ശരീരത്തിന്‍റെ, അതിലൊഴുകുന്ന രക്തത്തിന്‍റെ ശുദ്ധി വാദത്തിന് ഇന്ത്യയില്‍ ജാതിവ്യവസ്ഥ രൂപപ്പെട്ട കാലത്തോളം തന്നെ പഴക്കമുണ്ട്. ആര്‍ക്കും തന്നെ തിരഞ്ഞെടുപ്പ് സാധ്യമല്ലാത്ത ജനനം എന്ന ജീവശാസ്ത്രസ്വാഭാവികതയെ ഉപയോഗിച്ചു കൊണ്ട് മനുഷ്യനെ ഉത്തമന്‍ എന്നും നീചന്‍ എന്നും തരം തിരിക്കുന്ന വ്യവസ്ഥിതിയുടെ പേരാണ് ജാതി. എന്നാല്‍ ഈ നീചത്വം ജാതി കൊണ്ട് മാത്രം കൈവരുന്നതുമല്ല. സ്ത്രീയായും, ലിംഗദ്വൈതത്തില്‍ എതെങ്കിലും ഒന്നല്ലാതെയും ഉള്ള പിറവിയും നീചത്വത്തിലേക്ക് മനുഷ്യരെ തള്ളിയിടാന്‍ മതിയായ കാരണങ്ങളാണ്.ഇത്തരം തരംതിരിവ് ശരീര കേന്ദ്രീകൃതമാണെന്ന് മാത്രമല്ല, ശരീര ബാഹ്യമായ വ്യക്തിയുടെ ഗുണങ്ങള്‍ ഈ വിഭജനത്തില്‍ പരിഗണിക്കപ്പെടുന്നതേയില്ല. ചുരുക്കത്തില്‍ മനുഷ്യന്‍ പോലുമല്ലാതെ ജാതി ശരീരം മാത്രമായി ജാതിവ്യവസ്ഥയില്‍ മനുഷ്യര്‍ ചുരുക്കപ്പെടുന്നു.
അധമം എന്ന് സമൂഹം വിധിക്കുന്ന ശരീരങ്ങള് അവര്‍ക്ക് നിശ്ചയിച്ച ഇടങ്ങളില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ സംഭവിക്കുന്നതാണ് ദുരഭിമാനക്കൊലകള്‍. ജാതിയെ ആധാരമാക്കി മാത്രമല്ല സമൂഹത്തിന്‍റെ ദുരഭിമാനം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും.. സ്ത്രീയുടെ കാര്യത്തില്‍ അതിന്‍റെ ഇരിപ്പിടം അവളുടെ ശരീരത്തിന്‍റെ ശുദ്ധതാ സങ്കല്‍പ്പത്തിലാണ്. ചുരുക്കത്തില്‍ ശുദ്ധി എന്നത് ഒരു സവര്‍ണ്ണ സങ്കല്പം ആണെന്ന് കാണാം. ജാതി, പാതിവ്രത്യം, പരിശുദ്ധി, വെജിറ്റേറിയനിസം എന്നിങ്ങനെ പലരൂപത്തില്‍ അത് സമൂഹത്തില്‍ ഇടപെടുന്നു. അതേസമയം ഇത്തരം സങ്കല്‍പ്പങ്ങള്‍ സവര്‍ണ്ണര്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ശ്രേണീകൃതമായ വ്യവസ്ഥയുടെ മൂലക്കല്ലുകളെ സംരക്ഷിക്കാനും ശുദ്ധി സങ്കല്‍പ്പങ്ങളെ പിന്‍പറ്റാനും എല്ലാ ജാതിയില്‍ പെട്ടവരും തയ്യാറാകുന്നു. ജാതി വെറിയുടെ ഇരയായി പാലക്കാട്ടെ അനീഷ് കൊല്ലപ്പെട്ടതിന് തലേന്നാണ് പാവ കതൈകള്‍ (പാപത്തിന്റെ കഥകള്‍) എന്ന മിനി സീരീസ് കാണുന്നത്. വര്‍ത്തമാനകാല ഇന്ത്യന്‍ സമൂഹത്തിന്‍റെ പുഴുക്കുത്തുകളോട് തമിഴ് സിനിമ എങ്ങനെ വിട്ടുവീഴ്ചകളില്ലാതെ പ്രതികരിക്കുന്നു എന്നതിന്‍റെ മറ്റൊരു ഉദാഹരമാണ് നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ഈ ദൃശ്യസമാഹാരം..
പാവ കതൈകള്‍ പോപ്പുലര്‍ സിനിമയുടെ ചേരുവകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു സിനിമയാണ്. അതുകൊണ്ടുതന്നെ തമിഴ് സിനിമക്കു മേല്‍ ആരോപിക്കപ്പെടാറുള്ള നാടകീയതകള്‍ ഇതിലും കാണാം. പക്ഷേ അതുണ്ടാക്കുന്ന ഉള്‍ക്കിടിലം സിനിമ തീര്‍ന്നാലും നിലനില്‍ക്കുകയും ചെയ്യും. സുധ കൊങ്ങര സംവിധാനം ചെയ്ത തങ്കം എന്ന ആദ്യ ഖണ്ഡം ഒരു ട്രാന്‍സ് വുമണ്‍ ആയ സത്താറിനു സിസ് പുരുഷനോട് തോന്നുന്ന പ്രണയത്തിന്‍റെ കഥയാണ് പറയുന്നത്. ശാരീരിക സ്വത്വവും ലിംഗ സ്വത്വവും രണ്ടായ വ്യക്തിയും സമൂഹത്തെ സംബന്ധിച്ച് അവലക്ഷണമാണ്. സ്വന്തം വീട്ടുകാര്‍ പോലും അവരുടെ മരണം ആഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ചിത്രത്തില്‍ കാണാം. കാമുകനും സ്വന്തം അനിയത്തിക്കും ഒരുമിച്ച് ജീവിക്കാനായി സ്വന്തം സ്വപ്നങ്ങളും ജീവിതം തന്നെയും സത്താര്‍ കൈയൊഴിയുന്നു . ദുരഭിമാനക്കൊലക്കായി തന്ത്രപൂര്‍വ്വം ഒരുക്കിയ കളത്തിലേക്ക് വന്നെത്തുന്ന അവര്‍ തിരികെ പോകാനുള്ള ഏക കാരണം ഗ്രാമം സത്താറിനോട് കാണിച്ച അനീതിയാണ്. ഒരു ട്രാന്‍സ് വ്യക്തിയുടെ പ്രണയവും പ്രണയ നഷ്ടവും ഇന്ത്യന്‍ മുഖ്യധാര സിനിമയുടെ കേന്ദ്രപ്രമേയം ആകുന്നത് ഒരുപക്ഷേ ആദ്യമാകണം. കാളിദാസ് ജയറാമിന്റെ അഭിനയ മികവും ശ്രദ്ധേയമാണ്. എന്നാല്‍ ട്രാന്‍സ് വ്യക്തിയുടെ പ്രതിനിധാനത്തില്‍ പതിവ് ക്ലീഷേ രൂപഭാവങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ട്രാന്‍സ് വ്യക്തിയുടെ പ്രണയം തന്നെ പ്രമേയമാക്കിയ സെബാസ്റ്റ്യന്‍ ലെലിയോ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം “A fantastic woman” പോലുള്ള സിനിമകള്‍ പ്രതിനിധാനത്തെ സംബന്ധിച്ചിടത്തോളം മാതൃകയാണ്. ആ ദൂരങ്ങളിലേക്ക് ഇന്ത്യന്‍ സിനിമ പിച്ച വെച്ചെത്തും എന്നുതന്നെ പ്രതീക്ഷിക്കാം.
രണ്ടാമത്തെ ഭാഗം സംവിധാനം ചെയ്തത് വിഘ്നേഷ് ശിവനാണ്. മറ്റു മൂന്നില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി സരസമായും നര്‍മ്മം കലര്‍ത്തിയും കഥ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും വിജാതീയ പ്രണയത്തിന്‍റെ പേരിലുള്ള ദുരഭിമാനക്കൊല തന്നെയാണ് ഇവിടെയും വിഷയം. വ്യത്യസ്ത ജാതിയില്‍ പെട്ട പ്രണയികളെപ്പോലും അംഗീകരിക്കാത്തവരുടെ മുന്നില്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയം അവതരിപ്പിക്കപ്പെട്ടാല്‍ എന്താവും പ്രതികരണം? വിജാതീയ വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന രാഷ്ട്രീയ നേതാവിന്റെ കിങ്കരന്മാര്‍ തന്നെ തൊട്ടുപിന്നാലെ അവരുടെ ജീവനെടുക്കുന്നു. അതുകൊണ്ട് സ്വന്തം മകളുടെ കാര്യം വരുമ്പോള്‍ കിങ്കരന്മാരുടെ നിര്‍ദ്ദേശം അയാള്‍ക്ക് തള്ളാന്‍ കഴിയാതെയും വരുന്നു. നര്‍മ്മത്തിന്റെ ഭാഷയില്‍ കഥ പറഞ്ഞും പോസിറ്റീവ് ആയ മാറ്റത്തിന്‍റെ സൂചന തന്നും അവസാനിക്കുന്നു എങ്കിലും ആന്തോളജിയിലെ ഏറ്റവും ദുര്‍ബല ഖണ്ഡം ഇതുതന്നെ. അവസാനത്തെ ഭാഗമായ ഊര്‍ ഇരവ് വെട്രിമാരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ രണ്ടാമത്തെ ഭാഗം കൈകാര്യം ചെയ്ത അതേ വിഷയത്തെ കുറേക്കൂടി പച്ചയായി അവതരിപ്പിക്കുകയാണ് നാലാം ഭാഗത്തില്‍.
വെട്രിമാരന്‍റെ സിനിമ ആയതുകൊണ്ട് തന്നെ ജാതി രാഷ്ട്രീയത്തെയും ലിംഗതുല്യതയെയും സിനിമ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. മരുമകന്‍ കൊടുക്കുന്ന വെള്ളം കുടിക്കാന്‍ മടിക്കുന്ന ശ്വശുരനോട് അയാള്‍ ചോദിക്കുന്ന ചോദ്യവും, ഭര്‍ത്താവ് നന്നായി നോക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള എന്നെ നോക്കുന്നതെന്തിന് എന്നെ നോക്കാന്‍ എനിക്കറിയാം എന്ന സുമതിയുടെ ഉത്തരവുമെല്ലാം ചില ഉദാഹരണങ്ങള്‍. കാഴ്ചക്കാരില്‍ അസ്വസ്ഥതയുണ്ടാക്കും വിധത്തില്‍ ജാതിവെറിയുടെ തിന്മകളെ അവതരിപ്പിക്കുന്ന പതിവ് വെട്രിമാരന്‍ ഇവിടെയും തുടരുന്നു.
മൂന്നാം ഖണ്ഡമായ വാന്‍ മകള്‍ മറ്റ് മൂന്നു സിനിമകളുടെയും പ്രമേയത്തില്‍ നിന്ന് പ്രത്യക്ഷത്തില്‍ വ്യത്യസ്തമാണ്. ഇതില്‍ ജാതിയല്ല ദുരഭിമാനത്തിന്‍റെ ഇരിപ്പിടം, മറിച്ച് സ്ത്രീ ശരീരത്തിന്‍റെ പവിത്രതയെ സംബന്ധിച്ച സമൂഹത്തിന്‍റെ ധാരണകളാണ്. അവിടെയും ദുരഭിമാനക്കൊല, നേരിട്ട ദുരനുഭവത്തിന്റെ തുടര്‍ച്ചയും ഭീകരമായ മറ്റൊരു അനുഭവ സാധ്യതയുമായി ഇരയുടെ തലയ്ക്കു മുകളില്‍ നില്‍ക്കുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹവും സിമ്രാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നിയമപരമായ ശിക്ഷയേക്കാള്‍ ബലാത്സംഗത്തിന് പരിഹാരം ലിംഗഛേദം ആണെന്ന വാദം സിനിമയുടെ പ്രമേയം മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും സിനിമ ഉയര്‍ത്തുന്ന ഞെട്ടല്‍ എളുപ്പത്തില്‍ അവസാനിക്കുന്നതല്ല.
ഒറ്റയൊറ്റ കഥക്കപ്പുറം സിനിമ പൊതുവായി മുന്നോട്ടുവെക്കുന്ന ആലോചനകളും, പ്രമേയ പരിസരങ്ങളും എന്തൊക്കെ എന്നുകൂടി വിലയിരുത്തേണ്ടതുണ്ട്. ദുരഭിമാനക്കൊല എന്ന പൊതു വിഷയത്തിനപ്പുറം അത് കൈകാര്യം ചെയ്യുന്ന സാമൂഹ്യ പരിസരങ്ങള്‍ കൂടി പ്രധാനമാണ്. ആദ്യ ചിത്രമായ തങ്കത്തില്‍ ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലെ പ്രണയവും, മുസ്ലീം വിഭാഗത്തില്‍ പെട്ട ട്രാന്‍സ് വ്യക്തിയോട് സ്വസമുദായം കാണിക്കുന്ന സമീപനവുമാണ് വിഷയമാകുന്നത്. രണ്ടാം കഥയില്‍ ഉന്നത കുല ജാതനും ജന്മിയും രാഷ്ട്രീയ നേതാവുമായ കഥാപാത്രമാണ് മകളുടെ പ്രണയത്തെ ഇല്ലാതാക്കുന്നത്. മൂന്നാം ചിത്രത്തില്‍ ഇടത്തരം പട്ടണത്തില്‍ ജീവിക്കുന്ന മധ്യവര്‍ഗ്ഗ കുടുംബത്തിന്‍റെ അഭിമാനബോധമാണ് ചര്‍ച്ചയില്‍ വരുന്നത്. നാലാമത്തെ ചിത്രത്തില്‍ ഗ്രാമത്തിലെ സാധാരണക്കാരനായ പിതാവിന്‍റെയും മകളുടെയും കഥയാണ് പറയുന്നത്. ഇത്തരത്തില്‍ ജാതിയുടേയും വര്‍ഗ്ഗത്തിന്‍റെയും ഏതാണ്ടെല്ലാ തലങ്ങളിലെയും ദുരഭിമാനങ്ങളുടെ സ്പെക്ട്രം പ്രതിനിധാനം ചെയ്യപ്പെടുന്നു. മറ്റൊന്ന് ഗ്രാമ/നഗര ദ്വന്ദ്വമാണ്. ഊര്‍ ഇരവ് എന്ന പേര് തന്നെ അതിലേക്കുള്ള താക്കോല്‍ വാചകമാണ്. ഗ്രാമത്തിന്‍റെ ആക്രമണങ്ങളില്‍ നിന്ന് കഥാപാത്രങ്ങള്‍ ഒക്കെയും രക്ഷപ്പെട്ടോടുന്നത് നഗരത്തിലേക്കാണ്. എന്നാല്‍ നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് വരുന്ന സുമതി കൊല്ലപ്പെടുകയും ചെയ്യുന്നു. ജാതി സ്വത്വത്തെ വെളിപ്പെടുത്തേണ്ടതില്ലാത്ത ഒരു ജീവിത പരിസരത്തെ നഗരം നിര്‍മ്മിച്ചെടുക്കുന്നു എന്ന് ഈ കഥകളില്‍ നിന്ന് അനുമാനിക്കാം. എന്നാല്‍ വാടകവീടുകള്‍ക്ക് പോലും ജാതി വിഷയമാകുന്ന നാട്ടില്‍ അതെത്രത്തോളം ശരി എന്നത് വേറെക്കാര്യം.
സവര്‍ണ്ണ-ഇതര ഭേദമില്ലാതെ സമൂഹത്തിന്റെ ഏത് അടരിലും ജാത്യഭിമാനം പ്രവര്‍ത്തിക്കുന്നു എന്ന് അനീഷിന്‍റെ കൊല തെളിയിക്കുന്നു. പാവ കതൈകൾ ചര്‍ച്ച ചെയ്യുന്നതും അതുതന്നെ. കുടുംബത്തില്‍ നിന്ന് ഇറങ്ങിപ്പോയവളെ കൊന്നുകൊണ്ടാണ് തമിഴ്നാട്ടില്‍ ജാത്യാഭിമാനം വീണ്ടെടുക്കുന്നത്. കേരളത്തില്‍ അത് അവളെ വിവാഹം ചെയ്തവനെ കൊന്നുകൊണ്ടാണ് എന്ന വ്യത്യാസം മാത്രം. സ്വന്തം അച്ഛന്‍ തന്നെ മകളുടെ കൊലക്ക് തയ്യാറാകുന്നതും മിഥ്യാഭിമാനത്തിന്‍റെ വീണ്ടെടുപ്പിനാണ്. നാഗ്രാജ് മഞജുളെ സംവിധാനം ചെയ്ത മറാട്ടി ചലച്ചിത്രം സൈറാട്ടിന്റെ കുറേക്കൂടി വിപുലമായ തുടര്‍ച്ചയാണ് ഒരര്‍ത്ഥത്തില്‍ ഈ സിനിമയും.