പ്രണയം അഥവാ മതിഭ്രമങ്ങളുടെ കടൽ

പ്രണയം അഥവാ മതിഭ്രമങ്ങളുടെ കടൽ
Published on
Summary

'അഡ്രിഫ്റ്റ്' സിനിമയെ മുൻനിർത്തി ചില ആലോചനകൾ

ജീവനുതുല്യം സ്നേഹിക്കുന്ന മനുഷ്യനോടൊപ്പം ഒരു ചെറുകപ്പലിൽ ആഗോള കടൽ സഞ്ചാരത്തിന് നിങ്ങൾ ഇറങ്ങിത്തിരിച്ചുവെന്നു വെക്കുക. പസിഫിക് മഹാസമുദ്രത്തിന് നടുവിൽ അപ്രതീക്ഷിതമായ കൊടും ചുഴലിക്കാറ്റിൽ കപ്പൽ ഭാഗികമായി തകരുന്നു. തലക്ക് പരിക്കേറ്റ നിങ്ങളുടെ ബോധം നഷ്ടമാകുന്നു. മണിക്കൂറുകൾക്ക് ശേഷം ബോധമുണരുമ്പോൾ കടൽ ശാന്തമാണ്. പക്ഷെ പൊളിഞ്ഞ കപ്പലിൽ നിങ്ങൾ ഒറ്റക്കാണ്. നിങ്ങളുടെ പ്രിയതമൻ അപ്രത്യക്ഷനായിരിക്കുന്നു. കടലിൽ വീണതാണോ, ചുഴലിക്കാറ്റ് കൊണ്ടുപോയതാണോ, കപ്പലിന്റെ അടിഭാഗത്തെവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണോ എന്നൊന്നുമറിയില്ല. കപ്പൽ വെള്ളം കയറി നാശമായിട്ടുണ്ട്. യന്ത്രഭാഗങ്ങളും സിഗ്നൽ സംവിധാനവും തകരാറിലാണ്. പൊളിഞ്ഞുപോയ കപ്പലിൽ സ്വയം അതിജീവിക്കാൻ, പ്രിയതമനെ കണ്ടെത്താൻ, നിങ്ങളെന്തുചെയ്യും? 1983ൽ തമി അഷ്ക്രാഫ്റ്റ് എന്ന അമേരിക്കൻ യുവതിക്ക് സംഭവിച്ച ദുരിതാനുഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണത്തിന്റെ ആവിഷ്കാരമാണ് 'അഡ്രിഫ്റ്റ്' (2018) എന്ന ചലച്ചിത്രം. Red Sky in Mourning: A True Story of Love, Loss, and Survival at Sea എന്ന പുസ്തകത്തെ ആസ്‌പദമാക്കി ഐസ്‌ലാൻഡ് ചലച്ചിത്രകാരനായ ബാൽതസർ കോർമേകുർ ആണ് സംവിധാനം.

താഹിതി ദ്വീപിൽ വെച്ചാണ് റിച്ചാർഡും തമിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ചെറുപ്പം തൊട്ടേ സങ്കടക്കടലുകൾ നീന്തിവന്ന രണ്ടു മനുഷ്യർ. കടലുകൾക്ക് സ്വയം സമർപ്പിച്ച നാവികനാണ് റിച്ചാർഡ്. തമിയും സഞ്ചാരിയാണ്. ചെറിയ ജോലികൾ ചെയ്‌ത്‌ അതിന്റെ വരുമാനം തീരും വരെ മുന്നോട്ടുപോവുക എന്ന നാടോടി രീതി തന്നെയാണ് അവരും പിന്തുടരുന്നത്.

ആഴക്കടലിൽ ഒറ്റക്ക് സഞ്ചരിക്കുന്ന അനുഭവം എങ്ങനെയാണെന്ന് സൗഹൃദത്തിന്റെ തുടക്കകാലത്തൊരിക്കൽ റിച്ചാർഡിനോട് തമി ചോദിക്കുന്നുണ്ട്. അത് കഷ്ടപ്പാടും ദുരിതവും നിറഞ്ഞതാണ് എന്നാണ് അയാളുടെ മറുപടി. സദാസമയവും തിരമാലകളേറ്റ് നനഞ്ഞും വിശന്നും വെയിലിൽ സൂര്യതാപമേറ്റും കഴിയണം. രാത്രി ശരിയായ ഉറക്കം കിട്ടില്ല. കടൽച്ചൊരുക്കും ഉണ്ടായേക്കാം. മിക്കവാറും എല്ലാം കൂടി ഒരുമിച്ചാണ് വരിക. കുറച്ചു ദിവസങ്ങൾ കഴിയുമ്പോളേക്കും മായാദൃശ്യങ്ങൾ (ഹാലൂസിനേഷൻസ്) വരാൻ തുടങ്ങും. ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന തമിയുടെ ചോദ്യത്തിന് റിച്ചാർഡ് പെട്ടെന്ന് മറുപടി പറയുന്നില്ല. അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്ന്, പിന്നെ ഓർമകളിലേക്ക് ആണ്ടുപോയിട്ട് അയാൾ പറയുന്നു. വാക്കുകൾ കൊണ്ട് പറയാനാവാത്ത ഒരു വൈകാരികത അതിനുണ്ട്. അനന്തമായ ചക്രവാളങ്ങൾ നമുക്ക് പുതിയ ജന്മങ്ങൾ തരുന്നു. കുറച്ചുദിവസം കഴിയുമ്പോൾ വീണ്ടും ജനിച്ചതുപോലെ എനിക്കുതോന്നും. കാറ്റ്, തിരമാലകൾ, അനന്ത ചക്രവാളങ്ങൾ, ഏകാന്തത, ആകാശം, സമുദ്രത്തെ മുറിച്ചുകടക്കുന്ന ബോട്ടിന്റെ ശബ്‌ദം...

കടൽ അത്ര കാല്പനികമല്ലെന്ന് കടലുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ള എല്ലാവർക്കും അറിയാം. സൗന്ദര്യവും പ്രശാന്തതയും മാത്രമല്ല, ചുഴികളും ക്ഷോഭങ്ങളും കൂടി അതെപ്പോഴും ഉള്ളിൽ പേറുന്നുണ്ട്. നിരവധി നാവികരുടെ കപ്പൽച്ചേതങ്ങൾ പലതരം ആഖ്യാനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഹോളിവുഡിൽ പ്രത്യേകിച്ചും. അക്കൂട്ടത്തിൽ, കണ്ടിരിക്കാവുന്ന ഒരു കടൽ പ്രണയത്തിന്റെ, കപ്പൽച്ചേതത്തിന്റെ, വിരഹത്തിൻ്റെ കഥയാണ് അഡ്രിഫ്റ്റ്. നോൺ ലീനിയർ രീതിയിലാണ് കഥ മുന്നോട്ടുപോകുന്നത്. കഥയുടെ ഭാവത്തിനനുയോജ്യമായ എഡിറ്റിങ്ങും റോബർട്ട് റിച്ചാർഡ്സണിന്റെ അതിഗംഭീരമായ ഛായാഗ്രഹണവും സിനിമയെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നുണ്ട്. സിനിമ കണ്ടുകഴിയുമ്പോൾ നമ്മളും ഒരു ചെറുകപ്പലിൽ ഇരുന്ന് ആടുന്ന പ്രതീതികിട്ടും.

കരയിലും കടലിലും മനുഷ്യന് അതിജീവനത്തിന് ഏറ്റവും ആവശ്യമുള്ള സംഗതി സ്നേഹമാണെന്ന് തോന്നുന്നു. വേണ്ടത്ര ഭക്ഷണമോ നാവിഗേഷൻ സൗകര്യങ്ങളോ ഇല്ലാതെ തീർത്തും ഒറ്റക്ക് പൊളിഞ്ഞ കപ്പലിൽ അകപ്പെട്ടുപോകുമ്പോൾ നിലനിൽക്കാൻ അത്യാവശ്യം വേണ്ടത് സ്നേഹമാണ്. ജീവിതസ്നേഹം. ജീവിതത്തിൽ നിന്നും എങ്ങോ മറഞ്ഞുപോയ പ്രണയത്തെ നിങ്ങളപ്പോൾ ഒരു ഭ്രമാത്മക ഭാവനയിലെന്നപോലെ കടലിൽ നിന്നുവലിച്ചെടുത്ത് കപ്പലിലേക്ക് തിരികെക്കയറ്റും. തമി ചെയ്ത പോലെ. മുറിവേൽക്കുകയും തകർന്നുപോവുകയും ചെയ്തിരിക്കാം നിങ്ങളുടെ പ്രണയം. ഉടലിലും ഉയിരിലും ആഴമുള്ള വേദനകൾ കൊത്തിവെച്ചിരിക്കാം. എങ്കിലും അങ്ങനെ ഒരാൾ ഉണ്ടല്ലോ കൂടെ. സംസാരിക്കാൻ, ചേർത്തുപിടിക്കാൻ. ഇനിയും വരാനിടയുള്ള കൊടുങ്കാറ്റുകൾ ഒരുമിച്ചു നേരിടാൻ. അയാളോടൊപ്പം ഉണ്ണുകയും ഉറങ്ങുകയും ഉണരുകയും ചെയ്യാമല്ലോ. വെയിലും മഴയും കൊള്ളാമല്ലോ. ഇല്ലായ്മകൾ പങ്കിടുന്നതിന്റെ കലയാണല്ലോ സ്നേഹം.

കാറ്റ് കൂട്ടുനിന്നാൽ മാത്രമേ മൈലുകൾക്കകലെയുള്ള ഹവായിലെ കരയണയാനാവൂ തമിക്ക്. മരിച്ചുപോവുകയല്ലാതെ വേറെ വഴിയില്ല അത്ര ഭീകരമായ ഏകാന്തതകളിൽ. പ്രതീക്ഷയറ്റ് കടലിൽ 41 ദിവസങ്ങൾ തമി ആ പൊളിഞ്ഞ കപ്പലിൽ ഒറ്റക്ക് കാറ്റിനൊത്ത് ഒഴുകിനടന്നു. അവരെ നിലനിർത്തിയത് റിച്ചാർഡിന്റെ സ്നേഹമാണ്. റിച്ചാർഡ് തന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ, അയാൾ അവിടെ കിടക്കുന്നുണ്ട് എന്ന ഭ്രമാത്മക ഭാവനയിൽ റിച്ചാർഡിനെ തീറ്റിയും അവനോടൊപ്പം തിന്നും കുടിച്ചും അവനോട് സംസാരിച്ചുമാണ് അവൾ കഴിഞ്ഞത്. കടൽ തരുന്ന മതിഭ്രമങ്ങൾ പലതാണ്. മായാഭാവനകളും അസാധ്യതകളെ സാധ്യമാക്കുന്ന ആലോചനകളും നിറഞ്ഞതാണ് പൊതുവെ പ്രണയം. ബാക്കി ലോകം മുഴുവനും കൊടുങ്കാറ്റിൽ ഉലയുമ്പോളും ഉയിര് തകരാതെ കാക്കുന്ന എന്തോ മായാജാലം അതിലുണ്ട്. നേരെ തിരിച്ച്, ലോകം മുഴുവനും ഭംഗിയായി മുന്നേറുമ്പോൾ നമ്മുടെ കപ്പലിനെ മാത്രം പൂർണമായും തകർത്തുകളയുന്ന ഏതോ ചുഴലിക്കാറ്റും അതിലുണ്ട്.

കപ്പലിൽ ഒറ്റക്കായിരിക്കെ റിച്ചാർഡിന്റെ ശബ്ദം താൻ കേൾക്കാറുണ്ടായിരുന്നുവെന്ന് തമി എഴുതിയിട്ടുണ്ട്. അപകടത്തിൽ മരിച്ചുപോയ റിച്ചാർഡിന്റെ മൃതദേഹം പിന്നീടൊരിക്കലും കണ്ടുകിട്ടിയിട്ടില്ല എന്നതാണ് വാസ്‌തവം. അയാൾ അപ്പോൾ തന്നെ കടലിലേക്ക് ആണ്ടുപോയതാണ് എന്ന് അനുമാനിക്കപ്പെടുന്നു. പിന്നെങ്ങനെയാണ് അവർ റിച്ചാർഡിന്റെ ശബ്ദം കേട്ടത്? ഇല്ലാത്ത റിച്ചാര്ഡിനെ തീറ്റുകയും ശുശ്രൂഷിക്കുകയും അവനോട് നിരന്തരം സംസാരിക്കുകയും ചെയ്‌തത്‌? വെറും ഭ്രമകൽപന മാത്രമാണോ അത്? സത്യത്തിൽ നാമെല്ലാവരും ആ തകർന്ന കപ്പലിലെ ഒറ്റക്കായിപ്പോയ കാമുകിയല്ലേ? പ്രണയത്തിന്റെ, ജീവിതസ്നേഹത്തിന്റെ മതിവിഭ്രമങ്ങളല്ലേ നമ്മെ ജീവിതയോഗ്യരാക്കുന്നതും അതിജീവിക്കാൻ പ്രേരിപ്പിക്കുന്നതും?

ഒരിക്കൽ, കപ്പലിലെ തോക്കെടുത്ത് വെടിവെച്ച് മരിക്കാൻ ശ്രമിച്ചതിനെപ്പറ്റി തമി പറയുന്നുണ്ട്. (സിനിമയിൽ ഈ ഭാഗം ഒഴിവാക്കിയിട്ടുണ്ട്). അവർക്കതിന് കഴിഞ്ഞില്ലെങ്കിലും അവർ അങ്ങനെ ആലോചിക്കുകയും അതിനു തുനിയുകയും ചെയ്യുന്നുണ്ട്. പ്രണയത്തിന്റെ ഭ്രമകല്പനകൾ തീരുമ്പോൾ, യാഥാർഥ്യം കടൽപോലെ മുന്നിലുയരുമ്പോൾ, മനുഷ്യർ ആത്മഹത്യ ചെയ്‌തുതുടങ്ങുന്നു. അധിക ആത്മഹത്യകളും അക്ഷരാർത്ഥത്തിലല്ലെന്നു മാത്രം.

കടൽ തരുന്ന ധ്യാനങ്ങളെപ്പറ്റി എല്ലാ നാവികരും പറയാറുണ്ട്. കടൽ തരുന്ന മതിവിഭ്രമങ്ങളിലൂടെ പ്രണയത്തിന്റെ അതിജീവനോർജത്തിലേക്ക് നമ്മെ വിളിക്കുന്നു 'അഡ്രിഫ്റ്റ്'. റിച്ചാർഡ് കൊടുത്ത വിവാഹമോതിരത്തോടൊപ്പം അവൻ പരിചയപ്പെടുത്തിയ 'സ്നേഹത്തിൻെറ പുഷ്പ'വും കടലിൽ ഒഴുക്കിവിടുന്ന തമിയെ നമ്മൾ സിനിമയുടെ ഒടുവിൽ കാണുന്നു. യഥാർത്ഥ ജീവിതത്തിൽ തമി ഇപ്പോഴും നാവികയായി തുടരുന്നു എന്ന കുറിപ്പോടെയാണ് സിനിമ അവസാനിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in