എന്തൊക്കെ പ്രതീക്ഷിക്കാം മിന്നല്‍ മുരളിയില്‍? | MINNAL MURALI EXPECTATIONS

എന്തൊക്കെ പ്രതീക്ഷിക്കാം മിന്നല്‍ മുരളിയില്‍? | MINNAL MURALI EXPECTATIONS
Published on

ഒരു മുത്തശ്ശി കഥ പോലെ രസകരമാണ് ബേസിൽ ജോസഫ് സൃഷ്ട്ടിക്കുന്ന കഥാപരിസരവും കഥാലോകവും. കൗതുകമുണർത്തുന്ന മുഹൂർത്തങ്ങളും, പൊട്ടിച്ചിരിക്കാൻ കഴിയുന്ന തമാശകളുമായി ബേസിൽ സിനിമാറ്റിക് യൂണിവേഴ്‌സ് വളർന്നിരിക്കുന്നു. ആ യൂണിവേഴ്സിലെ പുതിയ ഇൻസ്റ്റാൾമെന്റ് ആയിട്ടാണ് കുറുക്കൻമൂലയും, കുറുക്കൻമൂലയുടെ സ്വന്തം മിന്നൽ മുരളിയും വരുന്നത്. കുഞ്ഞിരാമന്റെ സ്വന്തം ദേശവും, ക്യാപ്റ്റന്റെ കണ്ണാടിക്കലും പോലെ തന്നെ മിന്നൽ മുരളിയും കുറുക്കൻമൂലയും പ്രേക്ഷക ശ്രദ്ധ നേടും എന്നതിൽ തർക്കമില്ല.

ഒരിടത്ത് ഒരിടത്ത് എന്ന് പറഞ്ഞ് തുടങ്ങുന്ന കഥകൾക്ക് നമ്മുടെ ശ്രദ്ധയെ പെട്ടെന്ന് പിടിച്ചിരുത്താൻ കഴിയും, അതിനു സമാനമായ രീതിയിൽ വളരെ ക്രിസ്പ് ആയ നരേഷനിലൂടെയാണ് ബേസിൽ സിനിമകളും തുടങ്ങുന്നത്. മിന്നൽ മുരളിയെ വ്യത്യസ്തനാക്കുന്നത് ഒരു തരത്തിലുമുള്ള അർബൻ അപ്പീലും ഉള്ള ഒരു സൂപ്പർ ഹീറോ അല്ലായിരിക്കും എന്നതാണ്. കുറുക്കൻമൂലയുടെ മാത്രം മിന്നൽ മുരളി. സ്പൈഡർ മാൻ, ബാറ്റ് മാൻ തുടങ്ങിയ പേരുകൾ അവർ എന്താണെന്ന് കൃത്യമായി രെജിസ്റ്റർ ചെയുന്നുണ്ട്, അത്തരത്തിൽ ഒരു കൗതുകം തന്നെയാണ് മിന്നൽ മുരളി എന്ന ടൈറ്റിലും നൽകുന്നത്. മിന്നലേറ്റതിന് ശേഷം മിന്നലിന്റെ ചടുലതയും കരുത്തും സ്വന്തമാക്കിയ ജെയ്‌സൺ മിന്നൽ മുരളിയാകുന്നു.

ഇത്രയും കാലം നമ്മൾ കണ്ടും കെട്ടും അറിഞ്ഞ സൂപ്പർ ഹീറോകൾ അമേരിക്കയെ രക്ഷിക്കാൻ വേണ്ടി മാത്രമുള്ളവർ ആയിരുന്നു. സൂപ്പർ ഹീറോ സിനിമകളുടെ ഭൂപ്രദേശം വലിയ കെട്ടിടങ്ങളും, വലിയ വലിയ പാലങ്ങളും അതുമല്ലെങ്കിൽ ഭൂമിക്ക് പുറമെ ഏതെങ്കിലും ഗ്രഹങ്ങളോ മറ്റുമായിരിക്കും. ഇതാദ്യമായാണ് ഗ്രാമ പ്രദേശങ്ങളിലൂടെ ഓടി നടക്കുന്ന, ലൈൻ ബേസിൽ ചവിട്ടു കൊള്ളുന്ന, തിരിച്ചടിക്കുന്ന സൂപ്പർ ഹീറോയെ നമ്മൾ കാണുന്നത്. മിന്നൽ മുരളിയുടെ പുറത്തു വന്ന ട്രെയിലറിൽ ആണെങ്കിലും ഒരു തവണ മാത്രമേ സൂപ്പർ ഹീറോ സ്യൂട്ടിൽ ജെയ്‌സനെ നമ്മൾ കാണുന്നത്. അതല്ലാതെയുള്ള ഷോട്ടുകളിലെല്ലാം സാധാരണ കൈലിയും, ഷർട്ടും ധരിച്ച്, ഒരു തുണികൊണ്ട് മുഖം മറിച്ച് കുറുക്കൻമൂലയിലൂടെ ഓടുന്ന മിന്നൽ മുരളി കൗതുകമുണർത്തുന്നുണ്ട്. ഒരു ദേശി സൂപ്പർഹീറോ ആയിരിക്കെ കുറച്ചുകൂടെ നാടനായ ഫൈറ്റ് സീക്വൻസുകളും, റിപീറ്റ്‌ വാച്ച് ക്വാളിറ്റിയുള്ള ഡയലോഗുകളും, ചോപ്പറും ടാങ്കറും ഇല്ലാത്ത ചേസുകളും പ്രേക്ഷകർക്ക് വേണ്ടി മിന്നൽ മുരളി ടീം കരുതി വെച്ചിട്ടുണ്ടെന്ന് തന്നെ ഉറപ്പിക്കാം.

മിന്നലേറ്റ് കോമയിൽ ആയി പോകുന്ന ബാരി അല്ലൻ കോമയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വളരെ വേഗത്തിൽ ഓടാൻ കഴിയുന്ന സൂപ്പർ സ്പീഡ് പവർ ലഭിക്കുന്നതും, പിന്നീട് തിന്മകൾക്ക് എതിരെ പോരാടുന്നതും ഫ്ലാഷ് ആകുന്നതും നമ്മുക്ക് അറിയാവുന്ന ഫ്ലാഷിന്റെ കഥയാണ്. ഇടിമിന്നൽ കേരളത്തിലും ഉണ്ടല്ലോ, അതുകൊണ്ട് തന്നെ മറ്റ് സൂപ്പർഹീറോകൾക്ക് മുന്നിൽ ചെക്ക് വെക്കാവുന്ന ഒരു സൂപ്പർഹീറോ തന്നെയായിരിക്കും മിന്നൽ മുരളി എന്ന് പ്രതീക്ഷിക്കാം. ടോവിനോ എന്ന നടന്റെ ഏറ്റവും comfortable ആയിട്ടുള്ള പെർഫോമൻസ് പൊതുവെ കാണാറുള്ളത് പ്രിയപ്പെട്ട സുഹൃത്തുക്കളുടെ കൂടെയുള്ള സിനിമകളിലാണ്. ഗോദയിൽ പയറ്റി തെളിഞ്ഞ ആഞ്ജനേയ ദാസിന്റെ നിഷ്കളങ്കത കൃത്യമായ മീറ്ററിൽ പിടിക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ മിന്നൽ മുരളിക്കും വലിയ ഫാൻ ബേസ് ഉണ്ടാകുമെന്നതിൽ സംശയമില്ല.

ഓരോ സൂപ്പർഹീറോ സിനിമകളും ഒറ്റ ഭാഗം കൊണ്ട് അവസാനിപ്പിക്കാനുള്ളതായി തോന്നിയിട്ടില്ല. മിന്നൽ മുരളിയും തുടക്കം ഇടുന്നത് ബേസിൽ സിനിമാറ്റിക് യൂണിവേഴ്സിന് ഉള്ളിലെ പുതിയൊരു സൂപ്പർ ഹീറോ യൂണിവേഴ്സിന് ആയിരിക്കാം. ആദ്യ ഭാഗത്തിൽ ഒരുപക്ഷെ സിനിമയുടെ ക്‌ളൈമാക്‌സിൽ ആയിരിക്കാം മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയുടെ ultimate ലോഞ്ച് സംഭവിക്കുന്നത്. നേരത്തെ പറഞ്ഞ ഒരു സൂപ്പർ ഹീറോ യൂണിവേഴ്സിന്റെയും, ഒരു സീരീസ് ഓഫ് സിനിമകളുടെയും തുടക്കം മിന്നൽ മുരളിയുടെ ക്‌ളൈമാക്‌സ് പോയിന്റിൽ നിന്നായിരിക്കാം. സീക്വൽ സാദ്ധ്യതകൾ ഒരു സൂപ്പർ ഹീറോ സിനിമയുടെ കാര്യത്തിൽ ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ മിന്നൽ മുരളിയിൽ ഒരുപക്ഷെ കുറുക്കൻമൂലയെ മാത്രം സംരക്ഷിച്ചാൽ മതിയെങ്കിൽ വരും ഭാഗങ്ങളിൽ കണ്ണാടിക്കലും ദേശവും കൂടെ ഉൾപ്പെടുത്തിക്കൊണ്ട് ദേശി സൂപ്പർ ഹീറോയുടെ atmosphere ബേസിൽ വലുതാക്കുമായിരിക്കും.

സൂപ്പർഹീറോ സിനിമകളിൽ സൂപ്പർ വില്ലന്മാർക്കും വലിയ രീതിയിലുള്ള ഫാൻബേസ് ഉണ്ടാകാറുണ്ട്. ഡാർക്ക് നൈറ്റിലെ ജോക്കറും, എൻഡ്‌ഗെയിമിലെ താനോസുമൊക്കെ ഉണ്ടാക്കിയ തരത്തിലുള്ള ഒരു വലിയ സ്‌പേസ് മിന്നൽ മുരളിയിലെ സൂപ്പർ വില്ലനും സൃഷ്ടിച്ചാൽ, ഒരു പക്ഷെ മിന്നൽ മുരളിയെ പോലെ സൂപ്പർ വില്ലനും കയ്യടികൾ വാങ്ങും. ഹീറോയുടെ പവർ എന്താണെന്ന് അറിയാനുള്ള അതെ ക്യൂരിയോസിറ്റി അടക്കി പിടിച്ചാണ് ഓരോരുത്തരും വില്ലനെയും കാത്തിരിക്കുന്നത്. ഡീസിയും മാർവലും കണ്ടു രോമാഞ്ചപുളകിതരാകുന്ന മലയാളി പ്രേക്ഷകർക്ക് സ്വന്തമായി ഒരു സൂപ്പർ ഹീറോ എന്ന ആഗ്രഹം കൂടിയാണ് മിന്നൽ മുരളിയിലൂടെ സാധിക്കുന്നത്. തിയറ്റർ വാച്ച് മിസ് ആയി നെറ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യുമ്പോഴും മിന്നൽ മുരളിയെ കാണാൻ പ്രേക്ഷകരും സിനിമ പ്രേമികളും കാത്തിരിക്കുകയാണ്. സൂപ്പർ ഹീറോയും, സൂപ്പർ വില്ലനും തമ്മിലുള്ള ക്ലൈമാക്സ് ഫൈറ്റിനും, മിന്നൽ മുരളിയെ പോലെ വില്ലന്റെ സൂപ്പർ ഗെറ്റപ്പിന് വേണ്ടിയും കാത്തിരിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in