സത്യം പറഞ്ഞാ വിശ്വസിക്കുവോ Review: വിശ്വസിക്കാവുന്ന റിയലിസ്റ്റിക് എന്റര്‍ടെയിനര്‍
സോഷ്യല്‍ സറ്റയര്‍ സ്വഭാവത്തിലൊരുക്കിയ ചിത്രമാണ് സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ജി പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാ വിശ്വസിക്കുവോ. സുനി വാര്‍ക്കപ്പണിക്കാരനാണ്. ഭാര്യക്കും മകള്‍ക്കുമൊപ്പം കോളനിയിലെ പണി പൂര്‍ത്തിയാക്കാത്ത, ചുമര് തേക്കാത്ത വീട്ടില്‍ കഴിയുന്ന നായകന്‍. ബിജു മേനോനാണ് സുനി. ബില്‍ഡപ്പുകളൊന്നുമില്ലാതെയാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ നായകനായ സുനിയെയും ഭാര്യ ഗീതയെയും സിനിമ പരിചയപ്പെടുത്തുന്നത്. പണി ചെയ്യാന്‍ തുടങ്ങിയാല്‍ വൃത്തിയായും ഭംഗിയായും ചെയ്യുന്നവരാണ് സുനിയും സംഘവും. അന്നന്നത്തെ അന്നവിചാരം മാത്രമുള്ളവരാണ് സുനിയും കൂട്ടുകാരും. നാളെയെക്കുറിച്ച് ഓര്‍ത്താല്‍ ടെന്‍ഷന്‍ കൂടുമെന്നതിനാല്‍ ആ വഴിക്ക് വലിയ ആലോചന ഉണ്ടാകാറില്ല.വിളിയില്‍ കൊച്ചും പേരില്‍ കറപ്പായിയുമായ സുനിയുടെ കൊച്ചച്ചനാണ് ഈ കൂട്ടത്തിലെ സീനിയര്‍. അലന്‍സിയര്‍ ലേ ലോപ്പസാണ് ഈ റോളില്‍, ജോലി ആസ്വദിക്കുന്നത് പോലെ ജോലിയുടെ ഇടവേളകളും ആസ്വദിക്കുന്ന സുനിയും സംഘവും ചെന്നുപെടുന്ന ഏടാകൂടങ്ങളിലൂടെയാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ നീങ്ങുന്നത്.
മണ്ണിലുറപ്പിച്ചു നിര്‍ത്തിയ റിയലിസ്റ്റിക് കാരക്ടറുകളിലാണ് സിനിയുടെ യാത്ര. ജോലിയുടെ ക്ഷീണം തീര്‍ക്കാനെന്ന ന്യായം നിരത്തിയാണ് ഈ കുട്ടുകെട്ടിന്റെ മദ്യപാനം. പക്ഷേ അത് വീടിനും നാടിനും മെനക്കേടാകുന്ന മുഴുക്കുടിയാണ്.
ആഗ്രഹിക്കുന്ന രീതിയിലേക്ക് ജീവിതം എത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലുള്ളവരാണ് ഇവരെല്ലാം. വീട് പണിയുന്നതിനിടെ അവിടെയുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് അവരുടെ എതിര്‍പ്പ് അവഗണിച്ച് അവളെ ജീവിത പങ്കാളിയാക്കുകയും ചെയ്ത സുനിക്ക് നല്ല ഭര്‍ത്താവോ, അച്ഛനോ ആകാന്‍ കഴിയുന്നില്ല. സുനിയുടെ മദ്യപാനം ഗീതയെയും പൊറുതിമുട്ടിക്കുന്നുണ്ട്. വീട് പണി പൂര്‍ത്തിയാക്കാനാകാത്ത, ലോണ്‍ തിരിച്ചടക്കാനാകാത്തതും അലട്ടുമ്പോഴും നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം സുനി തിരിച്ചറിഞ്ഞിട്ടില്ല.
ഏറെ നാളുകള്‍ക്ക് ശേഷം പൂര്‍ണമായും ഗ്രാമ പശ്ചാത്തലത്തില്‍ സ്വാഭാവികതയോടെ കഥ പറഞ്ഞിരിക്കുന്ന സിനിമയാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ഹ്യൂമറും ബ്ലാക്ക് ഹ്യൂമറും കലര്‍ത്തി വിവിധ സംഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന സിനിമ അമിത മദ്യപാനം സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന വലിയ പ്രത്യാഘാതങ്ങളെ ഉപദേശത്തിന് പകരം ഉദാഹരണങ്ങളെ മുന്നിലേക്ക് വച്ച് അവതരിപ്പിച്ചിരിക്കുന്നു. സുനിയും കറപ്പായിയും താമരയും നാട്ടിലും വീട്ടിലും ഒറ്റപ്പെടുന്നത് കുടിയുടെ കാര്യത്തിലാണ്. അമിത മദ്യപാനം കാരണം സുനിക്ക് മാത്രമല്ല തനിക്കും മകള്‍ക്കും നാട്ടില്‍ അപമാനം നേരിടുന്നുണ്ടെന്ന് ഗീത ഒരു രംഗത്തില്‍ പറയുന്നുമുണ്ട്.
റിയലിസ്റ്റിക് പെര്‍ഫോര്‍മന്‍സിലൂടെ അമ്പരപ്പിക്കുന്ന അഭിനേതാക്കളുടെ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ബിജു മേനോന്റെ സുനി മുമ്പ് അദ്ദേഹം ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ്. സന്തോഷം വന്നാല്‍ ആഘോഷിക്കുകയും സങ്കടം വന്നാല്‍ പൊട്ടിക്കരയുകയും ചെയ്യുന്നൊരു സാധാരണ മനുഷ്യന്‍. കൂടെയുള്ളവരോട് കരുതലും, ചുറ്റുമുള്ളവരോട് മാനുഷിക പരിഗണനയുമുള്ള ആള്‍. എല്ലാ നല്ല വശങ്ങള്‍ക്കുമിടയില്‍ വീടിനും നാടിനും ഒരു പോലെ ദോഷകരമായ വലിയ ചീത്തവശത്തെക്കുറിച്ച് അയാളും കൂട്ടുകാരും മനസിലാക്കുന്നില്ല. ബിജു മേനോന്‍ അടുത്ത കാലത്ത് അഭിനയിച്ചതില്‍ മികച്ച പെര്‍ഫോര്‍മന്‍സ് എന്ന് പറയാവുന്ന സിനിമയാണ് ഇത്.
ഈ ചിത്രത്തിലെ ഗംഭീര പ്രകടനങ്ങളിലൊന്നാണ് സുധി കോപ്പയുടെ താമര. ആദ്യാവസാനം പെര്‍ഫോര്‍മന്‍സില്‍ സ്ഥിരത പുലര്‍ത്തിയിട്ടുമുണ്ട് സുധി. സ്ഥലകാലബോധമില്ലാതെ ഇടപെടുന്ന താമര അവസാന രംഗങ്ങളിലെത്തുമ്പോള്‍ ചിരി പടര്‍ത്തുന്നു. സംവൃതാ സുനില്‍ ഗീതയെന്ന നാട്ടിന്‍പുറത്തുകാരിയെ മനോഹരമാക്കിയിട്ടുണ്ട്. സംവൃതക്ക് ലഭിച്ച നല്ല കഥാപാത്രങ്ങളിലൊന്നുമാണ്. അലന്‍സിയറിന്റെ കറപ്പായി,പ്രസാദിന്റെ കഥാപാത്രം, ഹൈവേ ജസിയായ ശ്രുതി ജയന്‍, സൈജു കുറുപ്പ്, വെട്ടുകിളി പ്രകാശ്, ശ്രീകാന്ത് മുരളി എന്നിവരും നല്ല പ്രകടനങ്ങളാണ്. സംവൃതാ സുനിലിന്റെ ഗീതയും അച്ഛനുമായുള്ള രംഗത്തില്‍ ജി സുരേഷ് കുമാറിന്റെ കഥാപാത്രവും വൈകാരികമായി സ്പര്‍ശിക്കുന്നതാണ്. ബംഗാളി കഥാപാത്രമായി മസാലാ റിപ്പബ്ലിക്കില്‍ ഉള്‍പ്പെടെ വന്നിട്ടുള്ള സുമംഗളിനെ മലയാളിത്തമുള്ള കഥാപാത്രമാക്കി മാറ്റുന്നുണ്ട് ഈ സിനിമ. കൂട്ടത്തില്‍ ജോലിയോട് എ്ന്ന പോലെ കുടുംബത്തോട് ഉത്തരവാദിത്വമുള്ള ഏക ആളും ഈ ബംഗാളിയാണ്.
തിരക്കഥാകൃത്ത് സജീവ് പാഴൂരും സംവിധായകന്‍ ജി പ്രജിത്തും തങ്ങളുടെ മുന്‍സിനിമകളില്‍ നിന്ന് തീര്‍ത്തും വേറിട്ടൊരു അവതരണത്തില്‍ വിജയിക്കുന്നുണ്ട്. കഥാപാത്രങ്ങളെയും പശ്ചാത്തലവും പൂര്‍ണമായും റിയലിസ്റ്റിക് ആയി നിര്‍ത്തിയാണ് സജീവിന്റെ തിരക്കഥ. സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചതെന്ന് തോന്നിപ്പിക്കുന്ന അവിശ്വസനീയതയുള്ള ഒരു കാരക്ടര്‍ പോലുമില്ല. മിക്കവരും ചുറ്റുവട്ടത്ത് കണ്ടെടുക്കാവുന്നവര്‍. പ്രധാനകഥയോട് ബന്ധിപ്പിച്ച നിര്‍ത്താവുന്ന രീതിയില്‍ കൊണ്ടുവന്ന പഞ്ചായത്ത് അവിശ്വാസ പ്രമേയവും, റിസോര്‍ട്ട് രാഷ്ട്രീയവും വര്‍ത്തമാന കാല രാഷ്ട്രീയ സ്ഥിതികളോട് കണക്ട് ചെയ്യുന്നുമുണ്ട.്
ബ്ലാക്ക് ഹ്യൂമറും ഹ്യൂമറും കലര്‍ത്തിയാണ് സജീവ് പാഴൂരിന്റെ തിരക്കഥ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ പൂര്‍ണമായും വേറിട്ട് രസകരമായ സന്ദര്‍ഭങ്ങളെ സ്വാഭാവികതയില്‍ ലയിപ്പിച്ച് നീങ്ങുന്ന രചനയുമാണ് .കറപ്പായിയെ ജോലിയും ജീവിതത്തിലും മാതൃകയാക്കിയതാണ് സുനിയുടെ പിഴവെന്ന് പിന്നീട് തോന്നുന്ന പോലെയാണ് കഥയുടെ പോക്ക്. കറപ്പായിക്ക് പിന്നീട് സ്വയം തിരുത്താനുള്ള വഴിയാകുന്നത് സുനിയുമാണ്.
ഗ്രാമജീവിതം, നാട്ടിന്‍പുറത്തെ കല്യാണം, കവലകളിലെ ചര്‍ച്ചകളും കുത്തിത്തിരിപ്പും, മദ്യപാനികളെ എല്ലാ ദൂഷ്യങ്ങളുടെയും മാതൃകയായി ചിത്രീകരിക്കുന്ന ആളുകള്‍ സ്വന്തം ജീവിതത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ്, കെട്ടിട നിര്‍മ്മാണത്തൊഴിലാളികളുടെ ജോലിയും ജീവിതവും കലര്‍പ്പില്ലാതെ അവതരിപ്പിക്കുന്ന പുഴയിലെ രംഗങ്ങള്‍, വില കൂടിയ മദ്യവും സ്ഥിരം കുടിക്കുന്ന കുപ്പിയും കിട്ടുമ്പോള്‍ സുനിയുടെയും കൂട്ടുകാരുടെയും പ്രതികരണം ഇവിടെയൊക്കെ സ്വാഭാവികത കൊണ്ടുവരുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. ക്ലീന്‍ എന്റര്‍ടെയിനര്‍ എന്ന രീതിയില്‍ സീനുകളെ ക്രമീകരിച്ചാണ് സിനിമയുടെ ഗ്രാഫ്. സുജേഷ് ഹരിയുടെ രചനയില്‍ വിശ്വജിത്ത് ഈണമിട്ട അംബരം പൂത്തപോലെ എന്ന പാട്ട് . മനോഹരമാണ്. ബികെ ഹരിനാരായണന്‍-ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടിന്റെ ഇല്ലിക്കൂടിനുള്ളില്‍ എന്ന പാട്ട് സന്ദര്‍ങ്ങളോട് നന്നായി യോജിച്ചു പോകുന്നു. ഈ പാട്ടിനെ ഇടയ്ക്ക് പശ്ചാത്തമായും കൊണ്ടുവരുന്നുണ്ട്. സിനിമയുടെ താളം മുറുക്കുന്നതാണ് ബിജിബാലിന്റെ പശ്ചാത്തലം.
ഏത് ആഘോഷത്തിനും മദ്യം ഒഴിവാക്കി ചിന്തിക്കാനാകാത്ത മലയാളിക്ക് മുന്നില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് സാരോപദേശമാക്കാതെ അമിത മദ്യപാനം ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുകയാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ. ഏതൊരാള്‍ക്കും ജീവിത-സാമൂഹിക ചുറ്റുപാടുമായി റിലേറ്റ് ചെയ്യാനാകുന്ന തരത്തിലുള്ള കഥ പറച്ചിലും കഥാപാത്രസൃഷ്ടിയുമാണ് ഈ സിനിമയുടേത്.