാന്‍ തൊഴിലുടമകളും കങ്കാണിമാരും ശ്രമം നടത്തുന്നുണ്ട്. അത്തരം വലതു തന്ത്രങ്ങളെയെല്ലാം ഇച്ഛാശക്തികൊണ്ട് നേരിട്ട മട്ടാഞ്ചേരിയിലെ തൊഴിലാളികളാണ് കൊച്ചിയെന്ന ആധുനിക വ്യവസായ നഗരത്തിന്റെ തൊഴിലവകാശങ്ങളുടെ മേല്‍വിലാസമെഴുതിയവര്‍. അതുകൊണ്ടു തന്നെയാണ് പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ എന്ന മുദ്രാവാക്യം രാഷ്ട്രീയആഴവും പരപ്പുമേറിയ ഒരു ചോദ്യമായി തീരുന്നത്. തൊഴിലാളിയുടെ സമരത്തിന്റെ വിജയം അപ്പപ്പോള്‍ കിട്ടുന്ന നേട്ടങ്ങളിലല്ല, നേരെ മറിച്ച് തൊഴിലാളികള്‍ക്കിടയിലുണ്ടാകുന്ന പൂര്‍വ്വാധികമായ വളര്‍ച്ചയിലാണ്.

തുറമുഖത്തിന്റെ കാറും കോളുമേറ്റ് ഉറച്ചുപോയൊരു പെണ്ണാണ് മൈമുവിന്റെ ഭാര്യ. മൈമു ഒരു പാതിരാത്രിയില്‍ മക്കളെ ഏല്‍പ്പിച്ച് അപ്രത്യക്ഷമാവുകയാണ്. മക്കളായ മൊയ്തുവും ഹംസയും വിപരീത വഴികളില്‍ സഞ്ചരിക്കുകയാണ്. കല്യാണം കഴിച്ചയച്ച മകള്‍ ഖദീജ മാറാവ്യാധിയുമായി തിരിച്ചുവരികയാണ്. നിരാശ്രയത്വത്തിന്റെ ഓലക്കുടിലിലേക്ക് ഒരുനാള്‍ ഉമാനിയും കടന്നുവരുന്നു . മൊയ്തുവിനെ പച്ചീക്ക് മദ്യത്തിലും വേശ്യാലയങ്ങളിലും തളച്ചിടുന്നു. അയാള്‍ ആ ധാരാളിത്തങ്ങളില്‍ സ്വയം അലിയിച്ച് കളയുന്നു. ഹംസ സന്ദേഹങ്ങളുടെ നോവുകടല്‍ നീന്തിക്കടന്ന് ഉശിരനായ ട്രേഡ് യൂണിയനിസ്റ്റാകുന്നു. ഒടുവില്‍ മൊയ്തുവിന്റെ ശവം കടല്‍ത്തീരത്ത് അടിയുമ്പോഴും ഹംസ തെരുവില്‍ രക്തസാക്ഷിയികുമ്പോഴും അവരുടെ ഉമ്മ തെരുവില്‍ ബാക്കിയാകുന്നു. ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന തിരയേറ്റ് വിറങ്ങലിച്ച തീരത്ത് അവര്‍ ഒറ്റയാകുന്നു.

വീടും വീട്ടുകാരുമില്ലാതെ ശിഥിലമായി കണ്ണിയറ്റുപോകുന്ന തൊഴിലാളികളുടെ കുടുംബകഥയ്ക്ക് മധ്യവര്‍ഗ്ഗം ജീവിതാലസ്യങ്ങളില്‍ നിന്ന് ഉന്‍മേഷവാന്മാരാകുന്ന പോലെ ശുഭപര്യവസായിയാവുക സാധ്യമല്ല . പണിയാളരുടെ ജീവിതം ത്യാഗങ്ങളുടെയും ദുരന്തങ്ങളുടേയും പരമ്പരയാണ്. ആ പരമ്പരയ്ക്ക് സംഗീതത്തിന്റെ വഴിയൊരുക്കുന്നുണ്ട് ''കെ'. മട്ടാഞ്ചേരിയുടെ തീരജീവിതാനുഭവങ്ങളിലേക്ക് സംഗീതത്തിന്റെ അനുപമമായ വഴിതുറക്കുന്നുണ്ട് പശ്ചാത്തല സംഗീത സംവിധായകന്‍ ''കെ''. കപ്പല്‍ ഹോണിന്റെ പല തോതിലുള്ള ബ്ലാസ്റ്റുകളില്‍ അയാള്‍ തുറമുഖ ജീവിതങ്ങളുടെ അകംപൊരുള്‍ തുറക്കുന്നു. തിരക്കോളുള്ള രാത്രിയില്‍ കടല്‍പ്പരപ്പില്‍ നിലാവ് പാളുന്നുണ്ട്, ഉമ്മ കരയില്‍ തനിച്ചാണ്. ''ആദം മല തേടി..ഹാദി അലി മരക്കാര്‍ ..ആലമേറും മര കപ്പല്‍ കേറിപോയി ..ഒരിക്കല്‍ ..!'' എന്ന ഷഹബാസ് അമന്‍ പാടിയ കപ്പല്‍പ്പാട്ടിന് കരയില്‍ തനിച്ചായ മരക്കാരുടെ ബീവി പാടുന്നതായൊരു കൗണ്ടര്‍ സോങ് ഉണ്ട് ചിത്രത്തില്‍. അന്‍വര്‍ അലി തന്നെ എഴുതി കെ ഈണമിട്ട സയനോര പാടിയ 'കരക്കെന്നെ തനിച്ചാക്കിട്ട് ...തിരക്കോളിലേക്ക് പോയോനേ...ഇടക്കൊരോ ന്ലാവ് പാളുമ്പോ .. നിനയ്ക്കും ഞാന്‍ നിന്റെ പായെന്ന്...' എന്ന പാട്ട് മൊയ്തുവിന്റെ അമ്മയുടെ അകംനീറ്റലില്‍ നിന്നുള്ള കരച്ചിലാണ് ആ പാട്ട്.

കയ്‌പ്പേറിയ ജീവിതാനുഭവങ്ങളില്‍ നിന്നു കടഞ്ഞെടുത്ത് കരള്‍നൊന്ത് തോറ്റലറി കനംവച്ച ശബ്ദത്തില്‍ സയനോര പാടുന്നു ...'ഊരിനെന്നെ കാവല്‍ നിര്‍ത്തിച്ച് ...ആദംമല തേടിപോയോനെ...പൂനിലാനങ്കൂരമിട്ടിട്ടും ...പായമരത്തില്ല നീ സ്രാങ്കേ ... ' അരിക് ജീവിതത്തില്‍ നിന്നും വാക്കുകള്‍ അടര്‍ത്തിയെടുത്താണ് അന്‍വര്‍ അലി പാട്ടു കെട്ടിയിരിക്കുന്നത്. മലയാള സിനിമഗാനശാഖയുടെ ഫ്യൂഡല്‍ പദാവലികളെ ജനകീയഭാഷ കൊട്ടും ശബ്ദം കൊണ്ടും അട്ടിമറിക്കുന്നുണ്ട് അന്‍വര്‍ അലി. നഷ്ടങ്ങളുടെയും ആത്മസംഘര്‍ഷങ്ങളുടെയും ചുഴിയിലാണ്ടുപോയ മട്ടാഞ്ചേരിയിലെ ഉമ്മമാര്‍ പറഞ്ഞതും 'വിഡ്ഢികളേ നിങ്ങള്‍ ജനങ്ങളുടെ വെറുപ്പ് വാങ്ങികൂട്ടും' അത് നിങ്ങളുടെ തലയില്‍ തന്നെ വന്നുപതിയ്ക്കും എന്നുതന്നെയാകണം.

Related Stories

No stories found.
logo
The Cue
www.thecue.in