ഒരിടവേളയ്ക്കു ശേഷം മറ്റൊരു മലയാളസിനിമ കൂടി തീയേറ്ററിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. 2018 എന്ന സിനിമ പക്ഷേ, മലയാളത്തിലെ തൊട്ടു മുൻപത്തെ ഹിറ്റായ രോമാഞ്ചം പോലെ അസംബന്ധം നിറഞ്ഞ ഒരു കഥാതന്തുവല്ല. മറിച്ച് അഞ്ചു വർഷം മുൻപ് മലയാളനാടിനെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ, അഞ്ഞൂറോളം മനുഷ്യജീവനുകൾ തട്ടിയെടുത്ത വെള്ളപ്പൊക്കത്തിൻ്റെ ഓർമ്മയും ആവിഷ്കാരവുമാണ്.
കമേഴ്സ്യൽ സമീപനത്തിൽ നിർമ്മിച്ച സിനിമയാണ്. സാങ്കേതിക പൂർണ്ണതയോടെ ഏറ്റവും മികച്ച വിഷ്വലും ശബ്ദവും അത് നിങ്ങളുടെ മുൻപിൽ വെയ്ക്കുന്നുണ്ട്. തീർത്തും ഭാവനാസൃഷ്ടിയായ ഫിക്ഷൻ ആയിരിക്കെത്തന്നെ ജീവിക്കുന്ന കാലത്തോടും ചരിത്രത്തോടും നീതി പുലർത്തുന്നുണ്ട്. ജനപക്ഷത്തുനിന്നു കൊണ്ടു തന്നെ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വർഗ്ഗവും വർണ്ണവും മറന്നു കൊണ്ട് അവിടെ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പാഠങ്ങൾ നിക്ഷേപിക്കുന്നുണ്ട്. രണ്ടര മണിക്കൂറിനിടയിലെ ഒരു സെക്കൻഡിൽ പോലും അത് വെറുപ്പിൻ്റെ പാഠങ്ങൾ ഉരുവിടുന്നുമില്ല.
സാധാരണ മനുഷ്യർ സിനിമയെ മനസ്സുകൊണ്ട് ഏറ്റെടുത്തിട്ടും, അതിലൊന്നും തൃപ്തിവരാതെ സോഷ്യൽ മീഡിയയിൽ ചില എണ്ണിപ്പെറുക്കലുകളും കുറ്റപ്പെടുത്തലുകളും കാണുകയുണ്ടായി. കേരളത്തെ മുഴുവൻ ബാധിച്ച ദുരന്തത്തെ ടോട്ടലായി സമീപിക്കാതെ ഒരു ചെറിയ ദേശത്തിൻ്റെ പരിധിയിലേക്ക് ഒതുക്കി എന്നതാണ് ഒരു വിമർശനം. യഥാർത്ഥത്തിൽ എന്താണ് വസ്തുത? പതിനാലു ജില്ലകളിലും സംഭവിച്ച ദുരന്തങ്ങളുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ പകർത്തിയിരുന്നെങ്കിൽ ഒരു മികച്ച ഡോക്യുമെൻ്ററിയായി സിനിമ മാറുമായിരുന്നു. തെരഞ്ഞെടുത്ത കഥാപാത്രങ്ങളെയും അവരുടെ കുടുംബങ്ങളെയും മുൻപിൽ നിർത്തി അവരിലേക്കു ഫോക്കസ് ചെയ്തതു കൊണ്ടാണ് സിനിമ മനുഷ്യമനസ്സിലേക്ക് എളുപ്പത്തിൽ കടന്നു ചെല്ലുന്നതും അവിടെ വികാരസംക്രമണം പൂർണ്ണമാകുന്നതും. ഈ തെരഞ്ഞെടുപ്പ് സംവിധായകൻ്റെ ബോധപൂർവമായ ഇടപെടലാണെന്നു കാണാൻ ബുദ്ധിമുട്ടില്ല.
മറ്റൊരു വിമർശനം വ്യക്തികളുടെ ഹീറോയിസവും അമിതമായ നാടകീയതയും സംബന്ധിച്ചാണ്. ഹീറോയിസം അന്നത്തെ യഥാർത്ഥ സംഭവത്തിലടങ്ങിയ വസ്തുത തന്നെയല്ലേ? തീരദേശങ്ങളിൽ നിന്നെല്ലാം നിരനിരയായി നീങ്ങിയ മൽസ്യ തൊഴിലാളികളുടെ ബോട്ടുകൾ എല്ലാവരെയും ഒരുപോലെ ആവേശഭരിതരാക്കിയത് നിങ്ങൾ മറന്നോ? റിയൽ ഹീറോസ് എന്ന വൈറൽ പോസ്റ്ററുകൾ മറന്നോ? പൂർണ്ണഗർഭിണിയെ എയർ ലിഫ്റ്റ് ചെയ്യുന്ന വീഡിയോ നിങ്ങൾ എത്ര തവണ ആവർത്തിച്ചു കണ്ടതാണ്? ഒരു ചെറുകിട കച്ചവടക്കാരൻ തൻ്റെ കൈവശമുള്ള മുഴുവൻ ഉടുപ്പുകളും എല്ലാം നഷ്ടപ്പെട്ടവർക്കായി ദാനം ചെയ്തതും നിങ്ങൾ കണ്ടിട്ടുണ്ട്.
ഇതിലൊക്കെയും നമ്മൾ അതുവരെ കണ്ടിട്ടില്ലാത്ത, തീർത്തും അവിശ്വസനീയമായ നാടകമോ അതിഭാവുകത്വമോ ഉണ്ടായിരുന്നു. അനുഭവിച്ചവർക്ക് അതറിയാം. വ്യക്തികൾ തന്നെയാണ് ഏതു സന്ദിഗ്ധഘട്ടത്തിലും എല്ലാം മറന്ന് സഹജീവിയെ സഹായിക്കാൻ ഓടിയെത്തുക. അവർ ഒത്തുചേരുമ്പോഴാണ് ഒരു സമൂഹമുണ്ടാകുന്നത്. അഥവാ വ്യക്തി തന്നെയാണല്ലോ സമൂഹം.
മറ്റൊരു പരാതി സിനിമയുടെ രാഷ്ട്രീയമായ ഓറിയൻ്റേഷൻ ശരിയല്ല എന്നതാണ്. നിങ്ങളുടെ രാഷ്ട്രീയം എന്താണ് എന്നതിനെ അടിസ്ഥാനമാക്കിയേ ഈ ചോദ്യത്തെ അഭിസംബോധന ചെയ്യാൻ പറ്റുകയുള്ളു. ഒരു കക്ഷിയോ മുന്നണിയോ ഭരണപക്ഷമോ ആണ് നിങ്ങളുടെ രാഷ്ട്രീയമെങ്കിൽ അതിനെ തൃപ്തിപ്പെടുത്തേണ്ടത് തീർച്ചയായും ഒരു ഫിലിമേക്കറുടെ ബാധ്യതയല്ല. സവിശേഷമായ ആ സീനിൽ തീർത്തും നിസ്സഹായനായി സഹായാഭ്യർത്ഥന നടത്തുന്ന ജനപ്രതിനിധിയെ നമ്മളെല്ലാം ചാനലിൽ കണ്ടതാണല്ലോ. ഇതോടൊപ്പം ജനങ്ങൾ പാനിക്കാവരുത് എന്ന മുഖ്യമന്ത്രിയുടെ കരുതലും സിനിമയിലുണ്ട്.
ഈ സന്ദർഭത്തെയും കരുതലോടെയാണ് സംവിധായകൻ നേരിടുന്നത്. ആരെയും വിധി പറയാൻ അയാൾ മുതിരുന്നില്ല. ക്യാമറ മുഴുവൻ സമയും വാതിൽപ്പുറത്തെ ദുരന്തദൃശ്യങ്ങളിലാണ്. അഥവാ സിനിമയുടെ പൊളിറ്റിക്കൽ അജണ്ട തീർത്തും ലളിതവും വ്യക്തവുമാണ്. മാത്രമല്ല, തൊട്ടപ്പുറത്തു തന്നെ വെറുപ്പിൻ്റെ ചില്ലറവ്യാപാരം നടക്കുന്ന ഈ സമയത്ത് ജാതിമത നിരപേക്ഷമായ ഈ സാഹോദര്യത്തിൻ്റെ പ്രസക്തി ഏറെയാണ് താനും.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിമർശനങ്ങൾ ഉന്നയിക്കുന്നവരെപ്പോലും സിനിമ വൈകാരികമായി ആഴത്തിൽ സ്വാധീനിച്ചുവെന്ന് അവരുടെ വാക്കുകളിൽ തന്നെ വ്യക്തമാണ്. ഈ വൈകാരികതയിൽ തന്നെയാണ് ഏതു കാലത്തും കമേഴ്സ്യൽ സിനിമ അതിൻ്റെ വേരുറപ്പിച്ചിട്ടുള്ളത്. ജാക്കിൻ്റെയും റോസിൻ്റെയും പ്രണയകഥ വിളക്കിച്ചേർത്തില്ലായിരുന്നെങ്കിൽ ടൈറ്റാനിക്കിനെ നിങ്ങൾ എല്ലാം മറന്ന് സ്വീകരിക്കുമായിരുന്നോ?.
2018-നും കുറവുകളുണ്ട്. ഉദാഹരണമായി റെസ്ക്യൂ പ്രവർത്തനങ്ങൾ മിക്കവാറും രാത്രിദൃശ്യങ്ങളായി പകർത്തിയത് ഒഴിവാക്കാമായിരുന്ന ഒരു കുറവായി തോന്നി. എനിവേ, ശബ്ദത്തിൻ്റെയും ദൃശ്യത്തിൻ്റെയും എല്ലാ സങ്കേതങ്ങളെയും നന്നായി സമന്വയിപ്പിച്ച് കൃത്യം രണ്ടര മണിക്കൂറിലേക്ക് വെട്ടിയൊതുക്കി സിനിമയെ സംക്ഷിപ്തമാക്കിയിട്ടുണ്ട്. ചിത്രസംയോജനമോ ശബ്ദമോ സംഗീതമോ പരിസരത്തിൽ നിന്നു വേറിട്ട് മുഴച്ചു നിൽക്കുന്നില്ല. ജൂഡ് ആൻ്റണിയും ടീമും ഹാർദ്ദമായ അഭിനന്ദനമർഹിക്കുന്നു.
അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷങ്ങളിൽ തൃപ്തികരമായി നാട്ടുമ്പുറത്തിൻ്റെ ആംബിയൻസുമായി ഇണങ്ങിച്ചേർന്നിട്ടുണ്ട്. ടൊവീനോ, കുഞ്ചാക്കോ ബോബൻ, അപർണ്ണ, തൻവി, ഇന്ദ്രൻസ്, ആസിഫ്, വിനീത്, ലാൽ, നരേൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെയുണ്ടെങ്കിലും ടൊവീനോ ഒഴികെ ആരുടെയും താരപരിവേഷം സിനിമയിൽ ചൂഷണം ചെയ്തിട്ടില്ല. കൈയടിയെ കരുതിയാകണം ഒന്നുരണ്ടു സന്ദർഭങ്ങളിൽ ടൊവീനോയെ അത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ട്. എനിവേ, എല്ലാവരും അവരുടെ സ്ഥലത്തിലും കാലത്തിലും ഉറച്ചു നിന്ന് പെരുമാറുന്നതിനാൽ ഒട്ടും അരോചകമായിട്ടില്ല