കാതൽ (ദി കോർ) : മാരിവിൽ പോലെ മനോഹരം

കാതൽ (ദി കോർ) : മാരിവിൽ പോലെ മനോഹരം
Published on

#SPOILERALERT

മലയാള സിനിമയുടെ നെടുനാളത്തെ ചരിത്രത്തിൽ പുതിയൊരധ്യായം എഴുതിച്ചേർക്കുന്ന ചിത്രമാണ് പോൾസൺ സ്കറിയയും ആദർശ് സുകുമാരനും ചേർന്നെഴുതി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദ് കോർ. പ്രമേയ സ്വീകരണത്തിലും പരിചരണത്തിലും ജിയോ പുലർത്തുന്ന ആർജവവും ധീരതയും ചാരുതയും കാതലിനെ വേറിട്ടു നിർത്തുന്നു. പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല'യും (1986) റോഷൻ ആൻഡ്രൂസിന്റെ 'മുംബൈ പൊലീസും' (2013) രഞ്ജിത് ശങ്കറിന്റെ 'ഞാൻ മേരിക്കുട്ടി'യും (2018) ​ഗീതു മോഹൻദാസിന്റെ മൂത്തോനും (2019), ജയൻ ചെറിയാന്റെ കബോഡിസ്കേപ്സ് (2016) ഉൾപെടെയുള്ള ഏതാനും മലയാള സിനിമകൾ മാംസബദ്ധമല്ലാത്ത സ്ത്രീ അനുരാഗവും ഗേ റിലേഷൻഷിപ്പും ട്രാൻസ്ജെൻഡർ ലൈഫും പരാമർശിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വിവാഹിതനായ ഒരു പുരുഷന്റെ ഗേ ഓറിയന്റേഷനും റിലേഷൻഷിപ്പും അയാളുടെ കുടുംബത്തിലും സമൂഹത്തിലും ഉളവാക്കുന്ന പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിൽ ഹോമോസെക്‌ഷ്വലും ഹെട്രോസെക്‌ഷ്വലും ഉൾപെടെയുള്ള എല്ലാ സെക്‌ഷ്വാലിറ്റികൾക്കും സ്വതന്ത്രമായ ഐഡന്റിറ്റി ഉറപ്പാകുന്ന സമഗ്രമായൊരു മഴവിൽ രാഷ്ട്രീയ പ്രസ്താവന മുന്നോട്ടു വെക്കുന്ന ആദ്യത്തെ മലയാള സിനിമ എന്ന നിലയിലാണ് 'കാതൽ' പ്രസക്തമാകുന്നത്.

'കാതൽ - ദി കോർ' എന്ന് രണ്ട് ഭാഷകൾ ഇടകലർത്തിയെഴുതിയതിൽ നിന്ന് വ്യക്തമാകുന്നത് പോലെ പ്രണയം എന്ന പതിവ് അർഥം മാത്രമല്ല, ഉൾക്കാമ്പ് / core എന്ന മറ്റൊരർഥം കൂടി കാതൽ എന്ന ടൈറ്റിലിൽ വിവക്ഷിതമാകുന്നുണ്ട്. കാതലിന് രണ്ട് തലങ്ങളാണുള്ളത്. കോൺട്രഡിക്റ്റിങ് സെക്‌ഷ്വാലിറ്റിസ് എന്ന അതീവ ഗൗരവതരമായ ഒരു വൈയക്തിക - സാമൂഹിക വിഷയത്തിന്റെ സംവാദത്തിന്റെയും അതിൽ നിന്ന് ഉദ്ഭൂതമാകുന്ന അതിതീവ്രമായ വൈയക്തിക - വൈകാരിക സംഘർഷത്തിന്റെയും ട്രാക്കുകൾ. ഒന്നിൽ വ്യക്തികൾക്കിടയിൽ സ്നേഹം / കാതൽ പല കൈവഴികളായി ഒഴുകിപ്പരന്ന് വീർപ്പുമുട്ടിക്കുമ്പോൾ മറ്റൊന്നിൽ വ്യക്തിയുടെ ഇന്നർമോസ്റ്റ് ആൻഡ് ഇവൻച്വൽ ഐഡന്റിറ്റി / കാതൽ / ഉൾക്കാമ്പ് സ്വയം ഉദ്‌ഘോഷിക്കുകയാണ്. ആശയതലത്തിലും വൈകാരിക തലത്തിലും നടക്കുന്ന ഈ ഇരട്ടയാത്രയിൽ ഒരു ഘട്ടത്തിലും കോൺസെൻട്രേഷൻ നഷ്ടപ്പെടാതിരിക്കുവാൻ ജിയോ ബേബിയും രചയിതാക്കളും മമ്മൂട്ടി മുതൽ കളറിസ്റ്റ് വരെയുള്ള ക്രൂവും പുലർത്തുന്ന ശ്രദ്ധയാണ് പടത്തിന്റെ കരുത്ത്.

തന്റെ ഹോമോസെക്ഷ്വൽ ഓറിയന്റേഷൻ അസേർട്ട് ചെയ്യാതെ പ്രിടെക്സ്ച്വൽ ആയി ജീവിക്കുന്ന മാത്യൂസിന്റെയും (മമ്മൂട്ടി) അതിന്റെ ഇരയായി ഇരുപത് വർഷത്തിലേറെക്കാലം ഇരുൾക്കയം പോലെ ജീവിതം നഷ്ടമായ ഓമനയുടെയും (ജ്യോതിക) അന്യഥാ സാധാരണമായ മധ്യവർഗ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ജിയോ ബേബി കാതലിന്റെ കേന്ദ്ര പ്രമേയം പ്രതിഷ്ഠിക്കുന്നത്. മാത്യൂസിന്റെ രഹസ്യ പങ്കാളിയായ തങ്കൻ എന്ന ഡ്രൈവിങ് പരിശീലകന്റെ (സുധി കോഴിക്കോട്) താരതമ്യേനെ ചെറിയ ജീവിതവും ഇതിന് സമാന്തരമായി കടന്നുവരുന്നു. നിത്യവും വ്യർഥവുമായ പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും സഹനത്തിന്റെയും ആത്മനിന്ദയുടെയും നീണ്ട ഇരുപത് വർഷങ്ങൾ പിന്നിടുന്നതിനിടയിൽ സ്വാഭാവികമായി ആർജിച്ചെടുത്തേക്കാവുന്ന തന്റേടത്തിന്റെയും ഇച്ഛാശക്തിയുടെയും ബലത്തിൽ, മാത്യൂസിന്റെ യഥാർഥ ഓറിയന്റേഷൻ എക്സ്പോസ് ചെയ്യുവാൻ ഓമന തയ്യാറാകുന്നതും.

മാത്യൂസിനും ഓമനയ്ക്കും തങ്കനും അവരുമായി ബന്ധപ്പെട്ട ഉറ്റവർക്കും ആ സവിശേഷ സാഹചര്യം വെളിപ്പെടുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ആഘാതവും അതിന്റെ വിരുദ്ധ ധ്രുവങ്ങളിലേക്ക് വിമോചനപരമായും നിർവചനാത്മകമായും എക്സിറ്റ് ചെയ്യുന്നത് വരെ വൈയക്തിക - സാമൂഹിക തലങ്ങളിൽ അവർ അഭിമുഖീകരിക്കുന്ന മാനസിക സമ്മർദ്ദങ്ങളും സംഘർഷങ്ങളുമാണ് 'കാതൽ' സിനിമയുടെ കാതൽ. ഇക്കാര്യത്തിൽ പുതിയ കാലത്ത് ലോകത്തിൽ പുതിയ വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ടെങ്കിൽപ്പോലും കൺസർവേറ്റിവ് / റിലിജ്യസ് ധര്‍മ്മചിന്തകളും ആചാരവിചാരങ്ങളും ഡോമിനേറ്റ് ചെയ്യുന്ന നമ്മുടെ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം അസ്വീകാര്യമായ ഒരു ടാബൂ ആയിത്തന്നെയാണ് സെക്‌ഷ്വാലിറ്റീസ് പോലുള്ള വിഷയങ്ങൾ ഇപ്പോഴും നിലകൊള്ളുന്നത്. അത്കൊണ്ട് തന്നെയാവണം അതുമായി ബന്ധപ്പെട്ട സപ്പോർട്ടിങ് ആയ എക്സ്പോസുകൾക്കോ നെഗറ്റിവ് ആയ വൊയേറിസത്തിനോ 'കാതൽ' തരിമ്പും മുതിരുന്നില്ല. പകരം ആ സവിശേഷ സാഹചര്യത്തിന്റെ സങ്കീർണതകളിലൂടെ കടന്നുപോകുന്ന മനുഷ്യരിലേക്ക് മാത്രമാണ് സാലു തോമസിന്റെ ഗംഭീരമായ ഛായാഗ്രഹണത്തിന്റെ സഹായത്തോട് കൂടി ജിയോ ബേബി കടന്നുചെല്ലുന്നത്. മാത്യൂസിനെ സംബന്ധിച്ചിടത്തോളം 'കമിങ് ഔട്ടി'ലേക്കുള്ള യാതനാപൂർണവും ദുഷ്കരവുമായ യാത്രയും ഓമനയ്ക്ക് അസ്തിത്വവും ആത്മാഭിമാനവും ആത്മഹർഷങ്ങളും അന്യവത്ക്കരിക്കപ്പെടുന്നതിന്റെയും നിരാസത്തിന്റെയും പീഡാപർവവുമാണ് ആ ടാബൂ. മാത്യൂസിനുള്ള സോഷ്യൽ പ്രിവിലേജ് പോലും സ്വന്തമായിട്ടില്ലാത്ത തങ്കനെ സംബന്ധിച്ചിടത്തോളം ഭൂമിയോളം താഴാൻ മാത്രമേ സമൂഹം അവസരം നല്കുകയുള്ളൂ.

തന്റെ സെക്‌ഷ്വൽ ഓറിയന്റേഷൻ വ്യത്യസ്തമായിരിക്കുമ്പോഴും ഓമനയോട് മാത്യൂസിനും തിരിച്ചും തീവ്രമായ സ്നേഹമാണ്. കോടതിയിൽ വിറ്റ്നെസ് ബോക്സിലേക്ക് കയറുമ്പോൾ ഓമനയുടെ ബാഗ് ഏറ്റെടുക്കുന്ന രംഗം മുതൽ ഓമന എന്നെന്നേക്കുമായി നഷ്ടമാകുമെന്നുറപ്പായ ആ പ്രീ ക്ലൈമാക്സ് സീനിൽ 'ദൈവമേ' എന്ന് ഹൃദയം പൊട്ടി വിതുമ്പുന്ന രംഗം വരെ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. "ഏലോഹീ ഏലോഹീ" എന്ന വിഖ്യാതവിലാപത്തെ ഓർമിപ്പിക്കുന്ന, കണ്ണീർ തടഞ്ഞു നിർത്താനാവാത്തത്ര, തീക്ഷ്ണമാണ് കാതലിലെ ആ നിമിഷം. ഓമന നഷ്ടമായെന്ന് വ്യക്തമാകുന്നതോടെ അത് വരെ താൻ സംരക്ഷിച്ചു പോന്ന വ്യാജമായ സോഷ്യൽ ഇമേജിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് 'കം ഔട്ട്' ചെയ്യാൻ മാത്യൂസിന് സാധിക്കുകയും ചെയ്യുന്നു. മാത്യൂസിന്റെ മകൾക്കും അയാളുടെ അച്ഛനും അയാളെയും ഓമനയെയും ഒരുപോലെ സ്നേഹിക്കുന്ന അളിയൻ ടോമിയ്ക്കും ('ജോജി' ഫെയിം ജോജി ജോൺ) തങ്കൻ സ്വന്തം മകനേപ്പോലെ കെയർ ചെയ്യുന്ന പെങ്ങളുടെ മകനും ഇതേ വിഷയം വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത എഫക്റ്റുകളാണ് ഉളവാക്കുന്നത്. അവരെ മാത്യൂസിനോട് / ഓമനയോട് / തങ്കനോട് ചേർത്തുനിർത്തുന്ന ഒരേയൊരു ഫാക്റ്റർ സ്നേഹമാണ്. ഉദാഹരണത്തിന്, എല്ലാമറിഞ്ഞിട്ടും എല്ലാം ഉള്ളിലൊതുക്കി നിശ്ശബ്ദമായി മകനോട് വിയോജിക്കുകയും വാത്സല്യപ്പെടുകയും ചെയ്യുന്ന മാത്യൂസിന്റെ അച്ഛൻ ഒടുവിൽ മാനസാന്തരപ്പെടുന്നിടത്തും മകനോടും മരുമകളോടുമുള്ള തുല്യമായ സ്നേഹം തന്നെയാണ് പ്രേരകമാകുന്നത്.

ഇതേ സ്നേഹം തന്നെയാണ് എല്ലാ സംഘർഷങ്ങൾക്കുമപ്പുറം മാത്യൂസിനും ഓമനയ്ക്കുമിടയിലും അഗോചരമായി പ്രവഹിക്കുന്നത്. പക്ഷേ അതിന്റെ സീമകൾക്കും അപ്പുറമാണ് അവരുടെ ആത്മനിർവചനങ്ങൾ എന്നിടത്താണ് കാതൽ ശക്തമായൊരു രാഷ്ട്രീയ പ്രസ്താവമായി വികസിക്കുന്നത്. 'ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചനി'ൽ നിന്ന് കാതലിലേക്കെത്തുമ്പോഴേക്ക് ജിയോ ബേബി മലയാള സിനിമയിൽ സ്വന്തമായൊരു കസേര വലിച്ചിട്ട് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. 'ഗേറ്റ് ഇൻഡ്യൻ കിച്ചന്റെ' ക്ലൈമാക്സിന്റെ തുടർച്ചയാണ് കാതലിന്റെ ക്ലൈമാക്സിലും സംഭവിക്കുന്നത്. പക്ഷേ അവിടെ തീർത്തും പാട്രിയാർക്കലായ ഒരു തടവറയിൽ നിന്ന് സ്ത്രീ വിമോചിതയാകുകയായിരുന്നുവെങ്കിൽ കാതലിൽ വിവിധ മനുഷ്യരാണ് ഒരേ സമയം സ്വതന്ത്രരാകുന്നത്. തന്റെ സിനിമകളിലൂടെ ജിയോ പറയുന്ന ഗംഭീരമായ രാഷ്ട്രീയത്തോടൊപ്പം പ്രമേയാവതരണത്തിന് സ്വീകരിക്കുന്ന ട്രീറ്റ്മെന്റ് കൂടി ഏറെ പ്രശംസനീയമാണ്.

പ്രമേയധീരതയ്ക്കൊപ്പം ഓരോ കഥാപാത്രങ്ങൾക്കും നല്കിയ മോൾഡ് കൊണ്ട് കൂടി ശ്രദ്ധേയമാണ് കാതലിന്റെ സ്ക്രിപ്റ്റ്. താരതമ്യേനെ അപ്രധാനങ്ങളായ കഥാപാത്രങ്ങളെപ്പോലും സിനിമ കണ്ടിറങ്ങുന്ന ഒരാൾ എളുപ്പം മറക്കില്ല. ഏറ്റവും കുറച്ച് സംസാരിക്കുകയും എന്നാൽ ഏറ്റവും വാചാലമായി സീനുകളിൽ അന്ത:ക്ഷോഭം പകർത്തി വെക്കുകയും ചെയ്യുന്ന മാത്യൂസിന്റെ പിതാവിന്റെ കഥാപാത്രം ഒരുദാഹരണം. ആർ. എസ്. പണിക്കർ എന്ന പുതുമുഖ താരത്തിന്റെ അടക്കമുള്ള പ്രകടനം ആ കഥാപാത്രത്തിന് നല്കുന്ന ജീവൻ ചെറുതല്ല എന്ന് കൂടി കൂട്ടത്തിൽ പറയട്ടെ.

'കാതൽ' അണിയറപ്രവർത്തകർ
'കാതൽ' അണിയറപ്രവർത്തകർ

മാത്യുസ് പുളിക്കൻ എന്ന സംഗീതകാരനും സാലു തോമസ് എന്ന ഛായാഗ്രഹകനും ഫ്രാൻസിസ് ലൂയിസ് എന്ന ചിത്രസംയോജകനും കാതലിന്റെ പേരിലാവും ഒരു പക്ഷേ ഇനി അറിയപ്പെടുക. അവാച്യസുന്ദരമാണ് പടത്തിന്റെ ഈണവും ഷോട്ടുകളുടെ താളവും. കാതലിനകത്തെ ആത്മനൊമ്പരങ്ങളെ ആവാഹിച്ചെടുക്കുന്നു മാത്യുസിന്റെ ഉള്ള് തൊടുന്ന സംഗീതം. സ്നേഹവും വിഷാദവും മൗനവും മനോഹരമായി ഇടകലർത്തുന്നു മാത്യൂസ് കാതലിന്റെ സ്കോറിൽ. ചിത്രത്തിലെ പാട്ടുകളും അതി സുന്ദരമാണ്. അൻവർ അലിയുടെ കാവ്യസുന്ദരമായ വരികൾക്ക് വേണുഗോപാലിന്റെയും ചിത്രയുടെയും സ്വരമാധുരി കൂടി കൈവന്നതോടെ 'എന്നും എൻ കാവൽ' എന്ന ഗാനം മുഗ്ധമോഹനമായി മാറുന്നു. ഒരുപാടൊരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രമേൽ ഹൃദ്യമായൊരു പാട്ട് കേൾക്കുന്നത്. കഥാപാത്രങ്ങളുടെ മാനസിക ഭാവങ്ങളിലേക്കാണ് സാലു കെ തോമസ് ക്യാമറ ചലിപ്പിക്കുന്നത്. സംഘർഷങ്ങളുടെയും പരിണാമങ്ങളുടെയും കഥാഗതികളിലേക്ക് നടന്ന് കയറിവരുകയോ ആനയിക്കപ്പെടുകയോ ചെയ്യുംവിധം കഥാപാത്രങ്ങളെ പകർത്തുന്ന ലോങ് ടെയ്ക്കുകളും ഇതര ഒബ്ജക്റ്റുകളുമായി അവരുടെ മനോവിചാരങ്ങളെ ലിങ്ക് ചെയ്യുന്ന വൈഡ് സീനുകളും കൊണ്ട് സമൃദ്ധമാണ് ' കാതൽ '

പെർഫോമൻസിന്റെ പെരുമഴയാണ് അഭിനേതാക്കൾ സമ്മാനിക്കുന്നത്. ഓരോ പടം പിന്നിട്ടുമ്പോഴും സൂക്ഷ്മഭാവവിനിമയങ്ങളുടെ പുതിയ പുതിയ സൗവർണ സ്വർഗങ്ങൾ തീർക്കുകയാണ് മമ്മൂട്ടി. ഈ ജീനിയസ് ഹോളിവുഡ് പോലുള്ള ഗ്ലോബൽ സിനിമാപ്രദേശങ്ങളിലൊന്നും ജനിക്കാതെ പോയത് ലോക സിനിമയുടെ കനത്ത നഷ്ടങ്ങളിലൊന്ന്. ഭാര്യയോട് ചെയ്യുന്ന നീതികേടിലും അത് പുറത്തറിയുന്നതിലുള്ള ഇമേജ് ഇഷ്യൂകളിലും ഭാര്യ നഷ്ടമാകുമെന്നതിലെ വ്യസനത്തിലും തന്റെ ക്വീർ ഐഡന്റിറ്റിയിലുള്ള ബോധ്യത്തിലും കിടന്ന് നീറുന്ന മാത്യൂസിനെ "അടക്കിപ്പിടിച്ച ഊഷ്മളത"യുടെ സൗന്ദര്യമുള്ള അഭിനയ പാടവത്തിലൂടെ അനശ്വരമാക്കുന്നു മമ്മൂട്ടി. മുഴുവൻ ലോകത്തിന്റെ മുമ്പിലും തല കുനിച്ച് സജലങ്ങളായ മിഴികൾ പാതി താഴ്ത്തി സ്വയം തകർന്ന് നില്ക്കുന്ന നിമിഷങ്ങളിലും "ദൈവമേ" എന്ന് കരള് നോവുമാറ് വിലപിക്കുന്ന നിമിഷത്തിലും അച്ഛനോടും മകളോടും സംസാരിക്കുന്ന ഘട്ടങ്ങളിലും ഓമനയുമൊത്തുള്ള കോഫി ഷോപ്പ് സീനിലുമെല്ലാം സ്നിഗ്ധസുന്ദരമായ സൂക്ഷ്മാഭിനയം കൊണ്ട് വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി. നൊമ്പരങ്ങളുടെ നെരിപ്പോടിനു മുമ്പിൽ കത്തിജ്വലിച്ച ഓമനയെയും വിറങ്ങലിച്ചു നിന്ന മാത്യൂസിന്റെ അച്ഛനെയും ഉജ്വലമായി അവതരിപ്പിച്ച ജ്യോതികയും ആർ. എസ്. പണിക്കരും നിയന്ത്രിതാഭിനയം കൊണ്ട് തിളങ്ങിയ ജോജിയും സുധിയും പയ്യനായി വന്ന ആ കൗമാര താരവും മറ്റ് പ്രധാന അഭിനേതാക്കളും കാതലിന് നല്കുന്ന കരുത്ത് അപാരമാണ്. മമ്മൂട്ടിയെപ്പോലൊരു മഹാനടന് നേർക്ക്നേർ നില്ക്കാനും ശക്തമായൊരു പാരലൽ തീർക്കുവാനും സാധിക്കുമാറ്, ഓമനയുടെ തപ്തമായ നൊമ്പരങ്ങളും ശക്തമായ ഇച്ഛാശക്തിയും ദമിതമായ സഹനവും മധുരമായ സ്നേഹവും മനോഹരമായി ഒപ്പിയെടുക്കുന്നു, ജ്യോതിക.

കലാഭവൻ ഹനീഫിനും അദ്ദേഹം അർഹിച്ച ഒരു സൈൻ ഔട്ട് റോൾ സമ്മാനിക്കുന്നുണ്ട് കാതൽ.

നിസ്സംശയം പറയാം: ശക്തമാണീ സിനിമ. മനോഹരവും.

Related Stories

No stories found.
logo
The Cue
www.thecue.in