ഓള്, പ്രണയത്തിന്റെ അതീതതലങ്ങള്‍ 

ഓള്, പ്രണയത്തിന്റെ അതീതതലങ്ങള്‍ 

Published on

പ്രണയവും മരണവും മരണാനന്തരം തുടരുന്ന പ്രണയവും ആണു ഷാജി എന്‍ കരുണിന്റെ 'ഓള് കൈകാര്യം ചെയ്യുന്ന പ്രമേയപരിസരം. സര്‍റിയലിസ്റ്റ് ഴോണറില്‍ മലയാളത്തില്‍ പിറന്ന അപൂര്‍വ്വം മികച്ച സിനിമകളില്‍ 'ഓള്'ഉള്‍പ്പെടുന്നു. ബലാല്‍സംഗത്തിന് ശേഷം കായലില്‍ കെട്ടിത്താഴ്ത്തപ്പെട്ട ഒരു പെണ്‍കുട്ടി കായലിനെ ചൂഴ്ന്ന് നില്‍ക്കുന്ന നിഗൂഢ പുണ്യങ്ങളിലൊന്നിന്റെ അഭൗമലതകളാല്‍ ആശ്ലേഷിക്കപ്പെട്ട് ജീവന്റെ ലോകത്തേക്ക് തിരിച്ചെത്തുന്നു. കായല്‍ത്തുരുത്തിലെ വാസു എന്ന ചിത്രകാരനില്‍ മരിച്ചുപോയ പൂര്‍വ്വകാമുകനെ കാണുകയും ഭൂതകാലപ്രണയത്തിന്റെ പുനരുജ്ജീവനം തേടുകയും ചെയ്യുന്നിടത്താണു ഷാജി എന്‍ കരുണിന്റെ 'ഓളി'ന്റെ ആരംഭം. കാലങ്ങളെയും ദേശങ്ങളെയും അതിവര്‍ത്തിച്ച്, ഇതേ കായലിന്റെ അകപ്രവാഹങ്ങളിലേക്ക് ഒഴുകിയെത്തിയ തങ്ങളുടെ ആത്മീയ ദീപ്തിയുടെ ജലഞരമ്പുകള്‍ തിരഞ്ഞ് ഗവേഷകരായ രണ്ട് ബുദ്ധഭിക്ഷുക്കളും ഈ തുരുത്തിലെത്തിച്ചേരുന്നു.

അരൂപിയാണെങ്കിലും ഓള് വാസുവിനെ സംബന്ധിച്ചിടത്തോളം പ്രണയാര്‍ദ്രമായ അനുഭവം തന്നെയാണു. സൗന്ദര്യം, പ്രണയം, കണ്ണുകളിലൊതുങ്ങുന്ന കാഴ്ച മാത്രമല്ല, ഹൃദയത്തിലാഴ്ന്ന അതീന്ദ്രിയ അനുഭവം കൂടിയാണു എന്ന് അയാള്‍ ഓളില്‍ നിന്നറിയുന്നു. ആ അനുഭവത്തില്‍ സ്വയം നഷ്ടപ്പെട്ട് തോണിപ്പുറത്ത് അര്‍ദ്ധബോധത്തില്‍ കിടക്കുന്ന വാസുവിന്റെ ദൃശ്യം അത്രയെളുപ്പമൊന്നും മനസ്സില്‍ നിന്ന് മായുകയില്ല.

മറ്റുള്ളവരുടെ മികച്ച ചിത്രങ്ങളുടെ കോപ്പി വരച്ച് അതിനടിയില്‍ ഒപ്പിട്ട് കച്ചവടം നടത്തുക പോലും ചെയ്യാറുണ്ടായിരുന്ന ഒരു ശരാശരി ചിത്രകാരന്‍ മാത്രമായിരുന്നു വാസു. എന്നാല്‍ ലക്ഷങ്ങളുടെ വിപണിമൂല്യമുള്ള ഒന്നാം നിര പെയിന്റര്‍മാരുടെ നിരയിലേക്ക് ഓളുടെ കൈപിടിച്ച് അയാള്‍ കുതിച്ചുകയറുന്നു. 'വെറും സാധാരണ പുരുഷന്‍ മാത്രമായ' വാസു കാമത്തിനും പണത്തിനും ആര്‍ത്തിക്കും കീഴടങ്ങുകയും ഓളെ മറന്നുപോകുകയും ചെയ്യുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് വികസിക്കുന്നു. കലാകാരനും അയാളുടെ ഉള്ളിലെ മനുഷ്യനും തമ്മിലുള്ള അപ്രതിരോധ്യമായ ആത്മസംഘര്‍ഷത്തിന്റെ ഇരയായി മാറുന്ന വാസു ക്രിയേറ്റീവ് ബ്ലോക്കുകളുടെയും ഡീപ് ഡിപ്രഷന്റെയും നിലയില്ലാത്ത കായലാഴങ്ങളിലേക്ക് ആണ്ടുപോകുമ്പോള്‍ ഓള് 'പ്രണയത്താല്‍ വിശുദ്ധീകരിക്കപ്പെട്ട് ' നീലാകാശത്തിന്റെ അനന്തതയിലേക്ക് പറന്നുയരുകയാണ്.

ഓള്/ മായയുടെ ഉയിര്‍പ്പും പ്രണയവും ഉടലിനപ്പുറം സ്വര്‍ഗ്ഗത്തോളം വളരുന്ന ഉദാത്തതയാണ്. എന്നാല്‍ ആര്‍ത്തികള്‍ക്കും ആസക്തികള്‍ക്കുമപ്പുറം വികസിക്കുവാന്‍ അയാള്‍ക്ക് സാധിക്കുന്നേയില്ല. മായയുടെ പ്രാര്‍ത്ഥന കൂടെയുള്ളപ്പോള്‍ അയാളുടെ കാന്‍വാസില്‍ ഇന്ദ്രജാലങ്ങള്‍ സംഭവിക്കുന്നു; അത് നഷ്ടമാകുമ്പോള്‍ അയാള്‍ പൂര്‍ണ്ണമായും പരിത്യക്തനുമാകുന്നു. ബുദ്ധഭിക്ഷുക്കളില്‍ നിന്ന് അസാധാരണമായ പാരുഷ്യത്തോടെ അയാള്‍ ഈ തിരിച്ചറിവ് നേടുന്നിടത്ത് ഓളുടെ ഉയിര്‍പ്പിന്റെയും പ്രണയത്തിന്റെയും അതീതതലങ്ങള്‍ വായിച്ചെടുക്കാം.

ഓള്, പ്രണയത്തിന്റെ അതീതതലങ്ങള്‍ 
SHANE NIGAM INTERVIEW: വലിച്ചിട്ടാണെന്ന് പറയുന്നവരോട്, എല്ലാവരോടും ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് 

മലയാള സിനിമ അപൂര്‍വമായി മാത്രം കടന്നുചെല്ലുന്ന ഫാന്റസിയുടെയും സര്‍റിലയിലിസ്റ്റിക് പരിചരണത്തിന്റെയും സമന്വയമാണ് ഓള് എന്ന സിനിമയില്‍ ഷാജി എന്‍ കരുണ്‍ പരീക്ഷിച്ചിരിക്കുന്നത്. മിത്തും ഫാന്റസിയും കലര്‍ത്തി ആസ്വാദകര്‍ക്ക് വിവിധ മാനങ്ങളിലേക്ക് പ്രവേശിക്കാനുള്ള സാധ്യത സിനിമ അവശേഷിപ്പിക്കുന്നു.

കുട്ടിസ്രാങ്ക് എന്ന സിനിമയിലും ആഖ്യാന തലത്തില്‍ ഫാന്ററസിയും അംശങ്ങള്‍ സംവിധായകന്‍ ഉണ്ടായിരുന്നു. ഇവിടെ ടിഡി രാമകൃഷ്ണന്‍ എന്ന പ്രതിഭാധനനായ എഴുത്തുകാരനെ ഫാന്റസിയുടെ മറ്റൊരു തലം സൃഷ്ടിക്കാന്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നു. ഇവിടെ കാഴ്ചയില്‍ പല അടരുകളിലേക്ക് വികസിക്കുന്ന ദൃശ്യാഖ്യാനമാണ് ഓള്. എം.ജെ.രാധാകൃഷ്ണന്‍ എന്ന ഛായാഗ്രാഹകന്റെ സിനിമ എന്ന് കൂടി ഓളിനെ വിശേഷിപ്പിക്കാവുന്നതാണ്. 'ഓള്', ഹൃദ്യമായ സൗന്ദര്യാനുഭവമാക്കി മാറ്റാന്‍ എം.ജെ.യ്ക്ക് സാധിച്ചിരിക്കുന്നു. സ്വാഭാവിക വെളിച്ചത്തെ, രാവിന്റെയും പകലിന്റെയും കായലോളങ്ങളുടെയും നനുത്ത ഭാവങ്ങളെ, ഇത്രമേല്‍ സുന്ദരമായി പകര്‍ത്തിയേടുത്ത സിനിമകള്‍ നമ്മുക്ക മലയാളത്തില്‍ കാണാനാവില്ല. നിലാക്കായലിനെ കോരിയെടുക്കുകയും മഹാനഗരത്തെ വരച്ചിടുകയും ചെയ്യുന്ന 'ഓളി'ലെ എം.ജെ.യുടെ അനുപമദൃശ്യങ്ങള്‍ മനം നിറക്കുമ്പോള്‍ എത്ര വലിയൊരു പ്രതിഭയാണു അകാലത്തില്‍ പൊലിഞ്ഞുപോയതെന്നു സങ്കടത്തോടെ ഓര്‍ത്തുപോകും

വാസുവായി ഷെയിന്‍ നിഗവും ഓളാ'യി എസ്തറും മികച്ച പ്രകടനമാണു കാഴ്ച വെച്ചത്. ചില ഘട്ടങ്ങളില്‍ സൂക്ഷ്മഭാവങ്ങള്‍ കൊണ്ട് ഷെയിന്‍ അത്ഭുതപ്പെടുത്തി.

logo
The Cue
www.thecue.in