ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണുന്നത് വ്യാപകമായ കോവിഡാനന്തര കാലത്ത് അത്തരം പ്ലാറ്റ്‌ഫോമുകളില്‍ വന്നവയേറെയും ത്രില്ലര്‍, ഇന്‍വെസ്റ്റിഗേഷന്‍, ഡാര്‍ക്ക് വിഭാഗങ്ങളില്‍പ്പെട്ട സിനിമകളായിരുന്നു. ഏറ്റവുമധികം കോമഡി സിനിമകള്‍ ഇറങ്ങിയിരുന്ന മലയാള സിനിമാ മേഖലയില്‍ എന്തു കൊണ്ടോ ഈയൊരു കാലഘട്ടത്തില്‍ കോമഡി സിനിമകള്‍ ഇറങ്ങാതായി. മനസ്സ് തുറന്ന് ചിരിക്കാന്‍ കാത്തിരിപ്പ് തുടര്‍ന്ന പ്രേക്ഷകര്‍ക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കിയ സിനിമയായിരുന്നു അടുത്തിറങ്ങിയ 'തിങ്കളാഴ്ച നിശ്ചയം'. അതിനെത്തുടര്‍ന്ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന മറ്റൊരു കോമഡി സിനിമയാണ് 'കനകം കാമിനി കലഹം'.
രണ്ടര വര്‍ഷത്തെ ദാമ്പത്യത്തിനിടെ ആദ്യമായി ഒരുമിച്ചൊരു ട്രിപ് പോകുന്ന പവിത്രന്‍ - ഹരിപ്രിയ ദമ്പതിമാര്‍ക്ക് മൂന്നാറിലെ ഹില്‍ടോപ്പ് ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കിക്കൊടുക്കുന്നു കുടുംബ സുഹൃത്തായ ശിവേട്ടന്‍. പഴയ പ്രതാപത്തില്‍ നിലനില്‍ക്കുന്ന ആ ഹില്‍ ടോപ്പ് ഹോട്ടല്‍ വിചിത്രമായ സ്വഭാവസവിശേഷതകളുള്ള സ്റ്റാഫിന്റെയും അതിലും വിചിത്രമായ അതിഥികളുടെയും സാന്നിദ്ധ്യം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ 'HILL TOP' ഹോട്ടലായി മാറുന്ന രസകരമായ കാഴ്ചാനുഭവമാണ് സിനിമ നല്‍കുന്നത്. Repartee, Tongue in cheek, Satire, Parody, Spoof, Slapstick, Word play എന്നിങ്ങനെ ഹ്യൂമറിന്റെ വിവിധ വകഭേദങ്ങളും പരീക്ഷിച്ചിട്ടുള്ള ലക്ഷണമൊത്ത സ്‌ക്രൂബോള്‍ കോമഡിയാണ് 'കനകം കാമിനി കലഹം'. നമുക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ ഹോട്ടലിനകത്ത് സൃഷ്ടിച്ച് കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ ചിരിയുണര്‍ത്താനുള്ള ശ്രമമാണ് സിനിമ നടത്തുന്നത്.
സിനിമയിലുടനീളം ഉപയോഗിച്ചിട്ടുള്ള പോപ് കള്‍ച്ചര്‍ റെഫറന്‍സുകളും അടരുകളുളുള്ള നര്‍മ്മവുമെല്ലാം കൃത്യമായി മനസ്സിലാക്കാന്‍ ഒരു തുടര്‍ക്കാഴ്ച സിനിമ ആവശ്യപ്പെടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. യുവാല്‍ നോവ ഹരാരിയുടെ 'സാപ്പിയന്‍സ്' ക്വോട്ട് ചെയ്യുന്ന റൂം ബോയിയും, ഹോട്ടലില്‍ പലയിടങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന പഴയ സിനിമാ പോസ്റ്ററുകളുമൊക്കെ വെറും കാഴ്ചയ്ക്കപ്പുറത്തുള്ള അര്‍ത്ഥങ്ങള്‍ നല്‍കുന്നുണ്ട്. Fad എന്ന് വിശേഷിപ്പിക്കാവുന്ന ട്രെന്‍ഡുകള്‍ക്കിട്ട് ഇടയ്ക്കിടെ കൊട്ടുന്നുമുണ്ട് സിനിമ.
അഭിനേതാക്കളുടെ പെര്‍ഫോമന്‍സാണ് സിനിമയുടെ ജീവനാഢി. ഉഡായിപ്പിന്റെ ആള്‍രൂപമായ ഭര്‍ത്താവായി നിവിന്‍ പോളി പെര്‍ഫക്റ്റ് കാസ്റ്റിംഗ് ആയിരുന്നു. അത് അനാതാസമായി അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു നിവിന്‍. ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, വിന്‍സി സോണി അലോഷ്യസ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവന്‍, സുധീര്‍ പറവൂര്‍, അന്‍സല്‍ ബെന്‍, നീരജാ രാജേന്ദ്രന്‍ തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ ഗംഭീര പ്രകടനം കാഴ്ച വച്ചു. ഇത്തരം ചേംബര്‍ മൂവികളില്‍, പ്രത്യേകിച്ച് ഇതു പോലൊരു ensemble cast ഉള്‍പ്പെടുന്ന സിനിമകളില്‍, കഥാപാത്രങ്ങള്‍ ഫ്രെയിമിലേക്ക് കടക്കുന്നതും പുറത്തു പോകുന്നതുമൊക്കെ സെറ്റ് ചെയ്യുക എന്നത് പ്രധാന വെല്ലുവിളിയാണ്. വിനോദ് ഇല്ലമ്പിള്ളി എന്ന ഇരുത്തം വന്ന ഛായാഗ്രാഹകന്‍ അത് വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. കളര്‍ ടോണ്‍, സെറ്റിംഗ്‌സ്, കോസ്റ്റ്യൂംസ് ഉള്‍പ്പടെ മൊത്തം പ്രൊഡക്ഷന്‍ ഡിസൈനും ഒരു കയ്യടി അര്‍ഹിക്കുന്നു. സിനിമയിലെ അയഥാര്‍ത്ഥ രംഗങ്ങള്‍ക്ക് യോജിച്ച പശ്ചാത്തല സംഗീതമാണ് യാക്‌സണ്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നൊരുക്കിയിരിക്കുന്നത്.
സിനിമയുടെ പോരായ്മകളിലൊന്നായി പറയാവുന്നത് ഓരോ നിമിഷവും ചിരിപ്പിക്കണം എന്ന പ്രകടമായ നിര്‍ബന്ധബുദ്ധിയാണ്. ചിലയിടങ്ങളില്‍ അത് പാളിപ്പോകുന്നുണ്ട്. ചില കഥാപാത്ര സൃഷ്ടികളും ആക്ഷേപ ഹാസ്യം എന്ന് വിശേഷിപ്പിക്കാവുന്ന മുഹൂര്‍ത്തങ്ങളും ചിലരെങ്കിലും വിപരീതാര്‍ത്ഥത്തില്‍ എടുത്തേക്കാവുന്ന സാദ്ധ്യതയുമുണ്ട്. ക്ലൈമാക്‌സിനോടടുപ്പിച്ചുള്ള ചില രംഗങ്ങള്‍ അതു വരെയുള്ള കയ്യടക്കം നഷ്ടപ്പെടുന്ന രീതിയില്‍ മുഴച്ചു നില്‍ക്കുന്നുമുണ്ട്. ഈ കുറവുകളുള്ളപ്പോള്‍ തന്നെ ചിരിച്ച് രസിച്ച് ആസ്വദിക്കാവുന്ന സിനിമയാണ് 'കനകം കാമിനി കലഹം'.
തന്റെ ആദ്യ സിനിമയായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ നിന്നും തീര്‍ത്തും വ്യത്യാസമായ ഒരു കഥാപരിസരവും നരേഷന്‍ സ്‌റ്റൈലും ഈ സിനിമയ്ക്ക് സ്വീകരിച്ച് അതില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു തിരക്കഥാകൃത്തും സംവിധായകനുമായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. വ്യത്യസ്തങ്ങളായ സിനിമകള്‍ ഈ സംവിധായകനില്‍ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.
ഈ സിനിമ ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് ഇഷ്ടപ്പെട്ടിരിക്കുന്നത് എന്നത് വിഭിന്നങ്ങളായ അഭിപ്രായങ്ങള്‍ കാണുമ്പോള്‍ തന്നെ മനസ്സിലാക്കാം. എല്ലാവര്‍ക്കും യോജിച്ച ചായ അല്ല എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ സിനിമ കാണാം..സ്ഥിരം ചായയില്‍ നിന്ന് ഒരു മാറ്റമൊക്കെ വേണ്ടേ?