മലയാള സിനിമ എഴുത്തിലും സംവിധാനത്തിലും അതിൻ്റെ സത്തയിലേക്കു തിരിച്ചു പോകുന്നതിൻ്റെയും, പാകപ്പെടുന്നതിൻ്റെയും സൂചനയാണ് ഈ സിനിമ
തിരക്കഥാകൃത്തും എഴുത്തുകാരനുമായ എസ്.സുരേഷ് ബാബു ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയെക്കുറിച്ച് എഴുതിയത്.
സിനിമ ഒരു ദേശത്തിൻ്റെ ഭൂപ്രകൃതിയും കാലവും ജീവിതവും പ്രേക്ഷകനെ അനുഭവിപ്പിക്കണമെന്ന് ആർക്കും ശാഠ്യം പിടിക്കാനാവില്ല.പക്ഷേ, അവരറിയാതെ അവരെ അതു ബോധ്യപ്പെടുത്തുക എന്നത് ഫിലിം മേക്കറുടെ കൗശലവും രാഷ്ട്രീയവുമാണ്.എൺപതുകളുടെ അവസാനത്തെയും, തൊണ്ണൂറുകളിലെയും കേരളത്തെ തേടുന്ന ഒരു ഗവേഷണ വിദ്യാർത്ഥി ,2024 ലെ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ സിനിമയെ ഒരു റിസർച്ച് മെറ്റീരിയലായി സ്വീകരിക്കാൻ സാധ്യതയുണ്ട് .
ജിനു എബ്രഹാം എഴുതി ഡാർവിൻ സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ ഒന്നിലേറെ കാരണങ്ങൾ കൊണ്ട് മലയാളത്തിൽ നിശബ്ദ വിപ്ലവത്തിനു തുടക്കമിട്ടിരിക്കുന്നു.സിനിമാ ഗ്രൂപ്പുകളിലെ സാധാരണ പ്രേക്ഷകർ അത് ഓരോന്നും എടുത്തുപറഞ്ഞ് അവരുടെ ആഹ്ലാദം രേഖപ്പെടുത്തുന്നു!തീയേറ്ററുകളിൽ സിനിമ നിറഞ്ഞ് ഓടുന്നു.......!കലാസൃഷ്ടിയുടെ ആത്മാവിനെ തോണ്ടിയെടുത്ത് ഉയർത്തിക്കാട്ടേണ്ട നിരൂപക കേസരികൾക്ക് പണി ഇല്ലാതായിരിക്കുന്നു..! എത്ര അസാധാരണവും, ആനന്ദദായകവുമാണ് ഈ കാഴ്ച!!!
മലയാള സിനിമ എഴുത്തിലും സംവിധാനത്തിലും അതിൻ്റെ സത്തയിലേക്കു തിരിച്ചു പോകുന്നതിൻ്റെയും, പാകപ്പെടുന്നതിൻ്റെയും സൂചനയാണ് ഈ സിനിമ .
പവിത്രൻ്റെ ഉത്തരം, മോഹൻ്റെ മുഖം എന്നീ ഗംഭീര സിനിമകൾ റിലീസായ കാലത്ത് സൂപ്പർ ഹിറ്റുകളായിരുന്നില്ല....പക്ഷേ, അതേ സിനിമകൾ ,കേരളത്തിൻ്റെ പുതു തലമുറ ഹർഷാരവത്തോടെ സ്വീകരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു....അന്വേഷിപ്പിൻ കണ്ടെത്തും നിറഞ്ഞ സദസിൽ കാണുമ്പോൾ .....!
പുതിയ കാലത്തെ നമ്മുടെ ജനപ്രിയ ത്രില്ലർ സിനിമകളുടെ വാർപ്പു മാതൃകകളെ അപ്പാടെ നിരാകരിക്കുന്നുണ്ട് ഈ സിനിമ .പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയി എന്ന് ഉറക്കെ പറഞ്ഞ ജനപ്രിയ സിനിമയിലെ ചക്രവർത്തിമാരുടെ നാട്ടിൽ അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ജനം കൈയ്യടിക്കുന്നു എങ്കിൽ .... അതല്ലാതെ മറ്റെന്താണ് വിപ്ലവം!
മധ്യകേരളത്തിൻ്റെ മരച്ചീനതലപ്പുകൾക്ക് സിനിമയിൽ ഒരിക്കൽ കൂടി ഇടം കൊടുത്തതിന് ജിനുവിനും , ഡാർവിനും, ഡോൾവിനും, ഗൗതം ശങ്കറിനും നന്ദി.ചരിത്രം മായിച്ചത് വായിച്ചെടുക്കുന്നതാണല്ലോ കല.