ഒരു നടന്‍ എടുക്കുന്ന പെയിന്‍/പ്രയത്നം കണ്ടിരിക്കവേ, ഇയാള്‍ എന്തൊരു മനുഷ്യനാണെന്ന് നമ്മള്‍ അത്ഭുതപ്പെട്ടുപോകുന്നു. അഥവാ, അനിക്കുട്ടന്റെ തീര്‍ത്തും ദുഷ്‌കരമായ സഞ്ചാരപഥങ്ങള്‍ സ്വന്തം ശരീരം കൊണ്ട് വ്യാഖ്യാനിക്കുന്ന ഫഹദ് ഫാസില്‍ അഭിനയകലയുടെ മറ്റൊരു തലത്തിലേക്കു കടക്കുന്നു.
Malayankunju Movie Review
കിഴക്കന്‍ മലയുടെ അടിവാരത്തില്‍ മണ്ണിനോടും മഴയോടും മല്ലിട്ടു ജീവിക്കുന്ന മനുഷ്യര്‍. ജീവിതത്തിന്റെ സ്വഭാവം കൊണ്ട് റഫ് ആന്‍ഡ് ടഫ് ആണെങ്കിലും നല്ല മനുഷ്യപ്പറ്റുള്ള വികാരജീവികള്‍. പരസ്പരം പൊറുക്കാനുള്ള ഹൃദയവിശാലത അവര്‍ കാണിക്കുന്നുണ്ട്. പൊളിറ്റിക്കലി കറക്ട് എന്നൊരു വാക്കിനെപ്പറ്റി അനിക്കുട്ടനും സുനിയും കേട്ടിരിക്കാനിടയില്ല. ശീലം കൊണ്ട് തെറിവാക്കുകളും ജാതിസ്പര്‍ദ്ധയും സുലഭം. ആ ജീവിതവും ജീവിതം തന്നെയാണ്. അഥവാ, അതാണ് ജീവിതം. ആദ്യ പകുതിയില്‍ നിങ്ങള്‍ക്ക് അനിക്കുട്ടന്റെ ശരീരഭാഷയും മാനറിസവും നോക്കിയിരിക്കുന്ന ജോലിയേയുള്ളു. അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മയാണ് അയാളെ പരുക്കനാക്കി മാറ്റുന്നത്. പക്ഷേ അതൊന്നുമല്ല അയാളിലെ ജാതിചിന്തയെയും സഹജീവികളായ കീഴ്ജാതി മനുഷ്യരോടുള്ള വിരോധത്തിനും ശത്രുതക്കും പിന്നില്‍. ഒറ്റയാനായും സ്വന്തം കാര്യത്തിനപ്പുറം താല്‍പ്പര്യമേതുമില്ലാതെയും ജീവിക്കുന്നൊരാള്‍. അനിക്കുട്ടന് ഏറെക്കുറെ നിയന്ത്രണമുള്ള ലോകത്ത് നിന്ന് നിയന്ത്രണമേതുമില്ലാത്തിടത്ത് എത്തിപ്പെടുമ്പോള്‍ അയാളിലെ ജാതിമനുഷ്യനും സ്വാര്‍ത്ഥജീവിയും വീണ്ടെടുക്കുന്നതെന്തൊക്കെയാണെന്ന് സിനിമ തേടുന്നു.
മലയന്‍ കുഞ്ഞിലെ രണ്ടാം പകുതിയാണ് അനിക്കുട്ടനെപ്പോലെ നമ്മളെയും ശ്വാസംമുട്ടിക്കുന്നത്. ഒരു കഥാപാത്രത്തിനു വേണ്ടി ഒരു നടന്‍ എടുക്കുന്ന പെയിന്‍/പ്രയത്നം കണ്ടിരിക്കവേ, ഇയാള്‍ എന്തൊരു മനുഷ്യനാണെന്ന് നമ്മള്‍ അത്ഭുതപ്പെട്ടുപോകുന്നു. അഥവാ, അനിക്കുട്ടന്റെ തീര്‍ത്തും ദുഷ്‌കരമായ സഞ്ചാരപഥങ്ങള്‍ സ്വന്തം ശരീരം കൊണ്ട് വ്യാഖ്യാനിക്കുന്ന ഫഹദ് ഫാസില്‍ അഭിനയകലയുടെ മറ്റൊരു തലത്തിലേക്കു കടക്കുന്നു.
സ്ഥലവും കാലവും കൃത്യമായി വിശദമാക്കുന്ന തിരക്കഥ. മഹേഷ് നാരായണന്‍ എന്ന എഴുത്തുകാരന്‍ സിനിമറ്റോഗ്രാഫര്‍ കൂടിയാകുമ്പോള്‍ സംഭവിക്കുന്ന വിഷ്വല്‍ ഇംപാക്റ്റ്. ഭൂമിക്കടിയിലെ ഇടുങ്ങിയ സ്ഥലങ്ങള്‍ നിങ്ങളിലുണ്ടാക്കുന്ന വിസ്മയകരമായ ഭയവും അസ്വസ്ഥതയും അയാളുടെ സംഭാവനയാണ്.
അതിസാധാരണമായി പറഞ്ഞുപോകുന്നൊരു കഥാലോകത്തേക്ക് ഒരു ദുരന്തവും തുടര്‍ന്നുള്ള ആഘാതവും പരിമിതമായ സ്‌പേസിനെ പ്രയോജനപ്പെടുത്തിയുള്ള ആകര്‍ഷകമായ കഥ പറച്ചിലുമൊക്കെ ആദ്യ സിനിമയില്‍ സാധ്യമാക്കിയിരിക്കുന്നു സജിമോന്‍ പ്രഭാകരന്‍ എന്ന സംവിധായകന്‍.
കഥാപാത്രങ്ങളെല്ലാം മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന പച്ച മനുഷ്യരാണ്. അനിക്കുട്ടന്റെ അമ്മ ശാന്തമ്മയെ നോക്കൂ. പൊന്നിയെയും അവരുടെ മാതാപിതാക്കളെയും നോക്കൂ, അവരെ നമുക്കെല്ലാവര്‍ക്കും പരിചയമുണ്ട്. അനിക്കുട്ടന്റെ അമ്മാവന്‍ സുരേന്ദ്രനായി ഇന്ദ്രന്‍സും അച്ഛനായി ജാഫര്‍ ഇടുക്കിയും മനം കവരുന്നുണ്ട്. കഥാപാത്രകേന്ദ്രീകൃതമായി നീങ്ങുന്നൊരു ഇമോഷണല്‍ ഡ്രാമ സ്വഭാവമാണ് മലയന്‍കുഞ്ഞിന്റെ ഡിസൈന്‍. ദുരന്തവും അതിജീവനവും അതിന്റെ സബ് പ്ലോട്ടായി വരികയാണ്. വീട്ടിനകത്തും പുറത്തും ജാതിബോധത്തെ പേറുന്ന അനിക്കുട്ടന്റെ ഉയിര്‍പ്പ് കൂടിയാണ് 'സര്‍വൈവല്‍'. പൂര്‍ണമായല്ലെങ്കിലും അനിക്കുട്ടനിലെ പിന്തിരിപ്പനായ മനുഷ്യനും ജാതിവാദിക്കും ഉയിര്‍പ്പേകുന്നത് പൊന്നിയാണ്. ഒരു ഘട്ടത്തില്‍ ഏ.ആര്‍. റഹ്മാന്റെ സംഗീതത്തെക്കാള്‍ തീവ്രതയും പൊന്നിയുടെ കരച്ചിലിനാണ്.
അമിതഭാരമുള്ള ഗഹനമായ സന്ദര്‍ഭങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു റഹ്മാന്റെ സംഗീതം. അനിക്കുട്ടനെപ്പോലെ, സിനിമയിലുടനീളം ഒരു കുഞ്ഞിന്റെ കരച്ചില്‍ നമ്മളെയും ഹോണ്ട് ചെയ്യുന്നു. ആ ഒരു വൈകാരികതലമാണ് അനിക്കുട്ടനെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അലൗകികം എന്നു പറയാവുന്ന ഈയൊരു ഫീല്‍ മലയാള സിനിമയില്‍ ഇതാദ്യമാണ്. സംഘര്‍ഷങ്ങളുടെ പെരുമഴ പെയ്തുതീരുന്നതോടെ, എല്ലാ വൈരുദ്ധ്യങ്ങളെയും മറവിയിലേക്കു തള്ളി, മെല്ലെമെല്ലെ കാണികളെ മാനവികതയിലേക്ക് ഉണര്‍ത്തുന്ന ക്ലൈമാക്‌സ് വരികയായി. ഒരു നല്ല സിനിമയ്ക്ക് ഇതൊക്കെ ധാരാളം.
പെരുമഴക്കാലങ്ങളില്‍ ഹൈറേഞ്ചിലെ ഓരോ മനുഷ്യനും ജീവിക്കുന്ന അപകടകരമായ ജീവിതത്തെക്കുറിച്ച് സിനിമ ഉള്‍ക്കാഴ്ച നല്‍കുന്നു. ചുറ്റുമുള്ള മനുഷ്യരെ മാത്രമല്ല പ്രകൃതിയെയും സ്വാര്‍ത്ഥചിന്തയാല്‍ മാത്രം സമീപിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ മലയന്‍കുഞ്ഞ് പല ചോദ്യങ്ങളുമുയര്‍ത്തുന്നു. അനിക്കുട്ടന്റെ ചുറ്റും നില്‍ക്കുന്നവര്‍ക്ക് തിരക്കഥയില്‍ അല്‍പ്പം കൂടി മിഴിവ് നല്‍കിയിരുന്നെങ്കില്‍ ഒരു ദേശത്തിന്റെ തന്നെ അപൂര്‍വമായ ജീവിതഗാഥയായി മലയന്‍കുഞ്ഞ് മാറുമായിരുന്നു. ഇപ്പോഴും ആ നിലയിലുള്ള ഒരു മൂല്യം സിനിമയ്ക്കുണ്ട്.
ഉള്ളടക്കത്തിലും മെയ്ക്കിംഗിലും മലയാളസിനിമ വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. തീയേറ്റര്‍ അതിന്റെ പഴയ ഓളത്തിലേക്കു മടങ്ങിവരുന്നു. അഥവാ, ഇന്ത്യന്‍ സിനിമ മലയാളസിനിമയെ കണ്ടുപഠിക്കുന്ന കാലം ആഗതമായിരിക്കുന്നു. എല്ലാവരും അവരവരുടെ കാഴ്ചയുമായി വരൂ. ആഘോഷിക്കൂ.