കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 

കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 

Published on

ലോഗേഷ് കനകരാജ് എന്ന എഴുത്തുകാരനും ടെക്‌നീഷ്യനും അയാളുടെ റേഞ്ച് എന്തെന്ന് കാട്ടിത്തരുന്ന ത്രില്ലറാണ് കാര്‍ത്തി നായകനായ തമിഴ് ചിത്രം കൈദി. ഓരോ ഷോട്ടിലും ഇരുട്ടിന്റെ സൗന്ദര്യവും ഭീകരതയും നിറയുന്ന, ഒരു സീനില്‍ നിന്നും അടുത്തതിലേക്കുള്ള ചുവടുമാറ്റത്തില്‍ പ്രേക്ഷകന്റെ നെഞ്ചിടിപ്പുയര്‍ത്തുന്ന ചിത്രം. കാര്‍ത്തി എന്ന നടനും താരവും ഒരേ പോലെ അത്ഭുതപ്പടുത്തുന്നുണ്ട്. സ്‌റ്റൈലും സബ്സ്റ്റന്‍സും പോലെ സമന്വയിപ്പിച്ച ത്രില്ലര്‍.

ആദ്യ 30 മിനിട്ടിന് ശേഷം സംഭവിക്കുന്ന 2 മണിക്കൂര്‍ ക്ലൈമാക്‌സ് എന്ന അവകാശവാദവുമായാണ് ലോകേഷ് കനകരാജിന്റെ കൈദി തീയറ്ററുകളിലെത്തിയത്. ഒറ്റ രാത്രിയില്‍ അരങ്ങേറുന്ന കഥ പറയുന്നു എന്ന് മാത്രമല്ല, സിനിമ പൂര്‍ണ്ണമായും രാത്രികാല ദൃശ്യങ്ങളില്‍ ചിത്രീകരിക്കുക എന്നത് എപ്പോഴും സംവിധായകനും ഛായാഗ്രഹകനും വെല്ലുവിളി ഉയര്‍ത്തുന്ന ദൗത്യം ആണ്. എന്നാല്‍ ആ വെല്ലുവിളിയെ അതിസമര്‍ത്ഥമായി അതിജീവിക്കുന്നു ലോകേഷ് എന്ന പ്രതിഭയും സംഘവും.

പത്ത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പരോളിലിറങ്ങുന്ന ദില്ലി എന്ന ജയില്‍പ്പുള്ളി ആദ്യമായി തന്റെ മകളെ കാണാന്‍ പോകുന്ന യാത്രയ്ക്കിടയില്‍ ബിജോയ് എന്ന പോലീസ് ഓഫീസര്‍ ഏല്‍പ്പിക്കുന്ന ദൗത്യം നിര്‍വ്വഹിക്കുവാന്‍ നിര്‍ബന്ധിതനാകുന്നതും തുടര്‍സംഭവങ്ങളുമാണ് കഥാതന്തു. അത്ഭുതപൂര്‍ണ്ണമായ കൈയ്യൊതുക്കത്തോടെയുള്ള കഥപറച്ചിലില്‍ ലോകേഷ് കൂട്ട് ചേര്‍ക്കുന്നത് മികച്ച അഭിനേതാക്കളേയും വിട്ടുവീഴ്ച്ചകളോട് വിമുഖത കാട്ടുന്ന സാങ്കേതിക മികവുമാണ്.

കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 
ഗിരീഷ് ഇല്ലെങ്കില്‍ ജല്ലിക്കട്ട് മാറ്റിവച്ചേനേ, പോത്തുകളെ ആര്‍ക്കും കൊടുത്തില്ല | ലിജോ പെല്ലിശേരി

കാട്ടുവഴികളിലും സമതലങ്ങളിലും പോലീസ് സ്റ്റേഷനിലും ലോറിയുടെ ഉള്‍വശങ്ങളിലും തുടങ്ങി കഥാപാത്രങ്ങളിലും കഥ പറയാന്‍ ഉപാധികളാക്കിയ ഓരോന്നിലും ഇരുട്ടിന്റെ സൗന്ദര്യവും ഭീതിയും ആവാഹിച്ച് പ്രേക്ഷകന്റെ നെഞ്ചിടിപ്പേറ്റുന്ന അവതരണ ശൈലിയാണ് കൈദിക്ക്. ഒരു രംഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്തോറും സിനിമ കാണുന്നവന്റെ ആകാംക്ഷയും ഭീതിയും വര്‍ദ്ധിപ്പിക്കുന്നതില്‍ സംവിധായകനും ഛായാഗ്രഹകനും മത്സരിച്ച് വിജയിക്കുന്ന സിനിമാക്കാഴ്ച്ചയുമാണ്് കൈദി.

മാനഗരം എന്ന ആദ്യ ചിത്രത്തില്‍ തന്നെ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച സമര്‍ത്ഥനായ സംവിധായകനാണ് ലോകേഷ് കനകരാജ്. കൈദിയിലേക്കെത്തുമ്പോള്‍ ഒരു എഴുത്തുകാരനെന്നതിലപ്പുറം താനൊരു മികച്ച ടെക്‌നീഷ്യന്‍ കൂടിയാണെന്ന വസ്തുതയെ അയാള്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഒരു നിസ്സാര വണ്‍ലൈനറിന്റെ അസാധാരണ തിരക്കഥാരൂപം കൂടിയാണ് കൈദി. ദില്ലി എന്ന കൈദിയുടെ ചിന്തകളും ചെയ്തികളും അയാളുടെ ഭൂതകാലവും എല്ലാം സൂക്ഷ്മതയോടെ, തീവ്രമായി എന്നാല്‍ മെലോഡ്രമാറ്റിക് ആകാതെ മിനിമലായി രജിസ്റ്റര്‍ ചെയ്യപ്പെടണം എന്ന ചിന്ത ലോകേഷ് എന്ന എഴുത്തുകാരന്റെ മിടുക്കാണ്.

കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 
‘ഷാഫി സാറും ബെന്നിച്ചേട്ടനും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്’; ‘ദശമൂലം ദാമു’ വീണ്ടും വരുമെന്ന് സുരാജ്

കാരക്ടര്‍ ഡീറ്റയിലിംഗിന്റെ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് കാര്‍ത്തിയുടെ ദില്ലി. നരേന്‍ അവതരിപ്പിച്ച ബിജോയ്, ജോര്‍ജ്ജ് മരിയാന്റെ നെപ്പോളിയന്‍ തുടങ്ങി എല്ലാ കഥാപാത്രങ്ങള്‍ക്കും സവിശേഷമായ വ്യക്തിത്വം ചാര്‍ത്തിക്കൊടുക്കുന്നുണ്ട് സംവിധായകന്‍. തന്റെ അഭിനേതാക്കളെ ഏറ്റവും ഇഫക്ടീവായി ഉപയോഗിച്ച് കൃത്യതയോടെ രംഗങ്ങള്‍ ബില്‍ഡ് ചെയ്ത് ഒരേ സമയം ഒരു റോഡ് മൂവിയുടേയും ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ മൂവിയുടേയും അനുഭൂതി പകര്‍ന്നു തരുന്നു. കണ്ടിരിക്കേണ്ട ത്രില്ലര്‍ ആണ് കൈതി.

കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 
29 വര്‍ഷം ഒരുമിച്ച്, കാണാതെ 36 വര്‍ഷം; തൊണ്ണൂറുകള്‍ തോല്‍ക്കുന്ന പ്രണയത്തില്‍ സുഭദ്രയും സെയ്ദുവും   

സത്യന്‍ സൂര്യന്‍ എന്ന ഛായാഗ്രഹകന്‍ ഇല്ലാതെ കൈദി പൂര്‍ണ്ണമാകില്ല എന്നതാണ് സത്യം. ഒരു ഛായാഗ്രഹകനെ സംബന്ധിച്ചിടത്തോളം രാത്രിയെ പകര്‍ത്തുക എന്നത് എന്നുമൊരു വെല്ലുവിളിയായി നില നില്‍ക്കുന്നിടത്തേക്കാണ് പൂര്‍ണ്ണമായി രാത്രി രംഗങ്ങള്‍ മാത്രം ഒപ്പിയെടുത്ത് തെല്ലും പതറാതെ അയാള്‍ ലെന്‍സുകളുമായി ലോറി കയറുന്നത്. മനോഹരമായ ലൈറ്റിംഗ് മെത്തേഡ്‌സും കളര്‍ പാലെറ്റ് വിന്യാസവുമാണ് കൈദിയുടേത്. ഫിലോമിന്‍ രാജ് ഫിനോമിനല്‍ ആയ ചിത്രസംയോജകനാണ് എന്നാണഭിപ്രായം. രാത്രിയുടെ കറുപ്പിനെ, ആ കറുപ്പ് സാക്ഷ്യം വഹിക്കുന്ന സംഭവവികാസങ്ങളെ ശ്വാസമടക്കിപ്പിടിച്ച് രണ്ടര മണിക്കൂര്‍ കടന്നു പോകുന്നതറിയാതെ കാണാന്‍ പ്രേക്ഷകരെ പ്രാപ്തരാക്കുന്നത് അയാളിലെ എഡിറ്റിംഗ് ക്രാഫ്റ്റ് കൂടിയാണ്. സാമിന്റെ പശ്ചാത്തല സംഗീതം സിനിമയെ കൂടുതല്‍ ഉദ്വേഗജനകമാക്കി.

അന്‍ബ് അറിവിന്റെ സംഘട്ടന രംഗങ്ങള്‍ സമീപകാലത്ത് കണ്ടവയില്‍ മികച്ചവയുടെ കൂട്ടത്തിലാണ്. കാര്‍ത്തി അസാധാരണ വഴക്കത്തോടെ അത്തരം രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന നടന്‍ കൂടിയായപ്പോള്‍ സ്റ്റണ്ട് സീക്വന്‍സുകള്‍ എല്ലാം ഗംഭീരമായി. ഒരേ സമയം കുറ്റബോധം പേറുന്ന അച്ഛനായും ഉള്ളു നീറുന്ന ഭര്‍ത്താവായും ഭയമറിയാത്ത കൈദിയായും കാര്‍ത്തി എന്ന മികവുറ്റ നടന്‍ അതിഗംഭീര തിരിച്ചുവരവ് നടത്തുന്നുണ്ടിവിടെ.

കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 
ഷാരൂഖോ ജൂനിയര്‍ എന്‍ടിആറോ, ബിഗിലിന് ശേഷം ആറ്റ്‌ലി ആര്‍ക്കൊപ്പം ?

ദില്ലി ആരായിരുന്നു എന്തായിരുന്നു എന്നൊക്കെ പറഞ്ഞ് തരാന്‍ കളര്‍ടോണ്‍ മാറ്റി ഫ്‌ലാഷ് ബാക്കില്‍ കഥ പറയുന്ന സ്ഥിരം ഏര്‍പ്പാട് വേണ്ടെന്നു വച്ച് അത് ഹൃദയം തൊടുന്ന സംഭാഷണങ്ങളിലൊതുക്കാന്‍ ലോകേഷ് കനകരാജിന് ധൈര്യം പകര്‍ന്നത് ഒരു പക്ഷേ കാര്‍ത്തി എന്ന പെര്‍ഫോര്‍മറുടെ സാന്നിധ്യമായിരിക്കാം. ബിജോയ് ആയി നരേന്‍ തിളങ്ങിയപ്പോള്‍ കര്‍ത്തിക്കൊപ്പം മികവു തെളിയിച്ചത് ജോര്‍ജ്ജ് മരിയാനാണ്. ചെറുതും വലുതുമായ റോളുകളില്‍ കളം നിറഞ്ഞാടിയ മറ്റുള്ളവരും പ്രകടനങ്ങളില്‍ ഇഷ്ട കാഴ്ച്ചകളാകുന്നുണ്ട്.

കൈദി: ഇരുട്ടിനെ തുളയ്ക്കുന്ന മസ്റ്റ് വാച്ച് ത്രില്ലര്‍ 
ഒറിജിനൽ ഗാനം എന്ന പ്രയോഗം തന്നെ ഒരു വിരോധാഭാസം

രണ്ടര മണിക്കൂര്‍ ഇമ ചിമ്മാതെ, ശ്വാസമടക്കി പിടിച്ച്, ടെന്‍ഷനടിച്ച് കണ്ടു തീര്‍ക്കാന്‍ പറ്റുന്ന ചടുലമായ ഒരു ത്രില്ലര്‍ എന്ന നിലയില്‍ കൈദിയുടെ സഞ്ചാരം സമീപകാല തമിഴ് സിനിമകളില്‍ ഏറ്റവും മികച്ചവയുടെ കൂട്ടത്തിലേക്കാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in