ചലച്ചിത്രമേള, സിനിമാ പ്രേമികളുടെ വാര്‍ഷിക ജീവശ്വാസം 

ചലച്ചിത്രമേള, സിനിമാ പ്രേമികളുടെ വാര്‍ഷിക ജീവശ്വാസം 

Published on
ഓരോ രാജ്യാന്തര ചലച്ചിത്രമേളയും ആസ്വാദകന് സമ്മാനിക്കുന്നതെന്താണ്, ആസ്വാദന നവീകരണത്തിലേക്കും ചലച്ചിത്ര സാക്ഷരതയിലേക്കും നയിച്ച ചലച്ചിത്രമേളകളുടെ അനുഭവത്താളുകളിലൂടെ പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ജി പി രാമചന്ദ്രന്റെ സഞ്ചാരം. ഗോവാ അന്താരാഷ്ട്ര ചലച്ചിത്രമേളയെ മുന്‍നിര്‍ത്തി ജിപി രാമചന്ദ്രന്‍ എഴുതിയ ലേഖനം. 

1988ലാണ് ഞാനാദ്യമായി ഒരു ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഫിലിമോത്സവ് ആയിരുന്നു അത്. 1952ലാരംഭിച്ച ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തുടര്‍ച്ചയായിരുന്നു അത്. അക്കാലത്ത് ഓരോ വര്‍ഷവും മാറി മാറി പല മുഖ്യ നഗരങ്ങളിലായിരുന്നു മേളകള്‍ നടന്നത്. ദില്ലിയില്‍ നടക്കുമ്പോള്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി) എന്ന പേരിലും മറ്റു നഗരങ്ങളില്‍ നടക്കുമ്പോള്‍ ഫിലിമോത്സവ് എന്ന പേരിലുമായിരുന്നു രാജ്യത്തെ ഈ മുഖ്യ മേള സംഘടിപ്പിക്കപ്പെട്ടിരുന്നത്. 1952ല്‍ ബോംബെയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട മേള, ആ വര്‍ഷം തന്നെ ദില്ലി, കല്‍ക്കത്ത, മദ്രാസ് എന്നീ നഗരങ്ങളിലും നടക്കുകയുണ്ടായി. ചില അവിചാരിതകാരണങ്ങളാല്‍ ബോംബെയിലെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദില്ലിയില്‍ നടന്ന മേളയില്‍ പങ്കെടുത്തു. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ആദ്യത്തെ ചലച്ചിത്രമേളയായിരുന്നു അത്. ഫിലിംസ് ഡിവിഷനാണ് ആ മേള നടത്തിയത്. നെഹ്‌റുവിന്റെ കാലത്തു തന്നെ രൂപപ്പെടുത്തപ്പെട്ട ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍(പിന്നീട് നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) എന്നിവക്കൊക്കെയും മുന്നോടിയായി അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചു എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. പീന്നീട് ഏതാനും വര്‍ഷം മുടങ്ങിയെങ്കിലും 1961ലും പിന്നീട് 1965ലുമായി രണ്ടാമതും മൂന്നാമതും മേളകള്‍ ദില്ലിയില്‍ നടന്നു. പിന്നീട് മിക്ക വര്‍ഷങ്ങളിലും മുടങ്ങാതെ നടന്ന മേള 1988ലാണ് തിരുവനന്തപുരത്തെത്തിയത്.

ഫിലിമോത്സവില്‍ എങ്ങിനെ പ്രതിനിധിയാവണമെന്നൊന്നും എനിക്കറിയില്ലായിരുന്നു. സാധാരണക്കാരനായ എന്നെപ്പോലെ ഒരാള്‍ക്ക് പ്രതിനിധിയാവാന്‍ കഴിയുമെന്നു പോലും ധാരണയുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. കോഴിക്കോട്ടും കല്പറ്റയിലും ബത്തേരിയിലും മാനന്തവാടിയിലുമുള്ള ചില ഫിലിം സൊസൈറ്റികളില്‍ അംഗത്വമെടുക്കുകയും ഏതാനും ലോക സിനിമകള്‍ കാണുകയും ചെയ്തിരുന്നുവെങ്കിലും ഇതുപോലെ വിപുലവും ഗംഭീരവുമായി സംഘടിപ്പിക്കപ്പെടുന്ന മേളകളില്‍ കയറിപ്പറ്റാന്‍ പറ്റുമെന്ന ഒരു വ്യാമോഹവും എന്തായാലും അന്നുണ്ടായിരുന്നില്ല. ദേവഗിരി കോളേജില്‍ പഠിക്കുമ്പോള്‍, അന്ന് കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നടത്തിയ ഒരു സഞ്ചരിക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുത്തത് ഓര്‍മ്മയുണ്ട്. 1983നു മുമ്പാണെന്നല്ലാതെ കൃത്യവര്‍ഷം ഓര്‍മ്മയില്ല. ബര്‍ഗ്മാന്റെ സൈലന്‍സ്, റോബര്‍ടോ എന്റിക്കയുടെ ഇന്‍സിഡന്റ് അറ്റ് ഓള്‍ക്രീക്ക് എന്നീ സിനിമകളൊക്കെ അന്ന് നിറഞ്ഞ സദസ്സില്‍ കണ്ടതോര്‍ക്കുന്നു. കോഴിക്കോട് കല്ലായി റോഡിലുള്ള പുഷ്പ തിയേറ്ററിലായിരുന്നു മേള നടന്നത്. മറ്റു ചില നഗരങ്ങളിലും ഈ സഞ്ചരിക്കുന്ന മേള നടന്നിട്ടുണ്ടെന്നു തോന്നുന്നു. (പുഷ്പ പിന്നീട് പൊളിച്ചുമാറ്റി. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ പ്രിവ്യൂവും അവിടെ നിന്നായിരുന്നു ഞാന്‍ കണ്ടത്. വയനാട്ടിലെ കൈനാട്ടിയില്‍ നിന്ന് പികെ ബാലേട്ടന്റെ സ്‌കൂട്ടറിനു പുറകിലിരുന്ന് പുഷ്പയിലെത്തുമ്പോള്‍, വരൂ വരൂ എന്ന് പറഞ്ഞു കൊണ്ട് ജോണ്‍ വാതില്ക്കല്‍ നില്പുണ്ടായിരുന്നു)

ചലച്ചിത്രമേള, സിനിമാ പ്രേമികളുടെ വാര്‍ഷിക ജീവശ്വാസം 
കേരളത്തില്‍ ദളിതര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്

1988ലെ തിരുവനന്തപുരം ഫിലിമോത്സവില്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഞാന്‍ മേളയില്‍ 'നുഴഞ്ഞു കയറിയത്'. പ്രധാന വേദിക്കു പുറത്ത് പൊതുജനങ്ങള്‍ക്കായി ഏതാനും സിനിമകള്‍ പ്രദര്‍ശിപ്പിച്ചതാണ് ഞാന്‍ കണ്ടത്. ശ്രീകുമാര്‍, ശ്രീവിശാഖ്, ശ്രീപത്മനാഭ തിയേറ്ററുകളിലാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. മേളയുടെ ഷെഡ്യൂളോ മറ്റു വിശദവിവരങ്ങളോ നേരത്തെ ലഭിക്കാനുള്ള അറിവോ പരിചയമോ എനിക്കില്ലായിരുന്നു. അതുകൊണ്ട്, മേളയില്‍ പങ്കെടുക്കുന്ന ദിവസം രാവിലെ പത്തരക്കുള്ള പ്രദര്‍ശനം ഒരു തിയേറ്ററില്‍, ഉച്ചക്ക് രണ്ടരക്കുള്ള പ്രദര്‍ശനം മറ്റൊരു തിയേറ്ററില്‍, വൈകീട്ട് ആറരക്കുള്ളത് ഇനിയുമൊരിടത്ത് എന്നിങ്ങനെയായിരുന്നു ബുക്ക് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് താമസക്കാരനായ പ്രിയ സുഹൃത്തും എഴുത്തുകാരനുമായ മോഹന്‍ദാസ് അമ്പാട്ടാണ് ഈ ടിക്കറ്റുകള്‍ നേരത്തെ എടുത്തു വെച്ചത്. അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായി പാര്‍ത്താണ് സിനിമകള്‍ കണ്ടതും. ലോഡ്ജില്‍ മുറിയെടുക്കാനുള്ള പണമൊന്നും കൈയിലുണ്ടായിരുന്നില്ല. തിയോ ആഞ്ചലോപൗലോയുടെ ബീകീപ്പര്‍ അടക്കമുള്ള സിനിമകള്‍ ആ മേളയിലാണ് കണ്ടത്. ബീകീപ്പര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, ശ്രീകുമാര്‍ തിയേറ്ററിലാകെ കൂക്കും വിളിയും ബഹളവുമായിരുന്നു. മേളകളിലേക്കുള്ള പ്രവേശം ഈ തെരുവുകൂക്കുവിളിയിലൂടെയായിരുന്നതിനാലാകും; ഇപ്പോഴും ചലച്ചിത്രമേളകളില്‍ പ്രദര്‍ശനങ്ങളിലിരിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്നവരെ വിദ്വേഷത്തോടെ നോക്കുന്ന മധ്യവര്‍ഗ മുഖംമൂടികള്‍ക്കു പകരം, സര്‍വരാലും ആക്ഷേപിക്കപ്പെടുന്ന തറടിക്കറ്റുകാരനായി തുടരുന്നതും. ഏതായാലും, ഇനി ഇതു പോലെ പുറം ടിക്കറ്റെടുത്ത് ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത് യുക്തമല്ല എന്ന തിരിച്ചറിവ് അന്ന് ലഭിക്കുകയുണ്ടായി. പിന്നീടെങ്ങനെ പാസ് കൈക്കലാക്കി എന്നത് പുറകെ വരുന്ന കഥ. ശ്രീപത്മനാഭയില്‍ റഷ്യന്‍ ചിത്രമായ റിപ്പന്റന്‍സ് (സംവിധാനം : തെങ്കിസ് അബുലാദ്‌സെ) കാണാന്‍ സാംസ്‌ക്കാരിക മന്ത്രി സഖാവ് ടി കെ രാമകൃഷ്ണന്‍, പി ഗോവിന്ദപ്പിള്ളയോടൊപ്പം എത്തി. അവരുടെ ഒപ്പം, മന്ത്രിയുടെ സെക്രട്ടറി സഖാവ് മത്തായി ചാക്കോയുമുണ്ടായിരുന്നു. ദേവഗിരി കോളേജില്‍ ഞാന്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന കൊല്ലം സഖാവില്‍ നിന്നായിരുന്നു എസ് എഫ് ഐയില്‍ അംഗത്വമെടുത്തത്. സഖാവ് എന്താണിവിടെ എന്നു ചോദിച്ചു. സിനിമ കാണാനെത്തി എന്ന മറുപടി കേട്ട അദ്ദേഹം നാളെ സെക്രട്ടറിയറ്റില്‍ വന്നോളൂ, കൂടൂതല്‍ സൗജന്യ പാസുകള്‍ തരാമെന്ന് ചോദിക്കാതെ തന്നെ വാഗ്ദാനം ചെയ്തു. അപ്രകാരം സൗജന്യ പാസുകള്‍ ഉണ്ടെന്ന വിവരവും ആദ്യമായി ലഭിച്ചു. പിറ്റേന്ന് സെക്രട്ടറിയറ്റിന്റെ മതില്ക്കകത്ത് കയറിയെങ്കിലും കെട്ടിടത്തിനകത്തേക്ക് പ്രവേശനം ലഭിച്ചില്ല. മൊബൈല്‍ ഫോണൊന്നും പ്രചാരത്തിലില്ലാതിരുന്നതിനാല്‍, അദ്ദേഹത്തെ ബന്ധപ്പെടാനും സാധിച്ചില്ല. ആ സൗജന്യപാസുകള്‍ അങ്ങിനെ എന്നിലെത്താതെ പോയി. മറ്റൊരു തരത്തില്‍ ആ കടം പക്ഷെ വീട്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം, സഖാവ് മത്തായി ചാക്കോ ഡിവൈഎഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയോ പ്രസിഡണ്ടോ ആയിരുന്ന ഒരവസരത്തില്‍, അത്തോളിയില്‍ വെച്ചു നടന്ന ജില്ലാ പഠന ക്യാമ്പില്‍ സിനിമയുടെ രാഷ്ട്രീയം എന്ന ക്ലാസെടുക്കാന്‍ എന്നെ അദ്ദേഹം നേരിട്ടു തന്നെയായിരുന്നു വിളിച്ചത്. അവിടെ വെച്ച് ഈ കിട്ടാത്ത സൗജന്യപാസിന്റെ കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചു. സഖാവ് സ്വതസ്സിദ്ധമായ ചിരിയില്‍ അതൊതുക്കി ഒഴുക്കികളയുകയും ചെയ്തു.

ചലച്ചിത്രനിരൂപണത്തെ കുറിച്ച് ഗോവാ ചലച്ചിത്രമേളയില്‍ നന്ന സെമിനാറില്‍ ജിപി രാമചന്ദ്രന്‍ 
ചലച്ചിത്രനിരൂപണത്തെ കുറിച്ച് ഗോവാ ചലച്ചിത്രമേളയില്‍ നന്ന സെമിനാറില്‍ ജിപി രാമചന്ദ്രന്‍ 

ചലച്ചിത്രമേളയുടെ അനിവാര്യഭാഗമായി പിന്നീട് പരിണമിച്ച ഓപ്പണ്‍ ഫോറം ആ മേളയിലാണ് ആരംഭിച്ചത്. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംവിധാനം ചെയ്യപ്പെട്ട ഓപ്പണ്‍ ഫോറം, പ്രതിനിധികള്‍ക്കും മറ്റും അതിഥികളോട് തുറന്നു സംസാരിക്കാനും വിമര്‍ശിക്കാനുമുള്ള അവസരമൊരുക്കി. അടുത്ത കാലത്ത്, ചില അവസരങ്ങളില്‍ അധികൃതരുടെ പരിഭ്രാന്തിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചതൊഴിച്ചാല്‍, ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഏറ്റവും സജീവമായ ഒരു വേദിയായി ഓപ്പണ്‍ഫോറം വളര്‍ന്നു. 1988ലെ ഓപ്പണ്‍ഫോറം, തൈക്കാട് ഗസ്റ്റ്ഹൗസ് വളപ്പിലോ മറ്റോ ആയിരുന്നു സംഘടിപ്പിക്കപ്പെട്ടത്. പുറംടിക്കറ്റുകാരനായി മേളയിലെത്തിയ ഞാന്‍ ചോദ്യക്കാരനായി അവിടെയെത്തി, ജി അരവിന്ദനോട് ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. താങ്കളുടെ ഒരിടത്ത് സിനിമയില്‍, സോവിയറ്റ് യൂണിയനില്‍ ഒരു കുട്ടി ജനിച്ചാല്‍ അപ്പോള്‍ തന്നെ ആ കുട്ടിക്കുള്ള കരണ്ട് (വൈദ്യുതി) സര്‍ക്കാര്‍ ഉത്പാദിപ്പിക്കുമെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്. ഇത്, കമ്യൂണിസത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമാണോ എന്നായിരുന്നു എന്റെ ചോദ്യം. നിര്‍മമത്വത്തോടെ അരവിന്ദേട്ടന്റെ മറുപടി : അത് കാരിക്കേച്ചറൈസേഷന്‍ ഓഫ് എ ക്യാരക്ടര്‍ ആണ്. പില്‍ക്കാലത്ത്, പല മേളകളിലും ഓപ്പണ്‍ ഫോറങ്ങളില്‍ സ്ഥിരം പ്രസംഗകന്‍ ആയിരുന്നു ഞാന്‍. ഇതിന്റെയും പല അനുഭവങ്ങളുമുണ്ട്. പെട്ടെന്ന് ഓര്‍മ്മ വന്നത്, 1999ല്‍ കൊച്ചിയില്‍ നടന്ന ഐ എഫ് എഫ് കെയിലെ ഓപ്പണ്‍ഫോറത്തിലിരിക്കുമ്പോഴത്തെ ആണ്. എനിക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാനാവുന്ന മലയാള ഭാഷയിലാണ് ഞാനെപ്പോഴും സംസാരിക്കാറുള്ളത്. ഇപ്രകാരം മലയാള ഭാഷയില്‍ സംസാരിക്കുമ്പോള്‍, അവിടേക്ക് പൊടുന്നനെ കടന്നു വന്ന ഒരു പ്രമുഖ ചലച്ചിത്രകാരന്‍, സീ ദിസീസ് ഏന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, ഡോണ്ട് റിഡിക്ക്യൂള്‍ ഇറ്റ് ബൈ സ്പീക്കിംഗ് ഇന്‍ വെര്‍ണാക്കുലര്‍ എന്ന് ഉറക്കെ ആക്ഷേപിച്ചുകൊണ്ട് രോഷത്തോടെ നടന്നു പോയി.

1991ല്‍ ചെന്നൈയില്‍ നടന്ന ഇഫിയിലാണ് പിന്നീട് പങ്കെടുത്തത്. അപ്പോഴേക്കും ഫിലിമോത്സവ് എന്ന പേരുപേക്ഷിച്ചിരുന്നു. മാത്രമല്ല, ദില്ലിയിലായാലും അല്ലെങ്കിലും മേളയില്‍ മത്സരവിഭാഗം സ്ഥിരമാക്കുകയും ചെയ്തു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേരള ഘടകം മുഖ്യ ഭാരവാഹിയായിരുന്ന വി കെ ജോസഫുമായുള്ള ബന്ധമാണ് തൊണ്ണൂറുകളുടെ ആദ്യപകുതിയിലെല്ലാ മേളകളിലും പാസ് ലഭിക്കുന്നതിനും കൂടുതല്‍ ബന്ധങ്ങള്‍ വിപുലമാക്കുന്നതിനും സഹായകമായത്. മദ്രാസ് സെന്‍ട്രലില്‍ വണ്ടിയിറങ്ങി, ദാസപ്രകാശ് ഹോട്ടലിനടുത്തുള്ള ബാങ്കിന്റെ ഹോളിഡേ ഹോമില്‍ താമസമുറപ്പിച്ചു. ഒരു മുറിയില്‍ കല്‍ക്കത്തയില്‍ നിന്നുള്ള ഒരു സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെ തന്നെ, പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പേര് മറന്നു പോയി. ടിപ്പിക്കല്‍ ബംഗാളി ശൈലിയില്‍, നീണ്ട വെള്ള കുര്‍ത്തയണിഞ്ഞ അദ്ദേഹത്തിന്റെ ലാളിത്യത്തോടൊപ്പം, എന്റെ ശ്രദ്ധയില്‍ പതിഞ്ഞ ഒരു കാര്യം, എല്ലാ ദിവസവും രാത്രി നഗരത്തില്‍ ലഭിക്കുന്ന എല്ലാ ഇംഗ്ലീഷ് പത്രങ്ങളിലെയും മേള സംബന്ധിച്ച വാര്‍ത്തകളും വിശേഷങ്ങളും എല്ലാം വെട്ടി തന്റെ നോട്ടുപുസ്തകത്തില്‍ ഒട്ടിക്കുന്ന ശീലമായിരുന്നു. ഞാനും ഇത് കുറെക്കാലം തുടര്‍ന്നു. മേളയെ സംബന്ധിച്ച് കുറിപ്പുകളും ലേഖനങ്ങളുമെഴുതുന്നതിന് ഇത് വളരെ സഹായകമാണ്. ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ സഹായമായി അത്തരം നോട്ടു പുസ്തകങ്ങള്‍ പോയിട്ട് ഞാനെഴുതിയ ലേഖനങ്ങളുടെ കോപ്പികള്‍ പോലും ലഭ്യമല്ല എന്നത് മറ്റൊരു വിപരിണാമം. വി കെ ജോസഫ് അറിയിച്ചതനുസരിച്ച്, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ (എഫ് എഫ് എസ് ഐ) സതേണ്‍ റീജണ്‍ ഓഫീസിലെത്തി. അപ്പോഴൊന്നും പാസ് ലഭിക്കുമെന്നോ എങ്ങിനെ ലഭിക്കുമെന്നോ ഒരു ധാരണയുമില്ലായിരുന്നു. ആ വര്‍ഷങ്ങളിലൊക്കെ, രാജ്യത്താകെയുള്ള ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കായി നൂറില്‍ താഴെ പാസുകളാണ് കൊടുക്കുക. അതിലൊന്നാണ് എനിക്ക് ലഭിക്കുന്നത്. അതു തന്നെ വലിയ ഒരംഗീകാരമായി മനസ്സില്‍ നിറയുന്നുണ്ടായിരുന്നുവെങ്കിലും പാസും അത് തൂക്കുന്നതിനുള്ള ചരടും സഞ്ചിയും ഫെസ്റ്റിവല്‍ ബുക്കും കിട്ടുന്നതു വരെ ഒരു സമാധാനവുമുണ്ടായിരുന്നില്ല. മരീനാ ബീച്ചിലുള്ള മദ്രാസ് സര്‍വകലാശാലയുടെ സെന്റിനറി ഓഡിറ്റോറിയത്തിലും മൗണ്ട് റോഡിലുള്ള(അണ്ണാ ശാലൈ) ദേവി തിയേറ്റര്‍ സമുച്ചയത്തിലും സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നിന്ന് ദേവിയിലേക്ക് നടക്കുന്ന വലാജാ റോഡിലുള്ള കലൈവാണര്‍ അരംഗത്തിലുമൊക്കെയായിരുന്നു സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കൈയില്‍ കരുതുന്ന നോട്ടുബുക്കില്‍ ഇരുട്ടിലിരുന്ന് കുറിപ്പുകളെടുക്കുന്ന സ്വഭാവം ജോസഫിനെ അനുകരിച്ച് അന്നാരംഭിച്ചു. ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഒന്നുമില്ലാതിരുന്ന അക്കാലത്ത്, പത്രക്കട്ടിംഗുകളും ഇതുപോലെ എഴുതിയാല്‍ പിന്നെ വായിക്കാന്‍ പോലും തിരിയാത്ത തരം കുറിപ്പുകളുമൊക്കെയായിരുന്നു പിന്നീടുള്ള അവലോകനങ്ങള്‍ക്ക് സഹായമായുണ്ടാവുക. കമല്‍ഹാസന്‍ ആ മേളയില്‍ സജീവമായി മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. പിന്നീടും പല വര്‍ഷങ്ങളിലും അദ്ദേഹത്തെ മേളയില്‍ സാധാരണ പ്രതിനിധിയെന്ന രീതിയില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ വരി നിന്ന് സിനിമാ തിയേറ്ററിലേക്ക് പ്രവേശിക്കുന്നതു പോലും കാണാം. പക്ഷെ, വിസ്മയകരമായ അറിവ് മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ യൂണിറ്റുകള്‍ക്കല്ലാം മേള പ്രമാണിച്ച് അവധി കൊടുക്കുകയും അതില്‍ നിന്ന് തെരഞ്ഞെടുത്ത നൂറുപേര്‍ക്ക് പാസ് സംഘടിപ്പിച്ച് അവരോട് മുഴുവന്‍ സമയവും മേളയിലെ സിനിമകള്‍ കാണാന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ആരോ പറഞ്ഞറിഞ്ഞു. ദേശാഭിമാനിയുടെ പ്രതിനിധിയായി കോയമുഹമ്മദ് ആ മേളയില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തോടൊപ്പം, ചെപ്പോക്കിലുള്ള നായര്‍ മെസ്സില്‍ പോയി കേരള ഊണ് കഴിച്ചതൊക്കെ ഓര്‍മ്മയുണ്ട്. തിരിച്ച് നാട്ടിലെത്തിയ ഉടനെ, മേള സംബന്ധമായി ഒരു ലേഖനമെഴുതി അദ്ദേഹത്തിനയച്ചു കൊടുത്തു. ഒരേ ലക്കം വാരികയില്‍ അദ്ദേഹത്തിന്റെയും എന്റെയും ലേഖനങ്ങള്‍ കവര്‍‌സ്റ്റോറിയായി അച്ചടിച്ചു വന്നതൊക്കെ അന്നത്തെ നിലക്ക് ഏറെ ആഹ്ലാദകരമായ അനുഭവമായിരുന്നു.

1992ല്‍ ബാംഗളൂരായിരുന്നു മേള. സത്യത്തില്‍ തൊട്ടു മുമ്പത്തെ വര്‍ഷം, മറ്റൊരു നഗരത്തില്‍ നടന്നതിനാല്‍ മേള ദില്ലിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്തു കാരണത്താലാണെന്നറിയില്ല, ആ വര്‍ഷം ബാംഗളൂരാണേതായാലും മേള ഉറപ്പിക്കപ്പെട്ടത്. പാസിന്റെ അനിശ്ചിതത്വത്തോടൊപ്പം മറ്റൊരു ഗുരുതര പ്രശ്‌നവും അക്കുറി ഉരുത്തിരിയപ്പെട്ടു. കാവേരി നദീജല പ്രക്ഷോഭത്തെ തുടര്‍ന്ന്; തമിഴ്‌നാടും കര്‍ണാടകയും തമ്മിലുടലെടുത്ത പ്രത്യക്ഷമായ അകല്‍ച്ചയും തര്‍ക്കങ്ങളും ജനകീയ സമരങ്ങളിലേക്ക് നീണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകളും വാഹനങ്ങളും വരെ കര്‍ണാടകയിലേക്ക് ഓടിയിരുന്നില്ല. മേള തുടങ്ങുന്നതിന്റെ ഒരു ദിവസം മുമ്പാണ് ജോസഫിന്റെ കമ്പി(ടെലഗ്രാം) ലഭിക്കുന്നത്. നാളെ ബാംഗളൂരെത്തുക, പാസ് തയ്യാര്‍. തത്ക്കാല്‍ റിസര്‍വേഷനൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കാലമായതുകൊണ്ട് ബസ്സിനു തന്നെ യാത്ര പുറപ്പെട്ടു. എന്റെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങളേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. ഭാര്യയെ വിട്ടു പോകുന്നതിന്റെ വിഷമം എനിക്കും, രൂക്ഷമായ ക്രമസമാധാനപ്രശ്‌നങ്ങള്‍ എന്നു പത്രങ്ങള്‍ അലമുറയിടുമ്പോള്‍ (ഭാഗ്യത്തിന് ന്യൂസ് അവര്‍ പോലുള്ള അലര്‍ച്ചകള്‍ അന്നു കണ്ടു പിടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല) അതിനു നടുവിലേക്ക് എടുത്തു ചാടുന്ന എന്നെക്കുറിച്ചുള്ള ഭീതികള്‍ ഭാര്യക്കുമായി ആകെ അരക്ഷിതമായ അവസ്ഥയിലാണ് ബസ് കയറിയത്. കോയമ്പത്തൂരെത്തിയപ്പോഴാണ്, ബാംഗളൂരേക്ക് നേരിട്ട് ബസ്സൊന്നും ഓടുന്നില്ലെന്ന് അറിയുന്നത്. തമിഴ്‌നാട് വണ്ടി കണ്ടാല്‍, സമരക്കാര്‍ കല്ലെറിയുമെന്ന് ഭയന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൊസൂര്‍ വരെ ഓടും, അവിടെ നിന്നെന്തെങ്കിലും വണ്ടി കിട്ടും എന്ന തിരിച്ചറിവും ഗാന്ധിപുരം പേരുന്തു നിലയ(ബസ് സ്റ്റാന്റ്)ത്തില്‍ നിന്ന് ലഭ്യമായി. പിന്നെ ആ വഴിക്കു തന്നെ പിടിച്ചു. ബസുകള്‍ ഇറങ്ങി ഇറങ്ങിക്കയറി ബാംഗളൂരെത്തി, പാസുമെടുത്ത് ആദ്യം കണ്ട സിനിമ ഴാക് റിവെയുടെ ലാബെല നോഷെ ആയിരുന്നു. മനോഹരിയായ കുഴപ്പക്കാരി എന്നാണ് വിഖ്യാതമായ ആ ഫ്രഞ്ച് സിനിമാ ശീര്‍ഷകത്തിന്റെ മലയാള പരിഭാഷ. മാളുകളും മള്‍ട്ടിപ്ലെക്‌സുകളും കണ്ടു പിടിക്കപ്പെട്ടിരുന്നില്ല. മജസ്റ്റിക്കിലെ എണ്ണമൊടുങ്ങാത്ത ഒറ്റ/ഇരട്ട തിയേറ്ററുകളിലായിരുന്നു പ്രദര്‍ശനങ്ങള്‍. ഓരോരോ ഷോക്കുള്ള റിസര്‍വേഷന്‍ എന്നിങ്ങനെയുള്ള നൂലാമാലകളും അന്നുണ്ടായിരുന്നില്ല. പ്രധാന ബസ് സ്റ്റാന്റും തീവണ്ടിയാപ്പീസും എല്ലാമുള്ള ഏറ്റവും തിരക്കുപിടിച്ച, ബാംഗളൂരിലെ തമ്പാനൂരായിരുന്നു മജസ്റ്റിക്ക്. ഒരു സിനിമ കഴിഞ്ഞ് മറ്റൊന്നിലേക്കും ഇടക്ക് ഭക്ഷണം കഴിക്കാനായി കമ്മത്ത് ഹോട്ടലിലേക്കും പോകാന്‍ റോഡ് മുറിച്ചുകടക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന സാഹസം. പല മുഖ്യരാല്‍ തടയപ്പെട്ടതിനെ തുടര്‍ന്ന്, തമ്പാനൂരില്‍ തുടരുന്ന ഐ എഫ് എഫ് കെയുടെ തിരക്കുകളില്‍ മുഴുകുമ്പോള്‍ ഈ ബാംഗളൂര്‍ക്കാലം എന്നും ഓര്‍മ്മവരും. പിന്നീട് കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ച ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജൂറിയായും അല്ലാതെയും പല തവണ പങ്കെടുത്തു. അള്‍സൂര്‍ റോഡിലും മറ്റു നഗരസിരാകേന്ദ്രങ്ങളിലും ഉള്ള ചില മാളുകളില്‍ നിന്ന് രാജാജി നഗറിലുള്ള ഓറിയോണ്‍ മാളിലെ പതിനൊന്ന് പിവിആര്‍ സ്‌ക്രീനുകളിലേക്ക് ബിഫെസ് സുരക്ഷിതമായിക്കഴിഞ്ഞു. x

1991ല്‍ ചെന്നൈയില്‍ നടന്ന ഇഫിയിലാണ് പിന്നീട് പങ്കെടുത്തത്. അപ്പോഴേക്കും ഫിലിമോത്സവ് എന്ന പേരുപേക്ഷിച്ചിരുന്നു. മാത്രമല്ല, ദില്ലിയിലായാലും അല്ലെങ്കിലും മേളയില്‍ മത്സരവിഭാഗം സ്ഥിരമാക്കുകയും ചെയ്തു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ കേരള ഘടകം മുഖ്യ ഭാരവാഹിയായിരുന്ന വി കെ ജോസഫുമായുള്ള ബന്ധമാണ് തൊണ്ണൂറുകളുടെ ആദ്യപകുതിയിലെല്ലാ മേളകളിലും പാസ് ലഭിക്കുന്നതിനും കൂടുതല്‍ ബന്ധങ്ങള്‍ വിപുലമാക്കുന്നതിനും സഹായകമായത്. മദ്രാസ് സെന്‍ട്രലില്‍ വണ്ടിയിറങ്ങി, ദാസപ്രകാശ് ഹോട്ടലിനടുത്തുള്ള ബാങ്കിന്റെ ഹോളിഡേ ഹോമില്‍ താമസമുറപ്പിച്ചു. ഒരു മുറിയില്‍ കല്‍ക്കത്തയില്‍ നിന്നുള്ള ഒരു സഹപ്രവര്‍ത്തകനുമുണ്ടായിരുന്നു. ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെ തന്നെ, പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പേര് മറന്നു പോയി. ടിപ്പിക്കല്‍ ബംഗാളി ശൈലിയില്‍, നീണ്ട വെള്ള കുര്‍ത്തയണിഞ്ഞ അദ്ദേഹത്തിന്റെ ലാളിത്യത്തോടൊപ്പം, എന്റെ ശ്രദ്ധയില്‍ പതിഞ്ഞ ഒരു കാര്യം, എല്ലാ ദിവസവും രാത്രി നഗരത്തില്‍ ലഭിക്കുന്ന എല്ലാ ഇംഗ്ലീഷ് പത്രങ്ങളിലെയും മേള സംബന്ധിച്ച വാര്‍ത്തകളും വിശേഷങ്ങളും എല്ലാം വെട്ടി തന്റെ നോട്ടുപുസ്തകത്തില്‍ ഒട്ടിക്കുന്ന ശീലമായിരുന്നു. ഞാനും ഇത് കുറെക്കാലം തുടര്‍ന്നു. മേളയെ സംബന്ധിച്ച് കുറിപ്പുകളും ലേഖനങ്ങളുമെഴുതുന്നതിന് ഇത് വളരെ സഹായകമാണ്. ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ സഹായമായി അത്തരം നോട്ടു പുസ്തകങ്ങള്‍ പോയിട്ട് ഞാനെഴുതിയ ലേഖനങ്ങളുടെ കോപ്പികള്‍ പോലും ലഭ്യമല്ല എന്നത് മറ്റൊരു വിപരിണാമം. വി കെ ജോസഫ് അറിയിച്ചതനുസരിച്ച്, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ (എഫ് എഫ് എസ് ഐ) സതേണ്‍ റീജണ്‍ ഓഫീസിലെത്തി. അപ്പോഴൊന്നും പാസ് ലഭിക്കുമെന്നോ എങ്ങിനെ ലഭിക്കുമെന്നോ ഒരു ധാരണയുമില്ലായിരുന്നു. ആ വര്‍ഷങ്ങളിലൊക്കെ, രാജ്യത്താകെയുള്ള ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കായി നൂറില്‍ താഴെ പാസുകളാണ് കൊടുക്കുക. അതിലൊന്നാണ് എനിക്ക് ലഭിക്കുന്നത്. അതു തന്നെ വലിയ ഒരംഗീകാരമായി മനസ്സില്‍ നിറയുന്നുണ്ടായിരുന്നുവെങ്കിലും പാസും അത് തൂക്കുന്നതിനുള്ള ചരടും സഞ്ചിയും ഫെസ്റ്റിവല്‍ ബുക്കും കിട്ടുന്നതു വരെ ഒരു സമാധാനവുമുണ്ടായിരുന്നില്ല. മരീനാ ബീച്ചിലുള്ള മദ്രാസ് സര്‍വകലാശാലയുടെ സെന്റിനറി ഓഡിറ്റോറിയത്തിലും മൗണ്ട് റോഡിലുള്ള(അണ്ണാ ശാലൈ) ദേവി തിയേറ്റര്‍ സമുച്ചയത്തിലും സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നിന്ന് ദേവിയിലേക്ക് നടക്കുന്ന വലാജാ റോഡിലുള്ള കലൈവാണര്‍ അരംഗത്തിലുമൊക്കെയായിരുന്നു സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കൈയില്‍ കരുതുന്ന നോട്ടുബുക്കില്‍ ഇരുട്ടിലിരുന്ന് കുറിപ്പുകളെടുക്കുന്ന സ്വഭാവം ജോസഫിനെ അനുകരിച്ച് അന്നാരംഭിച്ചു. ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഒന്നുമില്ലാതിരുന്ന അക്കാലത്ത്, പത്രക്കട്ടിംഗുകളും ഇതുപോലെ എഴുതിയാല്‍ പിന്നെ വായിക്കാന്‍ പോലും തിരിയാത്ത തരം കുറിപ്പുകളുമൊക്കെയായിരുന്നു പിന്നീടുള്ള അവലോകനങ്ങള്‍ക്ക് സഹായമായുണ്ടാവുക. കമല്‍ഹാസന്‍ ആ മേളയില്‍ സജീവമായി മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. പിന്നീടും പല വര്‍ഷങ്ങളിലും അദ്ദേഹത്തെ മേളയില്‍ സാധാരണ പ്രതിനിധിയെന്ന രീതിയില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ വരി നിന്ന് സിനിമാ തിയേറ്ററിലേക്ക് പ്രവേശിക്കുന്നതു പോലും കാണാം. പക്ഷെ, വിസ്മയകരമായ അറിവ് മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ യൂണിറ്റുകള്‍ക്കല്ലാം മേള പ്രമാണിച്ച് അവധി കൊടുക്കുകയും അതില്‍ നിന്ന് തെരഞ്ഞെടുത്ത നൂറുപേര്‍ക്ക് പാസ് സംഘടിപ്പിച്ച് അവരോട് മുഴുവന്‍ സമയവും മേളയിലെ സിനിമകള്‍ കാണാന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ആരോ പറഞ്ഞറിഞ്ഞു. ദേശാഭിമാനിയുടെ പ്രതിനിധിയായി കോയമുഹമ്മദ് ആ മേളയില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തോടൊപ്പം, ചെപ്പോക്കിലുള്ള നായര്‍ മെസ്സില്‍ പോയി കേരള ഊണ് കഴിച്ചതൊക്കെ ഓര്‍മ്മയുണ്ട്. തിരിച്ച് നാട്ടിലെത്തിയ ഉടനെ, മേള സംബന്ധമായി ഒരു ലേഖനമെഴുതി അദ്ദേഹത്തിനയച്ചു കൊടുത്തു. ഒരേ ലക്കം വാരികയില്‍ അദ്ദേഹത്തിന്റെയും എന്റെയും ലേഖനങ്ങള്‍ കവര്‍‌സ്റ്റോറിയായി അച്ചടിച്ചു വന്നതൊക്കെ അന്നത്തെ നിലക്ക് ഏറെ ആഹ്ലാദകരമായ അനുഭവമായിരുന്നു.

1992ല്‍ ബാംഗളൂരായിരുന്നു മേള. സത്യത്തില്‍ തൊട്ടു മുമ്പത്തെ വര്‍ഷം, മറ്റൊരു നഗരത്തില്‍ നടന്നതിനാല്‍ മേള ദില്ലിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്തു കാരണത്താലാണെന്നറിയില്ല, ആ വര്‍ഷം ബാംഗളൂരാണേതായാലും മേള ഉറപ്പിക്കപ്പെട്ടത്. പാസിന്റെ അനിശ്ചിതത്വത്തോടൊപ്പം മറ്റൊരു ഗുരുതര പ്രശ്‌നവും അക്കുറി ഉരുത്തിരിയപ്പെട്ടു. കാവേരി നദീജല പ്രക്ഷോഭത്തെ തുടര്‍ന്ന്; തമിഴ്‌നാടും കര്‍ണാടകയും തമ്മിലുടലെടുത്ത പ്രത്യക്ഷമായ അകല്‍ച്ചയും തര്‍ക്കങ്ങളും ജനകീയ സമരങ്ങളിലേക്ക് നീണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകളും വാഹനങ്ങളും വരെ കര്‍ണാടകയിലേക്ക് ഓടിയിരുന്നില്ല. മേള തുടങ്ങുന്നതിന്റെ ഒരു ദിവസം മുമ്പാണ് ജോസഫിന്റെ കമ്പി(ടെലഗ്രാം) ലഭിക്കുന്നത്. നാളെ ബാംഗളൂരെത്തുക, പാസ് തയ്യാര്‍. തത്ക്കാല്‍ റിസര്‍വേഷനൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കാലമായതുകൊണ്ട് ബസ്സിനു തന്നെ യാത്ര പുറപ്പെട്ടു. എന്റെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങളേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. ഭാര്യയെ വിട്ടു പോകുന്നതിന്റെ വിഷമം എനിക്കും, രൂക്ഷമായ ക്രമസമാധാനപ്രശ്‌നങ്ങള്‍ എന്നു പത്രങ്ങള്‍ അലമുറയിടുമ്പോള്‍ (ഭാഗ്യത്തിന് ന്യൂസ് അവര്‍ പോലുള്ള അലര്‍ച്ചകള്‍ അന്നു കണ്ടു പിടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല) അതിനു നടുവിലേക്ക് എടുത്തു ചാടുന്ന എന്നെക്കുറിച്ചുള്ള ഭീതികള്‍ ഭാര്യക്കുമായി ആകെ അരക്ഷിതമായ അവസ്ഥയിലാണ് ബസ് കയറിയത്. കോയമ്പത്തൂരെത്തിയപ്പോഴാണ്, ബാംഗളൂരേക്ക് നേരിട്ട് ബസ്സൊന്നും ഓടുന്നില്ലെന്ന് അറിയുന്നത്. തമിഴ്‌നാട് വണ്ടി കണ്ടാല്‍, സമരക്കാര്‍ കല്ലെറിയുമെന്ന് ഭയന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൊസൂര്‍ വരെ ഓടും, അവിടെ നിന്നെന്തെങ്കിലും വണ്ടി കിട്ടും എന്ന തിരിച്ചറിവും ഗാന്ധിപുരം പേരുന്തു നിലയ(ബസ് സ്റ്റാന്റ്)ത്തില്‍ നിന്ന് ലഭ്യമായി. പിന്നെ ആ വഴിക്കു തന്നെ പിടിച്ചു. ബസുകള്‍ ഇറങ്ങി ഇറങ്ങിക്കയറി ബാംഗളൂരെത്തി, പാസുമെടുത്ത് ആദ്യം കണ്ട സിനിമ ഴാക് റിവെയുടെ ലാബെല നോഷെ ആയിരുന്നു. മനോഹരിയായ കുഴപ്പക്കാരി എന്നാണ് വിഖ്യാതമായ ആ ഫ്രഞ്ച് സിനിമാ ശീര്‍ഷകത്തിന്റെ മലയാള പരിഭാഷ. മാളുകളും മള്‍ട്ടിപ്ലെക്‌സുകളും കണ്ടു പിടിക്കപ്പെട്ടിരുന്നില്ല. മജസ്റ്റിക്കിലെ എണ്ണമൊടുങ്ങാത്ത ഒറ്റ/ഇരട്ട തിയേറ്ററുകളിലായിരുന്നു പ്രദര്‍ശനങ്ങള്‍. ഓരോരോ ഷോക്കുള്ള റിസര്‍വേഷന്‍ എന്നിങ്ങനെയുള്ള നൂലാമാലകളും അന്നുണ്ടായിരുന്നില്ല. പ്രധാന ബസ് സ്റ്റാന്റും തീവണ്ടിയാപ്പീസും എല്ലാമുള്ള ഏറ്റവും തിരക്കുപിടിച്ച, ബാംഗളൂരിലെ തമ്പാനൂരായിരുന്നു മജസ്റ്റിക്ക്. ഒരു സിനിമ കഴിഞ്ഞ് മറ്റൊന്നിലേക്കും ഇടക്ക് ഭക്ഷണം കഴിക്കാനായി കമ്മത്ത് ഹോട്ടലിലേക്കും പോകാന്‍ റോഡ് മുറിച്ചുകടക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന സാഹസം. പല മുഖ്യരാല്‍ തടയപ്പെട്ടതിനെ തുടര്‍ന്ന്, തമ്പാനൂരില്‍ തുടരുന്ന ഐ എഫ് എഫ് കെയുടെ തിരക്കുകളില്‍ മുഴുകുമ്പോള്‍ ഈ ബാംഗളൂര്‍ക്കാലം എന്നും ഓര്‍മ്മവരും. പിന്നീട് കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ച ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജൂറിയായും അല്ലാതെയും പല തവണ പങ്കെടുത്തു. അള്‍സൂര്‍ റോഡിലും മറ്റു നഗരസിരാകേന്ദ്രങ്ങളിലും ഉള്ള ചില മാളുകളില്‍ നിന്ന് രാജാജി നഗറിലുള്ള ഓറിയോണ്‍ മാളിലെ പതിനൊന്ന് പിവിആര്‍ സ്‌ക്രീനുകളിലേക്ക് ബിഫെസ് സുരക്ഷിതമായിക്കഴിഞ്ഞു.

1993ല്‍ ഇഫി ദില്ലിയിലേക്ക് തിരിച്ചെത്തി. കൊടും തണുപ്പ് കാലത്താണ് ദില്ലി മേള. ജനുവരി പത്തു മുതല്‍ ഇരുപതു വരെ. പുതുതായി വാങ്ങിയതോ ആരുടെയെങ്കിലും കൈയില്‍ നിന്ന് താല്ക്കാലികമായി സംഘടിപ്പിച്ചതോ ആയ കമ്പിളിക്കുപ്പായവും സോക്‌സും കൈയുറകളും എല്ലാം ധരിച്ച് യൂറോപ്പിലെന്നതു പോലെയോ, അതുമല്ലെങ്കില്‍ ചന്ദ്രനിലേക്ക് പോകുന്നതു പോലെയോ വിചിത്ര വേഷധാരികളായി സിംപിള്‍ മലയാളികള്‍ സിരിഫോര്‍ടിനും ഗ്രീന്‍പാര്‍ക്കിലെ ഉപഹാര്‍ തിയ്യേറ്ററിനും ഇടയിലുള്ള പാതയിലൂടെ നടന്നു. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുള്ള കലുഷവും മൂടിപ്പിടിച്ചതുമായ അന്തരീക്ഷമായിരുന്നു രാജ്യത്താകെ. മുംബൈയില്‍ രണ്ടു തവണയായുണ്ടായ വര്‍ഗീയ ലഹളകളില്‍ നിരവധി ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് രണ്ടു പ്രകടനങ്ങള്‍ മേളസ്ഥലത്ത് നടന്നതായി ഓര്‍ക്കുന്നു. കമല്‍ഹാസനും ശബാന ആസ്മിയും നസിറുദ്ദീന്‍ ഷായുമടക്കമുള്ള അഭിനേതാക്കളും മറ്റനവധി ചലച്ചിത്രപ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കുകയുണ്ടായി. മേളയുടെ മുഖ്യ ആകര്‍ഷണം, അനത്തോള്‍ ദോമാന്‍ എന്ന നിര്‍മാതാവിന്റെ സിനിമകളായിരുന്നു. ആര്‍ഗോസ് ഫിലിംസ് എന്ന ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച സിനിമകള്‍ ലോകസിനിമയുടെ ചരിത്രം മാറ്റിക്കുറിച്ചവയാണ്. തര്‍ക്കോവ്‌സ്‌കിയുടെ സാക്രിഫൈസ്, വിം വെന്റേഴ്‌സിന്റെ വിംഗ്‌സ് ഓഫ് ഡിസൈയറും പാരീസ് ടെക്‌സാസും, അലന്‍ റെനെയുടെ ഹിരോഷിമ മോണ്‍ അമറും നൈറ്റ് ആന്റ് ഫോഗും ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ ബാദും, ബര്‍ത്തലൂച്ചിയുടെ ഡ്രീമേഴ്‌സ്, നഗീസ ഓഷിമയുടെ ഇന്‍ ദ റിയാം ഓഫ് സെന്‍സസ്, വോള്‍ക്കര്‍ ഷ്‌ലോന്‍ഡോര്‍ഫിന്റെ ടിന്‍ ഡ്രം, റോബര്‍ട് ബ്രെസന്റെ ഓ ഹസാഡ് ബല്‍ത്തസാര്‍, ഗൊദാര്‍ദിന്റെ മസ്‌കുലിന്‍ ഫെമിനിന്‍, എലിയ കസാന്റെ അമേരിക്ക അമേരിക്ക, ഫാസ്ബിന്ദറുടെ ബിവേര്‍ ഓഫ് എ ഹോളി വോര്‍, ആഗ്നസ് വാര്‍ദയുടെ എലോംഗ് ദ കോസ്റ്റ്, എന്നിങ്ങനെ ആധുനിക യൂറോപ്യന്‍ സിനിമകളില്‍ ഒട്ടനവധി എണ്ണമാണ് ആര്‍ഗോസ് ഫിലിംസ് നിര്‍മ്മിച്ചത്. ഇതില്‍ തെരഞ്ഞെടുത്ത സിനിമകളായിരുന്നു ആ മേളയില്‍ റെട്രോസ്പക്ടീവായി പ്രദര്‍ശിപ്പിച്ചത്. ആര്‍ഗോസ് ഫിലിംസിനെ സംബന്ധിച്ചും അനത്തോള്‍ ദോമാനെക്കുറിച്ചുമുള്ള ഒരു സചിത്ര ബുക്ക്‌ലെറ്റ് പരിമിതമായ കോപ്പികള്‍ വിതരണത്തിനുണ്ടായിരുന്നതില്‍ ഒന്നെനിക്കും ലഭിച്ചു. റിട്രോസ്പക്ടീവുകളാണ് അക്കാലത്തെ മേളകളുടെ മുഖ്യ ആകര്‍ഷണം. ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളില്‍ സാധാരണ ഉള്‍പ്പെടുത്തപ്പെടാത്തവയും ഉള്‍പ്പെടുത്തിയതാണെങ്കില്‍ തന്നെ നല്ല പ്രിന്റല്ലാത്തതിന്റെയും എല്ലാം മികച്ച പ്രദര്‍ശനങ്ങള്‍ വിസ്മയത്തോടെയാണ് അക്കാലത്ത് ഒന്നൊഴിയാതെ കണ്ടിരുന്നത്. റിട്രോസ്പക്ടീവുകള്‍ക്കു പുറകെ പോയി, നവസിനിമയുടെ ചലനങ്ങളെ കാണാതെ പോകുന്നവരെക്കുറിച്ച് ഡോ, വിസി ഹാരിസ് ഒരു ലേഖനമെഴുതിയതൊക്കെ ഓര്‍മ്മ വരുന്നു. ആയിരത്തി ഇരുനൂറോളം സീറ്റിംഗ് കപ്പാസിറ്റിയുള്ള ഒരു വലിയ ഹാളായിരുന്നു ഉപഹാര്‍. അവിടെ സെക്കന്റ് ഷോ ആയിട്ടാണ് സാക്രിഫൈസ് കളിച്ചത്. ടോറന്റും മുബിയും ബീമാപ്പള്ളിയും കണ്ടുപിടിക്കപ്പെടാതിരുന്നതിനാല്‍, അന്നൊക്കെ ഏതു സിനിമയും എന്റെ (ഏതു മേളപ്രേമിയുടെയും) ജീവിതത്തിലെ അവസാനക്കാഴ്ചയായിരിക്കും എന്ന വിസ്മയത്തോടെയും ഉദ്വേഗത്തോടെയുമാണ് കണ്ടിരുന്നത്. അക്കൂട്ടത്തിലായിരുന്നു സാക്രിഫൈസും കാണാനെത്തിയത്. നൂറില്‍ താഴെ മാത്രമേ ആ വൈകിയ രാത്രിയില്‍ അകത്തും പുറത്തുമുള്ള കൊടും തണുപ്പ് സഹിച്ചും ഉറക്കം മറി കടന്നും സാക്രിഫൈസ് കാണാനെത്തിയുള്ളൂ. പിന്നീട് ഉപഹാര്‍ തിയേറ്റര്‍ അപകടത്തില്‍ കത്തിയമര്‍ന്ന് നിരവധി കാണികള്‍ മരണപ്പെട്ടപ്പോള്‍, അപായത്തിന്റെ പുകപ്പുര എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ലേഖനമെഴുതിയത് ഓര്‍മ്മ വരുന്നുണ്ട്.

1994ല കല്‍ക്കത്തയില്‍ നടന്ന മേളയില്‍ എനിക്ക് പങ്കെടുക്കാനായില്ല. പിന്നീടുള്ള മിക്കവാറുമെല്ലാ മേളകളിലേക്കും തീര്‍ത്ഥാടനം പോലെ പോയിക്കൊണ്ടേയിരുന്നു. 1995ല്‍ ബോംബെയിലായിരുന്നു മേള. ഡോംബിവിലിയില്‍ എന്റെ സഹോദരി താമസിക്കുന്നുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ സമയമെടുത്ത് ഇലക്ട്രിക്ക് ട്രെയിനില്‍ യാത്ര ചെയ്തു വേണം വി. ടി യിലെത്താന്‍. അവിടന്ന് ബസ് പിടിച്ച് നരിമാന്‍ പോയന്റിലെ എന്‍സിപിഎ ഓഡിറ്റോറിയത്തിലെ മുഖ്യവേദിയിലെത്തുന്നതൊക്കെ സാഹസം തന്നെയായിരുന്നു. മെട്രോ, ഈറോസ്, ന്യൂ എക്‌സല്‍ഷര്‍, ന്യൂ എംപയര്‍ എന്നീ തിയേറ്ററുകളിലും പ്രദര്‍ശനങ്ങളുണ്ടായിരുന്നു. ഫെല്ലിനിയുടെ മുഴുവന്‍ സിനിമകളും റിട്രോസ്പക്ടീവായി കാണിച്ചു. എന്നാല്‍ മേളയെ പിടിച്ചു കുലുക്കിയത് അവസാന മൂന്നു ദിവസങ്ങളായിരുന്നു. കീസ്ലോവ്‌സ്‌ക്കിയുടെ ത്രീകളേഴ്‌സ് മൂന്നു ദിവസമായി ഇന്ത്യന്‍ പ്രീമിയറായി പ്രദര്‍ശിപ്പിച്ചത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിസ്മയകരമായിരുന്നു. ആ ചലച്ചിത്ര ത്രയത്തെക്കുറിച്ച് എഴുതണമെന്ന് പലകുറി വിചാരിച്ചുവെങ്കിലും നടന്നില്ല. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം 1996 മാര്‍ച്ചില്‍ കീസ്ലോവ്‌സ്‌കി അന്തരിച്ചു എന്ന വാര്‍ത്ത ഏറെ ഖേദത്തോടെയാണ് കേട്ടത്. അപ്പോള്‍, പക്ഷെ ത്രീകളേഴ്‌സ് മൂന്നു സിനിമകളും മുഴുവനായി മനസ്സിനകത്തെ തിരശ്ശീലയില്‍ പുനപ്രദര്‍ശനം ആരംഭിച്ചു. കപ്പല്‍ച്ചേതത്തില്‍ നിന്ന് ആ ഏഴാമത്തെ ആള്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ എന്ന ലേഖനം കീസ്ലോവ്‌സ്‌ക്കിയുടെ അനുസ്മരണമെന്നതിലേറെ, ത്രീകളേഴ്‌സിന്റെ വിശദീകരണമായിരുന്നു. 1997ല്‍ തിരുവനന്തപുരത്തും 1999ല്‍ ഹൈദരാബാദിലും നടന്നതൊഴിച്ചാല്‍ 2003വരെയുള്ള മേളകളെല്ലാം ദില്ലിയില്‍ തന്നെയായിരുന്നു നടന്നത്. 1997ല്‍ പോളിഷ് മാസ്റ്ററായ ക്രിസ്റ്റോഫ് സനൂസിയും പി ഗോവിന്ദപ്പിള്ളയും തമ്മിലുള്ള ഒരു സംവാദം ഓപ്പണ്‍ ഫോറം വേദിയില്‍ നടന്നതോര്‍ക്കുന്നു. ശശികുമാറായിരുന്നു മോഡറേറ്റര്‍. ശരിക്കും തീപാറുന്ന തര്‍ക്കങ്ങളായിരുന്നു ആ സംവാദത്തെ ചടുലവും ചരിത്രപ്രധാനവുമാക്കിയത്. ഹൈദരാബാദ് മേളയില്‍ തെലുങ്ക് സിനിമാ നിര്‍മാതാക്കള്‍ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്തു. ഇതിനുള്ള ക്യൂ കണ്ട് സഹിക്കാതെ, ടി വി ചന്ദ്രന്‍ വാട്ടീസ് ദിസ്, ഈസ് ദിസ് എ ഫിലിം ഫെസ്റ്റിവല്‍ ഓര്‍ ഫൂഡ് ഫെസ്റ്റിവല്‍ എന്നൊക്കെ പരിഹസിച്ചത് ഓര്‍മ്മ വരുന്നുണ്ട്.

ദില്ലി മേളകളില്‍ പാസ് കിട്ടുക എന്നത് ഏറ്റവും ദുഷ്‌ക്കരമായ കാര്യമായിരുന്നു. തണുപ്പ് സഹിക്കാനാവാത്തതിനാല്‍, യാത്ര ഒഴിവാക്കി തന്റെ പാസിനുള്ള അപേക്ഷ വി കെ ജോസഫ് എനിക്ക് ആദ്യമേ തരുമെന്നതിനാല്‍ എനിക്കെല്ലാ വര്‍ഷവും പ്രശ്‌നമില്ലാതെ പാസ് ലഭിക്കുമായിരുന്നു. എന്നാല്‍, കേരളത്തില്‍ നിന്നെത്തുന്ന നൂറോ ഇരുനൂറോ സുഹൃത്തുക്കള്‍ പത്തു ദിവസം നീളുന്ന മേളയുടെ പകുതി ദിവസവും പാസില്ലാതെ അലയുന്നതു അവരുടെ കൂടെ അനുഭവിക്കുമായിരുന്നു. അവര്‍ക്ക് പാസ് ലഭിക്കാത്തതിനാല്‍ പാസുണ്ടായിട്ടും താനും സിനിമ കാണുന്നില്ലെന്ന് പറഞ്ഞ് സിരിഫോര്‍ടിന്റെ പടികളില്‍ നിരാശയോടെ കുത്തിയിരിക്കുന്ന ഐ ഷണ്‍മുഖദാസിനെയാണ് എപ്പോഴും ഓര്‍മ്മ വരുക. ദില്ലിയിലെ മേളകളിലൊരു കൊല്ലം, ദേശാഭിമാനി പത്രത്തിനു വേണ്ടി ദൈനം ദിന റിപ്പോര്‍ട് ഞാനും ചിന്തയുടെ പ്രതിനിധി കെ എസ് രഞ്ജിത്തും ചേര്‍ന്ന് നടത്തിയതും ഓര്‍മ്മ വരുന്നു. സിരിഫോര്‍ടില്‍ നിന്ന് ഡിടിസി ബസ് പിടിച്ച് വി പി ഹൗസിലുള്ള ദേശാഭിമാനി ആപ്പീസിലെത്തും. ജി ശക്തിധരനാണ് ബ്യൂറോ ചീഫ്. ജോണ്‍ ബ്രിട്ടാസും വി ബി പരമേശ്വരനും റിപ്പോര്‍ടര്‍മാര്‍. മോഡം എന്ന അത്ഭുത വസ്തു വഴി വാര്‍ത്തകള്‍ ദില്ലിയില്‍ നിന്ന് കേരളത്തിലെത്തുന്ന പുതുക്കാഴ്ചയും അന്നാണ് കണ്ടത്. ദേശാഭിമാനി വാരികയുടെയും ചിന്ത വാരികയുടെയും മീഡിയ പാസുകള്‍ പല വര്‍ഷങ്ങളിലും എനിക്ക് ലഭിക്കുകയുണ്ടായി. മീഡിയ പാസുകാര്‍ക്ക് സ്റ്റില്ലുകളും കുറിപ്പുകളും ഡിന്നര്‍ ക്ഷണങ്ങളും ലഭിക്കുമായിരുന്നു.

2004 മുതല്‍ ഗോവയിലെ സ്ഥിരം വേദിയില്‍ ഇഫി ഉറച്ചു. വെറും നൂറ് ദിവസം കൊണ്ടാണ്, മണ്‌ഡോവി നദിക്കരയില്‍ പഴയ ഗോവ മെഡിക്കല്‍ കോളേജിനു പിന്‍വശത്തെ വളപ്പില്‍ ഐനോക്‌സ് നാലു സ്‌ക്രീനുകള്‍ പണിതുയര്‍ത്തിയത്. ഏതാനും വാര നടന്നാല്‍ കലാ അക്കാദമിയുമെത്തും. വിഖ്യാത ഗോവന്‍ ആര്‍ക്കിടെക്ട് ചാള്‍സ് കൊറിയയുടെ നിര്‍മാണമികവിനാലും സൗന്ദര്യത്തിനാലും ആകര്‍ഷണീയമാണ് കലാ അക്കാദമി. ഗോവയിലേക്കുള്ള ഓരോ യാത്രയും പുനരുജ്ജീവനം പോലെ മധുരതരമാണ്. കേരളത്തിന്റെ അതേ കാലാവസ്ഥ. എന്നാല്‍ യൂറോപ്പിലെ അന്തരീക്ഷവും. അതു തന്നെ ഒരു ലോകാനുഭവമാണ്. പോകെപ്പോകെ, കച്ചവട മൂല്യങ്ങളും ഫാസിസ്റ്റ് ഛായകളും ഇഫിയെ മൂടിത്തുടങ്ങിയിട്ടുണ്ട്. എന്നാലും ഇഫി മേളപ്രേമികളുടെ വാര്‍ഷിക ജീവശ്വാസമാണ്. അതിന്റെ ശോഭ കെട്ടു പോകുക എന്നത് നാം തന്നെ കെട്ടുപോകുന്നതിന് തുല്യമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in