മഹാവീര്യറിലെ രാഷ്ട്രീയച്ചിരി

മഹാവീര്യറിലെ രാഷ്ട്രീയച്ചിരി
Published on

എം .മുകുന്ദന്‍ കഥയെഴുതി എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വ്വഹിച്ച 'മഹാവീര്യര്‍' എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എപ്പഴോ എനിക്ക് ഒ.വി.വിജയന്റെ ധര്‍മ്മപുരാണം എന്ന നോവലിനെ ഓര്‍മ്മവന്നു. മഹാവീര്യറില്‍ ആക്ഷേപഹാസ്യത്തിന്റെ ഒരു വിജയന്‍ ടച്ച് ഒളിഞ്ഞു കിടക്കുന്നതുപോലെ ഒരു തോന്നല്‍. സിനിമയില്‍ അതിനെ ഒളിപ്പിച്ചു വെച്ചതുകൊണ്ട് ഒറ്റക്കാഴ്ചയില്‍ അതെല്ലാ ആസ്വാദകര്‍ക്കും തോന്നിയെന്നു വരില്ല. ഫാന്റസിയും ആക്ഷേപഹാസ്യവും തമ്മിലുള്ള മത്സരത്തില്‍ ഇവിടെ ഫാന്റസിക്ക് മേല്‍ക്കോയ്മ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ആക്ഷേപഹാസ്യം അങ്ങനെ തുറന്നു പറയാന്‍ പറ്റുന്ന ഒരു കാലത്തല്ലല്ലോ നമ്മളിപ്പോള്‍ ജീവിക്കുന്നത്. അത്തരമൊരു കാലത്തെ ഇരുണ്ടനര്‍മ്മത്തില്‍ പൊതിഞ്ഞ് അടയാളപ്പെടുത്താനാണ് സംവിധായകന്‍ ഈ സിനിമയിലൂടെ ശ്രമിച്ചിരിക്കുകയാണ്.

അധികാരത്തിന്റെ പ്രശ്‌നങ്ങളാണ് ഈ സിനിമയുടെ അന്ത:സത്ത. വ്യത്യസ്തമായ രണ്ടു കാലങ്ങളിലെ അധികാര പ്രയോഗങ്ങളെ ഭംഗിയായി കാണിച്ചു തരികയാണ് മുകുന്ദനും ഷൈനും കൂടി. വേറിട്ട ഈ അധികാരങ്ങളുടെ കൂടിക്കുഴയല്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ടീയത്തെപ്പറ്റിയുള്ള പല സൂചനകളും സിനിമയിലുണ്ട്.

കഥാകാരനായ എം മുകുന്ദന്റെ രാഷ്ട്രീയ സന്ദേഹങ്ങൾ ഇവിടെ പ്രകടമാണ്. ഇന്ത്യന്‍ ഭരണഘടന ചാണക്യന്റെ അര്‍ത്ഥശാസ്ത്രവുമായി ഏറ്റുമുട്ടുകയാണ്. ആധുനിക നീതിന്യായ വ്യവസ്ഥ രാജഭരണകാലത്തെ നീതിബോധവുമായും കൈകോര്‍ക്കുന്നു. അന്തിമ വിജയം ആരുടേതായിരിക്കും? രണ്ടിനും വേണ്ടി യുക്തിയേയും ബുദ്ധിയേയും പ്രവര്‍ത്തിപ്പിക്കാന്‍ ഇന്നിപ്പോള്‍ നമുക്കു ചുറ്റും സമര്‍ത്ഥരായ കുറേ മനുഷ്യരുണ്ട്. അത്തരക്കാരെയാണ് സിനിമയിലെ കോടതി മുറിയിലെ അഭിഭാഷകര്‍ പ്രതിനിധാനം ചെയ്യുന്നത്. ശരിയേത് തെറ്റേത് എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരവസ്ഥയാണ് ഇവരെല്ലാം കൂടി സൃഷ്ടിച്ചെടുക്കുന്നത്. അവര്‍ സത്യത്തില്‍ നമ്മള്‍ പൗരക്കൂട്ടത്തെ സൂത്രത്തില്‍ തോല്പിക്കുകയാണ്. ജനാധിപത്യത്തെ അപഹസിക്കുകയാണ്. സത്യാനന്തര കാലത്തെ ജനങ്ങളുടെ മനസ്സിലെ അവ്യക്തതയാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളിലൂടെ നമ്മള്‍ കാണുന്നത്.

എം മുകുന്ദന്‍
എം മുകുന്ദന്‍
ഇന്നിപ്പോള്‍ എല്ലാറ്റിനും തിര്‍പ്പുകല്പിക്കുക എന്ന ഗതികേടിലാണ് കോടതികളുടെ അവസ്ഥ. അതാണ് മഹാവീര്യറിലെ കോടതിയുടെയും ഗതി. അവിടെ എന്തൊക്കെ കാര്യങ്ങള്‍ക്കാണ് തീര്‍പ്പുകല്പിക്കേണ്ടി വരുന്നത്? നീതി നടപ്പിലാക്കി എന്ന തോന്നലുണ്ടാക്കുക മാത്രമാണ് ഇന്നിപ്പോള്‍ നമ്മുടെ കോടതികള്‍ ചെയ്യുന്നത്.

സിനിമയിലെ കോടതിയിലും അതുതന്നെയാണ് നടക്കുന്നത്. പ്രത്യക്ഷത്തില്‍ നീതിയാണെന്ന തോന്നലുണ്ടാക്കുന്ന വിധികളാണ് ആ കോടതിയില്‍ നിന്നുണ്ടാവുന്നത്. പരോക്ഷമായി അത് അനീതിയാണ് സൃഷ്ടിക്കുന്നത്. വളരെ ലളിതമായി തന്നെ അത് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. അതാകട്ടെ ഇക്കാലത്തെ ഇന്ത്യന്‍ കോടതികളുടെ നിസ്സഹായാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോടതി വിധിച്ച ജീവനാംശമായ 24000 രൂപ പ്രതി നാണയങ്ങളായി കൈമാറുമ്പോള്‍ കോടതി നിസ്സഹായമാവുന്നതാണ് നമ്മള്‍ കണ്ടത്. അവിടെ നീതിയോടൊപ്പം അനീതിയും സംഭവിക്കുന്നു. അതു തന്നെയാണ് രാജാവിന്റെ അധികാരവുമായി ബന്ധപ്പെട്ട സുപ്രധാന കേസിലും സംഭവിച്ചത്. എത്ര ബാലിശമായ ലളിതയുക്തിയിലൂടെയാണ് നീതിപീഠം രാജാവിനെ രക്ഷിച്ചെടുക്കുന്നത് എന്ന് ശ്രദ്ധിക്കുക. അതോടൊപ്പം നടക്കുന്ന അനീതികളും!

പ്രതിക്കു വേണ്ടതും കോടതി വിധിക്കുന്നതും കണ്ണുനീരാണ്. വേദന കൊണ്ടും ഭയം കൊണ്ടും സങ്കടം കൊണ്ടും കണ്ണുനീരുവരുമെന്ന് കോടതി നിരീക്ഷിക്കുകയാണ്.

നീതിപീഠങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന അസംബന്ധ വിധികളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വേദനയും ഭയവും സങ്കടവും ഇല്ലാത്ത ഒരവസ്ഥയിലാണ് ജനങ്ങള്‍ എന്നും ഇവിടെ നിന്നും വായിച്ചെടുക്കാം. ഒടുക്കം സ്‌നേഹത്തിന്റെ, കരുതലിന്റെ, കാരണ്യത്തിന്റെ ആനന്ദക്കണ്ണീര്‍ കാണിച്ചു തരികയും ചെയ്യുന്നു.

പരാതിക്കാരന്‍ ശിക്ഷിക്കപ്പെടുന്ന വിചിത്രമായ കാഴ്ച നമ്മള്‍ ഇന്ത്യയുടെ പരമോന്നത കോടതിയില്‍ നിന്നു പോലും ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അതു തന്നെയാണ് മുകുന്ദന്‍ ഈ കഥയിലൂടെയും കാണിച്ചുതരുന്നത്. എന്താണ് രാജ്യദ്രോഹം എന്ന ചോദ്യത്തിനെയും ഈ സിനിമ നേരിടുന്നുണ്ട്. ആരാണ് ഉത്തരം കണ്ടെത്തുന്നത് എന്നതാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. രാജഭക്തിയാണ് നിങ്ങളെ നയിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് അവസാന വാക്ക് രാജാവിന്റെതായിരിക്കും. രാജാവും സ്റ്റേറ്റും അവിടെ ഒന്നാണ്. രാജാവിന്റെ ഇഷ്ടം എന്നാല്‍ സ്റ്റേറ്റിന്റെ ഇഷ്ടം എന്നു തന്നെയാണ്. രാജാവിന്റെ ആജ്ഞ അനുസരിക്കുന്നില്ല എന്നാല്‍ രാജ്യത്തെ അനുസരിക്കുന്നില്ല എന്നു തന്നെയാണ്. അതായത് നിങ്ങള്‍ രാജ്യദ്രോഹിയാണ്. ഇതു തന്നെയല്ലേ നമുക്കു ചുറ്റും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്?

ആധുനികവും യുക്തിസഹവുമായ അറിവും പാണ്ഡിത്യവും, പാരമ്പര്യത്തിന്റെ കുതന്ത്രത്തിനു മുന്നില്‍ തീര്‍ത്തും അപ്രസക്തമാവുന്ന വര്‍ത്തമാനകാല ഇന്ത്യയുടെ നൊമ്പരങ്ങളാണ് ഞാന്‍ മഹാവീര്യര്‍ എന്ന രസകരമായ സിനിമയിലൂടെ കണ്ടറിഞ്ഞത്. എം. മുകുന്ദനും എബ്രിഡ് ഷൈനിനും സിനിമയുടെ മറ്റ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ഈ ഇരുണ്ട കാലത്ത് നിങ്ങള്‍ നേരിനെ ഇങ്ങനെയെങ്കിലും കാണിക്കുവാന്‍ ധൈര്യം കാണിച്ചുവല്ലോ. നമുക്കു ചുറ്റും പുതിയ രാജാക്കന്മാര്‍ അവരുടെ അധികാരങ്ങള്‍ ചാട്ടവാറടി പോലെ പ്രയോഗിക്കുകയാണല്ലോ.

നിങ്ങള്‍ കാണിച്ചു തന്ന ആ ചെറിയ കോടതി മുറിയില്‍ ഞാനെന്റെ വിങ്ങിപ്പൊട്ടുന്ന രാജ്യത്തെ കണ്ടു. നീതിയുടെ വിചിത്ര മുഖങ്ങളും. നമ്മള്‍ നിരന്തരം നിസ്സഹായതയിലേക്ക് മുങ്ങിത്താഴുമ്പോള്‍ ഇങ്ങനെയും ചിരിക്കാം - ആ ചിരിയുടെ രാഷ്ട്രീയമാണ് നമ്മളെ ചിന്തിപ്പിക്കേണ്ടത്. പറയേണ്ടത് പറയാതെ കാണിച്ചുതരുമ്പോഴാണ് സിനിമ ലക്ഷ്യം കാണുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in