സ്‌പൈ യൂണിവേഴ്‌സുമായി യഷ് രാജ് ഫിലിംസ്; ആദ്യ ചിത്രം 'പത്താന്‍'

സ്‌പൈ യൂണിവേഴ്‌സുമായി യഷ് രാജ് ഫിലിംസ്; ആദ്യ ചിത്രം 'പത്താന്‍'
Published on

ലോകേഷ് കനകരാജിന്റെ ലോകി യൂണിവേഴ്‌സിന് സമാനമായി ബോളിവുഡില്‍ 'സ്‌പൈ യൂണിവേഴ്‌സ്' ഒരുക്കാനുള്ള പദ്ധതിയുമായി യഷ് രാജ് ഫിലിംസ്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുപ്രകാരം, വിവാദങ്ങള്‍ക്കൊടുവില്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടി പ്രദര്‍ശനത്തിനൊരുങ്ങുന്ന ഷാരൂഖ് -ദീപിക ചിത്രം 'പത്താനാ'യിരിക്കും സ്‌പൈ യൂണിവേഴ്‌സിലെ ആദ്യ ചിത്രം. ജനുവരി പത്തിന് പുറത്തുവരാനിരിക്കുന്ന 'പത്താന്റെ' ട്രെയ്‌ലറിനൊപ്പം സ്‌പൈ യൂണിവേഴ്‌സ് ലോഗോ പ്രഖ്യാപനവുമുണ്ടാകുമെന്നാണ് സൂചന.

ഹൃത്വിക് റോഷന്‍- ടെെഗര്‍ ഷറോഫ് ചിത്രം 'വാര്‍', സല്‍മാന്‍ ഖാന്റെ 'ടൈഗര്‍' ഫ്രാഞ്ചൈസികളാണ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ മറ്റു ചിത്രങ്ങള്‍. റിപ്പോര്‍ട്ടുപ്രകാരം, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായി സ്‌പൈ യൂണിവേഴ്‌സിനെ അവതരിപ്പിക്കാനാണ് ആദിത്യ ചോപ്രയുടെ നീക്കം.

'വാര്‍', 'ടൈഗര്‍' ഫ്രാഞ്ചൈസികളുടെ ഭാഗമായി 'പത്താനെ'ക്കൂടി എത്തിക്കുന്നതോടെ സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, കത്രീന കെയ്ഫ്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ടൈഗര്‍ ഷറോഫ്, വാണി കപൂര്‍ എന്നീ പ്രമുഖര്‍ക്കൊപ്പം ഷാരൂഖ് ഖാനും യൂണിവേഴ്‌സിന്റെ ഭാഗമാകും. 'പത്താനി'ല്‍ സല്‍മാന്‍ ഖാന്റെ അതിഥിവേഷമുണ്ടാകുമെന്ന സൂചനയ്ക്ക് ഒപ്പം സല്‍മാന്‍ ഖാന്‍ നായകനാകുന്ന ടൈഗറില്‍ 'പത്താന്‍' എന്ന അഥിതി കഥാപാത്രമായി ഷാരൂഖും എത്തിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു.

നിലവില്‍ ചിതറിക്കിടക്കുന്ന ഫ്രാഞ്ചൈസികളെ ഒരു ബ്രാന്‍ഡാക്കി ഒരുമിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോഗോ അവതരിപ്പിക്കുന്നത്. റിലീസ് കാത്തിരിക്കുന്ന 'ടൈഗര്‍ 3' അടക്കമുള്ള ചിത്രങ്ങളിലും ഈ ലോഗോയുണ്ടാകും. അതേസമയം, സ്‌പൈ യൂണിവേഴ്‌സുമായി ബന്ധപ്പെട്ട സൂചനകള്‍ക്ക് പിന്നാലെ ചില ഫാന്‍ മേഡ് ലോഗോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം കൂട്ടുകെട്ടില്‍ എത്തുന്ന പത്താന്‍ ജനുവരി 25 നാണ് റിലീസ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമാകുന്ന നാലാമത്തെ ഫ്രാഞ്ചൈസിയാണ്. റോ (RAW) ഏജന്റായി ഷാരൂഖ് എത്തുന്ന ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in