ഫാമിലി; രക്ഷിതാവിലെ ഒളിവുകള്‍

ഫാമിലി; രക്ഷിതാവിലെ ഒളിവുകള്‍
Published on
Summary

ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്ന ചിത്രത്തെക്കുറിച്ച് പ്രശസ്ത നിരൂപകൻ ജി.പി രാമചന്ദ്രൻ എഴുതിയ നിരൂപണം

കഥ പറയുകയെന്നതിനേക്കാള്‍, ഒരു കഥാപാത്രത്തെ നിര്‍മ്മിച്ചെടുക്കുന്നതെങ്ങനെ എന്ന് പരിചയപ്പെടുത്തുകയാണ് ഡോണ്‍ പാലത്തറയുടെ ഫാമിലി എന്ന സിനിമ ചെയ്യുന്നത്. മധ്യ തിരുവിതാംകൂര്‍ അല്ലെങ്കില്‍ ഇടുക്കി എന്ന ഡോണിന്റെ പരിചിത ലൊക്കേഷനില്‍ തന്നെയാണ് ഇത് നടക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട കത്തോലിക്കാ കുടുംബ നിര്‍മ്മാണം, ഇന്നെത്തി നില്ക്കുന്ന അവസ്ഥയെയുമാണ് നാം തിരിച്ചറിയുന്നത്. വിശുദ്ധ കുടുംബം എന്ന ആദര്‍ശത്തിന്റെ മുഖമറ, കുറ്റത്തിന്റെ മൂടിവെയ്ക്കലും കുറ്റവാളിയെ സംരക്ഷിച്ചെടുക്കലുമാണെന്ന് തെളിയിക്കുകയാണ് ഫാമിലി. വാസ്തവത്തില്‍, വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തെ നിര്‍മ്മിച്ചെടുക്കുന്നത് തിരക്കഥാകൃത്തുക്കളോ സംവിധായകനോ അല്ല. അയാളെ വലയം ചെയ്തു നില്‍ക്കുന്ന കുടുംബം എന്ന, മതപൗരോഹിത്യത്താലും യാഥാസ്ഥിതികമായ സാന്മാര്‍ഗികതയാലും സര്‍വോപരി പുരുഷനു മാത്രം പ്രാപ്യമായതും അവന്റെ സൗകര്യത്തിനായി രൂപപ്പെടുത്തിയതുമായ സദാചാരത്തിന്റെ ബലതന്ത്രത്താലും ഉറപ്പിക്കപ്പെട്ട വ്യവസ്ഥയാണ് ഈ മുഖ്യ കഥാപാത്രം എന്ന നായകത്വത്തെ കല്ലിന്മേല്‍ കല്ലു കേറ്റി നിര്‍മ്മിച്ചെടുക്കുന്നത്. അത് നോക്കി നില്‍ക്കുക മാത്രമാണ് ഡോണ്‍ പാലത്തറ എന്ന ചലച്ചിത്രകാരന്‍ ചെയ്യുന്ന പ്രവൃത്തി.

സ്‌നേഹം, സുരക്ഷിതത്വം, രക്ഷാകര്‍തൃത്വം, സദാചാരം, സഹാനുഭൂതി എന്നിങ്ങനെയുള്ള ഗുണവിശേഷങ്ങളുടെ ഒരു പ്രയോഗപൂര്‍ണിമയായാണ് കുടുംബം ഭാവന ചെയ്യപ്പെടുന്നത്. എന്നാലെന്താണ് യാഥാര്‍ത്ഥ്യം? മതപൗരോഹിത്യത്തിന്റെയും ജാതി സാമുദായികതയുടെയും പഴഞ്ചന്‍ സദാചാരമൂല്യങ്ങളുടെയും പൊള്ളയായ രാഷ്ട്രബോധ-ദേശസ്‌നേഹ ഗീര്‍വാണത്തിന്റെയും ബലങ്ങളില്‍ വാരിക്കൂട്ടി നിര്‍ത്തുന്ന ഒരു  (അ)ദൃശ്യ തടവറ മാത്രമാണത്. (രാഷ്ട്രപിതാവിനെക്കാളും വലിയ മുന്‍ രാഷ്ട്രപതി എന്നു കൊട്ടിഘോഷിക്കപ്പെട്ട പ്രമുഖന്റെ) അഗ്നിച്ചിറകുകള്‍ എന്ന പുസ്തകം വായിച്ചിട്ടില്ലേ, ഇല്ലെങ്കില്‍ വായിക്കണം എന്ന ട്യൂഷന്‍ മാസ്റ്ററുടെ ദിവ്യോപദേശം, പുതിയ കാലഭാവനയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പഴഞ്ചന്‍ രക്ഷാകര്‍തൃത്വ മാതൃകയുടെ വ്യക്തമായ  പ്രദര്‍ശനമാണ്.
തുടര്‍ന്നെന്താണ് സംഭവിക്കുന്നത്? കണക്ക് കൃത്യമായി ചെയ്യാനറിയാത്ത പെണ്‍കുട്ടിയെ സഹായിക്കാനെന്ന വണ്ണം, സ്വകാര്യ വീട്ടു ട്യൂഷന്‍ മാസ്റ്ററായ ചെറുപ്പക്കാരന്‍ അവളുടെ അടുത്തേയ്ക്ക് നീങ്ങുന്നു. ദൃശ്യത്തിനുള്ളിലെ അദൃശ്യത്തിലൂടെയാണ് കാണിയെ ഭീതിപ്പെടുത്തുന്ന വിധത്തില്‍ എന്താണ് സംഭവിക്കുന്നതെന്നത് വിശദീകരിക്കാതിരിക്കുന്നത്. ട്യൂഷന്‍ നടക്കുന്ന മുറിയുടെ വാതില്‍ തുറന്നിട്ടിട്ടുണ്ട്. ഇപ്പുറത്തെ ഉമ്മറത്തിരുന്ന് പെണ്‍കുട്ടിയുടെ പിതാവ് സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്നു. അന്തിപ്രാര്‍ത്ഥനയ്ക്കു പകരം സീരിയല്‍ കാണുന്നതാണ് കുടുംബങ്ങളിലെ ധാര്‍മികത നശിക്കുന്നതിന് കാരണമെന്ന് കന്യാസ്ത്രീയായ ആന്റി റാണി(ദിവ്യപ്രഭ)യെ ഉപദേശിക്കുന്നത് പിന്നീടാണെങ്കിലും അത് ഈ രംഗത്തോട് കൂട്ടി വായിക്കേണ്ടതാണ്. ട്യൂഷന്‍ നടക്കുന്ന മുറിയില്‍ മാസ്റ്ററായ സോണി  കുട്ടിയെ സഹായിക്കുന്നതിനായി എഴുന്നേറ്റതിനു ശേഷം എന്തു സംഭവിക്കുന്നു എന്നു നാം കാണുന്നതേ ഇല്ല. ശബ്ദങ്ങളും ഇല്ല. ഊഹിക്കാവുന്ന വിധത്തില്‍ ഇത്തരം സ്ഥലങ്ങളിലെ ദുരനുഭവങ്ങള്‍ ധാരാളമായി അറിയാവുന്ന കാണികള്‍ക്ക് ഈ (അ)ദൃശ്യം ഭീതിയോടെ അല്ലാതെ കണ്ടു തീര്‍ക്കാനാവില്ല.

വീട്ടകങ്ങളിലെ സ്വകാര്യ ട്യൂഷന്‍ എന്നത് തീര്‍ത്തും പീഡനാത്മകമായ ഒരു പ്രയോഗമായി പലയിടങ്ങളിലും പരിണമിച്ചു കഴിഞ്ഞിട്ടുണ്ട്. മാതാ പിതാ ഗുരു ദൈവം എന്നതു പോലുള്ള വിശുദ്ധവത്ക്കരണ മന്ത്രങ്ങള്‍ ഇപ്പോഴും പ്രാബല്യത്തിലുള്ളതിനാല്‍, പീഡനമേറ്റു വാങ്ങുന്നവര്‍ പോലും തുറന്നു പറയാന്‍ മടിക്കുന്നു. അഥവാ തുറന്നു പറഞ്ഞാല്‍ പോലും നീയാണ് കുറ്റക്കാരി എന്ന രീതിയിലുള്ള വിചാരണകളും ഒറ്റപ്പെടുത്തലുകളും ബഹിഷ്‌ക്കരണങ്ങളും വിദ്യാര്‍ത്ഥിനി ഏറ്റു വാങ്ങേണ്ടി വരുകയും ചെയ്യും. സ്വകാര്യാദ്ധ്യാപകനെ രക്ഷാകര്‍ത്താവും മാര്‍ഗനിര്‍ദേശകനും (മെന്റര്‍) ആയ സത് സ്വഭാവിയായി വാഴ്ത്തുകയും ചെയ്യും.

വ്യര്‍ത്ഥമായ പ്രാര്‍ത്ഥനകളും കുമ്പസാരങ്ങളും കൂദാശകളുമായി മതം, കുടുംബത്തിന്റെ മര്‍ദനാധികാരങ്ങളെയും കുറ്റവാളികളെ സംരക്ഷിച്ചെടുക്കലുകളെയും സാധൂകരിച്ചെടുക്കുകയാണിവിടെ ചെയ്യുന്നത്. താന്‍ നേരിട്ടു കണ്ട ലൈംഗികവൈകൃതം പോലും തുറന്നു പറയുന്നതില്‍ നിന്ന് കുടുംബത്തിനകത്തെ വ്യക്തി തടയപ്പെടുന്നു. അവള്‍ നിശ്ശബ്ദയാക്കപ്പെടുന്നു. അതിന് ബന്ധത്തിലുള്ള കന്യാസ്ത്രീ തന്നെ മുന്‍ കൈയെടുക്കുന്നത് ഏറെ ഉള്‍ഭയത്തോടെ മാത്രമേ നമുക്ക് ഉള്‍ക്കൊള്ളാനാവൂ.  കാഴ്ചയോ ബോധ്യമോ അല്ല, വ്യാഖ്യാനമാണ് മുന്തി നില്ക്കുന്നത് എന്ന അവസ്ഥ ഒരര്‍ത്ഥത്തില്‍ സിനിമയുടെ നിഷേധം പോലുമാണ്. താന്‍ ഇടപെടുന്ന മാധ്യമത്തിന്റെ വാസ്തവികതയെ നിഷേധിച്ചുകൊണ്ടു പോലും യാഥാര്‍ത്ഥ്യത്തിന്റെ സങ്കീര്‍ണമായ ഉള്ളിനെ അന്വേഷിച്ചുപോകാനുള്ള ചലച്ചിത്രകാരന്റെ നിശ്ചയദാര്‍ഢ്യം അസാമാന്യമാണ്.

ഗുജറാത്തിലും ഒഡീഷയിലും മണിപ്പൂരിലുമടക്കം പലയിടങ്ങളില്‍ ക്രിസ്ത്യാനികളും പുരോഹിതരും ഫാസിസ്റ്റുകളാല്‍ വേട്ടയാടപ്പെടുകയും സുവിശേഷപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍, ഫാസിസത്തെ ജനപ്രിയമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന ക്രിസങ്കികള്‍ എന്ന വിചിത്ര ജീവികള്‍ കേരളത്തിലെന്തുകൊണ്ടാണ് സജീവമാകുന്നതെന്ന് മനസ്സിലാക്കാന്‍, മറച്ചു വെക്കപ്പെടുന്ന വിശുദ്ധ-പരിശുദ്ധ കുടുംബമാഹാത്മ്യങ്ങളുടെ ഉള്ളുകള്ളികളിലേയ്ക്ക് വെളിച്ചം വീശുന്ന ഫാമിലിയുടെ ചൂട്ടുവെളിച്ചങ്ങള്‍ സഹായകമാകും. കേരളത്തിലെ അസഹനീയമായ കാരണവന്മാര്‍ വാഴ്ചകളില്‍ നിന്ന് എത്രയും വേഗം രക്ഷപ്പെട്ട് വിദേശരാജ്യങ്ങളിലെ സ്വതന്ത്ര വ്യക്തിജീവിതം കാംക്ഷിക്കുന്ന പുതുതലമുറയുടെ മനസ്സ് വായിച്ചെടുക്കാനും ഈ സിനിമ പ്രയോജനപ്പെടുന്നുണ്ട്.

ഊര്‍ജ്ജസ്വലമായ പൊതു ജീവിതത്തിന്റെയും സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിന്റെയും ബുദ്ധി ജീവിതത്തിന്റെയും കലാസാഹിത്യ മേഖലയുടെയും പശ്ചാത്തലം ഇപ്പോഴും കേരളത്തില്‍ മുഴുവനായും പിന്‍വാങ്ങിയിട്ടില്ല. മതേതരമായ ഈ പുറം ലോകത്തോട് യാഥാസ്ഥിതികര്‍ക്ക് ഒട്ടും താല്പര്യമില്ല. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് കവി വരുന്നതിനെ രൂക്ഷമായി പരിഹസിക്കുകയും മതപ്രാര്‍ത്ഥനകളില്‍ രാഷ്ട്രീയം കലര്‍ത്തി കൈയടി നേടാന്‍ നോക്കുകയും ചെയ്യുന്ന തല്ലുമാല പോലുള്ള സിനിമകളുടെ അതീവം പിന്തിരിപ്പനായ വലതുപക്ഷാഖ്യാനങ്ങള്‍ക്ക് കൈയടി ലഭിക്കുന്നതും നാം കാണുകയുണ്ടായി. പൊതുമേഖലയിലെ സാഹിത്യോത്സവങ്ങള്‍ വന്‍ വിജയമായപ്പോള്‍, അതിനെ നിസ്സാര കാരണങ്ങളാല്‍ വലതുപക്ഷം ആക്രമിക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്. ഈ മതേതര പൊതുജീവിതത്തിന്റെ നിരാസവും നിഷേധവുമാണ് കുടുംബജീവിത സുരക്ഷിതത്വം എന്ന നിലയ്ക്ക് കേരളത്തിലെ മഹാഭൂരിപക്ഷം വീട്ടകങ്ങളും നിലനിര്‍ത്തിപ്പോരുന്നതും പ്രോത്സാഹിപ്പിക്കുന്നതും.കുടുംബം എന്നത് എല്ലാം മൂടിവെക്കേണ്ട ഒരു കരിമ്പടമാണിവിടെ. ഇത് വിരിച്ചിടാന്‍ നിര്‍ബന്ധിക്കുന്നത് മതപൗരോഹിത്യവും ജാതിസാമുദായികതയും. ഈ മതപൗരോഹിത്വത്തിന്റെ സ്വാതന്ത്ര്യനിഷേധ വാഴ്ചയെ, സോണി തന്നെ ഒരവസരത്തില്‍ തുറന്നു കാട്ടുന്നുണ്ട്. സുബിനോട് അവനെ ബോര്‍ഡിംഗില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ അവന്റെ അപ്പന്‍ തീരുമാനിച്ചിരുന്നെന്നും താനാണത് തടഞ്ഞതെന്നും പറയുമ്പോള്‍, ബോര്‍ഡിംഗില്‍ ചെന്നാല്‍ പിന്നെ അച്ചന്മാര്‍ (ക്രിസ്ത്യന്‍ പാതിരിമാര്‍) പറയുന്നതും കേട്ട് തടവിലെന്ന പോലെ കഴിയേണ്ടി വരുമന്നാണ് സോണി പറയുന്നത്. പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പള്ളിക്കമ്മിറ്റിയുടെയും മേല്‍ നോട്ടവും പര്യവേക്ഷണ(സര്‍വൈലന്‍സ്)വും ഇടവകയിലെ വീടുകളിലെപ്പോഴുമുണ്ടാവും. ഇതിനെ തുറന്നു പറയാന്‍ മടിക്കുന്നതും എന്നാല്‍ സകലരും അഭിമുഖീകരിക്കുന്നതുമായ ഒരു നിത്യപ്രശ്‌നമാണെന്ന് ഡോണ്‍ പാലത്തറ തന്നെ തന്റെ ജീവിതാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നുണ്ട്.

അതേ സമയം, സോണിയെപ്പോലുള്ള ഒരു കഥാപാത്രത്തെ നാം ക്രിസ്ത്യന്‍/ഇടുക്കി/മധ്യ തിരുവിതാംകൂര്‍ എന്നിങ്ങനെയുള്ള പശ്ചാത്തലങ്ങളില്‍ മാത്രം തേടേണ്ടതോ നിലനിര്‍ത്തേണ്ടതോ അല്ല. പുറമേയ്ക്ക് മാന്യതയും ജനോപകാരപ്രദമായ സാമൂഹ്യ സമീപനവും വെച്ചു പുലര്‍ത്തുന്നവരുടെ വ്യക്തിത്വത്തില്‍ ഇരുണ്ടതും ചാരനിറം കൊണ്ട് മൂടിയതുമായ നിരവധി ഉള്ളറകളും നിഗൂഢതകളും ഉണ്ടാവാനിടയുണ്ട്. അവ രൂപീകരിക്കപ്പെടുന്നതിന് പലവിധത്തിലുള്ള കാരണങ്ങളുണ്ടാവും. എന്നാല്‍, കേവലമായ മത-സമുദായ-കുടുംബ വ്യവഹാരങ്ങളുടെ അടിസ്ഥാനങ്ങളില്‍ ആരും മഹത്വവത്ക്കരിക്കപ്പെടേണ്ടതില്ലെന്ന് തിരിച്ചറിയുകയാണ് പ്രധാനം.

വിശ്വാസങ്ങളും ആചാരങ്ങളും മനോഭാവങ്ങളും ജീവിതാനുഭവങ്ങളും തമ്മിലുള്ള സങ്കീര്‍ണമായ വേര്‍പിരിയലുകളാണ് ഡോണ്‍ പാലത്തറയുടെ സിനിമകളുടെ ഒരടിസ്ഥാനം. സിനിമ പൂര്‍ത്തീകരിക്കുന്നതിനിടയില്‍, യഥാര്‍ത്ഥത്തില്‍ ഇത്തരം ഇരട്ടമുഖങ്ങളും വിചിത്ര/വികല മനസ്സുകളുമുള്ളവരും തനിക്കറിയാവുന്നവരുമായ ആളുകളെ കണ്ടുമുട്ടുമ്പോഴുണ്ടായ പ്രയാസങ്ങളെക്കുറിച്ച് അദ്ദേഹം ഒരഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

മുഖ്യ കഥാപാത്രമായ സോണിയായി അഭിനയിക്കുന്നതിന് വിനയ് ഫോര്‍ട്ടിനെ തെരഞ്ഞെടുത്തത് എല്ലാ നിലയ്ക്കും ഉചിതമായി. നിഷ്‌കളങ്കതയുടെയും സാമാന്യമായ അംഗീകാരത്തിന്റെയും സാധാരണത്വത്തിന്റെയും എല്ലാം ഇമേജുള്ള ഈ നടന്റെ മുഖ-ശരീര ചലനങ്ങള്‍ ഇത്തരമൊരു കഥാപാത്രത്തിന്റെ അതി സങ്കീര്‍ണമായ ഉള്ളറകളെ ഒളിപ്പിച്ചു വെക്കാനും സഹായിച്ചു.

ഏറ്റവും സ്വകാര്യമായത് ഏറ്റവും രാഷ്ട്രീയനിര്‍ഭരമാണെന്ന ഫെമിനിസ്റ്റ് വ്യാഖ്യാനം ഫാമിലിയെ നിരീക്ഷിക്കുന്നതിനുള്ള അടിസ്ഥാനമായി കാണേണ്ടതുണ്ട്.  ഫാമിലിയിലെ കുടുംബം എന്നത് സോണിയുടെ കുടുംബമോ വ്യാപന (എക്‌സ്‌റ്റെന്‍ഡഡ്) കുടുംബമോ മാത്രമല്ലെന്നും അയാളുള്‍പ്പെട്ട ഇടവകയിലെ മുഴുവന്‍ വീടുകളും ഉള്‍പ്പെട്ടതാണെന്നും സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാവും. ഇതിലേതാണെങ്കിലും പക്ഷെ, പുറമേയ്ക്ക് ഭദ്രമെന്ന് തോന്നുമെങ്കിലും ശീര്‍ഷകത്തില്‍ വെട്ടിയൊട്ടിച്ചതു പോലെ ഏച്ചുകൂട്ടിയതുമാത്രമാണിവയെല്ലാമെന്നതാണ് വാസ്തവം.
നായകന്‍ തന്നെയാണിവിടെ പ്രതിനായകന്‍. എന്നാലാക്കാര്യം ആരും പരസ്യമായി സമ്മതിക്കുന്നില്ല. കുട്ടികള്‍ ആണ് അത് തിരിച്ചറിയുന്നത്. അവര്‍ മാത്രമാണ് പുലിയെ കാണുന്നതും. പുലി എന്നത് പ്രതിനായകന്റെ ഒരു രൂപകമാണിവിടെ. ഹൊറര്‍ സിനിമയുടെ ഗണത്തിലുള്ള സിനിമയായിട്ടാണ് ഫാമിലിയെ സംവിധായകനും നിര്‍മ്മാതാക്കളും അവതരിപ്പിക്കുന്നത്. പതിവു മട്ടിലുള്ള ഭീതിയും ബീഭത്സതയുമല്ല ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. പുറമേയ്ക്ക് മാന്യതയുടെയും സഹാനുഭൂതിയുടെയും സാമൂഹ്യമനോഭാവത്തിന്റെയും എല്ലാം മുഖംമൂടിയുണ്ടായിരിക്കുകയും അതേ സമയം ഒളിപ്പിച്ചുവെച്ചതും അനുഭവിക്കുന്ന ഇര മാത്രം മനസ്സിലാക്കുന്നതുമായ പീഡനങ്ങളുടെ ഭീതിയാണിവിടെയുള്ളത്.

പ്രകൃതി ഭീതിയുടെയും യാഥാസ്ഥിതികത്വത്തിന്റെയും സദാചാരകാപട്യത്തിന്റെയും കരിമ്പടപ്പുതപ്പായിട്ടാണ് ഫാമിലിയില്‍ പശ്ചാത്തലവത്ക്കരിക്കപ്പെടുന്നത്. പരിസ്ഥിതിവാദത്തെ പിന്തുണയ്ക്കുന്നതിനെടുക്കാവുന്ന ഒരു ഡോക്കുമെന്ററിയിലെന്നോണം സമൃദ്ധമായ സസ്യജാലങ്ങളുടെ നിറവ് തന്നെ നമുക്ക് ഇവിടെ കാണാം. കയറ്റിറക്കങ്ങളും ഏലം, കാപ്പി തോട്ടങ്ങളും നീര്‍ച്ചാലുകളും പ്ലാവുകളും എന്നു വേണ്ട എല്ലാം തികഞ്ഞ ഈ വന്യപ്രകൃതിയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ ആസക്തികളും മറച്ചുവെക്കപ്പെടുന്ന ക്രൂരതകളും പുറം ലോകം അറിയുന്നതേ ഇല്ല. അഥവാ അറിഞ്ഞാലും മത മാന്യതയുടെയും കുടുംബവിശുദ്ധിയുടെയും പേരില്‍ അമര്‍ത്തപ്പെടുന്നു. ഗ്രാമജീവിതത്തിന്റെ ദുസ്സഹമായ ചക്രച്ചുഴികളും ഫാമിലി വെളിപ്പെടുത്തുന്നു. ഇവയില്‍ നിന്ന് ആര്‍ക്കും മോചനമില്ല. 

Related Stories

No stories found.
logo
The Cue
www.thecue.in