സംഘ്പരിവാറിന് വേണ്ടി സുദിപ്തോ സെന്‍ ഉണ്ടാക്കിയ കേരള സ്റ്റോറി, കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐസിസിലേക്ക് പോയി എന്ന് പ്രചരിപ്പിച്ച് ട്രെയ്‌ലര്‍ റിലീസ് ചെയ്ത്, 32,000ല്‍ നിന്ന് പൂജ്യവും പൂജ്യവും പൂജ്യവും രണ്ടും വെട്ടി ബാക്കിയുള്ള 3 മാത്രം നിലനിര്‍ത്തി ഒന്നും സംഭവിക്കാത്ത മട്ടില്‍ പ്രചാരണം തുടര്‍ന്ന കേരള സ്റ്റോറി.
ഐസിസില്‍ നിന്ന് രക്ഷപെട്ട് യുഎന്‍ കാമ്പിലെത്തിയ ശാലിനി ഉണ്ണികൃഷ്ണന്റെ നരേറ്റീവില്‍ നോണ്‍ ലീനിയര്‍ സ്‌റ്റൈലില്‍, ഡോക്യുമെന്ററി പോലെ കഥ പറച്ചില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ മൂന്ന് പെണ്‍കുട്ടികളെ എങ്ങനെ ബ്രെയിന്‍വാഷ് ചെയ്ത് ട്രാപ്പ് ചെയ്ത് ഐസിസിലെത്തിച്ചുവെന്നാണ് സിനിമയുടെ കഥ. സംവിധായകനൊപ്പം സൂര്യപാല്‍ സിങ്ങും, വിപുല്‍ അമൃത് ലാല്‍ ഷായുമാണ് ചിത്രം രചിച്ചിരിക്കുന്നത്. സണ്‍ഷെന്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം.
ഓരോ സിനിമയ്ക്കും ഓരോ ഉദ്ദേശ്യം ഉണ്ട്, ലക്ഷ്യം വെയ്ക്കുന്ന പ്രേക്ഷകരുണ്ട്, പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം ഉണ്ട്. സുദീപ്‌തോ സെന്‍ ഉണ്ടാക്കിയ കേരള സ്റ്റോറിയെന്ന 138 മിനിറ്റ് നീണ്ട സിനിമയെ ഒറ്റവാക്കില്‍ ഇതിനെല്ലാം ഉത്തരം ആയി വെറുപ്പ് എന്ന മൂന്നക്ഷരത്തില്‍ പറഞ്ഞു തീര്‍ക്കാം എങ്കിലും അത് എന്തുകൊണ്ട് എന്ന് കൂടി മനസിലാക്കണം.
ആദ്യത്തേത് ഈ സിനിമ ആര്‍ക്ക് വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്, ഏത് പ്രേക്ഷകരെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാണ്. ആദ ശര്‍മയുടെ തിരുവനന്തപുരത്തുകാരി ശാലിനി ഉണ്ണികൃഷ്ണന്‍, വീട്ടില്‍ വാഴയില ഡൈനിംഗ് ടേബിളിലിട്ട് ഭക്ഷണം കഴിക്കുന്ന, വെള്ളസാരിയുടുത്ത് മുടിയഴിച്ചിട്ട് കഥകളിക്ക് ചുട്ടികുത്തുമ്പോള്‍ നോക്കി നിക്കുന്ന, കേരളത്തിലെ വോള്‍പേപ്പറാക്കുന്ന സീനറികളിലെല്ലാം കൂടി ഓടിനടക്കുന്ന എന്നാല്‍ ഒരാളെ കാണുമ്പോള്‍ ബോളിവുഡ് മലയാളത്തില്‍ 'സുകമാനോ ചേറ്റാ' എന്നും സംസാരിക്കുന്ന നിഷ്‌കളങ്കയായ ഹിന്ദു പെണ്‍കുട്ടിയാണ് ചിത്രത്തിലെ നായിക. ഈ കുട്ടി, ഈ കുട്ടിയുടെ കൊച്ചിയില്‍ നിന്നും കോട്ടയത്ത് നിന്നും മലപ്പുറത്ത് നിന്നുമെല്ലാം വന്ന കൂട്ടുകാരെല്ലാം ഏതെങ്കിലും പോയിന്റില്‍ മലയാളം സംസാരിച്ചാല്‍, മലയാളികളായി സിനിമ കാണുന്നവര്‍ക്കെല്ലാവര്‍ക്കും ചിരി വരാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ കൃത്യമായി പറയാം, ഈ സിനിമ മലയാളികള്‍ക്ക് വേണ്ടിയുള്ളതല്ല. മലയാളികള്‍ ഇങ്ങനെയാണെന്ന്, കേരളം ഇങ്ങനെയാണെന്ന് ഒരു ധാരണ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടി നിര്‍മിച്ചിട്ടുള്ളത്.
കേരളം ഇങ്ങനെയാണ്, തെക്ക് തിരുവനന്തപുരത്ത് നിഷ്‌കളങ്കയായ ഹിന്ദു പെണ്‍കുട്ടി കളിചിരിയായി നടക്കുന്നു, നഴ്‌സിംഗ് പഠിക്കാന്‍ അവര്‍ ഒരുനാള്‍ വടക്ക് കാസര്‍ഗോഡ് മുസ്ലിം മാനേജ്‌മെന്റ് നടത്തുന്ന കോളേജില്‍ എത്തുന്നു, അവിടെ ഹിജാബ് ധരിച്ചൊരു പെണ്‍കുട്ടി വരുന്നു, അവള്‍ മലപ്പുറത്ത് നിന്നല്ലെങ്കില്‍ കോഴിക്കോട് നിന്നായിരിക്കും. കോളേജില്‍ കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ചുവരെഴുത്തുകള്‍ ഉണ്ടാകും. ബിന്‍ ലാദന്റെ പോസ്റ്ററുകളുണ്ടാകും. നിരീശ്വരവാദികളായ ആരെങ്കിലും അവിടെയുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റുകളായിരിക്കും, അതും വീട്ടില്‍ കൊടികുത്തി വീടിനകത്ത് അകത്ത് ലെനിന്റെയും മാര്‍ക്‌സിന്റയുമെല്ലാം പടം ചുവരില്‍ ഫ്‌ലക്‌സ് അടിച്ചു പതിച്ച് വെക്കുന്നവരായിരിക്കും.
ഈ മലയാളി കഥാപാത്രങ്ങളെ മലയാളികളായി കണക്ട് ചെയ്യാന്‍ ഏതെങ്കിലും ഘട്ടത്തില്‍ ക്ലീഷേ ആയിരുന്നാലും ഇവരൊരു നാല് പൊറോട്ടയും ബീഫും മേടിച്ച് കഴിക്കുമെന്നെങ്കിലും വിചാരിച്ചാല്‍ അവിടെ തെറ്റി. മലയാളികളെ മലയാളികളായി കാണിച്ച് മലയാളികള്‍ക്ക് കണക്ടാക്കിയെടുക്കാന്‍ സംവിധായകന് യാതൊരു വിധ താത്പര്യവുമില്ല. കാരണം മലയാളികളല്ല ഈ സിനിമയുടെ ഓഡിയന്‍സ്.
സുദീപ്‌തോ സെന്നിന്റെ കേരള സ്റ്റോറി മെയ് 5ന് കേരളത്തില്‍ റിലീസ് ചെയ്യുന്ന സമയത്ത്, അതിന്റെ ആദ്യത്തെ ഷോകള്‍ പൂര്‍ത്തിയാക്കിത്തീരുന്നതിന് മുന്നേ കേരളത്തിന് തൊട്ടടുത്ത് കിടക്കുന്ന കര്‍ണാടകയില്‍, തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സ്റ്റോറിയെക്കുറിച്ച് സംസാരിച്ചിരുന്നു. തീവ്രവാദത്തെ തുറന്ന് കാട്ടുന്ന സിനിമ എന്ന പേരില്‍ മോദി ചിത്രത്തെ പ്രകീര്‍ത്തിച്ച സമയത്ത്, ഏകദേശം ഒന്നര മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ ആ ഭാഗത്ത് ആറ് തവണയായിരുന്നു മോദി കേരള സ്റ്റോറി, കേരള സ്റ്റോറി എന്ന് ആവര്‍ത്തിച്ച് പറഞ്ഞത്. അതിലൊരുവട്ടം കേരള സ്റ്റോറി കേരള ഫയലുമായി പോയി. കശ്മീര്‍ ഫയല്‍ പോലെ, അത് കേട്ട, അത് മനസില്‍ പതിഞ്ഞവരാണ് ഈ സിനിമയുടെ ഓഡിയന്‍സ്.
രണ്ടാമത്തേത് എന്താണ് ഈ സിനിമയുടെ ഉദ്ദേശ്യം എന്നതാണ്. ശാലിനി ഉണ്ണികൃഷ്ണനെ ചതിയിലൂടെ പ്രണയത്തിലേക്ക് കുരുക്കി മയക്ക് മരുന്നുകള്‍ നല്‍കി അഡിക്ടാക്കി ബ്രെയിന്‍വാഷ് ചെയ്ത് ഐസിസിലെത്തിക്കുന്നുവെന്ന കഥ പറയുമ്പോള്‍ ചിത്രത്തിന് കശ്മീര്‍ ഫയല്‍സുമായി സമാനത വരുന്നത് ഈ റീഡിംങിലാണ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കിയെന്ന പേരില്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി സിനിമയെടുത്തപ്പോള്‍ സിനിമയില്‍ ഉടനീളം ടാര്‍ഗറ്റ് ചെയ്യാന്‍ ശ്രമിച്ചത് മൂന്ന് കാര്യങ്ങളെയായിരുന്നു ഒന്ന് ആര്‍ട്ടിക്കിള്‍ 370 ആണ് കശ്മീരില്‍ സകല പ്രശ്‌നങ്ങളുടെയും കാരണം, രണ്ട് ജെഎന്‍യുവിലടക്കമുള്ള വിദ്യാര്‍ഥി സമരങ്ങള്‍ തീവ്രവാദികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്, മൂന്ന് സംഘ്പരിവാറിനെതിരെയും ബിജെപിക്ക് എതിരെയും മുഴങ്ങിയ ആസാദി മുദ്രാവാക്യങ്ങള്‍ കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ വിളിച്ച ആസാദിക്ക് തുല്യമാണ്.
കേരള സ്റ്റോറിയില്‍ ലക്ഷ്യം പൂര്‍ണമായും ഇസ്ലാമോഫോബിയയാണ്. കാസര്‍ഗോഡ് ശാലിനി വന്നിറങ്ങുന്ന ഓട്ടോറിക്ഷയില്‍ മാഷാ അള്ളാ എന്ന എഴുത്ത് നിര്‍ബന്ധമാണ്. ചുവരുകളില്‍ നാഷ്ണലിസം ഹറാമാണെന്ന് എഴുതിയിരിക്കുന്നുണ്ട്, ഹിജാബ് ധരിച്ച പെണ്‍കുട്ടി സുഹൃത്തായെത്തുന്നത് സൗഹൃദത്തിന് വേണ്ടിയല്ല, മറിച്ച് മതപരിവര്‍ത്തനത്തിനും തീവ്രവാദത്തിനും ലക്ഷ്യം വെച്ചാണ്. ഇസ്ലാമാണ് മികച്ചതെന്നും അള്ളായാണ് ഏകദൈവമെന്നും പറഞ്ഞ് അവര്‍ നമ്മുടെ റൂട്ടും കള്‍ച്ചറും അറിയാത്തവരെ മയക്കിക്കൊണ്ടിരിക്കും, ഫോറിന്‍ ഐഡിയോളജിയായ കമ്മ്യൂണിസം വിശ്വസിച്ച പെണ്‍കുട്ടികള്‍ അതില്‍ മയങ്ങിപ്പോകും. കൃസ്ത്യാനിയാണെങ്കില്‍ അവര്‍ വിശ്വാസികളായതുകൊണ്ട് ആദ്യമൊക്കെ പിടിച്ച് നിന്നേക്കും പക്ഷേ അവരെ വഴിക്കുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് പ്രതികാരം ചെയ്യും. മതപരിവര്‍ത്തനത്തിനും തീവ്രവാദ റിക്രൂട്ട്‌മെന്റിനും അപ്പുറത്തേക്ക് ആ ഹിജാബ് ധരിച്ച പെണ്‍കുട്ടിയ്ക്ക് വേറെ ലക്ഷ്യങ്ങളില്ല.
ശാലിനിയെ ബ്രെയിന്‍വാഷ് ചെയ്ത് ഐസിസിലേക്കെത്തിച്ചുവെന്ന് പറയുന്ന സിനിമ രണ്ട് മണിക്കൂര്‍ പതിനെട്ട് മിനിറ്റ് പ്രേക്ഷകരെ ഇസ്ലാം വയലന്‍സിന്റെ മതമാണെന്നും അതില്‍ തീവ്രവാദമല്ലാതെയൊന്നുമില്ലെന്നും ഇന്‍ജക്ട് ചെയ്ത് ബ്രെയിന്‍വാഷ് ചെയ്യുകയാണ്.
അതിന് സിനിമ ഉപയോഗിക്കുന്ന ടൂളുകള്‍, വളരെ കൃത്യമായി എഴുതപ്പെട്ടിട്ടുള്ളതാണ്. ആസിഫ എന്ന ഐസിസ് റിക്രൂട്ട്‌മെന്റ് ഏജന്റായ കൂട്ടുകാരി തന്റെ വഴിക്ക് വരാത്ത മറ്റ് മതസ്തരായ മൂന്ന് പെണ്‍കുട്ടികളെയും തന്റെ സംഘത്തിലുള്ള പുരുഷന്മാരെക്കൊണ്ട് മാളില്‍ വെച്ച് ആക്രമിക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്യുന്നു, പിന്നീട് ആസിഫ പറയുന്ന വാക്ക് ഹിജാബ് ധരിച്ച ഒരു പെണ്ണും ഇവിടെ ആക്രമിക്കപ്പെടില്ലെന്നാണ്. അതവളുടെ മറ്റുള്ളവരെ ഹിജാബിലേക്ക് ആകര്‍ഷിക്കാനുള്ള കുതന്ത്രമാണ്, അതുവഴി അവളവര്‍ക്ക് ഹിജാബ് നല്‍കുന്നു, അവരെ ധരിപ്പിക്കുന്നു അതോടെ അവര്‍ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. അതുവഴി മതപരിവര്‍ത്തനത്തിലേക്കും ഐസിസിലേക്കും അഡ്മിഷന്‍ കൊടുക്കുന്നു.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികള്‍ പുറത്താക്കപ്പെട്ട നാട്ടില്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നാട്ടില്‍ സുദീപ്‌തോ സെന്‍ ഒറ്റയടിക്ക് ഹിജാബ് ഐസിസിന്റെ റിക്രൂട്ട്‌മെന്റ് ടൂളാക്കി മാറ്റി. തൊട്ടടുത്തൊരു ഹിജാബ് ധരിച്ച പെണ്‍കുട്ടി വന്നിരുന്നാല്‍ ഭയക്കണമെന്നും, അവരുടെ വീട്ടില്‍ പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ പോയാല്‍ അവര്‍ നിങ്ങളോട് കാണിക്കുന്ന സ്‌നേഹം പോലും ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നും സംവിധായകന്‍ പറയുന്നു. ഇത് മലയാളിയോട് പറഞ്ഞാല്‍ മലയാളി ചെരുപ്പൂരി അടിക്കുമെന്നുറപ്പുള്ളതുകൊണ്ട് തന്നെയായിരിക്കും സെന്‍ ഇത് മലയാളിയുടെ കഥയാക്കി ഇന്ത്യയോട് പറയുന്നത്, ഒരുവെടിക്ക് കേരളവും ഇസ്ലാമും രണ്ടും വെറുക്കപ്പെട്ടതാക്കാം.
എന്ത് സന്ദേശമാണ്, എന്ത് പങ്കുവെക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് നോക്കിയാല്‍, ദൃശ്യ ശ്രവ്യ മാധ്യമമെന്ന നിലയില്‍ എന്താണ് കേരള സ്റ്റോറിയുടെ മാസ്റ്റര്‍ പ്ലാന്‍ എന്ന് നോക്കണം. ചെമ്മരിയാടിന്റെ തലയറുത്തിട്ട് അതില്‍ ചോരവീണ് കിടക്കുന്നത് കാണിച്ച് തുടങ്ങുന്ന സിനിമയില്‍ വയലന്‍സിന് പ്രത്യേക ഇടമുണ്ട്. അത് സിനിമയുടെ ഏതെല്ലാം ഘട്ടത്തില്‍ പ്രേക്ഷകനെ അസഹനീയമാക്കുന്ന വിധത്തില്‍ ഡിസ്റ്റര്‍ബ് ചെയ്യിക്കുന്ന തരത്തില്‍ ഉപയോഗിക്കണമന്നതിനെക്കുറിച്ച് സംവിധായകന് ധാരണയുണ്ട്.
ഒരുപക്ഷേ റിസര്‍ച്ചില്ലാതെ, തെളിവുകളുടെ പിന്‍ബലമില്ലാതെ, പ്രൊപ്പഗാന്റയ്ക്ക് വേണ്ടി എഴുതിയുണ്ടാക്കിയ ഒരു തിരക്കഥയും ഡയലോഗുമാണ് ഈ പടമെന്നും തനിക്ക് എത്ര പരിശ്രമിച്ചാലും ഇത് വിശ്വസനീയമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അറിയാവുന്ന കൊണ്ടായിരിക്കാം സംവിധായകന്‍ വയലന്‍സിനെ ഈ ഘട്ടത്തില്‍ കൂട്ടുപിടിക്കുന്നത്.
ഗര്‍ഭിണിയായ ശാലിനിയെ അവളുടെ വസ്ത്രമഴിച്ച് പിന്നില്‍ നിന്ന് റേപ്പ് ചെയ്യുന്ന ഭര്‍ത്താവിന്റെ രംഗം മുതല്‍, പലവട്ടം ആവര്‍ത്തിക്കുന്ന റേപ്പുകളും തലയറുക്കലും കൈവെട്ടലുമെല്ലാം പ്രേക്ഷകനെ ഡിസ്റ്റര്‍ബ് ചെയ്യിക്കുമെന്നുറപ്പാക്കുന്ന തരത്തില്‍ ചിത്രീകരിച്ചിട്ടുള്ളതാണ്. ഇത് തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് അവിടെ പശ്ചാത്തലസംഗീതം അസഹനീയമാവുകയും, വിശ്വസിക്കുന്നവര്‍ക്ക് ഡിസ്റ്റര്‍ബന്‍സ് കൂട്ടുകയും ചെയ്യുന്നു.
പക്ഷേ ഈ വയലന്‍സെല്ലാം സിനിമയില്‍ ഇസ്ലാമിനെയല്ല ഐസിസിനെയാണ് കാണിക്കുന്നതെന്ന് വേണമെങ്കില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പറയാം. പക്ഷേ കശ്മീര്‍ ഫയല്‍സുപോലെ തന്നെ കേരള സ്റ്റോറിയിലും മഷിയിട്ട് നോക്കിയാല്‍ പോലും ഒരു തീവ്രവാദിയല്ലാത്ത ഗൂഢ ഉദ്ദേശ്യമില്ലാത്ത സാധാരണ മനുഷ്യനായ മുസ്ലിമിനെ കാണാന്‍ കഴിയാതെ വരുമ്പോള്‍ ആ ന്യായീകരണത്തിന് പ്രസക്തിയുണ്ടാവില്ല. അല്ലെങ്കില്‍ തന്നെ മുസ്ലിമായാല്‍ രാജ്യസ്‌നേഹം തെളിയിക്കേണ്ട അഡിഷണല്‍ ബാധ്യതയുണ്ട് എന്ന് പറഞ്ഞുവെച്ചിട്ടുള്ള നാട്ടില്‍ സ്റ്റീരിയോടൈപ്പ് ചെയ്തുവെച്ചിട്ടുള്ള നാട്ടില്‍ അത് ഇസ്ലാമോഫോബിയയിലേക്കൊഴിച്ചുകൊടുക്കുന്ന പെട്രോളാണ്.
കേരളമെന്നാല്‍ തീവ്രവാദം കൊണ്ട് ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബായിട്ടാണ് സിനിമയില്‍ പറയുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ അതുകൊണ്ടാണെന്ന് തോന്നുന്നു സെന്‍ ഒരു ടിക് ടിക് ശബ്ദം പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിരിക്കുന്നതും. 32,000മല്ല അമ്പതിനായിരത്തില്‍ പരമാണ് ചതിക്കപ്പെട്ട പെണ്‍കുട്ടികളുടെ കണക്ക്. നാശത്തിലേക്കാണ് കേരളം പൊയ്‌ക്കൊണ്ടിരിക്കുന്നത്. ടീസറില്‍ വിഎസിന്റെ സംഭാഷണത്തിന് സബ്‌ടൈറ്റിലില്‍ വേറെയര്‍ത്ഥം കൊടുത്ത സെന്‍, പടത്തിനകത്ത് ആ നുണ ഡയലോഗുമാക്കുന്നുണ്ട്.
സിനിമ തീര്‍ന്ന് അവസാനിക്കുമ്പോള്‍ യഥാര്‍ത്ഥ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണെന്ന് പറയുന്ന വിഷ്വലുകളും അണിയറപ്രവര്‍ത്തകര്‍ വിശ്വാസ്യതയ്ക്ക് വേണ്ടി നിരത്തുന്നതുകൂടെ ചെയ്യുമ്പോള്‍ കേരളം പുറം ലോകത്തിന് മുന്നില്‍ ഒരു ഐസിസ് റിക്യൂട്ട്‌മെന്റ് സെന്ററായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.
കേരള സ്റ്റോറിയുടെ പബ്ലിക് റിവ്യുകളില്‍ കേരളത്തിനകത്തെ ഒരു തിയറ്ററില്‍ നിന്നിറങ്ങിയ സ്ത്രീ ക്യാമറ നോക്കി പറഞ്ഞു, എനിക്ക് രണ്ട് പെണ്‍മക്കളുള്ളതുകൊണ്ട് ഞാന്‍ പടം കാണാന്‍ വന്നതാണെന്ന്, ഏകദേശം രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായി വൈറലായ മറ്റൊന്നുണ്ടായിരുന്നു ഒരു വീട്ടമ്മയുടെ ഡയലോഗ്. ഞാനീ കുറി തൊട്ടിരിക്കുന്നത് എന്റെ പെണ്‍മക്കളെ ഒരു കാക്കയും കൊത്തിക്കൊണ്ട് പോകാതിരിക്കാനാണെന്ന്. അത്തരം വിശ്വാസങ്ങളില്‍ നിലനിന്ന് പോകുന്ന, മൃദുഹിന്ദുത്വയില്‍ മുങ്ങി തീവ്രഹിന്ദുത്വയിലേക്ക് മറിയാന്‍ ചഞ്ചലപ്പെട്ടിരിക്കുന്ന, കശ്മീര്‍ ഫയല്‍സ് കണ്ട് കൈയ്യടിച്ച, കേരളത്തില്‍ നിന്ന് 32,000 പേര്‍ ഐസിസില്‍ പോയ വാര്‍ത്ത വാട്‌സാപ്പില്‍ വായിച്ച, അയച്ച കുടുംബങ്ങളിലെല്ലാം ഈ ഭയം ഉറപ്പായും ഉണ്ടാക്കിയെടുക്കാന്‍ ഈ സിനിമയ്ക്ക് കഴിയും. അതാണ് ആ സിനിമയുടെ ഉദ്ദേശ്യമെന്നിരിക്കെ 100 ശതമാനം വെറുപ്പ് പ്രചരിപ്പിക്കലാണ് ലക്ഷ്യമെന്നിരിക്കെ കേരള സ്റ്റോറി ആ ലക്ഷ്യം പതിയെ കണ്ടുകൊണ്ടിരിക്കും, പ്രധാനമന്ത്രിയെ പോലുള്ളവരുടെ വാലിഡേഷനുകള്‍ അതിന് വേഗത കൂട്ടുകയും ചെയ്യും. ഇതിനിടയില്‍ കേരളത്തെയറിയാവുന്നവര്‍ എന്ത് ചെയ്യും ?
മലപ്പുറത്ത് ആനയെ ബോംബ് വെച്ച് കൊന്നിട്ടില്ലെന്ന് തെളിയിച്ചെടുക്കാന്‍ ഇനിയും മലയാളികള്‍ രണ്ടും കല്‍പ്പിച്ചിറങ്ങേണ്ടിവരും, പള്ളിക്കമ്മിറ്റി നടത്തിക്കൊടുക്കുന്ന ഹിന്ദുവിവാഹങ്ങള്‍ ലവ് ജിഹാദുകളല്ലെന്ന് നിരന്തരം തര്‍ക്കിേേക്കണ്ടി വരും. ലക്ഷ്യത്തിലൊന്ന് കേരളമാണ്. അതുകൊണ്ട് പ്രതിരോധിക്കാന്‍ നമ്മളൊന്നിച്ചിറങ്ങേണ്ടിയും വരും. പക്ഷേ കേരളത്തിന്റെ സെക്കുലറിസത്തിന്റെ അടിത്തറ ഒരു സിനിമ കൊണ്ട് തകര്‍ക്കപ്പെടുന്നതല്ല. ഇനിയും കേരള സ്റ്റോറികളും, ഫയലുകളുമുണ്ടാക്കപ്പെട്ടാലും അതിനൊരു കോട്ടവും സംഭവിക്കില്ല, കാരണം യഥാര്‍ത്ഥ മതസൗഹാര്‍ദ്ദത്തിന്റെ സാഹോദര്യത്തിന്റെ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരള സ്‌റ്റോറികള്‍ നമുക്കറിയാം, അതിന് ചുമ്മാ കണ്ണ് തുറന്ന് അപ്പുറത്തേക്കും ഇപ്പുറത്തേക്കും ഒന്ന് നോക്കിയാല്‍ മതി.