ദ പ്ലാറ്റ്‌ഫോം: അരാജക ലോകത്തിലെ ഹിംസയുടെ തുരുത്തുകൾ  

ദ പ്ലാറ്റ്‌ഫോം: അരാജക ലോകത്തിലെ ഹിംസയുടെ തുരുത്തുകൾ  

Published on

സ്വാര്‍ത്ഥതയും അസമത്വവും പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യവസ്ഥിതിയുടെ തടങ്കലില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന അത്യന്തം അരാജകമായ അവസ്ഥ എന്താകും എന്ന അന്വേഷണമാണ് ഗല്‍ഡര്‍ ഗസ്‌തെലു-ഊരൂട്യാ (Galder Gaztelu-Urrutia) സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ 'ദി പ്ലാറ്റ്ഫോം' (The Platform) നടത്തുന്നത്. 2019 -ല്‍ ടൊറോന്റോ ചലച്ചിത്രമേളയില്‍ (TIFF) 'മിഡ്നൈറ്റ് മാഡ്നെസ്സ്' വിഭാഗത്തില്‍ ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് (People's Choice Award for Midnight Madness) നേടിയ ചിത്രത്തിന്റെ സ്പാനിഷ് പേര് 'എല്‍ ഒയോ' (El Hoyo) എന്നാണ്. ഒരു തിയേറ്റര്‍ നാടകമായി ആദ്യം എഴുതിയ കഥ പിന്നീട് അതെഴുതിയ പെഡ്രോ റിവേരോ -യും (Pedro Rivero) ഡേവിഡ് ഡിസോള -യും (David Desola) തന്നെ സിനിമയ്ക്കായി സംവിധായകനൊപ്പം ചേര്‍ന്ന് തിരക്കഥയാക്കുകയായിരുന്നു. സയന്‍സ് ഫിക്ഷന്‍-ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ വര്‍ഗ്ഗസമരത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങളാണ് അവതരിപ്പിക്കുന്നത്.

പല നിലകളുള്ള കുത്തനെ നില്‍ക്കുന്ന ഒരു നിര്‍മ്മിതി. എല്ലാ നിലകളുടെയും നിലകളുടെയും നടുവിലായി ചതുരാകൃതിയില്‍ ഒരു വലിയ ദ്വാരം. എത്ര നിലകള്‍ എന്ന് പോലും നിശ്ചയമില്ല. ഓരോ നിലകളിലും രണ്ടു ആളുകള്‍ വീതം. ചാരനിരത്തിലെ ഭിത്തികള്‍. ഇതിന്റെ ഉള്ളിലേക്കു വരുന്ന ഓരോരുത്തര്‍ക്കും കൂടെ എന്തെങ്കിലും ഒരു വസ്തു കരുതാം. ഏറ്റവും മുകളിലത്തെ നിലയില്‍ നിന്ന് ഓരോ നിലകളിലേക്കും സമയക്രമത്തില്‍ നീങ്ങുന്ന തീന്‍മേശ പോലെയുള്ള കോണ്‍ക്രീറ്റ് പ്രതലം. ഈ പറഞ്ഞതെല്ലാം പ്രതീകങ്ങളാണ്. സിനിമ ആരംഭിക്കുന്നത് ഒരാള്‍ വയലിന്‍ വായിക്കുന്ന പശ്ചാത്തല സംഗീതത്തില്‍ കുറെ ആളുകള്‍ 'മികച്ച' രീതിയില്‍ ഭക്ഷണം ഉണ്ടാക്കുന്നത് കാണിച്ചു കൊണ്ടാണ്. ഈ ഭക്ഷണം ഉണ്ടാക്കുന്നവര്‍ എല്ലാം ഒരു മേല്‍നോട്ടക്കാരന്റെ കീഴില്‍ പണിയെടുക്കുന്ന പല വംശീയതയില്‍ പെട്ട തൊഴിലാളികളാണ്. സ്പെയിന്‍ ആകുമ്പോള്‍ അതിലേറെയും കുടിയേറ്റക്കാരായ അഭയാര്‍ത്ഥികളാകാം. തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രുചിയുള്ള ഭക്ഷണം അവര്‍ പാകം ചെയ്യുന്നു. അടുക്കളയില്‍ നിന്ന് ഈ ഭക്ഷണം എങ്ങോട്ടാണ് എന്ന് പോകുന്നത് എന്ന് അവര്‍ക്ക് അറിയില്ല. അത് പോകുന്നത് മുന്‍പ് പറഞ്ഞ ദ്വാരത്തിലൂടെ മുകളില്‍ നിന്ന് ഓരോ നിലകളിലേക്ക് താഴോട്ട് പോകുന്നു. ആ തടങ്കല്‍ സംവിധാനത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും അവരുടെ ആവശ്യത്തിന് വേണ്ട ഭക്ഷണം കൃത്യമായി വെച്ചിട്ടാണ് ആദ്യ നിലയില്‍ നിന്ന് താഴോട്ട് ഭക്ഷണം പോകുന്നത്. വലിയ മുതലാളിമാരുടെ നികുതി കുറച്ചാല്‍ അതിന്റെ ഗുണം മൊത്തം സമൂഹത്തിലേക്കും അരിച്ചരിച്ചിറങ്ങും (trickle-down economics) എന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് പോലെയുള്ള ഒരു സംവിധാനം.

'മൂന്ന് തരത്തിലെ ആളുകളാണ് ഉള്ളത് - മുകളില്‍ ഉള്ളവര്‍, താഴെയുള്ളവര്‍, വീണുപോകുന്നവര്‍' - ഈ വാചകത്തോടെയാണ് സിനിമ തുടങ്ങുന്നത്. മുകളില്‍ ഉള്ളവര്‍ ബാക്കി വെച്ചിരിക്കുന്നത് താഴെ ഉള്ളവര്‍ കഴിക്കണം. ഓരോ നിലകള്‍ താഴോട്ട് വരുമ്പോഴും ഭക്ഷണം കുറഞ്ഞു കുറഞ്ഞു വരും. 48 -ആം നമ്പര്‍ സെല്ലില്‍ കണ്ണ് തുറക്കുന്ന ഗോറെങ് -ലൂടെ (Goreng) നമ്മള്‍ ഈ സംവിധാനം എന്താണ് എന്ന് അറിഞ്ഞു തുടങ്ങുന്നു. അയാള്‍ക്കൊപ്പം ആ നിലയിലുള്ള ട്രൈമാഗസി -ലൂടെ (Trimagasi) നമ്മളും ഗോറെങ്ങും ആ തടങ്കലിനെ കുറിച്ചറിയുകയാണ്. എല്ലാവര്‍ക്കും കഴിക്കാനുള്ള ഭക്ഷണം ഉണ്ടെങ്കിലും സ്വാര്‍ത്ഥതയും അത്യാര്‍ത്തിയും കൈമുതലാക്കിയ മനുഷ്യര്‍ മറ്റുള്ളവരെ പരിഗണിക്കുമോ? മറ്റൊരു പ്രത്യേകത ഓരോ മാസവും താമസിക്കുന്ന നിലകള്‍ മാറിക്കൊണ്ടേയിരിക്കും. ചിലപ്പോ മുകളിലോട്ട്, അല്ലെങ്കില്‍ താഴോട്ട്. ഭക്ഷണം എടുത്ത് ശേഖരിക്കാന്‍ നോക്കിയാല്‍ വെന്തുരുകുന്ന വരെ ചൂടോ, അല്ലെങ്കില്‍ അങ്ങേയറ്റം തണുപ്പോ ഉണ്ടാകും ആ സെല്ലില്‍. ഇങ്ങനെ വിചിത്രമായ ഒരു തടങ്കലില്‍ നടക്കുന്ന വര്‍ഗ്ഗസമരമാണ് (class warfare) സിനിമയുടെ കഥാപശ്ചാത്തലം.

മിഗ്വേല്‍ ദ സെര്‍വന്റെസ് -ന്റെ (Miguel de Cervantes) നോവലായ 'ഡോണ്‍ ക്വിക്സോട്ട്' (The Ingenious Gentlemen Don Quixote of La Mancha) എന്ന പുസ്തകവും കൊണ്ട് തന്റെ പുകവലിനിര്‍ത്താനും ഒരു 'ഡിപ്ലോമ' നേടാനുമാണ് ഗോറിങ് എത്തിയത്. മുതലാളിത്ത ഭോഗപരതയുടെ (consumerism) അടിമയായി ടി.വി. -യില്‍ വരുന്ന ഓരോ പരസ്യങ്ങള്‍ കണ്ടുകൊണ്ട് ഒന്നിന് പിറകെ ഒന്നായി സാധനങ്ങള്‍ വാങ്ങിച്ചു ഒടുവില്‍ ദേഷ്യം വന്നു ആ ടി.വി എടുത്ത് ഒരു അഭയാര്‍ത്ഥിയുടെ (immigrant) തലയില്‍ എറിഞ്ഞു കൊന്ന കൊലപാതക കുറ്റത്തിനാണ് ട്രൈമാഗസി തടങ്കലില്‍ ആയത്. അങ്ങനെ ഓരോ കഥകളുമായി ഓരോ കഥാപാത്രങ്ങള്‍. ഒരു കഥാപാത്രത്തിലൂടെ ഈ സംവിധാനത്തിന്റെ പേര് 'വെര്‍ട്ടിക്കല്‍ സെല്‍ഫ്-മാനേജ്മെന്റ് സെന്റര്‍' (Vertical Self-Management Centre) എന്നാണെന്ന് ഗോറിങ് അറിയുന്നു. സിനിമയുടെ ആദ്യം കാണിക്കുന്നത് മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും ഒക്കെ മാംസം ആയിരുന്നെങ്കില്‍ പിന്നീട് നമ്മള്‍ ഭക്ഷണം കിട്ടാതെ മനുഷ്യമാംസം കഴിക്കുന്ന ആളുകളെ വരെ കാണുന്നു.

ഏറ്റവും മികച്ച രീതിയില്‍ പാകം ചെയ്ത്, നല്ല ഭംഗിയായി ക്രമീകരിച്ചാണ് ഭക്ഷണം ആളുകളിലേക്ക് എത്തിക്കുന്നത്. എന്തുകൊണ്ടായിരിക്കും എല്ലാവര്‍ക്കും കഴിക്കാന്‍ ഭക്ഷണം ഉണ്ടായിരുന്നിട്ടും അത് എല്ലാവരിലേക്കും എത്താത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മളുടെ ചുറ്റുമുള്ള സമൂഹത്തിലേക്കു നോക്കിയാല്‍ കണ്ടെത്താം. ഭക്ഷണത്തിന് പകരം മികച്ച രീതിയില്‍ വാഴ്ത്തപ്പെടുന്ന ഈ വ്യവസ്ഥിതി നല്‍കുന്ന വാഗ്ദാനങ്ങളെ കുറിച്ചോര്‍ത്താല്‍ മതിയാകും. എന്തുകൊണ്ടാണ് എത്രയൊക്കെ പുരോഗതി അവകാശപ്പെടാന്‍ ഉണ്ടെങ്കിലും ലോകത്ത് ഓരോ വര്‍ഷവും ലക്ഷ കണക്കിനാളുകള്‍ പട്ടിണി കാരണം മരിക്കുന്നത്? ഓരോ നാളും കടന്ന് പോകുമ്പോള്‍ സാമ്പത്തിക അസമത്വം (economic inequality) സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്? വര്‍ഗ്ഗവിവേചനം (class divide) ഓരോ ദിനവും ഭീതിജനകമായ രീതിയില്‍ പ്രകടമാകുന്നത് എന്തുകൊണ്ടാണ്? 'കഴിക്കാന്‍ ഒന്നുമില്ലാതെ വന്നാല്‍ പിന്നെ മനുഷ്യര്‍ക്ക് മനുഷ്യനെ കഴിക്കേണ്ടി വരും' എന്ന് ഒരു സമരത്തില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത് യാഥാര്‍ഥ്യമാകുന്ന കാലം അകലെയല്ല എന്ന് സിനിമ ഓര്‍മ്മിപ്പിക്കുന്നു. സിനിമയില്‍ ഒരു കഥാപാത്രം പറയുന്നു, 'നമ്മളെ ആരെങ്കിലും കഴിക്കുന്നതിനേക്കാള്‍ നല്ലത് നമ്മള്‍ എന്തെങ്കിലും കഴിക്കുന്നതാണ്.' മനുഷ്യരുടെ നിലനില്പിന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം ഇല്ലാതെ വരുമ്പോള്‍, മനുഷ്യര്‍ പിന്നീട് എല്ലാ നിയന്ത്രണവും വിട്ടു വിശപ്പടക്കാനുള്ള വിഭ്രാന്തിയിലേക്ക് പോകുന്നു. ആ മാനസിക അവസ്ഥ മനുഷ്യനെ എന്തും ചെയ്യിപ്പിക്കുന്നു. ബോങ് ജോണ്‍ ഹോ-ന്റെ 'പാരാസൈറ്റ്', 'സ്നോപിയേര്‍സര്‍' എന്നീ സിനിമകളിലും, ജോര്‍ദാന്‍ പീലിന്റെ 'ഗെറ്റ് ഔട്ട്', ബെന്‍ വീറ്റ്‌ലി -യുടെ 'ഹൈ റൈസ്' തുടങ്ങിയ സിനിമകളിലെ പോലെ വര്‍ഗ്ഗസമരത്തിന്റെ നിഷ്ഠൂരമായ ജീവിതാവസ്ഥകള്‍ നമ്മള്‍ കണ്ടറിയുകയാണ് 'ദി പ്ലാറ്റ്ഫോം' എന്ന സിനിമയിലും.

മനുഷ്യന്റെ അവസ്ഥയെ ഒച്ചുമായി ഉപമിക്കുന്ന ഒരു സംഭാഷണം നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലെ മനുഷ്യാവസ്ഥയെ തന്നെയാണ് സൂചിപ്പിക്കുന്നത്. എല്ലാവരും ആവശ്യത്തിനുള്ള ഭക്ഷണം മാത്രം എടുത്തിട്ട് ബാക്കി അവിടെ തന്നെ വെച്ചിരുന്നാല്‍ പോരെ എന്ന് ഗോറിങ് ചോദിക്കുമ്പോള്‍, ഭക്ഷണം റേഷന്‍ ചെയ്ത് കടത്തി വിടാന്‍ താന്‍ ആരാ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ട്രൈമാഗസി ചോദിക്കുന്ന രംഗവും ശ്രദ്ധേയമാണ്. മറ്റൊരു സീനില്‍, എല്ലാവര്‍ക്കുമിടയില്‍ ഒരു ഐക്യദാര്‍ഢ്യം ഉണ്ടാക്കി എടുക്കാന്‍ ആണ് താന്‍ ശ്രമിക്കുന്നത് എന്ന് ഒരു കഥാപാത്രം പറയുമ്പോള്‍, അങ്ങനെ ഐക്യദാര്‍ഢ്യം ഉണ്ടാകാതിരിക്കാന്‍ ആണ് ഈ വ്യവസ്ഥിതി തന്നെ പ്രവര്‍ത്തിക്കുന്നത് എന്ന് ഗോറിങ് പറയുന്നുണ്ട്. സാമ്പത്തിക-വര്‍ഗ്ഗ വിവേചനത്തെയും അസമത്വത്തെയും ന്യായീകരിക്കുന്ന നമ്മുടെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയെ ഇങ്ങനെ പല തലത്തില്‍ നിന്ന് നോക്കികാണുനുണ്ട് ഈ സിനിമ. അതിജീവനവും ഹിംസയും തുല്യതയില്‍ എത്തുന്ന അവസ്ഥയില്‍ മനുഷ്യര്‍ക്ക് പിന്നെ ആലോചിക്കാനുള്ളത് സ്വന്തം നിലനില്‍പ്പിനെ പറ്റി മാത്രമാണ്.

ഇങ്ങനെ മനുഷ്യര്‍ പരസ്പരം കൊന്നു തിന്നു അതിജീവന പോരാട്ടം നടത്തുന്ന ലോകത്തില്‍ ഗോറിങ് 'അസാധ്യമായത്' ചെയ്യാന്‍ തുനിയുകയാണ്. അയാള്‍ വായിക്കുന്ന 'ഡോണ്‍ ക്വിക്സോട്ട്' -ലെ അലോണ്‍സോ ക്വിക്സാനോ നടത്തുന്ന വിഫലമായ ശ്രമങ്ങള്‍ പോലെ ഗോറെങ്ങും വ്യവസ്ഥിതിക്ക് എതിരെ പോരാടുകയാണ്. 'ഏഷ്യന്‍ മര്‍ലിന്‍ മണ്‍റോ' ആകാന്‍ അവിടെ എത്തിയ മിഹാരു (Miharu), ആദ്യം സെന്ററിന് വേണ്ടി ജോലി ചെയ്യുകയും പിന്നീട് അര്‍ബുദം ബാധിച്ചപ്പോള്‍ തടങ്കലിന്റെ ഉള്ളിലേക്കു എത്തുന്ന ഇമോഗുരി (Imaguiri), മുകളിലേക്ക് കയറിട്ടു കയറി രക്ഷപ്പെടാം എന്ന് വിചാരിക്കുന്ന ബഹാരാത്ത് (Baharat) എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. ഇവരുടെ ഒക്കെ പേരുകള്‍ പോലും അവരുടേതല്ല. പേരിന്റെ അര്‍ത്ഥങ്ങള്‍ നോക്കുകയാണെങ്കില്‍ പല ഭാഷയില്‍ ഉള്ള പദങ്ങളാണ് പലതും. ഇന്തോനേഷ്യന്‍ ഭാഷയില്‍ 'വറുത്തത്' എന്ന അര്‍ത്ഥം വരുന്ന ഗോറിങ്, ടര്‍ക്കിഷ്-ഗ്രീക്ക് ഭക്ഷണം ആയ ബഹാരാത്ത് അങ്ങനെ പോകുന്നു പേരുകളും അര്‍ത്ഥങ്ങളും. സ്പെയിനിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവഹാര മണ്ഡലത്തില്‍ ആളിക്കത്തുന്ന വിഷയങ്ങളായ വര്‍ണ്ണവിവേചനവും, വംശീയ വിദ്വേഷവും, അഭയാര്‍ത്ഥി-കുടിയേറ്റ വിരുദ്ധതയും എല്ലാം അവിടവിടെയായി സിനിമയില്‍ കടന്നു വരുന്നുണ്ട്. 'വെള്ളക്കാരന്റെ കറുത്ത സേവകന്‍' എന്ന് ഒരു രംഗത്തില്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്.

താഴെക്കിടയില്‍ ഉള്ള മനുഷ്യര്‍ക്കിടയില്‍ ഐകദാര്‍ഢ്യം സൃഷ്ടിക്കുക എന്നതിനെ പിച്ചിച്ചീന്തുന്നത് പല തരത്തിലെ വിവേചനങ്ങളാണ് എന്ന് സിനിമ പറഞ്ഞു വെക്കുന്നുണ്ട്. വിവേചനങ്ങള്‍ മനുഷ്യരെ നരഭോജികള്‍ ആക്കി മാറ്റുന്നു. ഐക്യദാര്‍ഢ്യത്തെയാണ് എല്ലാവരും ഭയക്കുന്നത്. കാരണം പല വിവേചനങ്ങളെയും കൂട്ടുപിടിക്കുന്ന ആളുകള്‍ക്ക് അതൊക്കെയും ഇല്ലാതാക്കുക എന്ന് പറയുന്നത് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. മുതലാളിത്ത വ്യവസ്ഥിതിക്ക് എതിരെയുള്ള പോരാട്ടങ്ങളില്‍ എന്തുകൊണ്ടാണ് ഒരു ഐക്യദാര്‍ഢ്യം ഉണ്ടാകാത്തത് എന്ന് ചോദിച്ചാല്‍ അത് ഉണ്ടാകാന്‍ പാടില്ല എന്ന തീരുമാനത്തോടെ ആദ്യം തന്നെ മുതലാളിത്തം പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. എന്നാല്‍ ഒരിക്കലും വ്യവസ്ഥിതിക്കു ഇത് ഒറ്റയ്ക്കു ചെയ്യാന്‍ സാധ്യമല്ല. അവിടെയാണ് ഭരണകൂടവും, അധീശ വര്‍ഗ്ഗവും ഇവര്‍ക്കൊക്കെ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങളും, മറ്റു സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഈ വിവേചനങ്ങള്‍ തുടരാന്‍ ജനങ്ങളുടെ 'സമ്മതം' (consent) നേടിയെടുക്കുന്നത്. എന്തുകൊണ്ട് മുതലാളിത്ത വ്യവസ്ഥിതി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മാര്‍ക്‌സ് (Karl Marx) കണക്കുകൂട്ടിയത് പോലെ ജനകീയ വിപ്ലവങ്ങള്‍ ഉണ്ടായില്ല എന്ന ചോദ്യത്തിന് ഗ്രാംഷി (Antonio Gramsci) നല്‍കുന്ന ഉത്തരങ്ങള്‍ ഇതിനോട് ചേര്‍ത്ത് തന്നെ വായിക്കണം.

ഈ വ്യവസ്ഥിതിക്കെതിരെ പൊരുതിയാല്‍ തന്നെ എവിടെയാണ് എത്തി ചേരാന്‍ കഴിയുക? എത്ര സങ്കീര്‍ണമാണ് ആ പ്രതിരോധം? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പറയാതെ പ്രതീക്ഷയും നിരാശയും മുഖാമുഖം കാണുന്നിടത്ത് സിനിമ അവസാനിക്കുന്നു. എന്നാല്‍ പല വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും സാധ്യതകള്‍ ബാക്കി വെക്കുന്നുമുണ്ട്. വര്‍ഗ്ഗയുദ്ധത്തിന്റെ തീക്ഷ്ണതയെ അനുഭവപ്പെടുത്തുന്നതില്‍ പശ്ചാത്തലത്തിലെ ശബ്ദങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇനാക്കി അലോണ്‍സോ -യുടെ (Inaki Alonso) സൗണ്ട് ഡിസൈനും, അരാന്‍സസു കല്ലേജ -യുടെ (Aranzazu Calleja) പശ്ചാത്തല സംഗീതവും സൃഷ്ടിക്കുന്ന പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം, കാല്പനികമായ ഒരു അരാജക ലോകത്തെ സൃഷ്ട്ടിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. അസിജിന്‍ ഉറി ഗോയ്ടിയ (Azegine Urigitia) എന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍ - ആണ് സിനിമയുടെ കഥ നടക്കുന്ന അവിശ്വസനീയമായ നിര്‍മ്മിതിയുടെ പിറകില്‍. ചാരനിരത്തിലെ ഭിത്തികള്‍ തന്നെ കറുപ്പ്-വെളുപ്പ് എന്നീ ദ്വന്ദത്തിനപ്പുറം എല്ലാം ചേര്‍ന്ന് സമ്മിശ്രമായ ലോകത്തെ അടയാളപ്പെടുത്തുന്നു. അതേപോലെ ഭക്ഷണങ്ങളും, ആ കെട്ടിടവും തന്നെ സിനിമയിലെ കഥാപാത്രങ്ങളാണ്.

ഒരുപാട് ക്ലോസ്-അപ്പ് ഷോട്ടുകള്‍ സിനിമയിലുണ്ട്. സിനിമയുടെ ആദ്യമൊക്കെ ഏറെയും അത്തരത്തിലെ ഷോട്ടുകളാണ്. സാവധാനം ആണ് സിനിമയുടെ ലോകം എന്താണ് എന്ന് നമ്മള്‍ അറിയുന്നത്. ദൃശ്യങ്ങള്‍ നമ്മളെ പലപ്പോഴായി വിശ്വാസ്യതയ്ക്കും അവിശ്വാസ്യതയ്ക്കും ഇടയില്‍ നിര്‍ത്തുന്നു. ഗോറിങ് -ന്റെ മാനസിക വിഭ്രാന്തികള്‍ പോലെ തന്നെ പലപ്പോഴായി സിനിമക്കും ചില വിഭ്രാന്തികള്‍ ഉണ്ടാകുന്നുണ്ട്. കാണുന്ന ദൃശ്യങ്ങളില്‍ ഒന്നിനേം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ജോണ് ഡി ഡൊമിംഗ്വേസ് (Jon D Dominguez) എന്ന ഛായാഗ്രാഹകന്റെ മികവ് തന്നെയാണ് സിനിമയുടെ ഈ 'അവിശ്വാസ്യതയെ' വിശ്വസനീയമാക്കുന്നത്. മുകളില്‍ നിന്ന് താഴേക്ക് വരുമ്പോള്‍ കടലിലേക്ക് ഇറങ്ങുന്ന പോലെ നിറങ്ങളും മാറുന്നുണ്ട്. അടിച്ചമര്‍ത്തലിന്റെ നിറങ്ങളും കാണാം. ഗോറിങ്ങിന്റെ വിഭ്രാന്തികളിലെ ചുവപ്പും, പ്രതീക്ഷയുടെ നീലയും എല്ലാം മാറി മാറി വരുന്നത് ഗംഭീര ലൈറ്റിംഗ് തന്നെയാണ്. ആല്‍ഡസ് ഹക്സ്ലി -യുടെയും ജോര്‍ജ് ഓര്‍വെല്ലിന്റെയും സാഹിത്യ ലോകം പോലെ അരാജകമാണ് ഈ സിനിമയുടെ അന്തരീക്ഷവും. സിനിമയുടെ സാങ്കേതിക മികവിനും ദൃശ്യാഖ്യാനത്തിനും സംവിധായകനും കയ്യടി അര്‍ഹിക്കുന്നുണ്ട്.'ഈ നിര്‍മ്മിതി (The Hole) നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം ആണെങ്കില്‍, ഹിംസയെ (violence) ഒരിക്കലും ഒളിപ്പിച്ചു വെക്കാന്‍ സാധിക്കില്ല, നമ്മള്‍ നമ്മളെ തന്നെ എങ്ങനെയാണ് പിച്ചിച്ചീന്തുന്നത് എന്ന് കാണിക്കേണ്ടത് സിനിമയുടെ ആവശ്യകത തന്നെയാണ്,' സംവിധായകന്‍ 'ഫിലിംമേക്കര്‍' -നു (Filmmaker) നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു. 'വയലന്‍സിന്റെ' വേരുകളാണ് സമൂഹത്തില്‍ നമ്മള്‍ തിരയേണ്ടത്. എന്തുകൊണ്ടാണ് നമ്മുടെ സിനിമകള്‍ പ്രക്ഷുബ്ധമാകുന്നത് എന്നാല്‍, അതിന്റെ ഉത്തരം അത് നമ്മളുടെ സമൂഹത്തിന്റെ പച്ചയായ യാഥാര്‍ഥ്യത്തെ തിരയുന്നത് കൊണ്ടാണ്. സിനിമയിലെ വയലന്‍സിനെ വിമര്‍ശിക്കുന്നവര്‍ സമൂഹത്തിലെ അക്രമങ്ങളെ കാണാതെ പോകുന്നു. ഈ സിനിമയിലെ തടങ്കലില്‍ തന്നെ അവിടെ അക്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് വിശ്വസിക്കാത്തവര്‍ ഉണ്ട്. നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗവും അങ്ങനെ തന്നെ അല്ലേ ശരിക്കും? ഏതു കാലത്തില്‍ പുറത്തിറങ്ങിയിരുന്നുവെങ്കിലും 'ദി പ്ലാറ്റ്ഫോം' ചര്‍ച്ച ചെയ്യേണ്ട സിനിമ തന്നെയാണ് എന്നതില്‍ സംശയം ഇല്ല. എന്നാല്‍ ഒരു മഹാമാരിയുടെ മുന്നില്‍ ലോകത്തെ അനേകം മനുഷ്യര്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ, ഭക്ഷണമില്ലാതെ, മാസ്‌കുകള്‍ ഇല്ലാതെ, ആശുപത്രികളില്‍ പോകാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന ഈ സമയത്ത് കണ്ടിരിക്കേണ്ട സിനിമയായി ഈ സ്പാനിഷ് ചിത്രം മാറുന്നു. ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ വിശ്വസിക്കാവുന്നതിനും എത്രയോ അപ്പുറമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ.

logo
The Cue
www.thecue.in