വിഖ്യാത ചലച്ചിത്രകാരന്‍ സ്‌പൈക്ക് ലീയുടെ പുതിയ ചിത്രം ദ ഫൈവ് ബ്ലഡ്‌സ് പറയുന്ന രാഷ്ട്രീയം, ഗോകുല്‍ കെ.എസ് എഴുതിയ നിരൂപണം
"War is about money. Money is about war."
-Stormin' Norman
സ്‌പൈക്ക് ലീ (Spike Lee) കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി തന്റെ സിനിമകളിലൂടെ പോരാടുന്നത് അമേരിക്കൻ സമൂഹത്തിലും സിനിമയിലും അന്തർലീനമായിരിക്കുന്ന വംശീയ വിവേചനത്തിനും അതിനെ താങ്ങിനിർത്തുന്ന ദൃശ്യ-ചരിത്ര ആഖ്യാനങ്ങൾക്കും വ്യവസ്ഥിതിക്കും എതിരെയാണ്. ഇരുപത്തി നാലാമത്തെ ഫീച്ചർ ചിത്രമായ 'ദ ഫൈവ് ബ്ളഡ്‌സ്' -ൽ (Da 5 Bloods) എത്തിനിൽക്കുമ്പോൾ ആ പോരാട്ടം ലീ തുടരുകയാണ്. "ഒരു സിനിമയെ വിമർശിക്കാനുള്ള ഏറ്റവും നല്ല മാർഗം മറ്റൊരു സിനിമ നിർമ്മിക്കുക എന്നതാണ്" എന്ന് ഗൊദാർദ് (Jean Luc Godard) ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഹോളിവുഡ് സിനിമകളിലും മുഖ്യധാരാ അമേരിക്കൻ ചരിത്ര വ്യവഹാരത്തിലും അധീശ വർഗ്ഗത്തിന്റെ ഇടപെടലുകൾ മൂലം അടിഞ്ഞുകൂടിയിട്ടുള്ള വംശീയശുദ്ധിയുടെ (racial superiority), വർണ്ണവിവേചനത്തിന്റെ (racial discrimination), വെളുത്തവരുടെ മേധാവിത്വത്തിന്റെ (white supremacy) തെറ്റായ ബോധ്യങ്ങളെയും ബിംബങ്ങളെയും പൊളിച്ചെഴുതി തന്റെ സിനിമകളിലൂടെ തിരുത്തുകയാണ് സ്‌പൈക് ലീ ചെയ്യുന്നത്. 'ഡു ദ റൈറ്റ് തിങ്' (Do the Right Thing), 'മാൽക്കം എക്‌സ്' (Malcolm X), 'ക്രൂക്ലിൻ' (Crooklyn), 'ഇൻസൈഡ് മാൻ' (Inside Man), 'ബ്ലാക്ക്‌ലാൻസ്‌മാൻ' (BlacKKKlansman) എന്നീ സിനിമകൾ മുതൽ 'ദ ഫൈവ് ബ്ളഡ്‌സ്' വരെയുള്ള ലീയുടെ സിനിമകൾ കണ്ടിരിക്കേണ്ട സിനിമകളായി മാറുന്നത് കീഴാളരായി അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ കൊണ്ട് തന്നെയാണ്.
വിയറ്റ്നാമിൽ മൂന്ന് പതിറ്റാണ്ടുകളായി നീണ്ടു നിന്ന യുദ്ധത്തിൽ 1960 -കളിൽ അമേരിക്കൻ സൈന്യത്തിലുണ്ടായിരുന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജരായ നാല് പേർ വർഷങ്ങൾക്കിപ്പുറം തങ്ങൾ യുദ്ധം ചെയ്‌ത ഇടത്തേക്ക് മടങ്ങി പോവുകയാണ്. പോൾ (Paul), ഓട്ടിസ് (Otis), മെൽവിൻ (Melvin), എഡി (Eddie) എന്നിവർ ഹോ ചിമിൻ സിറ്റിയിലെ (Ho Chi Ming City) ഒരു ഹോട്ടലിൽ വച്ച് വീണ്ടും കണ്ടുമുട്ടുന്നു. അവർ മടങ്ങി വന്നിരിക്കുന്നത് ചില ലക്ഷ്യങ്ങളോടെയാണ്. "അവൻ നമ്മുടെ മാർട്ടിനും മാൽക്കവും ആയിരുന്നു" എന്ന് അവർ നാല് പേരും സ്‌നേഹത്തോടെ ഓർക്കുന്ന 'സ്റ്റോമിങ് നോർമൻ' -ന്റെ (Stormin' Norman) ഭൗതികാവശിഷ്‌ടം യുദ്ധം നടന്ന താഴ്വാരങ്ങളിൽ നിന്ന് കണ്ടെത്തി അമേരിക്കയിലേക്ക് തിരിച്ചു കൊണ്ട് പോകാനും പണ്ട് യുദ്ധം നടക്കുന്ന സമയത്ത് അവർ അഞ്ചുപേരും ചേർന്ന് കുഴിച്ചിട്ട ഒരു 'നിധി' കണ്ടെത്താനുമാണ് നാല് പേരും ഒത്തുകൂടിയിരിക്കുന്നത്. വിയറ്റ് കോങ് -നു (Viet Cong) എതിരെയുള്ള പോരാട്ടത്തിൽ അമേരിക്കൻ സൈന്യത്തിന് ഒപ്പം ഉണ്ടായിരുന്ന അന്നത്തെ ദക്ഷിണ വിയറ്റ്നാമീസ് പോരാളികൾക്ക് നൽകാനായി അമേരിക്കൻ ചാര സംഘടനയുടെ (CIA) പ്രത്യേക യുദ്ധവിമാനത്തിൽ കോടികൾ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടികൾ എത്തിച്ചിരുന്നു. എന്നാൽ അത് നോർമനും സംഘവും അവിടെ രഹസ്യമായി കുഴിച്ചിടുകയായിരുന്നു. യുദ്ധത്തിൽ ജീവൻ പണയപ്പെടുത്തി മുൻനിരയിൽ നിന്ന് പോരാടുന്ന കറുത്ത വർഗ്ഗക്കാരായ സൈനികർ യുദ്ധം കഴിഞ്ഞ് യു.എസ്. -ലേക്ക് മടങ്ങി പോകുമ്പോൾ സ്വന്തം രാജ്യത്ത് അവർക്ക് രണ്ടാംകിട പൗരന്മാരുടെ സ്ഥാനമാണ് ഉള്ളത് എന്ന തിരിച്ചറിവിൽ നിന്നുകൊണ്ട്, പിന്നീട് നഷ്ടപരിഹാരമായി (reparations) ഈ സ്വർണം ആവശ്യപ്പെട്ട് അമേരിക്കയിലേക്ക് കൊണ്ട് പോയി ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെ ഉന്നമനത്തിനായി ഉപയോഗിക്കാം എന്ന് നോർമനും സംഘവും തീരുമാനിച്ചതിനെ തുടർന്നാണ് അന്ന് അവർ ആ സ്വർണം അവിടെ കുഴിച്ചിട്ടത്
"ശക്തരായ അമേരിക്കക്ക് വേണ്ടി എന്റെ സഹോദരങ്ങളെയോ, അല്ലെങ്കിൽ കുറച്ച് ഇരുണ്ട നിറമുള്ളവരെയോ, അതുമല്ലങ്കിൽ പാവപെട്ട പട്ടിണിയനുഭവിക്കുന്ന ആളുകളെയോ വെടിവെച്ചു വീഴ്ത്താൻ എന്റെ മനഃസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല. എന്തിന് വേണ്ടിയാണ് അവരെ വെടിവെച്ച് വീഴ്ത്തേണ്ടത്? അവർ എന്നെ ഒരിക്കലും 'നിഗ്ഗർ' എന്ന് വിളിച്ചിട്ടില്ല. അവർ എന്നെ ഒരിക്കലും കയ്യേറ്റം ചെയ്യുകയോ അക്രമിക്കുകയോ ചെയ്‌തിട്ടില്ല. അവർ വലിയ സമ്പന്നരോ പണമുള്ളവരോ ആണെന്ന രീതിയിൽ എന്നോട് പെരുമാറിയിട്ടില്ല. അവർ എന്നിൽ നിന്ന് എന്റെ ദേശീയതയെ കവർന്നെടുത്തിട്ടില്ല," 1978 ഫെബ്രുവരി 26 -നു ചിക്കാഗോയിൽ വച്ച് മുഹമ്മദ് അലി (Muhammad Ali) ഒരു അഭിമുഖത്തിൽ പറഞ്ഞ ഈ വാക്കുകളുടെ യഥാർത്ഥ ഫുട്ടേജാണ് (footage) സ്‌പൈക് ലീ സിനിമ തുടങ്ങുമ്പോൾ ആദ്യം കാണിക്കുന്നത്. വിയറ്റ്നാമിലെ യുദ്ധത്തിനെതിരെ സംസാരിച്ചതിന് അറസ്റ്റ് ചെയ്യപ്പെടുകയും ലോക ചാംപ്യൻഷിപ് പട്ടം അടക്കമുള്ള അലിയുടെ നേട്ടങ്ങൾ അമേരിക്ക തിരിച്ചെടുത്തതും ചരിത്രമാണ്. മാർവിൻ ഗെയുടെ (Marvin Gaye) "ഇന്നർ സിറ്റി ബ്ലൂസ്" (Inner City Blues (Make Me Wanna Holler)) എന്ന ഗാനം പശ്ചാത്തലത്തിൽ നിലനിർത്തിക്കൊണ്ട് മുഹമ്മദ് അലിയുടെ വാക്കുകളിൽ ആരംഭിച്ച് വിയറ്റ്നാമിലെ അമേരിക്കൻ യുദ്ധത്തിന്റെ കാലഘട്ടത്തിലെ നിരവധി ഫുട്ടേജുകളും, ചിത്രങ്ങളും, പോസ്റ്ററുകളും അടങ്ങുന്ന 'ഹിസ്റ്റോറിക്കൽ മൊണ്ടാഷ്' (historical montage) -ലൂടെയാണ് 'ദ ഫൈവ് ബ്ളഡ്‌സ്' തുടങ്ങുന്നത്. സ്‌പൈക്ക് ലീയുടെ 'മാൽക്കം എക്‌സ്' (Malcolm X) എന്ന ചിത്രം തുടങ്ങുന്നത് ലോസ് എൻജെലസ് പോലീസ് 1991 -ൽ നിർമ്മാണ തൊഴിലാളിയായിരുന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജൻ റോഡ്‌നി കിംഗ് -നെ (Rodney King) മർദിക്കുന്ന ഫുട്ടേജോഡ് (footage) കൂടിയായിരുന്നു.
വിയറ്റ്നാമിലെ യുദ്ധത്തിൽ പങ്കെടുത്ത ആഫ്രിക്കൻ-അമേരിക്കൻ വംശജരായ സൈനികരുടെ ചിത്രങ്ങൾ, അക്കാലയളവിൽ ദൃശ്യ മാധ്യമങ്ങളിലൂടെ ലോകം ഞെട്ടലോടെ കണ്ട യുദ്ധത്തിന്റെ കാഴ്ച്ചകൾ, 1969 -ലെ അപ്പോളോ 11 -ന്റെ വിക്ഷേപണവും നീൽ ആംസ്‌ട്രോങ്ങിന്റെ വാക്കുകളും പിന്നെ അതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ, 1962 -ൽ മാൽക്കം എക്‌സ് (Malcolm X) ചിക്കാഗോയിൽ നടത്തിയ പ്രസംഗം, 1968 -ലെ മെക്‌സിക്കോ ഒളിംപിക്‌സിൽ 200 മീറ്ററിൽ മെഡലുകൾ നേടിയ ടോമി സ്‌മിത്തും (Tommie Smith) ജോൺ കാർലോസും (John Carlos) അമേരിക്കൻ ദേശീയ ഗാനം മുഴങ്ങുമ്പോൾ കറുത്ത ഗ്ലവ്സ് ധരിച്ചു ഒരു കൈ മുകളിലേക്ക് ഉയർത്തി പിടിച്ച് പോഡിയത്തിൽ നിൽക്കുന്ന ചിത്രം (Black Power Salute), തൊഴില്ലായ്‌മയ്‌ക്ക് എതിരെ നടന്ന സമരങ്ങൾ, അറുപതുകളിലെ ഹാർലെമിലുള്ള (Harlem) കറുത്തവർഗ്ഗക്കാരുടെ ജീവിത കാഴ്ച്ചകൾ, "അമേരിക്ക കറുത്ത വർഗ്ഗക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു" എന്ന് 1968 -ൽ പൊട്ടിത്തെറിക്കുന്ന ക്വമെ ടൂറിന്റെ (Kwame Ture) വാക്കുകൾ, ഏൻജെല ഡേവിസ് (Angela Davis) 1969 -ൽ ഓക്ക്ലാൻഡിൽ നടത്തിയ പ്രസംഗം, ഓപ്പറേഷൻ റാൻഞ്ച് ഹെഡ് -ന്റെ (Operation Ranch Hand) ഭാഗമായി രാസവസ്‌തുവായ 'ഏജന്റ് ഓറഞ്ച്' (Agent Orange) അമേരിക്കൻ സൈന്യം വിയറ്റ്നാമിൽ വിന്യസിക്കുന്നത്, വിയറ്റ്നാമിലെയും കംബോഡിയയിലെയും അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ഒത്തുകൂടിയ ഒഹായോയിലെ കെന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ (Kent State University) നിരായുധരായ മുന്നൂറോളം വിദ്യാർത്ഥികളിൽ പതിമൂന്നു പേരുടെ നേരെ ഒഹായോ നാഷണൽ ഗാർഡ് (Ohio National Guard) 1970 മെയ് 4 -ന് വെടിയുതിർത്ത 'കെന്റ് സ്റ്റേറ്റ് ഷൂട്ടിംഗ്' (Kent State Shooting), ജോൺ ഫിലോ (John Filo) തന്റെ ക്യാമറയിൽ പകർത്തിയ കെന്റിൽ കൊലചെയ്യപ്പെട്ട ജെഫ്‌റി മില്ലറുടെ (Jeffrey Miller) അരികിൽ പൊട്ടിക്കരയുന്ന മേരി ആൻ വെച്ചിയോയുടെ (Mary Ann Vecchio) ചിത്രം, ജാക്‌സൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ (Jackson State University) കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികൾ ലിഞ്ച് സ്‌ട്രീറ്റിൽ (Lynch Street) മിസിസിപ്പി പോലീസിന്റെ അക്രമത്തിന് ഇരയാകുകയും ഫിലിപ് ഗിബ്സ് (Phillip Gibbs), ജെയിംസ് ഏൾ ഗ്രീൻ (James Earl Green) എന്നീ രണ്ട് വിദ്യാർത്ഥികൾ വെടിയേറ്റ് കൊലചെയ്യപെടുകയും ചെയ്‌ത 1970 മെയ് 15 -ലെ 'ജാക്‌സൺ സ്റ്റേറ്റ് കില്ലിങ്‌സ്' (Jackson State Killings), ബുദ്ധമത പുരോഹിതനായ തിക്ക് ക്വങ് ഡുക് (Thich Quang Duc) 1963 ജൂൺ 11 -ന് ങ്ങോ ദിൻ ഡീയെം -ന്റെ (Ngo Din Diem) ഭരണകൂടത്തിനെതിരെ സായ്‌ഗോണിൽ (Saigon) ആത്മാഹുതി ചെയ്യുന്ന മാൽക്കം ബ്രൗൺ (Malcolm Browne) എടുത്ത ചിത്രം, 1968 -ൽ ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലെ (Democratic National Convention) യുദ്ധ-വിരുദ്ധ പ്രക്ഷോഭങ്ങൾ, ലിൻഡൻ ബി.ജോൺസണ് (Lyndon B.Johnson) എതിരെ "വാർ ക്രിമിനൽ" എന്ന പ്ലക്കാർഡ് ഉയർത്തിക്കാട്ടി നടന്ന പ്രതിഷേധങ്ങൾ, ജനറൽ ങ്ങുയെൻ ങ്ങോക് ലോൺ (Gen. Nguyen Ngoc Loan) വിയറ്റ് കോങിന്റെ (Viet Cong) ബേ ലോപ് -നെ (Nguyen Van Lem) ക്രൂരമായി വെടിവെച്ചിടുന്ന NBC -യുടെ ക്യാമറാമാനായ വോ സുവും (Vo Su) അസ്സോസിയേറ്റ് പ്രസ് -ന്റെ എഡി ആഡംസും (Eddie Adams) എടുത്ത വിഡിയോയും ചിത്രവും, 1972 -ലെ നാപ്പാം ബോംബ് ആക്രമണം (Napalm Bombing), റിച്ചാർഡ് നിക്‌സന്റെ രാജി പ്രഖ്യാപനം, ബോട്ടിലേറി പലായനം ചെയ്യുന്ന വിയറ്റ്നാം അഭയാർത്ഥികൾ ("boat people"); ഇത്രയും സംഭവങ്ങൾ ഉൾപ്പെടുത്തിയ മൊണ്ടാഷ് (Montage) അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്‌ധവും സംഘർഷഭരിതമായ കാലഘട്ടത്തെ ഒരിക്കൽ കൂടി ഓർമ്മപെടുത്തുകയാണ്.
തുടക്കത്തിലുള്ള മൊണ്ടാഷിൽ ബോബി സീൽ (Bobby Seale) 1968 -ൽ ഓക്ക്ലാൻഡിൽ (Oakland) നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് 'ദ ഫൈവ് ബ്ളഡ്‌സ്' എന്ന സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ആമുഖമാകുന്നത് എന്ന് പറയാം. "ആഭ്യന്തര യുദ്ധത്തിൽ 186,000 കറുത്ത വംശജരായ സൈനികരാണ് പോരാടിയത്, അന്ന് നമ്മൾക്ക് വാഗ്‌ദാനം ചെയ്യപ്പെട്ട സ്വാതന്ത്ര്യം നമ്മൾക്ക് ലഭിച്ചില്ല. രണ്ടാം ലോക മഹായുദ്ധത്തിൽ പോരാടിയ 850,000 സൈനികർ ആഫ്രോ-അമേരിക്കൻ വംശജർ ആയിരുന്നു, അന്നും നമ്മൾക്ക് സ്വാതന്ത്യ്രം വാഗ്‌ദനം ചെയ്‌തിരുന്നു, പക്ഷേ നമ്മൾക്ക് അത് കിട്ടിയില്ല. ഇപ്പോൾ ഇതാ വിയറ്റ്നാം യുദ്ധത്തിലും നമ്മൾ പോവുകയാണ്, ഇപ്പോഴും നമ്മൾക്ക് ഒന്നും ലഭിച്ചിട്ടില്ല, വംശീയവിദ്വേഷം കലർന്ന പോലീസ് ക്രൂരത മാത്രമാണ് നമ്മൾ നേരിടുന്നത്," ഹുയെ പി.ന്യൂട്ടനൊപ്പം (Huey P. Newton) ചേർന്ന് ബ്ലാക്ക് പാന്തർ പാർട്ടി (Black Panther Party) ആരംഭിച്ച ബോബി സീലിന്റെ വാക്കുകൾ ഇപ്പോഴും അമേരിക്കൻ സിനിമയും ചരിത്രം രചിക്കുന്നവരും സൗകര്യപൂർവം മറക്കുന്ന യാഥാർഥ്യങ്ങളും വസ്തുതകളുമാണ്. സ്വർണക്കട്ടികൾ കണ്ടെടുക്കുമ്പോൾ നോർമൻ പറയുന്ന വാക്കുകൾ സിനിമയുടെ രാഷ്ട്രീയ നിലപാട് കൂടിയാണ്; "നമ്മൾ ആയിരുന്നു ഈ ചുവപ്പ്, വെള്ള, നീലക്ക് (യു.എസ് പതാക) വേണ്ടി ആദ്യമായി മരിച്ചു വീഴുന്നത്. ബോസ്റ്റൺ കൂട്ടക്കൊലയിൽ (Boston Massacre -1770) ആദ്യം വീഴുന്നത് നമ്മുടെ സഹോദരൻ ക്രിസ്പസ് അറ്റക്സ് (Crispus Attucks) ആയിരുന്നു. ഒരു നാൾ നമ്മൾക്കു അർഹിക്കുന്ന ഇടം അവർ നമ്മൾക്ക് നൽകും എന്ന പ്രതീക്ഷയിൽ ഈ രാജ്യം ഉണ്ടായ കാലം മുതൽ നമ്മൾ മരിച്ചു വീഴുകയാണ്. പക്ഷേ അവർ നമ്മളെ കാലുകൊണ്ട് ചവുട്ടി വീഴ്ത്തുക മാത്രമാണ് ചെയ്യുന്നത്. ഞാൻ പറയുന്നു, യു.എസ്.എ നമ്മളോട് കടപ്പെട്ടിരിക്കുന്നു, ഈ രാജ്യം പടുത്തുയർത്തിയത് നമ്മളാണ്".
വിയറ്റ്നാമിലെ യുദ്ധത്തിൽ പതിനെട്ടാമത്തെ വയസ്സിൽ ഒരു ഗ്രനേഡിന്റെ മുകളിലേക്കു ചാടി കൂടെയുള്ളവരുടെ ജീവൻ രക്ഷിച്ച മിൽട്ടൺ ലീ ഒലീവിനെ (Milton Lee Olive) കുറിച്ച് ഒരു സംഭാഷണ രംഗത്തിൽ പറയുന്നുണ്ട്. ആ യുദ്ധത്തിൽ മെഡൽ ഓഫ് ഹോണർ (Medal of Honour) നേടുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ ഒലീവ് ആണ്. സിനിമയിൽ പിന്നീട് ഒരു അവസരത്തിൽ സമാനമായ സംഭവത്തിലൂടെ സ്‌പൈക്ക് ലീ ആ ത്യാഗത്തിന്റെ മാനുഷിക വില എന്താണെന്ന് കാണിച്ചു തരുന്നുണ്ട്. വിയറ്റ്നാമിലെ യുദ്ധത്തിനെതിരായി അമേരിക്കയിൽ ഉയർന്ന പ്രക്ഷോഭങ്ങളിൽ "നിക്സൺ ഈസ് എ മർഡറെർ" (Nixon is a Murderer), "നിക്സൺ മസ്റ്റ് പേ ഇൻ ബ്ലഡ്" (Nixon Must Pay in Blood) എന്നീ പ്ലക്കാർഡുകൾ പിടിക്കുന്ന ആളുകളുടെ ചിത്രം ലീ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ വിയെറ്റ്നാമിലെ യുദ്ധ കാലത്തെ രംഗങ്ങൾ കാണിക്കുമ്പോൾ നോർമൻ ഒഴികെ ഉള്ള നാലു പേരെയും അവരുടെ ഇപ്പോഴുള്ള പ്രായത്തിൽ തന്നെയാണ് കാണിക്കുന്നത്. ഭൂതകാല ഓർമ്മകൾ എന്നതിനപ്പുറം അവരിലൂടെ ഇന്നും ജീവിക്കുന്ന ഓർമ്മകളായാണ് ആ രംഗങ്ങൾ കടന്നു വരുന്നത്. അവരുടെ പ്രവർത്തികളിൽ ഇപ്പോഴും പഴയ യുദ്ധ കാലത്തെ സ്വഭാവങ്ങൾ പ്രകടമാണ്. ഇപ്പോഴും തുടരുന്ന പോരാട്ടങ്ങളെ കുറിച്ചുള്ള രണ്ട് കാലഘട്ടങ്ങളിലെ ഓർമ്മകളുടെ സംവാദമാക്കുന്ന രംഗങ്ങളാണ് ഇതെല്ലാം. "യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല" എന്ന് വിൻ (Vinh) ഒരു രംഗത്തിൽ പറയുന്നുണ്ട്. യുദ്ധകാലത്ത് പലയിടങ്ങളിലായി സ്ഥാപിച്ച കുഴിബോംബുകൾ (landmines) ഇപ്പോഴും പൊട്ടിത്തെറിക്കുന്നത് ചിത്രത്തിൽ കാണാം.
'മാഗാ' (Make America Great Again) തൊപ്പി ധരിച്ച പോൾ ട്രംപിനെയും അദ്ദേഹത്തിന്റെ കുടിയേറ്റ-വിരുദ്ധ നയങ്ങളെയും അനുകൂലിക്കുന്ന ആളാണ്. പോൾ ഫ്രഞ്ചുകാരെയും, വിയറ്റ്നാമീസ് ആളുകളെയും, എല്ലാവരെയും, ഒരു ഘട്ടത്തിൽ കാഴ്ച്ചക്കാരെ തന്നെയും വെറുക്കുകയാണ്. അതിനെല്ലാം കാരണങ്ങൾ ഉണ്ട്. പോളിലൂടെയാണ് സിനിമയിലെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായ 'യുദ്ധാനന്തര മാനസിക സംഘർഷങ്ങൾ' അവതരിപ്പിക്കപ്പെടുന്നത്. അയാളുടെ ജീവിതത്തിലെ വൈരുധ്യങ്ങൾ സിനിമയ്ക്കുമുണ്ട്. സ്‌പൈക്ക് ലീ സിനിമകൾ എപ്പോഴും ജീവിതത്തിലെ വൈരുധ്യങ്ങളെയാണ് ദൃശ്യവൽക്കരിക്കുന്നത്. തന്റെ സിനിമകളിലൂടെ അതിന്റെ പരിഹാരങ്ങൾ ഒന്നും ലീ മുന്നോട്ട് വെക്കാറില്ല. അമേരിക്കയിലെ ബഹുഭൂരിപക്ഷം ആഫ്രിക്കൻ-അമേരിക്കൻ വംശജരും ട്രംപിനെ എതിർക്കുന്നവർ ആണെങ്കിലും പല സർവേകൾ പ്രകാരം 2016 -ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇവരിൽ 13 ശതമാനം ആളുകൾ ട്രംപിനെയാണ് അനുകൂലിച്ചത്. ഈ വൈരുദ്ധ്യത്തെ ലീ മറച്ചു പിടിക്കുന്നില്ല. സിനിമയിൽ വീണ്ടും വിയറ്റ്നാമിലേക്ക് അമേരിക്കക്കാർ മടങ്ങി വന്നു അവിടുത്തെ ആളുകളുമായി സംഘർഷത്തിലേക്ക് പോവുകയാണ് എന്നത് മറ്റൊരു വൈരുധ്യം. ഇത് ഒരുപക്ഷേ ഈ സിനിമയുടെ വിമർശനമായി തന്നെ പലരും ഉന്നയിച്ചേക്കാം. കാരണം പിന്നെയും വിയറ്റ്നാമിലേക്ക് മടങ്ങി വരുന്നത് അവിടുത്തെ 'നിധി' എടുത്തോണ്ട് പോകാൻ ആണല്ലോ.
ശീതയുദ്ധ കാലത്ത് ഹോളിവുഡും അമേരിക്കൻ ഭരണകൂടങ്ങളും തോളോട് തോൾ ചേർന്ന് നിന്നാണ് പ്രചാരണ ചിത്രങ്ങൾ (propaganda films) ഒരുക്കി യാഥാർഥ്യങ്ങളെ വളച്ചൊടിച്ച് കൊണ്ടിരുന്നത്. വിയറ്റ്നാമിലെ യുദ്ധത്തെ ആസ്‌പദമാക്കി വന്ന ഏറെ കുറെ എല്ലാ സിനിമകളും വെളുത്ത സൈനികരുടെ (white soldiers) 'വീരകഥകൾ' മാത്രമാണ് പറഞ്ഞത്.
ബൂവിയെ (Bouvier) എന്ന ഫ്രഞ്ച് കുടുംബം 'വെളുത്ത സ്വർണത്തിനായി' കൊളോണിയൽ വാഴ്ച്ച നടത്തിയതും, റബ്ബർ പ്ലാൻറ്റേഷനുകൾ വഴി പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തതും ഒക്കെ ഹെഡി ഒരു സംഭാഷണത്തിൽ ഡേവിഡിനോട് പറയുന്നുണ്ട്. മൂന്നാം ലോക രാജ്യങ്ങളിൽ സാമ്രാജ്യത്ത കാലത്ത് മുതലാളിത്ത രാജ്യങ്ങൾ നടത്തിയ 'പ്ലാൻറ്റേഷൻ ചൂഷണങ്ങളുടെ' ചരിത്രം ലാറ്റിൻ അമേരിക്ക മുതൽ ഇന്തോചൈന വരെ വ്യാപിച്ചു കിടക്കുന്നുണ്ട്. "ഫ്രാൻസ് ചെയ്‌തതിനെക്കാൾ വ്യത്യസ്‌തമായി അങ്കിൾ സാം (US) വിയറ്റ്‌നാമിൽ ഒന്നും ചെയ്‌തില്ല" എന്ന് ഡറൂഷ് (Desroche) പോളിനോട് പറയുന്നതും ഒരു ഓർമ്മപ്പെടുത്തലാണ്. ഒന്നാം ഇന്തോചൈന യുദ്ധത്തിൽ നിന്നു ഫ്രാൻസ് പിന്മാറിയതിനെ തുടർന്നാണ് അമേരിക്ക വിയറ്റ്നാമിലേക്ക് വരുന്നത്. "അമേരിക്കൻ യുദ്ധം വിയറ്റ്നാമീസ് കുടുംബങ്ങളെ തമ്മിൽ അടിപ്പിക്കുകയും, അകറ്റുകയും ചെയ്‌തു" എന്ന് വിൻ പറയുന്ന വാക്കുകൾ യുദ്ധാനന്തര വിയറ്റ്‌നാമിന്റെ വേദനയാണ്. അവർ "അമേരിക്കൻ യുദ്ധം" എന്നാണ് വിയറ്റ്നാമിൽ നടന്ന യുദ്ധത്തെ വിളിക്കുന്നത്. രണ്ടാം ഇന്തോചൈന യുദ്ധം എന്നാണ് പൊതുവെ പറയുന്നത് എങ്കിൽ 'വിയറ്റ്നാം വാർ' എന്ന അമേരിക്കൻ പ്രയോഗത്തിനാണ് പ്രചാരം കിട്ടിയത് എന്ന് മാത്രം. "നിങ്ങൾക്ക് ജോർജ് വാഷിംഗ്ട്ടൺ ഉള്ളത് പോലെ ഞങ്ങൾക്ക് ഹോ ചിമിൻ ഉണ്ട്" എന്ന് വിൻ (Vinh) പറയുമ്പോൾ, ഓട്ടിസ് പറയുന്ന മറുപടി, "അങ്കിൾ ജോർജ് പക്ഷേ 123 അടിമകളുടെ ഉടമ ആയിരുന്നു" എന്നാണ്.
അമേരിക്ക പരാജയപ്പെട്ട ഒരു യുദ്ധം സിനിമയിലൂടെ എങ്കിലും ജയിക്കാനാണ് വിയറ്റ്നാമിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഹോളിവുഡ് സിനിമകൾ പലതും ശ്രമിച്ചത്. ശീതയുദ്ധ കാലത്ത് ഹോളിവുഡും അമേരിക്കൻ ഭരണകൂടങ്ങളും തോളോട് തോൾ ചേർന്ന് നിന്നാണ് പ്രചാരണ ചിത്രങ്ങൾ (propaganda films) ഒരുക്കി യാഥാർഥ്യങ്ങളെ വളച്ചൊടിച്ച് കൊണ്ടിരുന്നത്. വിയറ്റ്നാമിലെ യുദ്ധത്തെ ആസ്‌പദമാക്കി വന്ന ഏറെ കുറെ എല്ലാ സിനിമകളും വെളുത്ത സൈനികരുടെ (white soldiers) 'വീരകഥകൾ' മാത്രമാണ് പറഞ്ഞത്. 1967 -ൽ വിയറ്റ്നാമിൽ ഉണ്ടായിരുന്ന സൈന്യത്തിന്റെ 23 ശതമാനവും ആഫ്രിക്കൻ-അമേരിക്കൻ വംശജർ ആയിരുന്നു എന്ന് മാത്രമല്ല 1965 -ൽ യു.എസ് സൈന്യത്തിൽ മരിച്ചവരിൽ 25 ശതമാനവും കറുത്ത വർഗ്ഗക്കാർ ആയിരുന്നു എന്ന് ജറാൾഡ് എഫ് ഗുഡ്വിൻ (Gerald F Goodwin) ന്യൂയോർക്ക് ടൈംസിൽ (New York Times) എഴുതിയ "ബ്ലാക്ക് ആൻഡ് വൈറ്റ് ഇൻ വിയറ്റ്നാം" (Black and White in Vietnam) എന്ന ലേഖനത്തിലെ കണക്കുകളിൽ പറയുന്നു. എന്നാൽ വിയറ്റ്നാമിൽ നടന്ന യുദ്ധത്തിലെ ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെ ജീവിതാനുഭവങ്ങളിൽ നിന്നുകൊണ്ട് എത്ര സിനിമകളാണ് ഹോളിവുഡിൽ നിന്ന് നമ്മൾ കണ്ടിട്ടുള്ളത്? വാലസ് ടെറിയുടെ (Wallace Terry) "ബ്ളഡ്‌സ്: ആൻ ഒരാൾ ഹിസ്റ്റ്റി ഓഫ് ദി വിയറ്റ്നാം വാർ ബൈ ബ്ലാക്ക് വെറ്ററൻസ്" (Bloods: An Oral History of the Vietnam War by Black Veterans) എന്ന പുസ്‌തകത്തിൽ നിന്ന് ഹെയ്‌വുഡ് ടി. കിർക്ലാൻഡ് -ന്റെ (Haywood T Kirkland) ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഹ്യൂഗ്സ് സഹോദരന്മാർ (Hughes Brothers) സംവിധാനം ചെയ്‌ത 'ഡെഡ് പ്രസിഡന്റ്‌സ്' (Dead Presidents) ആണ് അങ്ങനെ ഓർമ്മയിൽ വരുന്ന ഒരു ചിത്രം. ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ (Francis Ford Coppola) 'അപോക്കലിപ്‌സ് നൗ' -ൽ (Apocalypse Now) ലാറി ഫിഷ്‌ബൺ -ന്റെ (Larry Fishburne) കഥാപാത്രം കറുത്തവർഗ്ഗക്കാർ ഉണ്ടായിരുന്നു എന്നെങ്കിലും കാണിക്കുന്നുണ്ട്. എൻ.ബി.സി -ക്കു (NBC) വേണ്ടി ഫ്രാങ്ക് മക്ഗീ (Frank McGee) 1967 -ൽ ഒരു മാസത്തോളം വിയറ്റ്നാമിൽ സൈനികരോടൊപ്പം ചിലവഴിച്ചു ലെവിസ് ബി.ലാറി -യുടെ (Lewis B. Larry) എന്ന ആഫ്രിക്കൻ-അമേരിക്കൻ കമാൻഡറുടെ നേതൃത്വത്തിലുള്ള വെളുത്തവരും കറുത്തവരും അടങ്ങുന്ന നാൽപ്പത് പേരുടെ യൂണിറ്റിനെ അടിസ്ഥാനമാക്കി "സെയിം മഡ്, സെയിം ബ്ലഡ്" (Same Mud, Same Blood) എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.
സിനിമയുടെ ഇടയിൽ തന്നെ യഥാർത്ഥ ഫുറ്റേജുകൾ വരുന്നതും, യുദ്ധത്തിന്റെ തീവ്രത ഓർമ്മിപ്പിക്കുന്ന സംഘട്ടനരംഗങ്ങളിലും എഡിറ്ററുടെ മികവ് കാണാം. പോൾ വീണ്ടും നോർമനെ കാണുന്ന രംഗത്തിൽ രണ്ട് കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കളർ-പാലെറ്റും (color palette), ലൈറ്റിംഗ്ഗും (lighting) അവർ രണ്ട് പേരുടെയും സംഭാഷങ്ങൾക്ക് അനുസരിച്ചു മാറുന്ന കാഴ്‌ച സിനിമയിലെ മികച്ച രംഗങ്ങളിൽ ഒന്നാണ്.
വിയറ്റ്നാമിലെ യുദ്ധം അവസാനിച്ചു നാലര പതിറ്റാണ്ട് വേണ്ടി വന്നു ആഫ്രിക്കൻ-അമേരിക്കൻ സൈനികരുടെ ജീവിതം സിനിമയിലേക്കെത്താൻ എന്നത് ഞെട്ടിക്കുന്ന വസ്‌തുത തന്നെയാണ്. ഹോളിവുഡ് യുദ്ധ സിനിമകളിലെ 'വെള്ളപൂശൽ' (white washing) ഇപ്പോഴും തുടരുന്ന കാര്യമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വന്ന സിനിമകളിലും ആഫ്രിക്കൻ-അമേരിക്കൻ അനുഭവങ്ങൾ കണ്ടെടുക്കാൻ ബുദ്ധിമുട്ടാണ്. സ്‌പൈക്ക് ലീ 2008 -ൽ 'മിറക്കിൾ അറ്റ് സെയിന്റ് അന്ന' (Miracle at St. Anna) എന്ന സിനിമയിലൂടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ കറുത്ത വർഗ്ഗക്കാരായ സൈനികരുടെ ഇറ്റലിയിലെ അനുഭവങ്ങളെ ആവിഷ്‌ക്കരിക്കുന്നുണ്ട്. ഹിലരി ജോർഡന്റെ (Hillary Jordan) നോവലിനെ ആസ്‌പദമാക്കി ഡീ റീസ് (Dee Rees) സംവിധാനം ചെയ്‌തു 2017 -ൽ പുറത്തുവന്ന 'മഡ്ബൗണ്ട്' (Mudbound) സമാനമായ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ക്രിസ്റ്റഫർ നോളന്റെ 'ഡങ്കിർക്ക്' (Dunkirk) എന്ന സിനിമയിൽ ആഫ്രിക്കൻ, ഇന്ത്യൻ സൈനികരുടെ അഭാവം പല വിമർശകരും ചൂണ്ടിക്കാട്ടിയിരുന്നു. വിയറ്റ്നാമിലെ യുദ്ധത്തെ ആസ്‌പദമാക്കി വന്ന സിനിമകളെ സ്‌പൈക്ക് ലീ 'ദ ഫൈവ് ബ്ളഡ്‌സ്' -ൽ തന്നെ വിമർശിക്കുന്നുണ്ട്. ഒരു സംഭാഷണ രംഗത്തിൽ 'പ്രിസണർ ഓഫ് വാർ' (PoW - Prisoner of War) പ്രമേയമാക്കി വന്ന റാംബോ (Rambo), ജോസഫ് സീറ്റോയുടെ (Joseph Zito) 'മിസ്സിംഗ് ഇൻ ആക്ഷൻ' (Missing in Action) എന്നീ സിനിമകളെയും, ജോൺ വെയിന്റെ (John Wayne) 'ദി ഗ്രീൻ ബെറേറ്റ്‌സ്' (The Green Berets) പോലെയുള്ള ഭരണകൂട താൽപര്യങ്ങൾക്ക് വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട സിനിമകളെയും "ഹോളിവിയേർഡ്" (Holly-weird) എന്ന് പരിഹസിക്കുന്നുണ്ട്. 'ദ ഫൈവ് ബ്ളഡ്‌സ്" -ന്റെ തിരക്കഥ തന്നെ "ദി ലാസ്റ്റ് ടൂർ" (The Last Tour) എന്ന പേരിൽ വിയറ്റ്നാമിലേക്ക് പോകുന്ന നാല് വെളുത്തവരായ സൈനികരുടെ കഥയായാണ് ഡാനി ബിൾസണും (Danny Bilson), പോൾ ഡി മിയോയും (Paul de Meo) എഴുതിയത്. ഒലിവർ സ്റ്റോൺ (Oliver Stone) സംവിധാനം ചെയ്യാനിരുന്ന ആ സിനിമ അദ്ദേഹം പിന്മാറിയതോടെ നിന്നുപോയി. പിന്നീട് സ്‌പൈക്ക് ലീയും കെവിൻ വിൽമോട്ടും (Kevin Willmott) ചേർന്ന് കഥ മാറ്റി എഴുതുകയായിരുന്നു.
'ബൊഹീമിയൻ റാപ്സഡി' (Bohemian Rhapsody), 'ഡ്രൈവ്' (Drive), 'എക്‌സ്-മെൻ' സീരീസ് (X-Men Series) എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ന്യൂട്ടൺ തോമസ് സിഗൽ (Newton Tomas Sigel) ആണ് 'ദ ഫൈവ് ബ്ളഡ്‌സ്' -ന്റെ ഛായാഗ്രാഹകൻ. നാല് 'സ്‌ക്രീൻ ആസ്പെക്ട് റേഷിയോ' -ലാണ് (screen aspect ratio) ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പല കാലഘട്ടങ്ങളെ അടയാളപ്പെടുത്താനാണ് പ്രധാനമായും അങ്ങനെ ഒരു സമീപനം സ്വീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഹോ ചി മിൻ സിറ്റിയിലെ കാഴ്ച്ചകൾ എല്ലാം 'അൾട്രാവൈഡ്' (ultrawide) റേഷിയോയിലാണ് (2:39:1) എടുത്തിരിക്കുന്നത്. വിയറ്റ്നാമിലെ യുദ്ധത്തിന്റെ രംഗങ്ങൾ എല്ലാം 16 എംഎം -ൽ (16 mm) അക്കാലയളവിലെ ദൃശ്യമാധ്യമങ്ങളിലെ ഫുട്ടേജുകൾ (1:33:1) പോലെയാണ് ഒരുക്കിയിരിക്കുന്നത്. യുദ്ധം നടന്ന കാടുകളിലേക്ക് അവർ നാല് പേരും തിരിച്ചെത്തുമ്പോൾ ഇന്നത്തെ കാലത്ത്, പ്രത്യേകിച്ചും ഓ.ടി.ടി -യിൽ (OTT), ഉപയോഗിക്കുന്ന സ്‌ക്രീൻ ആസ്പെക്ട് റേഷിയോയിലേക്ക് (16:9) മാറുന്നു. ചെറിയ ബോട്ടിൽ പോകുമ്പോൾ എഡി (Eddie) ഉപയോഗിക്കുന്ന 'സൂപ്പർ 8 ' ക്യാമറയിലൂടെ (Super 8) ചില രംഗങ്ങൾ നമ്മൾ കാണുന്നുണ്ട്. സിനിമയുടെ ആഖ്യാനത്തിനു ഈ സ്‌ക്രീൻ പരിവർത്തനങ്ങൾ (screen transitions) ആവശ്യമായി വരുന്നുണ്ട്. മുൻപ് സമാനമായ രീതിയിൽ സ്‌ക്രീൻ ആസ്പെക്ട റേഷിയോ കാലഘട്ടത്തെ അടയാളപ്പെടുത്താൻ മികച്ച രീതിയിൽ ഉപയോഗിച്ച് കണ്ടത് വെസ് ആൻഡേഴ്‌സന്റെ (Wes Anderson) 'ദി ഗ്രാൻഡ് ബുഡാപെസ്റ് ഹോട്ടൽ' (The Grand Budapest Hotel) എന്ന സിനിമയിലാണ്. സ്‌പൈക്ക് ലീ സിനിമകളുടെ അഭിഭാജ്യ ഘടകമായ 'ഡബിൾ ഡോളി ഷോട്ടുകളും' (double dolly shot) സിഗൽ ഉപയോഗിക്കുന്നുണ്ട്. മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ കൊല്ലപ്പെട്ട വാർത്ത റേഡിയോയിലൂടെ അറിഞ്ഞതിനു ശേഷം നോർമൻ -ന്റെ വാക്കുകൾ ലോ-ആംഗിൾ ഷോട്ടിൽ (low-angle shot) കാണിക്കുന്ന രംഗവും ശ്രദ്ധേയമാണ്. പോൾ -ന്റെ ആത്മഗതങ്ങൾ ഏറെക്കുറെയും ക്ലോസ്-അപ്പ് (close-up) ഷോട്ടുകളിലാണ്. സിനിമയിലെ അവസാനത്തെ രംഗങ്ങൾ നടക്കുന്നത് തകർന്നടിഞ്ഞ ഒരു പുരാതന ബുദ്ധ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ്. ഡേവിഡും (David) ഹെഡിയും (Hedy) സംസാരിക്കുമ്പോൾ, ബുദ്ധന്റെ പ്രതിമയുടെ പിറകിൽ നിന്ന് വരുന്ന വെളിച്ചവും സ്വർണവും ഒന്നിച്ചു കാണുന്ന ഒരു മനോഹരമായ ഫ്രയിം സിനിമയിലുണ്ട്. യുദ്ധം നടന്ന വിയറ്റ്നാമിന്റെ മലഞ്ചരുവുകളും താഴ്വാരങ്ങളും നിറഞ്ഞ ഭൂമികയെ സിഗൽ രണ്ട് കാലഘട്ടത്തിലും ഗംഭീരമായി പകർത്തുന്നുണ്ട്. പല കാലഘട്ടങ്ങളെയും ദൃശ്യ ആഖ്യാനത്തിൽ ആഡം ഗഫ് (Adam Gough) ഒന്നിച്ചു നിർത്തുന്നത് സിനിമക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. സിനിമയുടെ ഇടയിൽ തന്നെ യഥാർത്ഥ ഫുറ്റേജുകൾ വരുന്നതും, യുദ്ധത്തിന്റെ തീവ്രത ഓർമ്മിപ്പിക്കുന്ന സംഘട്ടനരംഗങ്ങളിലും എഡിറ്ററുടെ മികവ് കാണാം. പോൾ വീണ്ടും നോർമനെ കാണുന്ന രംഗത്തിൽ രണ്ട് കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കളർ-പാലെറ്റും (color palette), ലൈറ്റിംഗ്ഗും (lighting) അവർ രണ്ട് പേരുടെയും സംഭാഷങ്ങൾക്ക് അനുസരിച്ചു മാറുന്ന കാഴ്‌ച സിനിമയിലെ മികച്ച രംഗങ്ങളിൽ ഒന്നാണ്.
സ്‌പൈക്ക് ലീ സിനിമകളുടെ പശ്ചാത്തല സംഗീതത്തിലെ സ്ഥിര സാന്നിധ്യമാണ് ടെറൻസ് ബ്ളൻചാഡ് (Terence Blanchard). സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ 'സ്‌പോട്ടിഫൈ' -യിൽ (Spotify) ചിത്രത്തിന്റെ ട്രാക്ക് സംവിധായകൻ റിലീസ് ചെയ്‌തിരുന്നു. അതിൽ ലീ പറയുന്നുണ്ട്, "ഈ സിനിമയിലെ സംഗീതം എനിക്ക് വളരെ പ്രധാനപെട്ടതാണ്. ദൃശ്യങ്ങളോടൊപ്പം സംഗീതം ചേരുമ്പോഴുണ്ടാകുന്ന അനുഭവത്തിനു ഒരു പ്രത്യേക ശക്തിയുണ്ട്. സംഗീതം സിനിമയിലെ മറ്റൊരു കഥാപാത്രമാണ്, മറ്റൊരു ശബ്‌ദമാണ്". മാർവിൻ ഗെയുടെ (Marvin Gaye) 'വാട്ട്സ് ഗോയിങ് ഓൺ' (What's Going On) എന്ന ആൽബത്തിലെ ഗാനങ്ങൾ, ഫ്രിഡ പെയ്‌ന്റെ (Freda Payne) "ബ്രിങ് ദി ബോയ്സ് ഹോം" (Bring the Boys Home), ദി സ്പിന്നേഴ്‌സ് -ന്റെ (The Spinners) "ഐ ആം കമിങ് ഹോം" (I'm Coming Home) എന്നീ ഗാനങ്ങൾ കേൾക്കുന്ന ഓരോ രംഗങ്ങളും ആ കാലഘട്ടത്തിൽ ജീവിച്ച തലമുറയെ അവരുടെ ഭൂതകാല ഓർമ്മകളിലേക്ക് കൊണ്ട് പോകും എന്നാണ് കരുതുന്നത്. 'അപോക്കലിപ്‌സ് നൗ' -നു 'ട്രിബ്യുട്ട്' (tribute) ആയി റിച്ചാർഡ് വാഗ്നറുടെ (Richard Wagner) "റൈഡ് ഓഫ് വാൽക്കറീസ്" (Ride of Valkyries) സിനിമയിൽ വിയറ്റ്നാമിലെ കാടുകളിലേക്ക് നാല് പേരും ബോട്ടിൽ പോകുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കാം. ക്രീഡൻസ് ക്ലിയർവാട്ടർ റിവൈവൽ (Creedence Clearwater Revival) എന്ന ബാൻഡിന്റെ ഗാനങ്ങൾ ഇല്ലാത്തത് ശ്രദ്ധേയമാണ്, കാരണം, വിയറ്റ്നാമിലെ യുദ്ധത്തെ അടിസ്ഥാനമാക്കി വന്ന എല്ലാ സിനിമകളിലും ആ റോക്ക് ബാൻഡിന്റെ സംഗീതം നമ്മൾ കേട്ടിട്ടുണ്ട്. ടെറൻസ് ബ്ളൻചാഡ് -ന്റെ പശ്ചാത്തല സംഗീതം കഥയോടൊപ്പം കാഴ്ച്ചക്കാരെ പിടിച്ചിരുത്തുന്നുണ്ട്.
സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട്. 'ദി വയർ' -ലെ (The Wire) ഡിറ്റക്റ്റീവ് ലെസ്റ്റർ ഫ്രീമാന് (Detective Lestor Freamon) ശേഷം ക്ലാർക് പീറ്റേഴ്‌സിന്റെ (Clarke Peters) മികച്ച വേഷമാണ് 'ഓട്ടിസ്'. എഡിയായി എത്തിയ നോം ലെവിസ് (Norm Lewis), മേൽവിനായി അഭിനയിച്ച ഇസയ്യ വിറ്റ്‌ലോക്ക് ജൂനിയർ (Isiah Whitlock Jr.), ഹെഡി എന്ന കഥാപാത്രമായി വന്ന മെലാനി തിയറി (Melanie Thierry), പോളിന്റെ മകനായ ഡേവിഡ് ആയി എത്തിയ ജോനാഥൻ മേജേഴ്‌സ് (Jonathan Majors) എന്നിവരും മികച്ചു നിന്നു. സ്റ്റോമിങ് നോർമൻ ആയി എത്തിയ ചാഡ്വിക്ക് ബോസ്‌മാൻ (Chadwick Boseman) സമീപ കാലത്ത് കണ്ട സിനിമകളിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. നോർമൻ വരുന്ന ഓരോ രംഗങ്ങളും ഒരു വേദനയോടെയാണ് നമ്മൾ ഉൾക്കൊള്ളുന്നത്. നോർമന്റെ വാക്കുകളിലെ തീ ഇപ്പോഴും അമേരിക്കയിൽ കെട്ടിട്ടില്ല. സിനിമ കഴിയുമ്പോഴും മനസ്സിൽ മങ്ങാതെ നിൽക്കുന്നത് പോൾ ആയി എത്തിയ ദൽറോയ് ലിൻഡോയുടെ (Delroy Lindo) മുഖമാണ്. നോർമന്റെ ഓർമ്മകൾ അയാളെ വേട്ടയാടുന്നതും, അയാളുടെ ഉള്ളിലെ വൈരുധ്യങ്ങളും, ആന്തരികമായി യുദ്ധത്തിന് ശേഷം അയാൾ അനുഭവിക്കുന്ന സംഘർഷങ്ങളും, വൈകാരിക പിരിമുറുക്കങ്ങളും ഉള്ളിൽ തൊടുന്ന രീതിയിൽ ലിൻഡോ അവതരിപ്പിച്ചിട്ടുണ്ട്. യുദ്ധം അതിൽ പങ്കെടുത്ത സൈനികരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെ ഇവർ നാല് പേരിലൂടെയും നമ്മൾ കാണുന്നുണ്ട്. ഡേവിഡും പോളും തമ്മിലുള്ള ബന്ധവും വൈകാരികമായി സ്പർശിക്കുന്നു.
അമേരിക്കൻ രാഷ്‌ട്രീയ മണ്ഡലത്തിൽ, സിനിമയിലേതെന്ന പോലെ തന്നെ, സ്‌പൈക്ക് ലീ -യുടെ ശബ്‌ദം പലപ്പോഴായി നമ്മൾ മുഴങ്ങി കേട്ടിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ വംശീയവിദ്വേഷത്തിനും കുടിയേറ്റ വിരുദ്ധതക്കും എതിരെ ലീ തന്റെ നിലപാട് സിനിമയിലിലൂടെയും പൊതുസമൂഹത്തിലെ ഇടപെടലുകളിലൂടെയും വ്യക്തമായി പറഞ്ഞു പോയിട്ടുണ്ട്. 'ബ്ലാക്ക്‌ലാൻസ്‌മാൻ' (BlacKKKlansman) അവസാനിക്കുന്നത് തന്നെ ഷാർലറ്റ്സ്വില്ലിൽ (Charlottesville) നടന്ന വംശീയ അക്രമങ്ങളുടെ വാർത്ത ഫുട്ടേജുകളോടെയായിരുന്നു. കോവിഡിന്റെ ഘട്ടത്തിൽ പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച ന്യൂയോർക്ക് നഗരത്തിലെ തൊഴിലാളി വർഗ്ഗത്തിന് ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് ഫ്രാങ്ക് സിനാട്രയുടെ (Frank Sinatra) "ന്യൂയോർക്ക്, ന്യൂയോർക്ക്" (New York, New York) എന്ന ഗാനം ഉപയോഗിച്ചു ന്യൂയോർക്ക് നഗരത്തിലെ കാഴ്ച്ചകൾ അടങ്ങുന്ന അതേപേരിലുള്ള ഷോർട്-വീഡിയോ (short-video) ലീ പുറത്തു വിട്ടിരുന്നു. 'ന്യൂയോർക്ക് നഗരത്തിനും അവിടുത്തെ ആളുകൾക്കും ഒരു പ്രണയലേഖനം' ("Loveletter to New York and its People) ആയിട്ടാണ് 'സൂപ്പർ 8' ക്യാമറയിൽ പകർത്തിയ ന്യൂയോർക്ക് നഗരത്തിന്റെ ജീവിതം അടങ്ങുന്ന ഹ്രസ്വചിത്രത്തെ ലീ സമർപ്പിച്ചത്. അന്ന് അദ്ദേഹം ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, "നമ്മൾ എല്ലാവരും, മനുഷ്യ സമൂഹം ഒന്നാകെ, നമ്മളെ കുറിച്ച് മാത്രമല്ലാതെ എല്ലാവരെയും കുറിച്ച് ചിന്തിക്കാൻ പഠിക്കണം. ഈ മഹാമാരി എന്തെങ്കിലും നമ്മൾക്ക് കാണിച്ചു തന്നിട്ടുണ്ട് എങ്കിൽ, അത് നമ്മൾ പരസ്‌പരം സഹായിക്കാൻ എന്നത് മാത്രമാണ്. നമ്മൾ ബി.സി -യിൽ (Before Corona) എന്താണോ ചെയ്തുകൊണ്ടിരുന്നത് അതിലേക്ക് തിരിച്ചു പോകാൻ നമ്മൾക്ക് കഴിയില്ല, കാരണം ഉള്ളവരും ഇല്ലാത്തവരും തമ്മിൽ അത്രയും വലിയ അന്തരം ഉണ്ടായിരുന്ന കാലമായിരുന്നു അത്". ജോർജ് ഫ്‌ലോയിഡിന്റെ (George Floyd) കൊലപാതകത്തെ തുടർന്ന് ആളിക്കത്തിയ പ്രതിഷേധത്തിലും ലീ മുൻനിരയിൽ ഉണ്ടായിരുന്നു. "ത്രീ ബ്രതെർസ്" (3 Bothers) എന്ന പേരിൽ ഒരു ഹ്രസ്വചിത്രവുമായി അദ്ദേഹം എത്തി. ജോർജ് ഫ്‌ലോയിഡിന്റെയും, എറിക് ഗാർണറുടെയും (Eric Garner), 'ഡു ദ റൈറ്റ് തിങ്' എന്ന ലീയുടെ തന്നെ സിനിമയിൽ സമാനമായ രീതിയിൽ കൊല്ലപ്പെടുന്ന 'റേഡിയോ റഹീം' (Radio Raheem) എന്ന കഥാപാത്രത്തിന്റെയും ജീവിതങ്ങൾ ഒരു നേർരേഖയിൽ നിർത്തി അമേരിക്കയിൽ 'കറുത്ത വർഗ്ഗക്കാർ അനുഭവിക്കുന്ന ശ്വാസം മുട്ടൽ' സംവിധായകൻ ലോകത്തിന്റെ മുന്നിലേക്ക് ഒരിക്കൽ കൂടി കൊണ്ട് വന്നു.
1957 -ൽ അറ്റ്ലാന്റയിൽ (Atlants) ജനിച്ച സ്‌പൈക്ക് ലീ വിയറ്റ്നാമിൽ യുദ്ധം നടന്ന കാലഘട്ടത്തിലാണ് വളർന്നത്. അമേരിക്കയിലെ ഓരോ വീടുകളിലും യുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും അനുഭവപ്പെട്ടിരുന്നു. യുദ്ധത്തിന്റെ വാർത്ത റിപ്പോർട്ടുകൾ ടി.വി. -യിൽ കണ്ടും പത്രങ്ങളിൽ വായിച്ചും വളർന്ന ലീ പക്ഷേ പിന്നീട് കണ്ട സിനിമകളിൽ കണ്ടത് വെളുത്തവരുടെ കഥകൾ മാത്രമാണ്. അമേരിക്കൻ സമൂഹത്തിലും ഹോളിവുഡ് സിനിമകളിലും നിലനിൽക്കുന്ന വംശീയ മേധാവിത്വവും, വെള്ളപൂശലും എല്ലാം ലീ മനസ്സിലാക്കി തുടങ്ങുന്നത് അദ്ദേഹത്തിന്റെ തന്നെ ജീവിതാനുഭവങ്ങളിൽ നിന്നാണ്. റേജ്‌ജി ഉഗ്വു (Reggie Ugwu) ന്യൂയോർക്ക് ടൈംസിന് വേണ്ടി തയ്യാറാക്കിയ "സ്‌പൈക്ക് ലീ ആൻഡ് ദി ബാറ്റിൽഫീൽഡ് ഓഫ് അമേരിക്കൻ ഹിസ്റ്ററി" (Spike Lee and the Battlefield of American History) എന്ന ലേഖനത്തിൽ ലീ പറയുന്നുണ്ട്, "നോവലുകൾ, സിനിമകൾ, ടി.വി, എല്ലാം 'വെളുത്ത ഐതിഹാസിക നായകൻ' -ന്റെ (white mythical hero) കപട ആഖ്യാനങ്ങളാണ് നൽകുന്നത്. ജോൺ ഫോർഡ് (John Ford) ജോൺ വെയ്‌നുമായി (John Wayne) ചേർന്ന് നിർമ്മിച്ച സിനിമകൾ നോക്കുക, 'നേറ്റീവ് അമേരിക്കൻ' (Native American) വംശജരെ പിശാചുക്കളും, മൃഗങ്ങളും, കിരാതരുമായി കാണിച്ച് മനുഷ്യത്വരഹിതരാക്കുകയല്ലേ ചെയ്‌തിരിക്കുന്നത്? അത് തന്നെയാണ് കറുത്തവരോടും, സ്‌ത്രീകളോടും, സ്വവർഗ്ഗാനുഭോഗികളോടും ചെയ്യുന്നത്; ഞങ്ങൾ എല്ലാം മനുഷ്യത്വമില്ലാത്തവരാക്കപ്പെട്ടിരിക്കുന്നു..." സ്‌പൈക്ക് ലീ -യുടെ ഈ വാക്കുകൾ ചരിത്രത്തിന്റെ ഉള്ളിൽ നിർത്തി തന്നെ വായ്ക്കപ്പെടേണ്ടതാണ്. 'ബ്ലാക്ക്‌ലാൻസ്‌മാൻ' എന്ന സിനിമയിൽ പലരും ക്ലാസ്സിക്ക് എന്ന് വിളിക്കുന്ന ഡി.ഡബ്ല്യൂ. ഗ്രിഫിത്തിന്റെ (D.W Griffith) 'ബർത്ത് ഓഫ് എ നേഷൻ' (Birth of a Nation) ആഫ്രിക്കൻ-അമേരിക്കൻ മനുഷ്യസമൂഹത്തിനോട് കാട്ടിയ നെറികേട് ലീ തുറന്ന് കാട്ടുന്നുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വന്ന പല സിനിമകളും 'കോൺഫെഡറേറ്റുകളുടെ' (Confederates) പക്ഷം ചേർന്നാണ് കഥ പറഞ്ഞത്. ഹോളിവുഡിന്റെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായി പലരും വിലയിരുത്തുന്ന വിക്ടർ ഫ്ലെമിങ്ങിന്റെ (Victor Fleming) 'ഗോൺ വിത്ത് ദി വിൻഡ്' (Gone with the Wind) അക്കൂട്ടത്തിൽ പെടും.
ഈ വിവേചനരാഷ്ട്രീയവും അതിനെ പിന്തുണയ്ക്കുന്ന വ്യവസ്ഥിതിയും ഇല്ലാതാകണം എങ്കിൽ അതിനുള്ള മാറ്റങ്ങൾ സിനിമകളിലും, പൊതു വ്യവഹാരത്തിലും, ചരിത്രമെഴുത്തുകളിൽ നിന്നും തുടങ്ങണം എന്ന് സ്‌പൈക്ക് ലീ 'ദ ഫൈവ് ബ്ളഡ്‌സ്' -ൽ വ്യക്തമായി പറഞ്ഞു വെക്കുന്നു
കെവിൻ വിൽമൊട്ട് (Kevin Willmott) അതേ ലേഖനത്തിൽ റേജ്‌ജി ഉഗ്വു -നോട് പറയുന്നുണ്ട്, "സ്‌പൈക്ക് ലീയുടെ സിനിമകളിലും അദ്ദേഹത്തിന്റെ ഉള്ളിലും മാറ്റമില്ലാതെ തുടരുന്ന ഒരു കാര്യം, ഭൂതകാലം എന്നാൽ അത് വെറും കഴിഞ്ഞു പോയ കാലം മാത്രമല്ല, മറിച്ച് കഴിഞ്ഞു പോയ എല്ലാ കാലങ്ങൾക്കും വർത്തമാനകാലവുമായി ബന്ധമുണ്ട് എന്നതാണ്. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന സിനിമകൾ അമേരിക്കക്ക് ക്ഷതമേൽപിച്ചിരിക്കുകയാണ് എന്നാണ് ലീ വിശ്വസിക്കുന്നത്. ന്യൂനപക്ഷ സമൂഹം എന്ന നിലയ്ക്ക് സത്യത്തെ ഞങ്ങൾ മനസ്സിലാക്കുന്ന രീതിയിൽ പറയാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്ക് ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്". സ്‌പൈക്ക് ലീ 'ദ ഫൈവ് ബ്ളഡ്‌സ്' -ലൂടെ ശ്രമിക്കുന്നതും അത് മാത്രമാണ്. യുദ്ധമുഖത്തെ ആഫ്രിക്കൻ-അമേരിക്കൻ ജീവിതത്തെയും, യുദ്ധാനന്തര കാലത്തെ അവരുടെ മനസികാഘാതങ്ങളെയും (postwar trauma) സിനിമയിലേക്ക് കൊണ്ട് വന്നതിനു സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്. ചരിത്രമാണ് തിരുത്തപ്പെടുന്നത് എന്ന ബോധ്യത്തോടെ ഈ സിനിമ കാണാം. മറ്റുള്ള സിനിമകളുടെ സ്വാധീനം ലീയുടെ ആഖ്യാനത്തിൽ എപ്പോഴും കാണാം. ജോൺ ഹ്യൂസ്റ്റൺ (John Huston) സംവിധാനം ചെയ്ത് 1948 -ൽ പുറത്തിറങ്ങിയ വിഖ്യാത ചലച്ചിത്രം 'ദി ട്രെഷർ ഓഫ് ദി സിയറ മാദരേ' (The Treasure of the Sierre Madre) എന്ന സിനിമയിലും ഫ്രെഡ്, ബോബ്, ഹൊവാഡ് എന്നിവർ മെക്സിക്കോയിലേക്ക് നിധി തേടി പോകുന്നതാണ് പ്രമേയം. ആ ചിത്രത്തിൽ ഗോൾഡ് ഹാറ്റ് (Gold Hat) ഫ്രഡിനോട് (Fred) പറയുന്ന 'സ്റ്റിംഗിങ് ബാഡ്‌ജ്‌സ്' (Stinkin' Badges) എന്ന ഡയലോഗ് ("Badges? We ain't got no badges. We don't need no badges! I don't have to show you any stinkin' badges!") അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (AFI) എക്കാലത്തെയും മികച്ച നൂറു സിനിമ വാചകങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. ലീ 'ദ ഫൈവ് ബ്ളഡ്‌സ്' ആ വാചകം ഒരു സീനിൽ ഉപയോഗിക്കുന്നുണ്ട്.
1948 -ൽ എക്സിക്യൂട്ടീവ് ഓർഡർ 9981 (Executive Order 9981) പ്രാബല്യത്തിൽ വന്നതോടെയാണ് അമേരിക്കൻ സൈന്യത്തിലെ വംശീയതയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിർത്തലാക്കുന്നത്. വിയറ്റ്നാമിലെ യുദ്ധം ആകുമ്പോഴാണ് അത് ഏറെക്കുറെ പ്രത്യക്ഷത്തിൽ എങ്കിലും മാറുന്നത്. 1964 -ൽ സിവിൽ റൈറ്റ്സ് ആക്റ്റ് (Civil Rights Act), 1965 -ൽ വോട്ടവകാശ നിയമം (Voting Rights Act) എന്നിവ പ്രാബല്യത്തിൽ വന്നതോടെ മാത്രമാണ് സാമൂഹിക-രാഷ്ട്രീയ ഇടങ്ങളിലെ നിയമപരമായ വംശീയവിവേചനം അമേരിക്കയിൽ അവസാനിച്ചത്. നിയമപരമായി അവസാനിച്ചു എങ്കിലും നിയമസംവിധാനങ്ങളും പല ഭരണകൂടങ്ങളും തീവ്രവലതു പക്ഷവും ഇപ്പോഴും വംശീയവിദ്വേഷവും വെറുപ്പും കൊണ്ട് നടക്കുന്നുണ്ട് എന്ന് സമകാലിക യാഥാർഥ്യങ്ങൾ അടിവരയിടുകയാണ്. ഈ വിവേചനരാഷ്ട്രീയവും അതിനെ പിന്തുണയ്ക്കുന്ന വ്യവസ്ഥിതിയും ഇല്ലാതാകണം എങ്കിൽ അതിനുള്ള മാറ്റങ്ങൾ സിനിമകളിലും, പൊതു വ്യവഹാരത്തിലും, ചരിത്രമെഴുത്തുകളിൽ നിന്നും തുടങ്ങണം എന്ന് സ്‌പൈക്ക് ലീ 'ദ ഫൈവ് ബ്ളഡ്‌സ്' -ൽ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട്. ടെന്നിസിയിലെ മെംഫിസിലുള്ള ലോറൈൻ മോട്ടലിൽ (Lorraine Motel) വെച്ച് 1968 ഏപ്രിൽ 4 -നു മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ വെടിയേറ്റ് വീഴുന്നതിനു കൃത്യം ഒരു വർഷം മുൻപ് അദ്ദേഹം തന്റെ പ്രസംഗത്തിൽ ലാങ്സ്റ്റൻ ഹ്യൂഗ്സിന്റെ (Langston Hughes) "ലെറ്റ് അമേരിക്ക ബി അമേരിക്ക എഗൈൻ" (Let America be America Again) എന്ന കവിതയിലെ വരികൾ ഉദ്ധരിക്കുകയുണ്ടായി; ആ ഫുറ്റേജിലൂടെയാണ് 'ദ ഫൈവ് ബ്ളഡ്‌സ്' അവസാനിക്കുന്നത്,
"O yes, I say it plain
America never was America to me,
And yet I swear this oath,
America will be!"
അമേരിക്ക എന്നെങ്കിലും 'അമേരിക്ക' ആകുമോ? ബെൻ ഓക്രി പറഞ്ഞത് പോലെ "എനിക്ക് ശ്വാസം മുട്ടുന്നു" (I Can't Breathe) വംശീയ-വർണ്ണ വിവേചനത്തിനെതിരെയുള്ള ജനകീയ വിപ്ലവത്തിന്റെ ആപ്‌തവാക്യമാകുമ്പോൾ, നൂറ്റാണ്ടുകളായി നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യലേക്കും സമത്വത്തിലേക്കും അധികദൂരമില്ല എന്ന് തോന്നുകയാണ്.