'പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ.' രാക്കുയിലിന്‍ രാഗസദസ്സിലെ ഈ ഗാനം മലയാളി സിനിമാറ്റിക് നൊസ്റ്റാള്‍ജിയയുടെ അവിഭാജ്യമായ ഒരേടാണ്. മലയാളിയുടെ വിവാഹജീവിതത്തിലെ ജെന്‍ഡര്‍ അധികാരവിന്യാസങ്ങളെ ഈ പാട്ടുള്‍പ്പടെയുള്ള പാരമ്പര്യ ചിന്താപദ്ധതികളുടെ റൊമാന്‍റിക് ദൃശ്യപ്പെടലുകള്‍ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം. സ്ത്രീയെ സമൂഹത്തിന് സ്വീകാര്യയായ മാലാഖയും സമൂഹത്തിന്‍റെ വെറുപ്പ് സമ്പാദിച്ച പിശാചും എന്ന രണ്ടു കള്ളികളില്‍ മാത്രമൊതുക്കിയാണ് നമ്മുടെ ജെന്‍ഡര്‍ വ്യവഹാരങ്ങള്‍ സിനിമയിലും സമൂഹത്തിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ ഇടയ്ക്കെങ്കിലുമുണ്ടാകാറുള്ള ചില കുതറിമാറലുകളും പുതുവഴി വെട്ടലുകളും മുഖ്യമായും പരീക്ഷണസ്വഭാവമുള്ളതോ മുഖ്യധാരയ്ക്ക് പുറത്തു നില്‍ക്കുന്ന സ്വതന്ത്ര സംരംഭങ്ങളോ ആയിട്ടാണ് അവതരിക്കുന്നത്. മുഖ്യധാരാ കച്ചവട സിനിമയുടെ ആഖ്യാനശരീരം അതിനാല്‍ തന്നെ ഏറെക്കുറെ വെല്ലുവിളികളില്ലാത്ത മട്ടില്‍ പുരുഷാധികാരത്തിന്‍റെ മേദസ്സിനാല്‍ ചീര്‍ത്തു തടിച്ചു.
പുതിയ കാലത്തെ ‘ന്യൂ ജെന്‍’ സിനിമാ മുന്നേറ്റവും സാമൂഹികമാധ്യമങ്ങളിലെ പൊ.ക (പൊളിറ്റിക്കല്‍ കറക്റ്റ്നെസ്) ചര്‍ച്ചകളും മുഖ്യധാരയുടെ ഈ ജനാധിപത്യവിരുദ്ധമായ ആണ്‍കോയ്മയെ വെല്ലുവിളിക്കുന്നതും അപനിര്‍മിക്കാന്‍ ശ്രമിക്കുന്നതുമാണ് ഇന്നിന്‍റെ സിനിമാക്കാഴ്ച. വിപിന്‍ദാസ് സംവിധാനം ചെയ്ത, ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജയ ജയ ജയ ഹേ’ എന്ന സിനിമയെ മുഖ്യധാരയില്‍ അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മാറ്റത്തിന്‍റെ തുടര്‍ച്ചയായി കാണാവുന്നതാണ്. നര്‍മത്തിന്‍റെ എല്ലാ സാധ്യതകളുമുപയോഗിച്ച് കുടുംബജീവിതത്തിലെ ജെന്‍ഡര്‍ സമവാക്യങ്ങളിലെ നീതിനിഷേധത്തോട് അതിശക്തമായി കലഹിക്കുകയാണ് ഈ സിനിമ. ഒരല്‍പം അതിശയോക്തി കലര്‍ത്തിയും കച്ചവടസിനിമയുടെ ലാവണ്യശാസ്ത്രത്തെ പുല്‍കിക്കൊണ്ടും ‘ജയ ജയ ജയ ജയ ഹേ’ ആണ്‍-പെണ്‍ ബന്ധങ്ങളിലെ പരമ്പരാഗത മലയാളി കുടുംബ/സിനിമാറ്റിക്ക് വിശ്വാസങ്ങളെ ഒരു കരാട്ടെ കിക്കിലൂടെ തകിടം മറിക്കുന്നു.
സംസ്കാരം, പാരമ്പര്യം തുടങ്ങിയ പുരുഷാധിപത്യ സംരക്ഷണത്തിനായുള്ള ഗീര്‍വാണങ്ങളുടെ സ്വാധീനത്താല്‍ വീട്ടകങ്ങളില്‍ ഞെരിഞ്ഞമരുന്ന സ്ത്രീജീവിതങ്ങളുടെ ദുരവസ്ഥ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രം മുഖ്യധാരാസമൂഹത്തിന്‍റെ ശ്രദ്ധയിലേക്കെത്തിച്ചിരുന്നു. ഈ ചിത്രം റിയലിസ്റ്റിക്ക് സിനിമാ സങ്കേതത്തിന്‍റെ ചുവട് പിടിച്ചാണ് ഉന്നയിച്ച വിഷയത്തിന്‍റെ തീവ്രതയിലേക്ക് കാണികളെ ആനയിച്ചത്. ‘ജയ ജയ ജയ ജയ ഹേ’ നര്‍മ്മവും അതിഭാവുകത്വവും ആവശ്യത്തിനുപയോഗിച്ചാണ് ലിംഗഅസമത്വത്തിന്‍റെ രൂക്ഷമായ ചില നേര്‍ക്കാഴ്ചകള്‍ കാണികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ചിത്രത്തിലെ ജയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദര്‍ശന രാജേന്ദ്രന്‍റെ ജീവിതത്തിലൂടെയാണ് ഭൂരിപക്ഷം മലയാളി കുടുംബങ്ങളിലും സ്ത്രീ ജീവിതങ്ങള്‍ക്ക്/സ്വപ്ങ്ങള്‍ക്ക്/പ്രതീക്ഷകള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് സംവിധായകന്‍ അന്വേഷിക്കുന്നത്. നന്നായി പഠിക്കുന്ന ജയയെ ദൂരെയുള്ള കോളേജില്‍ അവള്‍ക്കിഷ്ടമുള്ള കോഴ്സിനു വിടാതെ തൊട്ടടുത്തുള്ള പാരലല്‍ കോളേജില്‍ നിര്‍ബന്ധിച്ചു ചേര്‍ക്കുന്നതും തുടര്‍ന്ന്‍ ആദ്യപ്രണയത്തില്‍ തന്നെ അവള്‍ക്ക് ആണധികാരത്തിന്‍റെ കയ്പുനീര്‍ കുടിക്കേണ്ടി വരുന്നതും പിന്നീട് വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ അവര്‍ ചൂണ്ടിക്കാട്ടിയ ഒരാളെ വിവാഹം ചെയ്യേണ്ടി വരുന്നതുമാണ് ചിത്രത്തിന്‍റെ ആദ്യഘട്ടത്തിലെ കാഴ്ചകള്‍. വിവാഹിതയായി പുതിയ വീട്ടിലെത്തുന്ന അവളുടെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലുള്ള അപമാനവും ശാരീരിക പീഡനവും ജയയെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതയാക്കുന്നതോടെ ചിത്രത്തിലെ ഏറ്റവും രസകരമായ മുഹൂര്‍ത്തങ്ങളുടെ ആരംഭം കുറിക്കപ്പെടുന്നു. വീട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തിയിട്ടും പ്രതിരോധിക്കാനുള്ള തന്‍റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന ജയയുടെ പക്ഷത്ത് നിന്ന്‍ കയ്യടിച്ചല്ലാതെ പ്രേക്ഷകര്‍ക്ക് തീയേറ്റര്‍ വിടുക അസാധ്യമായി മാറുകയാണ്. സ്ത്രീയെ, ഭാര്യയെ ‘അടിച്ചു നന്നാക്കുന്ന’ പുരുഷകഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് പുത്തരിയല്ല. ഇത്തരത്തില്‍ ‘ആണിന്‍റെ കൈയുടെ ചൂടറിഞ്ഞ്’ മര്യാദക്കാരായി മാറിയ സ്ത്രീകഥാപാത്രങ്ങളെയും ധാരാളമായി മലയാളത്തില്‍ കാണാം. വിദ്യാഭ്യാസവും വ്യക്തിത്വവുമുള്ള ഇത്തരം സ്ത്രീകളെ നിലയ്ക്ക് നിര്‍ത്തി മര്യാദ പഠിപ്പിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത പുരുഷനായകന്മാരുടെ കണ്ടു പഴകിയ കാഴ്ചകളില്‍ നിന്ന്‍ ‘ജയ ജയ ജയ ജയ ഹേ’ യിലേക്കെത്തുമ്പോള്‍ മലയാള സിനിമ സഞ്ചരിച്ച കാലദൂരങ്ങളിലെ പുരോഗമന മൈല്‍ക്കുറ്റികള്‍ ചിലതെങ്കിലും പറയാതെ പറയുന്നുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളിലൂടെ മലയാള സിനിമയിലെ ജെന്‍ഡര്‍ അധികാരവ്യവഹാരങ്ങളിലെ ഒരു paradigm shift കൂടി ഈ ചിത്രം അടയാളപ്പെടുത്തുകയാണ്. ഒരു മുദ്രാവാക്യസിനിമയോ പോളിറ്റിക്കല്‍ കറക്റ്റ്നെസിന്‍റെ മാനിഫെസ്റ്റോയോ ആവാന്‍ ശ്രമിക്കാതിരുന്നതിന് സംവിധായകന്‍ കയ്യടിയര്‍ഹിക്കുന്നുണ്ട്. കുടുംബസദാചാരം എല്ലാക്കാലത്തും പുരുഷനെ pamper ചെയ്ത് വഷളാക്കുന്നതും അത് അമ്മയില്‍ തുടങ്ങി ഭാര്യയിലൂടെ മകളിലേക്ക് സംക്രമിക്കുന്നതും സമൂഹം സൃഷ്ടിച്ചെടുത്ത നാടിന്‍റെ യാഥാര്‍ഥ്യമാണ്. ഈ അസമത്വത്തിന്‍റെ നിയമാവലി സ്ത്രീയെ എങ്ങനെയെല്ലാം കുടുംബമെന്ന രാവണന്‍ കോട്ടയ്ക്കകത്ത് തളച്ചിടുന്നുവെന്ന ചിന്തകളിലേക്ക് കൂടിയാണ് കാണികള്‍ ചിരിച്ചു കൊണ്ട് ചിന്തിച്ചുണരുന്നത്. അവിടെ തെളിയുന്ന മൂര്‍ത്തയാഥാര്‍ഥ്യങ്ങള്‍ക്ക് വെറും ചിരിക്കാഴ്ചകള്‍ക്കപ്പുറമുള്ള ലിംഗരാഷ്ട്രീയത്തിന്‍റെ സ്ഥലികളിലേക്കുള്ള വഴികള്‍ കൂടി തെളിഞ്ഞു കാണാവുന്നതാണ്.
നോര്‍വീജിയന്‍ നാടകകൃത്ത് ഹെന്‍റിക്ക് ഇബ്സന്‍റെ A Doll’s House എന്ന നാടകം ലോകത്തെമ്പാടുമുള്ള ഫെമിനിസ്റ്റ് മുന്നേറ്റങ്ങളെ സ്വാധീനിച്ച കൃതിയാണ്. ഈ നാടകത്തിലെ നായികയായ നോറ പുരുഷാധികാരത്തോട് കലഹിച്ചുകൊണ്ട് വീടു വിട്ടിറങ്ങുകയാണ്. തുടര്‍ന്ന്‍ വിവാഹശേഷം കുടുംബത്തിനകത്ത് വിവേചനം നേരിടുന്ന നിരവധി സ്ത്രീകഥാപാത്രങ്ങള്‍ വീടു വിട്ടിറങ്ങുന്നത് കലയില്‍ സ്വാഭാവികമായ ഒരു സംഭവമായി മാറിത്തുടങ്ങി. മലയാള സിനിമയില്‍ തന്നെ ഇത്തരം നായികമാരെ അടുത്ത കാലത്തായി കാണാനാവും (ആര്‍ട്ടിസ്റ്റ്, രാമന്‍റെ ഏദന്‍ തോട്ടം, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍). വീടിനുള്ളില്‍ അസഹനീയമായ അവഹേളനം നേരിടുന്ന ‘ജയ ജയ ജയ ജയ ഹേ’ വീടു വിട്ടിറങ്ങുക മാത്രമല്ല, തന്‍റെ മുന്നോട്ടുള്ള ജീവിതവഴി കണ്ടെത്തുകയുമാണ്. സാധാരണയായി പുരുഷന്മാര്‍ കൈകാര്യം ചെയ്യുന്ന ഒരു തൊഴില്‍മേഖല തിരഞ്ഞെടുക്കുന്ന ജയ, സ്ത്രീകള്‍ക്ക് കല്‍പിച്ചു നല്‍കിയിരിക്കുന്ന നിശ്ചിതതൊഴിലുകളിലൊന്നില്‍ തിളങ്ങുന്ന നായികയെന്ന ക്ലീഷേ മലയാള സിനിമാ വഴക്കത്തെയും മാറ്റിത്തീര്‍ക്കുന്നു. ചിത്രത്തിലെ ചില രാഷ്ട്രീയ സൂചകങ്ങളും ശ്രദ്ധേയമാണ്. കുടുംബ സദാചാര സംഹിതകളില്‍ തളയ്ക്കപ്പെട്ടു കിടക്കുന്ന ജയയുടെ കുടുംബം കോൺഗ്രസ് അനുഭാവികളാണെന്ന്‍ ചുവരിലെ ഫോട്ടോകളില്‍ നിന്ന് മനസ്സിലാക്കാം. അവളെ ആദ്യം പ്രണയിക്കുന്ന അജു വര്‍ഗീസിന്‍റെ കഥാപാത്രം പുരോഗമനവാദിയായ കമ്യൂണിസ്റ്റ് ആണെങ്കിലും അയാളുടെയുള്ളിലെ സ്ത്രീവിരുദ്ധത പിന്നീട് പുറത്തു വരുന്നുണ്ട്. ബേസില്‍ ജോസഫ് അവതരിപ്പിച്ച രാജേഷ് എന്ന ജയയുടെ ഭര്‍ത്താവാകട്ടെ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നയാളാണെന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ചിത്രത്തിലുണ്ട്. ഹോട്ടലില്‍ ബീഫ് ആവശ്യപ്പെടുന്ന ഭാര്യയെക്കൊണ്ട് ചിക്കന്‍ കഴിപ്പിക്കുന്നതുള്‍പ്പടെ രാജേഷിന്‍റെ ‘സംഘസ്വത്വം’ കാണികള്‍ക്ക് മുന്നില്‍ വെളിപ്പെടുകയാണ്. അസീസ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ നിര്‍മിതിയും സംഘപരിവാര്‍ രാഷ്ട്രീയ സൂചനകളാല്‍ സമൃദ്ധമാണ്. ഭാരതം ലോകത്തിന്‍റെ നെറുകയിലെത്തുമെന്നും ഒരുത്തമ ഭാര്യയ്ക്ക് ഭക്തിയും സംസ്കാരവും അത്യാവശ്യമാണെന്നും കരുതുന്ന ഇയാളെക്കൊണ്ട് തന്നെ പെട്രോളടിച്ചില്ല എന്നു പറയിപ്പിക്കുന്നതിലെ സംവിധായകന്‍റെ ബ്രില്ലിയന്‍സും ശ്രദ്ധേയമാണ്. കക്ഷിരാഷ്ട്രീയത്തിനുപരിയായി ലിംഗസമത്വത്തിന്‍റെ ജനാധിപത്യ രാഷ്ട്രീയം മാത്രമാണ് ഈ ചിത്രത്തിന്‍റെ നിലപാടുതറയായി വര്‍ത്തിക്കുന്നത്.
സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്ന ഷമ്മിമാരെ മലയാള സിനിമയ്ക്ക് പരിചിതമാണ്. സ്ത്രീസ്വാതന്ത്ര്യം പുരുഷന്‍ കനിഞ്ഞു നല്‍കേണ്ട ഒന്നല്ലെന്ന്‍ ഊന്നിപ്പറയുന്ന രംഗവും ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ കാണാം.
എന്തു കൊണ്ട് ഈ ചിത്രത്തിന്‍റെ ലൊക്കേഷനായി കൊല്ലം തിരഞ്ഞെടുത്തുവെന്നതിന് മലയാളി പ്രേക്ഷകര്‍ക്ക് കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ല. വിസ്മയയുടെ ആത്മഹത്യയും തുടര്‍ന്ന്‍ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും ഈ ചിത്രത്തിന്‍റെ പ്രമേയത്തിന് സമകാലിക പ്രാധാന്യം നല്‍കുന്നുണ്ട്. ഭര്‍ത്താവിന്‍റെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടും അതെല്ലാം സഹിച്ച് അവിടെ നില്‍ക്കാന്‍ മകളെ നിര്‍ബന്ധിച്ച വിസ്മയയുടെ മാതാപിതാക്കളുടെ കുമ്പസാരവും കേരളം കണ്ടതാണ്. ഈ ചിത്രത്തിലും അതേരീതിയില്‍ മകളെ gaslighting (ഒരാളെ കൗശലപൂര്‍വ്വം മാനസികമായി തെറ്റിദ്ധരിപ്പിച്ച് സ്വന്തം ചിന്താശേഷിയെത്തന്നെ ചോദ്യം ചെയ്യിപ്പിക്കുന്ന രീതി) ചെയ്യുന്ന മാതാപിതാക്കളെ കാണാം. സഹിച്ചും ക്ഷമിച്ചും ‘പവിത്രമായ’ വിവാഹബന്ധം മുന്നോട്ടു കൊണ്ടുപോവണമെന്ന ആവര്‍ത്തിച്ചുള്ള ഉപദേശങ്ങളെ ജയ കാറ്റില്‍ പറത്തുന്നതാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ watershed moment. സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്ന ഷമ്മിമാരെ മലയാള സിനിമയ്ക്ക് പരിചിതമാണ്. സ്ത്രീസ്വാതന്ത്ര്യം പുരുഷന്‍ കനിഞ്ഞു നല്‍കേണ്ട ഒന്നല്ലെന്ന്‍ ഊന്നിപ്പറയുന്ന രംഗവും ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ കാണാം.
പറയാനുേദ്ദശിച്ച രാഷ്ട്രീയത്തില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ അവതരിപ്പിച്ചത് ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്. പുരുഷാധിപത്യം സ്ത്രീകളിലൂടെ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയയുടെയും രാജേഷിന്‍റെയും അമ്മമാര്‍ കാണിച്ചു തരുന്നുണ്ട്. ശബരിമല വിധിയോടനുബന്ധിച്ചുണ്ടായ ആര്‍ത്തവ ലഹളക്കാലത്ത് സ്വതന്ത്രമായ അഭിപ്രായങ്ങളുള്ള സ്ത്രീകളെ എതിരിടാന്‍ പാരമ്പര്യവാദികളായ സ്ത്രീകളുള്‍പ്പടെ മുന്നിട്ടിറങ്ങിയതും കേരളം കണ്ടതാണ്. ഈ ചിത്രം അവരോടും ചിലതെല്ലാം പറയുന്നുണ്ട്. പെണ്‍കുട്ടികളുള്ള പാരമ്പര്യ/സംസ്കാരവാദികളായ മാതാപിതാക്കള്‍ക്ക് അവഗണിക്കാനാവാത്ത ജീവിതതത്വങ്ങള്‍ കൂടിയാണത് .
ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ആണ് എസ്. ഹരിനാരായണൻ