Unda Movie Review:  തുളച്ചുകയറുന്ന രാഷ്ട്രീയം,പാന്‍ ഇന്ത്യന്‍ സിനിമ  

Unda Movie Review: തുളച്ചുകയറുന്ന രാഷ്ട്രീയം,പാന്‍ ഇന്ത്യന്‍ സിനിമ  

Published on
Summary

ശരീരഭാഷയിലും പെര്‍ഫോര്‍മന്‍സിലും മമ്മൂട്ടിയിലെ നടന്‍ സൃഷ്ടിക്കുന്ന പുതിയ താളമാണ് എസ് ഐ മണികണ്ഠന്‍

ദൃശ്യാത്മകമായി കഥ പറയുന്നതില്‍ ഖാലിദ് റഹ്മാന്റെ മിടുക്ക് അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ സിനിമയില്‍ നമ്മള്‍ കണ്ടതാണ്. വിഷ്വല്‍ കൊറിയോഗ്രഫിയിലും, അനുഭവ പരിസരം രൂപപ്പെടുത്തുന്നതിലും മിടുമിടുക്കുണ്ട് റഹ്മാനെന്ന സംവിധായകനെന്ന് ഉണ്ടയിലെത്തുമ്പോള്‍ മനസിലാകും. ഒപ്പം മമ്മൂട്ടിയിലെ നടനെ സമീപവര്‍ഷങ്ങളില്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച സംവിധായന്‍ എന്ന ക്രെഡിറ്റ് കൂടി ഖാലിദ് റഹ്മാന് സ്വന്തമാകുന്നു. ഈ കാലത്തിനൊപ്പം പറയേണ്ട രാഷ്ട്രീയം ശങ്കയില്ലാതെ പറയുന്ന സിനിമ ഹര്‍ഷാദ് എന്ന തിരക്കഥാകൃത്തിന്റേതുമാണ്.

ഉണ്ട റിവ്യൂ വീഡിയോ

ഉണ്ട, പറയുന്ന കഥയിലും, ഉള്‍പ്പേറുന്ന രാഷ്ട്രീയത്തിലും ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ഛത്തീസ് ഗഡില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളാ പോലീസിലെ ഒരു സംഘം. കേരളാ പോലീസിന്റെ അഭിമാനം കാത്ത് തിരിച്ചുവരുമെന്നാണ് ഇവരുടെ ആത്മവിശ്വാസവും ഇവരെ നിയോഗിച്ചവരുടെ വിശ്വാസവും. തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നതിനപ്പുറം എത്തിയ സ്ഥലത്തിന്റെ ഭൂമിശാസ്ത്രമോ,രാഷ്ട്രീയ സവിശേഷതയോ, സാഹചര്യമോ ഒന്നും ഇവരിലാര്‍ക്കും നിശ്ചയമില്ല. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖല എന്നത് അതുവരെ അവരുടെ ഭയവുമല്ല. പക്ഷേ ഛത്തീസ് ഗഡിലെത്തുമ്പോള്‍ പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍. ഇനിയെന്ത് സംഭവിക്കുമെന്ന ആശങ്ക മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് ഐ മണി സാറിനൊപ്പമുള്ള പോലീസ് സംഘത്തെയും പ്രേക്ഷകരെയും ഒരു പോലെ പിടികൂടുന്നുണ്ട്. പിന്നീടങ്ങോട്ട് ഈ പോലിസുകാരുടെ ടെന്‍ഷന്‍ തന്നെയാണ് പ്രേക്ഷകര്‍ക്കും. ബസ്തറിലെ ഒഴിഞ്ഞ പ്രദേശത്തെ സ്‌കൂളിലേക്കുള്ള യാത്ര സംവിധായകന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്തും സംഭവിക്കാം എന്ന ഉദ്വേഗത്തിനൊപ്പമാണ്. സ്‌കൂള്‍ കെട്ടിടം പോലീസ് ക്യാമ്പായി മാറുന്നത് മുതല്‍ പരിസര ശബ്ദങ്ങളിലും പശ്ചാത്തലത്തിലും ക്യാമറാ മൂവമെന്റിലുമെല്ലാം ഭയത്തെ സംവിധായകന്‍ കൃത്യമായി പ്രതിഷ്ഠിക്കുന്നുമുണ്ട്.

കുഴിബോംബിനെക്കാള്‍ തീവ്രതയില്‍ വംശീയത ഒപ്പമുള്ളവനെ ചിന്നിച്ചിതറിക്കുന്നുണ്ട്

മാവോയിസ്റ്റ് ആക്രമണ സാധ്യത ഏത് നിമിഷവും ഉണ്ടായേക്കാം എന്നിരിക്കെ സമാനസാഹചര്യം നേരിട്ട പരിചയസമ്പത്തോ,പ്രത്യാക്രമണ സൗകര്യങ്ങളോ ഇല്ലാത്ത പോലീസുകാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലാണ് ഉണ്ടയുടെ ആദ്യഭാഗം. പെട്ടെന്നൊരു ദിവസം വീടും നാടും വിട്ട് അപരിചിതമായ ഇടത്ത് ഡ്യൂട്ടി ചെയ്യേണ്ടിവന്ന പോലീസുകാര്‍ വൈയക്തികമായ പലവിധ പ്രശ്‌നങ്ങളിലാണ്. ആരൊക്കെ ജീവനോടെ തിരിച്ചുപോകുമെന്ന ഉറപ്പില്ലായ്മയിലും അവരുടെ റാങ്കും പദവിയും ജാതിയും രാഷ്ട്രീയവുമെല്ലാം കലഹമാകുന്നുണ്ട്. കുഴിബോംബിനെക്കാള്‍ തീവ്രതയില്‍ വംശീയത ഒപ്പമുള്ളവനെ ചിന്നിച്ചിതറിക്കുന്നുണ്ട്. കഥാപാത്ര സൃഷ്ടിയിലും ഓരോരുത്തരുടെയും ജീവിതവും രാഷ്ട്രീയവും കൃത്യമായി പറഞ്ഞുപോകുന്നിടത്തും ഹര്‍ഷാദ് എന്ന ഉള്‍ക്കാഴ്ചയുള്ള തിരക്കഥാകൃത്തിന്റെ മിടുക്ക്് കൂടിയാണ് ഉണ്ട.

എസ് ഐ മണികണ്ഠനിലൂന്നിയാണ് ഉണ്ട കഥ പറയുന്നുന്നത്. ഒരു മോഷണ ദൃശ്യത്തില്‍ മണി സാറിന്റെ കാരക്ടറിനെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. കാക്കിയിടാതെയാണ് കൂടുതല്‍ സമയവും മണിയെ കാണിക്കുന്നത്. പോലീസിംഗ് അയാള്‍ക്ക് ലഹരി നല്‍കുന്ന ജോലിയുമല്ല. വൈഡ് ഷോട്ടില്‍ മണി സാര്‍ നടന്ന് വരുന്നത് പല സീനുകളില്‍ കാണിക്കുന്നുണ്ട്, അത് മമ്മൂട്ടിയുടെ സിഗ്നേച്ചര്‍ നടപ്പല്ല. പോലീസ് ഓഫീസര്‍ക്ക് വേണ്ട ഫിറ്റ്‌നസില്ലാത്ത, പരിക്ഷീണനായ,അയഞ്ഞു പോയൊരു മനുഷ്യനാണ് മണി. ഈ അയവ് അയാളുടെ സ്വഭാവത്തിലുമുണ്ട്. തന്നിലെ പോലീസിനെക്കാള്‍ സഹാനുഭൂതിയുള്ള മനുഷ്യനെ പുറത്തുകാണിക്കാനാണ് മണി സാര്‍ എപ്പോഴും ശ്രമിക്കുന്നത്. ശരീരഭാഷയിലും പെര്‍ഫോര്‍മന്‍സിലും മമ്മൂട്ടിയിലെ നടന്‍ സൃഷ്ടിക്കുന്ന പുതിയ താളമാണ് എസ് ഐ മണികണ്ഠന്‍. കൂടെയുള്ളവരുടെ ജീവന് അപകടമുണ്ടാകരുതെന്നിടത്താണ് മണിസാറില്‍ ഭയം പെരുക്കുന്നത്. ഒപ്പമുള്ളവരോട് അത് പറയാതെ വയ്യെന്ന് വരുമ്പോള്‍ അയാളത് പറയുന്നുമുണ്ട്. തന്നിലെ നടനെ പുതിയൊരു കഥാപാത്രത്തിനൊപ്പം നവീകരിച്ചെടുക്കുന്ന മമ്മൂട്ടിയെ ഉണ്ടയില്‍ കാണാം. കപില്‍ ദേവ് ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോഴുള്ള മമ്മൂട്ടിയുടെ പ്രകടനം അദ്ദേഹത്തിന്റെ മികച്ച അഭിനയരംഗങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കുന്നു. അധികാര ശരീരത്തെ പട്ടേലറായും വിധേയത്വത്തെ മാടയിലൂടെയും ഒരേ വര്‍ഷം അവതരിപ്പിച്ച മമ്മൂട്ടി പൗരുഷ ഗാംഭീര്യമായി വിശേഷിപ്പിക്കപ്പെടുന്ന തന്റെ സിഗ്നേച്ചര്‍ പോലീസ് കഥാപാത്രങ്ങളുടെ എതിര്‍ദിശയില്‍ മറ്റൊരു മികച്ച കഥാപാത്രത്തെ തീര്‍ക്കുകയാണ്. സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തലതാഴ്ത്തി നില്‍ക്കുന്ന മണി സാറിനെ, അയാളിലെ നിസംഗതയുടെയും നിസഹായതയുടെയും ഭാവപ്പകര്‍ച്ചകളെ ശരീരഭാഷ കൊണ്ടാണ് മമ്മൂട്ടി പ്രതിഫലിപ്പിക്കുന്നത്.

ടെക്‌നിക്കല്‍ ഏരിയയില്‍, സാങ്കേതിക പരിചരണത്തില്‍ സൂക്ഷ്മത പുലര്‍ത്തിയൊരു സിനിമയുമാണ് ഉണ്ട. ബസ്തറിനെ പരിചയപ്പെടുത്തുന്നത് മുതല്‍ ഹെലി കാം ഷോട്ടിലും മൂവ്‌മെന്റ് ഷോട്ടുകളിലും ഹാന്‍ഡ് ഹെല്‍ഡിലുമായി ആ പ്രദേശത്തെ അനുഭവപ്പെടുത്തുകയാണ്. സൗണ്ട് ഡിസൈനും, പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും,രാത്രി രംഗങ്ങളും ഷൂട്ടൗട്ടും ഉള്‍പ്പെടെ മനോഹരമാക്കിയ സജിത് പുരുഷന്റെ ക്യാമറയും സിനിമയുടെ മൂഡ് സൃഷ്ടിക്കുന്നതില്‍ പ്രധാന റോളിലുണ്ട്. സിങ്ക് സൗണ്ടും പോസ്റ്റ് സൗണ്ട് പ്രൊഡക്ഷനും എടുത്ത് പറയേണ്ടതാണ്. അജയന്‍ അടാട്ട്, വിഷ്ണു, ശ്രീശങ്കര്‍ എന്നിവരാണ് ബസ്തറിനെ ഭീതിയില്‍ പൊതിഞ്ഞതില്‍ നിര്‍ണായക പങ്കുവഹിച്ചിരിക്കുന്നത്. ചത്തീസ് ഗഡിനെ ചുരുങ്ങിയ ദൃശ്യങ്ങളില്‍ നരേറ്റ് ചെയ്തതില്‍ വിജയിക്കുന്നു റഹ്മാന്റെ ക്രാഫ്റ്റ്.

അധികാര ശരീരത്തെ പട്ടേലറായും വിധേയത്വത്തെ മാടയിലൂടെയും ഒരേ വര്‍ഷം അവതരിപ്പിച്ച മമ്മൂട്ടി തന്റെ സിഗ്നേച്ചര്‍ പോലീസ് കഥാപാത്രങ്ങളുടെ പൗരുഷ ഗാംഭീര്യത്തിന് എതിര്‍ദിശയില്‍ മറ്റൊരു മികച്ച കഥാപാത്രത്തെ തീര്‍ക്കുകയാണ്. 

ഹര്‍ഷാദ്/ ഖാലിദ് റഹ്മാന്‍ പോലീസിനെ നിര്‍വചിക്കുന്നിടത്ത് കൂടെയാണ് ഉണ്ട മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമയാകുന്നത്. ഇവിടെ സിസ്റ്റത്തിന്റെ ഉപകരണമാണ് പോലീസ്. ഛത്തീസ് ഗഡില്‍ നിന്ന് കേരളത്തിലേക്ക് കട്ട് ചെയ്യുന്ന രംഗമുണ്ട്. അവിടെ സുധി കോപ്പയുടെ പോലീസുകാരന്‍ ലാത്തിച്ചാര്‍ജിന് നിര്‍ദേശം നല്‍കുന്ന സാഹചര്യവും, അതിലേക്കെത്തുന്ന എസ് പി സാം ജെ മാത്തന്റെ പ്രതികരണവും ശ്രദ്ധിച്ചാല്‍ അറിയാം ഒരു സംവിധാനത്തിനകത്ത് കുടുങ്ങിനില്‍ക്കുന്ന മനുഷ്യരുടെ സമ്മര്‍ദ്ദപ്പെരുക്കമാണ് ചിലപ്പോഴെങ്കിലും പൊലീസിന്റെ വയലന്‍സ്. കൃത്യമായ ബ്ലാക്ക് ഹ്യൂമറിലൂടെ പോലീസിനെ,സ്‌റ്റേറ്റിനെ, മാവോയിസ്റ്റ് ഭീഷണിയെ, ഭരണകൂട താല്‍പ്പര്യത്തിന് വിധേയപ്പെടുന്ന പൊലീസിംഗിനെ അവതരിപ്പിക്കുന്നുണ്ട് സിനിമ.

ഹര്‍ഷാദ്/ ഖാലിദ് റഹ്മാന്‍ പോലീസിനെ നിര്‍വചിക്കുന്നിടത്ത് കൂടെയാണ് ഉണ്ട മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമയാകുന്നത്.

റിയലിസ്റ്റിക് ആയി കഥാപാത്രങ്ങളെ ചിട്ടപ്പെടുത്തുകയും സെമി റിയലിസ്റ്റിക്-സിനിമാറ്റിക് ഷിഫ്റ്റുകളിലൂടെ കയറിയിറങ്ങുകയും ചെയ്യുന്ന സിനിമയാണ് ഉണ്ട. എസ് ഐ മണി സാറും പിള്ളേരും നടത്തുന്ന ഫൈനല്‍ മിഷന്‍ പോലും അത്തരത്തിലൊരു ഫിക്ഷണല്‍/ സിനിമാറ്റിക് ഷിഫ്റ്റ് ആണെന്ന് തോന്നി. അധികാര രാഷ്ട്രീയത്തിനും മാവോയിസ്റ്റുകള്‍ക്കും ഇടയിലുള്ള മനുഷ്യര്‍ക്കൊപ്പമാണ് സിനിമ. ഭരണകൂടതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ആരൊക്കെ മാവോയിസ്റ്റാകണമെന്ന് തീരുമാനിക്കപ്പെടുന്നതിനെയും ഉണ്ട ചോദ്യം ചെയ്യുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകളുടെ രാഷ്ട്രീയവും സിനിമയുടെ അടരുകളിലുണ്ട്. ലുക്ക് മാന്‍ അവതരിപ്പിക്കുന്ന ബിജു കുമാറും ഓംകാര്‍ ദാസ് മണിപുരിയുടെ കുണാല്‍ ചന്ദും ആണ് ഉണ്ടയുടെ രാഷ്ട്രീയ മുഖം. ജനിച്ച മണ്ണില്‍ നിന്ന് രാഷ്ട്രീയമായും വംശീയമായും തുടച്ച് നീക്കപ്പെടുന്ന മനുഷ്യര്‍ക്കൊപ്പമാണ് സിനിമ. പോലീസ് യൂണിഫോം ജോലിയുടെ നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്ന മണി സാറിന്റെ വാക്കുകളിലൂടെ ഇതേ രാഷ്ട്രീയമാണ് വിനിമയം ചെയ്യുന്നത്. ഇത് നിന്റെ മണ്ണാണ്, ഇവിടം വിട്ടുപോകരുത്, ചാകാന്‍ നിക്കരുത് ജീവിക്കണം എന്നാണ് അയാള്‍ പറയുന്നത്, അയാള്‍ക്ക് പോലും ഉറപ്പ് നല്‍കാനാകില്ലെന്ന തിരിച്ചറിവിലാണ് വാക്കുകള്‍. ഖനി മാഫിയകള്‍ക്കും കുത്തക കമ്പനികള്‍ക്ക് വേണ്ടി തുടച്ച് നീക്കപ്പെടുന്ന മനുഷ്യരുടെ ചെറുത്തുനില്‍പ്പുകളെ, നിസഹായതയെ സൂക്ഷ്മതയോടെ സിനിമ വരച്ചിടുന്നുണ്ട്.

ലുക്മാനും ഷൈന്‍ ടോം ചാക്കോയും മികച്ച പ്രകടനങ്ങളിലാണ്. ഹ്യൂമര്‍ റോളിലാണ് ലുക്മാനെ കൂടുതലും കണ്ടിട്ടുള്ളത്. ഇവിടെ ആദ്യസീന്‍ മുതല്‍ അയാളൊരു തുരുത്തിലാണ്. ഇനിയുമേറെ ഉപയോഗപ്പെടുത്തേണ്ട നടനാണ് ലുക്മാന്‍. രഞ്ജിത്ത്, അര്‍ജുന്‍ അശോകന്‍, റോണി, അഭിറാം, ഗ്രിഗറി,ഗോകുലന്‍, തുടങ്ങിയവവരുടെ സ്വാഭാവിക പ്രകടനങ്ങളുടെ ഭംഗിയും ഉണ്ടയ്ക്കുണ്ട്. ഓംകാര്‍ ദാസ് മണിപുരിയും ഭഗവാന്‍ തിവാരിയും കഥാപാത്രസൃഷ്ടിയോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന മികച്ച പെര്‍ഫോര്‍മന്‍സ് ആണ്.

ഉണ്ടയുടെ വിഷ്വല്‍ നരേറ്റീവ് പലരുടെയും കാഴ്ചയില്‍, അവരുടെ കഥകളായി ഇടറാതെ നിര്‍ത്തിയതില്‍ നിഷാദ് യൂസഫ് എന്ന എഡിറ്ററുടെ സാമര്‍ത്ഥ്യം വിട്ടുപോകാനാകില്ല. ഒരേ സമയം മണി സാറിന്റെയും പിള്ളേരുടെയും കാഴ്ചകളിലൂടെ സിനിമ മുന്നോട്ട് പോകുമ്പോള്‍ അവരില്‍ ഓരോരുത്തരുടെയും ജീവിതത്തിന് സ്‌പേസ് സൃഷ്ടിച്ചതില്‍ എഡിറ്ററുടെ മികവുണ്ട്. ഛത്തീസ് ഗഡിലും കേരളത്തിലും, കര്‍ണാടകയിലും വയനാട്ടിലുമായി ചിത്രീകരിച്ച സിനിമയെ ബസ്തറിനകത്തുള്ള അനുഭവമാക്കിയതില്‍ സംവിധായകനോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നുണ്ട് നിഷാദ് യൂസുഫ്‌

പുതിയ തലമുറ സിനിമകള്‍ക്ക് ഉള്‍ക്കനമില്ലെന്ന പരാതിയെ അപ്രസക്തമാക്കുന്നുണ്ട് സമീപകാല സൃഷ്ടികള്‍. അക്കൂട്ടത്തില്‍ ഉണ്ട, പറയുന്ന രാഷ്ട്രീയത്തിനൊപ്പം ക്രാഫ്റ്റ്മാന്‍ ഷിപ്പിലും തലപ്പൊക്കമുള്ളൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ഖാലിദ് റഹ്മാന്‍ എന്ന സംവിധായകനില്‍ പ്രതീക്ഷ കൂടുന്നു. മമ്മൂട്ടി എന്ന നടനെ ആഘോഷിക്കേണ്ട സിനിമയുമാണ് ഉണ്ട.

logo
The Cue
www.thecue.in