മംഗളാദേവിയിലെ സൃഷ്ടിയും സ്ഥിതിയും സംഹാരവും

മംഗളാദേവിയിലെ സൃഷ്ടിയും സ്ഥിതിയും സംഹാരവും
Published on
Summary

എന്നായിരിക്കും നമ്മള്‍ അവസാനമായി തിയറ്ററില്‍ ഇരുന്ന് സ്വയം മറന്ന് വിസിലടിച്ചിട്ടുണ്ടാവുക ?

തിയറ്റര്‍ റിലീസിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ കന്നഡ ചിത്രം 'ഗരുഡ ഗമന ഋഷഭ വാഹന'യെക്കുറിച്ച് എഴുത്തുകാരന്‍ വിവേക് ചന്ദ്രന്റെ നിരൂപണം

മംഗളാദേവി എന്ന ചെറുപട്ടണം. അവിടെ വൈകുന്നേരങ്ങളില്‍ ഗള്ളി ക്രിക്കറ്റ് കളിക്കുകയും, ദസറയ്ക്ക് ഹുളിവേഷം കെട്ടി ഉന്മാദത്തോടെ നൃത്തം ചവിട്ടുകയും, തനിച്ചാവുന്ന രാത്രികളില്‍ ശിവപാനം വലിച്ച് ബോധംകെട്ടുറങ്ങുകയും, തനിക്ക് ചുറ്റുമുള്ള മനുഷ്യരെ ഏറ്റവും തീവ്രമായി സ്നേഹിക്കുകയും, അവര്‍ക്ക് വേണ്ടി തെരുവില്‍ പകല്‍വെളിച്ചത്തില്‍ കൊടൂരമായ കൊലപാതകങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന ശിവ (രാജ് ബി. ഷെട്ടി). വരേണ്യമായ ജീവിത സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന് കൃത്യമായ ആസൂത്രണങ്ങളിലൂടെ നഗരത്തിന്‍റെ അധോലോകങ്ങളില്‍ തനിക്കായി ഒരിടം കണ്ടെത്തുന്ന ഹരി (ഋഷഭ് ഷെട്ടി). ഇവര്‍ തമ്മിലുള്ള പ്രണയത്തോളം തീവ്രമായ സൌഹൃദത്തിന്‍റെ കഥയാണ്‌ ‘ഗരുഡ ഗമന ഋഷഭ വാഹന’ (GGVV). ദക്ഷിണ കര്‍ണ്ണാടകയുടെ തനത് കലയായ ‘യക്ഷഗാന’യില്‍ ധാരാളം ശീലുകള്‍ക്ക് ആധാരമായ ‘ദേവി മഹാത്മ്യ’ത്തില്‍ നിന്നുമാണ് ഈ സിനിമയുടെ അടിസ്ഥാന ചിന്ത രൂപപ്പെടുന്നത്.

മംഗളാദേവിയില്‍ നിന്നും ഉരുവം കൊണ്ട ശിവനും ഹരിയും ബ്രഹ്മാവും അടങ്ങുന്ന ത്രയത്തിന്‍റെ അഹംബോധവും അതുവഴി അവര്‍ തമ്മില്‍ രൂപപ്പെടുന്ന സംഘര്‍ഷങ്ങളുമാണ് ദേവി മഹാത്മ്യതിന്‍റെ ഇതിവൃത്തം. ഇതിനെ പരമ്പരാഗത ഗ്യാങ്ങ്‌സ്റ്റര്‍ സിനിമയുടെ നരേറ്റീവിലേക്ക് ഒരു പാളിയായി തുന്നി ചെര്‍ക്കുന്നിടത്താണ് GGVVയുടെ വിജയം. അവ്യക്തമായ ഉല്‍പ്പത്തികഥയില്‍ പാതാളത്തില്‍ നിന്നും കണ്ഠത്തില്‍ മുറിവുമായി അവതരിക്കുന്ന ശിവയുടെ പാത്രനിര്‍മ്മിതിയില്‍ പരമശിവന്‍റെ ലക്ഷണങ്ങള്‍ ധാരാളം കാണാന്‍ സാധിക്കും. അമ്മ മത്സ്യം വൃത്തിയാക്കുന്നിടത്തിരുന്ന് ഒരു തകര്‍ന്ന ഓടക്കുഴല്‍ കൊണ്ട് കളിക്കുന്നതായിട്ടാണ് നമ്മള്‍ ആദ്യമായി ഹരിയെ കാണുന്നത്. പിന്നീടിങ്ങോട്ട്‌ കഥയുടെ ഒരു ഘട്ടത്തില്‍ അയാള്‍ ശിവയോട് ആരാധന കലര്‍ന്ന സ്നേഹത്തോടെ ഇടപഴകുകയും പ്രണയത്തോടെ പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴും അയാള്‍ തന്‍റെ ജീവിതത്തിലൂടെ ലക്ഷ്മിയെ (ധനം) ഏകാഗ്രമായ ശ്രദ്ധയോടെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവരില്‍ നിന്നും വ്യത്യസ്തമായി മംഗളാദേവിയുടെ പുറത്തുനിന്നുമാണ് ഇന്‍സ്പെക്ട്ടര്‍ ബ്രഹ്മയ്യ (ഗോപാലകൃഷ്ണ ദേശ്പാണ്ടേ) വരുന്നത്. ശിവയുടെയും ഹരിയുടെയും അവരെ നിയന്ത്രിക്കാന്‍ അയാളെ പറഞ്ഞയക്കുന്ന ഭരണകൂടത്തിന്‍റെയും ഇടയില്‍പ്പെട്ട് ഞെരുങ്ങുന്ന ബ്രഹ്മയ്യ പലതവണ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തനിച്ചിരുന്നു കരയുന്നുണ്ട്, പതറിപ്പോകുന്നുണ്ട്‌. ഈ മൂന്ന് കഥാപാത്രങ്ങളുടെ വൈകാരികമായ ഇടങ്ങള്‍ പരസ്പരം കവിഞ്ഞു പോകുന്നിടതാണ് സിനിമയില്‍ കാതലായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്.

ഋഷഭ് ഷെട്ടി
ഋഷഭ് ഷെട്ടിGarudaGamanaVrushabhaVahana

ഒരു ശരാശരി ഇന്ത്യന്‍ പ്രേക്ഷകനെ ഏറ്റവും വൈകാരികമായി ബാധിക്കുന്ന ഴോണര്‍ ആണ് ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രങ്ങള്‍. നിസ്സഹായനായ നായകന്‍ തനിക്കന്യമായ നഗരത്തില്‍ നരകതുല്യമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുകയും ആ വേദനയുടെ തീവ്രതയില്‍നിന്നും രൂപപ്പെടുന്ന അമാനുഷികമായ തന്റേടം കൊണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് ആ നഗരത്തിന്‍റെ നിയന്ത്രണം കൈയ്യാളുകയും ചെയ്യുന്നതാണ് വര്‍ഷങ്ങളായി പിന്തുടരുന്ന ജനപ്രിയ മാതൃക. നായകന്‍(1987), അഭിമന്യു(1991), സത്യാ(1998) എന്നിങ്ങനെ തൊണ്ണൂറുകളില്‍ ഇറങ്ങി പിന്നീട് കള്‍ട്ട് പദവി കൈവരിച്ച ജനപ്രിയ സിനിമകളിലൂടെ വികസിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ‘മാലിക്കി’ല്‍ പോലും കണ്ടെടുക്കാന്‍ സാധിക്കുന്ന രൂപരേഖയാണിത്‌.

ഇതില്‍ നിന്നും വ്യത്യസ്തമായി ഇരട്ട കഥാനായകന്മാരുള്ള സിനിമകള്‍ ഒരു പ്രത്യേക സബ്ഴോണര്‍ ആണ്. സ്വഭാവം കൊണ്ട് അങ്ങേയറ്റം വ്യത്യസ്തരായ രണ്ട് മനുഷ്യരുടെ ബാല്യത്തിലെ ‘ഒറിജിന്‍ സ്റ്റോറി’യില്‍ തുടങ്ങി തീവ്രസൌഹൃദത്തിലൂന്നി രൂപപ്പെടുന്ന ഈ കഥാഗതിക്ക് എല്ലാ കാലത്തും നല്ല വിപണനമൂല്യമുണ്ടായിട്ടുണ്ട്. അനാഥനും നിസ്സഹായനും നിഷ്ക്കളങ്കനും എന്നാല്‍ അങ്ങേയറ്റം അക്രമാസക്തനുമായ ഒരു മനുഷ്യന്‍ എങ്ങനെയാണ് തന്നില്‍ നിന്നും ഏറെ വ്യത്യസ്ഥനായ സനാഥനും വരേണ്യനും താരതമ്യേന ഭേദപ്പെട്ട ധനസ്ഥിതിയും ഉള്ള മറ്റൊരാളില്‍ തന്‍റെ ബാക്കിയെ കണ്ടെത്തുന്നത് എന്നും അവരുടെ അടിസ്ഥാനസ്വഭാവത്തിലെ സവിശേഷതകള്‍ എങ്ങനെയാണ് നഗരത്തിലെ ക്രൈം സിന്‍ഡിക്കേറ്റില്‍ അവര്‍ ഉള്‍പെട്ട ഗ്യാങ്ങിനെ കുത്തക നേടാന്‍ സഹായിക്കുന്നത് എന്നും ഏറ്റവും കൃത്യമായി വിശകലനം ചെയ്ത ചിത്രമായിരുന്നു ദളപതി(1991). വരേണ്യനായ നായകന്‍ തന്‍റെ ബുദ്ധിയും നയവും ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും അയാളുടെ ആശ്രിതനായ രണ്ടാം നായകന്‍ തന്‍റെ ആത്മാര്‍ഥതയും ഹിംസാത്മകമായ ഇടപെടലുകളും കൊണ്ട് അത് നടപ്പാക്കിയെടുക്കുകയും ചെയ്യുന്നതാണ് ഇവരുടെ കൂട്ടുകെട്ടിന്‍റെ സമവാക്യം. ആശ്രിതനായ നായകനെ പ്രേക്ഷകനോട് വൈകാരികമായി ബന്ധിപ്പിച്ച് നിര്‍ത്തി ഒടുക്കം സിനിമയുടെ പരിണാമത്തില്‍ വരേണ്യനായ നായകനുവേണ്ടി അയാളെ രക്തസാക്ഷിയാക്കുമ്പോള്‍ അത് കാഴ്ചക്കാരനിലേക്ക് തീവ്രമായ നോവ്‌ പകര്‍ന്നു നല്‍കുന്നു. ഈ സമവാക്യത്തിന്‍റെ ഏറ്റവും ജനപ്രിയ മാതൃക ഷോലെയിലേ(1975) ജയ്‌(അമിതാബ് ബച്ചന്‍)ന്‍റെ കഥാപാത്രനിര്‍മ്മിതിയില്‍ കാണാം. തുടര്‍ന്നത് നമ്മുടെ ജനപ്രിയ സിനിമാ സംസ്കാരത്തിന്‍റെ ഭാഗമാവുകയായിരുന്നു. ‘സത്യ’യിലെ ഭിക്കു മാത്രെയോടും, ‘ലേല’ത്തിലെ ഹുസൈനോടും ‘അങ്കമാലി ഡയറീ’സിലെ അപ്പാനി രവിയോടും പ്രേക്ഷകന് തോന്നുന്ന വൈകാരികമായ അടുപ്പം ഏറിയും കുറഞ്ഞും ഈ രൂപരേഖ പിന്തുടര്‍ന്ന കഥാപാത്രനിര്‍മ്മിതികൊണ്ട് കൈവരുന്നതാണ്.

GarudaGamanaVrushabhaVahana
GarudaGamanaVrushabhaVahana

ചെറുപട്ടണങ്ങളിലെ സുഹൃത്ത്സംഘങ്ങള്‍ വൈകാരികമായി ഒരു കുറ്റകൃത്യത്തില്‍ ഇടപെടുകയും പിന്നീടാ സംഭവത്തിന്‍റെ വാണിജ്യമൂല്യം മനസ്സിലാക്കി അത് സംഘടിതകൃത്യങ്ങള്‍ക്കുതകുന്ന ഗ്യാങ്ങായി പരുവപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസം ഇതിനു മുന്‍പ് നമ്മള്‍ ഏറ്റവും വിദഗ്ദമായി അവതരിപ്പിച്ച് കണ്ടത് അങ്കമാലി ഡയറീസിലാണ്. കഥാഗതിയുടെ അത്തരമൊരു രൂപഘടനയെ ഒന്നുകൂടി വികസിപ്പിക്കുകയാണ് GGVV ചെയ്യുന്നത്. മംഗലാപുരം പട്ടണത്തിലെ ദൈനംന്തിന ജീവിതവും കദ്രിയും മംഗളാദേവിയും അടങ്ങുന്ന അമ്പല പരിസരവും, പൂക്കച്ചവടവും, വൈകുന്നേരം അമ്പലപ്പറമ്പില്‍ കളിക്കുന്ന ഗള്ളിക്രിക്കറ്റും, ദസറയ്ക്ക് നിരത്തുകളില്‍ നിറയുന്ന പിലി നാളികേ (പുലിവേഷം) കലാകാരന്മാരും, കടല്‍തീരവും, കേബിള്‍ സര്‍വീസിന്‍റെയും പുഴമണല്‍ക്കടത്തിന്‍റെയും പേരിലുണ്ടാവുന്ന തര്‍ക്കങ്ങളും, പട്ടണത്തില്‍ വളര്‍ന്നുവരുന്ന സൈക്കഡലിക്ക് പോപ്പ് സംസ്കാരവും ഒക്കെ അങ്ങേയറ്റം യദാതഥമായി അവതരിപ്പിക്കാന്‍ GGVVയുടെ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

സിനിമയില്‍ നമ്മള്‍ കാണുന്ന ആകെയുള്ള രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ക്കും (ഹരിയുടെ അമ്മയും ബ്രഹ്മയ്യയുടെ ഭാര്യയും) ഒരു സീനില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ല. എങ്കിലും അതൊരു കുറവായി നമുക്ക് അനുഭവപ്പെടില്ല. അതിനു കാരണം ഒരുപക്ഷെ ബ്രഹ്മയ്യയുടെയും ശിവയുടെയും വൈകാരിക തലത്തില്‍ അല്പം സ്ത്രൈണത കലര്‍ന്നത് കൊണ്ടാവാം. അവരുടെ ഏകാന്തതയും വിരഹവും നഷ്ടബോധവും ഒക്കെ വളരെ തീക്ഷണമായി വ്യത്യസ്തമായ ലെന്‍സിംഗിലൂടെ ച്ഛായാഗ്രാഹകന്‍ പ്രവീണ്‍ ശരിയന്‍ നമ്മളെ അനുഭവിപ്പിക്കുന്നു. വൈഡ് ആങ്കിള്‍ ഷോട്ടുകളും കഥാപാത്രങ്ങളുടെ സൈക്കിയെ വെളിവാക്കുന്ന തരം വിചിത്രമായ ലോക്കേഷനുകളും, സ്റ്റേജിങ്ങും, അതിനനുസൃതമായ നിറങ്ങളും, ഒക്കെ ഈ സിനിമയ്ക്ക് ഒരു ഇതിഹാസ സമാനമായ മാനം കൊടുക്കുന്നുണ്ട്. സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള കഥനങ്ങള്‍ അടിസ്ഥാനപരമായി അര്‍ദ്ധസത്യങ്ങളും അതിശയോക്തിയും കലര്‍ന്ന സംഘര്‍ഷകഥകളാണ്. ചരിത്രവും രാഷ്ട്രീയവും ഉള്‍ച്ചേര്‍ന്ന അത്തരം കഥപറച്ചിലിന്‍റെ ഇമ്പം നമ്മള്‍ ഏറ്റവും നന്നായി അനുഭവിച്ചത് ഗ്യാങ്ങ്‌സ് ഓഫ് വാസിപ്പൂരില്‍(2012) ആയിരിക്കണം. അതിനൊരു തുടര്‍ച്ച പോലെ മംഗളാദേവിയിലെ സ്ഥിതി സംഹാര കഥകള്‍ നമുക്ക് വിവരിച്ച് തരുന്നത് ബ്രഹ്മാവിന്റെ പ്രതിരൂപമായി വരുന്ന ഇന്‍സ്പെക്ടര്‍ ബ്രഹ്മയ്യയാണ്.

GarudaGamanaVrushabhaVahana
GarudaGamanaVrushabhaVahana

ലോലമായ കൌമാരപ്രണയത്തിന്‍റെ അടരുകള്‍ ഓര്‍ക്കസ്ട്രെഷനിലൂടെ അനുഭവിപ്പിക്കുന്ന മിഥുന്‍ മുകുന്ദന്‍ ചിട്ടപ്പെടുത്തിയ “എന്തോ ബരിദ” എന്ന് തുടങ്ങുന്ന പ്രണയഗാനം സമന്തരമായി തിരശീലയില്‍ കാണുന്ന അക്രമ സംഭവങ്ങള്‍ക്ക് രസകരമായ contrast കൊടുക്കുന്നുണ്ട്. സാന്‍ഡല്‍വുഡിലെ ഏറ്റവും വലിയ ജനപ്രിയഗാനങ്ങളിലൊന്നായ ‘ഇന്നുനു ബെക്കഗിദേ’യിലൂടെ പ്രശസ്തനായ വാസുകി വൈഭവിന്‍റെ ശബ്ദം ഈ ഗാനത്തിന് വല്ലാത്ത മിഴിവ് നല്‍കുന്നുണ്ട്. ശിവന്‍ ആദ്യമായി ചെയ്യുന്ന കൊലപാതകത്തിന് സമാന്തരമായി പശ്ചാത്തലത്തില്‍ വരുന്ന പുരന്ദരദാസകൃതി ‘ചന്ദ്രചൂട ശിവ ശങ്കര’യുടെ ഒരു ഘട്ടത്തിലുള്ള ഭാവമാറ്റം തിയറ്ററില്‍ വെച്ച് അനുഭവിപ്പിക്കുന്ന അഡ്രൈനാലിന്‍ റഷ് പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. ഈ സിനിമയുടെ ട്രെയിലറിന് വേണ്ടി ചിട്ടപ്പെടുത്തി ഒടുക്കം ടൈറ്റില്‍ കാര്‍ഡില്‍ ഉപയോഗിച്ച ‘The devil in me’ എന്ന ഗാനം ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇത്രകാലത്തെ തിയറ്റര്‍ കാഴ്ചയില്‍ നമ്മള്‍ അനുഭവിച്ച ഏറ്റവും തീക്ഷ്ണമായ ഗൂസ്ബംപ് മോമന്ന്റിലൊന്ന് ഒരുപക്ഷെ മംഗളാദേവിയുടെ നടയിലെ റോഡില്‍ വെച്ചുള്ള ശിവയുടെ താണ്ഡവത്തിന് പശ്ചാത്തലമായി വരുന്ന ‘മാദേവാ’ എന്ന ഗാനമായിരിക്കും.

എന്നായിരിക്കും നമ്മള്‍ അവസാനമായി തിയറ്ററില്‍ ഇരുന്ന് സ്വയം മറന്ന് വിസിലടിച്ചിട്ടുണ്ടാവുക ? സിനിമയുടെ ആദ്യ രംഗത്തില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് ശിവ ലുങ്കിയുടെ തുമ്പ് ഇടതുകാലുകൊണ്ട് പൊക്കി കൈയ്യിലേക്ക് വെക്കുമ്പോള്‍ തെളിയുന്ന പോലീസ് ഷൂസ്, ദസറ ദിനത്തിലെ ചോരയില്‍ കുളിച്ച ശിവയുടെ പിലി നാളികേ നൃത്തം, കര്‍ട്ടനു പിന്നില്‍ തെളിയുന്ന ചോരപുരണ്ട ഷൂസ്, അവസാന രംഗത്തില്‍ കേള്‍ക്കുന്ന ശിവയുടെ ആര്‍ എക്സ് ഹണ്ട്രഡിന്റെ ശബ്ദം ഒക്കെ തിയറ്ററില്‍ നിന്നും സിനിമ കണ്ടു ശീലിച്ച പ്രേക്ഷകനെ ആവേശത്തിന്‍റെ പരകോടി കയറ്റുന്ന നിമിഷങ്ങളാണ്.

GarudaGamanaVrushabhaVahana
GarudaGamanaVrushabhaVahana

ദക്ഷിണ കര്‍ണാടകയുടെ സിനിമാ സംസ്കാരത്തില്‍ നിന്നും വന്ന് സാന്‍ഡല്‍വുഡില്‍ ജാലം തീര്‍ക്കുന്ന രക്ഷിത് ഷെട്ടിയും, ഋഷഭ് ഷെട്ടിയും, നിരൂപ് ഭണ്ടാരിയും അടങ്ങുന്ന പുത്തന്‍കൂറ്റുകാരിലെ ഏറ്റവും പുതിയ സാന്നിധ്യമാണ് GGVVയുടെ കഥ-തിരക്കഥ-സംവിധാനം എന്നിവ നിര്‍വഹിച്ച് പ്രധാന കഥാപാത്രമായ ശിവയെ അവതരിപ്പിച്ച രാജ്. ബി. ഷെട്ടി. പരസ്യചിത്ര നിര്‍മ്മാണത്തില്‍ സജീവമായിരുന്ന അദ്ദേഹം മലയാളികള്‍ക്ക് തീര്‍ത്തും അപരിചിതനല്ല. വിനയ് ഫോര്‍ട്ട്‌ നായകനായി വന്ന മലയാളത്തില്‍ വിജയമായ ‘തമാശ’ എന്ന സിനിമയ്ക്ക് ആധാരമായ ‘ഒന്തു മൊട്ടയെ കതെ’ ആയിരുന്നു അദ്ദേഹത്തിന്റെ കന്നിസംവിധാനസംരംഭം. അതിസൂക്ഷ്മ കഥനതിന്‍റെ (subtle storytelling) ഏറ്റവും നല്ല മാതൃകയായി ഈ ചിത്രം ഇനിയും ഒരുപാട് കാലം സിനിമാച്ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in