പ്രണയം,ജാതി, രാഷ്ട്രീയം; പാ.രഞ്ജിതിന്റെ മികച്ച സിനിമ

പ്രണയം,ജാതി, രാഷ്ട്രീയം; 
പാ.രഞ്ജിതിന്റെ മികച്ച സിനിമ
Published on
Summary

ഇരുട്ടില്‍ നിന്ന് വാതില്‍ തുറന്ന് റെനെ അര്‍ജുനെ വെളിച്ചതിലേക്ക് നയിക്കുന്നതടക്കമുള്ള രംഗങ്ങളില്‍ കഥാപാത്ര പശ്ചാത്തലത്തിനൊപ്പം സാങ്കേതിക മേഖലയും ഇഴചേര്‍ന്ന് നില്‍ക്കുന്നു.

'political correctness doens't comes in a day, its a life long process'

റെനെ ( നച്ചത്തിരം നഗര്‍ഗിരത്)

ജാതിയെക്കുറിച്ച് സംസാരിക്കാതെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെപ്പറ്റിയും പറയാനാകില്ലെന്ന് തിരിച്ചറിഞ്ഞ സിനിമാ പ്രവര്‍ത്തകനാണ് പാ രഞ്ജിത്. സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ ഇടപടലുകളെല്ലാം ഈ രാഷ്ട്രീയ ബോധ്യത്തെ മുന്‍നിര്‍ത്തിയാണ്. നീലം കള്‍ച്ചറല്‍ സെന്ററും ദി കാസ്റ്റലെസ് കളറ്റീവ് ബാന്റുമെല്ലാം അടിമുടി രാഷ്ട്രീയ ഇടപെടലാകുന്നത് ആ തിരിച്ചറിവില്‍ നിന്നാണ്. അതിന്റെ തുടര്‍ച്ചയാണ് നച്ചത്തിരം നഗര്‍ഗിരത്. ഒരു നാടകത്തിന്റെ ആലോചനകള്‍ മുതല്‍ നാടകാന്ത്യം വരെയുള്ള ഘടനയില്‍ നിന്നുള്ള കഥപറച്ചില്‍ രീതിയാണ് നച്ചത്തിരം നഗര്‍ഗിരത് പിന്‍പറ്റുന്നത്. ഈ പശ്ചാത്തലത്തില്‍ ദുഷാര വിജയന്‍ അവതരിപ്പിക്കുന്ന റെനെയെ മുന്‍നിര്‍ത്തിയാണ് സിനിമയുടെ മുന്നോട്ട് പോക്ക്. നാടകം വേദിയിലെത്തിക്കുന്നതിനായി നടത്തുന്ന പരിശീലന കളരിയും അതിനൊപ്പം വളരുന്ന കഥാപാത്രങ്ങളും അതിനിടെ മാറുകയും മാറ്റപ്പെടുകയും ചെയ്യുന്ന നാടക സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളാകുന്നവരുടെ ബോധ്യങ്ങളും അവരിലുണ്ടാകുന്ന തിരിച്ചറിവുകളുമായാണ് സിനിമയുടെ വികാസം.

വിവിധ കഥാപാത്രങ്ങളിലായി പല അടരുകളിലായി വളരെ ലൗഡായ ആഖ്യാന ഭാഷയാണ് സിനിമയുടേത്. പല രീതിയിലുള്ള കഥാപാത്രങ്ങളുടെ ചിന്തകളെയും അഭിപ്രായങ്ങളെയും ചര്‍ച്ചയ്ക്ക് വെക്കുന്ന സംവാദാത്മക രീതിയും സിനിമ ഉപയോഗിക്കുന്നുണ്ട്. പ്രണയത്തെ ആസ്പദമാക്കി ഒരുക്കുന്ന നാടകത്തിലൂടെ പ്രണയം കേവലം രണ്ട് പേര്‍ തമ്മിലുള്ള സ്നേഹ ബന്ധമല്ലെന്നും അത് അത്യന്തികമായി രാഷ്ട്രീയമാണെന്ന് വരച്ചിടുകയാണ് നച്ചത്തിരം നഗര്‍ഗിരത്. റെനെയും ഇനിയന്‍ (കാളിദാസും) തമ്മിലുള്ള സംസാരത്തിലൂടെയാണ് സിനിമയുടെ തുടക്കം. പ്രണയിക്കുന്ന രണ്ട് പേര്‍ തമ്മിലുള്ള സംഭാഷണം ഇളയരാജയുടെ പേരില്‍ തര്‍ക്കത്തിലേക്കും തുടര്‍ന്ന് തമ്മിലടിയിലും കലാശിക്കുന്നു. അമേരിക്കന്‍ ഗായിക നിന സിമോണിന്റെ ആരാധകനായ ഇനിയന് പക്ഷെ ഇളയരാജയെ അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇളയരാജയുടെ 'എന്‍ വാനിലേ' റെനെ പാടുന്നത് ഇനിയനെ അസ്വസ്തനാക്കുന്നു.'നീരോടൈ പോലവേ എന്‍ പെണ്മൈ, നീരാട വന്തതേ എന്‍ മെണ്മൈ' എന്ന വരികള്‍ ഇനിയനെ വല്ലാതെ പ്രകോപിതനാക്കുകയാണ്. ഇനിയന് പാട്ട് ഇഷ്ടമാകാതിരിക്കുന്നതിന് കാരണം ജാതിയാണെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തിയാണ് ആ രംഗം അവസാനിക്കുന്നത്. എന്താണ് സിനിമ പറയാനൊരുങ്ങുന്നതെന്ന് കൃത്യമായി പ്രേക്ഷകനോട് പറയുന്നുണ്ട് ഓപ്പണിങ് ഷോട്ട്. ദളിതായതിനാല്‍ മാത്രം ജീവിതത്തിലുടനീളം നിഴല്‍ പോലെ പിന്‍തുടരുന്ന ജാതി വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമെല്ലാം കഥാ വികാസത്തിനൊപ്പം റെനയിലൂടെ തുറന്നിടപ്പെടുന്നുണ്ട്. എന്നാല്‍ ജീവിതാനുഭവങ്ങളില്‍ നിന്ന് സ്വതന്ത്ര്യയായ സ്ത്രീയായി റെനെ സ്വയം രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. ഒന്നിന് വേണ്ടിയും സ്വയം വിട്ട് വീഴ്ച ചെയ്യാത്ത അംബേദ്കറൈറ്റായ റെനെ എന്ന ദളിത് സ്ത്രീ കഥാപാത്രത്തെ ഹീറോയായി അവതരിപ്പിച്ചുവെന്നത് തന്നെയാണ് സിനിമയുടെ രാഷ്ട്രീയ മേന്മകളില്‍ ഒന്ന്.

പാ രഞ്ജിത്ത് തമിഴ് സിനിമയുടെ ഭാഗമായിട്ട് പത്ത് വര്‍ഷം പിന്നിടുകയാണ്. ജാതിയെ പ്രതിനായകനാക്കി നിരന്തരം സിനിമകള്‍ ഇറങ്ങാന്‍ തുടങ്ങിയ തമിഴ് സിനിമയുടെ ഒരു പതിറ്റാണ്ട് കൂടിയാണിത്. മേല്‍ജാതി നായകന്റെ ഹീറോയിക് സൃഷ്ടികള്‍ക്ക് നിറം ചാര്‍ത്തുന്നവ മാത്രമായി ജാതിയെ കണ്ടിരുന്ന ഒരു സിനിമ സംസ്‌കാരത്തില്‍ നിന്നാണ് മദ്രാസും, കാലായും കടന്ന് നച്ചത്തിരം നഗര്‍ഗിരതില്‍ എത്തി നില്‍ക്കുന്നത്. പാ രഞ്ജിത്തിന്റെ സിനിമ ഇടപെടലിനെ പിന്തുടര്‍ന്നും പിന്തുണച്ചും കൂടുതല്‍ സിനിമാ ഇടപെടലുകളുണ്ടായി. തേവര്‍ മകനും നാട്ടാമയും തുടങ്ങി നിരവധി ജാതി സിനിമകള്‍ക്ക് കൈയ്യടിച്ച സിനിമാ പ്രേക്ഷകരെ ദളിത് നായകനും നായികയ്ക്കും കൈയ്യടിക്കാന്‍ പ്രാപ്തമാക്കുന്ന ഒരു സിനിമാ വിപ്ലവത്തിന് പാ രഞ്ജിത്ത് വഴിയൊരുക്കി. അഭിമാന ചിഹ്നമായി ജാതിയെ നിര്‍മിച്ചവര്‍ക്കിടയില്‍ നിന്ന് വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വെറുപ്പിന്റെയും പ്രത്യശാസ്ത്രമാണ് ജാതിയെന്ന് ഉറക്കെ വിളിച്ച് പറയാന്‍ ഇത്തരം സിനിമകള്‍ക്ക് കഴിഞ്ഞു. പോപ്പുലര്‍ കള്‍ച്ചറില്‍ നിരന്തരം ഇടപെടുന്ന സിനിമക്കാര്‍ നിര്‍മിച്ച സാംസ്‌കാരിക മേധാവിത്വം ജാതി നായിക ആഘോഷങ്ങളുടേതായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ പ്രതിസംസ്‌കാരം വേണമെന്ന തിരിച്ചറിവില്‍ കൂടിയാണ് തമിഴില്‍ ഈ സിനിമാധാര ഉടലെടുത്തത്.

പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റായി നില്‍ക്കുന്ന സിനിമകള്‍ പലപ്പോഴും നേരിടാറുള്ള പ്രശ്നം അതിന്റെ സിനിമാറ്റിക്ക് സ്വഭാവം നഷ്ടപ്പെട്ട് പ്രഭാഷണ ശൈലിയിലേക്ക് ചുരുങ്ങുമെന്നതാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി ഒരോ ഫ്രെയിമിലും കാഴ്ചയിലും വാക്കുകളിലുമെല്ലാം രാഷ്ട്രീയം പറയുന്നതിനൊപ്പം സിനിമാറ്റിക് അനുഭവം സമ്മാനിക്കുന്നുണ്ട് നച്ചത്തിരം നഗര്‍ഗിരത്. ആസ്വാദനത്തിന്റെ രസച്ചരട് മുറിയാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ആഖ്യാന മികവ്. ദളിത്, സവര്‍ണന്‍, എല്‍ജിബിടിക്യൂ തുടങ്ങി വിവിധ ധാരയിലുള്ള മനുഷ്യര്‍ പുതുച്ചേരിയില്‍ ഒരു നാടകത്തിനായി ഒത്ത് ചേരുന്നു. വിവിധ നിലപാടുകളുള്ള തങ്ങളുടെ ജീവിത പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്ഥമായ ജീവിത വീക്ഷണങ്ങള്‍ പിന്തുടരുന്നവര്‍. സ്ത്രീയും- പുരുഷനും തമ്മിലുള്ള അധികാരത്തിന്റെ ബലതന്ത്രം തുടങ്ങി ഇവരിലെ അഭിപ്രായ വ്യത്യാസങ്ങളെല്ലാം തുറന്ന് കാണിച്ച് ആരംഭിക്കുന്ന ചിത്രം കഥാന്ത്യത്തിലേക്ക് അടുക്കും തോറും തങ്ങളുടെ ധാരണകളിലെ തെറ്റിനെ തിരിച്ചറിയുകയും അത് തിരുത്തുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ ശരികള്‍ കേവലം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതെല്ലെന്നും അത് ജീവിതത്തിലുടനീളം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമാണന്ന് കഥയുടെ നിര്‍ണായക ഘട്ടത്തില്‍ റെനെ ഓര്‍മപ്പെടുത്തുന്നുമുണ്ട്. സമൂഹത്തിന്റെ മാറ്റത്തിന് തിരുത്തലുകള്‍ ആവശ്യമാണെന്നും അതിനായുള്ള പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും അടിവരയിടുന്നുണ്ട്. എന്നാല്‍ എല്ലാം സ്ത്രീയുടെ പ്രത്യേകിച്ച് അതിജീവിതയുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് കൂടി പറഞ്ഞു നിര്‍ത്തിയാല്‍ മാത്രമായിരുന്നു അതിന് പൂര്‍ണത കൈവരിക്കാനാകുക.

സംഘപരിവാറും അവരുടെ ആശയപ്രചാരകരും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണ് 'ലൗ ജിഹാദ്'. ഇതിനു സമാനമായി ദളിതര്‍ ഇതര ജാതിയിലുള്ളവരെ പ്രണയിക്കുന്നതിനു എതിരെ ജാതിഹിന്ദുകള്‍ ഉയര്‍ത്തിയ ആരോപണമാണ് 'നാടക കാതല്‍'. ഈ ആരോപണവും അതില്‍ മറവില്‍ നടത്തുന്ന ദുരഭിമാനക്കൊലകളുമെല്ലാം പ്രമേയമാക്കുകയാണ് നച്ചത്തിരം നഗര്‍ഗിരത്. ഡയലോഗും മോണോലോഗുമെല്ലാം ഇഴചേര്‍ന്ന നരേറ്റീവ് പടത്തിന് കൂടുതല്‍ മികവ് പകരുന്നുണ്ട്. തമിഴ്നാട്ടില്‍ അരങ്ങേറിയ ദുരഭിമാനക്കൊലകളുടെ യഥാര്‍ഥ ദൃശ്യങ്ങളും അതിനൊപ്പം വരുന്ന മോണോലോഗുകളുമെല്ലാം ചേരുന്ന ആഖ്യാനഭാഷ വിഷയത്തിന്റെ തീവ്രതയെ പ്രേക്ഷകനിലേക്ക് കൃത്യമായി സന്നിവേശിപ്പിക്കുന്നുണ്ട്. പാസിങ് ഷോട്ടുകളില്‍ തുടങ്ങി സിനിമയില്‍ കടന്ന് വരുന്ന ചിഹ്നങ്ങളും പ്രതീകാത്മക പ്രതിനിധാനങ്ങളുമെല്ലാം സിനിമയുടെ ഉള്ളടക്കത്തിനോട് നീതി പുലര്‍ത്തുന്നുണ്ട്. വിനോദസഞ്ചാര ഇടമായും അതിനപ്പുറം കുറഞ്ഞചിലവില്‍ മദ്യപിക്കാനുള്ള സ്ഥലമായുമാണ് പൊതുവില്‍ പുതുച്ചേരിയെ സിനിമകളില്‍ കാണിക്കാറ്. എന്നാല്‍ സിനിമകള്‍ അദൃശ്യവല്‍ക്കരിക്കുന്ന സാംസ്‌കാരിക മുഖമുണ്ട് പുതുച്ചേരിയ്ക്ക്. ഫ്രഞ്ച് കൊളോണിയല്‍ വാഴ്ചയ്ക്കപ്പുറം അവിടെ ഉടലെടുത്ത ഒന്ന്. ആ ഒരു സാധ്യത കൂടി ഉള്‍ക്കൊളുന്നതാണ് നച്ചത്തിരം നഗര്‍ഗിരത്. ഓറോവില്ലില്‍ പ്രവര്‍ത്തിക്കുന്ന നാടക സംഘങ്ങളില്‍ നിന്നാകണം സിനിമയുടെ നാടക സംഘത്തിന്റെ പ്രചോദനം.

സംവിധായകനും എഴുത്തുകാരനുമായി പാ രഞ്ജിത്ത് ഒരുക്കിയ സിനിമയെ സാങ്കേതിക മികവും അഭിനേതാക്കളും നല്ല പ്രകടനം കൊണ്ടും കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുന്നുണ്ട്. ജീവിത യാഥാര്‍ഥ്യങ്ങളാല്‍ നിര്‍മിക്കപ്പെട്ട റെനെ ദുഷാര വിജയനില്‍ ഭദ്രമാണ്. നിരാശയും ദേഷ്യവും വാശിയും ഒളിപ്പിച്ച് വെച്ചിരിക്കുന്ന ദുര്‍ബലതയും തുടങ്ങി വിവിധ അടരുകയുള്ള കഥാപാത്രത്തെ മികവോടെ ദുഷാര അവതരിപ്പിച്ചിട്ടുണ്ട്. സര്‍പ്പാട്ട പരമ്പരയിലെ മാരിയമ്മയില്‍ നിന്ന് റെനെയിലേക്ക് എത്തുമ്പോള്‍ തന്റെ പ്രകടനത്തിന്റെ ഗ്രാഫ് അവര്‍ ഉയര്‍ത്തുന്നുണ്ട്. ഇത്രയും വ്യാപ്തിയുള്ള ചിത്രത്തിനെ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ദുഷാര പുലര്‍ത്തിയ മികവ് കൈയ്യടി അര്‍ഹിക്കുന്നുണ്ട്. കാളിദാസ് ജയറാമിന്റെ ഇനിയന്‍, കലൈവരസന്റെ അര്‍ജുന്‍, ഷൈബീര്‍ കല്ലറയ്ക്കല്‍ തുടങ്ങി പത്തോളം കേന്ദ്ര കഥാപാത്രങ്ങളും തങ്ങളുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്.

സിനിമാ കാഴ്ചയെ ഏറ്റവും സന്തോഷിപ്പിച്ചത് അതിന്റെ ലൈറ്റിങാണ്. സിനിമയുടെ മൂഡ് പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ സംഗീതത്തിനൊപ്പം ലൈറ്റിങ്ങിനും നല്ല പങ്കുണ്ട്. പ്രത്യേകിച്ച് നാടക രംഗങ്ങളുടെ തീവ്രത ഉറപ്പാക്കുന്നതില്‍ ലൈറ്റിങ് വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. ഇരുട്ടില്‍ നിന്ന് വാതില്‍ തുറന്ന് റെനെ അര്‍ജുനെ വെളിച്ചതിലേക്ക് നയിക്കുന്നതടക്കമുള്ള രംഗങ്ങളില്‍ കഥാപാത്ര പശ്ചാത്തലത്തിനൊപ്പം സാങ്കേതിക മേഖലയും ഇഴചേര്‍ന്ന് നില്‍ക്കുന്നു. അത്തരം അടയാളപ്പെടുത്തലുകള്‍ക്ക് കൂടുതല്‍ മികവ് നല്‍കുന്നു. തെന്മയുടെ സംഗീതവും കിഷോര്‍ കുമാറിന്റെ ഛായാഗ്രാഹണവുമെല്ലാം സിനിമയെ പൂര്‍ണതയിലേക്ക് നയിക്കുന്നു. 170 മിനിറ്റോളം ദൈര്‍ഘ്യമുള്ള സിനിമയുടെ കാഴ്ച മുറിയാതെ സൂക്ഷിക്കുന്നതില്‍ സെല്‍വയുടെ എഡിറ്റിങിനും നല്ല പങ്കുണ്ട്.

ജാതിയെക്കുറിച്ച് പറയാതെ വിവേചനത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കാനാകില്ലെന്ന് പാ രഞ്ജിത്ത് വീണ്ടും ഉറപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനം അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് ഓര്‍മപ്പെടുത്തുന്ന ചിത്രം, എന്നാല്‍ പുരോഗമന സമൂഹം പൊരുതി നേടിയ എല്ലാ ജനാധിപത്യ അവകാശങ്ങളെയും 'ഹനുമാന്‍ ഗദ'യാല്‍ തച്ചുടയ്ക്കാന്‍ കാത്ത് നില്‍ക്കുന്ന മോഡിഫൈഡ് ഇന്ത്യയുടെ കാഴ്ച കൂടിയാണ്. എതിരഭിപ്രായങ്ങളെല്ലാം ആക്രമിച്ച് കീഴടക്കുന്ന യജമാന അനുയായികളുടെ ആയുധങ്ങള്‍ നമ്മുടെ തലയ്ക്ക് മേലെയുണ്ടെന്ന് ചിത്രം ഓര്‍മപെടുത്തുന്നു. ഈ സംഘങ്ങള്‍ സിനിമയെ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തുന്ന ചരിത്ര പുനര്‍നിര്‍മാണങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യയെന്ന ആശയം സംരക്ഷിച്ച് നിര്‍ത്താനുള്ള ഏക വഴി. പോപ്പുലര്‍ കള്‍ച്ചറിനെ ചൂഷണം ചെയ്തു പടച്ച് വിടുന്ന അത്തരം സൃഷ്ടികള്‍ക്ക് പ്രതിസംസ്‌കാരം ആവശ്യമാണ്. അവിടെയാണ് 'ഞാന്‍ സിനിമവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്' എന്ന് സധൈര്യം പറയുന്ന പാ രഞ്ജിത്തിന്റെ പ്രതികരണം അര്‍ഥപൂര്‍ണമാകുന്നതും നച്ചത്തിരം നഗര്‍ഗിരത് വളരെ ഉജ്ജ്വലമായ സിനിമാ ഇടപെടലാകുന്നതും.

Related Stories

No stories found.
logo
The Cue
www.thecue.in