സ്ത്രീ പ്രേക്ഷകര്‍ക്ക് തങ്ങളെ തന്നെ കണ്ടത്താൻ പറ്റുക. അതേ സമയം പുരുഷ പ്രേക്ഷകര്‍ക്കാകട്ടെ തന്റെ നോട്ടങ്ങളെയും ധാരണകളെയും കൂട്ടം കൂടിയും അല്ലാതെയും ആണ്‍കുട്ടികാലം മുതല്‍ പറഞ്ഞ് ചിരിച്ച അശ്ലീലങ്ങളെയും ഓര്‍ത്ത് കുറ്റബോധവും ലജ്ജയും കൊണ്ട് വീര്‍പ്പുമുട്ടിക്കുക. ഇതില്‍ പരം ജൻഡർ പൊളിറ്റിക്കല്‍ അനുഭവം ഒരു കലാസൃഷ്ടിക്ക് എങ്ങിനെയാണ് നല്‍കാനാകുക. മലയാള സിനിമ മനുഷ്യ ജീവിതത്തിന്റെ, ശരീരത്തിന്റെ, ജൻഡർ ഇക്വാലിറ്റിയുടെ രാഷ്ട്രീയ ശരികളിലേയ്ക്ക് കാമറ തിരിച്ചുവെക്കുന്നത് എത്ര വിപ്ലവകരമായ കാഴ്ചയാണ്. സൂപ്പര്‍ താരങ്ങളും ശിങ്കിടികളും അവരുടെ മാനറിസങ്ങളും സ്ത്രീവിരുദ്ധതയും അറിഞ്ഞോ അറിയാതയോ കൈയ്യടി നേടിയിരുന്ന കാലം പിന്നിടുന്നു എന്ന് മാത്രമല്ല, ആ കാലത്തെ വിചാരണ ചെയ്യുകയും നിങ്ങള്‍ തമാശ എന്ന പേരില്‍ ചിരിച്ചധിലധികവും പെണ്‍വേദനകളായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുക കൂടിയാണ് പുതുതലമുറ.
ബ്രാ സൈസ് ഒരു സിനിമയുടെ പേരാകുന്നതും, വിവിധ ബ്രാ സൈസുകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതും മുലകള്‍ നിങ്ങളുടെ ലൈംഗിക കാമനകള്‍ക്കപ്പുറത്തുള്ള വീര്‍പ്പുമുട്ടലാണ് എന്ന് ജീവിതാനുഭവങ്ങളിലൂടെ പ്രേക്ഷകരെ പൊള്ളിക്കുകയും ചെയ്യുക എന്നത് നിസാരമായ വൈദഗ്ധ്യമല്ല. ശ്രുതി ശരണ്യം രചനയും സംവിധാനവും നിര്‍വ്വഹിച്ച ബി 32 മുതല്‍ 44 വരെ എന്ന സിനിമ വേറിട്ടതാകുന്നത് അങ്ങിനെയാണ്.
ഞാനൊന്ന് മുലകളില്‍ പിടിച്ചോട്ടെ എന്ന് വിറയോടെ ചോദിക്കുന്ന ചെറിയൊരു പയ്യനുണ്ട് സിനിമയുടെ തുടക്കത്തില്‍. എന്താണ് ജൻഡർ എന്ന ടീച്ചറുടെ ചോദ്യത്തിന് with boobs and without boobs എന്ന ഒരു കൗമാരക്കാരന്റെ ഉത്തരത്തിലാണ് സിനിമ അവസാനിക്കുന്നത്. ഒരു മണിക്കൂറും നാല്‍പത്തിയഞ്ച് മിനിറ്റും ആറ് സ്ത്രീ ജീവതങ്ങളിലൂടെ കടന്നുപോയ ഒരു പുരുഷ പ്രേക്ഷകന്‍ എന്ന നിലയില്‍ തിയറ്റര്‍ വിടുമ്പോള്‍ ബാല്യ കൗമാര കാലത്തെ ആണ്‍കൂട്ട തമാശകളില്‍, സ്ത്രീ ശരീരത്തെ കുറിച്ചുള്ള വികല വീക്ഷണങ്ങളില്‍, മുതിര്‍ന്നവരിലൂടെ പറഞ്ഞ് കേട്ട ലൈംഗിക കൗതുകങ്ങളില്‍ എത്രമാത്രം സ്വാധീനിക്കപ്പെട്ടിരുന്നു എന്ന കുറ്റബോധം നീറ്റലുണ്ടാക്കുന്നുണ്ടായിരുന്നു. അതേ സമയം ഒരു പാഠപുസ്തകവും അദ്ധ്യാപകരും ക്ലാസ്മുറിയും ഈ വികല ചിന്തകളെ തിരുത്തുവാനുണ്ടായില്ലല്ലോ എന്ന നടുക്കവും ചെറുതല്ല.
ലൈംഗിക വിദ്യാഭ്യാസം വേണോ വേണ്ടയോ എന്ന ചര്‍ച്ചയിലാണ് ഈ കാലത്തുപോലും അക്കാദമിക്ക് സമൂഹം എന്നത് എത്ര വേദനാജനകമാണ്. അവിടെ ജൻഡർ എന്നതിന്റെ ഉത്തരം പുതുതലമുറയില്‍ നിന്ന് പോലും മറ്റൊന്ന് പ്രതീക്ഷിക്കുക വയ്യ. പൊളിറ്റിക്കല്‍ കറക്റ്റ്നസിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളും സിനിമയും സാഹിത്യവും ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെയാണ് ആണ്‍ കണ്ണേറുകളില്‍ പെണ്‍മാറിടം ഇപ്പോഴും ഭോഗവസ്തുവാകുന്നത്. ആണ്‍ബോധ നിര്‍മ്മിതിയുടെ വ്യവസ്ഥിതി തന്നെയാണ് ഈ സിനിമയിലുടനീളം പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. അതുകൊണ്ടാണ് ഒറ്റ തിരിഞ്ഞ ഒറ്റ പുരുഷ കഥാപാത്രവും ഈ സിനിമയില്‍ നേര്‍ക്കുനേര്‍ വിചാരണ നേരിടേണ്ടിവരാത്തത്.
ആറ് ബ്രാ സൈസുകളില്‍ ആറ് പെണ്‍ജീവിതങ്ങള്‍ ലക്ഷക്കണക്കിന് പുരുഷന്‍മാരെയാണ്, അവരുണ്ടാക്കിയെടുത്ത മനോനിലകളെയാണ് പരോക്ഷമായി വിചാരണ ചെയ്യുന്നത്. രമ്യാനമ്പീശന്റെ മാലിനി കാന്‍സര്‍ മൂലം മുല റിമൂവ് ചെയ്യപ്പെട്ടവളാണ്. അവള്‍ കാന്‍സറിനെ അതിജീവിക്കുമ്പോഴും ഭര്‍ത്താവ് വിവേകിന് അവള്‍ അപരിചിതയാകുന്നുണ്ട്. ഒരു അവയവ നഷ്ടം മനുഷ്യബന്ധങ്ങളെ അകറ്റുന്നതിന്റെ രാഷ്ട്രീയം ഇവരുടെ ജീവിതത്തിലൂടെ നമ്മള്‍ അറിയുന്നുണ്ട്.
നിധി (റയ്‌ന രാധാകൃഷ്ണന്‍) പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. അമ്മയാണ്. മുലയൂട്ടാന്‍ വിലക്കുള്ള അമ്മ. ക്ലാസ് മുറിയില്‍ നിന്ന് വാഷ്‌റൂമിലേക്കുള്ള നിധിയുടെ ഓട്ടവും വീര്‍പ്പുമുട്ടന്ന മാറിടത്തില്‍ നിന്ന് ക്ലോസറ്റിലേക്ക് പാലൊഴുക്കി കളയുന്ന വേദനയും, ഒടുവില്‍ കുഞ്ഞിനെ മാറോട് ചേര്‍ക്കുമ്പോഴനുഭവിക്കുന്ന സ്വാതന്ത്ര്യവും ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. മാലിനി ഈ അമ്മയെയും കുഞ്ഞിനെയും ചേര്‍ത്ത് നിര്‍ത്തുമ്പോഴും what is her story? എന്ന വിവേകിന്റെ അതേ കൗതുകമായിരുന്നല്ലോ നമുക്കും. I am their foster parent, അതിലധികമൊന്നും എനിക്കറിയില്ല എന്ന മാലിനിയുടെ മറുപടിയില്‍ വിവേകിനെ പോലെ പ്രേക്ഷകനും ചൂളിപോകും. നമ്മളിലുണ്ടായ what is her story എന്ന ആ കൗതുകവും ആകാംക്ഷയും ഒളിച്ചുനോട്ടവുമുണ്ടല്ലോ, അതാണ് നിധിയുടെ അച്ഛനിലെ കണ്ണുനീരായി നാം കണ്ടത്. അവളുടെ അമ്മയുടെ നിസഹായതയില്‍ നാം അറിയേണ്ടത്.
ഒരു ഭാഗത്ത് സദാചാരത്തിന്റെ തടവറയും മറുഭാഗത്ത് പെണ്‍മാറിലേക്കുള്ള ഒളിച്ചുനോട്ടവും ഈ സിനിമ തങ്ങളുടെ ജീവിതവുമായി റിലേറ്റുചെയ്യുന്നു എന്ന് നിരവധി സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ പെണ്ണനുഭവങ്ങള്‍ പുരുഷ പ്രേക്ഷകരെയും പൊള്ളലോടെ അടുപ്പിക്കുന്നുണ്ട്, പലതും ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. ഏത് പ്രതിസന്ധിയിലും വ്യക്തിപരമായ ദുഖങ്ങളിലും തൊഴിലാവശ്യപ്പെടുന്ന ചടുലതയും ചിരിയുമുണ്ടായിട്ടും റിസപ്ഷനിസ്റ്റായ ഇമാന് പ്രമോഷന്‍ നിഷേധിക്കുവാന്‍ ഒറ്റ കാരണമെയുള്ളൂ, ആണ്‍നോട്ടങ്ങളെ തൃപ്തിപെടുത്തുവാന്‍ കഴിയാത്ത മാറിട വലുപ്പം.
ഏറെ സൈഡ് എഫക്ടുള്ള മരുന്നുകള്‍ കഴിച്ചും മറ്റും ജോലി നിലനിര്‍ത്താന്‍ പാടുപെടുന്ന ഇമാന്‍ ഒരു ഘട്ടത്തില്‍ ജോലി നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും റേച്ചലിനൊപ്പം നില്‍ക്കുന്നു. സ്ത്രീപക്ഷ സിനിമകളുടെ സംവിധായകന്‍ എന്ന് പേരെടുത്തവനില്‍ നിന്നാണ് റേച്ചലിന് ദുരനുഭവമുണ്ടാകുന്നത്. എഫ്ഐആര്‍ തയാറാക്കുന്ന പോലീസ് പോലും മുലകളിലേക്ക് നീണ്ട കൈകളെ ആര്‍ത്തിയോടെ വിവരിക്കുന്നുണ്ട്. അബ്യൂസ് എന്നത് കേവലമൊരു വാക്കല്ലെന്നും വെറുപ്പിക്കുന്ന അനുഭവമാണെന്നും നിയമപാലകരെ പോലും പഠിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ ജനാധിപത്യം.
വീട്ടുജോലിക്കാരിയില്‍ നിന്ന് ബ്രായുടെ മോഡലാകുന്നതിലേക്ക് ജയയെ(അശ്വതി ബി) എത്തിക്കുന്നത് നിവര്‍ത്തികേടുകളാണ്. ഭര്‍ത്താവ് ജോസഫിന്റെ കോപ്ലക്‌സുകള്‍ ശരാശരി പുരുഷന്റെ ഇനിയും മാറാത്ത സദാചാര സങ്കുചിതത്വമാണ്. മതവും മതസ്ഥാപനങ്ങളും സദാചാര കുപ്പായമണിയുന്നിടത്ത് ജയയുടെ അമ്മായിയമ്മ മുഖമുള്ളവളാകുന്നുണ്ട്. അതുവരെ ശബ്ദത്തിലൂടെ മാത്രമറിഞ്ഞിരുന്ന അവര്‍ പണമുള്ളവര്‍ക്ക് അഭിനയവും മോഡലിങ്ങും അഭിമാനവും സമുദായത്തിന് സ്വീകരണമൊരുക്കാനുള്ള കാരണവുമാകുമ്പോള്‍ പാവപ്പെട്ടവരുടേത് സദാചാര പ്രശ്‌നമാകുന്നതിനെ അവര്‍ നേര്‍ക്ക് നേര്‍ നിന്ന് ചോദ്യം ചെയ്യുന്നു.
അനാര്‍ക്കലി മരിക്കാരുടെ ട്രാന്‍സ്മെന്‍ കഥാപാത്രമായ സിയ സിനിമയിലുടനീളം പകര്‍ന്നു നല്‍കുന്ന പോസറ്റീവിറ്റിയുണ്ട്. ജയയെ ചേര്‍ത്ത് നിര്‍ത്തുന്നതിലും ഇമാനുമായുള്ള പ്രണയത്തിലും തൊഴിലിടത്തിലുമെല്ലാം അവര്‍ എത്ര പ്ലസന്റാണ്.
ഇത്തരമൊരു സിനിമയുടെ രാഷ്ട്രീയം തിരിച്ചറിയുവാനും നിര്‍മ്മാണം ഏറ്റെടുക്കുവാനും സന്നദ്ധത കാണിച്ച കെഎസ്എഫ്ഡിസിക്ക് നിറഞ്ഞ കൈയ്യടി. ആറ് കഥാപാത്രങ്ങളെ പരസ്പരം റിലേറ്റ് ചെയ്ത് ശരീരത്തിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ഒരു വ്യവസ്ഥിതിയെ പൊള്ളിച്ച ശ്രുതി ശരണ്യത്തിന് അഭിമാനിക്കാം. മുലക്കരം ചുമത്തിയിരുന്ന നാടാണിത്. മാറ് മറയ്ക്കാനുള്ള അവകാശത്തിനായി സമരം ചെയ്യേണ്ടി വന്ന നാട്. ഈ നാടിനെ പലതും ഓര്‍മ്മിപ്പിക്കുവാന്‍ ഈ പെണ്‍ കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞു. നമ്മുടെ ശരീരത്തിൻ്റെ അളവുകൾ നിശ്ചയിക്കുന്നത് പോലും കമ്പനികളാണ് എന്ന കമ്പോള കാലത്തിൻ്റെ ഓർമ്മപ്പെടുത്തൽ. പെണ്ണുടലിൻ്റെ പരസ്യ കമ്പോള സാധ്യതകളോടും കാലങ്ങളായി നിശ്ചയിക്കപ്പെട്ട അസ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകളോടും ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങളോടും എല്ലാ കാപട്യങ്ങളോടുമുള്ള മുഖമടച്ചുള്ള കാർക്കിച്ച് തുപ്പലും ജീവിതാനുഭവങ്ങളിലൂടെയുള്ള പെൺ അതിജീവനവുമാണ് സിനിമയുടെ മനുഷ്യപക്ഷം.
സിനമയ്ക്ക് പുറത്തുള്ള ഒരു സംഭവം കൂടി സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുന്നു. 2016ല്‍ പൊന്നാനി എംഇഎസ് കോളേജിലെ കോളേജ് മാഗസിന് കുട്ടികള്‍ പേരിട്ടത് മുലമുറിക്കപ്പെട്ടവര്‍ എന്നാണ്. പെണ്ണുടലിന്റെ രാഷ്ട്രീയം പറയുന്ന ശക്തമായ വരകളായിരുന്നു എസ്.എഫ്.ഐ നേതൃത്വം നല്‍കിയ യൂണിയന്‍ പുറത്തിറക്കിയ ആ മാഗസിന്റെ ആകര്‍ഷണം. പക്ഷെ എം.ഇ.എസ് മാനേജ്‌മെന്റിന്റെ സദാചാര ബോധമിളകി. മാഗസിന്‍ നിരോധിച്ചു. വിദ്യാര്‍ഥികള്‍ സമരം ചെയ്തിട്ടും നിരോധനം നീക്കിയില്ല. ഈ സിനിമയ്‌ക്കെതിരെ ചില സദാചാര വാദികളുടെ സൈബര്‍ അറ്റാക്ക് കാണുമ്പോള്‍ പൊന്നാനി എം.ഇ.എസ് കോളേജിലെ സമരമോര്‍ത്തുപോകുന്നു.
ബി 32 മുതല്‍ 44 വരെ തിയറ്ററില്‍ നിന്ന് തന്നെ കാണണം.അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് അനിവാര്യമായ സന്ദേശമാണ്.