ജീവിക്കാൻ പണം അവശ്യമാണ്. എന്നാൽ പണമുണ്ടാക്കാൻ മാത്രമായാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ കഥ മാറും. അദമ്യമായ ഒരു ലഹരിയായി അത് നിങ്ങളെ ചുറ്റിവരിയുകയും നിങ്ങൾ നിങ്ങളല്ലാതായി മാറുകയും ചെയ്യും.
ആ കഥയാണ് റൈറ്റർ ഡയറക്ടർ വെങ്കി അറ്റ്ലൂരിയുടെ തെലുങ്ക്/മലയാളം ഡബ് ചിത്രം ലക്കി ഭാസ്കർ പറയുന്നത്. ദുൽഖർ സൽമാൻ ഒരാക്റ്ററെന്ന നിലയ്ക്കും സ്റ്റാർ എന്ന നിലയ്ക്കും കരിയറിൻ്റെ അടുത്ത ലെവലിലേക്ക് പ്രവേശിച്ചുകഴിഞ്ഞതായി പ്രഖ്യാപിക്കുന്ന ലക്കി ഭാസ്കർ, ഒരേ സമയം ആവേശകമായൊരു ഫൈനാൻഷ്യൽ ക്രൈം ത്രില്ലറും ഹൃദയഹാരിയായൊരു കുടുംബ ചിത്രവുമാണ്.
1980-കളുടെ അവസാനവും 90-കളുടെ തുടക്കത്തിലും ഇന്ത്യൻ ഓഹരി വിപണിയെ ഉള്ളം കൈയിലെടുത്ത് അമ്മാനമാടിയ വിവാദ സ്റ്റോക് ബ്രോക്കർ ഹർഷദ് മേഹ്ത്തയുടെ സംഭവ കഥയുടെ ബാക് ഡ്രോപ്പിലാണ് ലക്കി ഭാസ്കറിൻ്റെ പ്രമേയം സെറ്റ് ചെയ്തിരിക്കുന്നത്. അന്നത്തെ ബാങ്കിങ് സംവിധാനത്തിൻ്റെ ദൗർബല്യങ്ങളും ചില ബാങ്ക് മേധാവികളുടെ അഴിമതിയും മുതലെടുത്തുകൊണ്ട് വ്യാജ ബാങ്കേർസ് റെസീപ്റ്റുകളുപയോഗിച്ച് കോടികളുടെ മൂലധനം സമാഹരിക്കുകയും ഓഹരി വിപണിയിൽ അസാധാരണമായ ഇടപെടലുകൾ നടത്തുകയും ചെയ്ത ബിഗ് ബുൾ എന്നറിയപ്പെട്ട ഹർഷദ് മേഹ്ത്ത, സ്വയം സമ്പാദിച്ചത് ഒരു ബില്യണിലേറെ രൂപയായിരുന്നെങ്കിൽ ഇന്ത്യൻ ഓഹരി വിപണിയ്ക്ക് ആ കളിയിലുണ്ടായ ആകെ നഷ്ടം മുപ്പതിനായിരം കോടി രൂപയിലേറെയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ ഫൈനാൻഷ്യൽ എഡിറ്റായിരുന്ന പദ്മശ്രീ സുചേതാ ദലാൽ ആണ് 1992-ൽ ഓഹരി കുംഭകോണം വെളിച്ചത്തു കൊണ്ടു വന്നത്. കുംഭകോണ കഥകൾ വിശദീകരിക്കുന്ന അവരുടെ ഗ്രന്ഥവും പ്രസിദ്ധമാണ്. പത്ത് വർഷത്തോളം നീണ്ട വിചാരണയും അഞ്ച് വർഷത്തെ കഠിന തടവുമായിരുന്നു മേഹ്ത്തയ്ക്ക് ലഭിച്ച പരമാവധി ശിക്ഷ ! നാൽപ്പത്തിയാറാം വയസ്സിൽ മേഹ്ത്ത അകാല ചരമമടഞ്ഞതോടെ സെക്യൂരിറ്റി സ്കാമിൻ്റെ ഒറിജിനൽ സ്റ്റോറി പാതിവഴിയ്ക്ക് പര്യവസാനിച്ചുവെങ്കിലും 2020-ൽ സോണി ലിവ് സ്ക്രീൻ ചെയ്ത ‘സ്കാം 1992: ദി ഹർഷദ് മേത്ത സ്റ്റോറി’ എന്ന സീരീസ് ഉൾപ്പെടെയുള്ള ചലച്ചിത്ര ഭാഷ്യങ്ങളിലൂടെ ഓഹരി കുംഭകോണത്തിൻ്റെ ഭാവനാലോകം ഇന്നും സജീവമാണ്. ഈ റിയൽ റ്റു റീൽ യൂണിവേഴ്സിലെ ഏറ്റവും പുതിയ ഇൻസ്റ്റാൾമെൻ്റാണ് അറ്റ്ലൂരിയുടെ ‘ലക്കി ഭാസ്ക്കർ’.
ഹർഷദ് മേഹ്ത്തയുടെ കഥ ബാക്ക്ഡ്രോപ്പിൽ നിർത്തി ഭാസ്ക്കർ എന്ന സാങ്കല്പിക കഥാപാത്രത്തിൻ്റെ സാമ്പത്തിക യാത്രകളെ ആസ്പദമാക്കിയാണ് ലക്കി ഭാസ്ക്കറിൻ്റെ തിരക്കഥ മുന്നേറുന്നത്. ബോംബെയിലെ മഗധ ബാങ്കിൽ ജീവനക്കാരനായിരുന്ന ഭാസ്ക്കർ, രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ ഉഴലുകയായിരുന്നെങ്കിലും ഭാര്യയും മകനും അച്ഛനും ഉൾപ്പെട്ട സ്നേഹപൂർണമായ കുടുംബാന്തരീക്ഷത്തിൻ്റെ തണലിൽ സമാധാനത്തോടെ ജീവിച്ചു വരികയായിരുന്നു. അപ്രതീക്ഷിതമായ ചില സാമ്പത്തിക തിരിമറികൾക്ക് വശംവദനാകുന്നതോടെ അയാളുടെ ജീവിതഗതി അപ്പാടെ മാറിപ്പോകുകയാണ്. ഇതിൻ്റെ സ്വാഭാവിക പരിണിതിയെന്നോണം സിബിഐയുടെ പിടിയിലാകുന്ന ഭാസ്കർ, സ്വന്തം കഥയുടെ ഫ്ലാഷ്ബാക്കിലേക്ക് പ്രേക്ഷകനെ ക്ഷണിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത് തന്നെ.
ഹർഷദ് മേഹ്ത്തയുടെ പേര് ഹർഷൽ മെഹ്‌റ എന്ന് മാറ്റിയാണ് സിനിമയിൽ ഉപയോഗിക്കുന്നത്. മഗധ ഉൾപ്പെടെയുള്ള ചില ബാങ്കുകളുടെ മേധാവികളെക്കൂടി കൂട്ടുപിടിച്ച് മെഹ്‌റ നടത്തുന്ന വലിയ കുംഭകോണത്തിൻ്റെ അരികുപറ്റി വൻ തോതിൽ പണം സമ്പാദിക്കുവാൻ തുനിഞ്ഞിറങ്ങുന്ന ഭാസ്ക്കർ, കൈവിട്ട കളികളിലേക്ക് വഴുതിനീങ്ങുന്നതോടെ അയാളുടെ വ്യക്തി-കുടുംബ-തൊഴിൽ-സാമൂഹിക ജീവിതങ്ങൾ ഒന്നാകെ മാറിമറിയുന്നു. ബാങ്കിങ് തിരിമറി, ഓഹരി കുംഭകോണം, മണി ലോൺഡ്രിങ് തുടങ്ങി വിവിധ ക്രമക്കേടുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും പങ്കാളിയാകുന്നതോടെ ഭാസ്ക്കർ ദാരിദ്യത്തിൻ്റെ പടുകുഴിയിൽ നിന്ന് ബില്യണർ ക്ലബിൻ്റെ പളപളപ്പിലേക്ക് ക്രമാതീതമായി വളരുന്നുവെങ്കിലും അതിന് സമാന്തരമായി വലിയ പ്രശ്നങ്ങൾ അയാളെ വേട്ടയാടുകയാണ്. ഈ പ്രതിസന്ധി ഭാസ്ക്കർ അതിജീവിക്കുമോ എന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് തുടർന്നുള്ള സിനിമ. സങ്കീർണമായ ഒരു ധനകാര്യ കുംഭകോണത്തിൻ്റെ പ്രിമൈസ്, സാമ്പത്തികശാസ്ത്ര ജാർഗണുകൾ കുത്തിക്കയറ്റിയോ സ്പൂൺ ഫീഡ് അധികരിപ്പിച്ചോ വിരസമാക്കാതെ സരളവും ഋജുവുമായി അവതരിപ്പിക്കുന്ന സ്ക്രിപ്റ്റാണ് പടത്തിൻ്റെ കരുത്ത്.
ഫൈനാൻസ് ക്രൈം ത്രില്ലർ എന്ന കേന്ദ്ര പ്രമേയത്തിൻ്റെ അന്തർധാരയായി, പണം എന്ന മായാമോഹന സങ്കല്പനത്തിൻ്റെ പാരഡോക്സിക്കലായ മാനങ്ങളെക്കുറിച്ചുള്ള ദാർശനികമായ ചില ചിന്തകൾ മുന്നോട്ടുവെക്കുന്നുമുണ്ട് വെങ്കി അറ്റ്ലൂരി. ഇതിന് സമാന്തരമായി, ഒരു മധ്യവർഗ കുടുംബത്തിൻ്റെ അകത്തളങ്ങളിലേക്ക് സൂക്ഷ്മമായി കടന്നു ചെല്ലുന്നതിലൂടെ ഫൈനാൻഷ്യൽ ക്രൈം ത്രില്ലർ എന്നതിനൊപ്പം മികച്ചൊരു കുടുംബ ചിത്രമായും ലക്കി ഭാസ്ക്കർ വളരുന്നു. പ്രാരാബ്ധങ്ങൾക്കിടയിൽ ശ്വാസംമുട്ടുന്ന ഭാസ്ക്കറും കുടുംബവും പിറന്നാൾ പാർട്ടിക്കിടയിൽ അപമാനിക്കപ്പെടുന്നതു പോലുള്ള ഹൃദയസ്പൃക്കായ രംഗങ്ങൾ മുതൽ ഭാസ്ക്കറിനോട് ശക്തമായ ചോദ്യങ്ങളുയർത്താൻ ഭാര്യ നിർബന്ധിതയാകും വിധത്തിൽ കഥയ്ക്കുണ്ടാകുന്ന പരിണാമഘട്ടങ്ങളിൽ വരെ സെൻസിറ്റീവ് ആയ ഗാർഹിക ഘടകങ്ങൾ പടത്തെ നിയന്ത്രിക്കുന്നതായിക്കാണാം.
ആദ്യ ഫ്രെയിം മുതൽ എൻഡ് ക്രെഡിറ്റ്സ് വരെ ഉടനീളം സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന ദുൽഖർ സൽമാൻ, ഉജ്വലമായ പ്രകടനത്തിലൂടെ പടം സമ്പൂർണമായി തോളേറ്റുകയാണ്. ദുൽഖറിൻ്റെ കരിയർ ബെസ്റ്റ് എന്ന് പറയുന്നതിലും ഉചിതമാകുക, അഭിനേതാവെന്ന നിലയ്ക്ക് കുറേക്കൂടി ആഴത്തിലും മുഴക്കത്തിലും ദുൽഖർ തൻ്റെ ചലച്ചിത്ര ഇടം അടയാളപ്പെടുത്തുന്നതിൻ്റെ സാക്ഷ്യമാണ് ലക്കി ഭാസ്ക്കർ എന്ന് നിരീക്ഷിക്കുന്നതാവും. പടത്തിൻ്റെ തുടക്കത്തിലെ ബർത്ത്ഡേ സീൻ, ബൈക്ക് സീഷ്വർ സീൻ, അസിസ്റ്റൻ്റ് മാനേജർ പ്രമോഷൻ- കോൺഫ്ലിക്റ്റ്-ബാങ്ക് സീൻ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പാടേ, നിരന്തരം, നിസ്സഹായം, പരാജിതനാകുന്ന ഒരു ടിപ്പിക്കൽ മിഡിൽ ക്ലാസ് മനുഷ്യൻ്റെ നിറംകെട്ട ജീവിത ഇടനാഴികളും പിടച്ചിലുകളും അന്യാദൃശമായ കൈയടക്കത്തോടെ വരച്ചുകാട്ടുന്ന ദുൽഖർ, പടം പുരോഗമിക്കുന്തോറും വിഭിന്ന ലെയറുകളിലേക്ക് വികസിക്കുന്ന ഭാസ്ക്കറിൻ്റെ ഭാവസംക്രമങ്ങളിലേക്ക് അത്ഭുതാവഹമായ സൂക്ഷ്മതയോടെ പരകായപ്രവേശം ചെയ്യുകയാണ്. പ്രമോഷനുമായി ബന്ധപ്പെട്ട് സീനിയറുമായുള്ള കോൺഫ്ലിക്റ്റ് സീനിൽ, അപൂർവസുന്ദരം/വൺ ഓഫ് എ കൈൻഡ് ജെം എന്ന് വിശേഷിപ്പിക്കാവുന്ന ഗംഭീര പ്രകടനമാണ് ദുൽഖറിൻ്റേത്. വികാരങ്ങളുടെ ഗ്രാഫിന് ഝടുതിയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്ന സുന്ദരമായി ക്രാഫ്റ്റ് ചെയ്യപ്പെട്ട ആ സീനിൽ, വൈകാരിക ക്ഷോഭവും പതനവും ഇമോഷണൽ റിക്കവറിയുമെല്ലാം തുടരെത്തുടരെയുള്ള സീക്വൻസുകളിൽ തീക്ഷ്ണമായി അവതരിപ്പിച്ചു കൈയടി വാങ്ങുന്നു ദുൽഖർ.
തെലുങ്കുദേശത്തെ ദീപാവലി വിന്നറായി ആദ്യദിനങ്ങളിൽത്തന്നെ പടം എമേർജ് ചെയ്യുമ്പോൾ വായിച്ചെടുക്കേണ്ട മറ്റൊരു കാര്യം യഥാർത്ഥ പാൻ ഇൻഡ്യൻ നായകനടനായി ദുൽഖർ സൽമാൻ വളരുന്നുവെന്നതാണ്. അഭിനയ മികവിൻ്റെ ദിശയിലുള്ള വഴിത്തിരിവായി ഭാസ്ക്കറിനെ കാണാമെങ്കിലും ആക്റ്റർ എന്ന നിലയ്ക്ക് ഫഹദിനോളം അത്ഭുതപ്പെടുത്താൻ അയാൾ ഇനിയും കാത്തിരിക്കുകയാണ്. ഫഹദ് ചെയ്ത അന്യഭാഷാ ചിത്രങ്ങൾ, അതേസമയം, കാരക്റ്റർ/വില്ലൻ വേഷങ്ങളിൽ പരിമിതപ്പെടുമ്പോൾ ഹീറോ ഇമേജിൽ ദുൽഖറിൻ്റെ ഫിൽമോഗ്രാഫി തിളങ്ങി നില്ക്കുന്നുവെന്നതാണ് ശ്രദ്ധേയം. മണിരത്നത്തിൻ്റെ നായകനായിത്തുടങ്ങി ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഇൻഡസ്ട്രികളിലൂടെ മാറിമാറി സഞ്ചരിക്കുന്ന ദുൽഖർ, മഹാനടിയും സീതാരാമവും പിന്നിട്ട് ഭാസ്ക്കറിലെത്തുമ്പോൾ പാൻ ഇൻഡ്യൻ താരങ്ങളുടെ പട്ടികയിൽ ഇടം നേടുന്നത് ജെനുവിനായ പ്രയത്നങ്ങളും തന്ത്രപൂർണമായ ആസൂത്രണവും വഴി മാത്രമാണെന്ന് ഒരു മലയാളിയെന്ന നിലയ്ക്ക് സന്തോഷപൂർവം പ്രസ്താവിക്കാം.
കൊളോണിയൽ കോർപ്പറേറ്റ് ആർക്കിടെക്ചറിലുള്ള മഗധ ബാങ്കിൻ്റെയും ജീവിതനിലവാരം മാറി വരുന്ന ഭാസ്ക്കറിൻ്റെ വീടിൻ്റെയും അതിനോട് ചേർന്നുള്ള ഗലിയുടെയും യഥാതഥ സൗന്ദര്യം ആവാഹിച്ചെടുത്ത വിനേഷ് ബംഗ്ലൻ്റെ ഒന്നാന്തരം ആർട്ട് ഡിസൈൻ, അതങ്ങനെ തന്നെ ഒപ്പിയെടുക്കുന്ന നിമീഷ് രവിയുടെ മനോഹരമായ ദൃശ്യങ്ങൾ, ഭാസ്ക്കറിൻ്റെ ഡാഷിങ് മൂഡുകൾക്ക് ചേർന്ന് നില്ക്കുന്ന ജീവി.യുടെ സ്കോർ, ഇതര അഭിനേതാക്കളുടെ നല്ല പ്രകടനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ചിത്രത്തിൻ്റെ മറ്റാകർഷണങ്ങൾ. രണ്ടാം പകുതിയിൽ ഓവർ ദി ടോപ്പ് ആകുന്ന സന്ദർഭങ്ങളെ വിപണിസൂതങ്ങളിൽ വകവെച്ചു കൊടുക്കുവാനും ടോട്ടൽ ഫ്ലോയ്ക്ക് ഭംഗം വരുത്തുന്ന ഗോവ ട്രിപ്പ് സീൻ പോലുള്ള ചില സന്ദർഭങ്ങളെ ക്ഷമാപൂർവം വെറുതെവിടാനും തയ്യാറാണെങ്കിൽ, തീർത്തും വ്യത്യസ്തമായൊരു ഴോൺറെ വെങ്കി അറ്റ്ലൂരിയുടെ കയ്യിൽ ഭദ്രമാണെന്ന് ഉറപ്പിച്ചു പറയാം.
ലാസ്റ്റ് വേഡ്: കുടുംബത്തോടൊന്നിച്ച് തിയേറ്ററിൽ പോയി കാണാൻ വകയുള്ള ഫൈനാൻഷ്യൽ ത്രില്ലർ- ഫാമിലി ഡ്രാമ: ഇതാണ് ലക്കി ഭാസ്ക്കർ.