ആമിസ്: സാഹസികത ഇഷ്ടപ്പെടുന്ന സഹൃദയര്‍ക്ക് മസ്റ്റ്‌ വാച്ച് 

ആമിസ്: സാഹസികത ഇഷ്ടപ്പെടുന്ന സഹൃദയര്‍ക്ക് മസ്റ്റ്‌ വാച്ച് 

Published on

അക്ഷരാര്‍ത്ഥത്തില്‍ മാംസനിബന്ധമായ പ്രേമത്തെക്കുറിച്ച് പറയുന്ന സിനിമയാണ് "ആമിസ്". വളരെ എന്‍ഗേജിംഗ് ആയ ആഖ്യാനം. ഞാന്‍ ആദ്യമായിട്ടാണ് ആസാമില്‍ നിന്നുള്ള സിനിമ കാണുന്നത്. ലോകത്ത് ഏത് നാട്ടില്‍ കൊണ്ട് ചെന്ന് കാണിച്ചാലും ഈ സിനിമ ഒരു പോലെ എന്‍ഗേജിംഗ് ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. വളരെ പതിയെ ആരംഭിച്ച് വേഗത പ്രാപിക്കുന്ന തരം ആഖ്യാനമാണ് സിനിമയ്ക്കുള്ളത്. നിലത്ത് നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത് ഉയരങ്ങളിലേയ്ക്ക് പോകുക. ഉയരങ്ങളില്‍ ചെന്ന ശേഷം താണിറങ്ങി ലാന്‍ഡ് ചെയ്യുക, എന്നിങ്ങനെ ത്രികോണം പോലുള്ള ഘടനയാണ് മികച്ച ആഖ്യാനങ്ങള്‍ക്ക് വേണ്ടത് എന്ന് അരിസ്റ്റോട്ടില്‍ മുതല്‍ പേര്‍ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ "ആമിസ്" ഒരു പരുന്തിനെയോ മറ്റോ പോലെ പതിയെ നിലത്ത് നിന്ന് പറന്ന് പൊങ്ങി അങ്ങ് ഭയങ്കരമായ ഉയരത്തില്‍ പോയി ഇരിക്കുന്നു. താഴേയ്ക്ക് വരുന്നില്ല. ഒപ്പം പ്രേക്ഷകനെയും കൊണ്ട് പോകുന്നു. കാര്യങ്ങള്‍ കൂടുതല്‍ ഭീകരമാക്കുവാന്,‍ പരുന്ത് ആ ഉയരത്തില്‍ പ്രേക്ഷകനെ വിട്ട് പറന്ന് പോകുകയും ചെയ്യുന്നു. പ്രേക്ഷകന്‍ ഇക്കഴിഞ്ഞ അനുഭവമോര്‍ത്ത് വിരണ്ട് അവിടെ ഇരിക്കുന്നു . സവിശേഷമായ ആഖ്യാനം!

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നരവംശശാസ്ത്രത്തില്‍ റിസേര്‍ച്ച് ചെയ്യുന്ന സുമോണ്‍ എന്ന യുവാവും വളരെ യാദൃശ്ചികമായി അയാള്‍ പരിചയപ്പെടുന്ന നിര്‍മാലി എന്ന വിവാഹിതയായ ലേഡി ഡോക്ടറുടെയും സവിശേഷമായ സൌഹൃദത്തിന്‍റെയും ആകര്‍ഷണത്തിന്‍റെയും തുടര്‍ന്നുള്ള രഹസ്യക്കൂട്ടുകെട്ടിന്‍റെയും കഥയാണ്‌ "ആമിസ്". രണ്ട് തലത്തില്‍ പോകുന്ന ആഖ്യാനം ഈ സിനിമയ്ക്ക് സംവിധായകന്‍ ഉദ്ദേശിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. സിനിമയുടെ മെറ്റഫോറിക്കല്‍, രൂപകാധിഷ്ടിത വായന മനസിലാകാത്തവര്‍ക്കും , അതില്‍ താല്‍പര്യമില്ലാത്തവര്‍ക്കും എന്‍ഗേജ്ഡ് ആകാന്‍ പറ്റും വിധമാണ് സിനിമയുടെ ഉപരിതലപ്രമേയം. കൂടുതല്‍ ആഴമുള്ള നിരീക്ഷണങ്ങളും ചിന്തകളും ആവശ്യമുള്ളവര്‍ക്ക് നായകന്‍റെയും നായികയും ഒബ്സെഷന്‍ സമൂഹത്തില്‍ വിലക്കപ്പെട്ട രതിയുടെ രൂപകമായി വായിക്കാം. നല്ല കലയുടെ സാധ്യതയാണ് ഇങ്ങനെ രണ്ട് തലത്തില്‍ നില്‍ക്കാവുന്നത് പോലുള്ള പ്ലോട്ട് തിരഞ്ഞെടുക്കല്‍. ഹിച്ച്കോക്കിന്‍റെ The Birds ന്‍റെ മേല്‍ ഇങ്ങനെ രൂപകാധിഷ്ടിതവായന ആരോപിക്കാം. സ്വിഫ്റ്റിന്‍റെ ഗള്ളിവറുടെ യാത്രകള്‍ക്കും അത് സാധ്യമാണ്.

കള്ളന്മാര്‍ നായകന്മാരായ സിനിമയാണ് എങ്കില്‍ അവര്‍ പിടിക്കപ്പെടാതെ മോഷണം ഫലപ്രദമായി ചെയ്ത് വിജയിക്കുമ്പോള്‍ കിട്ടുന്ന ഒരു ത്രില്‍ ഉണ്ടല്ലോ, ആ ത്രില്‍ ആസ്വദിക്കുന്നതിന് സംവിധായകന്‍ നമ്മളെ അനുവദിക്കുന്നില്ല. നായകനും നായികയും നേടാന്‍ ശ്രമിക്കുന്ന ഉദ്വേഗപൂര്‍ണമായ അവരുടെ നേട്ടം സാധിക്കുന്നില്ല എന്നതില്‍ എനിക്ക് വിമ്മിഷ്ടമുണ്ടായി. കുതിരപ്പന്തയസിനിമയില്‍ നായകന്‍റെയോ നായികയുടെയോ കുതിരപരാജയപ്പെടുമ്പോള്‍ നമുക്ക് തോന്നുന്ന ഒരു വിഷമമുണ്ടല്ലോ, അത് പോലെ. ആ അര്‍ത്ഥത്തില്‍ ഇതൊരു ദുരന്തപ്രേമകഥയാണ്‌.

സംവിധാനത്തിന്‍റെ മികവ് കാണിക്കുന്ന ചില ശൈലി ശ്രദ്ധിച്ചത് ഇങ്ങനെയാണ്. നായിക/നായകന്‍ ചിലത് കാണുന്നു. അവരുടെ പ്രതികരണം നമ്മളെ കാണിക്കുന്നു. അപ്പോള്‍ മുന്‍പ് നടത്തിയിട്ടുള്ള ചില റഫറന്‍സ് മൂലം നായികയുടെ/നായകന്‍റെ മനസ്സില്‍ കടന്ന് പോകുന്ന ചിന്തകള്‍ എന്താണ് എന്ന് നമുക്ക് വായിച്ചെടുക്കാന്‍ പറ്റുന്നു. കഥാപാത്രം ചിന്തിക്കുന്നത് എന്തെന്ന് അവരെക്കൊണ്ട് പറയിപ്പിക്കാതെ പ്രേക്ഷകര്‍ക്ക് മനസിലാക്കിക്കുന്നത് പ്രതിഭാശാലികളായ അനേകം ചലച്ചിത്രകാരന്മാര്‍ ഉപയോഗിച്ചിട്ടുള്ളതാണ്. Day of the Jackal ല്‍ ഫ്രെഡ് സിനമാന്‍ ജക്കാളിന്‍റെ ചിന്തകള്‍ കാണിക്കുന്നതാണ് ഓര്‍മ്മയില്‍ വരുന്ന ഉദാഹരണം.

എനിക്ക് വളരെ പ്രിയപ്പെട്ട ഒരു പ്രമേയമാണ് ഈ സിനിമയുടേത്. ചിലര്‍ക്ക് ഒഫന്‍സീവ് ആയി തോന്നാം എങ്കിലും സിനിമയിലെ പ്രധാനകഥാപാത്രത്തിന്‍റെ ഒബ്സെഷന്‍ ഒരു വാസ്തവമാണ് എന്നാണ് ഞാന്‍ കരുതുന്നത്. മനുഷ്യന്‍ രത്നമലയില്‍ ഇരുന്ന് രത്നം തേടി നടക്കുന്ന ജീവിയാണ്. സിനിമ കാണിക്കുന്ന ഈ വസ്തുത പണ്ടേ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇത്രയും കാലം വെറുതെ കളഞ്ഞതോര്‍ത്ത്, മനുഷ്യന്‍ പശ്ചാത്തപിച്ചേനെ. സാഹസികത ഇഷ്ടപ്പെടുന്ന സഹൃദയര്‍ക്ക് മസ്റ്റ്‌ വാച്ച് സിനിമയാണ് ആമിസ്

logo
The Cue
www.thecue.in