Spoiler Alert
പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം വിനീത് ശ്രീനിവാസന്‍ സംവിധായകന്റെ കുപ്പായത്തിലേക്ക് തിരിച്ചു വരുമ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി സംഭവിക്കുന്നു. തട്ടത്തിന്‍ മറയത്തിന്റെ വന്‍ വിജയത്തിനു ശേഷം ഹൃദയം കീഴടക്കിയിരിക്കുന്നു വിനീത് ശ്രീനിവാസന്റെ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയം. പേരുപോലെ തന്നെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രണയ-ജീവിത കാവ്യമാണ് ഈ സിനിമ. ഒരു പക്കാ ഫീല്‍ഗുഡ് എന്റര്‍ടൈനര്‍. ഹൃദയത്തെ തൊടുന്ന ദൃശ്യങ്ങള്‍ക്കൊപ്പം സിനിമ ഇറങ്ങുന്നതിന് മുന്നേ തന്നെ സൂപ്പര്‍ ഹിറ്റുകളായ പാട്ടുകളും ചേരുമ്പോള്‍ മൂന്ന് മണിക്കൂര്‍ ഒരു ആഘോഷമാക്കാം.
ചെന്നൈയിലെ ഒരു എന്‍ജിനിയറിങ് കോളേജില്‍ പഠിക്കാന്‍ എത്തുന്ന മലയാളിയായ അരുണ്‍ നീലകണ്ഠന്റെ ജീവിതമാണ് സിനിമ പറയുന്നത്. ഒന്നാം പകുതി മുഴുവന്‍ അരുണിന്റെയും മറ്റു സുഹൃത്തുക്കളുടെയും ഹൃദയം തൊടുന്ന കാമ്പസ് ജീവിതമാണ് പറയുന്നത്. കോളേജില്‍ പഠിച്ചിട്ടുള്ളവര്‍ക്ക് താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന നിരവധി സന്ദര്‍ഭങ്ങള്‍ വളരെ രസകരമായി കോര്‍ത്തിണക്കിയിരിക്കുന്നു സംവിധായകന്‍. ആര്‍ക്കാണ് കാമ്പസ് ജീവിതത്തിന്റെ നിറങ്ങള്‍ മറക്കാന്‍ കഴിയുക? അവിടെയാണ് വിനീത് ശ്രീനിവാസന്‍ തന്റെ മികവ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രണയവും നര്‍മ്മവും കോളേജ് ജീവിതത്തിലെ ചെറിയ വാശികളും അടിയും കൂട്ടുകൂടലും തിരിച്ചറിവുകളും പ്രണയനഷ്ടവും ഹോസ്റ്റല്‍ ജീവിതവും ഒരുമിച്ചുള്ള പഠനവും നൊമ്പരമുള്ള ഓര്‍മകളും ഒക്കെയായി ഒന്നാം പകുതി പ്രേക്ഷകരെ ഒരു നിമിഷം പോലും മുഷിപ്പിക്കാതെ കൊണ്ടുപോകുന്നു വിനീത് ശ്രീനിവാസന്‍. അതേ, ഓര്‍മ്മകളുടെ ഒരു പെരും കൂമ്പാരമല്ലാതെ മറ്റെന്താണ് മനുഷ്യന്‍? എന്ന് നാം വീണ്ടും വീണ്ടും ചോദിച്ചു പോകുന്നു.
കോഴ്‌സ് വിജയിച്ച് ചെന്നൈയില്‍ നിന്നും നാട്ടിലേക്കുള്ള അരുണിന്റെ മടക്കത്തില്‍ ഒന്നാം പകുതി നിര്‍ത്തുന്ന സംവിധായകന്‍ രണ്ടാം പകുതിയില്‍ അതിന് ശേഷമുള്ള നായകന്റെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്നു.
ജീവിതം എന്താണെന്ന്, അതിന്റെ പോക്ക് എങ്ങനെയാണെന്ന് അന്തം വിടുന്ന നിമിഷങ്ങള്‍ ഒട്ടും നാടകീയതകളില്ലാതെ സിനിമ കാണിച്ചു തരുന്നുണ്ട്. പ്രണയത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും നൊമ്പരങ്ങള്‍ അതിലുണ്ട്. ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഒരുപോലെ ഹൃദയത്തില്‍ നിറയ്ക്കുന്നു 'ഹൃദയം'.
അഭിനേതാക്കളിലേക്ക് വരുമ്പോള്‍ പ്രതീക്ഷകള്‍ക്ക് ഒരുപാട് ഉയരം വെച്ചിരിക്കുന്നു എന്നു പറയേണ്ടി വരും. പ്രണവ് മോഹന്‍ലാല്‍ പ്രത്യേകിച്ചും. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച ബ്രേക്ക് ആകും ഹൃദയത്തിലെ അരുണ്‍ നീലകണ്ഠന്‍ എന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. വിനീത് ശ്രീനിവാസനെ പോലെ ഒരു സംവിധായകന് പ്രണവിന്റെ നൂറു ശതമാനവും പുറത്ത് കൊണ്ടു വരാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. കൃത്യമായി പ്ലേസ് ചെയ്യാന്‍ അറിയുന്ന സംവിധായകരുടെ കയ്യില്‍ കിട്ടിയാല്‍ പ്രണവ് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹൃദയം തെളിയിക്കുന്നു. കുഞ്ഞാലിമരയ്ക്കാരിലും ഹൃദയത്തിലും കൂടി പ്രണവ് ആരുടെയും നിഴലില്‍ ഒതുങ്ങില്ല എന്നത് ഉറപ്പിക്കാന്‍ സാധിക്കുന്നുണ്ട്.
ഒന്നാം പകുതിയില്‍ കുസൃതിയായ ക്യാംപസ് പ്രണയ നായകനായി പ്രണവ് നിറഞ്ഞാടുന്നു. ഇതിനോടകം ഗാനങ്ങളും ആ ദൃശ്യങ്ങളും റിലീസിന് മുന്നേ തന്നേ ട്രെന്‍ഡ് സെറ്ററുകളായി മാറിയിരുന്നു. അതോടൊപ്പം തന്നെ നായികമാരായ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ദര്‍ശനയുടെ ഉടനീളമുള്ള സാന്നിധ്യവും അരുണിന്റെ മൈത്രി ബന്ധങ്ങളും ഒരുപടി മുന്നില്‍ നില്‍ക്കുന്നുണ്ട്. ആന്റണി താടിക്കാരനും സെല്‍വയും കാളിയും പ്രതീകും ആന്റോയുമെല്ലാം ആ സുഹൃത്ത് ബന്ധത്തിന്റെ തെളിവുകളായി നിറയുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ചങ്ങാത്തത്തിന്റെ പൊട്ടാത്ത നൂലിഴ സൂക്ഷിക്കുന്നു അരുണ്‍ നീലകണ്ഠന്‍. സൗഹൃദത്തിന്റെ ഈ ശക്തിയും നിറങ്ങളും അതീവഹൃദ്യമായി സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്. വിജയരാഘവനും ജോണി ആന്റണിയും തങ്ങളുടെ കഥാപാത്രങ്ങളെ സുരക്ഷിതമാക്കിയിട്ടുണ്ട്.
സംഗീതവും പാട്ടുകളുമാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഹിഷാം അബ്ദുല്‍ വഹാബ് എന്ന കലാകാരന്റെ മാജിക്ക് ഈ വിഭാഗത്തില്‍ ഹൃദയത്തെ ടോപ്പ് ഗിയറില്‍ എത്തിക്കുന്നു. പതിനഞ്ചു പാട്ടുകള്‍ ഉണ്ടെങ്കിലും അവയുടെ പ്ലേസ്‌മെന്റ് ഒരിക്കലും പാളിയിട്ടില്ല എന്നതില്‍ സംഗീത സംവിധായകനും വിനീതിനും കയ്യടിക്കാം. അത്ര കൃത്യവും ഹൃദയത്തെ തൊടുന്നതുമാണ് സംഗീതവിഭാഗം.
മൂന്നു മണിക്കൂര്‍ നമുക്ക് ഏറെ പരിചിതമായ ഇടങ്ങളിലൂടെ കടന്ന് പോകുന്ന ഫീലാണ് ഹൃദയം സൃഷ്ടിക്കുന്നത്. സ്വന്തം ജീവിതങ്ങള്‍ തിരശീലയില്‍ റിഫ്‌ലെക്ട് ചെയ്യുമ്പോള്‍ ഓരോ പ്രേക്ഷകനും ഒപ്പം നടക്കേണ്ടിവരുന്നു. നമ്മള്‍ അനുഭവിച്ചത്, അല്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ളത് എന്ന് ഹൃദയം മന്ത്രിക്കും. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. ഹൃദയത്തില്‍ കൊളുത്തിപ്പിടിക്കുന്ന ഹൃദയം കണ്ടിറങ്ങിയപ്പോള്‍ തോന്നിയത്
വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ ആ വരികള്‍ തന്നെ.
'എന്തിന് ? മര്‍ത്ത്യായുസ്സില്‍
സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍ --
അല്ല മാത്രകള്‍ --മാത്രം'.