സ്വാതന്ത്ര്യത്തിനു വേണ്ടി ചിതറുന്ന രക്തത്തിന്‍റെ തക്കാളിച്ചുവപ്പ്

സ്വാതന്ത്ര്യത്തിനു വേണ്ടി ചിതറുന്ന രക്തത്തിന്‍റെ തക്കാളിച്ചുവപ്പ്
Published on
Summary

ടി.അരുൺ കുമാറിന്റെ തിരക്കഥയിൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത ലാ ടൊമാറ്റിനാ എന്ന സിനിമയെക്കുറിച്ച് സംവിധായകനും എഴുത്തുകാരനുമായ കെ.ബി വേണു എഴുതുന്നു

Freedom lies in being bold

-Robert Frost

ഇന്‍ഡ്യയിലെ മാദ്ധ്യമങ്ങള്‍ നേരിടുന്ന "ആവിഷ്കാര പാരതന്ത്ര്യ"ത്തെക്കുറിച്ചു മാത്രമല്ല, ഭരണഘടന അനുവദിച്ചിരിക്കുന്ന പൗരസ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടം അടിച്ചേല്പിക്കുന്ന വിലക്കുകളെക്കുറിച്ചു കൂടി ആഴത്തില്‍ ചിന്തിക്കുന്ന സിനിമയാണ് സജീവന്‍ അന്തിക്കാടിന്‍റെ ലാ റ്റൊമാറ്റിന. സത്യം വിളിച്ചു പറയുകയാല്‍ മാത്രം വേട്ടയാടപ്പെടുന്ന 'ഇര'യാണ് ഇതിലെ കേന്ദ്രകഥാപാത്രമായ സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകന്‍ (ജോയ് മാത്യു). അയാള്‍ വ്യാപരിക്കുന്നത് തന്നെപ്പോലെ യുക്തിസഹമല്ലാത്ത കാരണങ്ങളാല്‍ പീഡിതരാകുന്ന സാധാരണക്കാരുടെ ലോകത്താണ്. തികച്ചും ദുരൂഹമായ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരാകുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന, വരേണ്യ പൊതുസമൂഹത്തിന്‍റെ കണ്ണില്‍ അപ്രസക്തരായ മനുഷ്യരെക്കുറിച്ചാണ് അയാളുടെ ഉത്കണ്ഠയത്രയും. പേരില്ലാത്ത ഈ മാദ്ധ്യമപ്രവര്‍ത്തകനും അയാള്‍ പിന്തുണയ്ക്കുന്ന നിസ്സഹായരായ മനുഷ്യരും ഉള്‍പ്പെട്ട സാമൂഹ്യമണ്ഡലത്തെ സംശയത്തോടെയും വെറുപ്പോടെയും ഒട്ടൊക്കെ ഭീതിയോടെയുമാണ് ഭരണകൂടം നിരീക്ഷിക്കുന്നത്. ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ നിയോഗിക്കപ്പെട്ട ഗുപ്തചരന്‍മാര്‍ ആധുനിക ഇന്‍ഡ്യന്‍ സമൂഹത്തില്‍ യഥേഷ്ടം ചുറ്റിത്തിരിയുന്നുണ്ട്. ഒളിക്യാമറകളാണ് അവരുടെ പ്രധാന ആയുധം. പലപ്പോഴും അവര്‍ തന്നെയും സഞ്ചരിക്കുന്ന ഒളിക്യാമറകളാണ്. നമ്മള്‍ ജീവിക്കുന്ന ഓരോ നിമിഷവും ഏതെങ്കിലും തരത്തില്‍ പരസ്യമായും രഹസ്യമായും റെക്കോഡ് ചെയ്യപ്പെടുന്ന ഇക്കാലത്ത് ഭരണകര്‍ത്താക്കള്‍ അവരെ തെരഞ്ഞെടുത്ത വോട്ടര്‍മാരെത്തന്നെ ഭയാശങ്കകളോടെ വീക്ഷിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല.

USER

ലാ റ്റൊമാറ്റിനയില്‍ ഇരകളുടെയും വേട്ടക്കാരുടെയും പ്രാതിനിധ്യമുണ്ട്. വേട്ടയാടപ്പെടുന്നവരുടെ മുഴുവന്‍ പ്രതിനിധിയായി, പാരതന്ത്ര്യത്തിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയും മാനസികവും ശാരീരികവുമായ പീഡനങ്ങളേറ്റു വാങ്ങുകയും ചെയ്യുന്നത് ജനങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുക എന്നത് ഒരു കടമയായി ഏറ്റെടുത്ത മാദ്ധ്യമപ്രവര്‍ത്തകനാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു എന്നാരോപിച്ച് താമസസ്ഥലത്തു നിന്ന് ബലമായി പിടിച്ചിറക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് അയാളെ. ഘട്ടം ഘട്ടമായുള്ള പീഡനങ്ങളിലൂടെ ഈ മാദ്ധ്യമപ്രവര്‍ത്തകനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാല്‍വര്‍ സംഘം പലപ്പോഴും അയാളുടെ ധീരമായ നിലപാടുകള്‍ക്കു മുന്നില്‍ പതറിപ്പോകുന്നുണ്ട്. തുറന്ന കുമ്പസാരം നടത്തിയാല്‍ എന്തായിരിക്കും അടുത്ത ഘട്ടം എന്ന് ഇരയായ മാദ്ധ്യമപ്രവര്‍ത്തകന്‍ ഇന്‍വെസ്റ്റിഗേറ്റിങ് ടീമിന്‍റെ തലവനായ അയ്യരോടു ചോദിക്കുന്നു.

"ഞാന്‍ അങ്ങനെ ചെയ്താല്‍ എന്തായിരിക്കും പുതിയ ഓഫര്‍?"

"ഈ മോശം പ്രായത്തില്‍ ഒരുപാടു സമാധാനം.. ആവശ്യത്തിനു സ്വാതന്ത്ര്യം..നിങ്ങള്‍ക്കറിയാതിരിക്കില്ല, അതിന്‍റെ വില.. "

"അതെനിക്കിഷ്ടപ്പെട്ടു.. ആവശ്യത്തിനുള്ള സ്വാതന്ത്ര്യം.."

സ്വാതന്ത്ര്യത്തിന് ആരാണ് പരിധി നിശ്ചയിക്കുന്നത്? എവിടെയാണ് പൗരസ്വാതന്ത്ര്യം തുടങ്ങുന്നത്? എവിടെവച്ച്, ആരാണതു നിഷേധിക്കുന്നത്? ആരുടെ ആവശ്യത്തിനുള്ള സ്വാതന്ത്ര്യമാണ് ഭരണാധികാരി പൗരന് അനുവദിച്ചുകൊടുക്കുന്നത്? പൗരന്‍റെ ആവശ്യത്തിനുള്ള സ്വാതന്ത്ര്യമാണോ അത്? ഭരണകൂടം അതിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രജകള്‍ക്കു കല്പിച്ചനുവദിക്കുന്ന റേഷനരിയാണ് ഫാസിസ്റ്റ് വ്യവസ്ഥയിലെ സ്വാതന്ത്ര്യം. ദേശം എന്ന സങ്കല്പം എല്ലാ ചുമരുകള്‍ക്കും അതിരുകള്‍ക്കും അപ്പുറത്താണെന്നും വെറും മര്‍ദ്ദകര്‍ മാത്രമായ നാലു ഭീരുക്കള്‍ വിചാരിച്ചാല്‍ അതിന്‍റെ വിശാലതയെ പരിമിതപ്പെടുത്താനാകില്ലെന്നും ഒരു ഘട്ടത്തില്‍ ബന്ദിയാക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍ തുറന്നടിക്കുന്നുണ്ട്.

അധികാരം എങ്ങനെയൊക്കെ മനുഷ്യനെ മാറ്റിത്തീര്‍ക്കുന്നു എന്ന ചിന്തയും ഈ സിനിമ പങ്കു വയ്ക്കുന്നു. മാദ്ധ്യമപ്രവര്‍ത്തകനെ വിചാരണ ചെയ്യുന്ന ഉദ്യോഗസ്ഥസംഘത്തിന്‍റെ ചീഫ് ആ. അയ്യര്‍ (ശ്രീജിത് രവി) പുഞ്ചിരിക്കുന്ന വില്ലനാണ്; “One may smile, and smile, and be a villain” എന്ന് ഷേക്സ്പിയര്‍ ഹാംലറ്റില്‍ പറഞ്ഞതുപോലെ ഒരാള്‍. അങ്ങേയറ്റം സഭ്യവും സംസ്കാരഭരിതവുമാണ് അയാളുടെ പെരുമാറ്റവും സംഭാഷണവുമെല്ലാം. പറയാനുള്ള കാര്യങ്ങള്‍ സ്ഫുടം ചെയ്ത ആംഗലേയത്തില്‍ അയാള്‍ അവതരിപ്പിക്കുന്നു. യാഥാസ്ഥിതിക ബ്രാഹ്മണനായ അയാള്‍ വീട്ടില്‍ ലക്ഷണമൊത്ത കുടുംബനാഥനും ഭര്‍ത്താവും പിതാവുമാണ്. അയാളുടെ തൊഴിലിടം നിലവാരമുള്ള പെയ്ന്‍റിങ്ങുകള്‍ കൊണ്ടും മറ്റും അലങ്കരിച്ചിട്ടുണ്ട്. പോരാത്തതിന് അയാള്‍ തന്നെയും ചിത്രകാരനാണ്. (അയാള്‍ വരച്ചുകൊണ്ടിരിക്കുന്നത് ബുദ്ധന്‍റെ ചിത്രമാണെന്ന വൈചിത്ര്യമുണ്ട്. വായിക്കുന്ന പുസ്തകമാകട്ടെ, മനുഷ്യന്‍റെ ആത്യന്തികമായ വികാര വിമലീകരണ പ്രക്രിയയെ അത്യുദാത്തമായി വിവരിക്കുന്ന ഡോസ്റ്റോവ്സ്കിയുടെ ക്രൈം ആന്‍ഡ് പണിഷ്മെന്‍റ് എന്ന നോവലാണ്.) എന്നിട്ടും സര്‍ക്കാര്‍ ഏല്പിച്ച ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ നിഷ്ഠുരനായ പീഡകനാകുന്നു - ചിത്രാന്ത്യത്തിലൊഴികെ ഒരിക്കലും ഇരയെ പീഡിപ്പിക്കുന്നില്ലെങ്കിലും.

സംഘത്തിലെ മറ്റൊരംഗമായ സൈമണ്‍ (കോട്ടയം നസീര്‍) മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളാണ്. പരപീഡനം ഹരമാക്കിയ സാഡിസ്റ്റാണയാള്‍. മൃഗചോദനകളാണ് പലപ്പോഴും അയാളെ നയിക്കുന്നതെന്നു കാണാം. സഹപ്രവര്‍ത്തകയോടു തോന്നുന്ന കാമം അയാള്‍ മറച്ചുപിടിക്കുന്നില്ല. ഭക്ഷണത്തിനു വേണ്ടി പക്ഷിമൃഗാദികളുടെ മാംസം അറുക്കുമ്പോഴും ഇരയായ മനുഷ്യന്‍റെ മാംസത്തില്‍ കത്തിയോടിക്കുമ്പോഴും മൃതദേഹം വെട്ടി തുണ്ടം തുണ്ടമാക്കുമ്പോഴും ചിതറിത്തെറിക്കുന്ന രക്തം അയാള്‍ക്ക് ലഹരി പകരുകയാണു ചെയ്യുന്നത്.

അബു എന്ന ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്‍ (രമേഷ് രാജ്) ആ സംഘത്തിന്‍റെ മനുഷ്യമുഖമാണ്. അയാളുടെ മോണോലോഗുകള്‍ സിനിമയില്‍ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ഭരണകൂടം പൗരന്‍മാര്‍ക്കു കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നവരെ നിരീക്ഷിക്കുകയും വേണ്ടി വന്നാല്‍ നിയന്ത്രിക്കുകയും ചെയ്യുകയാണ് താനുള്‍പ്പെടുന്ന സംഘത്തിന്‍റെ ദൗത്യം എന്ന് വെളിപ്പെടുന്നത് അബുവിന്‍റെ ആദ്യത്തെ മോണോലോഗിലൂടെയാണ്. ബന്ദിയാക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍റെ ഭാഗത്തുനിന്ന് ചിന്തിക്കാന്‍ മാത്രം മനുഷ്യത്വം അബുവിനുണ്ട്. തടവുകാലവും പീഡനകാലവും നീണ്ടുപോകുന്നതിനിടെ കൊറോണക്കാലത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണ്‍ മാദ്ധ്യമപ്രവര്‍ത്തകനുമായി കൂടുതല്‍ അടുക്കാന്‍ അബുവിന് അവസരമുണ്ടാക്കുന്നു. മധുരവും കയ്പും ഇടകലര്‍ന്ന ഒരുപാടനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ആ മനുഷ്യന്‍ എപ്പൊഴൊക്കെയോ അബുവിനെ സ്വാധീനിക്കുന്നുണ്ട്. അതു തിരിച്ചറിഞ്ഞതുകൊണ്ടാകണം, സിനിമയുടെ അന്ത്യഭാഗത്ത് അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കാന്‍ അബുവിനെത്തന്നെ നരാധമനായ സൈമണ്‍ നിയോഗിക്കുന്നത്.

സംഘത്തിലെ വനിതാംഗമായ ബെല്ല (മരിയ തോംസണ്‍) ജേണലിസം പഠിച്ചിട്ടുണ്ട്. ബന്ദിയാക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ അവളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതിഥിയായി വന്ന് ക്ലാസ്സെടുത്തിട്ടുണ്ട്. അക്കാര്യം വെളിപ്പെടുത്തുമ്പോള്‍ അദ്ദേഹം അവളോടു ചോദിക്കുന്നു. "എന്താണ് വാര്‍ത്ത?"

അവള്‍ തപ്പിത്തടയുമ്പോള്‍ അദ്ദേഹം പഴയ ജേണലിസം അദ്ധ്യാപകനായി മാറുന്നു.

“News is what somebody somewhere wants to suppress. All the rest is just advertising..” വാര്‍ത്തയുടെ നിരവധി നിര്‍വചനങ്ങളില്‍ ഈ പ്രസ്താവന വേറിട്ടുനില്‍ക്കുന്നു. പത്രങ്ങളില്‍ വാര്‍ത്തയും പരസ്യവും തമ്മിലുള്ള അനുപാതം 40:60 ആണ്. അറുപതു ശതമാനം പരസ്യമുണ്ടെങ്കിലേ പത്രം ചുരുങ്ങിയ വിലയ്ക്ക് വരിക്കാരിലെത്തൂ. അതൊരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, പുതിയ കാലം വാര്‍ത്തയെത്തന്നെ പരസ്യങ്ങളാക്കുകയാണ്. ഒരേ വാര്‍ത്ത തന്നെ പല രൂപത്തില്‍ പുറത്തു വരുന്ന കാലം. ചാനലുകള്‍ പകലുകളില്‍ ബ്രേക്കിങ് ന്യൂസുകളുടെ പെരുന്നാളാഘോഷിക്കുന്നു. അന്നത്തെ രാത്രി പിന്നിട്ട് പിറ്റേന്നു നമ്മുടെ വാതില്‍പ്പടിയില്‍ വന്നു വീഴുന്ന വര്‍ത്തമാനപ്പത്രത്തില്‍ ചിലപ്പോള്‍ ഈ ബ്രേക്കിങ് ന്യൂസ് ഉണ്ടായെന്നു തന്നെ വരില്ല. കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കയറെടുത്തോടുന്ന വര്‍ത്തമാനകാല മാദ്ധ്യമലോകം ക്രോസ് ചെക്കിങ് എന്ന സുപ്രധാനമായ പ്രക്രിയ പലപ്പോഴും നടത്താറില്ല. ക്രോസ് ചെക്കിങ് നടത്തി യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ടാല്‍ അമര്‍ത്തിപ്പിടിച്ച് അപ്രത്യക്ഷമാക്കേണ്ട വാര്‍ത്തകള്‍ ഒരിക്കലും വായനക്കാര്‍ അറിയാതിരിക്കാന്‍ പത്രങ്ങളും പെടാപ്പാടു പെടുന്നു.

ലാ റ്റൊമാറ്റിന ഒരു സ്പാനിഷ് വിളവെടുപ്പുത്സവമാണ്. തക്കാളിച്ചുവപ്പില്‍ കുതിരുന്ന ആഘോഷം. ആഹ്ലാദത്തിന്‍റെ മാത്രമല്ല, അപരിമേയമായ സ്വാതന്ത്ര്യത്തിന്‍റെ കൂടി ആഘോഷമാണത്. സജീവന്‍ അന്തിക്കാടും ചിത്രത്തിന്‍റെ തിരക്കഥയെഴുതിയ ടി. അരുണ്‍കുമാറും (അദ്ദേഹത്തിന്‍റെ ഇതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കാധാരം) ഈ ആഘോഷച്ചുവപ്പിന്‍റെ അടിത്തട്ടില്‍ ചവിട്ടിയരയ്ക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്‍റെ മുറിവുകളില്‍ നിന്ന് ചീറ്റിയൊലിക്കുന്ന മനുഷ്യരക്തം തിരശ്ശീലയില്‍ പടര്‍ത്തുന്നു. അടിച്ചമര്‍ത്തപ്പെടുന്നവരുടെയും അകാരണമായി തുറുങ്കിലടയ്ക്കപ്പെടുന്നവരുടെയും പ്രതിഷേധത്തിന്‍റെ അലര്‍ച്ച ആ രക്തക്കടലില്‍ പ്രതിധ്വനിക്കുന്നു.

"നിന്‍റെ സ്വാതന്ത്ര്യത്തിന് ഞാനെന്‍റെ ചിറകുകള്‍ നല്‍കുന്നു" ( For your freedom, I give you my wings) എന്നു പറഞ്ഞ പാബ്ലോ നെരൂദയുടെ ഹൃദയവിശാലത ഫാസിസ്റ്റുകളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ വയ്യല്ലോ. രാഷ്ട്രീയത്തെ മാത്രമല്ല, സംസ്കാരത്തെയും വിദ്യാഭ്യാസ സംവിധാനങ്ങളെയും സര്‍വ്വവിധ സര്‍ഗസംവാദങ്ങളെയും എളുപ്പം കത്തിപ്പിടിക്കുന്ന മതവിദ്വേഷം എന്ന എണ്ണയൊഴിച്ച് ചാമ്പലാക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം. അത്തരം മനുഷ്യവിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ്, ലാ റ്റൊമാറ്റിന മലയാള സിനിമാചരിത്രത്തില്‍ അടയാളപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in