പ്രിയപ്പെട്ട സിനിമകളിലൊന്നാണ് സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ. ആദ്യ സിനിമയില്‍ തന്നെ ആവിഷ്‌കാരമികവ് അനുഭവപ്പെടുത്തിയ ചലച്ചിത്രകാരനുമാണ് സക്കരിയ. 90കള്‍ക്കിപ്പുറം മലയാളത്തിന്റെ വാണിജ്യസിനിമകള്‍ നിരന്തരം അപരവല്‍ക്കരിച്ച, സ്റ്റീരിയോടൈപ്പ് മുസ്ലിം കഥാപാത്രങ്ങളുടെയും/ആഖ്യാനങ്ങളുടെയും പൊളിച്ചെഴുത്തായിരുന്നു മറ്റൊരു രീതിയില്‍ സുഡാനി ഫ്രം നൈജീരിയ. ചെറുസന്ദര്‍ഭങ്ങളിലൂടെ, പ്രാദേശികമായ സവിശേഷതകളിലൂന്നി മുന്നേറുന്ന നരേറ്റിവ് ആയിരുന്നു സുഡാനിയുടേത്. സെവന്‍സ് ഫുട്‌ബോളിനെ ബാക്ക് ഡ്രോപ്പാക്കി മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളും ദേശാതിര്‍ത്തികള്‍ക്കപ്പുറത്തെ സാഹോദര്യവുമൊക്കെ ഹൃദ്യമായി പറഞ്ഞ സിനിമ.
ഹലാല്‍ ലവ് സ്‌റ്റോറി എന്ന രണ്ടാം സിനിമയിലെത്തുമ്പോള്‍ സിനിമ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന സംഘടനാവല്‍ക്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ സിനിമയെടുക്കാന്‍ തീരുമാനിക്കുന്നതാണ് പ്രമേയം. രണ്ടായിരത്തിനടുത്ത കാലത്ത് മലബാറില്‍ സജീവമായ ഹോം സിനിമയുടെ പശ്ചാത്തലമാക്കിയുള്ള കഥ പറച്ചില്‍. പരിചരണത്തില്‍ സിനിമക്കുള്ളിലെ സിനിമയെന്ന രീതിയുമല്ല ഹലാലിന്റേത്.
റഹീം സാഹിബില്‍ നിന്നാണ് 'ഹലാല്‍ ലവ് സ്റ്റോറി' കഥ പറഞ്ഞുതുടങ്ങുന്നത്. ജമാ അത്തെ ഇസ്ലാമിയോട് സാമ്യമുള്ള സംഘടനയുടെ തദ്ദേശീയ പ്രതിനിധിയാണ് റഹീം. ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘങ്ങള്‍ ഭാഗഭാക്കായ സമരങ്ങളും, ചര്‍ച്ചകളും , ഇടപെടലുകളും പതിച്ച ചുവരുകളില്‍ നിന്നാണ് റഹീം സാഹിബിന്റെയും സംഘടനയുടെയും സ്വഭാവ വ്യാഖ്യാനമുണ്ടാകുന്നത്. സെപ്തംബര്‍ ഇലവന് ശേഷം ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ അമേരിക്ക നടത്തിയ അധിനിവേശങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രസംഗ വീഡിയോയുടെ എഡിറ്റിംഗിലാണ് സംഘടനാ സാഹിബിനെ പരിചയപ്പെടുത്തുന്നത്. 2003-2004 കാലയളവുകളിലാണ് കഥ സംഭവിക്കുന്നത്. ഡിജിറ്റല്‍ ഷിഫ്റ്റിനും, സാമൂഹ്യ മാധ്യമങ്ങളുടെ ഇപ്പോഴുള്ള സജീവതയ്ക്കും മുമ്പ്. പ്രസംഗ വീഡിയോ പരിപാടി അവസാനിപ്പിച്ച് നമ്മുക്ക് സിനിമയിലേക്ക് പ്രവേശിക്കേണ്ടതില്ലേ എന്ന പ്രസ്ഥാനത്തിലെ യുവലമുറക്കാരനായ വീഡിയോ എഡിറ്ററുടെ ചോദ്യത്തില്‍ നിന്നാണ് ഹലാല്‍ സിനിമക്കുള്ള ചിന്ത കഥയിലേക്ക് പ്രവേശിക്കുന്നത്. മുസ്ലിം പുരോഗമന-രാഷ്ട്രീയ പ്രസ്ഥാനമെന്ന് അവകാശവാദമുള്ള സംഘടന ആശയപ്രചരണത്തിനായി കാലോചിത മാറ്റങ്ങളെ ഉള്‍ക്കൊള്ളാനെടുക്കുന്ന തയ്യാറെടുപ്പ് കൂടിയാണ് ചര്‍ച്ചകള്‍. ഷഹീലിന്റെ ചോദ്യത്തില്‍ നിന്ന് 'പുരോഗമന പ്രസ്ഥാനം'വും റഹീം സാഹിബും മാറിയ കാലത്തിനൊത്ത സ്വീകാര്യത ലക്ഷ്യമിട്ട് സിനിമാ പദ്ധതിയിലേക്ക് പ്രവേശിക്കുകയാണ്.
കഥയുടെ മുന്നോട്ട് പോക്കിനെ നിര്‍ണയിക്കുന്ന സംഭവവികാസങ്ങളിലൂന്നി കൃത്യമായ താളത്തിലാണ് സക്കരിയയുടെ കഥ പറച്ചില്‍. നരേറ്റിവില്‍ സുഡാനിയില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ് ഹലാല്‍. സിനിമാറ്റിക് റിയലിസത്തിലൂന്നിത്തന്നെ ട്വിസ്റ്റും ടേണുകളുമായി ഡ്രമാറ്റിക് മൂഡിലേക്ക് നീങ്ങുന്നതാണ് സുഡാനിയുടെ ആഖ്യാനരീതിയെങ്കില്‍ കാരിക്കേച്ചര്‍ ശൈലിയെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഹലാലിന്റെ കഥ പറച്ചില്‍. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളില്‍ നിന്നാണ് ഹാസ്യവും ആക്ഷേപഹാസ്യവുമൊക്കെ ജനിക്കുന്നത്. കഥാപാത്രങ്ങളില്‍ നിന്ന് സ്വാഭാവിക സംഭാഷണങ്ങളെന്ന രീതിയില്‍ തന്നെ സംവിധായകനും-തിരക്കഥാകൃത്തും ഊന്നുന്ന ആക്ഷേപഹാസ്യസ്വഭാവത്തിന്റെ മാനങ്ങളുടെ ഡയലോഗ് ഡെലവിറി നിര്‍ണായക രംഗങ്ങളില്‍ കൊണ്ടുവരുന്നതും കാണാം. (തുടക്കത്തിലെ അമേരിക്കയുടെ ബോംബിടല്‍- ബോംബുണ്ട/ സുഹറ- ജീവിതത്തിലും അഭിനയിക്കുകയാണല്ലോ എന്ന് പറയുന്ന രംഗം/തൗഫീഖിന്റെ ഇന്‍ട്രോ/ പ്രാസ്ഥാനികരുടെ സംഭാഷണത്തിലെ യാന്ത്രികത, സര്‍ക്കുലര്‍ വന്നു പക്ഷേ ഉണ്ട് ). കഥ മുന്നേറുമ്പോള്‍ കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളത്രയും നിസ്വാര്‍ത്ഥതയുടെയും നിഷ്‌കളങ്കതയുടെ പ്രതീകമായ, സംഘടനാവല്‍കൃത മനുഷ്യരുടെ സവിശേഷതയായായി ചിത്രീകരിക്കുന്നതിനുള്ള മുന്നൊരുക്കമാണെന്ന് മനസിലാകുന്നു.
റഹീം സാഹിബില്‍ നിന്ന് ഷെരീഫിലേക്കും ഈ രണ്ട് പേരില്‍ നിന്ന് തൗഫീക്കിലേക്കും സുഹറയിലേക്കും തുടര്‍ന്നങ്ങോട്ട് സംഘടന നിര്‍മ്മിക്കുന്ന സിനിമയിലേക്കുമാണ് കഥയെത്തുന്നത്. സിനിമയുടെ സഹരചയിതാവ് കൂടിയായ മുഹസിന്‍ പരാരിയെഴുതി ഷഹബാസ് ഈണമിട്ട് പാടിയ സുന്ദരനായവനേ എന്ന ഗാനത്തിലൂടെ റഹീം സാഹിബിനും തൗഫീക്കിനും ഷഹീലിനും ഷെരീഫിനും സുഹറക്കും ജീവശ്വാസമായ സംഘടനയുടെ തദ്ദേശീയ ഇടപെടലുകളെ സിനിമ പരിചയപ്പെടുത്തുകയാണ്. വീട്ടിലേക്കുള്ള റഹീം സാഹിബിന്റെ യാത്രയില്‍ സംഘടനാ പ്രസിദ്ധീകരണം കൃത്യമായി വീടുകളിലെത്തിച്ചും, മൈതാനത്തെ കുട്ടികള്‍ക്ക് നല്‍കിയും, ബസിലും തോണിയിലും റോഡിലുമായി രാഷ്ട്രീയ-സാമൂഹ്യജീവിയായ അദ്ദേഹത്തെ വിവരിച്ചും ആ പാട്ടവസാനിക്കുന്നു. ബഹുസ്വരസമൂഹത്തില്‍, സമൂഹത്തിന്റ വിവിധ ശ്രേണികളില്‍ റഹീം സാഹിബ് എന്ന മതസംഘടനാ നേതാവിന്റെ ഇടപെടലുകളാണ് സുന്ദരനായവനേ എന്ന പാട്ടിന്റെ ഉള്ളടക്കം.
മതശാസനകള്‍ക്കും, സംഘടനാ ചട്ടങ്ങള്‍ക്കും വിധേയപ്പെട്ട് ജീവിക്കുന്ന ഒരു പറ്റം ആളുകള്‍ മതപരമായി നിഷിദ്ധമെന്ന് വിശ്വസിക്കുന്ന സിനിമയുടെ ഭാഗമാകുമ്പോള്‍ നേരിടുന്ന ആന്തരികവും, ബാഹ്യവുമായ പ്രതിസന്ധിയിലേക്ക് ഹലാല്‍ ലവ് സ്റ്റോറി പ്രവേശിക്കുകയാണ്. സംഘടനയിലെ ആദര്‍ശാത്മക മുഖമായി കരുതുന്ന തൗഫീഖിന്റെ രചനയിലാണ് സിനിമ. സംഘടന മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം തന്നെയാണ് സിനിമയുടെ പ്രമേയവും. സംവിധായകനായി 'പൊതു' ധാരയിലുള്ള ആള്‍ വേണമെന്ന് പതിവ് പോലെ ആവശ്യമുയരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടനകള്‍ വേദികളില്‍ 'ബഹുസ്വര പ്രതീതി' സൃഷ്ടിക്കാനും അവര്‍ക്ക് നിയന്ത്രണത്തിലുള്ള മാധ്യമവും, മീഡിയാവണ്ണും ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് പൊതുസമൂഹത്തിന് മുന്നില്‍ സ്വീകാര്യത വര്‍ധിപ്പിക്കാനും നടത്തുന്ന പൊടിക്കൈകളെ തന്നെയാണ് ഈ ഹോം സിനിമാ ചര്‍ച്ചയിലൂടെ പരസ്യമാക്കുന്നത്. 'ബഹുസ്വര സമൂഹത്തില്‍ നമ്മളൊരു പദ്ധതി ഇറക്കുമ്പോള്‍' പൊതു ആണല്ലോ നല്ലതെന്ന ചോദ്യത്തില്‍ നിന്നാണ് മതനിഷ്ഠയും സംഘടനാനിഷ്ഠയുമുള്ള യാഥാസ്ഥിതിക സംഘടനയുടെ 'ഹലാല്‍ സിനിമ'ക്കായി സിറാജിനെ കണ്ടെത്തുന്നത്. ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്ന കാലത്ത് അതിനൊരു മാറ്റമുണ്ടാകാന്‍ ആഗ്രഹിച്ചുള്ള സിനിമയെന്നാണ് തൗഫീഖ് സിറാജിനോട് പറയുന്നത്.
സിനിമാനിര്‍മ്മാണവേളയിലെ കോണ്‍ഫ്‌ളിക്ടുകളെ വ്യക്തികളുടെ ആഭ്യന്തര സംഘര്‍ഷങ്ങളായും സംഘടനാ പ്രവര്‍ത്തകരുടെയും സംഘര്‍ഷങ്ങളാക്കി മാറ്റുകയാണ് സിനിമ. അതേ സമയം എല്ലാ കോണ്‍ഫ്‌ളിക്ടുകളും സംഘടനാനിഷ്ഠയുടെ പേരിലുള്ളതുമാണ്. സിനിമയില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായെത്തുന്ന ഷരീഫും സുഹറയും, സംഘാടനമേറ്റെടുക്കുന്നവരും ഇത്തരത്തില്‍ വിവിധങ്ങളായ ധാര്‍മ്മിക പ്രതിസന്ധികളെ നേരിടുന്നു. സമാന്തരമായി സിറാജിന്റെ ജീവിതവും സിനിമ പരാമര്‍ശിച്ചുപോകുന്നു. സിനിമയിലും ഭാര്യാഭര്‍ത്താക്കന്‍മാരായ സുഹറയും ഷരീഫും കഥാന്ത്യത്തില്‍ പരസ്പരം കെട്ടിപ്പിടിക്കുന്നതിലെ 'വിശ്വാസ/പ്രത്യയശാസ്ത്ര പ്രതിസന്ധി' സംഘടനാ കേഡറായ തിരക്കഥാകൃത്ത് ഉന്നയിക്കുന്നു. അവിടെയാണ് ഹറാമായ സിനിമ ഹലാലാക്കാനുള്ള പോംവഴിയിലെത്തുന്നത്. മതസെന്‍സര്‍ഷിപ്പ് എന്ന അധികാരസ്ഥാപനത്തെ ലളിതവല്‍ക്കരിച്ചാണ് ആ പരിഹാരമമെന്ന് മാത്രം. കഞ്ചാവടിച്ച് പുകഞ്ഞിരിക്കുന്ന ക്യാമറാമാന്റെ തലയിലുദിക്കുന്ന പരിഹാരം. തത്വത്തില്‍ 'പൊതു' മുന്നോട്ട് വയ്ക്കുന്ന പൊതുപരിഹാരം. ക്ലൈമാക്‌സിനോടടുത്ത നിര്‍ണായകഘട്ടത്തില്‍ യാഥാസ്ഥിതിക മനുഷ്യരെ കൂടി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കലയുടെ വിവിധങ്ങളായ ഓപ്ഷനുകളെക്കുറിച്ചാണ് തൗഫീക്ക് വാചാലനാകുന്നത്. അവിടെ അയാള്‍ സാധ്യതയായി മുന്നോട്ട് വെക്കുന്നത് ഇമാജിനേഷന്‍ എന്ന വാക്കാണ്. മതമൗലികവാദ ഭരണകൂടങ്ങള്‍ എല്ലാത്തരം കലാവിഷ്‌കാരങ്ങള്‍ക്കും മേല്‍ ചങ്ങലയിടുന്നത് ഇതേ ഇമാജിനേഷനെ ഇരുട്ടിലോ തുറുങ്കിലോ അടച്ചാണ്. അത്തരമൊരു സെന്‍സര്‍ സാധ്യതയെ ഓപ്ഷനായി മുന്നിലേക്ക് വച്ച് ക്ലൈമാക്‌സില്‍ കെട്ടിപ്പിടിക്കേണ്ടെന്ന സംഘടനാ തീരുമാനത്തെ കയ്യടിച്ച് വിജയിപ്പിക്കുന്നിടത്താണ് ഹലാല്‍ സിനിമ അവസാനിപ്പിക്കുന്നത്. മതസെന്‍സറിലൂടെ ആണെങ്കിലും ഞങ്ങള്‍ക്കും കാണണം സിനിമയെന്ന തൗഫീഖിന്റെ തീരുമാനത്തിന് സിറാജിനും കയ്യടിക്കേണ്ടി വരുന്നു. ഹലാല്‍ കട്ട്് നടപ്പാക്കിയാല്‍ കല കൊലയാകുമെന്ന് പ്രഖ്യാപിച്ച സിറാജ് എങ്ങനെയാണ് ക്യാമറമാന്‍ മുന്നോട്ട് വച്ച ഓപ്ഷന്‍ സ്വീകരിച്ച് പ്രസ്ഥാനത്തിനായി നടപ്പാക്കിയ സിനിമക്കൊപ്പം കയ്യടിക്കുന്നതെന്ന് സംശയമായി അവശേഷിക്കുന്നു. പതിഞ്ഞ ശബ്ദത്തില്‍, എളിമ നിറഞ്ഞ ശരീരഭാഷയില്‍, അടിമുടി നിഷ്‌കളങ്കതയില്‍ ആദിമധ്യാന്തം നിലകൊള്ളുന്ന നന്മമരങ്ങളായി സംഘടനാവല്‍ക്കൃത മനുഷ്യരെ തുടക്കം മുതല്‍ അവതരിപ്പിച്ചത് മതശാസനകളിലൂന്നിയ കടുംപിടുത്തത്തിലൂടെയല്ല, തൗഫീഖിനെ പോലുള്ള നിഷ്‌കളങ്ക മനുഷ്യരുടെ അപേക്ഷയിലാണ് ഇത്തരം സെന്‍സര്‍ കട്ടുകള്‍ പിറക്കുന്നതെന്ന് വിശ്വസിപ്പിക്കാനുമാകാം. സ്ത്രീശരീരത്തെ ലൈംഗിക വസ്തുവായി മാത്രം ഒബ്ജക്ടിഫൈ ചെയ്യുന്ന യാഥാസ്ഥിതിക നിലപാടിനെ ഞങ്ങള്‍ക്കും കാണണ്ടേ സിനിമയെന്ന അപേക്ഷക്കുള്ള പരിഹാരമായാണ് സിനിമ കാണിക്കുന്നത്. സിറാജിന് വിയോജിപ്പ് പോലും ബാക്കിയാകാതിടത്ത് 'ഹലാല്‍' കട്ടിനൊപ്പം പാക്കപ്പ് പറയുന്നുമുണ്ട് ഹലാല്‍ ലവ് സ്റ്റോറിയുടെ സംവിധായകന്‍.
സുഹറയുടെ തുറന്നുപറച്ചിലിനെക്കാള്‍, അങ്ങനെ പറയാന്‍ തെരഞ്ഞെടുത്ത ഇടം ബുദ്ധിമുട്ടിക്കുന്ന ഷെരീഫിനെയും, അത് അയാളിലെ ഈഗോയെയെയും പരാമര്‍ശിക്കുന്ന രംഗങ്ങളുണ്ട്. പ്രസ്ഥാനം രക്ഷാകര്‍ത്താവാകുന്ന സ്ത്രീയും പുരുഷനും നേരിടുന്ന പ്രശ്‌നങ്ങളെയും ഷെരീഫ്-സുഹറ കോണ്‍ഫ്‌ളിക്ടുകളിലൂടെ പറഞ്ഞുപോകുന്നുണ്ട്. 'പൊതു'വിനെ മുന്നില്‍ നിര്‍ത്തിയുള്ള സംഘടനാ തത്വങ്ങളിലെ വെള്ളം ചേര്‍ക്കലും പരിഹാസോക്തിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. നിര്‍മ്മാണത്തിന് പലിശപ്പണം സ്വീകരിക്കാതിരിക്കുകയും, സിനിമ തുടങ്ങാന്‍ തേങ്ങയടിയും പൂജയും നടത്തുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും കാണാം.
ഫിലിം മേക്കര്‍ എന്ന നിലയില്‍ രണ്ടാമത്തെ ചിത്രത്തിലെത്തുമ്പോള്‍ ആദ്യസിനിമയില്‍ നിന്ന് തീര്‍ത്തും വേറിട്ടൊരു ആഖ്യാനരീതിയുടെ ശ്രമം സക്കരിയയില്‍ നിന്നുണ്ട്. ഒരേ സമയം റിയലിസ്റ്റിക്കായും, അടരുകളില്‍ ആക്ഷേപഹാസ്യമായും സഞ്ചരിക്കുന്ന സംഭാഷണ രചനയുമാണ്. സിനിമാ ഷൂട്ടിംഗ് തുടങ്ങിയ ശേഷം ആ ശൈലി കൈവിടുന്നത് പോരായ്മയായി തോന്നി. തിരക്കഥ ദുര്‍ബലമാകുന്നതും ഈ ഘട്ടത്തിലാണ്. സൗബിന്‍ അവതരിപ്പിക്കുന്ന പെര്‍ഫെക്ഷനിസ്റ്റ് സിങ്ക് സൗണ്ട് ടെക്‌നീഷ്യന്‍ ഏച്ചുകെട്ടലെന്ന പോലെയുമാണ്. ഗ്രാമീണ ജീവിതം പരാമര്‍ശിക്കപ്പെടുന്ന 'റിയലിസ്റ്റിക് സിനിമ' സാങ്കേതികമികവിനായി പരിസരങ്ങളെ ഒച്ചയടപ്പിക്കുന്നതിന്റെ രൂപകമെന്ന അധികമാനം കണ്ടെത്തിയാലും സൗണ്ടുകാരന്റെ വരവും പോക്കും മുഴച്ചുനില്‍ക്കുന്നു.
ഹലാലിനോട് പ്രധാന വിയോജിപ്പ് സിനിമ നിര്‍മ്മിക്കാനിറങ്ങുന്ന യാഥാസ്ഥിതിക മതസംഘടനയെ സിനിമ അഡ്രസ് ചെയ്യുന്ന രീതിയിലാണ്. മതാത്മകരാഷ്ട്രം ലക്ഷ്യമാക്കിയ സംഘടനയെ/ അതിനെ പ്രതിനിധാനം ചെയ്യുന്നവരെ നിഷ്‌കളങ്കകൂട്ടമായി നോര്‍മലൈസ് ചെയ്യുകയാണ് സിനിമ.
പ്രാസ്ഥാനികനായ ശെരീഫ് 'തെറ്റീഫ്' ആകുന്നതും, 'പൊതു'വിന് വേണ്ടിയുള്ള വെള്ളം ചേര്‍ക്കലും, പ്രസ്ഥാനം വിശ്വാസത്തിന്റെ പേര് പറഞ്ഞ് പ്രവര്‍ത്തകരിലുണ്ടാക്കുന്ന സമ്മര്‍ദ്ധവും ധാര്‍മ്മിക പ്രതിസന്ധിയുമെല്ലാം വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യുമ്പോഴും സാമ്രാജ്യത്വ വിരുദ്ധതയും, ജനാധിപത്യസ്വഭാവും 'ഉദ്ദേശ്യശുദ്ധി'യും വേണ്ടുവോളമുള്ള പ്രസ്ഥാനമെന്ന നിലക്കാണ് ജമാ അത്തെ ഇസ്ലാമിയുടെ സിനിമയിലെ പ്രതിനിധാനം.
കുടുംബത്തിലും സമൂഹത്തിലും വിശ്വാസത്തിലുമെല്ലാം രക്ഷാകര്‍തൃത്വവും അധികാരവും പ്രയോഗിക്കുന്ന സംഘടനയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുള്ള ആരും തന്നെ 'പുരോമഗന പ്രസ്ഥാന' പ്രതിനിധികളായും ഇല്ല. 'പൊതുസമൂഹത്തിലേക്ക് പുതിയൊരു ഒരു പദ്ധതി ഇറക്കാനാണ'് അവിശ്വാസിയും പ്രാസ്ഥാനികനുമല്ലാത്ത സംവിധായകനെ സംഘടനയുടെ കൂടിയാലോചനാ യോഗം തേടുന്നതെന്ന് അംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. പൊതുസ്വീകാര്യതക്ക് വേണ്ടിയുള്ള അടവ് നയമാണത്. ബഹുസ്വര സമൂഹത്തിന് സ്വീകാര്യമാകാന്‍ ജനകീയ മുഖം പതിപ്പിച്ചുള്ള ഇടപെടലുകളും, ആശയപ്രചരണ രീതിയുമെല്ലാം ജമാ അത്തെ ഇസ്ലാമിയുടെ കാര്യപരിപാടിയും പദ്ധതിയുമാണെന്ന് പറഞ്ഞുകൊണ്ട് സംഘടനയെ സാമ്രാജ്യത്വവിരുദ്ധ-കുത്തകവിരുദ്ധ നിലപാടുള്ള 'മഹാമനുഷ്യരുടെ'പ്രസ്ഥാനമായി സിനിമ അഡ്രസ് ചെയ്യുന്നുവെന്നതും വിയോജിപ്പാകുന്നു.
പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ഒറ്റക്കൂരയില്‍ മാത്രമാണ് മുസ്ലിം മനുഷ്യര്‍ക്ക് രക്ഷയെന്ന് സ്ഥാപിക്കാന്‍ പ്രയത്‌നിക്കുന്ന മതരാഷ്ട്രവാദികളാണ് ജമാ അത്തെ ഇസ്ലാമി. കേരളത്തിലെ മുസ്ലിങ്ങളില്‍ ചെറുശതമാനം മാത്രമാണ് അവരുടെ അജണ്ടയെ പിന്തുണക്കുന്നത്. റഹീം സാഹിബിന്റെയോ ഷരീഫിന്റെയോ സംഘടനാ പ്രസിഡന്റിന്റെ നിര്‍ദേശം ശിരസാ വഹിച്ച് അഭിനയിക്കാന്‍ തീരുമാനിക്കുന്ന സുഹറയുടെയോ തൗഫീഖിന്റെയോ(സിനിമയില്‍ കാണിക്കുന്ന)ഉള്ളിലുള്ള നിഷ്‌കളങ്കത മതരാഷ്ട്രവാദം മുന്നോട്ട് വെക്കുക്കുകയും, മതശാസനകളിലൂന്നിയ ജീവിതത്തിനായി കാര്‍ക്കശ്യം പിടിക്കുകയും ചെയ്യുന്ന ലോകത്തെ ഒരു സംഘടനക്കുമില്ല.
ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ ഒരു സീനില്‍ മുരളി ഗോപി ആര്‍എസ്എസ് ശാഖയില്‍ അഭയം തേടുന്ന കഥാപാത്രത്തെ കാണിക്കുന്നുണ്ട. നാടിന്റെ രക്ഷകസ്ഥാനത്ത് സംഘപരിവാറിനെ പ്രതിഷ്ഠിക്കുന്നതിലെ അതേ പ്രശ്നം അധിനിവേശ ിരുദ്ധതയും-കുത്തകവിരുദ്ധതയും മുദ്രാവാക്യമാക്കി തന്നെ മതരാഷ്ട്രവാദം പ്രഖ്യാപിത അജണ്ടയാക്കിയ ജമാ അത്തെ ഇസ്ലാമിയെ നിഷ്‌കളങ്കരായി നോര്‍മലൈസ് ചെയ്യുന്നതിലുണ്ട്.
എന്തുകൊണ്ടാണ് റഹീം സാഹിബിനും കൂട്ടര്‍ക്കും മുന്നിലെത്തുന്ന മലയാള സിനിമ സോഫ്റ്റ് പോണും, നായികമാരുടെ അര്‍ദ്ധ നഗ്നശരീരവും മാത്രമാകുന്നത്. ആഗോള രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ അറിവുള്ള പ്രാസ്ഥാനികര്‍ക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതലുള്ള മലയാളം സിനിമ തിരിഞ്ഞാല്‍, വെള്ളിത്തിരയിലെ പ്രതിനിധാനം നോക്കിയാല്‍, നരേറ്റിവുകള്‍ പിന്തുടര്‍ന്നാല്‍ രണ്ടായിരത്തിനിപ്പുറം രണ്ടോ മൂന്നോ വര്‍ഷം മാത്രം തരംഗമായിരുന്ന സെമി പോണ്‍ സിനിമകളല്ല മലയാള സിനിമയെന്ന് മനസിലാകുമായിരുന്നു. ഷരീഫിന് നായികയായി സുഹറ വരുന്നത് സംഘടനാ ശാഠ്യം കൊണ്ട് മാത്രമല്ല മലയാള സിനിമയുടെ അന്നത്തെ അവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയാല്‍ കൂടിയാണെന്ന് പരോക്ഷമായി പറയുന്നുണ്ട്. 15 വര്‍ഷം സഹസംവിധായകനായ സിറാജ് കാസ്റ്റിംഗിനായി കാണിക്കുന്ന ഫോട്ടോകളെല്ലാം തന്നെ അര്‍ദ്ധ നഗ്ന സ്ത്രീ ശരീരങ്ങളാണ്. സീരീയലിലും സിനിമയിലും തിളങ്ങിനില്‍ക്കുന്നവരാണെന്ന് സിറാജ് പറയുന്നുമുണ്ട്.
സിനിമ സ്ത്രീയെ പ്രദര്‍ശന വസ്തു മാത്രമായി പരിഗണിക്കുന്ന മാധ്യമമാണെന്ന മുന്‍വിധി കൂടിയാണ് ഇവിടെ ദൃശ്യമാകുന്നത്. 'പൊതു' ധാരയെ പ്രതിനിധീകരിക്കുന്ന ജോജുവിന്റെ സിറാജും, പാര്‍വതിയുടെ ഹസീനയും പണം മാനദണ്ഡമാക്കിയാണ് സംഘടനയുടെ ഹോം സിനിമയോട് സഹകരിക്കുന്നത്. കുറേ കാലത്തിന് ശേഷം ഒരാള്‍ 'സുഖമാണോ' എന്ന് തിരക്കിയെന്ന ആനന്ദവും സിറാജിന് സഹകരണത്തിന് കാരണമാണ്. കാസ്റ്റിംഗില്‍ തഴയപ്പെട്ടവര്‍ മടങ്ങുമ്പോള്‍ കൂലി ഇവിടെ കിട്ടാന്‍ വേണ്ടിയായിരുന്നില്ലല്ലോ ഈ നിഷ്‌കാമകര്‍മ്മമെന്ന് ്പ്രാസ്ഥാനികര്‍ പ്രതികരിക്കുന്നുമുണ്ട്.
ആധുനികതയോടും കലയോടും മതയാഥാസ്ഥിതിക സംഘടനകള്‍ മുഖംതിരിച്ചിടത്താണ് സിനിമയില്‍ ഏത് മതവിഭാഗത്തിനാണെങ്കിലും അകലം വര്‍ദ്ധിച്ചിരുന്നത്.മലയാള സിനിമ പ്രേം നസീറും കെപിഉമ്മറും നിലമ്പൂര്‍ ആയിഷയും മാമുക്കോയയും ഉള്‍പ്പെടുന്ന അഭിനേതാക്കളുടേത് കൂടിയാണ്. മലയാളിയുടെ പ്രണയകാമനകളെ നീണ്ട കാലം അഭ്രപാളില്‍ പ്രതിനിധീകരിച്ചിരുന്നത് പ്രേം നസീര്‍ ആയിരുന്നു. ഹലാലില്‍ കുടുംബപരിപാലത്തില്‍ ഭാര്യയുടെ പങ്കിനെക്കുറിച്ച് വാചാലയാകുന്ന നിലമ്പൂര്‍ ആയിഷയും, ഹലാല്‍ സിനിമക്ക് ശ്രമിച്ചൂടെ എന്ന് ചോദിക്കുന്ന സീനത്തും മതയാഥാസ്ഥിതികതയോട് പോരാടിയാണ് കലാപ്രവര്‍ത്തനം സാധ്യമാക്കിയിരുന്നത്. അവിടെ ഒരു സമുദായത്തെ പിന്നിലേക്ക് വലിച്ചതും സങ്കുചിതത്വത്തിലേക്ക് നിര്‍ത്താന്‍ ശ്രമിച്ചതും യാഥാസ്ഥിതിക മതപ്രസ്ഥാനങ്ങളായിരുന്നു. പോസ്റ്റ് ബാബ്‌റി കാലത്ത് മലയാളത്തില്‍ ഹിന്ദുത്വ ബിംബങ്ങളിലൂന്നിയ സിനിമകളും മുസ്ലിം പ്രതിനായക സിനിമകളും കൂടുതലായി ഉണ്ടായി എന്നല്ലാതെ മലയാള സിനിമ മുസ്ലിം ജീവിതത്തോടെ എല്ലാ കാലവും പുറംതിരിഞ്ഞുനിന്നിട്ടില്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. ഹലാലില്‍ കണ്ട 'നിഷ്‌കളങ്കരും നിസ്വാര്‍ത്ഥരുമായ പ്രാസ്ഥാനികരുടെ' നേതൃത്വം നീണ്ട കാലം മുന്നോട്ട് വച്ച യാഥാസ്ഥിതിക നിയന്ത്രണങ്ങളാല്‍ കൂടിയാണ് സിനിമ ഒരു വിഭാഗം മനുഷ്യര്‍ക്ക് അകലങ്ങളിലായത്.
കുടുംബത്തിനകത്ത് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകഥാപാത്രങ്ങളാണ് സുഹറയും, സിറാജിന്റെ ഭാര്യയും. പ്രാസ്ഥാനികനായ ഭര്‍ത്താവിനെ തിരുത്താന്‍ ബുദ്ധിയും ശേഷിമുണ്ട് സുഹറക്ക്. സ്ത്രീശരീരത്തെ ലൈംഗികവസ്തുവായി മാത്രം പരിഗണിക്കുന്ന മതരാഷ്ട്രീയ സംഘടനയുടെ സ്ത്രീവിരുദ്ധത മനസിലാക്കാന്‍ സാധിക്കാത്ത ആളുമാണ് സുഹറ. പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കുന്ന കെട്ടിപ്പിടിത്തം ക്യാമറക്ക് മുന്നില്‍ വേണ്ട ജീവിതത്തില്‍ മതിയെന്ന സ്ത്രീവിരുദ്ധ തീരുമാനമെടുക്കുന്നതും സുഹറയാണ്.
ഗ്രേസ് ആന്റണി എന്ന അഭിനേത്രി മലയാളത്തിലെ മികച്ച അഭിനേതാക്കളിലൊരാളായി പരിണമിക്കുന്ന കാഴ്ചയാണ് ഹലാല്‍ ലവ് സ്റ്റോറി, ഹോം സിനിമയിലെ സുഹറയും വീട്ടകത്തെ സുഹറയും ഭാവഭദ്രമായിരുന്നു. ഹസീനയുടെ ആക്ടിംഗ് ട്രെയിനിംഗിലെ തുറന്നുപറച്ചിലിനൊടുവില്‍ കണ്‍കെട്ടഴിക്കുന്ന രംഗം, ഹോം സിനിമയിലെ ാദ്യ സീനിലുള്ള ചലനങ്ങള്‍, തീന്‍ മേശയിലെ രംഗത്തില്‍ ഓക്കെ ഷോട്ടിലേക്കുള്ള ഡയലോഗ് ഡെലിവറിയും ശരീരഭാഷയും ഈ നടിയുടെ റേഞ്ച് അനുഭവപ്പെടുത്തുന്നതാണ്. ഹ്യൂമര്‍ ടൈമിംഗിലും ഗ്രേസ് അമ്പരപ്പിക്കുന്നുണ്ട.് ഇന്ദ്രജിത്തിന് ഷരീഫ് എന്ന പലതരം ഈഗോകളിലേക്ക് വലിഞ്ഞുനില്‍ക്കുന്ന, അഭിനയിക്കാന്‍ വലിയ മിടുക്കില്ലാത്ത കഥാപാത്രത്തെയാണ് ചെയ്യേണ്ടിയിരുന്നത്. ഷെരീഫിനെ ഭദ്രമാക്കുക എന്നതിനൊപ്പം ഹോം സിനിമയിലെ നടനായി മോശം അഭിനയം കാഴ്ച വെക്കുക എന്ന ഉത്തരവാദിത്വം, ഓവറാക്ടിംഗ് ശരീരഭാഷയിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വം എന്നിവ മികച്ചതാക്കിയിട്ടുണ്ട് ഇന്ദ്രജിത്ത്. ചെറുതും വലുതുമായ അഭിനേതാക്കളെയെല്ലാം അവിശ്വസനീയമാംവിധം പെര്‍ഫോം ചെയ്യിപ്പിച്ച സിനിമ കൂടിയാണ് ഹലാല്‍ ലവ് സ്റ്റോറി. നാസര്‍ കറുത്തേടത്ത് അത്യുഗ്രന്‍ നടന്റെ പ്രകടന മികവ് കൂടിയാണ് ഹലാല്‍ ലവ് സ്റ്റോറി. ഡയലോഗ് ഡെലിവറിക്കപ്പുറം റഹീം സാഹിബിന്റെ റിയാക്ഷന്‍, ശരീരഭാഷ എന്നിവ രസകരമാണ്. സിറാജ് എന്ന കഥാപാത്രമായി ജോജു ജോര്‍ജ്ജ്, സംഘടനാ നിര്‍ബന്ധങ്ങളിലും സംഘാടനത്തിലും പെട്ടുഴലുന്ന തൗഫീഖ് ആയി ഷറഫുദ്ദീന്റെ കഥാപാത്രം, സഹസംവിധായകനായി അഭിരാം,തുടങ്ങി ചെറും വലുതുമായ കഥാപാത്രങ്ങളുടെ മികവുകള്‍ കൂടിയുണ്ട് ഹലാലില്‍.